ആസിയ ബീവി ചരിത്രാഖ്യായിക (ഭാഗം ഒന്ന്)


അനുഗ്രഹത്തിന്റെ താവഴി

    ഈജിപ്ത്. അനുഗ്രങ്ങള്‍ പെയ്‌തൊഴിഞ്ഞ ഭൂമി. ഇസ്‌ലാമിക ചരിത്രത്തില്‍ അനവധി ദിഗ്വിജയങ്ങള്‍ക്കും പോരാട്ടങ്ങള്‍ക്കും സാക്ഷ്യംവഹിച്ച ദേശം. സംസ്‌കാരങ്ങളുടെയും നാഗരിക മേന്മയുടെയും പേരുകേട്ട നാട്. ചരിത്രത്തില്‍ വ്യാപകമായി മിസ്ര്‍ എന്നാണ് ഇത് വിളിക്കപ്പെട്ടിരുന്നത്. അവിടത്തുകാര്‍ മിസ്‌രികള്‍ എന്നും അറിയപ്പെട്ടു.
    ഖുര്‍ആന്‍ പല തവണ ഈ നാടിനെ പരാമര്‍ശിച്ചിട്ടുണ്ട്. പ്രവാചക വചനങ്ങളിലും കുറവല്ലാതെത്തന്നെ ഇത് കാണാം. പ്രശംസകളുടെയും പ്രാര്‍ത്ഥനകളുടെയും അനുഗ്രഹീത മൊഴികള്‍. 
    അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായ അനവധി പ്രവാചകന്മാര്‍ ദിവ്യ സന്ദേശവുമായി കടന്നുവന്നുവെന്നതാണ് ഈ നാടിന്റെ ഏറ്റവും വലിയ മഹിമ. സുലൈമാന്‍ നബിയും ഇബ്‌റാഹീം നബിയും യഅ്ഖൂബ് നബിയുമെല്ലാം ഈ നാട്ടിലൂടെ കടന്നുപോയ പ്രമുഖരാണ്. 
    മഹാനയ  യൂസുഫ് നബി ഒരു കാലത്ത് ഈ നാടിന്റെ രാജകൊട്ടാരത്തില്‍ വാണരുളിയ ചക്രവര്‍ത്തിയായിരുന്നു. അല്ലാഹുവിനെ പേടിച്ച് കഴിഞ്ഞുപോയ  ചക്രവര്‍ത്തി. ക്ഷേമവും ഐശ്വര്യയും നിറഞ്ഞ ഈജിപ്തിനെ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ കഠിനാദ്ധ്വാനം ചെയ്തു. 
    തൗഹീദിന്റെ വിശുദ്ധ സന്ദേശം എന്നും ഈജിപ്തിന്റെ മണ്ണില്‍  കളിയാടിയിരുന്നു. പ്രവാചകന്മാരുടെ നിരന്തരമായ ശ്രമഫലമായിരുന്നു ഇത്. ഇതിനു ഭംഗം വരുമ്പോഴെല്ലാം പുതിയ പ്രവാചക നിയോഗങ്ങള്‍ നടന്നു. അവര്‍ കടന്നുവന്ന് ജനങ്ങളോട് അല്ലാഹുവിന്റെ മഹത്വം വിവരിച്ചുനല്‍കി. അനുസരണശീലരായ ജനങ്ങള്‍ അതു കേട്ടു വിശ്വസിച്ചു. പ്രവാചകാനുയായികളായി. 
    പക്ഷെ, അപ്പോഴെല്ലാം ഒരു വിഭാഗം സത്യത്തിനെതിരായിരുന്നു. അവരെന്നും ഏകദൈവ വിശ്വാസത്തെ എതിര്‍ത്തു. ബഹുദൈവാരാധനയിലും ആള്‍ദൈവ പൂജയിലും സംതൃപ്തി കണ്ടെത്തി. അദൃശ്യങ്ങളില്‍ വിശ്വസിക്കാന്‍ അവര്‍ക്ക് കഴിഞ്ഞിരുന്നില്ല. കണ്ണിനു മുമ്പില്‍ കാണുന്നതിനെ മാത്രം അവര്‍ വിശ്വസിച്ചു. ഭൗതിക അധികാരങ്ങളുള്ള സാക്ഷാല്‍ മനുഷ്യരെപ്പോലും അവര്‍ ദൈവങ്ങളാക്കി അവരോധിച്ചു. 
    ഫറോവമാര്‍ ഈജിപ്ത് ഭരിച്ചിരുന്ന കാലമായിരുന്നു ഇത്. നാടു ഭരിച്ചിരുന്നവര്‍ക്ക് പൊതുവായി അവിടെ പറയപ്പെട്ടിരുന്ന പേരാണ് ഫറോവയെന്നത്. ഫിര്‍ഔന്‍ എന്നാണ് അറബിയില്‍ ഇതിനായി ഉപയോഗിച്ചിരുന്ന പദം. കാലങ്ങളോളം ഈജിപ്തിന്റെ ഭൗതിക ഭരണ ചക്രം കറക്കിയിരുന്നത് ഫറോവമായിരുന്നു.
    യൂസുഫ് നബിയുടെ കാലത്തും പ്രതിപക്ഷമെന്നോണം ഇവിടെ ഫറോവമാരാണ് രാജ്യം ഭരിച്ചിരുന്നത്. വലീദ് എന്നായിരുന്നു അന്നത്തെ ഫറോവയുടെ പേര്. പക്ഷെ, അവരൊന്നും ചരിത്രത്തില്‍ ഇടം നേടാതെ കാലയവനികക്കുള്ളില്‍ വിസ്മൃതരായിപ്പോവുകയായിരുന്നു. അവിടെയാണ് യൂസുഫ് നബി ഈജിപ്തിലെ നീതിമാനായ ഭരണാധികാരിയായി കടന്നുവരുന്നത്. 
    പൊതുവെ രണ്ടു പേരിലാണ് ഈജിപ്തുകാര്‍ അന്ന് അറിയപ്പെട്ടിരുന്നത്. ബനൂ ഇസ്‌റാഈല്യര്‍ എന്നും ഖിബ്ഥികള്‍ എന്നും. ഈജിപ്തിലെ പഴയ കാല അന്തേവാസികളായിരുന്നു ഖിബ്ഥികള്‍. മണ്ണിന്റെ മക്കള്‍. എന്നാല്‍ പുറത്തുനിന്നും കുടിയേറിപ്പാര്‍ത്ത അറബികളാണ് ബനൂ ഇസ്‌റാഈല്യര്‍ എന്ന പേരില്‍ അറിയപ്പെട്ടിരുന്നത്. ഇവര്‍ യഅ്ഖൂബ് നബിയുടെ സന്താന പരമ്പരയില്‍ പെട്ടവരാണ്. അദ്ദേഹത്തിനു പന്ത്രണ്ടു മക്കളുണ്ടായിരുന്നു. യൂസുഫ് നബി ഈജിപ്തിലെത്തിയപ്പോള്‍ അവരെല്ലാവരും അവിടെയെത്തുകയും താമസമാരംഭിക്കുകയും ചെയ്തു. അവരുടെ താവഴിയില്‍ വലിയൊരു തലമുറ വളര്‍ന്നു പന്തലിച്ചു. ഈജിപ്തിലും ഫലസ്ഥീനിലും പരിസരങ്ങളിലുമായി അത് വ്യാപിച്ചുകിടന്നു. 
    മരണമാസന്നമായപ്പോള്‍ യൂസുഫ് നബി യഅ്ഖൂബ് സതികളെയെല്ലാം അടുത്തു വിളിച്ചു. അവര്‍ എണ്‍പതോളം പേരുണ്ടായിരുന്നു. അവരോടായി ഇങ്ങനെ പറഞ്ഞു:
    'എന്റെ കാലം അവസാനിക്കുകയാണ്. എനിക്കു ശേഷം ഇവിടെ ഖിബ്ഥികള്‍ വീണ്ടും അധികാരത്തില്‍ വരും. ധിക്കാരിയും തെമ്മടിയും സത്യ നിഷേധിയുമായ ഒരു ചക്രവര്‍ത്തിയായിരിക്കും അരുടെ നേതാവ്. അന്ന് ബനൂ ഇസ്‌റാഈല്യര്‍ ശക്തമായി പീഡിപ്പിക്കപ്പെടും. ക്രൂരമായ മര്‍ദ്ധനങ്ങള്‍ക്കും അക്രമങ്ങള്‍ക്കും ഇരയാവും. അവര്‍ ഭൂമിയില്‍ നിന്ദ്യതയോടെ പെരുമാറപ്പെടും. ഒടുവില്‍ യഅ്ഖൂബ് നബിയുടെ സന്താന പരമ്പരയില്‍നിന്നും ഒരു പ്രവാചകന്‍ കടന്നുവരും. മൂസ  എന്നായിരിക്കും അദ്ദേഹത്തിന്റെ പേര്. അദ്ദേഹം മുഖേന അല്ലാഹു ബനൂ ഇസ്‌റാഈല്യരെ രക്ഷിക്കും. അവര്‍ ഈജിപ്തില്‍ സമുന്നതരായി വളര്‍ന്നു വരും.'
    ബനൂ ഇസ്‌റാഈല്യരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു പ്രതീക്ഷയുടെ വാക്കായിരുന്നു. യൂസുഫ് നബിയുടെ വിയോഗാനന്തരം അവര്‍ക്കത് സത്യമായി ബോധ്യപ്പെട്ടു.
    നീതിപൂര്‍ണവും സത്യസന്തവുമായ ഒരു ഭരണത്തിനു ശേഷം ഈജിപ്ത് സാക്ഷിയായത് ഒരു ദുഷ്ട ഭരണത്തിനായിരുന്നു.
    ധിക്കാരിയും തെമ്മാടിയുമായ പുതിയൊരു ഫറോവ ഈജിപ്തിന്റെ ഭരണ സാരഥ്യം ഏറ്റെടുക്കുന്നത് ഈ പരിതസ്ഥിതിയിലാണ്.  റംസീസ് രണ്ടാമന്‍ എന്നാണ് അയാളുടെ പേരെന്ന് നിരീക്ഷിക്കപ്പെടുന്നു. വിശുദ്ധ ഖുര്‍ആന്‍ ഫിര്‍ഔന്‍ എന്നുതന്നെയാണ് മൂസാ നബിയുടെ കാലത്തെ ഈ ഫറോവയെ പരിചയപ്പെടുത്തുന്നത്.
    അതിക്രൂരനും ധിക്കാരിയുമായിരുന്നു ഫിര്‍ഔന്‍. ഈജിപ്തിന്റെ ചരിത്രം ഇത്രമാത്രം രക്തദാഹിയായ ഒരു ഭരണാധികാരിയെ മുമ്പ് കണ്ടിട്ടില്ല. അഹങ്കാരത്തിന്റെയും ദുരഭമാനത്തിന്റെയും ആള്‍രൂപം. കണ്ണില്‍ ചോരയില്ലാത്ത മനുഷ്യന്‍. എന്തിനും ഏതിനും എടുത്തുചാടുന്ന പ്രകൃതം. പാവപ്പെട്ടവനെന്നോ നിരാലംബനെന്നോ ഒരു പരിഗണനയും ഉണ്ടായിരുന്നില്ല. തന്റെ കാര്യലാഭത്തിനുവേണ്ടി ഏതു ക്രൂരകൃത്യത്തിനും അയാള്‍ തയ്യാറായി. 
    കേവലം ഒരു ചക്രവര്‍ത്തി എന്നതിലപ്പുറം തന്റെ അറിവോടെയാണ് ഈജിപ്തിലെ സര്‍വ്വ ചലനങ്ങളും നടക്കുന്നതെന്ന് അയാള്‍ അഹംഭാവപൂര്‍വ്വം വാദിച്ചു. അഹങ്കാഹത്തിന്റെ മൂര്‍ദ്ധന്യതയില്‍ യഥാര്‍ത്ഥ ദൈവത്തെപ്പോലും മറന്നുപോയി.
    ആര്‍ഭാടവും ആനന്ദവുമായിരുന്നു ആ ജീവിതത്തിന്റെ മുഖമുദ്ര. ഭാര്യയും കുട്ടികളുമൊത്ത് കൊട്ടാരത്തില്‍ സുഖലോലുപതനായി  ജീവിച്ചുകൊണ്ടിരുന്നു. മക്കള്‍ എല്ലാം പെണ്‍കുട്ടികള്‍. ഒരു ആണ്‍കുഞ്ഞിനെ കിട്ടാത്തതിന്റെ വെഷമം ഉള്ളിന്റെയുള്ളില്‍ ഉണ്ടായിരുന്നു. പക്ഷെ, അത് പുറത്ത് കാട്ടിയില്ല.
    പല സായാഹ്നങ്ങളും നൈലിന്റെ തീരങ്ങളിലെ വിശ്രമ കേന്ദ്രങ്ങളിലാണ് കഴിച്ചുകൂട്ടിയിരുന്നത്. നൈല്‍ നദിയുടെ കുഞ്ഞോളങ്ങളില്‍ മുത്തമിട്ട് തിരിച്ചുവരുന്ന ഇളം കാറ്റിനോട് കിന്നാരം പറഞ്ഞ്, സുഖിച്ച്, രസിച്ച് അങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞുപോയി. അടിയിലൂടെ ശുദ്ധ ജലമൊഴുകുന്ന മനോഹരങ്ങളായ കൊട്ടാരങ്ങളുടെ പളപളപ്പില്‍ ആ ജീവിതം ഭൗതിക സുഖാസ്വാദനങ്ങളില്‍ കിടന്നു മദിച്ചു.
    മറുഭാഗത്ത് പട്ടാളം സര്‍വ്വരെയും വിറപ്പിച്ച് തന്റെ മേല്‍കോഴ്മ ഉറപ്പിക്കാന്‍ നാലുപാടും മുന്നേറിക്കൊണ്ടിരുന്നു. സ്ഥാന ലബ്ധിക്കും അധികാര മോഹത്തിനും മുമ്പില്‍ യാതൊരു തടസ്സവും അവിടെ പ്രശ്‌നമായിരുന്നില്ല. ഫിര്‍ഔന്റെ അഭീഷ്ടങ്ങള്‍ക്കായിരുന്നു എല്ലാറ്റിനെക്കാളും മുന്‍തൂക്കം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter