എസ്. ടി.സി വിമതരുടെ ഏദൻ ആക്രമണവും യമൻ പ്രതിസന്ധിയുടെ ഭാവിയും
പഴയ തെക്കന്‍ യമന്റെ’ സ്വാതന്ത്ര്യം വീണ്ടെടുക്കാന്‍ പോരാടുന്ന എസ്.ടി.സി (സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സില്‍) സായുധ വിഭാഗം ഏദന്‍ കയ്യടക്കി പ്രസിഡണ്ടിന്റെ കൊട്ടാരവും സൈനിക ക്യാമ്പുകളും എസ്.ടി.സി കയ്യടക്കിയതോടെ ‘യമന്‍’ ഭരണകൂടം അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഹാദി ഭരണകൂടത്തെ സൈനികമായി സഹായിക്കുന്നത് സഊദി അറേബ്യയുടെ നേതൃത്വത്തില്‍ പത്ത് അറബ് രാഷ്ട്രങ്ങള്‍ അടങ്ങുന്ന സഖ്യസേനയാണ്. അമേരിക്കയും ബ്രിട്ടനും സഖ്യസേനയെ സഹായിക്കുന്നു. സഖ്യസേനയിലെ രണ്ടാമത്തെ പ്രബലരായ യു.എ.ഇ ആണ് എസ്.ടി.സിയെ സഹായിക്കുന്നത്. ഇവരുടെ സാമ്പത്തിക സഹായം ഉപയോഗിച്ച് പതിനായിരക്കണക്കിനാളുകള്‍ക്ക് എസ്.ടി.സി സായുധ പരിശീലനം നല്‍കിക്കഴിഞ്ഞു. ഹൂഥികള്‍ക്കെതിരായ യോജിച്ച നീക്കങ്ങളുടെ മുനയൊടിക്കുന്നതാണ് പുതിയ സംഭവ വികാസം. ഹാദി ഭരണകൂടത്തിന് രണ്ടാമത്തെ ആസ്ഥാന നഗരവും നഷ്ട്ടപ്പെട്ടതോടെ ആഭ്യന്തര യുദ്ധം വഴിത്തിരിവിലാണ്. അന്താരാഷ്ട്ര സമൂഹം അംഗീകരിക്കുന്ന പ്രസിഡണ്ട് അബ്ദുറബ് മന്‍സൂര്‍ ഹാദിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് കീഴിലാണ് നാല്‍പത് ശതമാനം ഭൂപ്രദേശവും. ഹൂഥി വിഭാഗം മുപ്പത് ശതമാനവും അല്‍ഖാഇദ സ്വാധീനത്തില്‍ ഇരുപതും തെക്കന്‍ യമന് സ്വാതന്ത്ര്യം നേടിയെടുക്കാന്‍ പോരാടുന്ന എസ്.ടി.സി വിമതര്‍ പത്ത് ശതമാനവും പ്രദേശങ്ങള്‍ കയ്യടക്കി. ഇതിനകം തന്നെ ഹൂതികളും സഊദി സഖ്യസേനയുടെ പിന്തുണയുള്ള യമന്‍ സര്‍ക്കാര്‍ സേനയും തമ്മിലുള്ള 6 വര്‍ഷമായി തുടരുന്ന യുദ്ധം യമനിനെ തീര്‍ത്തും ശവപ്പറമ്പാക്കി മാറ്റിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള ഒരു രാജ്യം ഇവ്വിധം തകര്‍ന്ന് പോവുന്നത് തീര്‍ത്തും ദൗര്‍ഭാഗ്യകരം തന്നെയാണ്. പട്ടിണിയും കോളറ പോലെയുള്ള മഹാ രോഗങ്ങളും പിടിമുറുക്കിയ യമനില്‍ നിന്ന് വരുന്ന എല്ലാ വാര്‍ത്തകളും ഏതൊരു മനുഷ്യസ്നേഹിയുടെയും ഹൃദയം പിളര്‍ക്കുന്നതാണ്. പ്രശ്നങ്ങളുടെ തുടക്കം തൊഴിലില്ലായ്മയും പട്ടിണിയും രൂക്ഷമായ യമനില്‍ പ്രസിഡണ്ട് അലിയ്യുള്ളാഹി സ്വാലിഹിനെതിരെ കടുത്ത ഭരണവിരുദ്ധ വികാരം തലപൊക്കിയ വേളയിലാണ് മുല്ലപ്പൂവിപ്ലവം അടിച്ചുവീശുന്നത്. സ്വതവേ സ്വാലിഹ് ഭരണത്തിനെതിരെ അസംതൃപ്തരായ ജനങ്ങള്‍ തെരുവിലിറങ്ങുകയും ഒടുവില്‍ അധികാരമൊഴിയാമെന്ന് സ്വാലിഹ് സമ്മതിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് അധികാരത്തിലെത്തിയ സ്വാലിഹിന്‍റെ വിശ്വസ്തന്‍ അബ്ദുറബ്ബിന് പക്ഷേ രാജ്യത്തെ രക്ഷിച്ചെടുക്കാനായില്ല. ഹാദിക്ക് മുമ്പ് സ്വാലിഹിനെതിരെ നിരന്തരം പ്രക്ഷേഭം നടത്താറുണ്ടായിരുന്ന യസീദിശിയാ വിഭാഗമായ ഹൂതികള്‍ 2014 ല്‍ സ്വാലിഹിനെ പിന്തുണക്കുന്ന സൈന്യത്തിന്‍റെ സഹായത്തോടെ യമന്‍ തലസ്ഥാനമായ സന്‍ആ കീഴടക്കുകയും പ്രസിഡണ്ട് മന്‍സൂര്‍ ഹാദിയെ രാജ്യത്ത് നിന്ന് പുറത്താക്കുകയും ചെയ്തു. അട്ടിമറിക്കുശേഷം ഹൂതികള്‍ സന്‍ആ പിടിച്ചടക്കിയത് മേഖലയില്‍ വലിയ ഞെട്ടലാണ് ഉളവാക്കിയത്. കാലങ്ങളായി തുടര്‍ന്ന് വരുന്ന സൗദി ഇറാന്‍ നേതൃത്വത്തിലുള്ള സുന്നി ശിയാ ശീതസമരം പുതിയ സംഭവവികാസത്തോടെ ചൂട് പിടിച്ചു. ഉടനടി സൗദിയുടെ നേതൃത്വത്തില്‍ ഒരു സഖ്യസേനയെ രൂപീകരിക്കുകയും ഹൂതി അധീനതയിലുള്ള പ്രദേശങ്ങളില്‍ ശക്തമായ വ്യോമാക്രമണമാരംഭിക്കുകയും ചെയ്തു. യുദ്ധം യമനില്‍ സുന്നികളാണ് ഭൂരിപക്ഷം.ഇസ്മാഈലീ ശിയാ വിഭാഗമായ ഹൂതികള്‍ തലസ്ഥാനം പിടിച്ചെടുത്തത് മേഖലയെ ഒന്നടങ്കം ഞെട്ടിച്ചു.സൗദിയും ഇറാനും തമ്മിലുള്ള സുന്നി ശിയാ ശീതസമരം തുടര്‍ന്ന് കൊണ്ടിരിക്കുന്ന പശ്ചിമേഷ്യയെ ഈ സംഭവം പിടിച്ചുലച്ചു.നിലവില്‍ സുന്നീ പക്ഷത്തിനാണ് മേല്‍ക്കൈ എങ്കിലും ഇറാന്‍ നിരന്തരം മേഖലയില്‍ ശക്തി വര്‍ധിപ്പിക്കാന്‍ ശ്രമം നടത്താറുണ്ട്.ഹൂതികള്‍ യമന്‍ പിടിച്ചെടുത്താല്‍ തീര്‍ച്ചയായും അത് തങ്ങള്‍ക്ക് വലിയ ഭീഷണി സൃഷ്ടിക്കുമെന്ന് മനസ്സിലാക്കിയ സൗദി അപകടം ഭയന്നു.വളരെ പെട്ടെന്ന് തന്നെ മറ്റു 7 സഖ്യരാജ്യങ്ങളെ ചേര്‍ത്ത് ഹൂതികള്‍ക്കെതിരെ പടപുറപ്പാട് നടത്തി. സൈന്യത്തിന് കടന്ന് ചെല്ലാന്‍ ഭൂമിശാസ്ത്രപരമായി ഏറെ വെല്ലുവിളികളുണ്ടായത് കൊണ്ട് തന്നെ വ്യോമാക്രമണങ്ങള്‍ നടത്തി ഹൂതികളെ കെട്ട് കെട്ടിക്കാനാണ് സൗദി തീരുമാനിച്ചിരുന്നത്.ഒരാഴ്ച സമയം കൊണ്ട് തന്നെ ഹൂതികളെ തകര്‍ക്കുമെന്നായിരുന്നു സൗദി സഖ്യം അവകാശപ്പെട്ടതെങ്കിലും 3 വര്‍ഷം പിന്നിട്ടിട്ടും വിമതരെ പൂര്‍ണ്ണമായി തുരത്താന്‍ അവര്‍ക്ക് കഴിഞ്ഞില്ല. തലസ്ഥാനമായ സന്‍ആക്ക് പുറമെ ഹൂതികള്‍ കൈവശപ്പെടുത്തിയിരുന്ന മറ്റൊരു പ്രധാന നഗരമായിരുന്നു അദന്‍. ഈ പ്രദേശം തിരിച്ച് പിടിക്കാന്‍ സര്‍ക്കാര്‍ സൈന്യത്തിന് സാധിച്ചെങ്കിലും തലസ്ഥാനത്ത് വിജയക്കൊടി നാട്ടാന്‍ അവര്‍ക്കായില്ല.ഫലമോ അവസാനിക്കാത്ത യുദ്ധവും അതിഭീതിദമായ ദുരന്തവും. യുദ്ധം യമനിനെ ബാധിച്ചതെങ്ങനെ സഖ്യകക്ഷികളും ഹൂതികളും തമ്മിലുള്ള യുദ്ധം സിവിലിയന്‍മാരെയും കടുത്ത രീതിയില്‍ ബാധിച്ചു.ഹൂതികള്‍ക്ക് നേരെയാണ് തങ്ങള്‍ അക്രമണങ്ങള്‍ നടത്തുന്നതെന്ന് സഖ്യരാഷ്ട്രങ്ങള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യാഥാര്‍ത്ഥ്യം നേരെ മറിച്ചാണ്.വ്യോമാക്രമണങ്ങളായത് കൊണ്ട് തന്നെ സന്‍ആ നഗരത്തിലെ സര്‍വ്വ ബില്‍ഡിംഗുകളും തകര്‍ന്ന് തരിപ്പണമാവാന്‍ ഏറെ കാലം വേണ്ടി വന്നില്ല. ആഭ്യന്തര യുദ്ധം തുടങ്ങിയതോടെ അവസരം കാത്തിരുന്ന അല്‍ഖാഇദ ഗ്രൂപ്പ് ശക്തിയാര്‍ജ്ജിക്കാന്‍ തുടങ്ങി.തെക്കന്‍ യമനിലാണ് ഇവര്‍ രംഗപ്രവേശനം ചെയ്യുന്നത്.ഇറാഖിലും സിറിയയിലും ശക്തമായ സാന്നിദ്ധ്യമായിരുന്ന ഐസിസും ഇത് അവസരമായെടുത്തത് യമനില്‍ സാന്നിദ്ധ്യമുറപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അല്‍ഖാഇദയുടെ യമന്‍ ഘടകമായ ഏ.ക്വൂ.എ.പി 2011 ല്‍ അബ്യാര്‍ പ്രവിശ്യ പിടിച്ചടക്കിയിരുന്നു. തൊട്ടടുത്ത പ്രദേശമായ സിന്‍ജിബാറിലും അവര്‍ പിന്നീട് പിടിമുറുക്കി. എന്നാല്‍ അമേരിക്കന്‍ സൈന്യം നേരിട്ട് തന്നെ ഇവിടം തിരിച്ച് പിടിച്ച് യമന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ കൊണ്ട് വന്നു. പട്ടിണി യുദ്ധം സാധാരണക്കാരെ ബാധിച്ചതോടെ ഭക്ഷണവും ശുദ്ധജലവും കിട്ടാക്കനിയായി. ഐക്യരാഷ്ട്ര സഭ ഹുമാനിറ്റേറിയന്‍ അഫേഴ്സ് അണ്ടര്‍ സെക്രട്ടറി മാര്‍ക്ക് ലോനേക്ക് വ്യക്തമാക്കുന്നത് പ്രകാരം 14 ദശലക്ഷം ജനങ്ങള്‍ (അതായത് രാജ്യത്തിന്‍റെ പകുതിയിലധികം പേരും)പട്ടിണിയിലാണെന്നാണ്. ഒരു നേരത്തെ ഭക്ഷണത്തിന് സന്നദ്ധ സംഘടനകളുടെ സഹായം മാത്രമാണവരുടെ പ്രതീക്ഷ. യുദ്ധത്തില്‍ 10,000 പേര്‍ ഇതിനകം കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഔദ്യോഗിക സ്ഥിരീകരണമെങ്കിലും 60,000ലധികം പേര്‍ക്ക് ജീവഹാനി നേരിട്ടുണ്ടെന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ഉറപ്പിച്ച് പറയുന്നത്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മനുഷ്യ നിര്‍മ്മിത ദുരന്തമാണ് യമനില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നതെന്നാണ് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ കോഡിനേറ്ററായ ലിസെ ഗ്രാന്‍ഡെ നിരീക്ഷിക്കുന്നത്.യുദ്ധം അടിയന്തിരമായി അവസാനിപ്പിക്കാന്‍ ഇരുവിഭാഗങ്ങളും തയ്യാറാവുന്നില്ലെങ്കില്‍ ബംഗാളില്‍ സംഭവിച്ചത് പോലെയുള്ള അതിദാരുണമായൊരു ദുരന്തമാണ് യമനെ കാത്തിരിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.പോരാട്ടം അവസാനിപ്പിക്കാന്‍ ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ് ഇരു വിഭാഗങ്ങളോടും അഭ്യര്‍ത്ഥിച്ചെങ്കിലും അത് ചെവി കൊള്ളാന്‍ ഇരു കക്ഷികളും തയ്യാറായില്ല. അതിനിടെ സംഖ്യസേന ജലസോതസ്രുകള്‍ക്ക് നേരെ അക്രമണം അഴിച്ച് വിടുന്നുവെന്ന് യൂനിസെഫ് തന്നെ ആരോപിച്ചു. ഹുദൈദ യമന്‍ യുദ്ധത്തില്‍ ഏറ്റവും ദുരന്തമേറ്റ് വാങ്ങേണ്ടി വന്നത് ഹുദൈദയിലും ത്വാഇസിലുമുള്ള ജനങ്ങളാണ്.ഹുദൈദയുടെ ഏറ്റവും വലിയ പ്രത്യേകത അവിടെയുള്ള തുറമുഖമാണ്.യമനിലേക്കുള്ള ചരക്കുകളില്‍ ഭൂരിപക്ഷവും ഹുദൈദയിലാണ് ഇറക്കുമതി ചെയ്യുന്നത്. ഹൂതികള്‍ സന്‍ആ പിടിച്ചെടുത്തതിന് ശേഷം പിന്നീട് ലക്ഷ്യമാക്കിയത് ഹുദൈദയുടെ നിയന്ത്രണമേറ്റെടുക്കലായിരുന്നു. അവര്‍ ആ ശ്രമത്തില്‍ വിജയിക്കുകയും ചെയ്തു. ഹുദൈദ നിലനില്‍ക്കുന്ന പ്രവിശ്യ ചെങ്കടല്‍ തീരത്താണ്. യൂറോപ്പിലേക്ക് ഏഷ്യയില്‍ നിന്ന് ചരക്ക് കപ്പലുകള്‍ യാത്ര ചെയ്യുന്നത് ഈ ഭാഗത്തിലൂടെയായതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളും ഹൂതികളുടെ വിജയം ഞെട്ടലോടെയാണ് നിരീക്ഷിച്ചത്.സൗദിയിലെ ജിദ്ദ തുറമുഖത്തേക്കുള്ള മറ്റു ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ചരക്കുകളും കടന്ന് പോകുന്നത് ചെങ്കടലിലൂടെയായതിനാല്‍ സൗദിക്ക് ഏറെ തിരിച്ചടിയായിരുന്നു ഹൂതികളുടെ വിജയം. അതോടെ എന്ത് വിലകൊടുത്തും ഹുദൈദ തിരിച്ചു പിടിക്കാന്‍ സഖ്യ രാഷ്ട്രങ്ങള്‍ മുന്നിട്ടിറങ്ങി.ബ്രിട്ടനും അമേരിക്കയും അതിനായി സഹായം ഉറപ്പ് വരുത്തുകയും ചെയ്തു. ആക്രമണം തുടങ്ങിയതോടെ തുറമുഖത്തിന് കേട്പാടുകള്‍ പറ്റി. കപ്പലുകള്‍ക്ക് തീരമണയാന്‍ സാധിച്ചില്ല. പട്ടിണിയെ മുഖാമുഖം നേരിടുന്ന യമനീ ജനതയുടെ ഏക പ്രതീക്ഷയായ സന്നദ്ധ സേവകര്‍ വിതരണം ചെയ്തിരുന്ന ഭക്ഷണം നിലച്ചതോടെ യമന്‍ ഒരു മഹാ ദുരന്തത്തിന്‍റെ വക്കിലെത്തിച്ചേര്‍ന്നു. ഹുദൈദയിലെ സര്‍വ്വ ബില്‍ഡിംഗുകളും ആക്രമണത്തിനിരയായി.എന്നാല്‍ ഹൂതികളെ തുരത്താന്‍ സാധിച്ചതുമില്ല.ഹുദൈദയില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നാല്‍ അത് യമനികളെ പട്ടിണിക്കിട്ട് കൊല്ലുന്നതിന് തിരിച്ചറിഞ്ഞ ഐക്യരാഷ്ട്ര സഭ ഇരു വിഭാഗങ്ങളെയും ഒരു മേശക്ക് ചുറ്റും ഒരുമിച്ച് കൂട്ടാനുള്ള ശ്രമങ്ങളാരംഭിച്ചു. കരാറുകള്‍ 2018 സെപ്റ്റംബറില്‍ സ്വിറ്റ്സര്‍ലന്‍ഡിലെ ജനീവയില്‍ ഇരു വിഭാഗവും ഒന്നിച്ചിരുന്നെങ്കിലും വെടി നിര്‍ത്തല്‍ കരാറിലേര്‍പ്പെടാന്‍ തയ്യാറാവാതിരുന്നതോടെ ചര്‍ച്ച പരാജയമായി. നിരാശപ്പെട്ട് പിന്മാറാകാന്‍ തയ്യാറാകാതെ യു.എന്‍ സ്റ്റോക്ക് ഫോമില്‍ വീണ്ടും ചര്‍ച്ച സംഘടിപ്പിച്ചു.ഹൂതികളെ പ്രതിനിധീകരിച്ച് അബ്ദുസ്സലാം ഹൂതിയും സര്‍ക്കാര്‍ പക്ഷത്തെ പ്രതിനിധീകരിച്ച് ഖാലിദ് യമാനിയുമാണ് പങ്കെടുത്തത്.2018 ഡിസംബര്‍ 13ന് നടന്ന ചര്‍ച്ചയില്‍ മഞ്ഞുരുകി.ഹുദൈദയില്‍ യുദ്ധം തുടര്‍ന്നാലുണ്ടാവുന്ന ഭവിഷ്യത്ത് ഇരു വിഭാഗത്തെയും ബോധ്യപ്പെടുത്താന്‍ സാധിച്ചതോടെ ഹുദൈദ തുറമുഖം സര്‍ക്കാര്‍ സൈന്യത്തിന് വിട്ട് നല്‍കാന്‍ ഹൂതികള്‍ സമ്മതിക്കുകയും അത് വഴി സ്റ്റോക്ക് ഹോം ചര്‍ച്ച വിജയകരമാവുകയും ചെയ്തു. മൂന്ന് കാര്യങ്ങളാണ് ഉടമ്പടിയില്‍ ഉള്‍പ്പെട്ടത്. ഒന്ന് ഹുദൈദ തുറമുഖം കൈമാറുക. ര ണ്ട് തുറമുഖം ഭാവിയിലും സൈനികാക്രമണത്തില്‍ നിന്ന് മുക്തമാക്കുക. മൂന്ന്, ബന്ധികളെ പരസ്പരം കൈമാറുക. കരാറിലെ വ്യവസ്ഥകള്‍ പാലിച്ചു കൊണ്ട് ഹൂതികള്‍ ഉടന്‍ ഹുദൈദ സര്‍ക്കാര്‍ സൈന്യത്തിന് കൈമാറുകയും പ്രദേശം വിട്ട് പോവുകയും ചെയ്തു.അതോടെ സന്നദ്ധ സംഘങ്ങള്‍ക്ക് സഹായക്കപ്പലുകള്‍ തുറമുഖത്തേക്കടുപ്പിക്കാന്‍ അവസരമൊരുങ്ങി. വലിയൊരു പട്ടിണി മരണത്തില്‍ നിന്ന് യമന്‍ ജനതയെ ഈ കരാര്‍ രക്ഷിച്ചു. മൂന്ന് വര്‍ഷത്തെ യുദ്ധം ഹൂതികള്‍ക്ക് വലിയ ക്ഷീണമുണ്ടാക്കിയിട്ടുണ്ട്.കരയുദ്ധം നടത്തിയാല്‍ ഹൂതികളെ എളുപ്പം തുരത്താനാകും.എന്നാല്‍ ഇറാന്‍ സഹായം തുടര്‍ന്നാല്‍ അത് ദുശ്ക്കരമാകും.ഹൂതികള്‍ മേഖലയില്‍ ഭരണമാരംഭിച്ചാല്‍ തീരാത്ത സുന്നി-ശിയാ സംഘര്‍ഷങ്ങള്‍ക്കാകും അത് വഴിവെക്കുക. അതിനാല്‍ കരയുദ്ധത്തിലൂടെ ഹൂതികളെ അമര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് യുദ്ധമവസാനിപ്പിക്കുകയും രാജ്യത്തെ പുന:സൃഷ്ടിക്കുകയുമാണ് വേണ്ടത്. ആഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്ന് ബന്ധപ്പെട്ട വിഭാഗങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ, ബാഹ്യശക്തികളാണ് ഗതിവിഗതികള്‍ നിയന്ത്രിക്കുന്നത്. യുദ്ധം നീണ്ടു പോയാല്‍ വലിയ പാരമ്പര്യമുള്ള ഒരു രാജ്യത്തിന്‍റെ എന്നെന്നേക്കുമുള്ള തകര്‍ച്ചക്കാണ് അത് വഴിവെക്കുക.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter