റോഹിംഗ്യകളുടെ രോദനങ്ങള്‍ ലോകം ഇനിയും കേള്‍ക്കാത്തതെന്താണ്?!

അറാകാനില്‍നില്‍നിന്നും ബംഗ്ലാദേശിലെ ധാക്കയിലേക്ക് പലായനം ചെയ്യുകയായിരുന്ന റോഹിംഗ്യന്‍ ബോട്ട് മുങ്ങി കുട്ടികളും സ്ത്രീകളുമടക്കം 16 പേര്‍ മരിച്ചതാണ് മ്യാന്മറില്‍നിന്നും വന്ന ഏറ്റവും അവസാനത്തെ വാര്‍ത്ത. ബുദ്ധ ഭീകരതയില്‍ മനംനൊന്ത് ഇപ്പോഴും അഭയം തേടി മുസ്‌ലിംകള്‍ പലായനം തുടര്‍ന്നുകൊണ്ടിരിക്കുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളില്‍ നാലു ലക്ഷത്തോളം ആളുകള്‍ രക്ഷ തേടി പുറത്തുപോയി എന്നാണ് യു.എന്നിന്റെ കണക്ക്.

നിലനില്‍പ്പ് നഷ്ടപ്പെട്ട ഒരു ജനതയുടെ രോദനങ്ങള്‍ ഇവിടെയും അവസാനിക്കുന്നില്ല. മ്യാന്മര്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ യു.എന്‍ നിയോഗിച്ച അന്വേഷണ സംഘത്തെ അടുക്കാന്‍ പോലും സൂകി ഗവണ്‍മെന്റ് അനുവദിക്കുന്നില്ലായെന്നതാണ് സത്യം. ലോകം അറിഞ്ഞതിലും എത്രയോ ഭീകരമാണ് റോഹിംഗ്യന്‍ മുസ്‌ലിംകളുടെ അവസ്ഥ എന്നാണ് ഇത് വ്യക്തമാക്കുന്നത്.

പീഡനത്തിന്റെയും വംശഹത്യയുടെയും കൊടുമുടികള്‍ താണ്ടുകയാണ് റോഹിംഗ്യന്‍ മുസ്‌ലിംകള്‍. ഇത് കണ്ടില്ലെന്ന് നടിക്കാന്‍ ലോകരാഷ്ട്രങ്ങള്‍ക്ക് എങ്ങനെ കഴിയുന്നുവെന്നതാണ് ഏറെ ഖേദകരം!

ലോകമാനസാക്ഷിയെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നരഹത്യാ വാര്‍ത്തകളാണ് ദൈനംദിനം ഇപ്പോഴും അവിടെനിന്ന് സോഷ്യല്‍ മീഡിയ വഴിയും മറ്റും പുറത്തുവരുന്നത്.  ഓരോ നിമിഷവും റോഹിംഗ്യന്‍ മുസ്ലിംകളിലോരോരുത്തരും അതി ദാരുണമായി വധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ് അറിയുന്നത്. അവരുടെ മരണവും കപ്പല്‍ അപകടങ്ങളുമൊന്നും മാധ്യമങ്ങള്‍ക്കു പോലും ഇന്ന് വാര്‍ത്തയല്ലാതായി മാറി.

സമാധാനത്തിനുള്ള നോബല്‍ ലഭിച്ച ആങ് സൂചി തലപ്പത്തിരിക്കുന്ന മ്യാന്‍മര്‍ ഇത്തരം നരമേധങ്ങള്‍ക്ക് നേതൃത്വം നല്‍കുമ്പോള്‍ സമുന്നതമായൊരു അവാര്‍ഡിന്റെ വില നഷ്ടപ്പെട്ടതാണ് നാം തിരിച്ചറിയുന്നത്. പാവപ്പെട്ടവുടെ ശവശരീരങ്ങള്‍കൊണ്ട് തെരുവുകള്‍ നിറഞ്ഞുകവിയുമ്പോള്‍ ആ അവാര്‍ഡിന് ചവറ്റു കൊട്ടയില്‍ കിടക്കുന്ന മാലിന്യങ്ങളുടെ  അത്രപോലും വിലയില്ല എന്ന് വേണം നാം മനസ്സിലാക്കാന്‍.

ഇവിടെ മ്യാന്മര്‍ കൗണ്‍സിലര്‍ മേധാവി സൂചിയോട് നമുക്ക് പറയാനുള്ളത് ഇത്രമാത്രം: സൂചീ... ആ നിരപരാധികളും നിഷ്‌കളങ്കരുമായ സ്ത്രീകളെയും കുട്ടികളെയും നിഷ്‌കരുണം കൊന്നൊടുക്കുമ്പോള്‍ താങ്കള്‍ അലമാരയില്‍ സൂക്ഷിച്ച ആ അവാര്‍ഡ് നിങ്ങളെ നോക്കി പരിഹസിക്കുന്നുണ്ടാകും... അവരും  മനുഷ്യരാണ്.. സിരകളില്‍ രക്തമോടുന്നവര്‍...  വികാരങ്ങളും വിവേകവുമുള്ളവരാണവരും...  ഈ ഭൂമിയില്‍  ജീവിക്കാന്‍ അര്‍ഹതയുള്ള സാധാരണ മനുഷ്യര്‍... ആയതിനാല്‍, പിറന്ന മണ്ണില്‍ ജീവിക്കാന്‍ അവര്‍ക്കും അനുമതി നല്‍കുക. ഇത് താങ്കളുടെ ഔദാര്യമല്ല. അവരുടെ അവകാശമാണ്.

എന്ത് കൊണ്ട് റോഹിംഗ്യന്‍ മുസ്ലിംകള്‍ ആക്രമിക്കപ്പെടുന്നുവെന്നൊരു ചോദ്യം ഇവിടെ ഉയര്‍ന്നേക്കാം. മ്യാന്‍മറില്‍ നടക്കുന്ന ഈ വംശീയ ഉന്മൂലനം, ഇസ്ലാം എന്ന മതത്തിന്റെ വളര്‍ച്ചയെ ഭയന്നുകൊണ്ടാണെന്ന് നിസ്സംശയം പറയാം... കാരണം, പഴയ കാല ബര്‍മ്മയായിരുന്ന മ്യാന്‍മറിന്റെ ചരിത്രം പറഞ്ഞ് തരുന്നത്, മുസ്ലിം വിരോധത്തിന്റെ കഥ തന്നെയാണ്.

    
സുലൈമാന്‍ ഷാ എന്നറിയപ്പെട്ടിരുന്നയാള്‍ സ്ഥാപിച്ച മുസ്ലിം ഭരണകൂടത്തെ തകര്‍ത്തെറിഞ്ഞ് ബുദ്ധന്മാര്‍ കടന്നുവന്നത് മുതല്‍ക്കാണ് മ്യാന്‍മറിന്റെ  ഭീകര ചരിത്രം തുടങ്ങുന്നത്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അധീനതയില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്ക് കടന്ന് വന്ന മ്യാന്‍മറിനെ പിന്നീട് കാത്തിരുന്നത് പട്ടാള ഭരണമായിരുന്നു. അവസാനം ജനാധിപത്യ രാഷ്ട്രങ്ങളുടെ പട്ടികയിലേക്ക്, നമ്മുടെ ഉത്തര്‍പ്രദേശിനോളം മാത്രം വലുപ്പമുള്ള മ്യാന്‍മര്‍ കാലെടുത്ത് വെക്കുമ്പോള്‍ അവിടെയുള്ള ജനങ്ങള്‍ വളരെ പ്രതീക്ഷയോടെയായിരിക്കും അവയെല്ലാം നോക്കി കണ്ടത്...

        പക്ഷേ, ലോകത്തിന് മുമ്പില്‍ സമാധാനത്തിന്റെ അപ്പോസ്തലന്മാരായിരിക്കുന്ന ബുദ്ധ സന്യാസിമാര്‍, മുസ്ലിംകള്‍ തിങ്ങിപ്പാര്‍ത്തിരുന്ന 'അറാക്കാന്‍' പോലുള്ള മ്യാന്‍മറിലെ ഭാഗങ്ങളില്‍ കയറി താണ്ഡവമാടിയ കാഴ്ചയാണ് ലോകം കണ്ടത്. കൃഷിക്കുള്ള ജലം മാത്രം ഒഴുകിയിരുന്ന മ്യാന്‍മറിന്റെ മണ്ണില്‍ മനുഷ്യ രക്തങ്ങള്‍ നീര്‍ച്ചാലുകളായി ഒഴുകി പിന്നീട്. പിഞ്ചുകുഞ്ഞുങ്ങളെ തല കീഴായി പിടിച്ച് കാല് രണ്ടും വലിച്ച് നെടുകെ ച്ഛേദിക്കുമ്പോള്‍, ശബ്ദം പോലും ഉയര്‍ത്താനാകാതെ റോഹീന്‍ഗ്യന്‍ മുസ്ലിംകള്‍ ജീവനായി കേണ് കൊണ്ടിരുന്നു. പിതാവും പുത്രനും സഹോദരങ്ങളും ബുദ്ധ സന്യാസിമാരുടെ കൊലക്കത്തിക്കിരയായതിന്റെ നടുക്കം മാറും മുമ്പ് മടിക്കുത്തഴിക്കുന്നവന് മുമ്പില്‍ കൂപ്പ് കൈകളോടെ നില്‍ക്കാന്‍ മാത്രമേ അവിടെയുള്ള സഹോദരിമാര്‍ക്കായുള്ളൂ.

ഇസ്‌ലാമോഫോബിയയാണ് അവരെ ഇതെല്ലാം ചെയ്യാന്‍ പ്രേരിപ്പിക്കുന്നത്. സമാധാനത്തിന്റെ ശാദ്വല തീരംതീര്‍ത്ത ഇസ്‌ലാമിനെയും അതിന്റെ വളര്‍ച്ചയെയും പടിഞ്ഞാറിനെ പോലെ അവരും പേടിക്കുന്നു. ഈ മനോഗതി മാറാന്‍ സമയം അതിക്രമിച്ചിരിക്കുന്നു.

വിശ്വാസത്തെ അറവുമാടാക്കി ജന്മ നാട്ടില്‍ നിന്നും തങ്ങള്‍ക്ക് ലഭിക്കുന്ന പീഡനത്തിന് ആരാണുത്തരവാദി...? മതം ഒരാളുടെ മൂല്യങ്ങളെ ഇല്ലാതാക്കുന്നുണ്ടോ...? ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ഒന്നായിരിക്കെ എന്തിനീ നീചകൃത്യം? മനുഷ്യത്വം മരവിക്കാത്ത ലോകത്തെ ഓരോരുത്തരം ഉത്തരം നല്‍കേണ്ട ചോദ്യങ്ങളാണിവ. നാടും വീടും വിട്ട് അന്യ രാജ്യങ്ങളിലേക്ക് പാലായനം ചെയ്ത് പോകുന്ന ആ പാവങ്ങളുടെ കാലിനടിയിലെ ഓരോ മണല്‍ത്തരികളും കരയുന്നുണ്ടാകും, അവര്‍ക്കു വേണ്ടി. മീഡിയകളും ചാനലുകളും അവര്‍ക്കു നേരെ കണ്ണടച്ചാലും. കാരണം, മരണ തുല്യമായ ആ യാത്ര നിശബ്ദമായി കാണുന്നത് ആ മണല്‍ത്തരികള്‍ മാത്രമാണ്. ലോക ശക്തികള്‍ അവര്‍ക്കെതിരെ മുഖം തിരിച്ചാലും ദൈവ സൃഷിടിയായ പ്രകൃതി തന്നെ അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടാകും.. മര്‍ദ്ദിതന്റെയും അക്രമിക്കപ്പെടുന്നവരുടെയും പ്രാര്‍ത്ഥന സ്രഷ്ടാവ് കൈ വെടിയില്ല എന്ന ആശ്വാസത്തില്‍ നല്ലൊരു നാളേക്കുവേണ്ടി നമുക്ക് കാത്തിരിക്കാം, പ്രാര്‍ത്ഥനയോടെ.

(കോട്ടക്കല്‍ സൈതൂന ഇന്റര്‍നാഷ്ണല്‍ ഗേള്‍സ് കാമ്പസിലെ സൈക്കോളജി ബിരുദ വിദ്യാത്ഥിനിയാണ് ലേഖിക)

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter