നമ്മുടെയൊക്കെ സ്വാര്‍ഥ താത്പര്യങ്ങളുടെ 'വളര്‍ച്ചാനിരക്ക്' കാണിക്കുന്നുണ്ട് ഈ ബജറ്റുകള്‍
മറ്റൊരു ബജറ്റ് കൂടി അവതരിപ്പിച്ചു കഴിഞ്ഞിരിക്കുന്നു കേരളത്തില്‍. ബജറ്റിന്‍റെ ക്ഷേമ ക്ഷാമങ്ങളെ കുറിച്ചാണ് നാടൊട്ടുക്കും ചര്‍ച്ച. ഇരുപക്ഷം പിടിക്കാനും രാഷ്ട്രീയത്തിലും സാംസ്കാരികരംഗത്തും ആളുകളുണ്ട്. പുതിയ അഴിമതിക്കഥകള്‍ പുറത്തു വന്നുകൊണ്ടിക്കുന്നതിനാല്‍ തത്കാലത്തേക്ക് അതസംബന്ധമായ വാഗ്വാദങ്ങള് അടങ്ങുമെന്ന് പ്രതീക്ഷിക്കാം.
ബജറ്റ് ക്ഷേമ ബജറ്റാണെന്നുഴുതി ഒരു വിഭാഗം പത്രങ്ങള്‍. നിരാശപ്പെടുത്തിയെന്നെഴുതി മറ്റൊരു വിഭാഗം. ചാനല്‍ ചര്‍ച്ചകളിലും ബജറ്റിന്‍റെ ന്യായാന്യായങ്ങളെ കുറിച്ച് മണിക്കൂറുകള്‍ നീണ്ട് പ്രസംഗം നടന്നു. തന്‍റെ വകുപ്പിനെ പരിഗണിച്ചില്ലെന്ന പരാതിയില് ഒരു മന്ത്രി അവതരണത്തിനിടെ തന്നെ ബജറ്റിനെതിരെ രംഗത്തു വന്നു. അധികം വൈകും മുമ്പേ മറ്റൊരു പാര്‍ട്ടിനേതാവ് മന്ത്രിക്കെതിരെ പ്രസ്താവന നടത്തി. അതെ തുടര്‍ന്ന് ഒന്നു രണ്ട് ദിവസം ബജറ്റിലെ സാമുദായികതയെ കുറിച്ച് പരസ്പര പ്രസ്താവനകള്‍ നടന്നു. തന്‍റെ മണ്ഡലത്തെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് ബജറ്റ് സമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നാണ് ഒരു എം.പി പ്രസ്താവിച്ചത്. ബജറ്റ് എന്താവണമെന്നതിലുപരി എന്തായിക്കൂടാ എന്നാണ് ഇതൊക്കെ മൊത്തത്തില്‍ പഠിപ്പിക്കുന്നത്.
എന്തിനാണ് ഒരു സംസ്ഥാനം ബജറ്റ് അവതരിപ്പിക്കുന്നത്. അതിലുപരി എന്തിനാണ് ഒരുവിഭാഗത്തെ പൊതുജനം ഭരണാധികാരികളായി തെരഞ്ഞെടുത്തു വിടുന്നത്. അടിസ്ഥാനപരമായി ഉത്തരം തേടേണ്ട ചോദ്യമാണിത്.
പ്രബുദ്ധരാണെന്നാണ് കേരളക്കാരുടെ വെയ്പ്പ്. രാഷ്ട്രീയമായി ഇത്രയും അപകടവക്കിലിരിക്കുന്ന വേറൊരു പൊതുമണ്ഡലം ലോകത്തെവിടെയെങ്കിലു ഉണ്ടാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. രാഷ്ട്രീയം രക്ഷപ്പെടുന്നതിനുള്ള മാര്‍ഗമായിക്കൂടാ, ആര്‍ക്കും. സമൂഹത്തിലെ പാവപ്പെട്ടവനെ സഹായിക്കുകയും അവന് കിടക്കാനൊരു ചെറ്റപ്പുര കെട്ടിക്കൊടുക്കുകയും ചെയ്യാത്ത കാലത്തോളം സംസ്ഥാന ബജറ്റ് രണ്ടക്കവളര്‍ച്ച തന്നെ കരഗതമാക്കിയിട്ട് എന്തുകാര്യം.
സ്വന്തം താത്പര്യത്തിന്‍റെ കാര്യത്തില്‍ നാമൊക്കെ എത്രമാത്രം വളര്‍ച്ച പ്രാപിച്ചിരിക്കുന്നുവെന്നാണ് സത്യത്തില് ഈ ബജറ്റ് വ്യക്തമാക്കി തരുന്നത്. ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും എന്തിന് തട്ടുകടയിലിരുന്നു മിഠായിക്കൊപ്പം സിഗററ്റ് വില്‍ക്കുന്നവന്‍ പോലും ബജറ്റ് തനിക്ക് ലാഭമുണ്ടാക്കുന്നതാകണമെന്ന് ചിന്തിക്കുന്നു. ഇത്തരം ചിന്താഗതിയുടെ കാര്യത്തില്‍ വിവിധ രാഷ്ട്രീയക്കാര്‍ കാണിക്കുന്ന ‘വളര്‍ച്ച’ മൊത്തം വികസനനയത്തിന് തന്നെ പാരയാകുന്നുണ്ടെന്ന് പറയേണ്ടി വരുന്നതില്‍ ദുഖമുണ്ട്.
പതിനൊന്നാം ബജറ്റ് അവതരിപ്പിക്കുന്ന മന്ത്രിയെന്ന പേരില്‍ നമുക്ക് റെക്കോര്‍ഡ് സൃഷ്ടിക്കാം. ബജറ്റ് അവതരണ സമയത്ത് മന്ത്രി അനാരോഗ്യം കാരണം ഇരുന്നതിനെ കുറിച്ചും ഉടനെ എണീറ്റതിനെ കുറിച്ചുമെല്ലാം നമുക്ക് നെടുങ്കന്‍ ഫീച്ചറുകളെഴുതാം. അപ്പോഴും മുന്‍ഗണനാക്രമം അറിയാത്തവരായി നമുക്ക് തുടരുകയുമാകാം.
താഴെക്കിടയിലുള്ളവന് വേണ്ടി ബജറ്റ് ഒന്നും മുന്നോട്ട് വെക്കുന്നില്ലെന്നല്ല ഇപ്പറയുന്നത്. അല്ലെങ്കിലും ഈയൊരു ബജറ്റിനെ കുറിച്ച് മാത്രമല്ല ഈ കുറിപ്പ്. മറിച്ച് ഒരു പൊതുവിശകലനമാണ്, കാലങ്ങളായുള്ള നമ്മുടെ രാഷ്ട്രീയ ഏങ്കേോണിപ്പുകളെ കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍. ബജറ്റ് അതിനു ഒരു നിമിത്തമായെന്ന് മാത്രം.
താഴെക്കിടയിലുള്ളവന്‍റെ സുഖജീവിതം ഭരണാധികാരികളുടെ പ്രഖ്യാപനങ്ങളിലെ മുഖ്യഅജണ്ടയാകുന്നില്ല.വല്ലപ്പോഴും അത്തരത്തിലൊരു പദ്ധതി പ്രഖ്യാപിച്ചാല്‍ തന്നെ അത് അര്‍ഹരായവര്‍ക്ക് ലഭിക്കുന്നുമില്ല. ഭരണാധികാരികള് അതെ കുറിച്ച് അന്വേഷിക്കുന്നില്ല. തങ്ങളുടെ വിധിയെന്ന് കരുതി സമാധാനിക്കുന്ന പാവം പൊതുജനം അത് തത്കാലം വിസ്മരിക്കുകയും ചെയ്യുന്നു.
തിരൂരിലെ പുതിയ സ്ത്രീ പീഡനത്തിന്‍റെ പശ്ചാത്തലത്തില്‍ തെരുവിലുറങ്ങുന്നവര്‍ക്കുള്ള പ്രത്യേക പാക്കേജുകള്‍ പ്രഖ്യാപിക്കപ്പെടുന്നത് സ്വാഭാവികം. പക്ഷെ അതുപോലും ദീര്‍ഘദൂര പരിഹാരമാകുന്നില്ല. തത്കലാത്തേക്ക് പ്രശ്നങ്ങളെ എങ്ങനെ പരിഹരിക്കാമെന്ന് മാത്രമാണ് രാഷ്ട്രീയക്കാരുടെ നോട്ടം. ശാശ്വതമായ പരിഹാരങ്ങള്‍ അവിടെയില്ല തന്നെ.
പ്രഖ്യാപിക്കപ്പെട്ട പദ്ധതികളുടെ ഭാവിയും മറ്റൊരു വിഷയമാണ്. അവ എത്രമാത്രം പ്രയോഗത്തില്‍ വരുമെന്നതു മറ്റൊരു ചര്‍ച്ചയാണ്.
താഴെ കിടയിലുള്ളവര്‍ക്ക് പ്രഖ്യാപിക്കുന്ന പാക്കേജുകളില്‍ മിക്കവാറും അര്‍ഹരായര്‍വര്‍ക്കെത്തിയിട്ടില്ലെന്നത് ചരിത്രം. അതിനിടക്ക് വരുന്ന ഉദ്യോഗസ്ഥ ലോബികള്‍ അതിലിടപെടുകയും സമ്പത്ത് വഴിതിരിച്ചു വിടുകയും ചെയ്യുന്നത് നിത്യകാഴ്ചയാണ്. കേന്ദ്ര ഗവണ്‍മെന്‍റ് പ്രഖ്യാപിക്കുന്ന പഞ്ചവത്സര പദ്ധതികളെ കുറിച്ച് തന്നെ ആലോചിക്കുക. മാറി മാറി വരുന്ന ഭരണകൂടങ്ങള്‍ അഞ്ചുവര്‍ഷത്തേക്കുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടും സാമ്പത്തിക മുഖ്യധാരക്ക് പുറത്തുള്ളവര്‍ എന്നും കാഴ്ചക്കാര്‍ തന്നെയായി തുടരുന്നു. ആരെക്കെയോ ചേര്‍ന്ന് തീര്‍ക്കുന്ന അവഗണനയുടെ ചേരികളിലും ഗട്ടറുകളിലുമായി അവര്‍ തങ്ങളുടെ ജീവിതം തള്ളിനീക്കുന്നു.
രാഷ്ട്രീയവും ജനാധിപത്യവുമൊന്നും ഒരിക്കലും ഒന്നിനും പരിഹാരമാകുന്നില്ലെന്നതിന് ഏറ്റവും വലിയ തെളിവ് ഈ ജനാധിപത്യം തന്നെയാണ്. സ്വേഛാധിപതിയാണെങ്കില്‍ പോലും, അധികാരി ധര്‍മ ബോധവും ഇഛാശക്തിയും ഉള്ളവനാണെങ്കില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനും ക്ഷേമരാജ്യം കെട്ടിപ്പെടുക്കാനുമാകും.
ആധുനികതയുടെ ഈ പുതിയ കാലത്തും ഭരണകൂട കാര്യാലയങ്ങള്‍ അവയെ സമീപിക്കുന്ന സാധാരണക്കാരനെ വലയ്ക്കുകയാണ്. ഓഫീസുകളില്‍ നിന്ന് ഓഫീസുകളിലേക്ക് കയറി ഇറങ്ങേണ്ടി വരുന്ന പൊതുജനത്തിന് ഗവണ്‍മെന്‍റ് എന്ന പദം തന്നെ ഭാരമായി തോന്നുവെങ്കില്‍ ആ ഭാരമിറക്കുന്നതിന് വേണ്ട പദ്ധതികളെ കുറിച്ചാണ് ഒരു ഭരണകൂടം ആദ്യം ആലോചിക്കേണ്ടത്.
മന്‍ഹര്‍ യു.പി കിളിനക്കോട്



Leave A Comment