കത്ത്- ഒന്ന് പ്രതീക്ഷകളോടെ കടന്ന് വരൂ... അല്ലാഹു സ്വീകരിക്കാതിരിക്കില്ല

ശറഫുദ്ദീന്‍ യഹ്‍യ അല്‍ മനേരി അല്‍ ബീഹാരി ( ഹി 661-772)യുടെ വിശ്രുത ഗ്രന്ഥമാണ് പേര്‍ഷ്യന്‍ ഭാഷയില്‍ രചിക്കപ്പെട്ട മക്തൂബാതേ സ്വദി. ജോസയിലെ ഗവര്‍ണ്ണറായിരുന്ന ഖാദി ശംസുദ്ദീന്‍ ആത്മീയ വഴിയിലെത്താനുള്ള മാര്‍ഗരേഖ അന്വേഷിച്ച് അദ്ദേഹത്തിന് കത്തെഴുതുകയുണ്ടായി. അതിനു മറുപടിയെന്നോണമാണ്, 100 കത്തുകള്‍ അടങ്ങുന്ന ഈ ഗ്രന്ഥത്തിന്റെ രചനക്ക് തുടക്കം കുറിക്കുന്നത്. ഹി. 747 ലായിരുന്നു അത്. ഒരോ കത്തും വായനക്കാരനെ ആത്മീയതയുടെ ആഴിപ്പരപ്പിലേക്ക് കൂട്ടിക്കൊണ്ട് പോകുന്ന തരത്തിലാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. മുസ്ഥഫാ ഹുദവി അരൂര്‍ ഇത് അറബിയിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. അല്‍പം വിശദീകരണത്തോടെ ഉറുദു പരിഭാഷയും ലഭ്യമാണ്. ഈ കത്തുകള്‍ ഇനി മലയാളത്തിലും വായിക്കാം. അറബി പരിഭാഷയെ അടിസ്ഥാനമാക്കി നൌഫല്‍ ഹുദവി മേലാറ്റൂര്‍ തയ്യാറാക്കുന്ന മലയാള പരിഭാഷ വായനക്കാര്‍ക്കായി പ്രസിദ്ധീകരിക്കുകയാണ് islamonweb.

പ്രിയപ്പെട്ട ശംസുദ്ധീന്‍,
താങ്ങള്‍ക്ക്   ഇരു വീട്ടിലും  ദൈവാനുഗ്രഹം ഉണ്ടായിരിക്കട്ടെ. 
ആത്മജ്ഞാനികള്‍ ഏകദൈവവിശ്വാസത്തെ നാലായി തരം തിരിച്ചിട്ടുണ്ട്. 
1.  ആരാധനക്കര്‍ഹന്‍ അല്ലാഹു അല്ലാതെ ആരുമില്ലെന്ന്‌  ഹൃദയ സാനിധ്യമില്ലാതെ നാവു കൊണ്ട്‌ മാത്രം പറയല്‍. 
ഇത് കപട വിശ്വാസികളുടെതാണ്. നാളെ യാതൊരു പ്രയോജനവും ഇതുകൊണ്ടില്ലെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.
2. ആരാധ്യന്‍ അല്ലാഹു മാത്രമാണെന്ന് മനസ്സറിഞ്ഞ്‌ നാവു കൊണ്ട്‌ പറയല്‍. സാധാരണ വിശ്വാസികളെപ്പോലെ  മറ്റൊരാളെ അനുധാവനം ചെയ്ത് കൊണ്ടോ, വിശ്വാസശാസ്ത്രജ്ഞരെപ്പോലെ തെളിവിന്‍റെ അടിസ്ഥാനത്തിലോ ഇത് ആകാവുന്നതാണ്. യഥാര്‍ത്ഥത്തിലുള്ള ഏകദൈവവിശ്വാസത്തിന്‍റെ സത്തയും രൂപവും ഇതാണ്.


ഉള്‍കൊള്ളുകില്‍ വരൂ നോക്കിടൂ
ഓരോ അണുവിലുമുണ്ടൊരു ലോകം ( ഇറാഖി)
പ്രത്യക്ഷത്തിലുള്ള പരദൈവവിശ്വാസത്തില്‍ നിന്നും മോചനം കുടികൊള്ളുന്നത്  ഇതിലാണെന്നാണ് ആത്മജ്ഞാനികളുടെ പക്ഷം. ശാശ്വത നരകവാസത്തില്‍ നിന്നുള്ള മുക്തിയും സ്വര്‍ഗപ്രവേശവും ഇതിന്‍റെ അനന്തരഫലങ്ങളാണ്. ഇത് സുരക്ഷിതത്വവും സ്ഥൈര്യവും പ്രദാനം ചെയ്യുന്നു. എങ്കിലും ഇത് താഴേ തട്ടിലാണ് സ്ഥിതി ചെയ്യുന്നത്. വൃദ്ധകളുടെ മതബോധമെങ്കിലും  നിങ്ങള്‍ക്കുണ്ടായിരിക്കണമെന്ന വാക്യം പോലെ അവസാന സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്.
3. അടിമയുടെ ഹൃദയത്തില്‍ ഉദിക്കുന്ന ഒരു തെളിച്ചമാണിത്. എല്ലാ കര്‍മങ്ങളും ഒരൊറ്റ സ്രോതസ്സില്‍ നിന്നും ഉത്ഭൂതമാണെന്നും ഒരൊറ്റ കര്‍ത്താവിന്‍റ മാത്രം പ്രവര്‍ത്തനങ്ങളാണ് അവയെല്ലാമെന്നും ആ വെളിച്ചത്തില്‍ ജ്ഞാനോദയമുണ്ടാകുന്നു. ഇത് ഒരു സാധാരണ വിശ്വാസിയുടെയോ തെളിവുകളുടെ അടിസ്ഥാനത്തില്‍ കാര്യം ഗ്രഹിക്കുന്ന വിശ്വാസശാസ്ത്രജ്ഞരുടെയോ അറിവ് പോലെയല്ല. മനോവിതാനത്തില്‍ ജ്വലിക്കുന്ന വെളിച്ചം കാണലാണ്. ഒരു റൂമിനുള്ളില്‍ ആളുണ്ടെന്ന വിവരം മൂന്ന് രൂപത്തില്‍ അറിയാം. മൂന്ന് രൂപങ്ങള്‍ക്കിടയിലും സാരമായ വ്യത്യാസവും കാണാം.  മറ്റൊരാള്‍ വിവരം തരുന്നത് കൊണ്ടോ റൂമിന് വെളിയില്‍ അദ്ധേഹത്തിന്‍റെ വാഹനമോ മറ്റോ കാണല്‍ കൊണ്ടോ അകത്തുള്ള വ്യക്തിയെ നേരിട്ടു കാണല്‍ കൊണ്ടോ അത് സാധ്യമാണ്. തങ്ങളുടെ പ്രപിതാക്കളെ പിമ്പറ്റിക്കൊണ്ട് മാത്രം വിശ്വാസികളായ സാധാരണക്കാരുടെതാണ് ഒന്നാമത്തേത്. രണ്ടാമത്തേത് വിശ്വാസശാസ്ത്രജ്ഞരുടെതും. തെളിവിന്‍റെയും ചിന്തയുടെയും അടിസ്ഥാനത്തില്‍ അവര്‍ കാര്യങ്ങളെ ഉള്‍കൊള്ളുന്നു. ഇവര്‍ രണ്ട് പേരും നേരിട്ട് കാണുന്നില്ല. മൂന്നാമത്തേത് ദിവ്യജ്ഞാനികളുടേതാണ്. എന്നാല്‍ ഈ ഘട്ടത്തില്‍ അവര്‍ സൃഷ്ടികളെ കാണുകയും അവര്‍ അല്ലാഹുവില്‍ നിന്നുള്ളവരാണെന്ന് തിരിച്ചറയുകയും ചെയ്യുന്നു. ആത്മജ്ഞാനികളുടെ അടുത്ത് ഇതും ഏകദൈവവിശ്വാസത്തിന്‍റെ പരിപൂര്‍ത്തിയല്ലെന്നത് കൂടി ഓര്‍ക്കുക.

4. സകല സൃഷ്ടികളെയും അപ്രസക്തമാക്കുകയും അല്ലാഹുവിനെ മാത്രം അനുഭവ വേദ്യമാക്കുകയും ചെയ്യുന്ന ഒരു പ്രഭാവലയം ആത്മീയസഞ്ചാരികളുടെ മുമ്പില്‍ തെളിയുന്നതാണ് ഈ നാലാമത്തെ രൂപം. സൂര്യപ്രകാശത്തില്‍ സൂക്ഷ്മ വസ്തുക്കള്‍ അപ്രത്യക്ഷമാവുന്നത് പോലെയാണിത്. അവ ഇല്ലാതാകുകയോ സൂര്യനായിത്തീരുകയോ ചെയ്യുന്നില്ല. പകരം സൂര്യന്‍റെ ശക്തപ്രകാശത്തില്‍ അപ്രത്യക്ഷമാവുന്നു എന്ന് മാത്രം. അപ്രകാരം ഇവിടെ അടിമ ദൈവമായിത്തീരുകയോ സ്വയം നശിക്കുകയോ ചെയ്യുന്നില്ല. ദൈവാസ്ത്യക്യത്തിന്‍റെ മുമ്പില്‍ അവന്‍റെ ഉണ്‍മ അപ്രസക്തമാകുന്നു. ഇല്ലാതാവലും അപ്രസക്തമാവലും വ്യത്യസ്തമാണല്ലൊ.

ഒന്നിനും അവന്‍റെ  ഏകതക്ക് മുമ്പില്‍ ഉണ്‍മയില്ല,
സാരസര്‍വസ്സ്വവും ആ പ്രഭാവലയത്തില്‍ നിഷ്പ്രഭം,
അറിഞ്ഞിരുന്നെങ്കില്‍, നീ ഞാന്‍ എന്ന അപരത്വം 
നമ്മില്‍ ഇല്ലാതെയാകുന്നതെന്നെന്ന്‌ (സനാഈ)

മറ്റൊരു ഉപമ കൂടി പറയാം. കണ്ണാടിയില്‍ നീ നിന്‍റെ സൗന്ദര്യം മാത്രമാണ് ദര്‍ശിക്കുന്നത്. കണ്ണാടിയെപ്പോലും മറന്ന് ഒരു വേള നീ ആ സൗന്ദര്യത്തില്‍ അലിഞ്ഞ് ചേരുന്നു. ഇവിടെ കണ്ണാടി ഇല്ലാതെയാവുകയോ അത് നിന്‍റെ സൗന്ദര്യമായി രൂപാന്തരം പ്രാപിക്കുകയോ അല്ലെങ്കില്‍ സൗന്ദര്യം കണ്ണാടിയായി മാറുകയോ ചെയ്യുന്നില്ല. വിവിധ തരക്കാരായ  സ്വൂഫികള്‍ അല്ലാഹുവിന്റെ കഴിവിനെ സൃഷ്ടികളിലൂടെ കണ്ടെത്തുന്നത് ഇപ്രകാരമാണ്. ഏകദൈവവിശ്വാസത്തിലെ ഈ ഘട്ടത്തെയാണ് അവര്‍ ഫനാ എന്ന് പേരിട്ടു വിളിക്കുന്നത്. 

കാലിടറും,
വാക്കുകള്‍ പതറും
വെളിപാടിന്‍റെയും താദാത്മ്യത്തിന്‍റയും
പൊരുളറിയാത്തവന്‍ (സനാഈ)

പലര്‍ക്കും ഈ അവസ്ഥയില്‍ പിടിച്ച്നില്‍ക്കാന്‍ പറ്റിയെന്ന് വരില്ല. ദൈവസഹായം കൊണ്ട് മാത്രമേ ഈ ദുര്‍ഘടത്തില്‍ നിന്നും രക്ഷപ്പെടാനാവൂ. ഒപ്പം സ്രഷ്ടാവിന്റെ ആര്‍ദ്രസൗന്ദര്യവും വശ്യപ്രഭാവവും ചേര്‍ന്ന മധുരപാനീയം കുടിച്ച, വഴികളിലെ നിമ്നോന്നതങ്ങള്‍ നന്നായി അറിയുന്ന ഒരു ആചാര്യഗുരുവിന്‍റെ കരം ഗ്രഹിക്കലും സഹായകം തന്നെ. ഇതു സംബന്ധിച്ചുള്ള ഒരു വിവരണം കൂടി ഞാന്‍ നല്കാം. 
മരുഭൂമിയിലൂടെ അലക്ഷ്യനായി കറങ്ങിനടക്കുന്ന ഇബ്റാഹീം ഖവ്വാസി(റ)നെ കണ്ട ഹുസൈന്‍ ബിന്‍ മന്‍സൂര്‍ ഹല്ലാജ് ചോദിച്ചു: വിജനമായ ഈ മരൂഭൂവിലൂടെയുള്ള യാത്രയില്‍ താങ്കള്‍ എന്തെല്ലാമാണ് ചെയ്തത്?
അല്ലാഹുവില്‍ ഭരമേല്‍പിച്ച് ഞാന്‍ എന്‍റെ ആത്മാവിനെ നന്നാക്കിക്കൊണ്ടിരുന്നു,  ഖവ്വാസിന്‍റെ ഈ മറുപടി കേട്ട് ഹല്ലാജ് തിരിച്ച് ചോദിച്ചു, അല്ല, ഇനിയും ഫനാ പ്രാപിക്കാനായില്ലേ?

ആത്മീയസഞ്ചാരികള്‍ ഫനാ അവസ്ഥയിലും പലതരക്കാരാണ്. ചിലര്‍ ആഴ്ച്ചയില്‍ ഒരു നിശ്ചിതസമയം ഫനായുടെ അവസ്ഥയിലായിരിക്കും. ചിലര്‍ ഒരു ദിവസത്തില്‍ ഒരിക്കലോ ഒന്നില്‍ കൂടുതലോ സമയങ്ങളില്‍ മാത്രം. എന്നാല്‍ സദാസമയത്തും ദൈവികസത്തയില്‍ വിലയം പ്രാപിച്ചു കഴിയുന്നവരും ഉണ്ട്. 

ഫനായില്‍ നിന്നും ഫനാ പ്രാപിക്കുന്ന അഥവാ ദൈവിക ലയനത്തില്‍ നിന്നും വിലയം പ്രാപിക്കുന്ന അഞ്ചാമത്തെ ഒരു പദവി കൂടെയണ്ട്. ആത്മീയയാത്രികന്‍ തന്‍റെ മഴുവന്‍ വിചാരങ്ങളും അല്ലാഹുവിലേക്ക് തിരിക്കുകയും അവനില്‍ അലിഞ്ഞ് ചേരുകയും ചെയ്യുമ്പോഴാണ് ഇത് സംഭവിക്കുന്നത്. ഈ അവസ്ഥയില്‍ സ്വത്വത്തിന്‍റെ ഫനായെ കുറിച്ചുള്ള ബോധം നഷ്ടപ്പെടുകയും തിരിച്ചറിവ് ഇല്ലാതെയാവുകയും ചെയ്യുന്നു. ദിവ്യ സൗന്ദര്യത്തിന്‍റെയും ദൈവിക പ്രഭാവത്തിന്‍റെയും വേര്‍ത്തിരിവറിയാതെ ഫനായും വിട്ട് അവന്‍ ഫനാ പ്രാപിക്കുന്നു. ഒരു നിമിഷം അക്കാര്യങ്ങളെല്ലാം അവന്‍റെ മുമ്പില്‍ നിന്നും മറയുന്നു. ചില സൂചനകളായിരിക്കും പിന്നീടുള്ള അവരുടെ വിവരണങ്ങള്‍ എന്നാണ് ആത്മജ്ഞാനികള്‍ പറയുന്നത്. 

ആത്മീയസഞ്ചാരി ദൈവസത്തയില്‍ ഒത്തുചേരുന്ന, സ്വത്വവും സാരസര്‍വ്വസ്വവും ബലിദാനം ചെയ്തു  ആ ദിവ്യദീപ്തിയില്‍ ഒരുമിച്ച് അലിഞ്ഞില്ലാതാവുന്ന ഘട്ടത്തിലാണ് ഒടുവില്‍ എത്തിച്ചേരുന്നത്. ഈ സന്ദര്‍ഭത്തില്‍ ഫനായെ കുറിച്ചുള്ള ബോധവും അനുഭവവും പോലും അന്യമായിരിക്കുമത്രെ.

അല്ലാഹുവില്‍ നീ
ഇല്ലാതെയാകുമ്പോള്‍
ഏകദൈവിശ്വാസവും
ഇല്ലായ്മയില്‍ നീ
ഇല്ലാതെയാകുമ്പോള്‍ 
ഏകതയും
ഉണ്ടായിത്തീരുന്നു - (അത്താര്‍)

അവിടെ പേരും ഊരുമില്ല, ആസ്തിക്യവും നാസ്തിക്യവുമില്ല, വാക്കും സൂചനകളുമില്ല, മണ്ണും വിണ്ണുമില്ല, നന്മയും തിന്മയുമില്ല.

(ഭൂതലത്തിലുള്ള സര്‍വ്വരും നശിച്ചു പോകുന്നതാണ്)
(അവന്‍റെ തിരുസത്തയൊഴിച്ചുള്ളതെല്ലാം നശിച്ചുപോകും)

ഞാനാണ് ഹഖ്, ഞാനെത്ര പരിശുദ്ധന്‍ എന്നെല്ലാം പറയുന്നത് ഈ അവസ്ഥയിലാണ്. അവിടെ ബഹുദൈവത്വം എന്നൊന്നില്ല.  ഏകദൈവവിശ്വാസം മാത്രം നിലകൊള്ളുന്നത് ഇവിടെയാണ്. 

വികൃതമാം ഭാവനകളേറ്റ്
നീ
നിന്നെ മലിനമാക്കരുത്
ഫനാ പ്രാപിച്ചവന്‍
ഇലാഹാകുന്നതെങ്ങനെ - (ഇറാഖി)

തൗഹീദിന്‍റെ ഈ നാലു തട്ടുകളും നാളികേരം പോലെയാണ്. പുറം തോട്‌ ഒന്നും അകംതോട് രണ്ടും ഉള്ളിലുള്ള കാമ്പ് മൂന്നും കാമ്പിന്‍റെയും ഉള്ളിലുള്ള സത്ത് നാലും തട്ടുകളെ അടയാളപ്പെടുത്തുന്നു. പൊതുവായി നാളികേരം എന്നാണ് പേര് എങ്കിലും ഓരോ തട്ടിനും വിവിധ ഗുണങ്ങളും ഭാവഭേദങ്ങളുമാണല്ലോ ഉള്ളത്. 

സഹോദരാ, 
എന്‍റെ ഈ സന്ദേശത്തില്‍ നീ സമഗ്രവിചാരം നടത്തുമല്ലൊ. എല്ലാ പദവികളുടെയും അവസ്ഥകളുടെയും ഇടപാടുകളുടെയും വെളിപാടിന്‍റെയും അടിസ്ഥാനം അതിലുണ്ട്. ഇത് നീ ഗ്രഹിക്കുമെങ്കില്‍ മഹത്തുക്കളുടെ വാക്കുകളും സൂചനകളും ഗ്രന്ഥങ്ങളും യഥാര്‍ത്ഥമായി മനസ്സിലാക്കാന്‍ കഴിയും. ഏകദൈവത്വത്തെയും അതിന്‍റെ വൈവിധ്യങ്ങളെയും അധികരിച്ചുള്ള കവിതകള്‍ നിഷ്പ്രയാസം ഉള്‍കൊള്ളാനാകും.

സഹോദരാ, 
നീ ഒരു ഉറുമ്പാണെങ്കില്‍ സൂലൈമാന്‍ നബിയെപ്പോലെ കടന്ന് വരൂ. ചെയ്ത പാപങ്ങളൊന്നും നീ ഗൗനിക്കേണ്ടതില്ല. നീ ഒരു കൊതുകാണെങ്കിലും സിംഹത്തെപ്പോലെ മുന്നോട്ട് വരൂ. പാപക്കറകള്‍ നീ കാര്യമാക്കേണ്ടതില്ല. ആയിരക്കണക്കിന് വര്‍ഷത്തെ ആരാധന ചിലപ്പോള്‍ അല്ലാഹു വിതറപ്പെട്ട ധൂളികളെപ്പോലെയാക്കിയേക്കാം. എന്നാല്‍ ഏറ്റവും വലിയ പരാക്രമിക്ക് അംഗീകാരത്തിന്‍റെയും അധികാരത്തിന്‍റെയും കിരീടം അണിയിച്ചേക്കാം. വിശുദ്ധ പ്രവാചകന്‍ ആദ(അ)മിനെ മണ്ണും വെള്ളവും കൂട്ടിയാണ് അല്ലാഹു സൃഷ്ടിച്ചത്. അബൂത്വാലിബിന്റെ അരികില്‍ അനാഥനായിട്ടാണ് നബി(സ്വ)  ജീവിതം തുടങ്ങിയത്. ബഹുദൈവവിശ്വാസികളില്‍ നിന്നും ഏകദൈവവിശ്വാസികളെയും സത്യനിഷേധികളില്‍ നിന്നും സത്യവിശ്വാസികളെയും ദുര്‍വൃത്തരില്‍ നിന്നും സദ്‍വൃത്തരേയും സൃഷ്ടിച്ചവനാണ് അല്ലാഹു. ദിവ്യശക്തി  ആരാധനയെയും ദിവ്യസ്നേഹം ദോഷത്തെയും ദര്‍ശിക്കുകയേ ഇല്ല.

ഒരിക്കല്‍ ഒരു പൂണൂല്‍പണിക്കാരന്‍ തന്‍റെ ജോലിയില്‍ വ്യാപൃതനായിരിക്കെ, അവിചാരിതമായി അദൃശ്യജ്ഞാനത്തിന്‍റെ ചില രഹസ്യങ്ങള്‍ കാണാനിടയായി. തുടര്‍ന്ന്  അദ്ദേഹം അല്ലാഹുവിനെ തേടി വീട് വിട്ടിറങ്ങി. എവിടെയാണ് അല്ലാഹു എന്നും ചോദിച്ച്  ഒരോ നാടുകളും ചുറ്റിക്കറങ്ങി നടന്നു. ഒടുവില്‍ ശാമിലെ ലബനാന്‍ പര്‍വതത്തിലാണ് അദ്ധേഹം എത്തിച്ചേര്‍ന്നത്. ഉന്നതരായ സ്വൂഫികളുടെ വാസസ്ഥലമായിരുന്നു അത്. അപ്പോഴാണ് ഒരു മയ്യിത്തിന് ചുറ്റും ആറ് ആളുകള്‍ കൂടി നില്‍ക്കുന്നത് അദ്ദേഹം ശ്രദ്ധിച്ചത്. അവരോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവര്‍ ഒന്നടങ്കം പറഞ്ഞു, ആദ്യം നിങ്ങള്‍ ഈ ജനാസയുടെ മേല്‍ നിസ്കരിക്കൂ, പിന്നീട് സംസാരിക്കാം. നമസ്കാരം കഴിഞ്ഞപ്പോള്‍ അവര്‍ സംസാരിക്കാന്‍ തുടങ്ങി .ഞങ്ങള്‍ ഈ ലോകത്തിന്റെ നിലനില്‍പ്പിന് കാരണക്കാരായ ഏഴു പേരാണ്. ഈ ജനാസ ലോകത്തിന്‍റെ ഖുതുബായ ഞങ്ങളുടെ ശൈഖിന്‍റെതാണ്. മരണാസന്നനായി കിടക്കുമ്പോള്‍ ശൈഖ് ഞങ്ങളോടു പറഞ്ഞു എന്നെ കുളിപ്പിച്ച് കഴിഞ്ഞാല്‍ അല്‍പ്പനേരം നിങ്ങള്‍ കാത്തിരിക്കണം. ഈ വഴിക്ക് കടന്ന് വരുന്ന ആദ്യത്തെ ആഗതനായിരിക്കണം എന്‍റെ മയ്യിത്ത് നിസ്കാരത്തിന് നേതൃത്വം നല്‍കേണ്ടത്. എനിക്ക് ശേഷം അദ്ധേഹമായിരിക്കും ലോകത്തിന്‍റെ ഖുതുബ്. ഞങ്ങളുടെ ശൈഖ് പറഞ്ഞ വ്യക്തി നിങ്ങളാണെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. താങ്കള്‍ ഇനി ഞങ്ങളെ നയിച്ചാലും.
അഥവാ, ഏതൊരാളെയും നിമിഷ നേരം കൊണ്ട് അത്യുന്നതങ്ങളിലെത്തിക്കാന്‍ സാധിക്കുന്നവനാണ് അല്ലാഹു എന്ന് തിരിച്ചറിയുക. പൂര്‍ണ്ണ പ്രതീക്ഷയോടെ ഈ പാതയിലേക്ക് കടന്ന് വരിക. അല്ലാഹു സ്വീകരിക്കാതിരിക്കില്ല, ഇന്‍ ശാ അല്ലാഹ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter