യൂറോപ്യൻ യൂണിയൻ പ്രതിനിധി സംഘം ഇന്ന് കശ്മീരിലെത്തും
ന്യൂഡൽഹി: ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞ് മൂന്ന് മാസത്തിന് ശേഷം യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘത്തിന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാൻ കേന്ദ്രസർക്കാർ അവസരമൊരുക്കുന്നു. ഇതിനായി യൂറോപ്യന്‍ യൂണിയന്റെ 27 അംഗ പ്രതിനിധി സംഘം ഇന്ത്യയിലെത്തി. ഇവർ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിന് ശേഷം കശ്മീര്‍ സന്ദര്‍ശിക്കുന്ന ആദ്യ വിദേശ സംഘമാണ് ഇവര്‍. എന്നാൽ ഇറ്റലി, യു.കെ, ഫ്രാന്‍സ്, ജര്‍മ്മനി, പോളണ്ട് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വലതുപക്ഷ പാര്‍‍ട്ടി പ്രതിനിധികള്‍ മാത്രമാണ് ഈ സംഘത്തിലുള്ളത്. ഇവർ ‘സ്വന്തം കപ്പാസിറ്റി’യിലാണ് കശ്മീര്‍ സന്ദര്‍ശിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം വലതുപക്ഷ പാർട്ടിയായ ബി.ജെ.പിയുടെ കശ്മീരിനോടുള്ള നയത്തില്‍ അനുഭാവമുള്ള സംഘം താഴ്‍വര സന്ദര്‍ശിക്കുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ കനത്ത വിമർശനമാണ് ഉയർന്നത്. ജമ്മുകശ്മീരിലെ സാഹചര്യം സംബന്ധിച്ച് വാഷിങ്ടണ്ണില്‍ നടന്ന യുഎസ് കോണ്‍ഗ്രസില്‍ ഏതാനും പ്രതിനിധികള്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ലോകത്തിനു മുമ്പിൽ ഇതുവഴി പുകമറ സൃഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നാണ് വിമർശനം. സംസ്ഥാനം സന്ദര്‍ശിച്ചും പ്രദേശവാസികളുമായി സംസാരിച്ചും സാഹചര്യം അറിയണമെന്നാണ് സംഘാംഗങ്ങളുടെ ആവശ്യം. എന്നാൽ യൂറോപ്യൻ യൂണിയൻ പ്രതിനിധികളെ കശ്മീർ സന്ദർശിക്കാൻ അനുവദിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായി രംഗത്തുവന്നു. രാജ്യത്തെ നേതാക്കളെ തടഞ്ഞ് പ്രതിനിധി സംഘത്തിന് സന്ദര്‍ശനാനുമതി നല്‍കുന്നത് ജനാധിപത്യത്തെ അപമാനിക്കലാണെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ ജമ്മു കശ്മീരിലേക്ക് പ്രവേശിക്കുന്നത് തടയുമ്പോള്‍, എന്താണ് തീവ്രദേശീയതയുടെ വക്താവിനെ യൂറോപ്പിലെ രാഷ്ട്രീയക്കാര്‍ക്ക് സന്ദര്‍ശനത്തിന് അനുമതി നല്‍കാന്‍ പ്രേരിപ്പിച്ചതെന്ന് മുൻ കേന്ദ്രമന്ത്രി ജയറാം രമേശ് ചോദിച്ചു. ഇന്ത്യയുടെ പാര്‍ലമെന്റിനും നമ്മുടെ ജനാധിപത്യത്തിനും ഇത് കടുത്ത അപമാനമാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്യുകയും ചെയ്തു. എന്നാല്‍ പ്രതിനിധി സംഘത്തിന് പ്രദേശവാസികളോട് സംസാരിക്കാന്‍ അവസരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും കശ്മീരും ലോകവും തമ്മിലുള്ള ഇരുമ്പുമറ മാറേണ്ടതുണ്ടെന്നും കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി ട്വീറ്റ് ചെയ്തു. പ്രതിനിധി സംഘത്തിന്റെ സന്ദര്‍ശനം തടയണമെന്നും അത് രാജ്യ നയത്തിന് വിരുദ്ധമാണെന്നും ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും പ്രതിഷേധം അറിയിച്ച് രംഗത്തെത്തി. സുപ്രീം കോടതി അനുമതി നല്‍കിയതിന് ശേഷം മാത്രമാണ് എന്നെ ശ്രീനഗറിലേക്ക് പ്രവേശിക്കാന്‍ സമ്മതിച്ചത്. ഇന്നും ഇന്ത്യന്‍ എംപിമാര്‍ക്ക് അനുമതിയില്ല. അപ്പോഴാണ് മോദി യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധികളെ സ്വാഗതം ചെയ്യുന്നത് എന്നായിരുന്നു യെച്ചൂരിയുടെ പ്രതികരണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter