കടലിൽ മരണം കാത്തിരിക്കുന്ന റോഹിങ്ക്യകളും കനിവില്ലാത്ത ലോകരാജ്യങ്ങളും
28 റോഹിങ്ക്യൻ അഭയാർത്ഥികൾ ഭക്ഷണം ലഭിക്കാതെ വിശന്ന് വലഞ്ഞത് മൂലം മരണപ്പെട്ടെന്ന വാർത്ത കേട്ട് ലോകം ഞെട്ടിയതിന് ഏറെ വൈകാതെ മറ്റൊരു അഞ്ഞൂറിലധികം റോഹിങ്ക്യകൾ കടലിൽ കുടുങ്ങി കിടക്കുന്ന വാർത്ത പുറത്തുവന്നിരിക്കുകയാണ്. ഭക്ഷണവും വെള്ളവുമില്ലാതെ വലിയ പ്രയാസത്തിലാണ് അഭയാർത്ഥികൾ ബോട്ടിൽ കഴിഞ്ഞുകൂടുന്നത്. ലോകരാജ്യങ്ങൾ എന്തെങ്കിലും ചെയ്തില്ലെങ്കിൽ ഈ കൊറോണക്കാലത്ത് പട്ടിണിമൂലമുള്ള ഒരു കൂട്ടമരണം നാം കാണേണ്ടിവരും.

കടലിലെ അഭയാർഥികൾ

സ്വരാജ്യമായ മ്യാൻമറിൽ നിന്ന് നേരിടേണ്ടിവന്ന അതിക്രമങ്ങളിൽ നിന്ന് രക്ഷ തേടി കുട്ടികളും സ്ത്രീകളും അടക്കം അഞ്ഞൂറിലധികം അഭയാർത്ഥികളാണ് മത്സ്യബന്ധന ബോട്ടിൽ അയൽരാജ്യമായ മലേഷ്യ ലക്ഷ്യമാക്കി യാത്ര തിരിച്ചത്. ജീവിതത്തിലെ മുഴുവൻ സമ്പാദ്യങ്ങളും ചിലവഴിച്ചു കൊണ്ടാണ് അവർ ഈ ഒരു മത്സ്യബന്ധന ബോട്ട് വാങ്ങിയത്.

കൊറോണ വൈറസ് അപകടകരമാംവിധം വ്യാപിച്ചതോടെ പുറത്തുനിന്നുള്ള ഒരാൾക്കും രാജ്യത്തേക്ക് പ്രവേശിക്കാൻ അനുമതി നൽകേണ്ടെന്ന് മലേഷ്യ കർശന നിലപാട് സ്വീകരിച്ചതോടെയാണ് അഭയാർഥി ബോട്ടുകളെ രാജ്യത്ത് പ്രവേശിപ്പിക്കാതെ തിരിച്ചയച്ചത്. അവർക്ക് മറ്റു പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. ഏതെങ്കിലും രാജ്യങ്ങൾ രക്ഷപ്പെടുത്തുകയോ അല്ലെങ്കിൽ കടലിൽ പട്ടിണി കിടന്നു മരിക്കുകയോ എന്നിങ്ങനെ രണ്ടു സാധ്യതകൾ മാത്രമാണ് അവർക്ക് മുമ്പിലുള്ളത്. ഐക്യരാഷ്ട്രസഭ അഭയാർത്ഥി സമിതിയുടെ റിപ്പോർട്ട് പ്രകാരം ആഴ്ചകളോളമായി ഈ സംഘം മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ ബംഗാൾ ഉൾക്കടലിൽ കുടുങ്ങിക്കിടക്കുകയാണ്.

ബംഗ്ലാദേശിന്റെ നിലപാട്

കടലിൽ കുടുങ്ങി കിടക്കുന്ന മുസ്‌ലിംകളെ രക്ഷപ്പെടുത്തുന്നതിന് തങ്ങൾക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ലെന്ന അഴകൊഴമ്പൻ സമീപനമാണ് ബംഗ്ലാദേശ് സ്വീകരിക്കുന്നത്.

ഇതു സംബന്ധമായി ചോദിച്ച പത്രപ്രവർത്തകരോട് നിങ്ങൾ എന്തുകൊണ്ടാണ് റോഹിങ്ക്യക്കാരുടെ രാജ്യമായ മ്യാൻമറിനോട് ചോദിക്കാത്തതെന്നും അവരോടാണ് ചോദിക്കേണ്ടതെന്നും തുറന്നടിച്ച ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബ്ദുൽ മൊമൻ അവർ ബംഗ്ലാദേശിന്റെ സമുദ്ര പരിധിയിൽ പോലുമല്ലെന്നും വ്യക്തമാക്കി.

അന്താരാഷ്ട്ര ഏജൻസികളുടെ ഇടപെടൽ

അഞ്ഞൂറിലധികം അഭയാർത്ഥികൾ കടലിൽ കുടുങ്ങി കിടക്കുന്നെന്ന വാർത്ത റിപ്പോർട്ട് ചെയ്ത ഐക്യരാഷ്ട്രസഭ അഭയാർത്ഥി ഏജൻസി അവരെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർഥിച്ചിരുന്നു. കടലിൽ കുടുങ്ങി കിടക്കുന്ന അഭയാർത്ഥികളെ രക്ഷിക്കാൻ ബംഗ്ലാദേശ് സർക്കാറിനോട് ആവശ്യപ്പെട്ട് ഹ്യൂമൻ റൈറ്റ്സ് വാച്ച് രംഗത്തെത്തിയിരുന്നു.

എന്നാൽ എല്ലാ പ്രാവശ്യവും എന്തുകൊണ്ടാണ് തങ്ങളെ ഉത്തരവാദിത്വം ഏൽപ്പിക്കുന്നതെന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി ചോദിച്ചിരിക്കുകയാണ്. തങ്ങൾ ഇപ്പോൾ തന്നെ പത്തുലക്ഷത്തിലധികം റോഹിങ്ക്യൻ അഭയാർത്ഥികൾക്ക് അഭയം നൽകുന്നുണ്ടെന്നും ഇനി തങ്ങൾക്ക് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അഭയാർഥികളുടെ പട്ടിണി മരണം

ആഴ്ചകൾക്ക് മുമ്പ് കരക്കടുപ്പിക്കാന്‍ സാധിക്കാതെ കടലില്‍ കുടുങ്ങിയ കപ്പലില്‍ അകപ്പെട്ട 400 ലധികം റോഹിങ്ക്യന്‍ അഭയാര്‍ഥികളുള്ള ബോട്ടിൽ 28 പേർ വിശന്നു മരിച്ചിരുന്നു. കപ്പലിലുണ്ടായിരുന്ന 382 പേരെ ബംഗ്ലാദേശ് തീര രക്ഷാസേന രക്ഷപ്പെടുത്തി.

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മലേഷ്യന്‍ തീരത്തേക്ക് അടുപ്പിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് രണ്ട് മാസത്തോളം കപ്പല്‍ കടലില്‍ കുടുങ്ങി കിടക്കുകയായിരുന്നു. കടലില്‍ പട്രോളിംഗ് നടത്തുകയായിരുന്ന ബംഗ്ലാദേശ് തീരദേശ സേനയാണ് കപ്പല്‍ കണ്ടത്. നിലവില്‍ ഇവരെ ബംഗ്ലാദേശിലെ ക്യാംപില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവരെ മ്യാന്‍മറിലേക്ക് തിരിച്ചയക്കാനുള്ള പ്രാഥമിക നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍ അറിയിച്ചു.

അഭയാർത്ഥികളെ ആര് രക്ഷിക്കും

മ്യാന്മറിൽ മുസ്‌ലിംകൾക്ക് നേരെ ബുദ്ധ തീവ്രവാദികൾ അഴിച്ച് വിട്ട വർഗീയ കലാപത്തെ തുടർന്നാണ് ലക്ഷക്കണക്കിന് റോഹിങ്ക്യൻ മുസ്‌ലിംകൾ തങ്ങളുടെ പിറന്ന നാടും വീടും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായത്.

അയൽരാജ്യമായ ബംഗ്ലാദേശിലേക്കാണ് ഭൂരിപക്ഷം പേരും കുടിയേറിയത്. ബംഗ്ലാദേശിലെ കോക്സ് ബസാർ എന്ന പ്രദേശത്താണ് സർക്കാർ അഭയാർഥികൾക്ക് സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വളരെ അസൗകര്യങ്ങളോടെയാണ് അഭയാർത്ഥിക്യാമ്പുകൾ പ്രവർത്തിക്കുന്നത്.

ലോകത്ത് ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്ന ജനവിഭാഗം എന്ന വിശേഷണം ഐക്യരാഷ്ട്രസഭ നൽകുന്നത് റോഹിങ്ക്യകൾക്കാണ്. സ്വന്തമായി രാജ്യം ഉണ്ടായിരുന്ന ഒരു ജനവിഭാഗത്തെ വർഗീയ കലാപത്തിൽ തകർത്തു തരിപ്പണമാക്കി ഓടിപ്പിച്ച ദാരുണ സംഭവമാണ് മ്യാൻമറിൽ അരങ്ങേറിയത്. ഈ ജനവിഭാഗത്തെ ചേർത്ത് പിടിക്കാനും അവർക്ക് സുരക്ഷ നൽകാനും ലോകസമാധാനത്തിനായി നിലകൊള്ളുന്ന ഐക്യരാഷ്ട്രസഭക്ക് ബാധ്യതയുണ്ട്. അതിനായി അംഗരാജ്യങ്ങളുടെ സഹായം തേടാനും ഐക്യരാഷ്ട്രസഭ മുന്നോട്ടു വരേണ്ടതുണ്ട്.

ഇതിനുപുറമേ റോഹിങ്ക്യകൾ മുസ്‌ലിംകളാണെന്ന വസ്തുത മുൻനിർത്തി ലോകത്തെ മുസ്‌ലിം രാഷ്ട്രങ്ങൾ, വിശിഷ്യാ ലോക മുസ്‌ലിം രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഓർഗനൈസേഷൻ ഓഫ് ഇസ്‌ലാമിക് കൺട്രീസ് ഈ വിഷയത്തിൽ ഇടപെടുകയും അവർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കുകയും വേണം.

ഈ പരിശുദ്ധ റമദാനിൽ തങ്ങളുടെ സ്വന്തം വീടുകളിൽ സുരക്ഷയോടെ സുഭിക്ഷമായി നോമ്പ് തുറക്കുന്ന ഓരോ മുസ്‌ലിം സഹോദരനും കടലിൽ കുടുങ്ങി ഭക്ഷണവും വെള്ളവും ലഭിക്കാതെ ഏതു നിമിഷവും മരണത്തെ മുന്നിൽ കണ്ടുകൊണ്ടിരിക്കുന്ന സ്വന്തം സഹോദരനായ റോഹിങ്ക്യൻ മുസ്‌ലിമിന് വേണ്ടി തങ്ങളാലാവുന്നത് ചെയ്യണം, ഏറ്റവും ചുരുങ്ങിയത് അവർക്ക് വേണ്ടി ദുആ ചെയ്യാൻ എങ്കിലും നാം കരമുയർത്തണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter