ഖിലാഫത്ത് റാഷിദ: ഇസ്‌ലാമിക ഭരണത്തിന്റെ സുവര്‍ണകാലം
ഹസ്റത്ത് അലിയുടെ രക്തസാക്ഷിത്വത്തോടെ, വ്യക്തമായി പറഞ്ഞാല്‍ ഹസ്റത്ത് മുആവിയക്ക് വേണ്ടി ഹസ്റത്ത് ഹസന്‍ വഴിമാറിക്കൊടുത്തതോടെ ഇസ്‌ലാമിക ചരിത്രത്തിലെ രണ്ടാം ഘട്ടത്തിനും അന്ത്യമാകുകയാണ്. നബിയുടെ ഒന്നാം ഘട്ടത്തിന് ശേഷം ഖുലഫാഉറാഷിദു നയിച്ച രണ്ടാം ഘട്ടമാണ് ഇതോടെ തിരശ്ശീല വീണത്.
രാഷ്ട്രസംവിധാനം, സാമൂഹ്യസംസ്കരണം, നയതന്ത്രം എന്നീ മേഖലകളില്‍ ഈ മുപ്പത് വര്‍ഷം സത്യം പറഞ്ഞാല്‍ ഒരു അപൂര്‍വതയായിരുന്നു. നബിയുടെ കാലത്ത് അടിത്തറ പാകപ്പെട്ട ഇസ്‌ലാമിക സംവിധാനം ലോകസമക്ഷം തലയെടുപ്പോടെ എഴുന്നേറ്റു നിന്നത് ഈ നാലു ഖലീഫാരുടെ ഭരണകാലത്തോടെയാണ്. അറേബ്യന്‍ മരുഭൂമിയിലെ ബദവികള്‍ക്ക് മാത്രമല്ല, ലോകത്താകമാനമുള്ള ജനസഞ്ചയങ്ങള്‍ക്ക് തന്നെ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന സാമൂഹ്യരീതി അവലംബിക്കാവുന്നതാണെന്ന് ചരിത്രം തെളിയിച്ചു.
ഒരു ജനതയുടെ ചരിത്രത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ അത്ര വലിയ കാലഘട്ടമൊന്നുമല്ല. എങ്കിലും ഖിലാഫത്ത് റാഷിദയുടെ മൂന്ന് പതിറ്റാണ്ട് ഇതര ജനതതികളുടെ നൂറ്റാണ്ടുകളേക്കാള്‍ മൂല്യവത്താണെന്ന് ചരിത്ര സാക്ഷ്യം. അറേബ്യന്‍ ഉപദ്വീപില്‍ ഒതുങ്ങി നിന്നിരുന്ന ഒരു ചെറിയ രാജ്യം ലോകത്തെ ഏറ്റവും വലിയ ശക്തിയായി മാറിയത് ഈ ചുരുങ്ങിയ കാലം കൊണ്ടായിരുന്നു. പ്രവാചകന്റെ കാലത്ത് അറേബ്യന്‍ ജനതയില്‍ ഏറെ മാറ്റങ്ങള്‍ നടക്കുകയുണ്ടായി. ഈ സാമൂഹിക നവോഥാനം ഇറാനിലും ഈജിപ്തിലും സിറിയയിലും ഇറാഖിലുമെല്ലാം നടക്കുന്നത് ഖലാഫത്തു റാഷിദയുടെ കാലത്താണ്.
രാജവാഴ്ചയല്ല
ചുറ്റിലും രാജവാഴ്ച നിലനിന്നിരുന്നപ്പോഴും ജനഹിതമനുസരിച്ചുള്ള ഒരു ഭരണകൂടമാണ് ഇസ്‌ലാം മുന്നോട്ട് വെച്ചത്. അവിടെ ഒരിക്കലും കുടുംബഭരണ രീതിയായിരുന്നില്ല. പ്രത്യേകമായ ഏതെങ്കിലും കാരണം പറഞ്ഞ് നേതൃത്വത്തെ തെരഞ്ഞെടുക്കുന്നതിന് പകരം മതബോധവും ധാര്‍മിക മൂല്യവും അധികാരം കയ്യാളുന്നതിനുള്ള അടിസ്ഥാന യോഗത്യയായി പരിഗണിച്ചുവെന്നത് ഇസ്‌ലാമിക ഭരണകൂടത്തിന്റെ മാത്രം പ്രത്യേകതയാണ്. നാലു ഖലീഫമാരുടെ ഭരണശേഷം അതിന് മാറ്റം വന്നുവെന്നത് ശരി തന്നെ. എന്നാലും നീണ്ട മുപ്പത് വര്‍ഷക്കാലം അതിന് മാറ്റം വരാതെ സൂക്ഷിക്കാന് കഴിഞ്ഞുവെന്നത് തന്നെ മുസ്‌ലിം ഭരണത്തിന്റെ വിജയമായി എണ്ണേണ്ടിയിരിക്കുന്നു. കൂടിയാലോചനയുടെ അടിസ്ഥാനത്തിലുള്ള ഭരണകൂടങ്ങളാണ് അക്കാലത്ത് മുസ്‌ലിം സമുദായത്തെ മുന്നോട്ട് നയിച്ചത്. ഹസ്രത്ത് മുആവിയയുടെ കാലം വരെ ആരും ഇസ്‌ലാമിക ഭരണത്തിന് എതിരെ വന്നില്ലെന്നതും പ്രത്യേകം പ്രസ്താവ്യമാണ്. ഒരര്‍ഥത്തില്‍ ആധുനിക ജനാധിപത്യരീതികള്‍ക്ക് പോലും അന്യമായ ജനാധിപത്യ സംസ്കാരമായിരുന്നു അത്. ജനങ്ങള്‍ക്കായിരുന്നില്ല അതില്‍ പരമാധികാരം എന്നത് ശരി തന്നെ. എന്നാല്‍ അന്തസ്സത്തയില്‍ അത് ആധുനികമായ ഭരണരീതിയേക്കാള്‍ സമുന്നതമായിരുന്നു. പരമാധികാരം അല്ലാഹുവിനായിരുന്നു. അത് കഴിഞ്ഞാല്‍ പിന്നെ എല്ലാ അധികാരങ്ങളും ജനങ്ങള്‍ക്കാണ്.
കൂടിയാലോചന വ്യവസ്ഥ
സ്വതന്ത്രമായ അഭിപ്രായപ്രകടനത്തിനുള്ള സ്വാതന്ത്ര്യമാണ് ജനധിപത്യത്തിന്റെ ജീവാത്മാവ്. ഈ സ്വാതന്ത്ര്യം പൂര്‍ണമായും നിലനിന്നിരുന്നു ഖുലഫാഉ റാഷിദയുടെ കാലത്ത്. ഭരണത്തലവന്‍ എന്ന നിലക്ക് ഖലീഫക്ക് അധികാരം ഉണ്ടായിരുന്നെങ്കിലും രണ്ട് സംഗതികള്‍ക്ക് അയാള്‍ വിധേയനായിരുന്നു. ഒന്ന്, ഇസ്‌ലാമിക നിയമങ്ങള്‍ അനുധാവനം ചെയ്യുക. രണ്ട്, കൂടിയാലോചന നടത്തുക. പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നും അഭിപ്രായ സുബദ്ധതയുള്ളവരുമായി കൂടിയാലോചിക്കാതെ ഖലീഫമാരാരും തീരുമാനങ്ങളെടുത്തിരുന്നില്ല. ഹസ്റത്ത് ഉമര്‍ സുപ്രധാനമായ ഒരു പ്രശ്നമുണ്ടായാല്‍ ജനങ്ങളെ എല്ലാവരെയും പള്ളിയില്‍ ഒരുമിച്ചു കൂട്ടി പ്രശ്നം അവര്‍ക്ക് മുന്നില്‍ അവതരിപ്പിക്കാറായിരുന്നു പതിവ്. ചിലപ്പോള്‍ ഈ ചര്‍ച്ച ദിവസങ്ങളോളം നീണ്ടുപോകാറുണ്ടായിരുന്നു. സമുദായത്തില് നിന്ന് ഏറ്റവും പ്രശ്നമനുഭവിച്ച ഖലീഫയായിരുന്നു ഹസ്റത്ത് ഉസ്മാന്‍. അദ്ദേഹത്തിനെതിരെ ആക്ഷേപമുയര്‍ന്നപ്പോഴും അദ്ദേഹം ആരെയും നിയന്ത്രിച്ചില്ല. വിഷയമന്വേഷിക്കാന്‍ ഒരു കമ്മീഷനെ നിയമിക്കുകയായിരുന്നു അദ്ദേഹം ചെയ്തത്.
നീതിവ്യവസ്ഥ
നിയമവാഴ്ചക്ക് ഏറെ പ്രാധാന്യം നല്‍കി ഈ ഭരണകാലം. സ്വാതന്ത്ര്യവും നിതിയും സമത്വവും പാലിക്കപ്പെടണമെങ്കില്‍ ജനങ്ങളുടെ അവകാശങ്ങള്‍ക്ക് നിയമപരിരക്ഷ നല്‍കേണ്ടതുണ്ടെന്ന് അവര്‍ മനിസ്സിലാക്കുകയും അതിനായി പ്രത്യേക സജ്ജീകരണങ്ങള്‍ ഒരുക്കുകയും ചെയ്തു. എല്ലാ പ്രദേശങ്ങളിലും കോടതികള്‍ സ്ഥാപിക്കപ്പെട്ടു. ഖാദിമാരെ നിയമിച്ചു. ഈ ഖാദി തന്റെതായ തീരുമാനങ്ങളില്‍ തീര്‍ത്തും സ്വതന്ത്രരാണ്. ഖലീഫക്കെതിരില്‍ പോലും ഇത്തരം ഖാദിമാര്‍ വിധി പുറപ്പെടുവിച്ചതിന് ചരിത്രത്തില്‍ ഏറെ തെളിവുകള്‍ ലഭ്യമാണ്. അല്ലാഹുവിന്റെ പരമാധികാരം അംഗീകരിക്കുകയും നിയമവാഴ്ച നടപ്പിലാകുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ മാത്രമേ ഇങ്ങനെ നടപ്പിലാകൂ.
അവനവന്റെ പ്രദേശങ്ങളിലെ ജനങ്ങളുടെ കാര്യത്തില്‍ നീതിയുറപ്പാക്കണമെന്നായിരുന്നു കീഴിലെ ഗവര്‍ണര്‍മാര്‍ക്ക് ഖലീഫ പ്രത്യേകം ഉത്തരവ് നല്‍കാറുമുണ്ടായിരുന്നു. പൊതുജനങ്ങളുടെ പരാതിയില്‍ ഗവര്‍ണര്‍മാരെ വിചാരണ ചെയ്യലും ഖലീഫമാരുടെ ഭരണകാലത്ത് നിത്യസംഭവമായിരുന്നു.
സാമ്പത്തികം
സാമ്പത്തിക നീതി സമൂഹത്തിന്റെ കെട്ടുറപ്പിന്റെ അടിസ്ഥാനമാണ്. ഖലീഫമാരുടെ ഭരണകാലത്ത് അതും പ്രത്യേകം ശ്രദ്ധിക്കപ്പെട്ടിരുന്നു. പ്രധാനമായും അഞ്ചു വരുമാനമാര്‍ഗങ്ങളായിരുന്നു അക്കാലത്ത് ഭരണകൂടത്തിന് ഉണ്ടായിരുന്നത്.
- ജിസയ- മുസ്‌ലിംകള്‍ കീഴടക്കിയ പ്രദേശത്തുള്ള അമുസ്‌ലിംകള്‍ ശഹാദത്ത് ചൊല്ലുന്നില്ലെങ്കില്‍ പിന്നെ അവിടെ സ്ഥിരമായി താമസിക്കണമെങ്കില്‍ ഓരോ വര്‍ഷവും നിശ്ചിത സംഖ്യ ഭരണകൂടത്തിന് നല്‍കണമായിരുന്നു.
- ഖറാജ്- തങ്ങളുടെ ഭൂമിക്ക് അമുസ്‌ലിംകള്‍ ഓരോ വര്‍ഷവും ഭരണകൂടത്തിന് നല്കേണ്ട വിഹിതമാണ് ഇത് കൊണ്ടുദ്ദേശിക്കുന്നത്. (ഇതു രണ്ടും അമുസ്‌ലിംകളില്‍ നിന്ന് മാത്രം ഈടാക്കിയിരുന്നവയാണ്.)
- സകാത്ത്- സ്വത്തിനും സമ്പാദ്യത്തിനും നിശ്ചിത മാനദണ്ഡങ്ങളോടെ മുസ്‌ലിംകള്‍ ഭരണകൂടത്തിന് വര്‍ഷാ വര്‍ഷം കൊടുക്കേണ്ട വിഹിതം.
- ഉശ്റ്- ഇത് കാര്‍ഷികോത്പന്നങ്ങളുടെ സകാത്താണ്. കൃഷിയുമായി ഏര്‍പ്പെട്ടിരുന്ന മുസ്‌ലിംകള്‍ക്ക് ഉത്പാദനത്തിന്റെ ഒരു ഭാഗം സകാത്തായി ബൈത്തുല്‍മാലിന് നല്‍കേണ്ടതുണ്ടായിരുന്നു. (ഇത് രണ്ടും മുസ്‌ലിംകളില്‍ നിന്ന് മാത്രം ഈടാക്കിയിരുന്നതാണ്.)
- ഗനീമത്ത്- ഇത് യുദ്ധങ്ങളില്‍ നിന്ന് സമാര്‍ജിതമായ സ്വത്താണ്. യുദ്ധക്കളം വിട്ടോടുന്ന ശത്രക്കുളുടെ സാമഗ്രികളും മറ്റുമെല്ലാം ഈയിനത്തില്‍ മുസ്‌ലിംകള്‍ക്ക് ലഭിക്കാറുണ്ടായിരുന്നു. ഇതിന്റെ അഞ്ചിലൊന്ന് ബൈത്തുല്‍ മാലിന് അവകാശപ്പെട്ടതായിരുന്നു.
സമ്പത്തിന്റെ നീതിപൂര്‍വമായ വിതരണത്തിലും ഖലീഫമാര്‍ ശ്രദ്ധിച്ചിരുന്നു. പലയിശയിടപാടുകള്‍ നടന്നിരുന്നില്ല. ധനികരില്‍ നിന്ന് സകാത്ത് സ്വീകരിച്ച് അവകാശികള്‍ക്ക് നല്‍കി. സ്ത്രീകള്‍, കുട്ടികള്‍, പുരുഷന്‍മാര്‍ എന്നിവര്‍ക്കെല്ലാം പെന്‍ഷന്‍ നല്‍കിയിരുന്നു. ഹസ്റത്തിന്റെ കാലത്ത് തുടങ്ങിയ ഈ സമ്പ്രദായം ഖിലാഫുത്തുറാഷിദയുടെ അവസാനം വരെയുണ്ടായിരുന്നു. അത് കൊണ്ട് തന്നെ ജനങ്ങള്‍ക്കിടയില്‍ സാമ്പത്തിക അന്തരം ഏറെ കുറവായിരുന്നു. വെത്സ് എഴുതി: മുസ്‌ലിംകള്‍ ഇതര ജനവിഭാഗങ്ങള്‍ക്കു മേല്‍ ആധിപത്യം നേടിയത് ആ കാലത്തെ ഏറ്റവും നല്ല രാഷ്ട്രീയ വ്യവസ്ഥ അവരുടേതായിരുന്നു.
യുദ്ധങ്ങള്‍
അക്കാലത്ത് യുദ്ധത്തെ സംബന്ധിച്ച നിയമങ്ങള്‍ കാര്യമായി പാലിക്കപ്പെട്ടിരുന്നു. യുദ്ധത്തിന്റെ കെടുതികള്‍ അതു കൊണ്ട് തന്നെ ഏറെ കുറഞ്ഞു. നബിക്കു ശേഷം പേര്‍ഷ്യ-റോമാ സാമ്രാജ്യങ്ങളുമായി യുദ്ധം തുടങ്ങിയപ്പോള്‍ ആ യുദ്ധം തുടങ്ങുവാനും ചുരുക്കുവാനും ഇല്ലാതാക്കുവാനും ഖലീഫ ഹസ്റത്ത് ഉമര്‍ ശ്രമിക്കുകയുണ്ടായി. ഇറാഖ് വിമോചിക്കപ്പെട്ടതിന് ശേഷം യുദ്ധം ഇറാനിലേക്ക് വ്യാപിക്കാന്‍ അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല. ഈജിപ്തിലേക്കുള്ള പടയോട്ടത്തിന് നിര്‍ബന്ധിതനായാണ് അനുവാദം നല്‍കിയത്. ഹസ്റത്ത് ഉസ്മാന്റെ കാലത്ത് നടന്ന മിക്ക യുദ്ധങ്ങളും കലാപങ്ങള്‍ അമര്‍ച്ച ചെയ്യുന്നതിനോ നേരത്തെ നടന്നുവന്ന യുദ്ധങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കുന്നതിനോ വേണ്ടിയുള്ളതായിരുന്നു.
യുദ്ധങ്ങള്‍ പേരിനോ പ്രശസ്തിക്കോ മറ്റുള്ളവരെ അടിമയാക്കുന്നതിനോ ആയിരുന്നില്ല. മറിച്ച്, നീതിയും നന്മയും പ്രചരിപ്പിക്കുന്നതിനുള്ള ഒരു മാര്‍ഗമായിരുന്നു. മുസ്‌ലിംകളുടെ യുദ്ധങ്ങളില്‍ മൃഗീയതയും നിഷ്ഠൂര നടപടികളും കാണാത്തതിന്റെ കാരണവും മറ്റൊന്നല്ല. യുദ്ധം തുടങ്ങുന്നതിന് മുമ്പ് അവിടത്തുകാരെ മതത്തിലേക്ക് ക്ഷണിക്കും. അതിന് വിസമ്മതമെങ്കില്‍ ഇസ്‌ലാമിന്റെ മേല്‍ക്കോയ്മ അംഗീകരിക്കാന്‍ പറയും. അതിനും തയ്യാറാകാത്ത പക്ഷമാണ് യുദ്ധം ചെയ്തത്.
ഇസ്‌ലാമിനു മുമ്പും പേര്‍ഷ്യ- റോമ സാമ്രാജ്യങ്ങള്‍ തമ്മില്‍ യുദ്ധം നടന്നിട്ടുണ്ട്. ഇസ്‌ലാമിന് ആഗമനത്തിന് ശേഷവും നിരവധി യുദ്ധങ്ങള്‍ ചരിത്രത്തില്‍ നടന്നിട്ടുണ്ട്. അവ ഇസ്‌ലാമിക യുദ്ധങ്ങളുമായി താരതമ്യം ചെയ്ത് ഒരു പഠനം നടത്തിയാല്‍ അവയുടെ ഉദ്ദേശ്യശുദ്ധി പെട്ടെന്ന് മനസ്സിലാക്കാനാകും.
ഒരു യുദ്ധത്തില്‍ കൃഷിപ്പാടത്തിന് നാഷനഷ്ടം സംഭവിച്ചതിന് ആ കര്‍ഷകന് ബൈത്തുല്‍മാലില്‍ നിന്ന നഷ്ടപരിഹാരം നല്‍കുകയുണ്ടായി ഹസ്റത്ത് ഉമര്‍.
സിറിയയില്‍ യുദ്ധത്തിനായി പ്രവേശിച്ച മുസ്‌ലിം പടയാളികളെ ചൂണ്ടി, ഇവരില്‍ യേശുവിന്റെ അനുയായികളെ കുറിച്ച് കേട്ട കാര്യങ്ങള്‍ ഇവരിലും കാണുന്നല്ലോ എന്ന് അവിടത്തെ ക്രിസ്ത്യാനികള്‍ പറഞ്ഞതായി ഇമാം മാലിക് ഉദ്ധരിക്കുന്നുണ്ട്.
ധാര്‍മികത
ഖിലാഫത്തു റാഷിദയുടെ ഭരണകാലത്ത് സമൂഹത്തിലെ ധാര്‍മികത ഭരണകൂടം സ്വന്തം ഉത്തരവാദിത്തമായി മനസ്സിലാക്കിയിരുന്നു. മദ്യാപാനം, വ്യഭിചാരം, ചൂത്, മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങളെയെല്ലാം കര്‍ശനമായി നിയന്ത്രിക്കാന്‍ അതത് കാലങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് കഴിഞ്ഞു. മദ്യപാനിക്ക് ചാട്ടവാറടിയായിരുന്നു ശിക്ഷ. മോഷ്ടാവിന്റെ കൈവെട്ടി. വ്യഭിചാരിയെ എറിഞ്ഞു കൊല്ലുകയും ചെയ്തു.
ഇവരുടെ ഭരണത്തിന് കീഴില്‍ അഴിമതി നടന്നതെയില്ല. ഓരോ ഉത്തരവാദിത്തങ്ങളും സത്യസന്ധരായ ആളുകളെയാണ് ഖലീഫമാര്‍ ഏല്‍പിച്ചത്. ഏല്‍പിക്കപ്പെട്ട ഉത്തരവാദിത്തം നിര്‍വഹിക്കുക തങ്ങളുടെ വിശ്വാസത്തിന്റെ തന്നെ ഭാഗമായിട്ടാണ് ഇസ്‌ലാം വീക്ഷിക്കുന്നത്. പലപ്പോഴും കൂടുതല്‍ സമ്പത്ത് കണ്ടുപോയാല്‍ ഗവര്‍ണര്‍മാരെ അതിന്റെ പേരില് ചോദ്യം ചെയ്യുന്ന രീതി ഹസ്റത്ത് ഉമറിന് ഉണ്ടായിരുന്നു. ഹസ്റത്ത് അബൂഹുറൈറ, അബൂമൂസല്‍ അശ്അരി, അംറുബ്നുല്‍ ആസ്വ് തുടങ്ങിയ പ്രമുഖ സ്വഹാബിമാര്‍ വരെ ഇത്തരത്തില്‍ വിചാരണ നേരിട്ടുണ്ട്.
വിദ്യാഭ്യാസം
തങ്ങളുടെ അവകാശങ്ങളെ കുറിച്ചും ഉത്തരാവാദിത്തങ്ങളെ കുറിച്ചും ബോധ്യമുള്ള ഒരു സമൂഹത്തിലെ ഒരു ആദര്‍ശരാഷ്ട്രം സ്ഥാപിക്കാനാവൂ. അതിന് അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക അത്യാവശ്യമായിരുന്നു. ഖലീഫമാരുടെ കാലത്ത് സമൂഹത്തിന് വിദ്യാഭ്യാസം നല്‍കാനുള്ള എല്ലാമാര്‍ഗങ്ങളും സ്വീകരിച്ചിരുന്നു. രാജ്യത്തിന്റെ പലഭാഗങ്ങളിലും എഴുത്തും വായനയും പഠിപ്പിക്കാനുള്ള മക്തബകള്‍ സ്ഥാപിക്കപ്പെട്ടിരുന്നു. ശമ്പളവ്യവസ്ഥയില്‍ അവിടങ്ങളില്‍ അധ്യാപകരെ നിയമിക്കുകയും ചെയ്തിരുന്നു. ഹസ്റത്ത് ഉമറിന്റെ കാലത്ത് തന്നെ നാലായിരത്തിലധികം പള്ളികള്‍ നിര്‍മിക്കപ്പെട്ടിരുന്നു. ഈ പള്ളികള്‍ കേന്ദ്രീകരിച്ചാണ് ഓരോ പ്രദേശങ്ങളിലും മക്തബകള്‍ തുടങ്ങിയത്. മസ്ജിദുകള്‍ മുസ്‌ലിം സമൂഹത്തിന്റെ ജീവിതത്തെ ചിട്ടപ്പെടുത്തി.
ഇസ്‌ലാമിന്റെ കീഴില്‍ പല പട്ടണങ്ങളും വിദ്യാകേന്ദ്രങ്ങളായി മാറിയെന്ന് ചരിത്രം. മദീന കഴിഞ്ഞാല് പിന്നെ കൂഫയായിരുന്നു ഏറ്റവും വലിയ വിദ്യാകേന്ദ്രം. മക്ക, ബസ്വറ, ദമസ്കസ്, ഫുസ്ത്വാത്ത് എന്നിവയായിരുന്നു മറ്റു പ്രധാന കേന്ദ്രങ്ങള്‍.പ്രഗത്ഭരായ പല അധ്യാപകരെയും ഇക്കാലത്തിന് സംഭാവന ചെയ്യാനായി. മദീനയില്‍ ഹസ്റത്ത് ഉമര്‍, ഹസ്റത്ത് അലി, ഹസ്റത്ത് ആയിശ, ഹസ്റത്ത് സൈദുബ്നു സാബിത്, ഹസ്റത്ത് അബ്ദുല്ലാഹി ബ്നു ഉമര്‍ എന്നിവരും മക്കയില്‍ അബ്ദുല്ലാഹി ബ്നു അബ്ബാസ്, കൂഫയില്‍ അബുദുല്ലാഹിബ്നു മസ്ഊദ് തുടങ്ങിയവരെല്ലാമായിരുന്നു പ്രഗത്ഭരായ അധ്യാപകര്‍. ഇവരുടെ ദര്‍സുകളില്‍ ഖുര്‍ആന്‍, ഹദീസ്, ഭാഷാശാസ്ത്രം, ചരിത്രം, സാഹിത്യം തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കപ്പെട്ടിരുന്നു.
അടിമസമ്പ്രദായത്തിലെ പരിഷ്കാരങ്ങള്‍
അടിമ സമ്പ്രദായത്തിന്റെ ഉന്മൂലത്തിനും പരിഷ്കരണത്തിനുമായി പല കാര്യങ്ങളും നാലു ഖലീഫമാരും ചെയ്തിട്ടുണ്ട്. അടിമകള്‍ ധാരാളമായി വിമോചിക്കപ്പെട്ടിട്ടുണ്ട്. 39,000 അടിമകളെങ്കിലും ഇക്കാലത്ത് വിമോചിതരായിട്ടുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകള്‍ പറയുന്നത്. ആരെയും ഇനി അടിമകളാക്കരുതെന്ന ഉത്തരവ് വരെ പുറപ്പെടുവിച്ചിട്ടുണ്ട് ഹസ്റത്ത് ഉമര്‍. അനറബികളെ അടിമളാക്കുന്നത് പോലും അദ്ദേഹം പ്രോത്സാഹിപ്പിച്ചില്ല. ഈജിപ്തില്‍ നിന്ന് ഹസ്റത്ത് അംറുബ്നുല്‍ ആസ്വ് കൊടുത്തയച്ച അടിമകളെ മടക്കിയയച്ചതും ഹസ്റത്ത് ഉമറാണ്. പെന്‍ഷന്‍ വിഷയത്തിലും ഹസ്റത്ത് ഉമര്‍ അടിമ-ഉടമ വ്യത്യാസം കാണിച്ചില്ല. രോഗിയായ അടിമയെ സന്ദര്‍ശിക്കാത്തതിന് മാത്രം ഗവര്‍ണറെ പിരിച്ചുവിടുക പോലും ചെയ്തിട്ടുണ്ട് അദ്ദേഹം.
അന്നും ഒരു വിഭാഗം അടിമകള്‍ നിലവിലുണ്ടായിരുന്നുവെന്നത് ശരി തന്നെ. യുദ്ധത്തില്‍ പിടിക്കപ്പെട്ട അടിമകളായിരുന്നു അവര്‍. യുദ്ധത്തടവുകാരോടുള്ള കരുണ കൊണ്ടാണ് അവരെ അടിമകളാക്കിയത്. യുദ്ധത്തടവുകാരെ കൈമാറുക എളുപ്പമായിരുന്നില്ല. ആയുഷ്കാലം മൊത്തം അവരെ തടവുകാരാക്കിവെക്കുന്നതു മനുഷ്യത്വവുമല്ല. അതിനാലാണ് അവരെ അടിമകളാക്കി വീട്ടിലെയും സമൂഹത്തിലെയും പ്രയോജനമുള്ള അംഗങ്ങളാക്കുകയായിരുന്നു അന്നത്തെ രീതി.
മതപ്രചാരം
ഖിലാഫത്തിന്റെ വിശാലയമായ അതിര്‍ത്തിക്കകത്ത് താമസിക്കുന്നവരില്‍ വ്യത്യസ്ത ദേശക്കാരും ഭാഷക്കാരും ഉണ്ടായിരുന്നു. അറബികള്‍ ഏതാണ്ടെല്ലാവരും മുസ്‌ലിംകളായിരുന്നു. എന്നാല്‍ ഇതായിരുന്നില്ല ഇറാന്‍, ഇറാഖ്, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലെ സ്ഥിതി. ഇസ്‌ലാം അവിടങ്ങളില്‍ ദ്രുതഗതിയില്‍ വളര്‍ന്നുവരുന്നുണ്ടായിരുന്നെങ്കിലും അവര്‍ ന്യൂനപക്ഷമായിരുന്നു. എന്നിട്ടുപോലും അറബികള്‍ക്ക് ലഭിച്ചിരുന്ന അതേ പരിഗണന തന്നെയാണ് അവിടങ്ങളിലുള്ളവര്‍ക്കും ലഭിച്ചിരുന്നത്. വര്‍ഗ-ദേശ പരിഗണകള്‍ ഇക്കാര്യത്തില്‍ ഉണ്ടായിരുന്നില്ല തന്നെ. അനറബികളാണെന്നത് കൊണ്ട് അവര്‍ക്ക് എന്തെങ്കിലും പരിഗണനകള്‍ നിഷേധിക്കപ്പെട്ടിരുന്നില്ല.
മുസ്‌ലിം രാഷ്ട്രം വംശത്തെയോ ദേശത്തെയോ അടിസ്ഥാനപ്പെടുത്തിയുള്ള രാഷ്ട്രമായിരുന്നില്ല. മറിച്ച് അത് ഒരു ആദര്‍ശത്തെ അടിസ്ഥാനപ്പെടിത്തിയുള്ള രാഷ്ട്രമായിരുന്നു. അത് കൊണ്ട് തന്നെ മുസ്‌ലിംകളുടെത് പോലുള്ള പരിഗണനനായിരിക്കില്ല സ്വഭാവികമായും അമുസ്‌ലിംകള്‍ക്ക് ലഭിക്കുക. എന്നാല്‍ പോലും രാജ്യത്തെ പൌരന്മാരെന്ന നിലയില്‍ അവര്‍ക്കിടയില്‍ വ്യത്യാസമുണ്ടായിരുന്നില്ല.
അമുസ്‌ലിംകളുടെ സുരക്ഷിതത്വം മുസ്‌ലിം രാജ്യത്തെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തമായി ഏറ്റെടുത്തിരുന്നു. അവര്‍ വിളിക്കപ്പെട്ടിരുന്നത് പോലും ദിമ്മി(സുരക്ഷിതര്‍)കള്‍ എന്നായിരുന്നു.
മുസ്‌ലിംകള്‍ക്ക് രാജ്യത്തിന് വേണ്ടി സൈനികസേവനം നിര്‍ബന്ധമായിരുന്നു. ദിമ്മികള്‍ക്ക് അതുണ്ടായിരുന്നില്ല. മുസ്‌ലിംകള്‍ക്ക് സമ്പത്തിന്റെ നിശ്ചിത ശതമാനം സകാത്ത് നല്‍കേണ്ടതുണ്ടായിരുന്നു. അമുസ്‌ലിംകള്‍ക്ക് അതുമുണ്ടായിരുന്നില്ല. പകരം അവരില്‍ നിന്ന് ജിസയ എന്നപേരില്‍ പ്രത്യേക നികുതി ഈടാക്കിയിരുന്നു. അവരുടെ സംരക്ഷണം ഏറ്റെടുത്തതിനാണ് ജിസയ ഈടാക്കിയിരുന്നത്. ഒരധീന പ്രദേശത്തു അമുസ്‌ലിംകള്‍ക്ക് സംരക്ഷണം നല്‍കാനാകാതെ വരുമ്പോള്‍ പ്രസ്തുത നികുതി അവര്‍ക്ക് തന്നെ തിരിച്ചുകൊടുത്ത സംഭവവുമുണ്ടായിട്ടുണ്ട്. പാവപ്പെട്ട മുസ്‌ലിംകളുടേതെന്ന പോലെ അമുസ്‌ലിംകളുടെയും സാമ്പത്തിക സുരക്ഷിതത്വം ഭരണകൂടത്തിന്റെ ഉത്തരവാദിത്തമാണ്. അതു കൊണ്ട് അര്‍ഹരായ പാവപ്പെട്ട അമുസ്‌ലിംകള്‍ക്ക് പോലും പെന്‍ഷന്‍ നല്‍കിയിരുന്നു ഇക്കാലത്ത്.
ദിമ്മികള്‍ക്ക് അവരുടെ വിശ്വാസങ്ങള്‍ വെച്ചുപുലര്‍ത്താനും ആരാധനാലയങ്ങള്‍ സ്ഥാപിക്കാനും പൂര്‍ണ അധികാരമുണ്ടായിരുന്നു. വ്യക്തിനിയമങ്ങളില്‍ അവരുടെ മതത്തിനനുസരിച്ചാണ് തീര്‍പ്പു കല്‍പിച്ചിരുന്നത്. ഇസ്‌ലാമിക കോടതികള്‍ അവര്‍ക്ക് സമ്പൂര്‍ണ നീതി ഉറപ്പുനല്‍കി.
രാഷ്ട്ര താത്പര്യം മുന്‍നിറുത്തി ഹസ്റത്ത് ഉസ്മാന്റെ കാലത്ത് നജ്റാനിലെ ക്രിസ്ത്യാനികളെയും ഖൈബറിലെ ജൂതന്മാരെയും സിറിയയിലേക്ക് നാടുകടത്തുകയുണ്ടായി. അപ്പോള്‍ പോലും പുതിയ വീടുകളില്‍ പുനരധിവസിക്കാനുള്ള എല്ലാ സൌകര്യവും അവര്‍ക്ക് ഒരുക്കിക്കൊടുത്തു.
ഇറാഖ്, സിറിയ, ഈജിപ്ത് എന്നിവ മനുഷ്യന്‍ നാഗരികത അഭ്യസിച്ച ഭൂഭാഗങ്ങളാണ്. പ്രസ്തുത ഭാഗങ്ങളെ കീഴടക്കുന്നതോടെ രാഷ്ട്രീയമായ ഒരു അധിനിവേശം മാത്രമല്ല നടന്നത്. മറിച്ച്, സാംസ്കാരികമായും അവയുടെ മേല്‍ ഇസ്‌ലാമിന് പ്രഭാവം നേടാനായി. ഉന്നതമായ ആദര്‍ശവും വിശ്വാസികളുടെ ഉദാത്തമായ ജീവിതരീതികളുമാണ് പ്രസ്തുത പ്രദേശങ്ങളിലെല്ലാം ഇസ്‌ലാമിന് അധികാരം നേടിക്കൊടുത്തത്.
അവലംബം: മില്ലിയത്തെ ഇസ്‌ലാമിയ്യ കീ മുഖ്തസ്വര്‍ താരീഖ്/ സര്‍വത്ത് സൌലത്ത്
Leave A Comment