മലബാര്‍-പൈതൃകവും പ്രതാപവും: ഒരു ദേശത്തിന്റെ പ്രഭാവസഞ്ചാരങ്ങള്‍

 width=അക്കാദമിക തലങ്ങളില്‍ കേരളത്തെക്കാളേറെ മലബാറാണ്‌ പഠനവിധേയമായിട്ടുള്ളതെന്ന്‌ പലപ്പോഴും തോന്നാറുണ്ട്‌. ചരിത്രപരമായും സാമൂഹികശാസ്‌ത്രപരമായും ഭൂമിശാസ്‌ത്രപരമായും നരവംശശാസ്‌ത്രപരമായുമെല്ലാം മലബാറിനെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ നടന്നിട്ടുണ്ട്‌. തദ്ദേശീയരായ പണ്ഡിതന്മാരെക്കാളേറെ, വിദേശ അക്കാദമികവൃന്ദങ്ങളാണ്‌ പലപ്പോഴും മലബാറില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളതെന്നതും വിസ്‌മയം. റൊണാള്‍ഡ്‌ മില്ലര്‍, സ്റ്റീഫന്‍ ഡെയ്‌ല്‍, അഷിന്‍ദാസ്‌ ഗുപ്‌ത, മൈക്കല്‍ പിയേഴ്‌സണ്‍, ഇയാന്‍ മക്‌ഡൊണാള്‍ഡ്‌, ജി. ടാരബൗട്ട്‌, ഫിലിപ്പോ ഒസെല്ല, കരോലിന്‍ ഒസെല്ല, എറിക്‌ മില്ലര്‍ തുടങ്ങിയവരും സി. ഗോപാലന്‍ നായര്‍, കെ.എം. പണിക്കര്‍, കെ.എന്‍. പണിക്കര്‍, കെ.കെ.എന്‍. കുറുപ്പ്‌, എം.ജി.എസ്‌. നാരായണന്‍, ദിലീപ്‌ മേനോന്‍, എം.ആര്‍ രാഘവ വാര്യര്‍, എസ്‌.എം. മുഹമ്മദ്‌ കോയ, ജി. അരുണിമ, എം. ഗംഗാധരന്‍, എന്‍.എം. നമ്പൂതിരി, കെ.എന്‍. ഗണേഷ്‌, കെ. ഗോപാലന്‍കുട്ടി, ജോണ്‍ ഓച്ചന്തുരുത്ത്‌, കെ.വി. അബ്‌ദുറഹ്‌മാന്‍, പ്രവീണ കോടോത്ത്‌, കെ.എസ്‌. മാത്യു, പി. രാധാകൃഷ്‌ണന്‍ തുടങ്ങിയ കേരളീയരും വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്‌. അപ്രകാശിതമായിത്തുടരുന്ന ഗവേഷണപ്രബന്ധങ്ങളെക്കൂടി മുഖവിലക്കെടുത്താല്‍, കേരളത്തെക്കാളേറെ മലബാര്‍ തന്നെയാണ്‌ പഠിക്കപ്പെട്ടിട്ടുള്ളതെന്ന ധാരണ ശക്തമാകും.അക്കാദമികപഠനങ്ങളൂടെ ഈ ബാഹുല്യങ്ങള്‍ക്കിടയില്‍, മലബാറില്‍ നിന്ന്‌ അടുത്ത കാലത്തായി പുറത്തിറങ്ങിയ രചനകളില്‍ മുന്നിട്ടു നില്‍ക്കുന്ന ഒരു സമാഹാരമാണ്‌ മലബാര്‍: പൈതൃകവും പ്രതാപവും. പി.ബി. സലീം ഐ.എ.എസ്‌., എന്‍.പി. ഹാഫിസ്‌ മുഹമ്മദ്‌, എം.സി. വസിഷ്‌ഠ്‌ എന്നിവര്‍ ചേര്‍ന്ന്‌ എഡിറ്റ്‌ ചെയ്‌ത്‌ മാതൃഭൂമി ബുക്‌സ്‌ പ്രസിദ്ധീകരിച്ച ഗ്രന്ഥം. `മലബാറിന്റെ ഭൂമിശാസ്‌ത്ര, നരവംശശാസ്‌ത്ര, ചരിത്ര, സാമൂഹികശാസ്‌ത്ര, സാംസ്‌കാരികസവിശേഷതകള്‍ സമഗ്രമായി അവതരിപ്പിക്കുന്ന ഗ്രന്ഥം' എന്നാണ്‌ പുസ്‌തകത്തിന്റെ പുറംചട്ട അവകാശപ്പെടുന്നത്‌. മലബാര്‍, മലബാര്‍ എന്ന്‌ കൃതിയുടെ സാമാന്യത്വം നിരന്തരം വിളിച്ചു പറയുന്നുണ്ടെങ്കിലും കോഴിക്കോട്‌ എന്ന ദേശത്തിലൂടെയുള്ള സാംസ്‌കാരികവും അക്കാദമികവുമായ എഴുത്തുയാത്രകളാണ്‌ ഉള്ളടക്കത്തില്‍ ഭൂരിപക്ഷവും. തലക്കെട്ടിലും ആമുഖത്തിലും ഓരോ ഭാഗങ്ങളുടെ തുടക്കത്തിലും പുറംചട്ടയിലും നിരന്തരമായി ആവര്‍ത്തിക്കുന്ന വ്യര്‍ഥമായ ഈ അവകാശവാദത്തിന്‌ പകരം, കോഴിക്കോട്‌ എന്ന്‌ ആത്മാര്‍ഥമായി നല്‍കിയിരുന്നെങ്കില്‍ ഉള്ളടക്കവുമായി കൂടുതല്‍ സത്യസന്ധത പുലര്‍ത്താന്‍ എഡിറ്റര്‍മാര്‍ക്കും പ്രസാധകര്‍ക്കും സാധിക്കുമായിരുന്നു.`എനിക്ക്‌ മണ്‍പശിമയും അമ്മപ്പിരിശവും സ്‌നേഹാശ്ലേഷ ചുംബനച്ചൂടും വേണ്ടതിന്‍വണ്ണം തന്ന്‌ എന്നെ ഈവണ്ണമൊക്കെ രൂപപ്പെടുത്തി ജീവിതത്തിന്റെ ഊടും പാവും നെയ്‌ത്‌ കരപറ്റിക്കൊള്‍വാന്‍ പ്രാപ്‌തിയുണ്ടാക്കിത്തന്ന നഗരമാണ്‌ കോഴിക്കോട്‌' (വെണ്‍മയുടെ വര്‍ത്തകമനസ്സ്‌, പു. 41) എന്ന യൂ.എ. ഖാദറിന്റെ ആത്മപ്രകാശനം പുസ്‌തകത്തിന്റെ സാരസ്യങ്ങളിലേക്ക്‌ വാതില്‍ തുറക്കുന്നു. കോഴിക്കോടുമായി ഉള്‍ചേര്‍ന്ന്‌ കിടക്കുന്ന ജീവിത, സാംസ്‌കാരിക, ചരിത്ര, സാമൂഹ്യ ദര്‍ശനങ്ങളെ ഏറെക്കുറെ ആഴത്തില്‍ സ്‌പര്‍ശിക്കുന്നു മലബാര്‍: പൈതൃകവും പ്രതാപവും.എണ്‍പത്തെട്ട്‌ രചനകള്‍ ആറ്‌ ഭാഗങ്ങളിലായി വേര്‍തിരിക്കപ്പെട്ടിരിക്കുന്നു. സ്‌നേഹസംഗമഭൂമി, ചരിത്രം, ദേശം, ദേശീകര്‍, മതനിരപേക്ഷത, സാംസ്‌കാരികം എന്നീ ഭാഗങ്ങള്‍, ഉള്ളിലടങ്ങിയ രചനകളുടെ വൈവിധ്യത്താല്‍ ഭാഗീകരണത്തിലെ സാംഗത്യം മനസ്സിലാക്കുക ബുദ്ധിമുട്ടാക്കിത്തീര്‍ക്കുന്നു. ആദ്യത്തെയും രണ്ടാമത്തെയും ഭാഗങ്ങളും അവയിലെ രചനകളും പരസ്‌പരം നീതി പുലര്‍ത്തുന്നവയാണ്‌. എന്നാല്‍, ശേഷമുള്ള ഭാഗങ്ങള്‍ പരസ്‌പരം വിഭിന്നമാകുന്നത്‌ എങ്ങനെയെന്നോ, രണ്ടാംഭാഗമായ ചരിത്രത്തില്‍ നിന്ന്‌ എങ്ങനെ വേറിട്ട്‌ നില്‍ക്കുന്നുവെന്നോ ഇഴ പിരിച്ചെടുക്കുന്നത്‌ ഒരു സാമാന്യവായനക്കാരനെ സംബന്ധിച്ചിടത്തോളം അല്‍പം വിഷമം പിടിച്ച ജോലിയാണ്‌. ദേശം, ദേശീകര്‍, സാംസ്‌കാരികം തുടങ്ങിയ സംജ്ഞകള്‍ ഭാഷാപരമായി അത്ര ക്ലിഷ്‌ടത ആവശ്യമില്ലാത്ത പദങ്ങളാണ്‌. പക്ഷേ, ഈ സമാഹാരത്തിലെ ഭാഗീകരണത്തിലെത്തുമ്പോള്‍ അവയുടെ നിര്‍മലത്വം നഷ്‌ടമാകുന്നു. ഭാഗീകരണത്തിലെ സാംഗത്യം എന്താണെന്ന്‌ ഗ്രന്ഥപരിശോധകര്‍ വ്യക്തമാക്കുന്നുമില്ല. ഏതൊരു സംയോജിത കൃതിയിലും ഭാഗീകരണത്തിനു പിന്നിലെ സാംഗത്യം വ്യക്തമാക്കുന്നത്‌ സമാഹര്‍ത്താക്കളുടെ അലിഖിത ഉത്തരവാദിത്തമാണ്‌. അത്‌ ഈ കൃതിയില്‍ സംഭവിച്ചില്ലെന്നു മാത്രമല്ല, വളരെ ആശയക്കുഴപ്പങ്ങളുണ്ടാക്കുന്ന തരത്തില്‍ ഭാഗീകരണം നടത്തുകയും ചെയ്‌തിരിക്കുന്നു ഈ സമാഹാരത്തിന്റെ സംയോജകര്‍.

മലബാറിനകത്ത്‌ മലബാറിനെക്കുറിച്ച്‌ വ്യവസ്ഥാപിതവും സൂക്ഷ്‌മവുമായ അക്കാദമിക പഠനങ്ങള്‍ വേണ്ടത്ര നടക്കുന്നില്ല, നടന്നിട്ടില്ല എന്നതിന്റെ പ്രകടനം കൂടിയായിരിക്കാം ഈ കൃതി നേരെചൊവ്വെയല്ലാത്ത സാക്ഷ്യം. കൃതിയുടെ ആമുഖത്തില്‍ സമാഹൃത്താക്കള്‍ എടുത്തുപറയുന്നുണ്ടിക്കാര്യം: `സര്‍വകലാശാലകളിലോ, സന്നദ്ധസേവാസംഘടനാതലത്തിലോ പഴയതും പുതിയതുമായ മലബാറിനെ സൂക്ഷ്‌മതലങ്ങളില്‍ വിശകലനം ചെയ്യാനുള്ള പ്രത്യേകസ്ഥാപനങ്ങളോ വിഭാഗങ്ങളോ, സാമൂഹ്യശാസ്‌ത്രവിഭാഗത്തിന്‌ തന്നെയുമോ, രൂപം കൊടുത്തിട്ടില്ല. ഈയൊരു സാധ്യതകള്‍ക്കും പരിമിതികള്‍ക്കുമിടയിലാണ്‌ മലബാര്‍: പൈതൃകവും പ്രതാപവും ഒരുക്കപ്പെടുന്നത്‌'. ഈ പരിമിതകളെ മറികടക്കുന്നതനപ്പുറം അടിവരയിടുകയാണ്‌ സമാഹാരം ചെയ്യുന്നതെന്ന്‌ പറയാതെ വയ്യ.

ആദ്യഭാഗം `സ്‌നേഹസംഗമഭൂമി'യില്‍ എം.ടി. വാസുദേവന്‍ നായര്‍, ചീഫ്‌ സെക്രട്ടറി കെ. ജയകുമാര്‍, യു.എ. ഖാദര്‍, തിരക്കഥാകൃത്ത്‌ ടി.എ. റസാക്ക്‌, കൈതപ്രം, പത്രപ്രവര്‍ത്തകന്‍ പി. ദാമോദരന്‍, എഴുത്തുകാരി കെ.പി. സുധീര എന്നിവര്‍ കോഴിക്കോട്‌ എന്ന ദേശത്തിന്റെ നന്മകളെ ഹൃദ്യമായി വരച്ചിടുന്നു. എം.ടി.യും യു.എ. ഖാദറും കഴിഞ്ഞ അമ്പത്‌, അറുപത്‌ വര്‍ഷങ്ങളായി കോഴിക്കോടിന്റെ ജീവല്‍സ്‌പന്ദങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്നവരാണ്‌ എന്നതിനാല്‍ തന്നെ അവരുടെ എഴുത്തുകള്‍ക്ക്‌ ചരിത്രരചനാപരമായി സമകാലികചരിത്രത്തിന്റെ പ്രാഥമികസ്രോതസ്സുകളുടെ സ്ഥാനമുണ്ട്‌. സത്യത്തിന്റെ തുറമുഖനഗരം എന്ന കോഴിക്കോടിനെക്കുറിച്ചുള്ള വിശേഷണം, തങ്ങള്‍ എങ്ങനെ ജീവിച്ചറിഞ്ഞു എന്ന്‌ ഈ ഭാഗത്തെ ഓരോ എഴുത്തുകളും അടിവരയിടുന്നു.

മുപ്പതോളം രചനകള്‍ ഉള്‍ക്കൊള്ളുന്ന രണ്ടാം ഭാഗം `ചരിത്രം', ശിലായുഗസംസ്‌കാരം മുതല്‍ സമകാലിക ചരിത്രം വരെയുള്ള ദീര്‍ഘമായ സഹസ്രാബ്‌ധങ്ങളിലൂടെ, ശതാബ്‌ധങ്ങളിലൂടെ കടന്നുപോകുന്നു. ചില ലേഖനങ്ങള്‍ കോഴിക്കോടിന്‌ പുറത്തേക്ക്‌ വ്യാപിക്കുമ്പോള്‍ തന്നെ, മറ്റു ചിലത്‌ മലബാറിന്‌ പുറത്തേക്കും വ്യാപിക്കുന്നു. മലബാറിന്റെ ശിലായുഗസംസ്‌കാരത്തെക്കുറിച്ചുള്ള കെ.കെ. മുഹമ്മദിന്റെ നിരീക്ഷണങ്ങളും, കേരള-ചീനാ ബന്ധങ്ങളെക്കുറിച്ചുള്ള എം.ആര്‍ രാഘവരാരിയറുടെ പഠനവും, എന്‍.എം. നമ്പൂതിരിയുടെ രേവതി പട്ടത്താനത്തിന്റെ പശ്ചാത്തലവിവരണങ്ങളും, കോഴിക്കോടിന്റെ പോര്‍ച്ചുഗീസുകാരുമായി ബന്ധപ്പെട്ടുള്ള വ്യവഹാരങ്ങള്‍ വിശകലനം ചെയ്യുന്ന കെ.എസ്‌. മാത്യുവിന്റെ പ്രബന്ധവും, മലബാര്‍ കലാപത്തെക്കുറിച്ചുള്ള കെ.എന്‍. പണിക്കരുടെ എഴുത്തുകളും, മലബാറിലെ ദേശീയപ്രസ്ഥാനത്തെക്കുറിച്ചുള്ള കെ. ഗോപാലന്‍കുട്ടിയുടെ പഠനവും, കേരളീയ മുസ്‌ലിംകളുടെ മതവിദ്യാഭ്യാസത്തെപ്പറ്റിയുള്ള എം. സുമയ്യയുടെ വിശകലനങ്ങളും, തൊഴിലാളി സംഘടനാപാരമ്പര്യം അനാവരണം ചെയ്യുന്ന കെ.എസ്‌. ഹക്കീമിന്റെ രചനയും, നീതിനിര്‍വഹണത്തെക്കുറിച്ചുള്ള എ.ബി. രാജീവിന്റെ ലേഖനവും, മലബാറിലേക്കുള്ള ക്രിസ്‌ത്യന്‍ കര്‍ഷകകുടിയേറ്റത്തിന്റെ ചരിത്രവഴികള്‍ തേടുന്ന ജോണ്‍ ഓച്ചന്തുരുത്തിന്റെ അന്വേഷണവും ഈ ഭാഗത്ത്‌ വേറിട്ടു നില്‍ക്കുന്ന ശ്രദ്ധേയമായ സംഭാവനകളാണ്‌. പഠനങ്ങളുടെ മൗലികത്വവും സമഗ്രതയും അക്കാദമികമായ അഭിനവത്വവുമാണ്‌ ഈ പ്രബന്ധങ്ങളെ വ്യത്യസ്‌തമാക്കുന്നത്‌.

മറ്റുള്ള രചനകളില്‍ മിക്കവയും പ്രാഥമികമായ പഠനങ്ങള്‍ക്കോ ആലോചനകള്‍ക്കോ മുതിര്‍ന്നിട്ടില്ലെന്നാണ്‌ അവയുടെ ഉള്ളടക്കങ്ങള്‍ വ്യക്തമാക്കുന്നത്‌. മലബാറിലെ ഹിന്ദു-മുസ്‌ലിം ബന്ധത്തെക്കുറിച്ച്‌ എം. ഗംഗാധരന്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ തന്നെയാണ്‌ ഏറ്റവും വലിയ ഉദാഹരണം. ചരിത്രപരമായി നിരവധി അബദ്ധങ്ങള്‍ മുന്നോട്ടുവെക്കുന്ന ഗംഗാധരന്‍, തന്റെ തനതായ സാംസ്‌കാരിക വിമര്‍ശന രചനാരീതി ചരിത്രരചനയിലേക്കും വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹമുയര്‍ത്തുന്ന വാദങ്ങളില്‍ ചിലതിന്‌ തൊട്ടുമുമ്പുള്ള അധ്യായത്തില്‍ വിജയലക്ഷ്‌മി എം. തന്നെ ചില ഖണ്ഡനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്‌. എഴുത്തുകാരുടെ ആശയങ്ങള്‍ ഒരേ സംയോജിത കൃതിയില്‍ പരസ്‌പരം വൈരുധ്യമാകുന്നത്‌ സമാഹാരത്തിന്റെ താല്‍പര്യങ്ങളെ ഹനിക്കുമെന്നതാണ്‌ സ്വാഭാവികമായ അക്കാദമികവൃത്താന്തം. അത്തരം വൈരുധ്യങ്ങളാണെങ്കില്‍ മലബാര്‍: പൈതൃകവും പ്രതാപവും പലയിടങ്ങളിലായി ആവര്‍ത്തി ക്കുന്നതായി കാണാം. അവ വരാതെ സൂക്ഷിക്കാന്‍ പോലും ഗ്രന്ഥപരിശോധകര്‍ തയ്യാറായില്ലെങ്കില്‍, ആത്യന്തികമായി അവര്‍ നിര്‍വഹിച്ചതെന്താണ്‌?

മൂന്നാം ഭാഗം `ദേശം' പതിനഞ്ചിലധികം രചനകള്‍ ഉള്‍ക്കൊള്ളുന്നു. എടക്കല്‍, ഏഴിമല, പൊന്നാനി, തിരുമരതൂര്‍, കല്‍പാത്തി, ഗുരുവായൂര്‍ തുടങ്ങിയ ഏതാനും ഇടങ്ങള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ ഈ ഭാഗത്തെ മിക്കവാറും ലേഖനങ്ങള്‍ കോഴിക്കോടിന്റെ മത സാംസ്‌കാരിക വൈവിധ്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നവയാണ്‌. തളി മഹാദേവക്ഷേത്രം, കുറ്റിച്ചിറയിലെ പള്ളികള്‍, മിസ്‌കാല്‍ പള്ളി, ദേവമാത കത്ത്രീഡല്‍ എന്നീ കോഴിക്കോട്ടെ ദേവാലയങ്ങളാണ്‌ `മലബാര്‍: ദേശം' എന്ന ഉപഭാഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്‌ എന്നത്‌, മേല്‍പറഞ്ഞ വിമര്‍ശനസംശയങ്ങളെ അരക്കിട്ടുറപ്പിക്കുന്നു. ഇവയുമായി കൂടിക്കുഴയുന്നതോ, വേറിട്ട്‌ നില്‍ക്കുന്നതോ ആണ്‌ ബിന്ദുമാത്യുവിന്റെ എടക്കല്‍ ഗുഹാചിത്രവിവരണവും, എം.ജി.എസ്‌. നാരായണന്റെ കോഴിക്കോടിന്റെ ഉദയവുമായി ബന്ധപ്പെട്ടുള്ള ചരിത്രനിരീക്ഷണവും, ലൈല പി.യുടെ കോഴിക്കോടന്‍ സ്ഥലപ്പേരുകളുടെ സംജ്ഞാന്വേഷണവും, സത്യന്‍ എടക്കാടിന്റെയും ഷൈജു ഹെന്‍ഡ്രിക്‌സിന്റെയും വിവിധ കോട്ടകളെക്കുറിച്ചുള്ള എഴുത്തുകളും, കിഷോര്‍കുമാര്‍ കെ.യുടെ മലബാറിലെ പുഴകളും കാടുകളും വിശദമാക്കുന്ന ലേഖനവും, മുഹമ്മദ്‌ ജാഫര്‍ പാലോട്ടിന്റെയും സി. രാധാകൃഷ്‌ണന്റെയും ജന്തുവൈവിധ്യത്തെക്കുറിച്ചുള്ള പഠനവും. ലേഖനങ്ങളുടെ ക്രമം ഏതടിസ്ഥാനത്തിലാണെന്നത്‌ ചികഞ്ഞന്വേഷിക്കേണ്ടതുണ്ട്‌. കാലക്രമത്തിനനുസരിച്ചാണ്‌ എന്ന്‌ പ്രഥമദൃഷ്‌ട്യാ തോന്നുന്നുവെങ്കിലും അങ്ങനെയാകാന്‍ വഴിയില്ല. കാരണം, അങ്ങനെയെങ്കില്‍ പുഴകളും കാടുകളും ജന്തുവൈവിധ്യവുമെല്ലാം ഉപഭാഗത്തിന്റെ അവസാനങ്ങളിലേക്ക്‌ പോകുമായിരുന്നില്ലല്ലോ.

എട്ട്‌ രചനകള്‍ അടങ്ങിയ നാലാം ഭാഗം `ദേശീകര്‍' ഉള്ളടക്കത്തിന്റെ കാര്യത്തില്‍ വലിയ തെറ്റില്ലാത്ത സാമ്യത പുലര്‍ത്തുന്നു. മലബാറിലെ ആദിവാസികള്‍, നമ്പൂതിരിമാര്‍, ഭാഷാന്യൂനപക്ഷങ്ങള്‍, മുസ്‌ലിംവിഭാഗങ്ങള്‍, കോയമാര്‍ എന്നിവരാണ്‌ ഈ ഭാഗത്ത്‌ ചര്‍ച്ച ചെയ്യപ്പെടുന്ന ദേശീകര്‍. കൂടെ ജന്മിവ്യവസ്ഥ, ജാതിവ്യവസ്ഥ, അടിമത്തവ്യവസ്ഥ എന്നി വയും ചര്‍ച്ചിതമാകുന്നു. ഇവ എന്തുകൊണ്ട്‌ രണ്ടാം ഭാഗം `ചരിത്ര'ത്തില്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നില്ല? ആദിവാസികളെയും നമ്പൂതിരിമാരെയും കുറിച്ചുള്ള പഠനങ്ങള്‍ അക്കാദമികമായും വസ്‌തുതാപരമായും ഏറെ വിശ്വാസ്യത പുലര്‍ത്തുന്നു. എന്നാല്‍, അക്കാദമികമാക്കാനുള്ള വ്യര്‍ഥശ്രമത്തിലൂടെ മലബാറിലെ മുസ്‌ലിംകളെക്കുറിച്ച്‌ മുഹമ്മദ്‌ ഫക്രുദ്ദീന്‍ അലി നടത്തുന്ന `സിദ്ധാന്തീകരണങ്ങള്‍' എഴുത്തുകാരന്‌ തന്നെ മനസ്സിലായിട്ടുണ്ടോ എന്ന്‌ സംശയമാണ്‌. അര്‍ജുന്‍ അപ്പാദുരൈ എന്ന സാമൂഹ്യ-സാംസ്‌കാരിക നരവംശശാസ്‌ത്രജ്ഞനെ അര്‍ജുനന്‍ അപ്പാദുരൈയായും പിന്നീട്‌ ഗ്രന്ഥസൂചിയില്‍ അരവിന്ദന്‍ അപ്പാദുരൈയായും ഫക്രുദ്ദീന്‍ അലി അവതരിപ്പിക്കുന്നത്‌ കാണുമ്പോള്‍ സഹതാപം തോന്നേണ്ടത്‌ ആരോടാണ്‌? മലബാറില്‍, ചുരുങ്ങിയത്‌ കോഴിക്കോട്ട്‌, വ്യത്യസ്‌ത ജാതി-മതവിഭാഗങ്ങളിലായി നൂറ്റാണ്ടുകളുടെ പാരമ്പര്യം അവകാശപ്പെടാന്‍ കഴിയുന്ന വിവിധ `ദേശീകര്‍' നിലനില്‍ക്കെ കോഴിക്കോട്ടെ കോയമാരെക്കുറിച്ച്‌ മാത്രം (എന്‍.പി. ഹാഫിസ്‌ മുഹമ്മദിന്റെ ലേഖനനം, പു. 424-427) ചര്‍ച്ച ചെയ്യുന്നതിലെ സാംഗത്യം മനസ്സിലാകുന്നില്ല.

അഞ്ചാം ഭാഗം `മതനിരപേക്ഷത' അഞ്ച്‌ ലേഖനങ്ങളാണ്‌ ഉള്‍ക്കൊള്ളുന്നത്‌. മതനിരപേക്ഷത എന്ന ആശയലോകത്തെ സ്ഥിരീകരിക്കുന്ന ഒരു പഠനവും ഈ ഭാഗത്തില്‍ കാണാന്‍ കഴിയുന്നില്ല. മറിച്ച്‌, ഓരോ ലേഖനവും മുന്നോട്ടുവെക്കുന്നത്‌ വ്യത്യസ്‌ത ആശയപരിസരങ്ങളാണ്‌. സാമൂതിരി രാജവംശത്തിന്റെ മതനിരപേക്ഷതയെക്കുറിച്ചുള്ള ടി.ബി. സെലുരാജിന്റെ രചന, സാമൂതിരിമാര്‍ മാപ്പിളമാരോട്‌ കാണിച്ചിരുന്ന സൗഹാര്‍ദത്തിലാണ്‌ പ്രധാനമായും ഊന്നുന്നത്‌. അതിനെ മതസൗഹാര്‍ദം എന്ന്‌ വിളിക്കാമെന്നതിനപ്പുറം മതനിരപേക്ഷത എന്നതിലേക്ക്‌ വളരുന്നതെങ്ങനെയാണ്‌? മതസൗഹാര്‍ദം, മതേതരത്വം, മതനിരപേക്ഷത എന്നീ പ്രയോഗങ്ങള്‍ സൈദ്ധാന്തികമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിട്ടുള്ള സമകാലിക ബൗദ്ധികപശ്ചാത്തലങ്ങളില്‍ പ്രത്യേകിച്ചും. ഈ തരംതിരിവുകളോടും മതേതരത്വമെന്ന പ്രയോഗത്തോടും ഏറെക്കുറെ കൂറു പുലര്‍ത്തുന്നത്‌ ഫ്രഡറിക്‌ സുനില്‍കുമാര്‍ എഴുതിയ ബാസല്‍ മിഷനെക്കുറിച്ചും അവരുടെ മതേതരവിദ്യാഭ്യാസശ്രമങ്ങളെക്കുറിച്ചുമുള്ള പഠനമാണ്‌. പതിനാറ്‌-പതിനേഴ്‌ നൂറ്റാണ്ടുകളിലെഴുതപ്പെട്ട ഫത്‌ഹുല്‍ മുബീന്‍ എന്ന കൃതിയുടെ ഉള്ളടക്ക അനാവരണങ്ങളിലൂടെ കോഴിക്കോടിന്റെ സാംസ്‌കാരികപാരമ്പര്യത്തെക്കുറിച്ച്‌ പി.പി. അബ്‌ദുല്‍ റസാക്‌ എഴുതിയ പഠനം, ഒരിക്കല്‍ കൂടി `മതനിരപേക്ഷത' എന്ന ശീര്‍ഷകത്തെ ചോദ്യം ചെയ്യുന്നു. റസാക്‌ തന്നെ എഴുതുന്നത്‌ പോലെ, ഒരു ബഹുസ്വര/ബഹുമതസമൂഹത്തിലെ ജീവിതത്തിന്റെ ശൈലിയും, കോഴിക്കോടിന്റെ `സാമുദായിക സഹവര്‍ത്തിത്വ'ത്തിന്റെ ചരിത്രപരമായ രൂപീകരണവുമാണ്‌ ഈ കൃതി വിളിച്ചറിയിക്കുന്നത്‌. മതേതരസമൂഹ നിര്‍മിതിയില്‍ മലബാറിലെ സ്‌ത്രീസമൂഹം വഹിച്ച പങ്കിനെക്കുറിച്ച്‌ വാസന്തി വി. മുന്നോട്ടുവെക്കുന്ന നിരീക്ഷണങ്ങളും, മതമൈത്രിയുടെ ചില അടയാളങ്ങള്‍ എടുത്തുകാണിക്കുന്ന പി.എന്‍.എം. കദീജയുടെയും എം. ബാബുരാജിന്റെയും വരികളും തുടര്‍ന്നുള്ള അധ്യായങ്ങളാണ്‌.

ഇരുപതിലധികം രചനകള്‍ ഉള്ളടങ്ങുന്ന ആറാം ഭാഗം `സാംസ്‌കാരികം' മലബാറിന്റെ വിവിധ കലാ-കായിക-സംഗീത-വിനോദതലങ്ങളിലൂടെ കടന്നപോകുന്നു. സംസ്‌കാരം ചരിത്രത്തിന്റെ ഭാഗമാണെന്നും, ചരിത്രം ചുരുങ്ങിയത്‌ ആയിരത്തിത്തൊള്ളായിരത്തി അറുപതുകള്‍ മുതല്‍ സാംസ്‌കാരികചരിത്രത്തെ നെഞ്ചിലേറ്റിത്തുടങ്ങിയിട്ടുമുണ്ടെന്ന ബൗദ്ധികവസ്‌തുതകള്‍ നിലനില്‍ക്കെ, രണ്ടാം ഭാഗം `ചരിത്ര'ത്തില്‍ നിന്ന്‌ ആറാം ഭാഗത്തെ വ്യത്യസ്‌തമാക്കുന്ന മാനദണ്ഡങ്ങള്‍ അപ്രത്യക്ഷമാകുന്നു. അനുഷ്‌ഠാനകലകള്‍, തെയ്യം, അറബി-മലയാളം, മാപ്പിളക്കലകള്‍, സംഗീതം, വടക്കന്‍പാട്ട്‌, കളരിപ്പയറ്റ്‌, കായികം, നാടകം, ചലച്ചിത്രം, റേഡിയോ, ദിനപത്രങ്ങള്‍, വേഷങ്ങള്‍, സാഹിത്യം, ഭക്ഷണങ്ങള്‍ തുടങ്ങിയവ ചര്‍ച്ച ചെയ്യുന്നു. പരമ്പരാഗതതൊഴിലുമായി ബന്ധപ്പെട്ടുള്ള കപ്പല്‍നിര്‍മാണവും മറ്റുമെല്ലാം ഈ ഭാഗത്ത്‌ കടന്നുവരുന്നത്‌, ഒരിക്കല്‍ കൂടി ഈ ഭാഗത്തിന്റെ തനിമയ്‌ക്ക്‌ മങ്ങലേല്‍പിക്കുന്നു.

കേരളത്തിന്റെ, മലബാറിന്റെ, കോഴിക്കോടിന്റെ പൈതൃകവും പാരമ്പര്യവും ചര്‍ച്ച ചെയ്യുന്ന വിവിധ തലങ്ങളില്‍ നിന്നുള്ള നിരവധി രചനകള്‍ ഒരു പുസ്‌തകത്തില്‍ സമാഹരിച്ചു എന്നതാണ്‌ മലബാര്‍: പൈതൃകവും പ്രതാപവുത്തിന്റെ പ്രഭാവം. ഉദ്ധൃതദേശങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്ക്‌ ആത്യന്തികമായി അവലംബിക്കാവുന്ന പ്രഥമകൃതികളിലൊന്നായി ഈ സമാഹാരം നമ്മുടെ ഗ്രന്ഥശേഖരങ്ങളില്‍ ഇടംപിടിക്കുമെന്ന്‌ തീര്‍ച്ച. മലബാറുമായി ബന്ധപ്പെട്ടുള്ള പുസ്‌തകങ്ങളില്‍ നല്ലൊരു ശതമാനവും ഏതെങ്കിലുമൊരു തലത്തില്‍ മാത്രം ശ്രദ്ധയൂന്നുവയാണ്‌ എന്നതിനാല്‍, പൈതൃകവും സംസ്‌കാരവും സാമൂഹികതയും ചരിത്രവുമെല്ലാം ഒരുമിച്ച്‌ ചര്‍ച്ച ചെയ്യുന്ന ഈ പുസ്‌തകത്തിന്‌ പ്രസക്തിയുണ്ട്‌. ഗ്രന്ഥപരിശോധനയിലെ പരിശോധകരുടെ സ്വാഭാവികമല്ലാത്ത പാളിച്ചകള്‍ ഒഴിച്ചു നിര്‍ത്തിയാല്‍, മലബാര്‍: പൈതൃകവും പ്രതാപവും അടുത്ത കാലത്തായി മലയാളവായനാലോകം കണ്ട ഉത്തമകൃതികളിലൊന്നാണെന്ന്‌ സംശയലേശമന്യേ പറയാം.

മഹ്‌മൂദ്‌ കൂരിയ Sathyadhara April 1-14, 2012

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter