വിവാഹബന്ധം സ്ഥാപിക്കുന്നതിനുള്ള നിയമങ്ങള്

ഇസ്‌ലാം നിശ്ചയിച്ച നിയമങ്ങള്‍ക്ക് വിധേയമായിട്ടുള്ള നികാഹ് മാത്രമേ സാധുവായ വിവാഹബന്ധമാവുകയുള്ളൂ. ഇതിനു കുറേ ശര്‍ത്തുകള്‍ അഥവാ നിബന്ധനകളുണ്ട്. ഇസ്‌ലാമിക കര്‍മ്മശാസ്ത്ര ഗ്രന്ഥങ്ങളില്‍ അവ വിസ്തരിച്ച് എഴുതപ്പെട്ടിട്ടുണ്ട്. ഒരു കൊച്ചു ലേഖനത്തില്‍ അവയൊക്കെ വിവരിക്കുവാന്‍ സാധിക്കുകയില്ല. വരന്‍, വധുവിന്റെ രക്ഷിതാവ് (വലിയ്യ്), സാക്ഷികള്‍ എന്നിവരും 'ഈജാബ്' (വിവാഹം ചെയ്തുകൊടുക്കല്‍), ഖബൂല്‍ (വിവാഹംസ്വീകരിക്കല്‍) എന്നീ വചനങ്ങളും നികാഹിന്റെ സുപ്രധാന ഘടകങ്ങളാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. ചുരുങ്ങിയത് രണ്ട് സാക്ഷികളുടെ സാന്നിധ്യത്തിലെങ്കിലും ആയിരിക്കണം ഈ ചടങ്ങ് എന്ന കാര്യം ശ്രദ്ധേയമാണ്. അപ്പോള്‍ ഒരു സ്ത്രീയും ഒരു പുരുഷനും മാത്രമായി ഒത്തുതീരുമാനിക്കുന്നത് സാധുവായ വിവാഹമാകുകയില്ലെന്നു തീര്‍ച്ച.

ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്ത ഒരു ഹദീസ്: റസൂല്ലാഹി(സ) പറഞ്ഞു: ''സാക്ഷികള്‍ കൂടാതെ സ്വന്തമായി വിവാഹം ചെയ്തുകൊടുക്കുന്ന സ്ത്രീകള്‍ വ്യഭിചാരികളാണ്.''(തുര്‍മുദി)

കച്ചവട ഇടപാട്, ത്വലാക്ക് (വിവാഹമോചനം) തുടങ്ങിയവയെപ്പോലെ വിവാദമുടലെടുത്താല്‍ സ്ഥിരീകരണം ചെയ്യാന്‍ വേണ്ടി മാത്രമല്ല നികാഹിന് സാക്ഷികള്‍ ആവശ്യമായിട്ടുള്ളത്. പിന്നെയോ നികാഹ് നടക്കുന്ന വേളയില്‍ അതിന് സാധുത ലഭ്യമാകണമെങ്കില്‍ തന്നെ സാക്ഷികള്‍ വേണം എന്ന ഇസ്‌ലാമിന്റെ നിബന്ധന അടിവരയിടപ്പെടേണ്ട വസ്തുതയാണ്. അതീവരഹസ്യമായി നടത്തപ്പെടരുതാത്ത ഒരു കര്‍മ്മമാണ് നിക്കാഹ് എന്നു മനസിലാക്കേണ്ടതുണ്ട്. അതുകൊണ്ടാണ് സാക്ഷികള്‍ ഉണ്ടാവുക എന്നതല്ല മറിച്ച് ഖ്യാതിയും വിളംബരപ്പെടുത്തലുമുണ്ടാകലാണ് പ്രധാനമെന്ന് ബഹു. മാലിക് ഇമാം(റ) തുടങ്ങിയവര്‍ പറയാന്‍ കാരണം.  റസൂല്‍ കരീം(സ) തന്നെ  വിവാഹത്തിനു ശ്രുതി നല്‍കുവാന്‍ പ്രേരണ നല്‍കിയിട്ടുണ്ട്. ആയിശ ബീവി നിവേദനം ചെയ്ത ഒരു ഹദീസില്‍ ഇങ്ങനെ പറയുന്നു: നബി(സ) പറഞ്ഞു: ഈ വിവാഹത്തെ നിങ്ങള്‍ പരസ്യമാക്കുവിന്‍;  പള്ളികളില്‍ വെച്ച് അത് നടത്തുകയും ചെയ്യുക. അതിനു വേണ്ടി നിങ്ങള്‍ ദഫ് മുട്ടുകയും ചെയ്യുക.'' (തുര്‍മുദി, അഹ്മദ്)

മറ്റൊരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു: ''ഹലാലിനെയും ഹറാമിനെയും വേര്‍തിരിക്കുന്ന കാര്യമാണ് ദഫ്മുട്ടി ശബ്ദമുണ്ടാക്കല്‍.'' (തുര്‍മുദി, ഹാക്കിം)

വലീമത്ത് (വിവാഹസല്‍ക്കാരം) വിവാഹത്തോടനുബന്ധിച്ച് ഒരു സല്‍ക്കാരം ഒരുക്കലും ഇസ്‌ലാം പ്രോത്സാഹനം നല്‍കിയ കാര്യമാണ്. പരസ്യമാക്കുന്നതിനോടൊപ്പം വിവാഹത്തിനു മാധുര്യം കൂട്ടുവാനും ഇത് ഉപകരിക്കുന്നു. വരനാണ് ഇത് ഒരുക്കേണ്ടത്. അലി(റ) പ്രവാചകപുത്രി ഫാത്തിമ(റ)വിനെ വേളികഴിക്കാനൊരുങ്ങിയപ്പോള്‍ റസൂല്‍(സ) പറഞ്ഞു: ''പുതുമാരന്‍ വലീമത്ത് നല്‍കേണ്ടതാവശ്യമാണ്.''(അഹ്മദ്)

മറ്റൊരു ഹദീസില്‍ ഇപ്രകാരം വന്നിരിക്കുന്നു- അനസ്(റ) പറഞ്ഞു: ''റസൂലുല്ലാഹി(സ) തന്റെ പത്‌നിയായ സൈനബ(റ)വിന്റെ വിവാഹ വേളയില്‍ വിവാഹ സല്‍ക്കാരം നല്‍കിയതുപോലെയുള്ള കേമത്തില്‍ മറ്റൊരു പത്‌നിയുടെയും കാര്യത്തില്‍ വിവാഹ സല്‍ക്കാരം നല്‍കിയിട്ടില്ല. റസൂല്‍(സ) എന്നെ പറഞ്ഞയക്കുകയും ഞാന്‍ ആളുകളെ ക്ഷണിക്കുകയും ചെയ്തു. എന്നിട്ട് അവര്‍ക്ക് റൊട്ടിയും ഇറച്ചിയും നല്‍കി. തൃപ്തിയാകും വരെ അവരത് തിന്നുകയുമുണ്ടായി.'' അബ്ദുറഹിമാന്‍ ബിന്‍ ഔഫ്(റ)വിനോട് നബി(സ) പറഞ്ഞു: ''നിങ്ങള്‍ വിവാഹസദ്യയൊരുക്കുക. ഒരു ആട് മാത്രമായാലും മതി.''

അനസ്(റ) പറഞ്ഞു: റസൂലുല്ലാഹി (സ) വിവാഹം കഴിക്കുകയും വീട്ടില്‍ കൂടുകയും ചെയ്തപ്പോള്‍ എന്റെ മാതാവ് ഉമ്മുസുലൈം ഹൈസ് (ഈന്തപ്പഴവും പാല്‍ക്കട്ടിയും നെയ്യും ചേര്‍ത്തുണ്ടാക്കിയ ഒരുതരം കേക്ക്) തയ്യാറാക്കി ഒരു പാത്രത്തിലാക്കി. എന്നിട്ടതിനെ ഞാന്‍ റസൂല്‍(സ)യുടെ അരികത്തെത്തിച്ചു. റസൂല്‍ അത് അവിടെ വെച്ചേക്കാന്‍ പറഞ്ഞ ശേഷം എന്നോട് കല്‍പ്പിച്ചു: ഇന്നിന്ന ആളുകളെയും നീ കണ്ടുമുട്ടുന്നവരെയും ക്ഷണിച്ചുകൊണ്ടുവാ. അനന്തരം റസൂല്‍(സ) പേരെടുത്ത് പറഞ്ഞവരെയും ഞാന്‍ കണ്ടുമുട്ടിയവരെയും ഞാന്‍ ക്ഷണിച്ചുകൊണ്ടുവന്നു. (മുസ്‌ലിം)

അമിതമായാല്‍ അമൃതവും വിഷം വിവാഹാഘോഷം, വിവാഹസദ്യ തുടങ്ങിയവയില്‍ വമ്പിച്ച അമിതവ്യയവും ധൂര്‍ത്തും കണ്ടുവരുന്ന ഒരു കാലഘട്ടമാണിന്നത്തേത്. ജീവിതനിലവാരം ഉയരുകയും സമ്പത്ത് വര്‍ധിക്കുകയും ആധുനിക സൗകര്യങ്ങളും പരിഷ്‌കാരങ്ങളും കൂടിവരികയും ചെയ്തത് ഇതിന് കാരണമായിട്ടുണ്ട്. ഇത് സമുദായത്തിന് വലിയ ദോഷം ചെയ്തുകൊണ്ടിരിക്കുകയാണ്. കഴിവില്ലാത്തവര്‍ക്ക് ഇതൊരു ശാപം തന്നെ ആയിത്തീര്‍ന്നിരിക്കുന്നു. ഇത്തരം ആര്‍ഭാടങ്ങള്‍ വിട്ടുകൊണ്ട് വിവാഹച്ചടങ്ങുകള്‍ നടത്തുവാന്‍ അവര്‍ ശങ്കിക്കുന്നു. തന്നിമിത്തം ജീവിവതത്തിനു താങ്ങു നല്‍കുന്ന സ്വത്തുക്കളും ആഭരണങ്ങളും വിറ്റുകളയുവാനും കടബാധ്യതകള്‍ കൂടുവാനും കാരണമാകുന്നു. അങ്ങനെ 'തറവാട്' തകരുന്നു. ധനികര്‍ക്കിത് സന്തോഷ പ്രകടനവും മോഡിപിടിപ്പിക്കലുമാണെങ്കിലും ഇതൊരു ആചാരമായി മാറിയപ്പോള്‍ മൊത്തത്തില്‍ സമുദായത്തിന് തകര്‍ച്ചയായി ഭവിച്ചു. ഇതിന്ന് ഇസ്‌ലാം ഉത്തരവാദിയല്ല. ഇസ്‌ലാം കാണിച്ചുതന്ന ലാളിത്യവും പരിപാവനത്വവും ഉപേക്ഷിച്ചതാണ് ഇതിന് കാരണം. എല്ലാവിധ ധൂര്‍ത്തും ഇസ്‌ലാം ശക്തിയായി വിരോധിച്ചിട്ടുണ്ട്.

അല്ലാഹു വിരോധിക്കുന്നത്  കാണുക: ''നീ ദുര്‍വ്യയം ചയ്യരുത്; ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചിന്റെ സഹോദരന്മാരാണ്; പിശാചാകട്ടെ തന്റെ രക്ഷിതാവിനോട് തീരെ നന്ദിയില്ലാത്തവനുമാണ്.'' (ബനീഇസ്‌റാഈല്‍ : 26, 27)

അമിതവ്യയം ദൂര്‍ത്ത് എന്നിവയ്ക്ക് പുറമെ പലവിധ അനിസ്‌ലാമിക കാര്യങ്ങളും വിവാഹാഘോഷങ്ങളുടെ ഭാഗമായി ഇന്ന്് കാണപ്പെടുന്നു. സ്ത്രീ പുരുഷന്‍മാരെ ഇടകലര്‍ത്തിക്കൊണ്ടുള്ള ഗാനമേള, ഗായകന്‍മാരെയും ഗായികമാരെയും ഒന്നിച്ചിരുത്തികൊണ്ടുള്ള സ്റ്റേജ് പരിപാടികള്‍, അതിഥികളെ സ്വീകരിക്കുവാന്‍ വേണ്ടി സുന്ദരികളായ സ്ത്രീകളെ അണിയിച്ചൊരുക്കി പ്രവേശനകവാടങ്ങളില്‍ നിര്‍ത്തല്‍, സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ആഘോഷ പരിപാടികള്‍ വീഡിയോകളില്‍ പകര്‍ത്തി പ്രദര്‍ശിപ്പിക്കല്‍ തുടങ്ങിയവ അക്കൂട്ടത്തില്‍ പെട്ടവയാണ്. അഭ്യസ്ഥ വിദ്യരും ധനികരും നേതാക്കന്മാരുമായ ആളുകളെയാണ് ഈ രംഗത്ത് മുന്‍പന്തിയില്‍ കാണപ്പെടുന്നത്. വേലി തന്നെ വിള തിന്നുന്ന അവസ്ഥ. ഇതിനെതിരെ ജനങ്ങളെ ബോധവത്കരിക്കുക മാത്രമാണ് ഇതവസാനിപ്പിക്കുവാനുള്ള മാര്‍ഗം.

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter