അവയവം : വില്‍പന, ദാനം, ഫിഖ്ഹീമാനം

വില്‍ക്കപ്പെടുന്ന ഏത് സാധനത്തിനും ചില വ്യവസ്ഥകളും ഉപാധികളും ഉണ്ട്. അതില്‍ ഒന്നാണ് വില്‍ക്കപ്പെടുന്ന സാധനം വില്‍ക്കുന്ന വ്യക്തിക്ക് മില്‍ക്ക് അഥവാ ഉടമാവകാശം ഉള്ളതായിരിക്കണമെന്നത്. ഈ നിബന്ധന ഫിഖ്ഹിലെ ആധികാര ഗ്രന്ഥമായ തുഹ്ഫയില്‍ ഇങ്ങനെ കാണാം. വില്പന സാധുവാക്കുന്നതിനുള്ള നാലാമത്തെ വ്യവസ്ഥ ഏത് വസ്തുവിലാണോ ഏത് വസ്തുവിലാണോ ഇടപാട് നടത്തപ്പെടുന്നത് ആ സാധനത്തില്‍ ഇടപാട് നടത്തുന്നവനോ അവനെ വില്‍ക്കാന്‍ ഏല്‍പ്പിച്ചവനോ അധികാരപ്പെടുത്തിയവനോ പൂര്‍ണ്ണ ഉടമാവകാശം ഉണ്ടായിരിക്കണം എന്നതാണ്. (തുഹ്ഫാ 4:246)

ഒരാള്‍ക്കും അവന്റെ സ്വന്തം ശരീരത്തിന്റെ മേല്‍ യാതൊരു ഉടമാവകാശവുമില്ലെന്ന് അതേ ഗ്രന്ഥം തന്നെ വ്യക്തമാക്കുന്നു. വഖ്ഫിന്റെ ബാബില്‍ ഇങ്ങനെ പറയുന്നു. ഒരു സ്വതന്ത്രന്‍ അവന്റെ സ്വശരീരത്തെ വഖ്ഫ് ചെയ്താല്‍ അത് സാധുവാകുകയില്ല. കാരണം അവന്റെ ശരീരം അവന് ഉടമസ്ഥാവകാശം ഇല്ലാത്തതാകുന്നു. (തുഹ്ഫ 6:239) മറ്റൊരു പ്രധാന ഫിഖ്ഹി ഗ്രന്ഥമായ മുഗ്‌നിയില്‍ ഇതേ സ്ഥലത്ത് ഇങ്ങനെ കൂടിയുണ്ട്. സ്വന്തം ശരീരത്തെ ദാനം ചെയ്താല്‍ ശരിപ്പെടാത്തത് പോലെ തന്നെ (മുഗ്‌നി 2:278)

ചുരുക്കത്തല്‍ ഇസ്‌ലാമിലെ കര്‍മ്മശാസ്ത്ര ദൃഷ്ട്യാ ഒരാള്‍ക്ക് അവന്റെ ശരീരത്തിലെ യാതൊരു അവയവവും വില്‍ക്കാനോ ദാനം ചെയ്യാനോ അവകാശം ഇല്ലാത്തതും അങ്ങനെ വല്ലവനും ദാനം ചെയ്താല്‍ അത് സാധുവാകാത്തതുമാകുന്നു. കാരണം മനുഷ്യന്റെ ശരീരത്തില്‍ അവന് യാതൊരു ഉടമാവകാശവും ഇല്ല എന്നത് തന്നെ.

ഇനി തന്റെ മരണാനന്തരം ശരീരമോ അവയവങ്ങളോ ദാനം ചെയ്യാനോ വില്‍ക്കാനോ വസിയത്ത് ചെയ്യുന്നതിന്റെയും വിധി ഇത് തന്നെയാകുന്നു. തുഹ്ഫ തന്നെ കാണുക.

വസിയത്ത് ചെയ്യപ്പെടുന്ന വസ്തുവിന് ചില വ്യവസ്ഥകളുണ്ട്. അവയില്‍പെട്ടതാണ് വസിയ്യത്ത് ചെയ്യപ്പെടുന്ന വസ്തു വസിയ്യത്ത് ചെയ്യുന്നവന്റെ അധീനത്തില്‍ നിന്ന് പൂര്‍ണ്ണ സ്വാതന്ത്ര്യത്തോടെ കൈമാറ്റം ചെയ്യാന്‍ സാധിക്കുന്നതാകണമെന്ന് (തുഹ്ഫ 7:17)

രക്തം കയറ്റല്‍ 

നിര്‍ബന്ധഘട്ടത്തില്‍ രക്തം കുടിക്കലും ശരീരത്തില്‍ രക്തം കയറ്റലും അനുവദനീയമാണ്. തുഹ്ഫയില്‍ ഇങ്ങനെ പറയുന്നു. ജീവനും സ്വത്തിനും സംരക്ഷണം നല്‍കപ്പെട്ട വ്യക്തി നിര്‍ബന്ധിതനാവുകയും അവന്‍ മരിച്ച് പോകുമെന്നോ മാരകമോ അല്ലാത്തതോ ആയ രോഗം പിടിപെടുമെന്നോ അല്ലെങ്കില്‍ തയമ്മുവിനെ അനുവദനീയമാക്കുന്ന വല്ലവൈകല്യം ഉണ്ടാകലിനെയോ ഭയപ്പെടുകയും ശവം (അത് നായ പന്നി എന്നിവയുടെതായാല്‍ പോലും) രക്തം പോലെയുള്ള ഹറാമായ സാധനമല്ലാത്ത മറ്റൊന്നും ലഭിക്കാതിരിക്കുകയും ചെയ്താല്‍ രക്തം, ശവം പോലെയുള്ളത് തിന്നലും, കുടിക്കലും അനുവദനീയമാണ്. മത്തുണ്ടാക്കുന്ന സാധനം അല്ലാത്ത. (തുഹ്ഫ 9:390)

മദ്യം കൊണ്ടുള്ള ചികിത്സ ഹറാമാണ് തുഹ്ഫയില്‍ തന്നെ പറയുന്നു. തനി മദ്യം ചികിത്സക്ക് വേണ്ടി ഒഷധമായി ഉപയോഗിക്കല്‍ ഹറാമാണ്. എന്നാല്‍ അത് മറ്റുമരുന്നുകളോടൊപ്പം കലര്‍ത്തി ഉണ്ടാക്കപ്പെട്ട മരുന്നാണെങ്കില്‍ (ചില ടോണിക്കുകള്‍ പോലെ) അത് തന്നെ ഉപയോഗിച്ചേ മതിയാവുകയുള്ളൂ. എന്നും അവന്‍ അറിയുകയോ നീതിമാനായ ഒരു ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയോ ചെയ്താല്‍ മറ്റു തനി നജസുകള്‍ പോലെ മദ്യം കലര്‍ന്നതാണ് വെറും മദ്യം ചികിത്സാര്‍ത്ഥം ഉപയോഗിക്കലും ഹറാമാണ്. (തുഹ്ഫ 9:170)

അത് പോലെ തന്നെ രക്ത വില്‍പ്പനയും ശരിപ്പെടുകയില്ല വല്‍ക്കപ്പെടുന്ന സാധനം ഉടമാവകാശമുള്ളതായിരിക്കലിന് പുറമേ ശുദ്ധഉള്ളതായിരിക്കലും ശര്‍ത്താണ് എന്നാല്‍ രക്തം നജസ് കൂടിയാകുന്നു. ശരീരത്തില്‍ നിന്ന് രക്തം എടുത്ത് കളയല്‍ കൊണ്ട് ശരീരത്തിന് തകരാറൊന്നുമില്ലെങ്കില്‍ അത് അനുവദനീയമാണ്. അങ്ങനെയെടുക്കുന്ന രക്തം മേല്‍ പറയപ്പെട്ട തിടുങ്ങിയ ഘട്ടത്തില്‍ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാവുന്നതാണ്. ഇതിന് ദാനമെന്ന് സാങ്കേതികാര്‍ത്ഥത്തില്‍ പറയാറില്ല. ദാനം എന്ന വാക്കിന് നല്‍കല്‍, കൊടുക്കല്‍ എന്നെല്ലാം അര്‍ത്ഥമുണ്ടെല്ലോ. ഹസ്തദാനം, ബിരുദദാനം എന്നിവ അതിന് ഉദാഹരണങ്ങളാണ്.

അവയവങ്ങള്‍ മാറ്റിവെക്കല്‍

ശരീരത്തില്‍ ചര്‍മ്മം നഷ്ടപ്പെട്ട ഭാഗത്ത് മറ്റൊരു ഭാഗത്ത് നിന്ന് ചര്‍മ്മം എടുത്ത് മാറ്റി വെക്കുന്നത് ചികിത്സാര്‍ത്ഥം അനുവദനീയമാണ്. ശരീരത്തിന് ഏതെങ്കിലും ഒരവയവത്തിന് തകരാറ് സംഭവിക്കുകയും ശരീരത്തിന്റെ മറ്റൊരു ഭാഗത്ത് നിന്ന് അനുയോജ്യമായ വല്ലതും മാറ്റിവെച്ച് കേട് തീര്‍ക്കുന്നതും അനുവദനീയമാണ്. ശര്‍വാനിയില്‍ ഇങ്ങനെ കാണാം.

”ഒരാള്‍ തന്റെ ശരീരത്തിന്റെ ഒരു ഭാഗത്ത് നിന്ന് എല്ലെടുത്ത് മറ്റൊരു ഭാഗത്ത് ചേര്‍ത്തുവെയ്ക്കുന്നതിന് തടസ്സമില്ല. കാലിന്റെ എല്ലില്‍ നിന്ന് എടുത്ത് കൈയിന്റേ എല്ലിനോട് ചേര്‍ത്ത് ഘടിപ്പിച്ച് വെക്കുന്നത് പോലെ. ഇത് അനുവദനീയമാണെന്ന് ശറഹുല്‍ ഉബാബില്‍ പറയുന്നുണ്ട്. (ശര്‍വാനി 2:126)

   അതുപോലെ കൃത്രിമ അവയവയങ്ങളും അത് നജസായാല്‍ പോലും ഉപയോഗിക്കാവുന്നതാണ്. ഇതില്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന സാധനങ്ങള്‍ അധികവും ജിലാറ്റിന്‍ കൊണ്ട് നിര്‍മ്മിക്കുന്നവയാണ്. അതാകട്ടെ മൃഗങ്ങളുടെ എല്ലുകളും തോലുകളും ഉപയോഗിച്ചുണ്ടാക്കപ്പെടുന്നതാണ്. അവ രൂപാന്തരണം പ്രാപിച്ചാണ് മനുഷ്യാവയവങ്ങളായി മാറുന്നത്.

കള്ള് സ്വയം സുവര്‍ക്കായി മാറിയാല്‍ അനുവദനീയമാണെന്ന കാര്യത്തില്‍ എല്ലാ പണ്ഡിതന്മാരും ഏകാഭിപ്രായക്കാരാണ്. സുര്‍ക്കയായി മാറ്റിയാല്‍ അനുവദനീയമാണോ എന്ന കാര്യത്തില്‍ അഭിപ്രായവ്യത്യാസമുണ്ട്. അത് പോലെ തന്നെ നജസായ വസ്തുക്കള്‍ രൂപാന്തരണം പ്രാപിച്ചാല്‍ ശുദ്ധിയാകുമോ എന്ന കാര്യത്തിലും അഭിപ്രായ വ്യത്യാസമുണ്ട്. ഹനഫീ മദ്ഹബ്ബില്‍ അത് ശുദ്ധിയാകുന്നതാണ്. മാലികീ-ഹമ്പലീ-ശായഫി എന്നീ മദ്ഹബുകളില്‍ ചില പണ്ഡിതന്മാര്‍ ശുദ്ധിയാകുമെന്ന് പറയുന്നുണ്ട്. (നിഹായ 1:99 നോക്കുക) ഏതായാലും നിര്‍ബന്ധ ഘട്ടങ്ങളില്‍ കൃത്രിമ അവയവങ്ങള്‍ ഉപയോഗിക്കാവുന്നതാണ്.

സ്വന്തം അവയവങ്ങളുടെ കൃത്രിമ അവയവങ്ങളോ മതിയാവാത്ത സന്ദര്‍ഭങ്ങളില്‍ മൃഗങ്ങളുടെയും മറഅറും അവയവങ്ങളും ഉപയോഗിക്കാവുന്നതാണ്. അത് നായ, പന്നി എന്നിവയുടെ അവയവങ്ങളായാല്‍ പോലും ഉപയോഗിക്കാം. എന്നാല്‍ ശുദ്ധിയുള്ള ജീവികളുടെ ശുദ്ധമായ അവയവങ്ങള്‍ക്ക് മുന്‍ഗണന നല്‍കേണ്ടകാണ്. തുഹ്ഫയില്‍ പറയുന്നു.

ജീവനും സ്വത്തിനും പവിത്രത നല്‍കപ്പെട്ട വ്യക്തിയുടെ എല്ലിന് വൈകല്യം സംഭവിക്കുകയോ തയമ്മുദിനെ അനുവദനീയമാക്കുന്ന വല്ലരോഗവും പിടിപെട്ടേക്കുമെന്ന് ഭയപ്പെടുകയോ ചെയ്താല്‍ ശുദ്ധിയുള്ള സാധനം ലഭിക്കാത്ത പക്ഷം നജസായ സാധനം തത്സ്ഥാനത്ത് ഘടിപ്പിക്കാവുന്നതാണ് അവന്റെ നിസ്‌കാരം സാധുവാകുന്നതും നിസ്‌കാര സമയത്ത് ആ നജസായ അവയവം ഊരിവെക്കല്‍ നിര്‍ബന്ധമില്ലാത്തതുമാണ്. (തുഹ്ഫ 2:125)

 

മറ്റു മനുഷ്യരുടെ അവയവങ്ങള്‍

സ്വന്തം ശരീരത്തിലെ അവയവങ്ങളോ കൃത്രിമ അവയവങ്ങളോ, മനുഷ്യനല്ലാത്ത മനുഷ്യനല്ലാത്ത മറ്റുജീവികളുടെ അവയവങ്ങളോ ലഭിക്കാത്ത നിര്‍ബന്ധ സാഹചര്യത്തില്‍ മറ്റു മനുഷ്യരുടെ അവയവങ്ങളും ഘടിപ്പിക്കാവുന്നതാണ്. നിഹായയില്‍ ഇങ്ങനെ കാണാം.

ഘടിപ്പിച്ചു വെക്കാന്‍ പറ്റിയ നജസായ സാധനവും മനുഷ്യാസ്ഥിയും രണ്ടും ലഭിച്ചാല്‍ നജസായ സാധനത്തിന് മുന്‍ഗണന നല്‍കേണ്ടതാണ്. (നിഹായ 1:437) മനുഷ്യാസ്ഥി അല്ലാത്ത മറ്റൊന്നും ലഭിച്ചില്ലെങ്കില്‍ അത് തന്നെ ഉപയോഗിക്കാവുന്നതാണ്. ഈ സ്ഥലത്ത് ശര്‍വാനിയിലും മറ്റും ഇങ്ങനെ പറയുന്നുണ്ട്. ” നജസായ സാധനവും മനുഷ്യാസ്ഥിയും ലഭിച്ചേടത്ത് നജസിനെ മുന്തിക്കേണ്ടതാണ് എന്നതിന്റെ താല്പര്യം. അത് ലഭിക്കാത്ത പക്ഷം മനുഷ്യാസ്ഥി ഉപയോഗിക്കല്‍ അനുവദനീയമാണന്നാണ് (ശര്‍വാനി 2:126) മനുഷ്യാവയവം വെച്ച് ഘടിപ്പിക്കല്‍ അനുവദനീയമായ സ്ഥലത്ത് പുരുഷന്റെ അവയവം സ്ത്രീക്കും സ്ത്രീയുടെ അവയവം പുരുഷനും ഘടിപ്പിക്കാവുന്നതാണ്. ശര്‍വാനിയില്‍ തന്നെ കാണുക.

മനുഷ്യാവയവം ഘടിപ്പിക്കാമെന്ന നിരുപാധികമായ പ്രയോഗത്തില്‍ നിന്നും വ്യക്തമാകുന്നത് അത് സ്ത്രീയില്‍ നിന്നോ പുരുഷനില്‍ നിന്നോ ആകുന്നതില്‍ യാതൊരു വ്യത്യാസവുമില്ല എന്നതാകുന്നു. അതിനാല്‍ പുരുഷന് സ്ത്രീയുടെ അസ്ഥിയും സ്ത്രീക്ക് പുരുഷന്റെ അവയവവും ഘടിപ്പിക്കല്‍ അനുവദനീയമാണ്. (ശര്‍വാനി 2:126)

സ്ത്രീയുടെ അവയവം പുരുഷന് വെച്ചാല്‍ അത് തൊടല്‍ കൊണ്ട് പുരുഷന്റെ വുള്മുറയുകയില്ല. മറിച്ചും അങ്ങനെ തന്നെ (ശര്‍വാനി 2:126)

ഒരാള്‍ തന്റെ അവയവം മറ്റൊരാള്‍ക്ക് നല്‍കല്‍

അത് അനുവദനീയമാണോ എന്നതാണ് മറ്റൊരു വലിയ പ്രശ്‌നം. എന്നാല്‍ ജീവിച്ചിരിക്കുന്ന ഒരാളുടെ അവയവം മറ്റൊരാള്‍ മുറിച്ചെടുക്കലോ മുറിച്ചുകൊടുക്കലോ ഒരു സാഹചര്യത്തിലും അനുവദനീയമല്ല. തുഹ്ഫ കാണുക.

ജീവന്‍ നിലനിര്‍ത്താന്‍ കുടുങ്ങിയവനാണെങ്കില്‍ കൂടി സ്വശരീരത്തില്‍ നിന്ന് മറ്റൊരാള്‍ക്ക് വേണ്ടിയോ മഅ്‌സൂമായ മനുഷ്യനില്‍ നിന്ന് സ്വശരീരത്തിന് വേണ്ടിയോ വല്ലതും മുറിച്ചെടുക്കല്‍ നിഷിദ്ധമാണ്. (തുഹ്ഫ 9:398)

അത് പോലെ തന്നെ മഅ്‌സൂമായ മനുഷ്യന്റെ മൃതദേഹവും നിന്ദിക്കപ്പടാനോ വികൃതമാക്കാനോ പാടുള്ളതല്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും മനുഷ്യശരീരം അനാദരിക്കപ്പെടരുത്. ഇമാം അബൂദാവൂദ് (റ) ഇബ്‌നു മാജഹ് (റ), അഹ്മദ് (റ), ഹ:അളശ(റ) യില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്ത ഒരു സഹീഹായ ഹദീസില്‍ ഇങ്ങനെയുണ്ട്. മയ്യിത്തിന്റെ എല്ല് പൊട്ടിക്കുന്നത് ജീവനോടെ പൊട്ടിക്കുന്നതിന് തുല്യമാണ്.

തുഹ്ഫയുടെ കര്‍ത്താവായ ഇബ്‌നു ഹജറുല്‍ ഹൈതമി(റ) സവാജിര്‍ എന്ന ഗ്രന്ഥത്തില്‍ മയ്യിത്തിന്റെ എല്ല് പൊട്ടിക്കുന്നത് വന്‍ദോശങ്ങളില്‍ എണ്ണിയിട്ടുണ്ട്. (അസ്സവാജിര്‍ 1:371)

ചുരുക്കത്തില്‍ ജീവിച്ചിരിക്കുന്ന ശരീരത്തില്‍ നിന്നോ മൃതശരീരത്തില്‍ നിന്നോ വല്ലതും മുറിച്ചു കൊടുക്കലോ മുറിച്ച് എടുക്കലോ അതിന് വസിയ്യത് ചെയ്യലോ ഒന്നും അനുവദനീയമല്ല. ഇതെല്ലാത്ത മാര്‍ഗ്ഗത്തില്‍ ഒരാള്‍ക്ക് ഒരു മനുഷ്യന്റെ എല്ലോ മറ്റു വല്ല അവയവമോ ലഭിച്ചു എന്ന് സങ്കല്‍പിക്കാം. മറ്റൊന്നും കിട്ടാനുമില്ല. എന്നാല്‍ അത് ചേര്‍ത്ത് ഘടിപ്പിക്കാമെന്നാണ് മനുഷ്യന്റെ അവയവം വെച്ച് ഘടിപ്പിക്കാം എന്നതിന്റെ താല്പര്യം. മനുഷ്യ ശരീരത്തിന് ജീവിതത്തിലും മരണശേഷവും പവിത്രത നല്‍കിയിട്ടുള്ളത് ഇസ്‌ലാം മാത്രമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter