സ്കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാൻ ഉത്തരവിട്ട് മധ്യപ്രദേശ് സര്‍ക്കാരും
ഭോപ്പാൽ: പൗരത്വഭേദഗതി ബില്ലിനെതിരെ രാജ്യത്തുടനീളം ശക്തമായ സമരങ്ങൾ നടക്കുന്നതിനിടെ മഹാരാഷ്ട്രക്ക് പിന്നാലെ, സ്കൂളുകളില്‍ ഭരണഘടനാ ആമുഖം വായിക്കാൻ മധ്യപ്രദേശ് സര്‍ക്കാരും ഉത്തരവിട്ടു. എല്ലാ ശനിയാഴ്ച്ചകളിലും സ്കൂള്‍ അസംബ്ലിയില്‍ ഭരണഘടനാ ആമുഖം വായിക്കാനാണ് തീരുമാനം. സമാനമായ ഉത്തരവ് കഴിഞ്ഞ ചൊവ്വാഴ്ച്ച മഹാരാഷ്ട്ര സര്‍ക്കാറും പുറപ്പെടുവിച്ചിരുന്നു. മധ്യപ്രദേശ് സ്കൂള്‍ എഡ്യൂക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്റാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ഇതുപ്രകാരം, എല്ലാ സര്‍ക്കാര്‍ വിദ്യാലയങ്ങളിലും ആമുഖം വായിക്കല്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ്. പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിലാണ് ഇരു സര്‍ക്കാറുകളുടെയും സുപ്രധാന തീരുമാനം. ഡൽഹി ജുമാ മസ്ജിദ് പരിസരത്ത് നടന്ന പൗരത്വഭേദഗതി ബില്ലിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ഭീം ആർമി തലവൻ ചന്ദ്രശേഖർ ആസാദ് രാജ്യത്തിന്റെ മതേതര സ്വഭാവം വ്യക്തമായി പറയുന്ന ഭരണഘടനയുടെ ആമുഖം വായിച്ചിരുന്നു. ഇതോടെയാണ് ഭരണഘടന ആമുഖം വായിക്കുന്നത് സമരങ്ങളുടെ ഭാഗമായി മാറിയത്. പ്രതിഷേധം നടക്കുന്ന ഷഹീൻ ബാഗ് ഉൾപ്പെടെയുള്ള രാജ്യത്തിന്റെ പലയിടങ്ങളിലും ഭരണഘടനാ ആമുഖം വായിച്ചാണ് റിപബ്ലിക് ദിനം ആഘോഷിച്ചത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter