അലി മണിക്ഫാൻ, അല്‍ഭുതങ്ങളവസാനിക്കാത്ത സര്‍വ്വകലാശാല
1981, ജൂലൈ 6, ഞായറാഴ്ച..
ചൈനയിലെ ഗ്വാങ്ജോ തുറമുഖത്ത് ഒരു കൊച്ചു നൌക വന്ന് നങ്കകൂരമിടുന്നു. 2000 വര്‍ഷം മുമ്പുള്ള അറേബ്യന്‍ പായക്കപ്പലുകളുടെ അതേ മാതൃകയിലുള്ളതായിരുന്നു ആ നൌക. ഐറിഷ് സാഹസികനായ ടിം സെവെറിനും കൂട്ടുകാരായ 22 പേരുമായിരുന്നു ആ നൌകയിലുണ്ടായിരുന്നത്. 1980 നവംബര്‍ 21 ന് ഒമാനില്‍ നിന്ന് തുടങ്ങി, 9600 കിലോമീറ്റര്‍ താണ്ടി, മാസങ്ങള്‍ നീണ്ടുനിന്ന യാത്രയുടെ സ്വാഭാവിക ക്ഷീണം അവരുടെ മുഖത്തുണ്ടായിരുന്നെങ്കിലും, വലിയൊരു സ്വപ്നം പൂവണിഞ്ഞ സന്തോഷത്തിലായിരുന്നു അവരെല്ലാം. ആയിരത്തൊന്ന് രാവുകളിലെ പ്രസിദ്ധ കഥാപാത്രമായ സിന്ദ്ബാദിന്റെ യാത്രയെ പുനരാവിഷ്കരിക്കുക എന്നതായിരുന്നു അത്. എന്നാല്‍ അതിനാവശ്യമായ പുരാതന മാതൃകയിലുള്ള അറേബ്യന്‍ നൌക അവര്‍ക്ക് രൂപ കല്‍പന ചെയ്തുനല്‍കിയത്, തമിഴ് നാട്ടുകാരനായ, പ്രാഥമിക വിദ്യാഭ്യാസം പോലും ഔപചാരികമായി നേടിയിട്ടില്ലാത്ത ഒരു (അ)സാധാരണക്കാരനായിരുന്നു, അലി മണിക്ഫാന്‍.
പ്രാഥമിക വിദ്യാഭ്യാസം പോലും ഔദ്യോഗികമായി പൂര്‍ത്തീകരിച്ചിട്ടില്ലാത്ത അലി മണിക്ഫാനെ തേടി, ഇന്ത്യയിലെ പരമോന്നത ബഹുമതിയായ പത്മശ്രീ തന്നെ എത്തിയിരിക്കുകയാണ് ഇന്ന്. പ്രാഥമിക പരിശീലനം പോലുമില്ലാതെ വിവിധങ്ങളായ വിഷയങ്ങളിൽ സ്വഗവേഷണങ്ങളിലൂടെ നൈപുണ്യം തെളിയിച്ച ഈ 82 കാരന്‍, അപ്പോഴും പുതിയ പുതിയ ചിന്തകളിലും ഗവേഷണങ്ങളിലും വ്യാപൃതനാണ്.
വിദ്യാസമ്പാദനത്തിനായി ജീവിതം നയിച്ച അദ്ദേഹം സമുദ്ര ഗവേഷകനും പരിസ്ഥിതി ശാസ്ത്രജ്ഞനും പ്രപഞ്ച വൈജ്ഞാനികനും കപ്പൽ ശില്പിയും ബഹുഭാഷിയുമായ സർവകലാവല്ലഭനാണ്. ഭൂമി ശാസ്ത്രം, ജീവശാസ്ത്രം, ഗോളശാസ്ത്രം, സാമൂഹികശാസ്ത്രം, കപ്പൽ നിർമ്മാണം, മത്സ്യ-ബന്ധനം കൃഷി വ്യവസായം തുടങ്ങി നിരവധി മേഖലകളിലായി ഇദ്ദേഹത്തിന്റെ സംഭാവനകള്‍ പരന്ന് കിടക്കുന്നു.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം, അറബി, ലാറ്റിൻ, ഫ്രഞ്ച്, റഷ്യൻ, ജർമ്മൻ, സിംഹള, പേർഷ്യൻ, സംസ്കൃതം, തമിഴ്, ഉറുദു തുടങ്ങി അനേകം ഭാഷകളും ഇദ്ദേഹത്തിന് വശമാണ്.
മൂസാ മണിക്ഫാൻ, ഫാത്തിമ മാണിക്ക ദമ്പതികളുടെ രണ്ടാമത്തെ മകനായി ലക്ഷദ്വീപിന്റെ തെക്കുവശത്തെ മിനി കോയിൽ, 1938 മാർച്ച് 16 നായിരുന്നു അദ്ദേഹത്തിൻറെ ജനനം. പിതാവ് മൂസ മണിക്ഫാൻ വീട്ടിൽ തരപ്പെടുത്തിയ ഏകാധ്യാപക വിദ്യാലയത്തിലായിരുന്നു അദ്ദേഹത്തിൻറെ പ്രാഥമിക പഠനം.
പിന്നീട് കേരളത്തിലെ കണ്ണൂർ ജില്ലയിലുള്ള വിദ്യാലയത്തിൽ ഔപചാരിക പഠനത്തിനായി ചേർന്നെങ്കിലും മൂന്നാം ക്ലാസിനുശേഷം അദ്ദേഹം പഠനമുപേക്ഷിച്ചു. പരമ്പരാഗത പ്രാഥമിക വിദ്യാഭ്യാസ സമ്പ്രദായത്തെ പറ്റി അദ്ദേഹം നടത്തിയ പ്രസ്താവന വിദ്യാഭ്യാസമേഖലയിലെ പൊളിച്ചെഴുത്ത് ചർച്ചയിലേക്ക് വഴി വെക്കുന്നതാണ്. അത് ഇങ്ങനെ വായിക്കാം.
“നിർദ്ദിഷ്ട പാഠാവലികളുടെയും വിഷയങ്ങളുടെയും വേലിക്കെട്ടുകൾക്കപ്പുറത്തേക്കുള്ള വിദ്യാർത്ഥികളുടെ വളർച്ചയെ തടഞ്ഞ് ബാല്യങ്ങളുടെ സർഗാത്മക മുരടിപ്പിക്കുന്നതാണ് ഇന്നത്തെ പ്രാഥമിക വിദ്യാഭ്യാസ വ്യവസ്ഥിതി.
കുട്ടികളുടെ പഠന പ്രപഞ്ചം വിശാലമാകുന്നത് അവരുടെ ചിന്തകളെ പ്രകൃതിയിലേക്ക് ഇറങ്ങിച്ചെല്ലാൻ അനുവദിക്കുമ്പോളാണ്. കുട്ടികളുടെ അഭിരുചികളെ തിരിച്ചറിഞ്ഞ് അവരുടെ വളർച്ചയ്ക്ക് പ്രാപ്തമായ വഴിയൊരുക്കലാണ് അധ്യാപകരുടെയും രക്ഷിതാക്കളുടെയും മൗലിക ധർമ്മം."
അദ്ദേഹത്തിൻറെ അഭിപ്രായങ്ങൾ ഉൾക്കൊള്ളാനുള്ള ശേഷിയും സന്മനസ്സും നമ്മുടെ വിദ്യാഭ്യാസ ആസൂത്രിതർക്ക് ഉണ്ടാവട്ടേ എന്ന് ആഗ്രഹിച്ചുപോവുകയാണ്.
പഠന ചക്രവാളത്തിൽ തൻറെതായ കണ്ടെത്തലുകൾക്ക് ഇടം കണ്ടെത്തിയ മണിക്ഫാൻ, അധികം വൈകാതെ തന്നെ രാമനാഥപുരത്തെ കേന്ദ്ര സമുദ്ര മത്സ്യബന്ധന സ്ഥാപനത്തിൽ (CMFRI) പരീക്ഷണസഹായിയായി നിയമിക്കപ്പെട്ടു. സമുദ്രത്തെപ്പറ്റിയും ഗോളശാസ്ത്രത്തെപ്പറ്റിയുമുള്ള അദ്ദേഹത്തിൻറെ അറിവിന് മൂർച്ചകൂട്ടാൻ ഈ സ്ഥാപനത്തിലെ സേവനം ഏറെ സഹായിച്ചു. കടലിലെ വിവിധ മത്സ്യ ജാലങ്ങളെ തിരിച്ചറിയുന്നതിൽ അദ്ദേഹം നൽകിയ സംഭാവനകൾ ആധാരമാക്കി, ഒരു മല്‍സ്യത്തിന് അബൂദഫ്ദഫ് മണിക്ഫാനി എന്ന് ഔദ്യോഗിക നാമകരണം വരെ ചെയ്യപ്പെട്ടു.
കാലോചിതമായി പഠിക്കുകയും വളരുകയും ചെയ്തുകൊണ്ടേയിരുന്ന അദ്ദേഹം നൂതന സങ്കല്പങ്ങളിലേക്ക് ചിറകുവിടർത്തിപ്പറന്നു. 1981 - ലാണ് ഐറിഷ് സാഹസികനായ ടിം സെവറിൻ അറേബ്യൻ സാഹിത്യ കൃതിയായ ആയിരത്തിയൊന്ന് രാവിലെ സിന്ദ്ബാദ് സഞ്ചരിച്ച കപ്പലിന് സദൃശ്യമായ ഒരു കപ്പൽ നിർമ്മിക്കാൻ മണിക്ഫാനോട് സഹായമഭ്യർത്ഥിച്ചത്. ഒരുവർഷംകൊണ്ട് 31 പേരടങ്ങിയ വിദഗ്ധസംഘം മസ്കറ്റിലെ പണിശാലയിൽ കണ്ണഞ്ചിപ്പിക്കുന്നൊരു നൗക പണിതത് മണിക്ഫാന്റെ നേതൃത്വത്തിലായിരുന്നു. അതോടെ, അദ്ദേഹത്തിന്റെ കപ്പൽ നിർമ്മാണകൗശലം ലോകം കണ്ടറിയുകയായിരുന്നു. 22 പേരുമായി ഒമാനിൽ നിന്നും ചൈനയിലേക്ക് സഞ്ചരിച്ച ആ കപ്പൽ മാസങ്ങള്‍ക്ക് ശേഷം ലക്ഷ്യസ്ഥാനത്തെത്തി നങ്കൂരമിട്ടത്, ചരിത്രത്തിലേക്ക് കൂടിയായിരുന്നു, കൂടെ അലി മണിക്ഫാന്‍ എന്ന പേര് കൂടി അതേ താളില്‍ ചേര്‍ക്കപ്പെട്ടു. ആ വിസ്മയ കപ്പൽ ഇന്നും ഒമാനിൽ ആദരസൂചകമായി സൂക്ഷിക്കപ്പെടുന്നുണ്ട്.
പ്രായം കൂടുംതോറും വീര്യം കൂടുന്ന മണിക്ഫാൻ എന്ന പ്രതിഭ പുതിയൊരു സൃഷ്ടിയുടെ വിശേഷാധികാരം കൂടി കൈപ്പറ്റി. സ്വന്തമായി രൂപകല്പന ചെയ്ത സൈക്കിളില്‍ തൻറെ സൃഷ്ടിപരതക്ക് മാറ്റുകൂട്ടി, രാമേശ്വരത്ത് നിന്നും ഡൽഹി വരെ 45 ദിവസമെടുത്ത് യാത്ര ചെയ്ത് അദ്ദേഹം വീണ്ടും ലോകത്തെ ആശ്ചര്യപ്പടുത്തി. വിവിധങ്ങളായ ഇത്തരം കണ്ടെത്തലുകളിലൂടെ ലോകത്തിന് അനേകം കൗതുകങ്ങൾ പകർന്ന ബഹുമുഖ പ്രതിഭയാണദ്ദേഹം.
ചന്ദ്രൻറെ ഗതിവിഗതികളെ മനസ്സിലാക്കി സ്വന്തമായൊരു ചാന്ദ്രിക കലണ്ടറിന് അദ്ദേഹം രൂപംനൽകി. ലോകമുസ്‌ലിംകൾക്കുള്ള ഏകീകൃത കലണ്ടറായി ഇതിനെ സംഭാവന ചെയ്തതിലൂടെ മണിക്ഫാൻ അല്‍ഭുതങ്ങളവസാനിക്കാത്ത വിജ്ഞാനകോശമാണെന്ന് ലോകം കണ്ടറിഞ്ഞു.
ഇന്ത്യയിലെ പ്രമുഖ സർവകലാശാലയായ ജെഎൻയുവിൽ വരെ തൻറെ ജീവിത പരീക്ഷണ സത്യങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പലവുരു അദ്ദേഹം ക്ഷണിക്കപ്പെട്ടു.
"നാം നമ്മുടെ ചുറ്റുപാടുകളിൽ നിന്ന് പ്രകൃതിയെ പഠിക്കുക. അറിവ് ദൈവത്തിൻറെ സമ്മാനമാണ്. അതുകൊണ്ട് നാമെല്ലാവരും വിദ്യ അഭ്യസിക്കാൻ യോഗ്യരും കഴി വുറ്റവരുമാണ്. നമ്മുടെ വിദ്യാഭ്യാസ പ്രക്രിയയാണ് തലമുറകളുടെ വൈവിധ്യമാർന്ന സർഗ്ഗസൃഷ്ടികളെ മരവിപ്പിച്ചത്. ആയതിനാൽ പരിധികളില്ലാതെ പഠിക്കുക. ഞാൻ ഖുർആനിലേക്ക് ഇറങ്ങി ചെന്നപ്പോഴാണ് ദൈവം മനുഷ്യരെ കഴിവുള്ളവരായി സൃഷ്ടിക്കുകയും പ്രകൃതിയെ ഒരു പാഠപുസ്തകമാക്കി മാറ്റുകയും ചെയ്തിരിക്കുന്നുവെന്ന സത്യം തിരിച്ചറിഞ്ഞത്."
അലി മണിക്ഫാൻ എന്ന പ്രതിഭാസം വെറുമൊരു പ്രതിഭ മാത്രമല്ല. ബ്രഹ്മാണ്ഡ ചരിത്രത്തിലെ അക്ഷരഖനികളിലെ അനുപമമായ കണ്ടെത്തലുകളിലൂടെ അദ്ദേഹം അറിവിൻറെ പ്രഭ വറ്റാത്തൊരു പ്രഭവകേന്ദ്രമാണെന്ന് ഇന്നലെ വരെ അദ്ദേഹത്തിന്റെ പരിചയക്കാര്‍ക്കാം അറിയാമായിരുന്നു. ആ വലിയ സത്യം, പത്മശ്രീയിലൂടെ ഇന്ന് രാജ്യവും ദേശാന്തരങ്ങളും അംഗീകരിക്കുകയും ചെയ്തിരിക്കുന്നു.
Leave A Comment