ലിംഗമാറ്റ ശസ്ത്രക്രിയ: ഒരു കര്‍മ്മശാസ്ത്ര അവലോകനം

ഉപകരണങ്ങളുടെ സഹായത്തോടെ ശരീരം മുറിച്ച് കേടുപാടുകള്‍ തീര്‍ക്കുകയോ പരിശോധന നടത്തുകയോ ആകാരഭംഗി വരുത്തുകയോ ചെയ്യുന്ന വൈദ്യശാസ്ത്ര പ്രക്രിയക്കാണ് ശസ്ത്രക്രിയ എന്ന് പറയുന്നത്. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ജീവിച്ചിരുന്ന ശുശ്രുതനെയാണ് ശസ്ത്രക്രിയയുടെ പിതാവായി കണക്കാക്കപ്പെടുന്നത്. അദ്ദേഹം രചിച്ച ശുശ്രുതസംഹിത എന്ന വൈദ്യശാസ്ത്രഗ്രന്ഥത്തില്‍ 300 ശസ്ത്രക്രിയാരീതികളെക്കുറിച്ചും 120 ശസ്ത്രക്രിയാ ഉപകരണങ്ങളെക്കുറിച്ചും പരാമര്‍ശിക്കുന്നുണ്ട്. ഇവയില്‍ ഭൂരിഭാഗവും മൃഗങ്ങളിലായിരുന്നു പരീക്ഷിക്കപ്പെട്ടിരുന്നത്. 

പിന്നീട് നൂതനമായി പല രീതികളും കണ്ടുപിടിക്കപ്പെടുകയും ആ മേഖല വളരെയേറെ പുരോഗമിക്കുകയും ചെയ്തു. ഇന്ന് അത്തരം ശസ്ത്രക്രിയകള്‍ ഏറെ വ്യാപകമാണ്. അത് കൊണ്ട് തന്നെ, അവയെ സംബന്ധിച്ച ഇസ്‍ലാമിക ശരീഅതിന്റെ കാഴ്ചപ്പാട് എന്നതും ഏറെ ആവശ്യമായി വരുന്നു.  മനുഷ്യരുമായി ബന്ധപ്പെട്ടതും സാധാരണയായി ചെയ്തു വരാറുള്ളതുമായ ചില ശസ്ത്രക്രിയ രീതികളുടെ ശാഫിഇ മദ്ഹബ് അനുസരിച്ചുള്ള കര്‍മശാസ്ത്ര വിധികളാണ് ഈ ലേഖനത്തില്‍ വിവരിക്കാന്‍ ഉദ്ദേശിക്കുന്നത്.

അധികമുള്ള അവയവങ്ങള്‍
സാധാരണ മനുഷ്യ ശരീരഘടനയുടേതില്‍ നിന്ന് വിഭിന്നമായി ചിലരുടെ ശരീരങ്ങളില്‍ ചില അവയവങ്ങള്‍ അധികമായി വരാറുണ്ട്. കൈകാലുകളില്‍ അധികം വിരലുകള്‍ ഉണ്ടാവുക, ശരീര ഭാഗങ്ങളില്‍ മുഴകള്‍ പോലെ ഉണ്ടാവുക തുടങ്ങിയവ  സാധാരണയായി കണ്ടുവരാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ജറി നടത്തി അവയെ നീക്കം ചെയ്യാവുന്നതാണ്.

അവ നീക്കം ചെയ്യുന്നത് കൊണ്ട് അപകടങ്ങള്‍ സംഭവിക്കാന്‍ സാധ്യതയില്ലെന്ന് വൈദ്യശാസ്ത്ര വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്ന പക്ഷം അവ നീക്കം ചെയ്യല്‍ അനുവദനീയമാണെന്ന് നമ്മുടെ ഫുഖഹാഅ് വ്യക്തമാക്കിയിട്ടുണ്ട്. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം ഇബ്നുഹജര്‍(റ) പറയുന്നത് ഇങ്ങനെയാണ്:
وانما جاز قطع السلعة عند تساوي الخطرين لأنها لحم زائد وبقطعها يزول شينها ويحصل الشفاء.  (തുഹ്ഫ 9/377)

അപകടം സംഭവിക്കാനും സംഭവിക്കാതിരിക്കാനും ഉള്ള സാധ്യത തുല്യമാകുന്ന അവസരങ്ങളിലും അത്തരം അവയവങ്ങള്‍ നീക്കം ചെയ്യല്‍ അനുവദനീയമാണെന്ന് ഇമാം റംലി(റ)വും വ്യക്തമാക്കുന്നുണ്ട്. അവ അധികമുള്ള മാംസമാണെന്നും അവ നീക്കം ചെയ്യുന്നതിലൂടെ  ആ വ്യക്തിയുടെ വൈരൂപ്യം ഇല്ലാതാകുമെന്നുമാണ് ഇമാം റംലി (റ)വും ഇതിന് കാരണമായി പറയുന്നത്.

ഇവിടെ, മുഴ മാത്രമല്ല, അധികമുള്ള അവയവങ്ങളും ഇതിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ് എന്ന് نحو سلعة എന്ന പ്രയോഗത്തില്‍ നിന്നും മറ്റു സമാന പ്രയോഗങ്ങളില്‍ നിന്നും മനസ്സിലാക്കാവുന്നതാണ്.

മുഗ്‌നി യില്‍ ഇക്കാര്യം കൂടുതല്‍ വ്യക്തതയോടെ വിവരിക്കുന്നത് കാണാം.
ومثل السلعة فيما ذكر وفيما يأتي العضو المتآكل ـ  മുഗ്‌നി (4/201)

പോസ്റ്റ്‌മോര്‍ട്ടം
ഒരു വ്യക്തിയുടെ മരണം സംഭവിച്ച സമയവും കാരണവും ശാസ്ത്രീയമായി നിര്‍ണ്ണയിക്കുന്നതിന് വേണ്ടി നടത്തുന്ന പ്രത്യേക ശസ്ത്രക്രിയയാണ് പോസ്റ്റ്‌മോര്‍ട്ടം. അസ്വാഭാവിക മരണങ്ങളുടെ കാരണങ്ങള്‍ കണ്ടെത്താനും കൊലപാതകങ്ങള്‍ പോലുള്ളവയുടെ  കേസുകള്‍ക്ക് തെളിവ് ശേഖരിക്കുന്നതിനു വേണ്ടിയും മറ്റുമായി പോസ്റ്റ്‌മോര്‍ട്ടം നമ്മുടെ രാജ്യത്ത് നിയമപ്രകാരം നിര്‍ബന്ധമാക്കപ്പെട്ടതാണ്. കര്‍മശാസ്ത്ര വീക്ഷണത്തില്‍ പോസ്റ്റ്‌മോര്‍ട്ടവുമായി ബന്ധപ്പെട്ട മതനിയമങ്ങള്‍ എന്തെല്ലാമാണ് എന്ന് നോക്കാം.

നിയമപ്രകാരം നിര്‍ബന്ധമാകുന്ന സാഹചര്യങ്ങളിലല്ലാതെ ഒരു തരത്തിലും പോസ്റ്റുമോര്‍ട്ടം അനുവദനീയമല്ലെന്ന് കര്‍മശാസ്ത്ര വിശാരദന്മാരുടെ ഗ്രന്ഥങ്ങളില്‍ നിന്ന് വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും. ചേലാകര്‍മ്മം ചെയ്യപ്പെടാത്ത മയ്യിത്തിന്റെ ലിംഗാഗ്രചര്‍മ്മത്തിനുള്ളില്‍ നജസില്ലെങ്കില്‍ അവനെ കുളിപ്പിക്കുന്നതിനു പുറമെ തയമ്മും കൂടി ചെയ്ത് കൊടുക്കണമെന്നും ലിംഗാഗ്രചര്‍മ്മത്തിനുള്ളില്‍ നജസുണ്ടെങ്കില്‍ അത് നീക്കം ചെയ്ത് കൊടുക്കണമെന്നും കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ അഭിപ്രായപ്പെടുന്നു.

ഇവിടെ, ലിംഗാഗ്ര ചര്‍മ്മത്തിനുള്ളിലെ നജസ് നീക്കം ചെയ്യാന്‍ സാധിക്കാത്ത തരത്തിലുള്ളതാണെങ്കില്‍ ആ മയ്യിത്തിനെ ജനാസ നിസ്‌കരിക്കപ്പെടാതെ മറവു ചെയ്യണമെന്നാണ് ഇമാം റംലി (റ) യുടെ അഭിപ്രായം. എന്നാല്‍, ളറൂറതിന്റെ ഘട്ടമായതിനാല്‍ തയമ്മും ചെയ്ത് കൊടുത്ത് ജനാസ നിസ്‌കരിക്കപ്പെടണമെന്നാണ് ഇമാം ഇബ്‌നു ഹജര്‍(റ) വിന്റെ വീക്ഷണം. രണ്ട് പേരുടെ വീക്ഷണത്തിലും മരണാനന്തരം ഖുല്‍ഫ (ലിംഗാഗ്ര ചര്‍മ്മം) നീക്കം ചെയ്യല്‍ ഹറാമാണെന്ന കാര്യം ഇവിടെ ശ്രദ്ധേയമാണ്. ശര്‍വാനിയില്‍ ഇങ്ങനെ കാണാം:
وما تحت قلفة الا قلف فلا بد من فسخها وغسل ما تحتها ان تيسر والا فإن كان ما تحتها طاهرا يمم عنه وان كان نجسا فلا ييمم بل يدفن بلا صلاة كفاقد الطهورين على ما قاله الرملي لأن شرط التيمم إزالة النجاسة وقال ابن حجر ييمم للضرورة وينبغي تقليده لأن في دفنه بلا صلاة عدم احترام للميت كما قاله شيخنا وعلى كل فيحرم قطع قلفته وان عصى بتأخيره

തുഹ്ഫയില്‍ ഇബ്‌നു ഹജര്‍(റ) തദ്വിഷയകമായി ഇങ്ങനെ പറയുന്നത് കാണാം : 'ഒരാള്‍ തന്റെ അസ്ഥികളിലേക്ക് നജസിനെ ചേര്‍ത്ത് വെക്കുകയും അതിനെ നീക്കം ചെയ്യല്‍ നിര്‍ബന്ധമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ അയാള്‍ മരണപ്പെട്ടാല്‍ ആ നജസ് നീക്കം ചെയ്യാന്‍ വേണ്ടി പോലും ശരീരം കീറി മുറിക്കാന്‍ പാടില്ല.'

ولو وصل عظمه بنجس لفقد الطاهر فمعذور والا وجب نزعه ان لم يخف ضررا ظاهرا قيل وان خاف فان مات لم ينزع على الصحيح (منهاج)
മയ്യിത്തിന്റെ അഭിമാനത്തിന് ക്ഷതം വരുത്തലുണ്ടാകുമെന്നതാണ് അത് നിഷിദ്ധമാകാന്‍ കാരണമായി പറയുന്നത്. മയ്യിത്തിന് വേദന ഉണ്ടാകുന്നതാണ് നിഷിദ്ധമാകാന്‍ കാരണം എന്ന് മറ്റു ചില പണ്ഡിതന്മാര്‍ പറയാറുണ്ടെങ്കിലും മയ്യിത്തിന് വേദനിക്കുക ഇല്ല എന്നതാണ് കര്‍മ്മശാസ്ത്ര പണ്ഡിതരുടെ വാക്കുകളില്‍നിന്ന് മനസ്സിലാകുന്നത്. ശറഹുല്‍ മുഹദ്ദബില്‍ ഇമാം നവവി (റ)പറയുന്നത് കാണുക:

'ഒരു നിശ്ചിത വ്യക്തിയെ ഞാന്‍ അടിച്ചാല്‍ നിന്റെ ത്വലാഖ് സംഭവിക്കുമെന്ന് ഒരാള്‍ തന്റെ ഭാര്യയോട് പറഞ്ഞു. പിന്നീട് ആ വ്യക്തിയുടെ മരണാനന്തരം അയാളുടെ മയ്യിത്തിന്റെ മേല്‍ അടിച്ചാല്‍ ത്വലാഖ് സംഭവിക്കുമോ എന്ന വിഷയത്തില്‍ അസ്ഹാബിനിടയില്‍ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അടിക്കുന്നതിന്റെ ഉദ്ദേശ്യം വേദനിപ്പിക്കലാണെന്നും മയ്യിത്തിന് വേദനിക്കുകയില്ലെന്നും അതിനാല്‍ ത്വലാഖ് സംഭവിക്കുക ഇല്ലെന്നതുമാണ് മശ്ഹൂറായ അഭിപ്രായം. എന്നാല്‍ സത്യ വാചകങ്ങളില്‍ വാക്കിനെ ആണ് പരിഗണിക്കുക എന്നും ഇവിടെ വേദനിക്കുക ഇല്ലെങ്കിലും അടി നടന്നതിനാല്‍ ത്വലാഖ് സംഭവിക്കും എന്നുമാണ് മറു വിഭാഗത്തിന്റെ അഭിപ്രായം. മയ്യിത്തിന് വേദനിക്കുക ഇല്ല എന്ന കാര്യത്തില്‍ ഇരു വിഭാഗവും ഏകകണ്ഠാഭിപ്രായക്കാരാണ് എന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം.

എന്നാല്‍ മയ്യിത്തിനെ കീറിമുറിക്കല്‍ അനുവദനീയവും മറ്റു ചിലപ്പോള്‍ നിര്‍ബന്ധവുമാകുന്ന സന്ദര്‍ഭങ്ങളുണ്ട്. മരണപ്പെട്ട സ്ത്രീയുടെ ഗര്‍ഭാശയത്തില്‍ ഗര്‍ഭസ്ഥ ശിശു ജീവനോടെ ഉണ്ടാവുകയും ശസ്ത്രക്രിയയിലൂടെ ആ കുഞ്ഞിനെ പുറത്തെടുക്കുകയാണെങ്കില്‍ കുഞ്ഞിന്റെ ജീവന്‍ രക്ഷപ്പെടുത്താന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്താല്‍ ഓപ്പറേഷന്‍ ചെയ്ത് ഗര്‍ഭസ്ഥ ശിശുവിനെ പുറത്തെടുക്കല്‍ നിര്‍ബന്ധമാണ്. തുഹ്ഫയില്‍ ഇമാം ഇബ്‌നു ഹജര്‍ (റ)ഈ കാര്യം പറയുന്നത് കാണാം.
وببطنها جنين ترجى حياته ويجب شق جوفها لإخراجه قبل دفنها وبعده

അതുപോലെ മറ്റൊരാളുടെ സ്വര്‍ണ്ണം പോലോത്ത വസ്തുക്കള്‍ മയ്യിത്തിന്റെ വയറ്റില്‍ അകപ്പെടുകയും ഉടമസ്ഥന്‍ ആ വസ്തു വേണമെന്ന് ആവശ്യപ്പെടുകയും ചെയ്താല്‍ മയ്യിത്തിനെ ഓപ്പറേഷന്‍ ചെയ്ത് വസ്തു പുറത്തെടുക്കല്‍ നിര്‍ബന്ധമാണെന്നും കാണാം. വസ്തുവിന് പകരം തത്തുല്യമായ വസ്തുവോ അല്ലെങ്കില്‍ അതിന്റെ മൂല്യമോ നല്‍കാമെന്ന് അനന്തരാവകാശികള്‍ പറഞ്ഞാല്‍ പോലും, ഉടമസ്ഥന്‍ സമ്മതിക്കുന്നില്ലെങ്കില്‍ വസ്തു പുറത്തെടുക്കുക തന്നെ വേണമെന്നതാണ് നിയമം. ഇത് പോലെയുള്ള അനിവാര്യ ഘട്ടങ്ങളില്‍ മയ്യിതിന്റെ ശരീരം കീറി മുറിക്കാവുന്നതാണ് എന്ന് പറഞ്ഞതിലൂടെ, ഇന്നത്തെ സാഹചര്യങ്ങളില്‍ ഗവണ്‍മെന്റ് നിയമം മൂലം നിര്‍ബന്ധമാക്കിയ വിഷയങ്ങളില്‍ പോസ്റ്റ്‌മോര്‍ട്ടം അനുവദനീയമാണെന്ന് മനസ്സിലാക്കാം.

പ്ലാസ്റ്റിക് സര്‍ജറി

ശരീരത്തിലെ ഏതെങ്കിലും ഒരു അവയവത്തിന്റെയോ ഭാഗത്തിന്റെയോ പുന:സ്ഥാപനമോ അല്ലെങ്കില്‍ മാറ്റമോ ഉള്‍ക്കൊള്ളുന്ന ശസ്ത്രക്രിയയാണ് പ്ലാസ്റ്റിക് സര്‍ജറി. മൃഗങ്ങളുടെ ശവം പോലോത്തതില്‍ നിന്ന് ഭാഗങ്ങള്‍ എടുത്ത് വെച്ചാല്‍ മതിയാകുന്ന സാഹചര്യത്തില്‍ സ്വന്തം ശരീരത്തില്‍ നിന്ന് ഭാഗങ്ങള്‍ മുറിച്ചെടുക്കല്‍ അനുവദനീയമല്ല. എന്നാല്‍, അത് സാധിക്കാത്ത പക്ഷം സ്വന്തം ശരീര ഭാഗങ്ങള്‍ ഉപയോഗിച്ചു കൊണ്ടു തന്നെ സര്‍ജറി നടത്താവുന്നതാണ്. സര്‍ജറി മുഖേനെ പരിഹരിക്കപ്പെടുന്ന പ്രയാസം ശരീര ഭാഗം മുറിച്ചെടുക്കുമ്പോഴുണ്ടാകുന്ന പ്രയാസത്തേക്കാള്‍ വലുതായിരിക്കണമെന്ന നിബന്ധന ഉണ്ടെന്ന് മാത്രം. എന്നാല്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സ്വന്തം ശരീരഭാഗങ്ങള്‍ മുറിച്ചെടുത്ത് നല്‍കാവുന്നതല്ല താനും. ഇക്കാര്യം താഴെ പറയുന്ന വാക്യങ്ങളില്‍നിന്ന് മനസ്സിലാക്കാം.

(والاصح تحريم قطع بعضه) أي بعض نفسه (لاكله) بلفظ المصدر لتوقع الهلاك منه (قلت الاصح جوازه) لما يسد به رمقه او لما يشبعه بشرطه لانه قطع بعض لاستبقاء كل فهو كقطع يد متآكلة (وشرطه) أي حل قطع البعض (فقد الميتة ونحوها) كطعام الغير فمتى وجد ما ياكله حرم ذاك قطعا (وان) لا يكون في قطعه خوف أصلا او (يكون الخوف في قطعه اقل) منه في تركه فان كان مثله او اكثر او الخوف في القطع فقط حرم قطعا.

ലിംഗ മാറ്റ ശസ്ത്രക്രിയ

ജന്മനാ സ്ത്രീയോ പുരുഷനോ ആയ ഒരാളെ ശസ്ത്രക്രിയ വഴി എതിര്‍ ലിംഗത്തിലേക്ക് മാറ്റുകയോ ലിംഗ വ്യക്തത ഇല്ലാത്ത ഒരാളെ (ഇന്റര്‍ സെക്‌സ്) ഏതെങ്കിലും ഒരു ലിംഗത്തിലേക്ക് മാറ്റുകയോ ചെയ്യുന്നതിനെയാണ് ലിംഗ മാറ്റ ശസ്ത്രക്രിയ എന്നു പറയുന്നത്. കാലാന്തര ജന്യമായ വിഷയങ്ങളെ കരുതലോടെ കൈകാര്യം ചെയ്യുന്ന ഇസ്‍ലാമിക കര്‍മശാസ്ത്രം ലിംഗമാറ്റ ശസ്ത്രക്രിയയെ സംബന്ധിച്ചും വ്യക്തമായ വീക്ഷണ നിലപാടുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

നേരത്തെ പ്ലാസ്റ്റിക് സര്‍ജറിയെ സംബന്ധിച്ച് പരാമര്‍ശിച്ച തുഹ്ഫയുടെ ഇബാറതില്‍ നിന്നു തന്നെ ലിംഗ മാറ്റ ശസ്ത്രക്രിയയുടെ മതവിധി മനസ്സിലാക്കി എടുക്കാവുന്നതാണ്. സര്‍ജറി മുഖേനെ പരിഹരിക്കപ്പെടുന്ന പ്രയാസം ശരീര ഭാഗം മുറിച്ചെടുക്കുമ്പോഴുണ്ടാകുന്ന പ്രയാസത്തേക്കാള്‍ വലുതായിരിക്കണമെന്ന നിബന്ധന ഉണ്ടെന്ന് നേരത്തെ പറഞ്ഞതാണ്. ലിംഗ മാറ്റ ശസ്ത്രക്രിയ നടത്തുന്നിടത്ത്, ശാരീരികമായ ഒരു പ്രയാസവും പരിഹരിക്കപ്പെടുന്നില്ലെന്ന് മാത്രമല്ല, മിക്കവാറും പുതിയ പ്രയാസങ്ങള്‍ സൃഷ്ടിക്കുക കൂടിയാണ് ചെയ്യുന്നത്. അത് കൊണ്ട് തന്നെ ഇത് അനുവദനീയമല്ലെന്ന് തന്നെയാണ് കര്‍മ്മശാസ്ത്ര വിധി. ഖുന്‍സയെ (ഇന്റര്‍ സെക്സ്) ചേലാകര്‍മ്മം ചെയ്യല്‍ പോലും അനുവദനീയമല്ലെന്ന് കര്‍മശാസ്ത്ര പണ്ഡിതന്മാര്‍ വ്യക്തമാക്കിയതും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. ബുജൈരിമിയില്‍ ഇമാം നവവി (റ) ഇക്കാര്യം ഖണ്ഡിതമായി പറഞ്ഞതായി കാണാം.
لا يجوز ختانه لان الجرح لا يجوز بالشك وبه قطع النووي

ശരീരം കീറി മുറിവുണ്ടാക്കല്‍ അനുവദനീയമല്ലെന്നതാണ് കാരണമായി പറഞ്ഞിട്ടുള്ളത്. ഇതില്‍നിന്ന്, ലിംഗമാറ്റ ശസ്ത്രക്രിയ അനുവദനീയമല്ല എന്ന് വ്യക്തമാവുന്നതുമാണ്. സ്ത്രീയുടെയും പുരുഷന്റെയും ലിംഗങ്ങളുള്ള  ഖുന്‍സാ മുഷ്‌കിലിന് ഏതെങ്കിലുമൊരു ലിംഗ പക്ഷം വ്യക്തമാവുന്നത് വരെ രണ്ടാലൊരു അവയവം നീക്കം ചെയ്യലും അനുവദനീയമല്ലെന്ന് സാരം.

എന്നാല്‍, ഏതെങ്കിലുമൊരു ലിംഗപക്ഷം നിര്‍ണ്ണിതമാവുകയാണെങ്കില്‍ എതിര്‍ ലിംഗാവയവം മുറിച്ച് മാറ്റി നീക്കം ചെയ്യാവുന്നതാണ്. ശരീരത്തിലെ അധികമുള്ള അവയവങ്ങള്‍ നീക്കം ചെയ്യുന്നതിന്റെ തന്നെ മതവിധിയാണ് അപ്പോള്‍ അവിടെ പരിഗണിക്കപ്പെടുക. അക്കാര്യം മുമ്പ് പരാമര്‍ശിച്ച ഗ്രന്ഥോദ്ധരണികളില്‍ നിന്ന് തന്നെ മനസ്സിലാക്കാം. ശിയാ നേതാവായ ആയതുല്ലാഹ് ഖുമൈനി തന്റെ   تحرير الوسيلة എന്ന ഗ്രന്ഥത്തില്‍ ലിംഗമാറ്റ ശസ്ത്രക്രിയ അനുവദനീയമാണെന്ന് പറയുന്നുണ്ടെങ്കിലും ഇസ്‍ലാമിക കര്‍മശാസ്ത്ര പ്രമാണങ്ങളുടേതായ ഒരു തെളിവുകളും പിന്‍ബലമായി നല്‍കാന്‍ സാധിച്ചിട്ടില്ല.

വസ്തുതകളും മതവിധികളും ഇങ്ങനെയായിരിക്കെ, ഒരാള്‍ നിഷിദ്ധമായ ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യുകയാണെങ്കില്‍ അവരെ ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് പരിഗണിക്കേണ്ടതെന്നും കര്‍മശാസ്ത്രം നിലപാട് വ്യക്തമാക്കുന്നുണ്ട്. ജന്മനാ സ്ത്രീ സ്വത്വമുള്ള ഒരാള്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ പൂര്‍ണ്ണമായും പുരുഷ സ്വത്വം കൈവരിക്കുകയാണെങ്കില്‍ പുരുഷന്റെ വിധി വിലക്കുകളാണ് ആ വ്യക്തിക്ക് പിന്നീട് ബാധകമാവുക. അതുപോലെ പുരുഷ സ്വത്വമുളളയാള്‍ ലിംഗ മാറ്റ ശസ്ത്രക്രിയയിലൂടെ സമ്പൂര്‍ണ്ണമായി സ്ത്രീ സ്വത്വം കൈവരിക്കുകയാണെങ്കില്‍  സ്ത്രീയുടെ വിധിവിലക്കുകളാണ് ആ വ്യക്തിക്ക് പിന്നീട് ബാധകമാവുക. അതേ സമയം, ശസ്ത്രക്രിയാനന്തരം പൂര്‍ണ്ണമായ സ്വത്വ മാറ്റമുണ്ടാവാതെ കേവല വിശേഷണങ്ങളില്‍ മാത്രമാണ് മാറ്റമുണ്ടായതെങ്കില്‍, ആ വ്യക്തിക്ക് ശസ്ത്രക്രിയയുടെ മുമ്പ് ബാധകമായിരുന്ന വിധിവിലക്കുകള്‍ തന്നെയാണ് ബാധകമാവുക.

ഇമാം ഇബ്‌നു ഹജര്‍ (റ) ഇക്കാര്യം തുഹ്ഫയില്‍ ഇപ്രകാരം പറയുന്നു:
والذي يظهر ان ذاته ان بدّلت لذات أخرى اعتبر الممسوخ اليه والا بان لم تبدل الا صفته فقط اعتبر ما قبل المسخ.
അതുപോലെ, ശസ്ത്രക്രിയാനന്തരം ഒരാള്‍ക്കുണ്ടായത് സമ്പൂര്‍ണ്ണ സ്വത്വ മാറ്റമാണോ അതോ കേവല സ്വഭാവ മാറ്റമാണോ എന്ന് സംശയിക്കുന്ന പക്ഷവും ശസ്ത്രക്രിയയുടെ മുമ്പ് ബാധകമായിരുന്ന വിധിവിലക്കുകള്‍ തന്നെയാണ് പ്രസ്തുത വ്യക്തിക്ക് ബാധകമാവുക എന്നും കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നുണ്ട്. ശര്‍വാനിയില്‍ ഇതു സംബന്ധിയായി ഇപ്രകാരം പറയുന്നു:
والا فينبغي اعتبار اصله لانا لم نتحقق تبدل الذات فنحكم ببقائها وان المتحول هو الصفة.

Leave A Comment

1 Comments

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter