അഭയാര്‍ത്ഥി ക്യാംപുകളില്‍ കുട്ടികളുടെ അവസ്ഥ പരിതാപകരം
kailash(പ്രമുഖ ബാലാവകാശ പ്രവര്‍ത്തകനും നോബല്‍ പ്രൈസ് ജേതാവുമായ കൈലാഷ് സത്യാര്‍ത്ഥി തന്റെ പ്രവര്‍ത്തന മേഖലയിലെ അനുഭവങ്ങള്‍ പങ്കുവെക്കുന്നു.) മൂന്നു പതിറ്റാണ്ടുകളായി കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് ദേശീയ, അന്തര്‍ദേശീയ തലങ്ങളില്ഡ കാംപയിനുകള്‍ നടത്തിവരികയാണ് കൈലാഷ് സത്ത്യാര്‍ത്ഥി. ബാലവേലയിലും പീഢനങ്ങളിലും എത്തിപ്പെടുന്ന കുട്ടികളെ രക്ഷപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെ അദ്ദേഹം ആരംഭിച്ച ബച്പന്‍ ബച്ചാവോ ആന്ദോളന്‍ ശ്രദ്ധേയമാണ്. ഇന്ന് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദേശീയ തലത്തില്‍തന്നെ അംഗീകരിക്കപ്പെട്ടുകഴിഞ്ഞു. 2014 ല്‍ മലാല യൂസുഫ് സായിയോടൊപ്പം അദ്ദേഹത്തിനും നോബല്‍ പ്രൈസ് ലഭിച്ചിരുന്നു. ഇപ്പോള്‍ ഹണ്ട്രഡ് മില്ല്യന്‍ ഫോര്‍ ഹണ്ട്രഡ് മില്ല്യന്‍ എന്ന ഒരു കാംപയിന്‍ തുടങ്ങാനുള്ള ഒരുക്കത്തിലാണദ്ദേഹം. ലോകമൊന്നാകെയുള്ള യുവാക്കെ ളെ ഉദ്ദേശിച്ചുകൊണ്ടാണ് ഈയൊരു സംരംഭം തുടങ്ങാനിരിക്കുന്നത്. ഈയിടെ ഐ.എ.എന്‍.എസുമായി അദ്ദേഹം നടത്തിയ അഭിമുഖത്തില്‍നിന്നും ചില ഭാഗങ്ങള്‍: r 1താങ്കളുടെ ദീര്‍ഘ കാല പ്രവര്‍ത്തന മേഖലയാണല്ലോ ബാല അവകാശങ്ങളും അവര്‍ നേരിടുന്ന വിവേചനങ്ങളും. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ എന്തു പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്? കഴിഞ്ഞ ജൂലൈ 19 ന് രാജ്യ സഭ പാസ്സാക്കിയ ബാല വേല നിരോധന-നിയന്ത്രണ ബില്ലിന്റെ പരിഷ്‌കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലായിരുന്നു ഈയടുത്തായി എന്റെ പ്രവര്‍ത്തനങ്ങള്‍. ബില്ല് പാസായിട്ടുണ്ടെങ്കിലും അതില്‍ പ്രധാനമായും രണ്ടു പ്രശ്‌നങ്ങള്‍ പ്രകടമാണ്. കുട്ടികള്‍ക്ക് ജോലി നോക്കല്‍ അപകടകരമായ 83 വ്യവസായങ്ങള്‍ ഉണ്ടായിരുന്നു മുമ്പ്. എന്നാല്‍, ഇന്നത് കേവലം മൂന്നായി ചുരുക്കിയിരിക്കുന്നു. പതിനാലു വയസ്സിനു താഴെയുള്ള കുട്ടികളെയും വീട്ടുവേലകള്‍ക്ക് ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നുവെന്നതാണ് അതിലെ രണ്ടാമത്തെ പ്രശ്‌നം. ഇതു രണ്ടും കുട്ടികള്‍ ചൂഷണം ചെയ്യപ്പെടാനും ബാലവേലകള്‍ വര്‍ദ്ധിക്കാനും വഴിയൊരുക്കുന്നതാണ്. ബില്‍ ലോകസഭയില്‍ പാസാക്കുന്നതിനു മുമ്പ് ഈ രണ്ടു പ്രശ്‌നങ്ങളും പരിഹരിക്കപ്പെടേണ്ടതുണ്ട്. മറ്റു ഏതെല്ലാം പ്രവര്‍ത്തനങ്ങളിലായിരുന്നു ഈ കാലയളവില്‍ താങ്കള്‍ ശ്രദ്ധിച്ചിരുന്നത്? ഹണ്ട്രഡ് മില്ല്യന്‍ ഫോര്‍ ഹണ്ട്രഡ് മില്ല്യന്‍ എന്ന പേരില്‍ ഒരു കാംപയിന്‍ തുടങ്ങുന്നതിനെക്കുറിച്ചുള്ള ചിന്തയിലാണ് ഞാന്‍. അതിന്റെ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. അവകാശങ്ങള്‍ ഹനിക്കപ്പെടുകയും വിദ്യാഭ്യാസത്തിനു അവകാശം നിശേധിക്കപ്പെടുകയും ചെയ്യുന്ന 100 മില്ല്യനോളം കുട്ടികളുണ്ട് ഇന്ന് ലോകത്ത്. പോഷകങ്ങളടങ്ങിയ ഭക്ഷണമോ പൂര്‍ണ സുരക്ഷിതത്വമോ അവര്‍ക്ക് ലഭിക്കുന്നില്ല. അതില്‍നിന്നും അവരെ സംരക്ഷിക്കല്‍ നമ്മുടെ ധര്‍മമാണ്. അതിനായി ആവശ്യത്തിന് ഭക്ഷണവും വിദ്യാഭ്യാസവും കരുത്തുമുള്ള വേറെ 100 മില്ല്യന്‍ ചെറുപ്പക്കാരെ ലഭിക്കണം. അവര്‍ നിരാലംബരായ ഈ കുട്ടികളുടെ ശബ്ദമായി മാറണം. അതിനു അവസരമൊരുക്കലാണ് ഈ പദ്ധതിയിലൂടെ നാം ഉദ്ദേശിക്കുന്നത്. സോഷ്യല്‍ മീഡിയ, സ്ഥാപനങ്ങള്‍, സംഘടനകള്‍ തുടങ്ങിയവയിലൂടെ ചെറുപ്പക്കാരെ സംഘടിപ്പിക്കാനാണ് നാം ഉദ്ദേശിക്കുന്നത്. r 2എങ്ങനെയാണ് കുട്ടികളുടെ അവകാശങ്ങള്‍ക്ക് ശ്രദ്ധ നല്‍കണമെന്ന ഒരു ചിന്തയിലേക്ക് താങ്കളുടെ കരിയര്‍ എത്തിപ്പെടുന്നത്? അതിനു പ്രത്യേകം വല്ല നിമിത്തങ്ങളുമായിരുന്നോ? ഏകദേശം എനിക്ക് അഞ്ചര വയസ്സുള്ള സമയം. അന്നാണ് ഞാന്‍ സ്‌കൂളില്‍ പോകാന്‍ ആരംഭിക്കുന്നത്. അന്ന് സ്‌കൂളിനു പുറത്ത് ഷൂ തുന്നിക്കൊണ്ടിരിക്കുന്ന ഒരു പയ്യനെ എന്റെ ശ്രദ്ധയില്‍ പെട്ടു. ആ ഒരു ദൃശ്യം എന്നെ ശരിക്കും ചിന്തിപ്പിച്ചു. ഞാന്‍ അതിനെക്കുറിച്ച് അധ്യാപകരോടും മാതാപ്പിതാക്കളോടും ചോദിച്ചെങ്കിലും തൃപ്തികരമായൊരു മറുപടി എനിക്കു ലഭിച്ചില്ല. അതുമുതലാണ് ഞാന്‍ കുട്ടികളെക്കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. പുസ്തകം വാങ്ങാന്‍ പണമില്ലാത്തവര്‍ക്കും ഫീസടക്കാന്‍ വകയില്ലാത്തവര്‍ക്കുമെല്ലാം ഞാന്‍ അന്നുതന്നെ എന്നെക്കൊണ്ടാവുന്ന സഹായങ്ങള്‍ ചെയ്യുമായിരുന്നു. എഞ്ചിനിയറിംഗ് പഠിച്ചിറങ്ങിയതിനു ശേഷം ഒന്നര വര്‍ഷം മാത്രമേ ഞാന്‍ ജോലി ചെയ്തുള്ളൂ. കുട്ടികളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പര്യം വന്നതോടെ പിന്നെ, ആ മേഖലയിലേക്കു തിരിക്കുകയായിരുന്നു. എന്റെ ഭാര്യ തന്നെയായിരുന്നു എനിക്കിതില്‍ വലിയ പ്രോത്സാഹനം. നോബല്‍ പ്രൈസ് താങ്കളുടെ പ്രവര്‍ത്തനങ്ങളെ എത്രമാത്രം സഹായിച്ചു? ദേശീയമായും അന്തര്‍ദേശീയമായും ഏറെ പ്രസിദ്ധനാവാന്‍ അതെനിക്ക് വഴി തുറന്നു. എന്റെ ഏരിയയിലെ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇന്ത്യയിലും പുറത്തുമുള്ള പല പ്രമുഖരുമായും കണ്ട് സംസാരിക്കേണ്ടി വരും. പലപ്പോഴും, അത്തരം അപ്പോയ്‌മെന്റുകള്‍ കിട്ടാന്‍ ഒരു മാസം വരെ വേണ്ടിവന്നിരുന്നു അന്ന്. എന്നാല്‍, പ്രൈസ് ലഭിച്ചതോടെ എല്ലാം സുഖമമായി. പല തീരുമാനങ്ങളുമായി ബന്ധപ്പെട്ടും ചര്‍ച്ചകള്‍ നടത്താന്‍ പ്രധാനമന്ത്രിയെയും പ്രസിഡണ്ടിനെയും മറ്റു പ്രമുഖരെയും കാണാനുള്ള അവസരങ്ങള്‍ എളുപ്പത്തില്‍തന്നെ തരപ്പെട്ടുകിട്ടുന്നു. ഇതിലൂടെ ലഭിച്ച അംഗീകാരത്തിന്റെ ഭാഗമായിട്ടായിരിക്കണം ഇത്. പല സമൂഹങ്ങളിലും വളരെ അപ്രധാനമായി മാത്രം കരുതപ്പെട്ടിരുന്ന ഒരു കാര്യമാണ് കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയെന്നത്. എന്നാല്‍, പലരുമായും ബന്ധപ്പെട്ടുകൊണ്ട് അതിനെ പരിഗണിക്കപ്പെടേണ്ട ഒരു മേഖലയായി ഉയര്‍ത്തിക്കൊണ്ടുവരാന്‍ എന്റെ പ്രവര്‍ത്തനങ്ങളിലൂടെ സാധിച്ചിട്ടുണ്ട്. നോബല്‍ പ്രൈസിലൂടെ കൈവന്ന ഏറ്റവും വലിയ കാര്യം ഇതാണ്; മില്ലിനിയം ഡവലെപ്‌മെന്റ് ലക്ഷ്യങ്ങളില്‍ ബാലവേല, ബാല അടിമത്തം തുടങ്ങിയവയെ ഉള്‍പ്പെടുത്തി എന്നതാണത്. അത് വലിയൊരു കാര്യമാണ്. ഈ മേഖലയിലെ നിരന്തര പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നുവെന്നതിനുള്ള തെളിവാണത്. r 3ഒരു സാധാരണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ബാല വേല നിര്‍ത്തലാക്കാന്‍ എന്താണ് ചെയ്യാന്‍ കഴിയുക? എങ്ങനെയാണ് അത് ചെയ്യുക? ബാല വേലയോടുള്ള മൗനം വെടിയുകയെന്നതാണ് അവര്‍ ആദ്യമായി ചെയ്യേണ്ട കാര്യം. എല്ലാ കുട്ടികളെയും സ്വന്തം മക്കളെപ്പോലെ കാണാന്‍ നാം തയ്യാറാവുക. ഇത്തരം വല്ല സംഭവങ്ങളും ദൃഷ്ടിയില്‍ പെ്ട്ടാല്‍ സ്ഥലത്തെ എം.എല്‍.എയോ എം.പിയുമായോ ബന്ധപ്പെട്ട് പരിഹരിക്കാന്‍ വഴി തുറക്കുക. സോഷ്യല്‍ മീഡിയകള്‍ ഇതിനായി ഉപയോഗപ്പെടുത്തുകയെന്നതാണ് മറ്റൊരു വഴി. ബാല ചൂഷണങ്ങള്‍ ഉണ്ടാകുന്നിടത്ത് സമരങ്ങളും പ്രതിഷേധങ്ങളും സംഘടിപ്പിക്കുകയെന്നത് മറ്റൊരു രീതിയാണ്. ആളുകള്‍ക്കിടയില്‍ ഇതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയെന്നതുതന്നെയാണ് മാറ്റം കൊണ്ടുവരാനുള്ള ഏറ്റവും പ്രധാനപ്പെട്ട മാര്‍ഗം. ലോകത്തിന്റെ പല ഭാഗത്തുനിന്നും അനുഭവത്തിലൂടെ തെളിഞ്ഞ കാര്യമാണിത്. കഴിഞ്ഞ 15 വര്‍ഷത്തിനിടക്ക് ബാലവേല 26 കോടിയില്‍നിന്നും 18 കോടിയാക്കി ചുരുക്കാന്‍ പറ്റിയെന്നതാണ് യു.എന്നിന്റെ കണക്കുകള്‍ പറയുന്നത്. സ്‌കൂളുകളില്‍ പോകാത്ത കുട്ടികളുടെ എണ്ണം 13 കോടിയില്‍നിന്നും 6 കോടിയിലേക്കും ചുരുങ്ങിയിട്ടുണ്ട്. പ്രവര്‍ത്തനങ്ങള്‍ ഫലം ചെയ്യുന്നുവെന്നുതന്നെയാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. യൂറോപ്പില്‍ ഇന്ന് വലിയൊരു അഭയാര്‍ത്ഥി പ്രശ്‌നം നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. കുട്ടികളുടെ ദീനരോദനങ്ങളാണ് ഇവിടെ നിന്നും ഉയര്‍ന്നുകേള്‍ക്കുന്നത്. ഈ പ്രശ്‌നവുമായി ബന്ധപ്പെട്ട് താങ്കള്‍ എന്താണ് ചെയ്തത്? r 4ഈയിടെ ഞാനും എന്റെ ഭാര്യയും ജര്‍മനിയിലെ ഒരു അഭയാര്‍ത്ഥി ക്യാംപില്‍ പോയിരുന്നു. അവിടെനിന്നും കുട്ടികള്‍ അനുഭവിക്കുന്ന വേദനകളെ എനിക്ക് ശരിക്കും അടുത്തറിയാന്‍ സാധിച്ചു. ആ കുട്ടികള്‍ക്കെല്ലാം വലിയ വലിയ സ്വപ്‌നങ്ങളുണ്ടായിരുന്നു. പക്ഷെ, അവരുടെ കുടുംബങ്ങളെല്ലാം തകര്‍ന്നുപോവുകയും അവരുടെ സമ്പാദ്യങ്ങളെല്ലാം നശിച്ചുപോവുകയും ചെയ്തിട്ടുണ്ട്. തുര്‍ക്കി അഭയാര്‍ത്ഥി ക്യാംപിലും ഒരു ദിവസം ചെലവഴിക്കാന്‍ എനിക്കു സാധിച്ചു. അവിടത്തെ അവസ്ഥയും മറ്റൊന്നായിരുന്നില്ല. വര്‍ദ്ധിച്ചുവരുന്ന ഇത്തരം പലായനങ്ങള്‍ സത്യത്തില്‍ കുട്ടികളെയാണ് ആഴത്തില്‍ ബാധിക്കുന്നത്. അവരുടെ സുരക്ഷിതത്വവും ഭക്ഷണവും വിദ്യാഭ്യാസവുമെല്ലാം ഇതോടെ അവതാളത്തിലാവുന്നു. പലരും അടിമകളാക്കപ്പെടുകയോ ക്രിമിനലുകളായി മാറുകയോ ചെയ്യുന്നു. ചിലര്‍ അപ്രത്യക്ഷരായിപ്പോകുന്നു. അവരെക്കുറിച്ച് അന്വേഷിക്കാനോ അവരെ ശ്രദ്ധിക്കാനോ ആരും ഉണ്ടാകുന്നില്ല. ഇന്ന് നാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണിത്. ഇന്ന് സംഘര്‍ഷ ഭൂമിയായി മാറിയ സിറിയയില്‍നിന്നു മാത്രം 20 കുട്ടികള്‍ അപ്രത്യക്ഷരായിട്ടുണ്ടെന്നതാണ് കണക്ക്. ഇക്കാര്യം ഞാന്‍ പല രാഷ്ട്ര മേധാവികളുമായും ചര്‍ച്ച ചെയ്തിട്ടുണ്ട്. കുട്ടികളെ സംരക്ഷിക്കാന്‍ ഓരോ രാഷ്ട്രവും തങ്ങളുടെ സംരക്ഷണത്തിന്റെ വാതിലുകള്‍ തുറന്നു നല്‍കാന്‍ സമയമതിക്രമിച്ചിരിക്കുന്നു. അതൊരുപക്ഷെ, അവരുടെ സമാധാന ജീവിതത്തിനു വഴി തുറന്നേക്കാം. ഇക്കാര്യം തുര്‍ക്കിയില്‍ നടന്ന യു.എന്‍. ഹുമാനിറ്റേറിയന്‍ സമ്മിറ്റിലും ഞാന്‍ ഉന്നയിച്ചിരുന്നു. ഇത്തരം കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്‍കുകയെന്ന ഉദ്ദേശ്യത്തോടെ 'എജ്യുക്കേഷന്‍ കനോട്ട് വെയ്റ്റ്' എന്ന പേരില്‍ ഒരു കാംപയില്‍ അന്നുമുതല്‍ നടന്നുവരുന്നുണ്ട്. വിവ. മോയിന്‍ മലയമ്മ

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter