ലാഭവിഹിതവും ഓഹരി വില്‍പനയും

ഇന്ന് നിലവിലുള്ള കമ്പനികള്‍ പ്രധാനമായും രണ്ടുതരം ഓഹരികളാണ്  പുറത്തുവിടുന്നത്.
1. മുന്‍ഗണനാ ഓഹരി (Preference Share): പേര് സൂചിപ്പിക്കും പോലെത്തന്നെ കമ്പനിയില്‍ പ്രത്യേക ആനുകൂല്യങ്ങളും മുന്‍ഗണനയും നല്‍കപ്പെടുന്ന ഓഹരികളാണിത്. നിശ്ചിതയളവ് ലാഭം കൃത്യമായി നല്‍കുന്നതോടൊപ്പം കമ്പനി നഷ്ടത്തിലായാലും തകര്‍ന്നാല്‍ തന്നെയും മുടക്കുമുതലും നിശ്ചിത ലാഭവും മുന്‍ഗണനക്കാര്‍ക്ക് നല്‍കപ്പെടും. കമ്പനിയെ ഓഹരി വിപണിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യമായ നിശ്ചിത ഓഹരിക്കാരെ നിഷ്പ്രയാസം കണ്ടെത്താനാണ് ഇത്തരം ഓഹരികള്‍ വിപണനം നടത്തപ്പെടുന്നത്. നഷ്ടസാധ്യത തീരെ ഇല്ലാത്തതു കൊണ്ട് മുന്‍ഗണനാ ഓഹരി സ്വീകരിക്കാന്‍ ആളുകള്‍ പെട്ടെന്ന് തയ്യാറാകും. വിപണിയിലൂടെ നല്‍കുന്ന ഓഹരികള്‍ തിരിച്ചുലഭിക്കാത്ത സാഹചര്യത്തില്‍ മുന്‍ഗണനാ ഓഹരിയിലെ പ്രത്യേക ഇനമായ  redeemable (തിരിച്ചു ലഭിക്കുന്നവ) ആണ് സ്വീകരിച്ചതെങ്കില്‍ ആവശ്യമുണ്ടെങ്കില്‍ ഓഹരി തിരിച്ചുവാങ്ങാവുന്നതാണ്.
2. സാധാരണ ഓഹരി (Equity Share): പ്രത്യേക സമയത്തിന്റെയോ നിബന്ധനയുടെയോ അടിസ്ഥാനത്തിലല്ലാതെ വിതരണം ചെയ്യപ്പെടുന്ന ഓഹരിയാണ് സാധാരണ ഓഹരി.
ഓഹരിയുമായി ബന്ധപ്പെട്ട് മുകളിലുദ്ധരിച്ച രണ്ടു പ്രധാന നിബന്ധനകള്‍ നിലവിലുള്ള ഓഹരി വിതരണത്തില്‍ കാണപ്പെടുന്നില്ല.
ഒന്നാമതായി, ഓഹരിക്കാര്‍ക്കിടയില്‍ ഈവിധം വിവേചനം നടത്താന്‍ ഇസ്‌ലാം അനുവദിക്കുന്നില്ല. ലാഭവും നഷ്ടവും മുതലിന്റെ തോതനുസരിച്ച് ഓഹരിക്കാര്‍ക്കിടയില്‍ വിഭജിക്കപ്പെടണം. ഇതിനു വിപരീതമായ ഇടപാട് ഇസ്‌ലാമിക വിരുദ്ധമാണ്.
രണ്ടാമതായി, നിലവിലെ സാഹചര്യത്തില്‍ ഓഹരി വിപണി വഴി ഏതെങ്കിലും കമ്പനിയുടെ പങ്കാളിത്തം ഒരാള്‍ ഏറ്റെടുക്കുന്നുവെങ്കില്‍ കമ്പനി നിലനില്‍ക്കുന്നിടത്തോളം കാലം അതില്‍ നിന്ന് അയാള്‍ക്ക് ഓഹരി തിരിച്ചുവാങ്ങി പിന്‍വാങ്ങാന്‍ അവകാശമില്ല. തന്റെ വിഹിതം മറ്റൊരാള്‍ക്ക് വില്‍ക്കുകയോ ദാനമായി നല്‍കുകയോ വേണം. എന്നാല്‍, ഇസ്‌ലാം പഠിപ്പിച്ച കൂട്ടുകച്ചവടം ഈ രൂപത്തിലുള്ളതല്ല. മറിച്ച്, പങ്കുകാര്‍ക്ക് ഇഷ്ടമുള്ളപ്പോള്‍ തങ്ങളുടെ ഓഹരി പിന്‍വലിക്കാന്‍ അവകാശമുണ്ട്. ‘ഓഹരിക്കാരില്‍ ഓരോരുത്തര്‍ക്കും പങ്കാളിത്തം അവസാനിപ്പിക്കാവുന്നതാണ്’-(റൗള 3:516)
മൂന്നാമതായി, നഷ്ട സാധ്യത ഭയക്കുന്ന കമ്പനികള്‍ cumulative preference share കളാണ് ഓഹരിക്കാര്‍ക്ക് നല്‍കുക. ഈ ഓഹരിയുടെ അനുബന്ധ നിയമങ്ങള്‍ പ്രകാരം കമ്പനികള്‍ക്കു ലഭിക്കുന്ന ലാഭവിഹിതം കൃത്യമായി വിതരണം ചെയ്യുകയില്ല. സദാ ലാഭവിഹിതം നല്‍കാനാവില്ലെന്ന ഭയമാണ് കാരണം. പകരം ഓരോ ഓഹരിക്കാരനും ലഭിക്കേണ്ട വിഹിതം പ്രത്യേകമായി കണക്കുകൂട്ടും. കാലങ്ങള്‍ക്കു ശേഷം യഥാക്രമം വിതരണം പൂര്‍ത്തിയാക്കും. കമ്പനിക്ക് നഷ്ടം സംഭവിച്ച കാലയളവില്‍ മുന്‍ഗണനക്കാരനു ലഭിക്കേണ്ട തുക കൃത്യമായി നല്‍കാന്‍ വേണ്ടി സാധാരണ (Equity) ഓഹരിയുടമയുടേതില്‍ നിന്ന് പിടിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ പ്രത്യേകത. അങ്ങനെ equity share ഉള്ളവയുടെ ഓഹരി കുറയുകയും ചെയ്യും. ലാഭനഷ്ടങ്ങള്‍ ഓഹരിക്കാരുടെ മുതലിന്റെ അനുപാതത്തിലായിരിക്കണമെന്ന ഫിഖ്ഹീ കാഴ്ചപ്പാടിനെതിരാണ് ഈ ലാഭവിതരണം.
ഓഹരിയുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടാലും വില്‍പനക്ക് ഇസ്‌ലാം വിശദീകരിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ കൂടി പരിഗണിക്കപ്പെട്ടെങ്കിലേ ഒരു മുസ്‌ലിമിന് ഓഹരി വിപണിയുമായി ബന്ധപ്പെടാവൂ. ഓഹരി വില്‍പനയില്‍ വില്‍പന വസ്തു ഏത് എന്ന് പ്രത്യേകം പഠനവിധേയമാക്കേണ്ടതുണ്ട്. ഒരു വ്യക്തിയുടെ ഓഹരി എന്നതു കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത് നിശ്ചിത കമ്പനിയില്‍ അയാള്‍ നിക്ഷേപിച്ച തുകക്ക് സമാനമായ സ്വത്തുക്കളാണ്. അങ്ങനെ വരുമ്പോള്‍ അയാള്‍ തന്റെ ഓഹരി കൈമാറ്റം നടത്തുമ്പോള്‍ കമ്പനിയുടെ ആകെ സ്വത്തില്‍ പരന്നുകിടക്കുന്ന ഒരു വിഹിതമാണ് ഇവിടത്തെ വില്‍പനവസ്തു. അഥവാ, കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിച്ച ‘മുശാഅ്’ (കൂട്ടുസ്വത്ത്) ആണ് ഇവിടെ കൈമാറ്റം ചെയ്യപ്പെടുന്നത്. മുശാഇന്റെ നിശ്ചിതഭാഗം വില്‍ക്കുമ്പോള്‍ പാലിക്കപ്പെടേണ്ട നിബന്ധനകള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ വിശദീകരിക്കുന്നതിങ്ങനെയാണ്; വീട്, ഭൂമി, വസ്ത്രം തുടങ്ങിയവയില്‍ നിന്നൊരു നിശ്ചിത വിഹിതം വില്‍ക്കുമ്പോള്‍ രണ്ടു പേരും അവയുടെ അളവ് അറിയുന്നവരാണെങ്കില്‍ വില്‍പന സാധുവാണ്. ഒരാള്‍ക്ക് അറിയില്ലെങ്കില്‍ ശരിയാവുകയില്ല. (മഹല്ലി: 2-61) വീട്, ഭൂമി, അടിമ, ഭക്ഷണക്കൂന, പഴവര്‍ഗം ആദിയായവയില്‍ അറിയപ്പെട്ട ഒരു വിഹിതത്തില്‍ വ്യാപിച്ചു കിടക്കുന്ന ഭാഗത്തെ കച്ചവടം ചെയ്യല്‍ സ്വഹീഹാണ്. (റൗള: 3-28)
അഥവാ, പത്തു സെന്റ് ഭൂമിയില്‍ നിന്നും നിര്‍ണിതമല്ലാത്ത അഞ്ചു സെന്റ് മറ്റൊരാള്‍ക്ക് വില്‍ക്കുന്നുവെങ്കില്‍ രണ്ടാമത്തെയാള്‍ ആകെ ഭൂമി പത്തുസെന്റ് ഉണ്ടെന്ന് അറിഞ്ഞിരിക്കണം. അല്ല എങ്കില്‍ ആ വില്‍പന സാധുവാകില്ല. ഓഹരി വിപണിയിലൂടെ ഏതെങ്കിലും ഒരു കമ്പനിയുടെ ഓഹരി വാങ്ങുമ്പോള്‍ കമ്പനിയുടെ മൊത്തം സ്വത്ത് എത്രയാണെന്നോ അതിന്റെ എത്ര ശതമാനമാണ് താന്‍ വാങ്ങുന്നത് എന്നോ ആരും അറിയാറില്ല. ഈ രൂപത്തിലുള്ള വില്‍പന സാധുവാകില്ലെന്നാണ് കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ പഠിപ്പിക്കുന്നത്.
വില്‍പന വസ്തു നിര്‍ണിതമായ കൂട്ടുസ്വത്താണെങ്കില്‍ മൊത്തം സ്വത്തിന്റെ അളവ് അറിയുന്നതോടൊപ്പം കാണല്‍ കൂടി വില്‍പന സാധുവാകാന്‍ നിബന്ധനയാണ്. വില്‍പന വസ്തു നിര്‍മിതമാണെങ്കില്‍ അതിനെ കാണലും നിര്‍ബന്ധമാണ്. ഇടപാടുകാര്‍ വ്യക്തമായി കാണാത്ത വസ്തുവിന്റെ വില്‍പന സ്വീകാര്യമാവുകയില്ല. (ഫത്ഹുല്‍ മുഈന്‍: 131). ഇനി അന്വേഷിക്കേണ്ടത് ഓഹരി ഒരു നിര്‍ണിതചരക്കാണോയെന്നാണ്. ഒരു നിശ്ചിത കമ്പനിയുടേതാകയാല്‍ വില്‍പനവസ്തു നിര്‍ബന്ധമാണ്. നിര്‍ണിത വസ്തുവിനെ കുറിച്ച് സത്യസന്ധമായ വിവരം ലഭിച്ചതു കൊണ്ടുപോലും കാര്യമില്ല, കണ്ണുകൊണ്ട് കാണുക തന്നെ വേണം. ‘വില്‍ക്കുന്നവനും വാങ്ങുന്നവനും കാണാത്ത, മറഞ്ഞ (ഗാഇബ്) വസ്തുവിന്റെ വില്‍പന ശരിയാവുകയില്ല, വിശ്വസനീയ വിവരണങ്ങളാലും വിശേഷണങ്ങളാലും അറിയാന്‍ അവസരമുണ്ടായാലും വില്‍പന സ്ഥലത്തവര്‍ സന്നിഹിതരായാലും ശരി.’ (തുഹ്ഫ: 3-262, ശര്‍വാനി, ഇബ്‌നു ഖാസിം എന്നിവ നോക്കുക.)
ഇന്നു നടക്കുന്ന ഓഹരിക്കച്ചവടത്തില്‍ ഈ രൂപത്തിലുള്ള കാണലും അറിയലുമൊന്നും നടക്കുന്നില്ല. ഓഹരി വില്‍പനക്കു വേണ്ടി വിപണികള്‍ പ്രത്യേകം ബ്രോക്കര്‍മാരെ നിശ്ചയിക്കുകയും ഫോണ്‍ കോളുകളിലൂടെ മാത്രം അവരുമായി ബന്ധപ്പെട്ട് കമ്പനികളുടെ ഓഹരികള്‍ കൈക്കലാക്കുകയും ചെയ്യുന്ന നിലവിലെ ഓഹരി കൈമാറ്റ രീതി ഇസ്‌ലാമിക ദൃഷ്ട്യാ നമുക്കെങ്ങനെ അംഗീകരിക്കാനാവും? പലപ്പോഴും വില്‍പന വസ്തു പോലുമില്ലാത്ത ഓഹരി വില്‍പനയും മാര്‍ക്കറ്റില്‍ നടക്കുന്നുണ്ട്. ഷോര്‍ട്ട് സെല്ലിങ് എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഇടപാട് വിപണിയെ കുറിച്ച് പ്രതീക്ഷയില്ലാത്ത ഓഹരിക്കാര്‍ക്ക് ആധിപത്യമുള്ള ബിയര്‍ മാര്‍ക്കറ്റിലാണ് നടക്കുക. ബിയര്‍ മാര്‍ക്കറ്റാവുമ്പോള്‍ ഓഹരികള്‍ക്ക് വിലയിടിഞ്ഞു കൊണ്ടേയിരിക്കും. ഇത് മനസ്സിലാക്കുന്ന ആളുകള്‍ ഓഹരിയൊന്നും കൈവശമില്ലാതെ തന്നെ ബ്രോക്കറുമായി ബന്ധപ്പെട്ട് ഓഹരി വില്‍പന നടത്തും. ശേഷം താന്‍ വില്‍പന നടത്തിയ കമ്പനിയുടെ ഓഹരികള്‍ വിലയിടിഞ്ഞു എന്ന് ഉറപ്പുവരുത്തിയ ശേഷം തന്റെ പേരില്‍ വാങ്ങും. ഇവിടെ പിന്നീട് വാങ്ങിക്കൂട്ടുന്ന ഓഹരിയെയാണ് ഇയാള്‍ നേരത്തെ വിറ്റഴിച്ചത്. ഇവിടെ കൈവശമില്ലാത്ത വസ്തുക്കള്‍ വിറ്റാണ് വില്‍പനക്കാരന്‍ ലാഭം കൊയ്യുന്നത്.
മുകളിലുദ്ധരിച്ച പ്രശ്‌നങ്ങളില്‍ നിന്ന് മുക്തമാണെങ്കില്‍ തന്നെ നിലവിലെ ഓഹരിവില്‍പനകള്‍ അനുവദനീയമാവുകയില്ലെന്നാണ് പണ്ഡിതമതം. വഞ്ചനയുടെ ഇതര രൂപങ്ങള്‍ കൂടി വിപണിയില്‍ കാണപ്പെടുന്നുണ്ടെന്നതാണ് കാരണം. ‘വഞ്ചനാപരമായ കച്ചവടത്തെ നബി (സ്വ) തിരുമേനി വിലക്കിയിട്ടുണ്ടെ’ന്ന തുര്‍മുദിയുടെ റിപ്പോര്‍ട്ടാണിതിനാധാരം. ഓഹരിക്കച്ചവടത്തെ നിയമാനുസൃത ഊഹക്കച്ചവടമായിട്ടാണ് ഔദ്യോഗിക രേഖകള്‍ പോലും പരിചയപ്പെടുത്തുന്നത്. ഇന്ത്യയില്‍ സെബി ആക്ട് നിലവില്‍ വന്നതുതന്നെ ഈ രംഗത്തെ വഞ്ചനകള്‍ക്ക് അറുതിവരുത്താനായിരുന്നു. ലോകത്തെ തന്നെ ഞെട്ടിച്ച പല ഓഹരിത്തട്ടിപ്പുകളും പത്രകോളങ്ങളില്‍ വാര്‍ത്ത സൃഷ്ടിച്ചത് ആര്‍ക്കും അജ്ഞാതമല്ല. ഹര്‍ഷദ് മേത്ത കുംഭകോണവും സത്യം കമ്പ്യൂട്ടേഴ്‌സിന്റെ തകര്‍ച്ചയുമെല്ലാം ഈ ഗണത്തില്‍പ്പെടുന്നവയാണ്. അമേരിക്കയിലെ ഇമൂലക്‌സ് കമ്പനിയെ കുറിച്ച് വ്യാജവാര്‍ത്ത പുറത്ത്‌വിട്ട് മാര്‍ക്ക് ജാക്കോബ് എന്ന വ്യക്തി വന്‍ തട്ടിപ്പ് നടത്തിയത് ഇതിനകം വലിയ വാര്‍ത്തയായിരുന്നു. നൂറ്റിപ്പതിമൂന്ന് ഡോളര്‍ വിലയുണ്ടായിരുന്ന കമ്പനിയുടെ ഓഹരികള്‍ ഇയാള്‍ നിര്‍മിച്ച വ്യാജവാര്‍ത്തയുടെ അടിസ്ഥാനത്തില്‍ വെറും നാല്‍പത്തിമൂന്ന് ഡോളറായി ചുരുങ്ങി. കമ്പനിയുടെ കണക്കുകള്‍ ഓഡിറ്റിന് വിധേയമാക്കിയപ്പോള്‍ വന്‍ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ട് എന്നതായിരുന്നു ഇയാളുടെ പ്രചരണം. വിലയിടിഞ്ഞ സാഹചര്യത്തില്‍ ഇയാള്‍ കിട്ടാവുന്ന ഓഹരികള്‍ കൈക്കലാക്കി. തൊട്ടടുത്ത ദിവസം തന്നെ കമ്പനി ഉടമസ്ഥര്‍ വ്യാജ വാര്‍ത്തക്കെതിരെ രംഗത്തെത്തി. ഇതോടെ ഓഹരികളുടെ വില പഴയതുപോലെ കുതിച്ചുയരുകയും താന്‍ വാങ്ങിക്കൂട്ടിയ ഓഹരികള്‍ ഉടന്‍ വിറ്റയിച്ച് ഇയാള്‍ നിഷ്പ്രയാസം ഇരുപത്തയ്യായിരം ഡോളര്‍ സമ്പാദിക്കുകയും ചെയ്തു. ഈ വിധത്തിലുള്ള വഞ്ചനകളും കുതന്ത്രങ്ങളും അരങ്ങുവാഴുന്ന മേഖലയാണ് ഓഹരിവിപണി എന്നതുകൊണ്ടു തന്നെ മുസ്‌ലിമിന് ഈ മേഖല ഒരിക്കലും അഭികാമ്യമല്ല.
ചുരുക്കത്തില്‍ ഓഹരി വിപണിയുടെ മര്‍മഭാഗങ്ങളാണിവിടെ ചര്‍ച്ചചെയ്തത്. വിശുദ്ധ ശരീഅത്തിന്റെയും പണ്ഡിത മഹത്തുക്കളുടെയും വീക്ഷണത്തില്‍ ഇസ്‌ലാമിക വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കാത്ത മേഖലയാണ് ഓഹരിവിപണിയെന്നത് സുവ്യക്തമാണ്. ആകയാല്‍ ധനസമ്പാദനത്തിന് നിഷിദ്ധ മാര്‍ഗങ്ങളെ കൈവെടിഞ്ഞ് പലിശയും ഹറാമും അന്യം നില്‍ക്കുന്ന അനുവദനീയമായ മാര്‍ഗങ്ങളിലൂടെ നീങ്ങുകയാണ് സമകാലിക പരിസരത്തില്‍ നമ്മുടെ ബാധ്യത.

(തെളിച്ചം മാസിക, ദാറുല്‍ഹുദാ, ചെമ്മാട്)

 

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter