സന്താനനിയന്ത്രണവും അബോര്‍ഷനും

ഫലോപ്പിയന്‍ ട്യൂബില്‍ വെച്ച് ബീജം അണ്ഡവുമായി കൂടിച്ചേര്‍ന്ന് സിക്താണ്ഡമായ ശേഷം പ്രസവത്തിന് മുമ്പ് ഏതവസരത്തില്‍ അത് നശിച്ചാലും അബോര്‍ഷന്‍ എന്ന് പറയും. സ്വാഭാവികമായി ഇത് നടക്കുന്നവരും ഇതിനുവേണ്ടി മരുന്നോ മറ്റോ ഉപയോഗിക്കുന്നവരും ഉണ്ട്. ഇങ്ങനെ അബോര്‍ഷന്‍ ചെയ്യുന്നതിന്റെ മതവിധി നമുക്ക് അന്വേഷിക്കേണ്ടതുണ്ട്.


നിയന്ത്രണത്തിന്റെ മാര്‍ഗങ്ങള്‍ സുലഭമാണെങ്കിലും അബോര്‍ഷന് ഉത്തരവാദിത്വപ്പെട്ട ഡോക്ടറുടെ നിര്‍ദേശം വേണം എന്ന് സര്‍ക്കാര്‍ തലത്തില്‍ നിയമമുണ്ട്. ഈ നിയമം ദുരുപയോഗം ചെയ്ത് പണമുണ്ടാക്കുന്ന ഡോക്ടര്‍മാര്‍ ഉണ്ടെന്നത് വസ്തുതയാണ്.


ലിംഗനിര്‍ണയശേഷം അബോര്‍ഷന്‍ ചെയ്യുന്നവരും ധാരാളം. രാജ്യനിയമം പോലും ഇതംഗീകരിക്കുന്നില്ലെങ്കിലും 14-ാം നൂറ്റാണ്ട് മുമ്പ് ജാഹിലിയ്യാ കാലത്ത് പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചുമൂടിയതിന്റെ എത്രയോ മടങ്ങ് തമ്മാടിത്തം ഇന്നും നിലനില്‍ക്കുന്നുവെന്നേ പറയാനുള്ളൂ. ഈ രീതിയിലുള്ള അബോര്‍ഷനെ മതകീയമായും ശാസ്ത്രീയമായും എതിര്‍ക്കപ്പെട്ടതാണ്. ഇതിനു വേണ്ടി ഉപയോഗിക്കുന്ന പല മരുന്നുകളും സ്ത്രീകള്‍ക്ക് വലിയ രോഗങ്ങള്‍ ഉണ്ടാക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കേവലം ആയിരത്തിന്റെ താഴെ ചെലവ് വരുന്ന പല മരുന്നുകളും പതിനായിരങ്ങള്‍ക്ക് വില്‍ക്കപ്പെടുന്നുണ്ട്.


ഇതിനു പൊതുവെ രണ്ടു വഴികളാണ് ഉപയോഗിക്കുന്നത്. ഇ-സി-പില്‍സ് എന്ന മോണിങ് ആഫ്റ്റര്‍ പില്‍ എന്ന് സാധാരണ വിളിക്കപ്പെടുന്ന സ്ത്രീ കഴിക്കേണ്ട ഗുളികകളാണ് ഒന്ന്. ശാരീരിക ബന്ധത്തിന്റെ ശേഷം 120 മണിക്കൂര്‍ ഉള്ളില്‍ ഇത് കഴിക്കണം. ഇതിനു ഗര്‍ഭപാത്രത്തിലെത്തിയ ഭ്രൂണത്തെപ്പോലും നശിപ്പിക്കാന്‍ കഴിവുണ്ട്. ഡിആന്റ്‌സി എന്നറിയപ്പെടുന്ന മാര്‍ഗമാണ് മറ്റൊന്ന്. കൈ ഉപയോഗിച്ച് സ്ത്രീ യോനിയിലൂടെ ഭ്രൂണത്തെ നീക്കം ചെയ്യലാണ് ഇതിലുള്ളത്.


അബോര്‍ഷന്റെ ഫിഖ്ഹീ വീക്ഷണം നാം അന്വേഷിക്കുമ്പോള്‍ ആത്മാവ് ഊതപ്പെടുന്നതിന് മുമ്പും ശേഷവും രണ്ടു വിധികളെ കണ്ടെത്താന്‍ സാധിക്കും. 120 ദിവസം (നാലു മാസം) ആകുമ്പോഴാണ് ആത്മാവ് ഊതപ്പെടുക. കുട്ടി ആണാണെങ്കില്‍ 90 ദിവസവും (മൂന്നു മാസം) പെണ്ണാണെങ്കില്‍ 120 ദിവസവും (നാലു മാസം) പൂര്‍ത്തിയായാലാണ് ആത്മാവിനെ ശരീരത്തിലേക്കാക്കപ്പെടുക എന്നാണ് ഇത്തിഹാഫ് 5/380-ലുള്ളത്.


‘റൂഹ്’ ഊതപ്പെടുന്നതിനു മുമ്പുള്ള അബോര്‍ഷന്‍ പോലും ഇമാം ഗസ്സാലി ഹറാമാണെന്നാണ് ഇഹ്‌യയില്‍ പറയുന്നത്. എന്നാല്‍, അബൂ ഇസ്ഹാഖ് മറൂസി എന്ന ശാഫിഈ പണ്ഡിതന്റെ ഫ്തവയിലുള്ളത് അനുവദനീയം എന്നാണ്. ഈ രണ്ട് അഭിപ്രായത്തെയും ഉദ്ധരിച്ച ശേഷം ഇബ്‌നുഹജര്‍ തുഹ്ഫയില്‍ ഇമാം ഗസ്സാലിയുടെ അഭിപ്രായത്തെയാണ് പ്രബലമാക്കിയത്. അഥവാ ഇബ്‌നുഹജറിന്റെ അഭിപ്രായത്തിലും ഇത് ഹറാമാണ്. (തുഹ്ഫ 9/41) അബൂഹനീഫ ഇമാമിന്റെ അഭിപ്രായത്തില്‍ ഇത് അനുവദനീയമാണ്. എന്നാല്‍, ആത്മാവ് ഊതപ്പെടുന്നതിന്റെ മുമ്പ് അബോര്‍ഷന്‍ ഹറാമില്ലെന്ന അഭിപ്രായമാണ് ഇആനത്ത് (3/256) പ്രബലമാക്കിയിരിക്കുന്നത്. ഇത് കറാഹത്തെന്നാണ് ഖല്ലൂബി (4:375) പ്രസ്താവിച്ചിട്ടുള്ളത്.


ഈ വിഷയത്തിന്റെ അഭിപ്രായവ്യത്യാസങ്ങളും കാരണങ്ങളും വിശദമായി ചര്‍ച്ച ചെയ്തശേഷം ഇമാം റംലി നിഹായത്തുല്‍ മുഹ്താജില്‍ പ്രബലമാക്കിയത് ആത്മാവിനെ ഊതപ്പെടുന്നതിന് മുമ്പ് ‘ജാഇസ്’ എന്നാണ്. (നിഹായ 8/442)


ചുരുക്കത്തില്‍, ഭ്രൂണത്തിലേക്ക് ആത്മാവ് ചേരുന്നതിന്റെ മുമ്പ് അതിനെ നശിപ്പിക്കുന്നതിന്റെ വിധിയെക്കുറിച്ച് ശാഫിഈ മദ്ഹബില്‍ അഭിപ്രായവ്യത്യാസമുണ്ട്. ഇമാം റംലിയും ഇബ്‌നു ഹജറും വ്യത്യസ്ത നിലപാടാണ് ഇതില്‍ സ്വീകരിച്ചതും എന്നു നമുക്ക് മനസ്സിലാക്കാം.


‘റൂഹ്’ ഊതപ്പെട്ട ശേഷം അതിനെ നശിപ്പിക്കല്‍ ഹറാമാണെന്നതില്‍ ശാഫിഈ മദ്ഹബില്‍ അഭിപ്രായ വ്യത്യാസമില്ല. ഇമാം അബൂഹനീഫയുടെ അഭിപ്രായത്തില്‍ അതും അനുവദനീയമാണ്. തുഹ്ഫ 9/41, നിഹായ 8/442, ഇആനത്ത് 3/256, ഖല്ലൂബി 4/375 തുടങ്ങിയവ ഇത് വ്യക്തമാക്കിയിട്ടുണ്ട്.


ഒരു കുട്ടി ഉണ്ടാവുന്നതിലൂടെ നാലു വിധേന പുണ്യം കിട്ടുമെന്ന് ഇമാം ഗസ്സാലി പറയുന്നു. 1) അതിനു വേണ്ടി അധ്വാനിക്കുകവഴി അല്ലാഹുവിന്റെ പ്രീതി ലഭിക്കും. 2) നബിയുടെ ഉമ്മത്ത് പെരുകുകവഴി റസൂലിന്റെ പ്രീതി ലഭിക്കും. 3) നമ്മുടെ മരണശേഷം സ്വാലിഹായ സന്തതികളുടെ പ്രാര്‍ത്ഥന ലഭിക്കും. 4) കുട്ടി ചെറുപ്പത്തില്‍ മരിച്ചാല്‍ അവരുടെ ശഫാഅത്ത് പരലോകത്ത് കിട്ടും. (ഇഹ്‌യാ 2/22)


കുട്ടി ഉണ്ടാവുന്നതിന്റെ ആദ്യപടി ഗര്‍ഭാശയത്തിലേക്ക് ബീജം എത്തലാണെന്നും സ്ത്രീ അണ്ഡവുമായി ചേരലാണ് അടുത്തതെന്നും ജീവന്‍ സ്വീകരിക്കാനുള്ള ഒരുക്കങ്ങളാണ് പിന്നീടെന്നും ഇമാം ഗസ്സാലി വ്യക്തമാക്കിയിട്ടുണ്ട്. മാത്രവുമല്ല, പുരുഷബീജത്തില്‍നിന്ന് മാത്രമല്ല സ്ത്രീയുടെ അണ്ഡവും കുഞ്ഞിന്റെ നിര്‍മാണത്തിന് ആവശ്യമാണെന്ന് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് തന്നെ ഇമാം ഗസ്സാലി(റ) വ്യക്തമാക്കിയിട്ടുണ്ട്. (ഇഹ്‌യ 2/47)


ഒരു കുട്ടി ഉണ്ടാവുകയെന്നത് ഏതൊരാളിന്റെയും ആഗ്രഹമാണ്. വിവാഹത്തിലൂടെ സ്ത്രീയും പുരുഷനും ബന്ധപ്പെടുക വഴിയാണല്ലോ ഇത് സാധ്യമാവുന്നത്. ഏത് കാര്യങ്ങള്‍ക്കും വ്യക്തമായ ചിട്ടകളും മര്യാദകളും നിര്‍ദേശിക്കുന്ന പരിശുദ്ധ ദീന്‍ ഈ വിഷയത്തിലും അത് പഠിപ്പിച്ചിട്ടുണ്ട്. മൃഗങ്ങളെപ്പോലെ നിങ്ങള്‍ ഭാര്യമാരെ സമീപ്പിക്കരുതെന്ന നബി(സ)യുടെ അധ്യാപനവും നല്ല സംസാരങ്ങളും മറ്റുമുള്ള മുഖവുരക്കു ശേഷമേ ശാരീരിക ബന്ധം ചെയ്യാവൂ എന്ന അവിടുത്തെ കല്‍പനയും പ്രത്യേകം ശ്രദ്ധേയമാണ്. ഇതിനുള്ള മര്യാദകളില്‍ ചിലത് ഇമാം ഗസ്സാലി ഇങ്ങനെ പറയുന്നു: ‘ബിസ്മിയും സൂറത്തുല്‍ ഇഖ്‌ലാസും തക്ബീറും തഹ്‌ലീലും ചൊല്ലി തുടങ്ങണം.(ഇഹ്‌യാ 2/22)


കുട്ടിയെ പ്രതീക്ഷിക്കുന്നില്ലെങ്കിലും ദിക്ര്‍ ചൊല്ലണമെന്ന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഫത്ഹുല്‍ മൂഈനില്‍ പറയുന്നുണ്ട്.
നമ്മുടെ മറ്റു ജീവിതവ്യവഹാരങ്ങളെപ്പോലെ ദാമ്പത്യജീവിതത്തിലും ഇസ്‌ലാമിക ചിട്ട നിലനിര്‍ത്താന്‍ നാം തയ്യാറാവണം.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter