സ്നേഹപൂര്‍വ്വം എന്റെ ഇക്കാക്ക് (ഭാഗം 3). എവിടെയോ ജനിച്ച് വളര്‍ന്ന രണ്ട് പേര്‍, എന്തൊരു അല്‍ഭുതമാണ് അല്ലേ..
സ്നേഹപൂര്‍വ്വം എന്റെ ഇക്കാക്ക് -3. എവിടെയോ ജനിച്ച് വളര്‍ന്ന രണ്ട് പേര്‍, എന്തൊരു അല്‍ഭുതമാണ് അല്ലേ..
അസ്സലാമുഅലൈകും വറഹ്മതുല്ലാഹ്
ഇക്കാ, സുഖം തന്നെയല്ലേ.. എന്നുമെന്നും അങ്ങനെത്തന്നെ ആവട്ടെ എന്ന് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു, എപ്പോഴുമെന്ന പോലെ ഇപ്പോഴും.
നമ്മുടെ ആദ്യരാത്രിയില്‍ നിങ്ങള്‍ പറഞ്ഞത് ഞാന്‍ ഇപ്പോഴും ഇടക്കിടെ ഓര്‍ത്തുപോവാറുണ്ട്. വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠന കാലത്ത് കൂട്ടുകാരോടൊത്ത് എന്റെ വീടിന്റെ തൊട്ടടുത്തുള്ള ഒരു വീട്ടില്‍ ഒരിക്കല്‍ വന്നിരുന്നു എന്ന് നിങ്ങള്‍ അന്ന് പറഞ്ഞിരുന്നല്ലോ. എന്റെ ജീവിത സഖിയായി വരേണ്ടവള്‍ ഈ അടുത്ത വീട്ടിലുണ്ടെന്ന് അന്ന് അറിഞ്ഞിരുന്നെങ്കിലെന്ന് നിങ്ങള്‍ പറഞ്ഞപ്പോള്‍, ഒരു തമാശയെന്നോണം നമ്മള്‍ രണ്ട് പേരും അന്ന് ചിരിച്ചു, ശേഷം മുമ്പ് പോയ പല സ്ഥലങ്ങളെ കുറിച്ചും അന്ന് നാം ഒരു പാട് സംസാരിച്ചു. ആദ്യ രാത്രിയിലെ വിഷയദാരിദ്ര്യത്തിന് ഒരു പരിഹാരം കൂടിയായിരുന്നു അത് നമുക്ക്.
എന്നാല്‍, പിന്നീട് പലപ്പോഴും ഞാന്‍ അതേകുറിച്ച് ആലോചിക്കാറുണ്ട്. ചിന്തിക്കും തോറും അല്‍ഭുതപ്പെടാറുമുണ്ട്. അല്ലാഹുവിന്റെ ഓരോ വിധികള്‍ എന്നല്ലാതെ എന്ത് പറയാന്‍. ജീവിതം ദൈവത്തിന്റെ ഒരു ചതുരംഗക്കളിയാണെന്നും അതിലെ കരുക്കളായ നമ്മെ ഏത് കളങ്ങളിലാണ് അവന്‍ കൊണ്ട് നിര്‍ത്തുന്നതെന്ന് അവിടെ എത്തുമ്പോഴേ അറിയാനാവൂ എന്നുമെല്ലാം ഏതോ കവിതയില്‍ വായിച്ചത് ഓര്‍ത്തുപോവുന്നു. വിവാഹമെന്നതില്‍ അത് അക്ഷരാര്‍ത്ഥത്തില്‍ ശരിയാവുന്നതായി തോന്നാറുണ്ട്.
Also Read:സ്നേഹപൂര്‍വ്വം ഇക്കാക്ക് (ഭാഗം 2) അന്നൊരു ദിവസം എൻ്റെ വീട്ടിലായിരുന്നപ്പോൾ
ഭാര്യാഭര്‍ത്താക്കന്മാരായി ജീവിതത്തിലേക്ക് പ്രവേശിക്കുന്നവരെല്ലാം, പതിനെട്ടോ ഇരുപതോ വര്‍ഷമായി ഇതേ ഭൂമിയില്‍, ഏതാനും കിലോമീറ്ററുകള്‍ക്കുള്ളില്‍ തന്നെ ജീവിക്കുന്നവരാണ്. പക്ഷേ, ഭാവിയില്‍ ഒരുമിച്ച് ജീവിക്കേണ്ടവരാണ് തങ്ങളെന്ന് ഒരിക്കല്‍ പോലും അവര്‍ അറിയുന്നുമില്ല, നമ്മെപോലെത്തന്നെ.
അതിലും അല്‍ഭുതകരമായി തോന്നിയത്, വിവാഹം കഴിയുന്നതോടെ പിന്നീട് സംഭവിക്കുന്ന ഒന്നാകലാണ്. തികച്ചും വ്യത്യസ്തമായ സാഹചര്യങ്ങളിലും പരിസരങ്ങളിലും ചിട്ട വട്ടങ്ങളിലും ജനിച്ച് ജീവിച്ചു വളര്‍ന്ന, മുമ്പ് ഒരിക്കല്‍ പോലും പരിചയപ്പെട്ടിട്ടില്ലാത്ത രണ്ട് പേര്‍. വിവാഹിതരാവുന്നതോടെ, നിനക്ക് ഇണയാക്കിത്തന്നു എന്നും ഞാന്‍ അത് സ്വീകരിച്ചുവെന്നുമുള്ള ആ പദങ്ങള്‍ ഉച്ചരിക്കുന്നതോടെ അവര്‍ പിന്നെ ഒന്നായി മാറുകയാണ്.
ഇന്നലെ വരെ കൂടെയുണ്ടായിരുന്നവരെല്ലാം ഓരോരുത്തരായി വഴി പിരിയുമ്പോഴും ഒരിക്കലും പിരിയാനാവാത്ത രണ്ട് ശരീരങ്ങളായി, ഒരു മനസ്സായി അവര്‍ തുടരുകയാണ്. മരണത്തിനല്ലാതെ മറ്റൊന്നിനും പിരിക്കാനാവാത്ത കൂടിച്ചേരല്‍... മരണശേഷം സ്വര്‍ഗ്ഗലോകത്തും നീ കൂട്ടിനുണ്ടാവണേ എന്നാഗ്രഹിച്ചുപോവുന്ന വല്ലാത്തൊരു ആത്മ ബന്ധം. എത്ര കുറഞ്ഞ കാലം കൊണ്ടാണ് നമ്മളും ഈ ഒരു തരത്തിലേക്ക് വളര്‍ന്നത്, അല്ലേ.
ഇത്തരത്തില്‍ കൂട്ടിയിണക്കപ്പെടുന്നതില്‍ 99 ശതമാനവും വളരെ സന്തോഷത്തോടെ ശേഷമുള്ള ജീവിതം മുന്നോട്ട് കൊണ്ട് പോവുന്നു എന്നത് എത്രമാത്രം അല്‍ഭുതകരമാണ്. മക്കളും പേരമക്കളുമെല്ലാമായി ജീവിക്കുന്ന ഏതൊരു കുടുംബത്തിന്റെയും അടിസ്ഥാന ഘടകങ്ങളായ എല്ലാ ഉമ്മമാരും ഉപ്പമാരും, ഒരു സുപ്രഭാതത്തില്‍ ഇങ്ങനെ ഒന്നായവരാണല്ലോ... ആലോചിക്കും തോറും അല്‍ഭുതം വര്‍ദ്ധിക്കുകയേ ഉള്ളൂ.
നേരത്തെ കണ്ടും പരിചയപ്പെട്ടും ചിലപ്പോഴെങ്കിലുമൊക്കെ പരസ്പരം സ്നേഹിച്ചും വിവാഹം കഴിക്കുന്നവരുണ്ടെന്നത് മറക്കുന്നില്ല. എന്നാല്‍, പരിചയമില്ലാതെ വിവാഹം കഴിക്കുന്നവരേക്കാള്‍, വേര്‍പിരിയേണ്ടിവരുന്നത് ഇത്തരക്കാര്‍ക്കാണോ എന്ന് വരെ ചിലപ്പോഴൊക്കെ സംശയിച്ചുപോവാറുണ്ട്. ഇതും അതിലേറെ അല്‍ഭുതപ്പെടുത്തുന്നത് തന്നെയാണല്ലോ.
ഈ പരസ്പര ബന്ധത്തെ കുറിച്ച് പടച്ച തമ്പുരാന്‍ പറയുന്നത് എത്ര സത്യമാണ്, നിങ്ങള്‍ക്ക് ഇണങ്ങിച്ചേര്‍ന്ന് മനസ്സമാധാനം കൈവരാനായി ഇണകളെ സൃഷ്ടിച്ചതും നിങ്ങള്‍ക്കിടയില്‍ പ്രേമബന്ധവും കാരുണ്യവും സ്ഥാപിക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടത് തന്നെയാണ്. ചിന്തിക്കുന്ന ജനതക്ക് അതില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്.
ഈ സൂക്തം ഓതുമ്പോഴൊക്കെ, ഞങ്ങളുടെ അയല്‍പക്കത്ത് ജീവിച്ചിരുന്ന ഒരു ഉമ്മയെയും ഉപ്പയെയുമാണ് എനിക്ക് ഓര്‍മ്മവരാറുള്ളത്. പരസ്പര സ്നേഹത്തിന്റെ പ്രതീകങ്ങളായ അവരെ കുറിച്ച് തന്നെ ഒരു കത്ത് എഴുതാന്‍ മാത്രമുണ്ട്, അത് അടുത്തതിലാവാം, ഇന്‍ ശാ അല്ലാഹ്.
തീര്‍ച്ച, അതില്‍ എത്രയോ ദൃഷ്ടാന്തങ്ങളുണ്ട്. ഓര്‍ക്കും തോറും, ആ നാഥനിലേക്ക്, അറിയാതെ കൈകളുയര്‍ന്നുപോവുന്നു,
നാഥാ, മരണം വരെ എന്റെ ഇക്കയോടൊപ്പം ഇങ്ങനെ തുടരാന്‍ വിധിയുണ്ടാവണേ.. മരണശേഷം സ്വര്‍ഗ്ഗ ലോകത്തെ ആരാമങ്ങളിലും ഒന്നായി തൊട്ടുരുമ്മി ഇരിക്കാനും നടക്കാനും സൌഭാഗ്യം നല്‍കണേ.
തല്‍ക്കാലം നിര്‍ത്തട്ടെ.. ബാക്കി പിന്നെയാവാം..
അകമഴിഞ്ഞ പ്രാര്‍ത്ഥനകളോടെ, നിങ്ങളുടെ സ്വന്തം കുല്‍സു
Leave A Comment