സിറിയന്‍ സിവില്‍ വാര്‍: അലെപ്പോ കത്തിയെരിയുകയാണ്
aleppo2011 ല്‍ സിറിയന്‍ സിവില്‍ യുദ്ധം ആരംഭിച്ചതിനു ശേഷം അലെപ്പോയിലുണ്ടായ ഏറ്റവും തീവ്രതയേറിയ ആക്രമണമായിരുന്നു കഴിഞ്ഞ ആഴ്ച അവിടെ സംഭവിച്ചത്. 400 ല്‍ പരം നിരപരാധികള്‍ മരണപ്പെട്ട ആക്രമണത്തില്‍ നൂറുക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ധാരാളം കെട്ടിടങ്ങളും വീടുകളും തകര്‍ന്നടിയുകയും ചെയ്തു. ഈ ഭീകരാക്രമണത്തിന് സാക്ഷിയായ സിറിയന്‍ നിവാസിയും സിറിയന്‍ സിവില്‍ ഡിഫന്‍സ് നേതാവുമായ ബീബര്‍ മിഷാല്‍ തന്റെ അന്നേദിവസത്തിലെ അനുഭവം പങ്കുവെക്കുകയാണിവിടെ: അന്ന് രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നോ പ്രഭാതത്തില്‍ എപ്പോഴാണ് ഉണര്‍ന്നതെന്നോ എനിക്കറിയില്ല. രാത്രി തീരെ ഉറക്കം വന്നില്ലയെന്നുതന്നെ പറയാം. ഇത് എന്റെ മാത്രം കഥയല്ല. എല്ലാവരുടെയും അവസ്ഥ അതുതന്നെയായിരുന്നു. ഞങ്ങളുടെ ജീവിതത്തിലെ ആദ്യത്തെ അനുഭവമായിരുന്നു ഇത്. വേദനാ ജനകമായ അനുഭവം. എന്റെ കൈകളില്‍ സിവില്‍ ഡിഫന്‍സ് സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ടായിരുന്നു. യുദ്ധവും സമാധാനവുമായി ബന്ധപ്പെട്ട മറ്റൊരു രേഖയുമുണ്ടായിരുന്നു. പക്ഷെ, അവക്കൊന്നും അപ്പോള്‍ യാതൊരു പ്രസക്തിയും ഉണ്ടായിരുന്നില്ല. അന്തര്‍ദേശീയ സമൂഹം അപ്പോഴും ഞങ്ങളെ വീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അലെപ്പോയോല്‍ എന്താണ് കഴിഞ്ഞ എട്ടു ദിവസങ്ങളായി സംഭവിക്കുന്നത് അവര്‍ ഉറ്റുനോക്കിക്കൊണ്ടിരിക്കുന്നു. സത്യം പറഞ്ഞാല്‍, ഞങ്ങളുടെ അലെപ്പോ കത്തിയമരുകയാണ്. ലോകമാകട്ടെ ഒരക്ഷരം പോലും ഉരിയാടാതെ ശാന്തമായി അത് നോക്കിനില്‍ക്കുന്നു. റഷ്യയിലെ യുദ്ധ വിമാനങ്ങള്‍ ഒരു സെക്കന്റ് പോലും ഇളവ് നല്‍കാതെ ബോംബിംഗ് തുടരുകയാണ്. നിരോധിക്കപ്പെട്ട എല്ലാത്തരം ആയുധങ്ങളും അവര്‍ ഞങ്ങള്‍ക്കെതിരെ ഉപയോഗിച്ചുകൊണ്ടിരിക്കുന്നു. ഫോസ്ഫറസ് ബോംബുകളും ക്ലസ്റ്റര്‍ ആയുധങ്ങളും ബങ്കര്‍ ബസ്റ്ററുകളും യഥേഷ്ടം. നേരത്തെത്തന്നെ തകര്‍ന്ന ഭാഗങ്ങളെയാണ് റഷ്യന്‍ പട്ടാളം ഉന്നം വെക്കുന്നത്. കൂടുതല്‍ അത്യാഹികങ്ങളുണ്ടാകാനും ആ സ്ഥലങ്ങളെത്തന്നെ തുടച്ചുമാറ്റാനും അവര്‍ ഉദ്ദേശിക്കുന്നു. ഈ വിഭ്രാന്തിക്കിടയില്‍ കഴിക്കാന്‍ ഭക്ഷണമോ കുടിക്കാന്‍ വെള്ളമോ ഉണ്ടായിരുന്നില്ല. സിറ്റിയിലേക്ക് അവ കൊണ്ടുവരാവുന്ന പ്രധാന വഴികളെല്ലാം അടക്കപ്പെട്ടു. പശിയടക്കാന്‍ ഒരു കഷ്ണം റൊട്ടി പോലും ആര്‍ക്കും വാങ്ങാന്‍ സാധിച്ചില്ല. അത്രമാത്രം വലുതായിരുന്നു അതിന്റെ വില. ഒരു ചെറിയ പാക്കറ്റ് നൂഡില്‍സ് മാത്രമാണ് അന്ന് പലരും ഒരു ദിവസത്തിലേക്കുള്ള ഭക്ഷണമായി ഉപയോഗിച്ചിരുന്നത്. എത്ര പേരാണ് അന്ന് മരണമടഞ്ഞത് എന്ന് പത്രക്കാര്‍ എന്നോട് ചോദിച്ചിരുന്നു. പക്ഷെ, അതി ഭീകരമായിരുന്നു അത്. പറന്നുവന്ന ഓരോ മിസൈലിനും തീക്ഷ്ണമായ ഒരു കഥ പറയാനുണ്ടാകും. ഓരോ ആക്രമണങ്ങള്‍ ഉണ്ടാകുമ്പോഴും ഞങ്ങളുടെ യൂണിറ്റുകള്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്താനായി അവിടങ്ങളില്‍ ഓടിയെത്തി. തകര്‍ന്നടിഞ്ഞ കെട്ടിടങ്ങള്‍ക്കിടയില്‍നിന്നും മയ്യിത്തുകള്‍ പുറത്തെടുത്തു. മുറിവ് പറ്റിയവര്‍ക്ക് ആവശ്യമായ പരിചരണം നല്‍കി. ബോംബുകള്‍ ഏകദേശം എല്ലാ കെട്ടിടങ്ങളും തകര്‍ത്തുതരിപ്പണമാക്കി. അഞ്ചു കുടുംബങ്ങള്‍ അന്ന് അതിനുള്ളിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തനത്തിന്റെ മൂന്നു മണിക്കൂറിനു ശേഷം തകര്‍ന്നടിഞ്ഞ ചീളുകള്‍ക്കടിയില്‍നിന്നും ഞങ്ങള്‍ ഒരാളെ പുറത്തെടുത്തു. ഒരു സ്ത്രീയുടെ 11 ദിവസം മാത്രം പ്രായമുള്ള ഒരു കുഞ്ഞ് നഷ്ടപെട്ടിരുന്നു അന്ന്. കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നും ആ കുഞ്ഞിന്റെ ഞെരുക്കം ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. ആക്രമണത്തില്‍ ഞങ്ങളുടെ മൂന്ന് ഹെഢ്‌കോട്ടേഴ്‌സുകളും തകര്‍ക്കപ്പെട്ടു. അപകടം പറ്റിയവരെ ഹോസ്പിറ്റലില്‍ കൊണ്ടുപോയെങ്കിലും ഇലക്ട്രിസിറ്റിയും ആവശ്യമായ മരുന്നും അവിടെ ഉണ്ടായിരുന്നില്ല. ഈ അവസ്ഥ തുടര്‍ന്നുപോകുന്നത് ഞങ്ങള്‍ക്ക് സഹിക്കാന്‍ പറ്റുമായിരുന്നില്ല. ഇത്ര തീവ്രമല്ലെങ്കിലും സമാനമായ അനുഭവങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പും ഉണ്ടായിട്ടുണ്ട്. ബോംബ് വര്‍ഷം ഞങ്ങളുടെ ഒരു പതിവ് കാഴ്ചയാണ് ഇന്നവിടെ. ഒഴിഞ്ഞിരിക്കാന്‍ നേരമില്ലാതെ, നിരന്തരം രക്ഷാപ്രവര്‍ത്തനവുമായി നിലകൊള്ളേണ്ട അവസ്ഥ! യുദ്ധം എന്റെ ജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. ഞാന്‍ വിവാഹം കഴിച്ചിട്ടുണ്ടെങ്കിലും ഭാര്യ ഇന്ന് എന്റെ കൂടെയില്ല. അവള്‍ അലെപ്പോയിലെ തെരുവുകളിലെവിടെയോ ആണ്. ഞാനാവാട്ടെ അലെപ്പോയിലെ ഉപരോധിത മേഖലക്കുള്ളിലും! മുമ്പ് ഞാനൊരു ഭാഷാ അധ്യാപകനായിരുന്നു. അന്ന് ഞാന്‍ വിവാഹം ചെയ്തിരുന്നില്ല. ഇക്കഴിഞ്ഞ നാലു വര്‍ഷത്തിനിടക്ക് ധാരാളം കൂട്ടക്കൊലകള്‍ക്ക് ഞാന്‍ സാക്ഷിയായി. നിരപരാധികളായ ധാരാളം കുട്ടികള്‍ പിടഞ്ഞുമരിക്കുന്നത് നോക്കിക്കാണേണ്ടി വന്നു. പലരുടെയും ഞെരുക്കങ്ങള്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍നിന്നും കേള്‍ക്കേണ്ടിയും വന്നു. ഒരാള്‍ക്കുമില്ലാത്ത ദുരിതാനുഭവങ്ങളാണിതെല്ലാം. ഈ യുദ്ധമെപ്പോഴാണ് അവസാനിക്കുകയെന്ന് ഞങ്ങള്‍ ചോദിച്ചുകൊണ്ടിരുന്നു. ഇത് കഴിഞ്ഞാല്‍ തന്നെ നല്ല ചികിത്സയിലൂടെ മാത്രമേ ഒരു സാധാരണ ജീവിതത്തിലേക്ക് തിരിച്ചുപോകാന്‍ സാധിക്കുകയുള്ളൂ. 2013 ല്‍ സിറിയന്‍ സിവില്‍ ഡിഫന്‍സ് സ്ഥാപിച്ചവരില്‍ ഒരാളാണ് ഞാന്‍. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടക്ക് ആയിരക്കണക്കിന് കൂട്ടക്കൊലകളും ബോംബിംഗുകളും ആക്രമണങ്ങളും കാണേണ്ട അവസ്ഥയുണ്ടായി. എന്നാല്‍, കഴിഞ്ഞ ആഴ്ച അലെപ്പോയിലുണ്ടായ ആക്രമണം അതിലും ഭീകരമായിരുന്നു. നിങ്ങള്‍ക്കത് അവിടത്തെ ജനങ്ങളുടെ മുഖത്തുനിന്നും വായിക്കാവുന്നതാണ്. ബോംബിംഗ് വിമാനങ്ങളുടെയും മിസൈലുകളുടെയും ശബ്ദം ഇപ്പോഴും അവിടെ കെട്ടടങ്ങിയിട്ടില്ല. വിവ. ഇര്‍ശാന അയ്യനാരി അവലംബം: www.aljazeera.com

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter