മുസ് ലിംലോകവും വഹാബി ഭീകരതയും
ഭീകരതയുടെയും തീവ്രതയുടെയും വര്‍ഗീയതയുടെയും പ്രതീകമായി ചിത്രീകരിക്കപ്പെടുകയാണ് ഇസ്‌ലാം. ഹിംസയും അക്രമവും അസഹിഷ്ണുതയുമെല്ലാം മുസ്‌ലിംകളുടെ മാത്രം പ്രത്യേകതയാക്കി അവതരിപ്പിക്കുകയാണ് സാമ്രാജ്യത്വം. താലിബാന്‍, അല്‍ഖാഇദ, ലഷ്‌കറെ ത്വയിബ തുടങ്ങിയ തീവ്രവാദ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളെ പര്‍വ്വതീകരിച്ചു കാണിക്കുകയും അതിലൂടെ മുസ്‌ലിംകളെല്ലാം ഭീകരവാദികളാണെന്നു സ്ഥാപിക്കുകയുമാണ് സാമ്രാജ്യത്വ ശക്തികളുടെ ലക്ഷ്യം. മുസ്‌ലിംകളെ അതിക്രമിച്ച് കീഴ്‌പ്പെടുത്താനുള്ള കുറുക്കുവഴി, ഇസ്‌ലാമിന്റെ പേരില്‍ ഉടലെടുത്ത ചാവേര്‍ സംഘങ്ങളും വര്‍ഗീയഭ്രാന്തന്മാരുമാണെന്നത് തിരിച്ചറിഞ്ഞ ശത്രുക്കള്‍ അവയെ സൃഷ്ടിക്കാനുള്ള പരീക്ഷണങ്ങളാണ് നടത്തിയത്. കൊച്ചു മത്സ്യങ്ങളെ ചൂണ്ടലിലെറിഞ്ഞ് വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ ശ്രമിക്കുന്ന വേട്ടക്കാരന്റെ റോളിലാണ് അവരിവിടെ പ്രവര്‍ത്തിക്കുന്നത്. കൊച്ചു കൊച്ചു തീവ്രവാദ ഗ്രൂപ്പുകളുടെ പേരില്‍ ഒരു സമുദായത്തെ മുഴുവന്‍ പ്രതിക്കൂട്ടില്‍ കയറ്റുന്ന ക്രൂര വിനോദം. ഇസ്‌ലാമിന്റെ മുഖ്യധാരയില്‍ നിന്നും പാരമ്പര്യത്തില്‍ നിന്നും വിട്ടുനിന്ന് വിശ്വാസങ്ങള്‍ക്കും പ്രമാണങ്ങള്‍ക്കും പുതിയ വ്യാഖ്യാനം നല്‍കിയ വഹാബിസം പോലുള്ള പ്രസ്ഥാനങ്ങളില്‍ നുഴഞ്ഞുകയറിയാണ് ശത്രുക്കള്‍ മതതീവ്രവാദ ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കിയത്. മതത്തിന്റെ പേരില്‍ ചാവേറുകളായി പൊട്ടിത്തെറിക്കുന്ന ഈ വിഭാഗങ്ങളെ ഉപയോഗിച്ച് ഇസ്‌ലാമിനെ തെറ്റിദ്ധരിപ്പിക്കുകയാണവരുടെ ലക്ഷ്യം. ഇന്ന് ആഗോള സമൂഹത്തെ മുഴുവന്‍ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന താലിബാന്‍, അല്‍ഖാഇദ, ലഷ്‌കറെ ത്വയ്ബ തുടങ്ങിയ പ്രസ്ഥാനങ്ങളുടെ അടിവേരുകള്‍ ആണ്ടുകിടക്കുന്നത് വഹാബിയന്‍ തൗഹീദിന്റെ അകത്താണെന്ന് ലോകം തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നു. മതനവീകരണത്തിന്റെ കുപ്പായമെടുത്തിട്ട വഹാബികള്‍ക്ക് പണവും പദവിയും നല്‍കിയാണ് ഇരയുടെ പക്ഷത്ത് നിന്നു നാടകം കളിക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെ ശത്രുക്കള്‍ പടച്ചുവിട്ടത്. പാരമ്പര്യ മുസ്‌ലിംകള്‍ കാലങ്ങളായി പറഞ്ഞുകൊണ്ടിരിക്കുന്ന ഈ വസ്തുതയാണ് റാം ജഠ്മലാനിയെ പോലുള്ളവര്‍ ഇപ്പോള്‍ പരസ്യമായി പ്രകടിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇബ്‌നു അബ്ദില്‍ വഹാബിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ശക്തമായി പിന്തുണക്കുന്നവരാണ് ജമാഅത്തെ ഇസ്‌ലാമി. അവര്‍ പോലും മുസ്‌ലിം ലോകത്തുടലെടുത്ത പുതിയ ഭീകരവാദ പ്രവണതകളുടെ അടിവേരുകള്‍ കണ്ടെത്തിയിരിക്കുന്നത് വഹാബി പ്രസ്ഥാനത്തിലാണ്. ജമാഅത്ത് പണ്ഡിതനായ വി.എ. കബീര്‍ എഴുതുന്നു: 'അറബ് സ്വേച്ഛാശക്തി ഭരണകൂടങ്ങളുടെയും നവ കൊളോണിയല്‍ ശക്തികളുടെയും പ്രതീകങ്ങളായ ബിന്‍ലാദിന്നും അല്‍ഖാഇദക്കും മുസ്‌ലിം ലോകത്തിന്റെ മുഖ്യധാരാ ഇസ്‌ലാമിക പ്രസ്ഥാനങ്ങളുമായി ഒരു ബന്ധവുമില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അവയുടെ അടിവേരുകള്‍ ചെന്നെത്തുന്നത് അക്ഷരപൂജക്കാരും കടുത്ത യാഥാസ്ഥിതികത്വവും ധൈഷ ണിക മുരടിപ്പുമല്ലാതെ മറ്റൊരു പൈതൃ കവും അവകാശപ്പെടാനില്ലാത്തവരുമായ ഗള്‍ഫ് നാട്ടിലെ ചില പരമ്പരാഗത പ്രസ്ഥാനങ്ങളിലാണ്. സലഫിസം, വഹാബിസം എന്നീ പേരുകളിലാണ് ഇവര്‍ അറിയപ്പെടുന്നത്. അന്താരാഷ്ട്ര മീഡിയകള്‍ വിരല്‍ചൂണ്ടുന്നതും ഇവരിലേക്കാണ്. (1) ഉസാമ ബിന്‍ലാദനെ പോലുള്ള കൊടും ഭീകരര്‍ വളര്‍ന്നുവന്നത് മുസ്‌ലിംകളുടെ പൊതുപാഠശാലയില്‍നിന്നായിരുന്നില്ല. മുസ്‌ലിം മുഖ്യധാരയില്‍ നിന്ന് വിഘടിച്ച് നില്‍ക്കുകയും പാരമ്പര്യത്തെ മുഴുവന്‍ തിരസ്‌കരിക്കുകയും ചെയ്ത സഊദിയിലെ വഹാബി പാഠശാലയാണ് അത്തരക്കാര്‍ക്ക് ജന്മംനല്‍കിയത്. 1099-ല്‍ ഒന്നാം ക്രുസേഡ് പട്ടാളം ജറുസലേം പിടിച്ചടക്കി  70,000 മുസ്‌ലിംകളെ കൂട്ടക്കൊല നടത്തി രക്തപ്പുഴയൊഴുക്കിയപ്പോള്‍ പോലും ശാന്തമായി പ്രതികരിക്കുകയും മാന്യമായി പെരുമാറുകയും ചെയ്ത പാരമ്പര്യമുള്ളവരാണ് ഇസ്‌ലാമിക സമൂഹമെന്ന് സര്‍വ്വര്‍ക്കും അറിയാം. ആത്മജ്ഞാനികളുടെ പര്‍ണശാലകളും സൂഫീഖാന്‍ ഖാഹുകളും ബഹുമത സമൂഹത്തോടുള്ള മുസ്‌ലിംകളുടെ പെരുമാറ്റത്തിന്റെ കണ്ണാടിയായിരുന്നു. വിവിധ മതവിഭാഗങ്ങള്‍ അവര്‍ക്ക് ചുറ്റും വന്നിരുന്ന് ഇസ്‌ലാമിന്റെ മഹത്വം ആസ്വദിക്കുകയും അനുഭവിക്കുകയും ചെയ്തപ്പോള്‍ മുസ്‌ലിംകള്‍ ഭീകരരാണെന്നു ആരോപിക്കാന്‍ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. ഈ പാരമ്പര്യത്തെയാണ് വഹാബിസം തിരസ്‌കരിച്ചതും വലിച്ചെറിഞ്ഞതും. പാരമ്പര്യത്തെ ധിക്കരിച്ചവര്‍ പ്രമാണങ്ങള്‍ക്ക് പുതിയ വ്യാഖ്യാനം നല്‍കാന്‍ മുന്നോട്ടുവന്നപ്പോള്‍ മറ്റു വിഷയങ്ങളെപ്പോലെ ഖുര്‍ആനിന്റെ ജിഹാദും സമരവും എടുത്തുചാട്ടത്തിന്റെയും പ്രതികരണശേഷിയുടെ ദുര്‍വിനിയോഗത്തിന്റെയും വേദിയായി മാറി. ഖുര്‍ആനിന്റെയും സുന്നത്തിന്റെയും പുതിയ വ്യാഖ്യാനങ്ങള്‍, അവിശ്വാസികളെ മാത്രമല്ല, വിശ്വാസികളെ തന്നെയും അത് സ്വന്തം സംഘടനയിലെ എതിര്‍ ഗ്രൂപ്പുകാരനാണെങ്കില്‍ പോലും (കേരള വഹാബികള്‍ പിളര്‍ന്നപ്പോള്‍ ഖുര്‍ആന്‍ ക്ലാസില്‍ കേട്ടതുപോലെ) വധിക്കാമെന്നും അവന്റെ സമ്പാദ്യം കൊള്ളചെയ്യാമെന്നും അനുയായികളെ ധരിപ്പിച്ചു. നജ്ദിയന്‍ ആശയങ്ങളും സിദ്ധാന്തങ്ങളുമാണ് തീവ്രവാദ പ്രസ്ഥാനങ്ങളുടെ വളര്‍ച്ചക്ക് ഊക്കും ഊര്‍ജ്ജവും നല്‍കുന്നത് എന്ന വസ്തുതക്ക് മുന്നില്‍ അത്ഭുതപ്പെടാന്‍ മാത്രം ഒന്നുമില്ല. അത്രയ്ക്കു ഭീകര മായിരുന്നല്ലോ വഹാബിസം. സാമ്രാജ്യത്വവിരോധം എന്ന പേരില്‍ ഇന്ന് പൊതുസമൂഹമാണ് അക്രമിക്കപ്പെടുന്നതെങ്കില്‍ രണ്ട് നൂറ്റാണ്ട് മുമ്പ് മുസ്‌ലിംകള്‍ തന്നെയാണ് ഇവരുടെ അക്രമങ്ങള്‍ക്ക് വിധേയരായത്. അറുകൊലചെയ്യപ്പെട്ട പതിനായിരകണക്കിന് വിശ്വാസികള്‍, തൂത്തെറിയപ്പെട്ട നിരവധി ഗ്രന്ഥശേഖരങ്ങള്‍, തര്‍ക്കപ്പെട്ട നൂറുക്കണക്കിന് മഖ്ബറകളും മസാറുകളും തട്ടിനിരപ്പാക്കപ്പെട്ട പ്രവാചകരുടെ ജന്മഗേഹം, ഗനീമത്ത് എന്ന പേരില്‍ കൊള്ളചെയ്യപ്പെട്ട വിശ്വാസികളുടെ സമ്പത്ത്, മാര്‍ക്കറ്റില്‍ ലേലം ചയ്യപ്പെട്ട വഖഫ് സ്വത്തുക്കള്‍.... ഇതാണ് മുസ്‌ലിം ലോകത്തിന് വഹാബിസം നല്‍കിയ സംഭാവന. സഹിഷ്ണുതയും പാരസ്പര്യവും അതിനെന്നും അന്യായമായിരുന്നു. ചരിത്രരേഖകള്‍ അതു സാക്ഷ്യപ്പെടുത്തുന്നു. ചില ഉദാഹരണങ്ങള്‍ കാണുക. ഭീകരതയുടെ വിചിത്രമുഖം എ.ഡി.1567-ല്‍ ലിസ്ബണില്‍ ചേര്‍ന്ന ക്രിസ്ത്യന്‍ രാജകീയ സമ്മേളനത്തിലും 1585-ല്‍ വിയന്നയില്‍ ചേര്‍ന്ന രണ്ടാം കൗണ്‍സിലിലും ഇസ്‌ലാമിക ചിഹ്നങ്ങളും സാംസ്‌കാരിക സിംബലുകളും നശിപ്പിക്കാന്‍ ക്രൈസ്തവ ലോബി പദ്ധതിയിട്ടിരുന്നു. പ്രസ്തുത പദ്ധതിയാണ് ബ്രിട്ടീഷ് ചാരന്മാര്‍ വഹാബിസത്തിലൂടെ നടപ്പിലാക്കിയത്. വഹാബികള്‍ അറേബ്യ കീഴടക്കിയപ്പോള്‍ വിശ്വാസികളെ കൂട്ടക്കൊല ചെയ്തതോടൊപ്പം ഇസ്‌ലാമിക സാംസ്‌കാരിക ചിഹ്നങ്ങളെല്ലാം നശിപ്പിക്കാന്‍ ശ്രമിച്ചു. ഇസ്‌ലാമിക ചരിത്രത്തെ ധന്യമാക്കിയ നിരവധി മഹാത്മാക്കളുടെ മഖ്ബറകളും മസാറുകളും തട്ടിനിരപ്പാക്കി. പണ്ഡിത സഹസ്രങ്ങള്‍ നൂറ്റാണ്ടുകള്‍ ഗവേഷണം ചെയ്തുണ്ടാക്കിയ നിരവധി ഗ്രന്ഥങ്ങള്‍ ചുട്ടുകരിച്ചു. ഇസ്‌ലാമിന്റെ പത്തു നൂറ്റാണ്ടുകാലത്തെ മഹിതമായ ചരിത്രത്തെയും പാരമ്പര്യത്തെയും മണ്ണിട്ടു മൂടാനാണ് ശ്മശാന വിപ്ലവത്തിലൂടെ വഹാബികള്‍ ശ്രമിച്ചത്. ഇസ്‌ലാമിന്റെ പാരമ്പര്യത്തെയും പൈതൃകത്തെയും മിത്തിസൈസ് ചെയ്തു വിശ്വാസികളുടെ മനസ്സില്‍ സംശയം സൃഷ്ടിക്കാനുളള ശത്രുലോബിയുടെ നിഗൂഢ പദ്ധതികളാണ് അവര്‍ നടപ്പാക്കിയത്. ഇബ്‌നു അബ്ദുല്‍ വഹാബ് തന്റെ ആശയങ്ങളുമായി രംഗപ്രവേശം  ചെയ്ത ആദ്യകാലത്തു തന്നെ പ്രാദേശിക ഭരണകൂടത്തെ സ്വാധീനിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കാനാണു ശ്രമിച്ചത്. അതിനുവേണ്ടി സ്ത്രീകളെയും കെട്ടുബന്ധങ്ങളെയും ശൈഖ് നജ്ദി ഉപയോഗപ്പെടുത്തി. തന്റെ ജന്മദേശമായ നജ്ദിനടുത്തുള്ള ഉയയ്‌നയിലെ ഭരണാധികാരിയായിരുന്നു ഉസ്മാന്‍ ബിന്‍ മുഅമ്മര്‍. അദ്ദേഹത്തിന്റെ അമ്മായി ജൗഹറയെ വിവാഹം കഴിച്ച ശൈഖ് നജ്ദി ആ സ്വാധീനം ഉപയോഗിച്ച് നാടും നഗരവും വെട്ടിപ്പിടിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കുകയായിരുന്നു. സൈദ് ബിന്‍ ഖത്താബ്(റ)ന്റെ മഖ്ബറ തകര്‍ത്തു കൊണ്ടാണ് വഹാബി ആചാര്യന്‍ തന്റെ കര്‍സേവക്ക് തുടക്കം കുറിച്ചത്. യമാമ യുദ്ധത്തില്‍ മുസൈലിമത്തുല്‍ കദ്ദാബുമായി ഏറ്റുമുട്ടി മരിച്ച സൈദ്(റ), രണ്ടാം ഖലീഫ ഉമര്‍ ബിന്‍ ഖതാബ്ബി(റ)ന്റെ സഹോദരനായിരുന്നു. ഈ സംഭവത്തെക്കുറിച്ച് വഹാബി ചരിത്രകാരനായ ഉസ്മാന്‍ ബിന്‍ ബിശ്ര്‍ തന്റെ 'ഉന്‍വാനുല്‍ മജ്ദ് ഫീ താരീഖിന്നജ്ദി'ല്‍ ഇങ്ങനെ രേഖപ്പെടുത്തുന്നു. ''പിന്നീട് ശൈഖ്, ജബലിയ്യയിലെ സൈദ് ബിന്‍ ഖത്താബിന്റെ ഖബറും ഖുബ്ബയും തകര്‍ക്കാനാണ് ലക്ഷ്യം വെച്ചത്. പിന്നീട് അദ്ദേഹം തന്റെ ആഗ്രഹം ഭരണാധികാരി ഉസ്മാനോട് തുറന്നുപറയുകയും അദ്ദേഹം അതിനു അനുമതി നല്‍കുകയും ചെയ്തു. പക്ഷേ, ജബലിയ്യാ നിവാസികളുടെ ശക്തമായ എതിര്‍പ്പ് അദ്ദേഹത്തെ ആശങ്കപ്പെടുത്തി. അങ്ങനെ അറുന്നൂറോളം പട്ടാളക്കാരുടെ അകമ്പടിയോടെ ഇരുവരും അനുയായികളോടൊപ്പം ഖുബ്ബ തകര്‍ക്കാനെത്തി. അപ്പോഴേക്കും ജബലിയ്യ നിവാസികളെല്ലാം അവരെ പ്രതിരോധിക്കാനിറങ്ങി. ജനങ്ങളുടെ ഈ പുറപ്പാടിനെ പട്ടാളത്തെ ഉപയോഗിച്ച് ഉസ്മാന്‍ വിരട്ടിയോടിച്ചു. ജനങ്ങളെല്ലാം പിന്‍മാറിയപ്പോള്‍ ഉസ്മാന്‍ പറഞ്ഞു: എനിക്ക് ഇത് തകര്‍ക്കാനുള്ള ധൈര്യമില്ല. എങ്കില്‍ കോടാലി ഇങ്ങോട്ടു തരൂ എന്ന് പറഞ്ഞുകൊണ്ട് ശൈഖ് അതു വാങ്ങുകയും സ്വന്തം കൈകൊണ്ട് ആ ഖുബ്ബ തകര്‍ത്തു നിരപ്പാക്കുകയും ചെയ്തു.''(2) ഇതാണ് വഹാബിസം. മസില്‍ പവറും മണി പവറുമാണ് അതിനെ ഒരു പ്രസ്ഥാനമാക്കി മാറ്റിയത്. ആദര്‍ശത്തിന്റെ പരിശുദ്ധികൊണ്ട് അറേബ്യ അതിനെ കൈനീട്ടി സ്വീകരിച്ചിട്ടില്ല. സഊദി അറേബ്യയില്‍ വഹാബിസം വളര്‍ന്നത് ഇബ്‌നു സഊദിന്റെ മൂര്‍ച്ചയേറിയ വാളുകൊണ്ട് മാത്രമായിരുന്നു. ശൈഖ് നജ്ദിയുടെ വികലമായ തൗഹീദിനെ സ്വീകരിക്കാന്‍ വിസമ്മതിച്ച മുസ്‌ലിംകളെ ക്രൂരമായ പീഡനമുറകള്‍ക്കു വിധേയരാക്കിയാണ് വഹാബി ആശയങ്ങള്‍ സഊദിയില്‍ അടിച്ചേല്‍പ്പിച്ചത്. കേരളത്തിലെ നദ്‌വത്തുകാര്‍ പോലും ഈ സത്യം അര്‍ദ്ധമനസ്സോടെ സമ്മിതിച്ചിട്ടുണ്ട്. എം.ഐ. മുഹമ്മദലി സുല്ലമി എഴുതുന്നു: ''അറേബ്യ മുസ്‌ലിംകള്‍ നിവസിച്ചിരുന്ന ഒരു പ്രദേശമായിരുന്നു. അവിടെ വളര്‍ന്നുവന്ന സലഫി പ്രസ്ഥാനം പ്രചരിച്ചത് ഭരണകൂടത്തിന്റെ സഹായത്തോടുകൂടിയായിരുന്നു. അഥവാ, തൗഹീദിന്റെ ആശയങ്ങളെ ജനങ്ങളിലേക്ക് എത്തിച്ചത് കേവലം നാവും തൂലികയും ഉപയോഗിച്ച് കൊണ്ട് മാത്രമായിരുന്നില്ല. ഇബ്‌നു സഊദിന്റെ മൂര്‍ച്ചയേറിയ വാളും അതില്‍ വലിയൊരു പങ്കുവഹിച്ചിട്ടുണ്ട്.''(3) ്ബ്രിട്ടന്റെ പിന്തുണയോടെ വഹാബികള്‍ മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ അക്രമങ്ങള്‍ ക്രൂരവും പൈശാചികവുമായിരുന്നു. തുര്‍ക്കി ഖിലാഫത്തിനെ അംഗീകരിച്ചതിനും പാരമ്പര്യ ഇസ്‌ലാമില്‍ വിശ്വസിച്ചതിന് പതിനായിരക്കണക്കിന് മുസ്‌ലിംകളെയാണ് വഹാബികള്‍ കൊന്നൊടുക്കിയത്. തൊട്ടിലില്‍ കിടക്കുന്ന പിഞ്ചുപൈതങ്ങളെയും വീട്ടിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന സ്ത്രീകളെയും വഹാബി ഭീകരര്‍ കഴുത്തറുത്തു കൊന്നു. വാങ്കിന്റെ മുമ്പ് പ്രവാചകന്റെ പേരില്‍ സ്വലാത്ത് ചൊല്ലിയ അന്ധനായ പാവം മുഅദ്ദിനെപ്പോലും അവര്‍ തല്ലിച്ചതച്ചു. ബ്രിട്ടീഷ് സഹായത്തോടെ വഹാബികള്‍ നടത്തിയ കൂട്ടക്കൊലയുടെ ക്രൂരത നിറഞ്ഞ രംഗങ്ങള്‍ ചരിത്രകാരനായ സൈനി ദഹ്‌ലാന്‍ തന്റെ 'ഖുലാസത്തുല്‍ കലാം ഫീ ബയാനി ഉമറാഇ ബലദില്‍ ഹറാം' എന്ന ഗ്രന്ഥത്തില്‍ വിവരിക്കുന്നുണ്ട്. ഈ വിവരണങ്ങള്‍ ശരിവെക്കുന്ന രീതിയിലാണ് വഹാബിസത്തിന്റെ ഔദ്യോഗിക ചരിത്രകാരന്മാരുടെ പരാമര്‍ശങ്ങള്‍. ''ഹിജ്‌റ 1216 ദുല്‍ഖഅ്ദ്. സഊദിന്റെ സൈന്യം കര്‍ബലയിലേക്ക് നീങ്ങി. അവിടെയുള്ള ഇമാം ഹുസൈന്റെ ഖബറും ഖുബ്ബയും തകര്‍ത്തു. അതിനകത്തുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ വിരിപ്പുകള്‍ സ്വര്‍ണം, വെള്ളി, അമൂല്യ രത്‌നങ്ങള്‍, മുത്തുകള്‍, മുസ്ഹഫുകള്‍.... തുടങ്ങിയ വലിയ ധനേശഖരം തന്നെ സഊദി സൈന്യം ശേഖരിച്ചുകൊണ്ടുപോയി. രണ്ടായിരത്തോളം വരുന്ന തദ്ദേശീയരെ അവര്‍ കൊലചെയയ്തു.''(4) സ്വതന്ത്ര നിരീക്ഷകനായ ഹാമിദ് അല്‍ഗാര്‍ രേഖപ്പെടുത്തുന്നു: ''വഹാബി സൈന്യം 1805 ഏപ്രില്‍ മാസത്തില്‍ മദീനയും 1806 ജനുവരിയില്‍ രണ്ടാം തവണ മക്കയും കീഴടക്കി. ഹറമൈനിയുടെ മേലുള്ള ഈ അധിനിവേശം 1812-ന്റെ അവസാനം വരെ നീണ്ടുനിന്നു. ഇക്കാലത്ത് മക്കയിലെയും മദീനയിലെയും ജനങ്ങളുടെ മേല്‍ വഹാബി സിദ്ധാന്തങ്ങള്‍ അടിച്ചേല്‍പ്പിക്കപ്പെട്ടു. ഖബറുകള്‍ തകര്‍ക്കലായിരുന്നു വഹാബികളുടെ മുഖ്യജോലി. പ്രവാചകന്‍, ഖദീജത്തുല്‍കുബ്‌റ, ഖലീഫാ അലി, അബൂബക്കര്‍ സിദ്ദീഖ് തുടങ്ങിയവരുടെയെല്ലാം ജന്മസ്ഥലങ്ങളെന്ന് കീര്‍ത്തിയാര്‍ജ്ജിച്ച ഭവനങ്ങളുടെ മേല്‍ ഉണ്ടായിരുന്ന എടുപ്പുകള്‍ തകര്‍ക്കപ്പെട്ടു. അല്‍ മഅ്‌ലായിലെ ചരിത്ര പ്രസിദ്ധമായ ഖബറുകള്‍ തകര്‍ത്ത് തരിപ്പണമാക്കി. മദീനയിലെ പ്രവാചകന്റെ പള്ളിയിലെ സമ്പത്ത് കൊള്ളയടിക്കപ്പെട്ടു. പ്രചാകന്റെ ഖബറിനു മുകളില്‍ കെട്ടിപ്പൊക്കിയ എടുപ്പ് തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉപേക്ഷിക്കുകയാണുണ്ടായത്. ഈ പണിക്ക് നിയോഗിച്ച കൊള്ളക്കാര്‍ ദൈവാധീനത്താല്‍ മരിച്ചുപോയതാണ് കാരണം. പ്രവാചകന്റെ പള്ളിയോട് ചേര്‍ന്ന് നില്‍ക്കുന്ന ജന്നത്തുല്‍ ബഖീഅ് എന്നറിയപ്പെടുന്ന ഖബറിടത്തിലെ കെട്ടിടങ്ങളും കല്ലുകളുമെല്ലാം നശിപ്പിച്ചിട്ടുണ്ട്. പ്രവാചകന്റെ ഭാര്യമാരെയും അനുചരന്‍മാരെയും അഹ്‌ലുബൈത്തില്‍ പെട്ട പല മഹാന്‍മാരെയും ഖബറടക്കിയ സ്ഥലമാണിത്. വഹാബികളുടെ കാര്‍ക്കശ്യത്തില്‍ നിന്നു വിമുക്തമായപ്പോള്‍ നേരത്തെ ഹറമൈനിയിലെ ഉലമ വഹാബിസത്തിന്റെ സിദ്ധാന്തങ്ങളെ നിര്‍വ്വിശങ്കം കൈയൊഴിച്ചിരുന്നു. എന്നാല്‍ അവര്‍ വീണ്ടും കീഴൊതുങ്ങാന്‍ നിര്‍ബന്ധിതരായി.''(5) ഇസ്‌ലാമിന്റെ സാംസ്‌കാരിക ചിഹ്നങ്ങള്‍ക്ക് നേരെ വഹാബികള്‍ നടത്തിയ കര്‍സേവ ഉമ്മത്തിന്റെ ഹൃദയം വേദനിപ്പിക്കുന്ന തരത്തിലായിരുന്നു. അതേകുറിച്ച് മൗദൂദി വാരിക ഇങ്ങനെ സൂചിപ്പിക്കുന്നു: ''അനാചാരങ്ങള്‍ അവസാനിപ്പിക്കാനുള്ള തീവ്രശ്രമത്തിനിടയില്‍ മക്കയിലെയും പരിസരത്തെയും പ്രധാനപ്പെട്ട പല ചരിത്രചിഹ്നങ്ങളും തേഞ്ഞുമാഞ്ഞുപോയിരിക്കുന്നു. ഹറമിന്റെ വികസനവും ആധുനികവത്കരണവും ചരിത്രാവിശിഷ്ടങ്ങള്‍ നശിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. അതിനാല്‍ ഇസ്‌ലാമിക ചരിത്രത്തിലെ ശ്രദ്ധേയമായ മുദ്രകള്‍ പതിഞ്ഞ പ്രദേശങ്ങള്‍ പരതുന്നവര്‍ക്കു തീര്‍ത്തും അവ്യക്തമായ ധാരണകളാണ് ലഭിക്കുക.''(6) ഭീകരതയുടെ ബാക്കിപത്രം സമാധാനം എന്ന വാക്കിനെ സ്വന്തം പേരിനോടു വിളക്കിച്ചേര്‍ത്ത ഏക മതമായ ഇസ്‌ലാം ഇന്ന് ഇവ്വിധം തെറ്റിദ്ധരിക്കപ്പെട്ടതിന്റെ മുഖ്യകാരണക്കാര്‍ വഹാബികളാണ്. വഹാബിസത്തിന്റെ ഇന്ത്യന്‍ പതിപ്പായ അഹ്‌ലേ ഹദീസും തബ്‌ലീഗ്ജമാഅത്തുമെല്ലാം സവര്‍ണ ഫാഷിസത്തിന്റെ അക്രമങ്ങള്‍ക്കിരയാകുന്ന മുസ്‌ലിംകളുടെ വാകരങ്ങള്‍ ചൂഷണം ചെയ്തു അവരെ തീവ്രവാദത്തിന്റെ ഹോമകുണ്ഡത്തിലേക്ക് എറിയാന്‍ ശ്രമിച്ചവരാണ്. 1998 ജൂണ്‍ 19-ന് ബരാമുല്ല ജില്ലയിലെ ബി.എസ്.എഫ്.പാര്‍പ്പിടസമുച്ചയം തകര്‍ത്തതു മുതല്‍ 2008-ലെ മുംബൈ ഭീകരാക്രമണം വരെയുള്ള നിരവധി വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ആരോപിക്കപ്പെടുന്ന തീവ്രവാദ ഗ്രൂപ്പാണ് ലഷ്‌കറെ ത്വയ്ബ. വഹാബിസത്തിന്റെ പോഷക ഘടകമായിട്ടാണത്രെ അതിന്റെ ജനനം. ''ഇസ്‌ലാമിന്റെ വിശുദ്ധിയിലേക്ക് ലോകത്തെ മടക്കിക്കൊണ്ടുപോവുക എന്ന വിശാല ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന അഹ്‌ലേ ഹദീസ് (വഹാബി) വിഭാഗമായ മര്‍ക്കസ് ദവാഉല്‍ ഇര്‍ശാദിന്റെ പോഷക ഘടകമായിട്ടാണ് ലഷ്‌കറിന്റെ തുടക്കം.''(7) സ്‌നേഹത്തിന്റെയും സഹിഷ്ണുതയുടെയും ഇസ്‌ലാമിക അധ്യാപനങ്ങള്‍ പ്രചരിപ്പിക്കുന്നതിനു പകരം തീവ്രവാദത്തെ മതപരമായി ന്യായീകരിച്ച് ഇസ്‌ലാമിനെ ഭീകരമാക്കി ചിത്രീകരിക്കുകയാണ് വഹാബിസത്തിന്റ ഇന്ത്യന്‍ പതിപ്പായ അഹ്‌ലേ ഹദീസുകാര്‍. ''മുംബൈയിലെ താനെ ലഷ്‌കറെ ത്വയ്ബക്കു പിന്‍ബലമുള്ള പ്രദേശമാണ്. തീവ്രവാദ ഗ്രൂപ്പുകളെ മതപരമായി ന്യായീകരിക്കുന്ന അഹ്‌ലേ ഹദീസിന്റെ മതപാഠശാലയാണ് ഇതിന് അടിത്തറയൊരുക്കിയത്. പതിറ്റാണ്ടുകളിലായി നടന്ന കലാപങ്ങള്‍ മുസ്‌ലിംകളില്‍ ജനിപ്പിച്ച അരക്ഷിത ബോധം ഉപയോഗപ്പെടുത്തുകയാണ് തബ്‌ലീഗ് ജമാഅത്ത്, അഹ്‌ലേ ഹദീസ് എന്നീ സംഘടനകള്‍. ഇവരുടെ ആശയങ്ങളില്‍ നിന്നും അക്രമത്തിലേക്കുള്ള ദൂരം ചെറുതാണ്.(8) ''ഇന്ത്യാ ഉപഭൂഘണ്ഡത്തിലെ ഭാഷാവേഷങ്ങള്‍ സംഘടിപ്പിച്ചിരുന്ന ലഷ്‌കറെ ത്വയ്ബയും അഫ്ഗാനിസ്ഥാനിലെ താലിബാനും ശുദ്ധ സലഫി-വഹാബി ഗ്രൂപ്പുകളാണ്.''(9) വഹാബിസത്തിന്റെ രൂപഭേദങ്ങളായ താലിബാനും ലഷ്‌കറും അല്‍ഖാഇദയും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും സാമ്രാജ്യത്വ വിരുദ്ധ പോരാട്ടമല്ല. അവര്‍ക്കതിന് സാധ്യവുമല്ല. മുസ്‌ലിം സമൂഹം ഒന്നിച്ചു നിന്ന് അധിനിവേശ ശക്തികള്‍ക്കെതിരെ പോരാടേണ്ട സമയത്ത് ശത്രുവിന്റെ പക്ഷം ചേര്‍ന്നു ഇസ്‌ലാമിക സമാജത്തെ വഞ്ചിച്ചവരാണവര്‍. ഖിലാഫത്തിനെ സംരക്ഷിക്കാന്‍ വേണ്ടി സാമ്രാജ്യത്വ സേനക്കെതിരെ മുസ്‌ലിം ലോകം ഒന്നിച്ചു നിന്ന ഘട്ടത്തില്‍ പോലും വിഘടന വാദികളായി ശത്രുക്കളെ സഹായിക്കുകയായിരുന്നു വഹാബിസം. തുര്‍ക്കി ഖിലാഫത്തിനെതിരെ ബ്രിട്ടന്‍ കുരച്ചുചാടിയ സമയത്ത് ബ്രിട്ടീഷ് കോണ്‍സല്‍ ജനറല്‍ ക്രോമവുമായും ഗോഴ്സ്റ്റുമായും ഗൂഢാലോചനയിലേര്‍പ്പെടുകയായിരുന്നു ഇസ്‌ലാഹി പ്രസ്ഥാന നേതാക്കളായ മുഹമ്മദ് അബ്ദുവും റഷീദ് രിദയും. ബ്രിട്ടനെതിരെ മുസ്‌ലിം വികാരം കത്തിനില്‍ക്കുന്ന 1915-ലാണ് വഹാബി രാഷ്ട്രനായകന്‍ അബ്ദുല്‍ അസീസ് ബിന്‍ സഈദ്, ബ്രിട്ടന്റെ പൊളിറ്റിക്കല്‍ ഓഫീസര്‍ പെഴ്‌സികോക്‌സുമായും ഉടമ്പടിയുണ്ടാക്കിയതും ബ്രിട്ടീഷ് മേധാവി ഫില്‍ബയെ ഉപദേശകനാക്കിയതും. ഇങ്ങനെ അധിനിവേശ സേനയെ പൂജിച്ചവര്‍ ഇന്ന് സാമ്രാജ്യത്വ വിരോധികളായ നാടകം കളിക്കുന്നുണ്ടെങ്കില്‍ ആ നാടകത്തിന്റെ തിരശ്ശീലക്കപ്പുറത്ത് ഇസ്‌ലാമിനെ ഭീകരമാക്കി ചിത്രീകരിക്കുക എന്ന നിഗൂഢലക്ഷ്യം ഒളിഞ്ഞുകിടപ്പുണ്ടെന്നു തീര്‍ച്ച. മതനവീകരണ വാദികള്‍ക്ക് സാമ്രാജ്യത്വ ശക്തികള്‍ ജന്മം നല്‍കിയതു തന്നെ ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടിയാണല്ലോ. സൂചിക 1) വി.എ. കബീര്‍, മാധ്യമം ആഴ്ചപതിപ്പ് 12/3/2004. 2) ഉസ്മാന്‍ ബിന്‍ ബിശ്ര്‍, ഉന്‍വാനുല്‍ മജ്ദ് ഫീ..... 1/10 3) മുഹമ്മദലി സുല്ലമി -ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും / 20 4) ഉസ്മാന്‍ ബിന്‍ ബിശ്ര്‍ -ഉന്‍വാനുല്‍ മജ്ദ് ഫീ......... 1/122 5) ഹാമിദ് അല്‍ഗാര്‍ -വഹാബിസം / 26 6) പ്രബോധനം വാരിക -1996 ഡിസംബര്‍ 14 7) മലയാള മനോരമ -2005 ജുലൈ 6 ബുധന്‍ 8) ദ ഹിന്ദു -2004 ജൂണ്‍ 27 9) പ്രബോധനം -2005 സെപ്തംബര്‍ 24 പേ 18. പി.എ. സ്വാദിഖ് ഫൈസി താനൂര്‍
 width=

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter