അര്‍ജന്റീനയിലെ മുസ്‍ലിം വിശേഷങ്ങള്‍
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളില്‍ ഏറ്റവും അധികം മുസ്‍ലിംകള്‍ അധിവസിക്കുന്ന രാജ്യമാണ് അര്‍ജന്റീന. ഭൂരിഭാഗവും ക്രിസ്ത്യൻ മത വിശ്വാസികളാണെങ്കിലും തെക്കേ അമേരിക്കൻ രാജ്യങ്ങളില്‍ ഏറ്റവും കൂടുതൽ ഇസ്‍ലാം മത വിശ്വാസികൾ ജീവിക്കുന്നത് ഈ രാജ്യത്താണ്. ദേശീയ സെൻസസിൽ മതകീയ കാര്യങ്ങൾ ഉൽകൊള്ളിക്കാത്തത്ത് കൊണ്ട് തന്നെ അർജന്റൈൻ മുസ്‍ലിംകളുടെ കൃത്യമായ എണ്ണം ലഭ്യമല്ല. Association of Religion Data Archives ന്റെ പുതിയ കണക്ക് പ്രകാരം അർജന്റൈൻ ജനസംഖ്യയുടെ 2 ശതമാനം മുസ്‌ലിംകളാണ്.
അർജന്റൈൻ മുസ്‍ലിം ചരിത്രം
അർജന്റീനയിലെ ഇസ്‍ലാം സാന്നിധ്യം തുടങ്ങുന്നത് തന്നെ സ്പാനിഷ് അധിനിവേശവുമായും അമേരിക്കക്കാരുടെ പര്യവേക്ഷണവുമായും ബന്ധപ്പെട്ടാണ്. 15-ാം നൂറ്റാണ്ടിലെ മൂറിഷ് മൊറിസ്കോസാണ് ആദ്യത്തെ മുസ്‍ലിം സമൂഹമായി ഗണിക്കപ്പെടുന്നത്. ഇവരുടെ കുടുംബ പരമ്പര നീളുന്നത് വടക്കേ ആഫ്രിക്കയിലേക്കും സ്പെയിനിലേക്കുമാണ്. നിർബന്ധിതമായി ക്രിസ്ത്യൻ മതം സ്വീകരിക്കേണ്ടി വന്നപ്പോഴാണ് ഇവരിൽ പലരും അർജന്റീനയിലേക് അഭയം തേടി പോവുന്നത്. 19-ാം നൂറ്റാണ്ടിന്റെ അവസാന സമയത്തും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമായി ഉണ്ടായ സിറിയൻ, ലെബനീസ് അറബികളുടെ അഭയാർത്ഥി പ്രവാഹവും മുസ്‍ലിം സാന്നിധ്യം അർന്റീനയിൽ നിലയുറപ്പിക്കുന്നതിൽ പ്രധാന ഘടകമായി.
അർജന്റീനയിലെ മതകീയ മന്ദിരങ്ങൾ
അർജന്റീനയിൽ ആദ്യമായി മസ്ജിദുകൾ വരുന്നത് 1980 കളിലാണ്. 1983 ൽ ഇറാൻ ഗവൺമെന്റിന്റെ സഹായത്തോടെ ബ്യൂനസ് എയർസിൽ സ്ഥാപിക്കപ്പെട്ട ശീഈ മസ്ജിദായ "തൗഹീദ്" മോസ്‌ക്ക് ആണ് അർജന്റീനയിലെ ആദ്യത്തെ ഇസ്‍ലാമിക മന്ദിരമായി ഗണിക്കപ്പെടുന്നത്. പിന്നീട് 1985 ൽ സുന്നി പള്ളിയായ "അൽ അഹമ്മദ് മോസ്ക്ക്" കൂടെ രാജ്യത്ത് സ്ഥാപിതമായി.
സൗദി രാജാവായിരുന്ന കിംഗ് ഫഹദിന്റെ നേതൃത്വത്തിൽ 1996 ൽ നിർമ്മിക്കപ്പെട്ട "കിംഗ് ഫഹദ് ഇസ്‍ലാമിക് കൾച്ചറൽ സെന്റർ" ആണ് രാജ്യത്തെ ഏറ്റവും വലിയ ഇസ്‍ലാമികാരാധനാലയം സ്ഥിതി ചെയ്യുന്ന കേന്ദ്രം. 1992 ൽ അർജന്റൈൻ പ്രസിഡന്റ് കാർലോസ് മേനോം സൗദി രാജാവുമായി നടത്തിയ കൂടിക്കാഴ്ചയെ തുടർന്നായിരുന്നു ഇങ്ങനെ ഒരു മന്ദിരം അർജന്റീനയിൽ സ്ഥാപിതമായത്. 30 മില്ല്യൻ യു.എസ് ഡോളർ ചിലവിൽ നിർമ്മിക്കപ്പെട്ട കിംഗ് ഫഹദ് ഇസ്‍ലാമിക് കൾച്ചറൽ സെന്ററിന് കീഴിൽ മസ്ജിദിന് പുറമെ വലിയ ഒരു ലൈബ്രറിയും, രണ്ട് സ്കൂളുകളും ഒരു പാർക്കും സ്ഥിതി ചെയ്യുന്നു.
ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ ഇസ്‍ലാമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വേണ്ടി രൂപീകരിച്ച Islamic Organisation of Latin America (IOLA)യുടെ ആസ്ഥാന മന്ദിരവും അർജന്റീനയിലാണ്. മുസ്‌ലിംകൾക്കിടയിലുള്ള ഐക്യം ഊട്ടിയുറപ്പിക്കുന്നതിനും ഇസ്‍ലാം മത പ്രബോധന രംഗത്തും സംഘടന ഏറെ സജീവമായി പ്രവർത്തിക്കുന്നു.
അർജന്റൈൻ മുസ്‍ലിംകളുടെ നിലവിലെ അവസ്ഥ
ഇസ്‍ലാമോഫോബിക് കണ്ടന്റുകൾ അടങ്ങുന്ന വാർത്തകളും സംഭവങ്ങളും മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുന്നത് കൊണ്ട് തന്നെ ഇസ്‍ലാമിനെ ഭീതിയോടെ കാണുന്നവരുടെ എണ്ണം രാജ്യത്ത് കൂടുതലാണെങ്കിലും ഇസ്‍ലാമിന്റെ സുന്ദരമായ ജീവിത ശൈലി മനസ്സിലാക്കി ഇസ്‍ലാമിക തീരത്തേക്ക് കടന്നു വരുന്നവരുടെ എണ്ണവും കുറവല്ല. പൊതുവേ ഇസ്‌ലാമികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നിലനിർത്തിപ്പോരുന്ന മുസ്‍ലിം സമൂഹം അർജന്റീനയിൽ വിരളമാണ്. ആഴ്ചയിൽ നടക്കുന്ന ജുമുഅ നിസ്കാരത്തിന് പോലും 20 ൽ താഴെ ആളുകളേ പള്ളികളിലുണ്ടാവാറുള്ളൂ എന്നതാണ് വസ്തുത.
അർജന്റൈൻ മുസ്‌ലിംകൾ വിവാഹം കഴിക്കുന്നത് മുസ്‍ലിം സമൂഹത്തിൽ പ്പെട്ടവരെ മാത്രമല്ല, മറിച്ച് ക്രിസ്ത്യൻ മത വിഭാഗത്തിൽ പെട്ടവരെയും മറ്റും ജീവിത സഖിയായി സ്വീകരിക്കാറുണ്ട്. അതുമൂലം അവർക്കുണ്ടാകുന്ന മക്കൾക്ക് ഇസ്‍ലാമിനെ കൂടുതൽ മനസ്സിലാക്കാൻ കഴിയാതെ പോവുന്നു. വളർന്നു വരുന്ന ഈ തലമുറ ഇസ്‍ലാമിന്റെ അടിസ്ഥാന ആശയങ്ങളില്‍നിന്ന് അകലുന്നതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അവര്‍ക്ക് അറബി ഭാഷ അറിയില്ലെന്നതും അവരുടെ ഭാഷയായ സ്പാനിഷില്‍ ഇസ്‍ലാമിനെ കൃത്യമായി അവതരിപ്പിക്കുന്ന ഗ്രന്ഥങ്ങളുടെ അഭാവവും തന്നെയാണ് കാരണം.
Leave A Comment