അബ്ദുല്ലാരാജാവ്-വിദ്യാഭ്യാസ വിപ്ലവത്തിന്‍റെ നായകന്‍
2005 ആഗസ്റ്റ് 1നാണ് അബ്ദുല്ല രാജാവ് സൌദിഅറേബ്യയുടെ ഭരണം ഏറ്റെടുക്കുന്നത്. ശേഷമുള്ള 9വര്‍ഷത്തിലേറെ നീളുന്ന കാലയളവില്‍ ലോകമുസ്‍ലികംളുടെ ശബ്ദമായാണ് അദ്ദേഹം പരിഗണിക്കപ്പെട്ടത്.
1സഊദി ഭരണകൂടത്തിന്റെ സ്ഥാപകനായ അബ്ദുല്‍അസീസ് രാജാവിന്റെ 931 ല്‍ റിയാദിലായിരുന്നു അദ്ദേഹത്തിന്റെ ജനനം. സഊദിഅറേബ്യക്കും ഗള്‍ഫ് മേഖലക്കും ഇന്ന് കാണുന്ന സമ്പന്നതയോ പ്രൌഢിയോ അന്നുണ്ടായിരുന്നില്ല. ജീവിതത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ അനുഭവിച്ചറിഞ്ഞ ചെറുപ്പകാലമായതിനാല്‍തന്നെ, അത് അദ്ദേഹത്തിന്റെ ജീവിതത്തിലുടനീളം സ്വാധീനം ചെലുത്തിയിരുന്നു.
പിതാവ് അബ്ദുല്‍അസീസില്‍നിന്ന് തന്നെയായിരുന്നു അദ്ദേഹം ഭരണകാര്യങ്ങളുടെ പ്രാഥമിക പാഠങ്ങള്‍ അഭ്യസിച്ചത്. രാജ്യത്തും ഇതര ഗള്‍ഫ് രാജ്യങ്ങളിലും രാഷ്ട്രീയ അസ്ഥിരതയും ഗോത്രങ്ങള്‍ തമ്മില്‍ സംഘട്ടനങ്ങളും നിലനില്‍ക്കുന്ന കാലമായിരുന്നു അത്.
സഊദി ഭരണം സുസ്ഥിരമാക്കുന്നതിലും രാഷ്ട്രത്തിന്റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിലും അബ്ദുല്‍അസീസ് രാജാവിനൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ നാട്ടുകാരെയും ഉള്‍പ്പെടുത്തി രൂപം നല്കിയ ദേശീയ സുരക്ഷാവിഭാഗത്തിന്റെ സാരഥ്യം 1962ല്‍ അദ്ദേഹം ഏറ്റെടുത്തു. ആ രംഗത്തെ തന്റെ കഴിവും പാടവവും തെളിയിച്ച അദ്ദേഹം, 1975ല്‍ മന്ത്രിസഭയുടെ രണ്ടാം ഡെപ്യൂട്ടി അധ്യക്ഷനായും തെരഞ്ഞെടുക്കപ്പെട്ടു. 1982ലാണ് അദ്ദേഹം ഫഹ്ദ് രാജാവിന് ശേഷം സഊദി അറേബ്യയുടെ കിരീടാവകാശിയായി പ്രഖ്യാപിക്കപ്പെടുന്നത്.
വിദ്യാഭ്യാസത്തിന് ഏറെ പ്രാധാന്യം നല്കുന്നതായിരുന്നു അബ്ദുല്ല രാജാവിന്റെ ഭരണകാലം. റിയാദില്‍ അദ്ദേഹം സ്ഥാപിച്ച കിംഗ് അബ്ദുല്‍അസീസ് പബ്ലിക് ലൈബ്രറി ഇതിന്റെ വലിയൊരു തെളിവാണ്. റിയാദിനടുത്ത ജനാദിരിയ്യയില്‍ വര്‍ഷം തോറും നടന്നുവരുന്ന സാംസ്കാരിക പൈതൃകത്തിനും വിജ്ഞാന പരിപോഷണത്തിനും ഏറെ സംഭാവനകള്‍ നല്കുന്ന ദേശീയ സംഗമത്തിന് തുടക്കം കുറിച്ചതും അദ്ദേഹം തന്നെ. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍നിന്നുള്ള പണ്ഡിതരും എഴുത്തുകാരും സാഹിത്യപ്രതിഭകളുമടങ്ങുന്ന ആയിരക്കണക്കിന് പ്രഗല്‍ഭരാണ് ഇതില്‍ പങ്കെടുക്കാനെത്തുന്നത്.
സഊദി അറേബ്യയിലെ സര്‍വ്വകലാശാലകളുടെ എണ്ണം 8ല്‍നിന്ന് 20ആയി ഉയര്‍ന്നതും അദ്ദേഹത്തിന്റെ കാലത്ത് തന്നെ. വിവിധ കോളേജുകളും സാങ്കേതിക-ആരോഗ്യ മേഖലകളില്‍ പ്രത്യേക സ്ഥാപനങ്ങളും പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേക സംവിധാനങ്ങളും ആരംഭിക്കുന്നതിനും അദ്ദേഹം മുന്‍കൈയ്യെടുത്തു. നിലവിലുള്ള സര്‍വ്വകലാശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനും പാഠ്യപദ്ധതികള്‍ പരിഷ്കരിക്കുന്നതിനും ആവശ്യാനുസരണം പുതിയ വിഭാഗങ്ങളും, വിശിഷ്യാ ടെക്നിക്കല്‍ ഡിപ്പാര്‍ട്ട്‍മെന്റുകളും തുടങ്ങുന്നതിലും അദ്ദേഹം പ്രത്യേകതാല്പര്യം കാണിച്ചു. രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസം സക്രിയമാക്കുന്നതിനായി 2008ല്‍ കിംഗ് അബ്ദുല്ലാ എജ്യൂകേഷണല്‍ ഡവലപ്മെന്റ് പ്രോജക്റ്റിന് തന്നെ രൂപം നല്കി. 6വര്‍ഷം കൊണ്ട് രാജ്യത്തെ പൊതുവിദ്യഭ്യാസം ലോകഗുണനിലവാരത്തിലെത്തിക്കാനാവശ്യമായ വിവിധ പദ്ധതികള്‍ ഉള്‍ക്കൊള്ളുന്ന ഇതിന്റെ നടത്തിപ്പിനായി 900 കോടി റിയാലാണ് അദ്ദേഹം വകയിരുത്തിയത്. അബ്ദുല്ലാ രാജാവിന്റെ ഭരണകാലം, ആധുനിക സഊദി അറേബ്യയുടെ വിദ്യാഭ്യാസവിപ്ലവത്തിന്റെ കാലമായിരുന്നു എന്ന് പറയുന്നത് അതിശയോക്തിയാവില്ല.
ഇരുഹറമുകളുടെ വികസനത്തിനായി അദ്ദേഹം നല്‍കിയ അതുല്യമായ സംഭാവനകള്‍ക്ക് ലോകമുസ്‍ലിംകള്‍ സാക്ഷിയാണ്. നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന വികസപ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമാകുന്നതോടെ, മക്കയിലെ മസ്ജിദുല്‍ഹറാമിന്റെ വിസ്തൃതി 3 ലക്ഷം മീറ്ററോളം വരും. മക്കയുടെ വിവിധ ഭാഗങ്ങളിലായി പണി കഴിച്ച ടണലുകളും ഹജ്ജ് കേന്ദ്രങ്ങള്‍ക്കിടയില്‍ സാധ്യമാക്കിയ മെട്രോ സൌകര്യവുമെല്ലാം ഹാജിമാര്‍ക്ക് ഏറെ സൌകര്യങ്ങളാണ് ഒരുക്കിയത്.
മദീന, ഹാഇല്‍, റാബഗ് തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ച പ്രത്യേക സാമ്പത്തിക പട്ടണങ്ങളും അദ്ദേഹത്തിന്റെ ഭരണനേട്ടങ്ങളില്‍ പ്രധാനമാണ്. പ്രേദശികനിക്ഷേപങ്ങള്‍ക്കൊപ്പം വിദേശനിക്ഷേപവും ആകര്‍ഷിക്കുന്നതിലും തദ്വാരാ രാഷ്ട്രത്തിന്റെ സാമ്പത്തിക സുരക്ഷയും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിലും അദ്ദേഹം പ്രത്യേകം ശ്രദ്ധ പുലര്‍ത്തി. പ്രസ്താവ്യമായ നയനിലപാടുകളിലൂടെ സാമ്പത്തിക അഭിവൃദ്ധി നേടിയ ലോകത്തെ പത്ത് രാഷ്ട്രങ്ങളുടെ പട്ടികയില്‍ സഊദിഅറേബ്യക്ക് ഇടം പിടിക്കാനായതും ലോകബാങ്കിന്റെ പ്രത്യേക അംഗീകാരം നേടാനായതും അബ്ദുല്ലാ രാജാവിന്റെ സാമ്പത്തിക നയങ്ങളുടെ വിജയമായിരുന്നു.
സഊദിയിലെ ഭരണനിലവാരവും നീതിന്യായവ്യവസ്ഥയും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും സ്വദേശികളുടെ പുരോഗതി ഉറപ്പുവരുത്തുന്നതിനും വിവിധ പദ്ധതികളും അദ്ദേഹം നടപ്പിലാക്കി. 2007ല്‍ റിയാദില്‍ അദ്ദേഹം വിളിച്ചുചേര്‍ത്ത ഒപെക് രാഷ്ട്രങ്ങളുടെ യോഗം ശ്രദ്ധേയമായ പല തീരുമാനങ്ങളുമെടുത്തതും ലോകതലത്തില്‍തന്നെ സാമ്പത്തികമായി ഏറെ ഗുണം ചെയ്തു. ഊര്‍ജ്ജോപയോഗത്തിന്റെ ക്രിയാത്മക ഉപഭോഗത്തെ കുറിച്ചുള്ള പഠനങ്ങള്‍ക്കായി പ്രത്യേക പദ്ധതി രൂപീകരിച്ചതും അബ്ദുല്ല രാജാവ് തന്നെ.
വിവിധ മതങ്ങളും പ്രസ്ഥാനങ്ങളും പരസ്പര ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകത തിരിച്ചറിഞ്ഞ അദ്ദേഹം, അതിനായി പലപ്പോഴും അവസരങ്ങളൊരുക്കി. ഇത്തരം ആശയസംവേദനങ്ങളിലേക്ക് സമൂഹത്തിന്റെ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാനായി, ഭാഷാന്തരത്തില്‍ നൈപുണ്യം നേടുന്നവര്‍ക്കായി അദ്ദേഹം, പ്രത്യേക ട്രാന്‍സ്‍ലേഷന്‍ അവാര്‍ഡും സാംസ്കാരിക വിനിമയ മേഖലകളില്‍ സ്തൂത്യര്‍ഹമായ സംഭാവനകളര്‍പ്പിക്കുന്നവര്‍ക്കായി കിംഗ് അബ്ദുല്ല സാംസ്കാരികവിനിമയ അവാര്‍ഡും പ്രഖ്യാപിച്ചു.
മുല്ലപ്പൂവിപ്ലവം പല അറബ് രാഷ്ട്രങ്ങളെയും പിടിച്ചുലച്ചപ്പോഴും അറബ് ഐക്യത്തിനും ജനങ്ങളുടെ സുരക്ഷക്കുമായി അദ്ദേഹം ഏറെ പരിശ്രമിച്ചു. സഹോദര രാഷ്ട്രങ്ങളിലെ വിപ്ലവങ്ങള്‍ക്ക് ഇതരര്‍ സ്വീകരിച്ച നിലപാടുകളെ തുടര്‍ന്ന് ചില രാഷ്ട്രങ്ങള്‍ക്കിടയില്‍ ഉരുണ്ടുകൂടിയ അസ്വാരസ്യങ്ങളെ പറഞ്ഞുപരഹരിക്കാനും തങ്ങളെല്ലാം ഒന്നാണെന്ന ബോധം ഊട്ടിയുറപ്പിക്കാനും എപ്പോഴും മുന്‍കൈയ്യെടുത്തതും അബ്ദുല്ല രാജാവ് തന്നെയായിരുന്നു.
പല സഹോദരരാഷ്ട്രങ്ങളിലും ഭരണകര്‍ത്താക്കള്‍ക്കെതിരെ രക്തരൂഷിത വിപ്ലവങ്ങള്‍ കൊടുമ്പിരി കൊണ്ടപ്പോഴും, അവയുടെയെല്ലാം ഇരട്ടിയിലേറെ വിസ്തൃതിയുള്ള സഊദിഅറേബ്യയില്‍, 9 വര്‍ഷവും 5 മാസവും 23 ദിവസവും നീണ്ട ഭരണത്തിനിടയില്‍ തന്റെ ജനങ്ങളില്‍നിന്ന് ഒരിക്കല്‍പോലും വിരുദ്ധ സ്വരം ഉയര്‍ന്നില്ലെന്നത് തന്നെ, അബ്ദുല്ലാരാജാവിന്റെ ഭരണനൈപുണ്യത്തിന്റെയും അതിലേറെ അദ്ദേഹത്തിന്റെ പൊതുജന സ്വീകാര്യതയുടെയും ഏറ്റവും വലിയ തെളിവാണെന്ന് പറയാതെ വയ്യ. ജനുവരി 23 വെള്ളിയാഴ്ച അസ്‍ര്‍ നിസ്കാരാനന്തരം ആ ഭൌതിക ശരീരം റിയാദിലെ അല്‍ഊദ് ഖബര്‍സ്ഥാനിലെ ആറടി മണ്ണിലേക്ക് വെക്കുമ്പോള്‍ വിതുമ്പലടക്കി ചുറ്റും നിന്ന ആയിരക്കണക്കിന് ആളുകളും കണ്ണീര്‍കണങ്ങളും പ്രാര്‍ത്ഥനയുമായി കഴിഞ്ഞ മുഴുവന്‍ സൌദി ജനതയും വേദനയോടെ വീക്ഷിച്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങളും വിളിച്ചുപറഞ്ഞതും ആ സ്വീകാര്യത തന്നെ.



Leave A Comment