സുഊദി അറേബ്യ

പുണ്യ നഗരങ്ങളായ മക്കയും മദീനയും അടങ്ങുന്ന സുഊദി അറേബ്യ, അറേബ്യന്‍ ഉപദ്വീപിലെ ഏറ്റവും വലിയ രാജ്യമാണ്. കിംഗ്ഡം ഓഫ് സുഊദി അറേബ്യ എന്ന ഔദ്യോഗിക നാമത്തിലറിയപ്പെടുന്ന രാജ്യത്തിന്റെ തലസ്ഥാനം റിയാദ് ആണ്. കിഴക്ക് അറബിക്കടല്‍, യു. എ. ഇ. എന്നിവയും തെക്ക് യമന്‍, ഒമാന്‍ എന്നീ രാജ്യങ്ങളും അതിരിട്ടു കിടക്കുന്നു. പടിഞ്ഞാറ് ചെങ്കടലും വടക്ക് ജോര്‍ഡാന്‍, ഇറാഖ്, കുവൈത്ത് എന്നീ രാജ്യങ്ങളുമാണ്. പെട്രോളിയം മുഖ്യ വ്യവസായമായ രാജ്യത്തെ നാണയം റിയാല്‍ ആണ്. രാജ്യത്തെ ജനസംഖ്യ (2012 പ്രകാരം) 29,195,895 ല്‍ എത്തി നില്ക്കുന്നു. 99% വും മുസ്ലിംകളാണ്. അറബിയാണ് ഔദ്യോഗിക ഭാഷ. ഉരുക്ക്, ഇരുമ്പ് എന്നിവ വന്‍തോതില് ഉല്പാദിപ്പിക്കപ്പെടുന്ന രാജ്യത്ത് ഈത്തപ്പഴം, ക്രൂഡ് ഓയില്‍, പ്രകൃതി വാതകം എന്നിവയാണ് പ്രധാനമായും കയറ്റുമതി ചെയ്യപ്പെടുന്നത്.

ചരിത്രം

ഭരിക്കുന്ന കുടുംബത്തിന്റെ പേരിലറിയപ്പെടുന്ന ഏക രാജ്യമാണ് സുഊദി. ആദ്യ രാജാവായ അബ്ദുല്ല ബിന്‍ അബ്ദുല്‍ അസീസ് ആലു സഊദ്, ഈജിപ്തിലെ ഓട്ടോമന് സാമ്രാജ്യത്തിനെതിരെയും അവിടുത്തെ ബദവികള്‍ക്കെതിരെയും വിജയം നേടിയ ശേഷം വഹാബി ആശയത്തിന്‍റെ സ്ഥാപകനായ മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹാബുമായി കൂടിച്ചേര്‍ന്ന് പുതിയ രാഷ്ട്രീയ അസ്തിത്വം രൂപീകരിച്ചതോടെയാണ് ആധുനിക സഊദി പിറക്കുന്നത്. 1902 ല്‍ റിയാദ് മേഖല പിടിച്ചെടുത്ത അബ്ദുല്‍ അസീസ് 1923 ആകുമ്പോഴേക്കും അല്‍ അഷ, അല്‍ ഖത്വീഫ്, നജ്ദ്, ഭാഗങ്ങള്‍ കൂടി പിടിച്ചെടുത്ത് രാജ്യം വിപുലീകരിച്ചു. 1926 ല്‍ അദ്ദേഹം നജ്ദിലെ രാജാവായി പ്രഖ്യാപിക്കപ്പെട്ടു. ശേഷം ഹിജാസിന്റെ ഭരണാധികാരം തന്റെ കൈയ്യിലെത്തുകയും രാജ്യത്തെ ബ്രിട്ടീഷ് അധികാരം പിന്‍ വലിക്കുകയും ചെയ്തതോടെ 1932 ല്‍ കിംഗ്ഡം ഓഫ് സഊദി അറേബ്യ നിലവില്‍ വന്നു. ഹിജാസിന്റെ അധികാരം ലഭിച്ചത് സെപ്റ്റംബര്‍ 23നായിരുന്നു. അന്നേദിവസം സഊദി ഭരണകൂടവും ജനങ്ങളും ദേശീയദിനമായി ആചരിക്കുന്നു. 1938 ല്‍ എണ്ണപ്പാടങ്ങള് കണ്ടെത്തപ്പെട്ടതോടെയാണ് സഊദി ലോക സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായത്.

മതരംഗം

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ജീവിതം കൊണ്ടും പ്രവര്‍ത്തനം കൊണ്ടും അനുഗ്രഹീതമായ മക്കയും മദീനയും നിലകൊള്ളുന്ന രാജ്യമായതു കൊണ്ടു തന്നെ ഇസ്ലാമിക രീതിയാണ് രാജ്യത്തുള്ളത്. വന്‍കുറ്റങ്ങള്‍ക്ക് വധ ശിക്ഷ നടപ്പാക്കുന്ന രാജ്യവുമാണ് സഊദി. ശിക്ഷകള്‍ സംബന്ധിച്ച അന്തിമ തീരുമാനം സുപ്രീം കോടതിയുടെതാണ്. രാജ്യത്ത് താമസിക്കുന്ന മുഴുവന്‍ ജനവിഭാഗങ്ങളും ഈ നിയമങ്ങള്‍ അനുസരിക്കാന്‍ ബാധ്യസ്ഥരാണ്.

രാഷ്ടീയ രംഗം

1932 ല്‍ സമ്പൂര്‍ണ്ണ രാജ്യമായി നിലവില്‍ വന്നതു മുതല്‍ ആലു സഊദ് കുടുംബത്തിനാണ് രാജ്യ ഭരണം. അബ്ദുല്ല ബിന്‍ അബ്ദുല് അസീസ് ആലു സഊദാണ് ഇപ്പോഴത്തെ (2005 മുതല്‍) രാജാവ്. രാജ്യത്ത് ഭരണ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ 160 പേരടങ്ങുന്ന ശൂറ കൌണ്‍സിലുണ്ട്. ഇതില്‍ 20 ശതമാനം വനിതാ പ്രാതിനിധ്യമുണ്ട്. കൌണ്സില്‍ അംഗങ്ങളെ രാജാവാണ് നിയമിക്കുന്നത്. ഡോ. അബ്ദുല്ല ഇബ്റാഹീം ആലു ശൈഖ് ആണ് ഇപ്പോഴത്തെ ശൂറാ കൌണ്സില്‍ മേധാവി.

റശീദ് ഹുദവി വയനാട്

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter