സ്ത്രീധനവും  കര്‍മ്മശാസ്ത്രവും

സ്ത്രീധനത്തിന്റെ കര്‍മ്മശാസ്ത്ര വശം ഏറെക്കാലമായി ചര്‍ച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ്.  ഇത് സംബന്ധിച്ച് വിശദമായ ഒരു പഠനത്തിന്റെ ആദ്യഭാഗം. പണ്ഡിതോചിത ചര്‍ച്ചകള്‍ക്ക് സമര്‍പ്പിക്കുന്നു. dowryനിയമ വ്യവഹാര വേദികളിലെ നിര്‍ദ്ദേശങ്ങളും സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ ഇടപെടലുകളും ഇന്ത്യന്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീധന സംസ്കാരത്തിന്റെ ഭീകരവും ഹിംസാത്മകമായ മുഖത്തെ ധാരാളമായി തുറന്നുകാട്ടിയിട്ടുണ്ട്. മതപരമായ വീക്ഷണത്തിലൂടെ ശ്രദ്ധിക്കുമ്പോള്‍ സ്ത്രീധനം താഴെ പറയുന്ന തിന്മകളുടെ കാരണമോ അതല്ലങ്കില്‍ പ്രേരകമോ ആയിത്തീരുന്നു. 1. നിര്‍ധനരായ പെണ്‍കുട്ടികളെ വിവാഹം ചെയ്യാന്‍ സന്നദ്ധമല്ലാത്ത സാഹചര്യമുണ്ടാകുന്നു. സ്വന്തം മാതാപിതാക്കളുടെ കണ്ണീരും ആത്മ സംഘര്‍ഷവും മനസ്സിലാക്കി ആത്മാഹുതി നടത്തിയ കഥകളും മരിച്ചു ജീവിക്കുന്ന കഥകളും സര്‍വ്വ സാധാരണ മാത്രം. 2. ഭ്രൂണഹത്യയുടെ പ്രധാന കാരണം സ്ത്രീധന പേടിയാണ്. ആനുപാതികമായി പെണ്ഭ്രൂണങ്ങളാണ് കൂടുതല്‍ നശിപ്പിക്കപെടുന്നതെന്ന്‍ വ്യത്യസ്ത പഠനങ്ങളും കണക്കുകളും വ്യക്തമാക്കുന്നു. 3. കുടുംബ കലഹങ്ങള്‍, വിവാഹ മോചനങ്ങള്‍ തുടങ്ങിയ സാമൂഹിക പ്രശ്നങ്ങളുടെ പ്രധാന കാരണം സ്ത്രീധനമാണ്. 4. സമൂഹത്തിലെ പലിശ,യാചന തുടങ്ങിയ ദുഷിപ്പുകളുടെ പ്രധാന ഹേതുക്കളില്‍ ഒന്നാണ് സ്ത്രീധനം. 5. അനിവാര്യമായും വ്യക്തികള്‍ ചെയ്തു തീര്‍ക്കേണ്ടുന്ന ഹജ്ജ് ഉള്പെടയുള്ള ആരാധനകള്‍ പൂര്‍ത്തീകരിക്കാന്‍ സ്ത്രീധനത്തിലൂടെ വന്നു ചേരുന്ന ബാധ്യതകള്‍തടസ്സം നില്‍ക്കുന്നു. സ്ത്രീധനം നല്‍കുന്നതിനു വേണ്ടി പെണ് മക്കളുടെ രക്ഷിതാക്കള്‍ പരുക്കന്‍ ജീവിത സാഹചര്യങ്ങളിലൂടെയും അധ്വാനങ്ങളിലൂടെയും കടന്നു പോകേണ്ടി വരുന്നു. ഇസ്ലാമികമായി നിരീക്ഷിക്കുമ്പോള്‍, മനുഷ്യ ജീവിതത്തില്‍ ഇത്രയും പ്രയാസങ്ങള്‍ക്ക് നിമിത്തമോ പ്രേരകമോ ആയി തീരുന്ന ഈ സാമൂഹിക വിപത്തിന്റെ മതപരമായ വിധിയെന്താണ്? അതല്ലെങ്കില്‍ ഈ സാമൂഹിക വിപത്തിനോട് കേരളിയ പണ്ഡിത മനസ്സ് എങ്ങനെയാണ് പ്രതികരിച്ചിട്ടുള്ളത്? ചര്‍ച്ചാബാഹുല്യംകൊണ്ട് വാക്കുകള്‍ക്ക് തേയ്മാനം വന്നിട്ടും കര്‍മശാസ്ത്രത്തിന്റെ ഒരു തീരുമാനം ഈ കാര്യത്തില്‍ കാണാത്തത് എന്ത് കൊണ്ടാണ്? സാമൂഹിക ആചാരത്തിന്റെ അതിവിപത്ത് എന്ന് പരക്കെ സമ്മതിച്ചു കൊണ്ട് തന്നെ കര്‍മ്മശാസ്ത്രം കയ്യാളുന്ന കേരളിയ പണ്ഡിതന്‍മാര്‍ രണ്ടു രീതിയിലാണ് ഈ പ്രശ്നത്തെ സമീപിക്കാറുള്ളത് എന്ന് തോന്നുന്നു. ഒരു വിഭാഗം അഥവാ ഭൂരിപക്ഷം കൃത്യമായ ഒരു വിധി പറയാന്‍ മടിക്കുന്നു. രണ്ടാം വിഭാഗം ഒരു  ന്യൂനപക്ഷം സ്വന്തമായി വിധി പറയാന്‍ തയ്യാറല്ലങ്കിലും സ്ത്രീധനം ഹറാം അഥവാ നിഷിദ്ധമാണ് എന്ന് സ്ഥാപിച്ചു എടുക്കാവുന്നതിലേക്ക് നയിക്കാവുന്ന ഗ്രന്ഥ സാക്ഷ്യങ്ങളുടെ സമാഹാരം സജ്ജമാക്കി പൊതുസമൂഹത്തിനു സമര്‍പ്പിക്കുന്നു. അതിരൂക്ഷമായ പ്രയാസങ്ങള്‍ക്ക് നിമിത്തമായ സ്ത്രീധന സമ്പ്രദായത്തെ പണ്ഡിതന്മാര്‍ സമീപിക്കുന്നതും നേരിടുന്നതും ഇത്രയും ദുര്‍ബലമായ സമീപനത്തോടെയാണെന്ന്‍ വൈകാരികമായി നിങ്ങള്‍ക്ക് വാദിക്കാം. വ്യക്തി ജീവിതത്തില്‍ നിന്നും, സമൂഹ പശ്ചാലത്തില്‍ നിന്നും സ്ത്രീധനത്തെ നിര്‍മാര്‍ജനം ചെയ്യേണ്ടുന്നതിലേക്ക് ആ വികാരവയ്പ്പുകള്‍ ഫലം നല്‍കിയേക്കും. എന്നാല്‍ മതപരമായ നിയമനിര്‍മാണത്തിനും വ്യഖാനത്തിനും  വൈകാരികതയുടെ പിന്തുണ പോര. നിയമത്തിനു അതിന്‍റേതായ നിദാനവും വിശകലന മര്യാദയും ആവശ്യമായിട്ടുണ്ട്. കാരണം ഹറാമിനെ ഹലാക്കുന്നതും ഹലാലിനെ ഹറാമാക്കുന്നതും ചെറിയ പ്രശ്നമല്ല. അല്ലാഹുവിന്‍റെ ദൌത്യം പണ്ഡിതന്മാര്‍ നേരിട്ട് ഏറ്റടുക്കലാണത്. ശരി, സ്ത്രീധനത്തിന്‍റെ ഇസ്ലാമിക വിധി പറയുന്ന കാര്യത്തില്‍ എന്താണ് സങ്കീര്‍ണ്ണമായ ആ നിദാനവും വിശകലന മര്യാദയും? ആദ്യമായി നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത് അല്ലങ്കില്‍ സ്ത്രീധനം ഹലാല്‍ അഥവാ ഹറാം എന്ന് പ്രഖ്യാപിക്കേണ്ടത് ഒരു വ്യക്തിയുടെ മാത്രം (ഒരു വിവാഹ ഇടപാടിന്‍റെ മാത്രം) കാര്യത്തിലല്ല. ഒരു സമുദായ സമ്പ്രദായത്തിന്‍റെ സാകല്യത്തെ പറ്റിയാണ്. ആ സാകല്യത്തിന്നു ഏകാമാനത്തിലുള്ള സ്വഭാവമല്ല ഉള്ളത്. കുടുംബ പരമായും പ്രാദേശികമായും, ചിലപ്പോള്‍ വ്യക്തിപരമായിപോലും ആ സമ്പ്രദായത്തിന്ന് വൈരുദ്ധ്യങ്ങളുണ്ട്. ഉദാഹരണത്തിന്ന് കേരളത്തില്‍ തെക്ക് നിന്ന് വടക്കോട്ട്‌ പോരും തോറും ഈ ആചാര സമ്പ്രദായത്തില്‍ വൈവിധ്യങ്ങള്‍ കാണാം. തെക്കന്‍ കേരളത്തില്‍ സ്ത്രീധനത്തുകയോടൊപ്പം വരന് പോക്കറ്റ് മണി കൂടിയുണ്ട്. വരന്‍റെ തൊഴില്‍ സാമൂഹിക പദവി എന്നിവയ്ക്ക് അനുസരിച്ച്  ലക്ഷങ്ങള്‍ വരുന്ന ഈ പോക്കറ്റ് മണി, വിവാഹ മോചനം നടന്നാല്‍ പോലും തിരിച്ചു ലഭിക്കില്ല. എന്നാല്‍ ഈ പോക്കറ്റ് മണിയോടൊപ്പം നല്‍കുന്ന സ്ത്രീധന ഭൂമി പില്‍ക്കാലത്ത് പെണ്‍കുട്ടിക്ക് ലഭിക്കേണ്ടുന്ന അനന്തരാവകാശ സ്വത്തിന്‍റെ ഓഹരിയോ പരിഛേദമോ ആണ്. അതെ, സ്ത്രീ ധനമെന്ന തിന്മയോടൊപ്പം അല്ലാഹു നിശ്ചയിച്ച അനന്തരവകാശത്തെ മാറ്റിമറിക്കുന്ന, നിര്‍ത്തലാക്കുന്ന മറ്റൊരു തിന്മ കൂടി ഫ്രീ. ഇനിയുമുണ്ട് ഫലിതം; വരനും ബന്ധുക്കളും കൂടി ക്ഷണിച്ച അഥിതികള്‍ക്ക് വിവാഹ സദ്യ (വലീമത്) നല്‍കേണ്ടത് ഭാര്യാപിതാവ് അല്ലങ്കില്‍ വധൂഗ്രഹത്തില്‍ വെച്ചാണ്. എന്നാല്‍ വടക്കന്‍ വീരസ്യഗാഥകള്‍ വ്യത്യസ്തമാണ്. സ്ത്രീധനമായി ഭൂമിയാണ്‌ പലപ്പോഴും നല്‍കേണ്ടത്. ഭൂമിയുടെ വിസ്തൃതിയെക്കാള്‍ തെങ്ങുകളുടെ എണ്ണമാണ് സ്ത്രീധനമായി പറഞ്ഞു വന്നിരുന്നത്. മകള്‍ക്ക് അന്‍പതോ നൂറോ തെങ്ങുകള്‍ തരാം എന്ന് പറയുമ്പോള്‍ അവ നില്‍ക്കുന്ന സ്ഥലമെന്നാണ് അര്‍ത്ഥം. സൂത്രശാലിയായ ഒരു പിതാവിന്നു വേണമെങ്കില്‍ തെങ്ങുകള്‍ അടുപ്പിച്ച് വെച്ചുപിടിപ്പിക്കാം! ഇതോടൊപ്പം വടക്കേ മലബാറിലെ മരുമക്കത്തായം സര്‍വ്വ പൊലിമയോടും കൂടി നിലനില്‍ക്കുന്നു. ഇവിടെ പ്രസക്തമായകാര്യമിതാണ്, രൂപ ഭാവങ്ങളിലുള്ള വൈവിധ്യങ്ങള്‍ കര്‍മ്മശാസ്ത്രപരമായ വിധി കണ്ടത്തുന്നതിന്നു തടസ്സമാവുന്നില്ല. പക്ഷെ ഈ സമ്പ്രദായങ്ങളുടെ വൈവിധ്യങ്ങള്‍ വിധികളെ ബാധിക്കുന്നതോടൊപ്പം ഈ ആചാരങ്ങളുടെ കര്‍ത്താക്കള്‍ക്ക് അവരുടെതായ താല്പര്യങ്ങളും, മിക്ക അവസരങ്ങളിലും സമര്‍ദ്ദങ്ങളും ഉണ്ട്. സ്വന്തം കുടുംബം വിട്ടു പെണ്മക്കള്‍ പുതിയ കുടുംബ ജീവിതമാരംഭിക്കുമ്പോള്‍  സ്വാഭീഷ്ടമനുസരിച്ച് രക്ഷിതാക്കള്‍ നല്‍കുന്ന പാരിതോഷികങ്ങളുണ്ട് (വളരെകുറവ്). യാതൊരു താല്‍പര്യവും ഉദ്ദേശവും സമര്‍ദ്ദങ്ങളുമില്ലാതെ ആചാരത്തിന്റെ ഭാഗമായി നല്കുന്നവരുമുണ്ട്. (സാമ്പത്തികമായി ഉയര്‍ന്നു നില്‍ക്കുന്നവര്‍). എന്നാല്‍ സാമൂഹികമോ ആചാരപരമോ ആയ നിര്‍ബന്ധത്തിനു വഴങ്ങി നല്‍കുന്നതാണ് ഏറിയ പങ്കും. അപ്പോള്‍ ഏകമാനത്തിലുള്ള ഒരു ഫത്‌വ (സാങ്കേതികമായി അതിന്നു ഫത്‌വ എന്ന് പറയില്ല) ഇക്കാര്യത്തില്‍ അപ്രസക്തമാണ്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് കര്‍മ്മശാസ്ത്രപരമായ വിധികള്‍ക്ക് മാറ്റം വന്നേക്കാം. ഈ സാഹചര്യങ്ങളെ സാധ്യമായിടത്തോളം വകതിരിച്ചു വേണം ഇസ്‌ലാമികമായ വിധി നിര്‍ണയിക്കാന്‍. അത് അസാധ്യമല്ലങ്കിലും  നിഷ്പ്രയാസമല്ലതാനും ! എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് വിധികള്‍ മാറി മറിയുന്നതിന്നു മുമ്പ് അടിസ്ഥാനപരമായി സ്ത്രീധന വിഷയത്തില്‍ ശറഇന്‍റെ വീക്ഷണമെന്താണ്? ഇക്കാര്യത്തില്‍ ആദ്യമായി ഉദ്ധരിക്കുക പ്രമാദമായ ആ ഹദീസാണ്. നാലു കാര്യങ്ങള്‍ക്കു വേണ്ടി  (സമ്പത്ത്‌, സൗന്ദര്യം, ആഭിജാത്യം, മതനിഷ്ട ) സ്ത്രീകളെ വിവാഹം ചെയ്യാറുണ്ടന്നുള്ള പരാമര്‍ശം. ഈ ഹദീസിന്‍റെ ടെക്സ്റ്റും അതിന്നു നല്കപെട്ടിട്ടുള്ള പൂര്‍വീകരുടെ വ്യാഖ്യാനങ്ങളും അടിസ്ഥാനപരമായി സ്ത്രീധനത്തെ നിരാകരിക്കുന്നതാണെന്ന് പറയാന്‍ വയ്യ. വേണമെങ്കില്‍ അത് പ്രോത്സഹിപ്പിക്കുന്നതല്ല എന്ന് വരെ എത്താവുന്നതാണ്. ഇമാം നവവി ഈ ഹദീസിന്‍റെ വ്യാഖ്യാനമായി ഇങ്ങനെ പറഞ്ഞു വെക്കുന്നു. ഈ തിരുവചനത്തിന്‍റെ കൃത്യമായ അര്‍ഥം ജനങ്ങളുടെ സര്‍വ്വ സാധാരണമായ പ്രവര്‍ത്തനത്തെ വിലയിരുത്തുന്നതാണ്. ജനങ്ങള്‍ വിവാഹക്കാര്യത്തില്‍ ഈ നാലു വിഷയങ്ങളും പരിഗണിക്കുമ്പോള്‍, മതനിഷ്ഠ ഏറ്റവും പിറകിലായി പോകുന്നു. എന്നാല്‍ മതബോധമുള്ള സ്ത്രീയുടെ ഭാഗത്ത് നിന്ന് ജീവിതത്തിന്നു ആശിസ്സുകളും സ്വഭാവ ഗുണങ്ങളും പ്രതീക്ഷിക്കാവുന്നതും, പ്രയാസങ്ങള്‍ ഭയപെടാനിടയില്ലത്തതുമാണ്. (1) ഫത്ഹുല്‍ബാരി, ഇമാം ഖുര്‍ത്തുബിയെ കൂടി ഉദ്ധരിച്ച് കൊണ്ട് കൂടുതല്‍ വിശദീകരണം നല്‍കുന്നു. ഹദീസിന്‍റെ ആശയം, പരാമര്‍ശിച്ച നാല് കാര്യങ്ങള്‍ക്കു വേണ്ടിയാണ് സ്ത്രീകളെ വിവാഹം കഴിക്കാറുള്ളത് എന്നാണ്. ഇക്കാര്യത്തില്‍ നിലനില്‍ക്കുന്ന വസ്തുതയുടെ വിവരണമാണത്. അല്ലാതെ നിര്‍ദ്ദേശമല്ല. പക്ഷേ, ഇതിന്‍റെ പ്രത്യക്ഷമായ ആശയം ഈ നാലു കാര്യങ്ങള്‍ക്കും വിവാഹം അനുവദനീയമാണന്നും, മതനിഷ്ഠയുള്ളവളെ തെരഞ്ഞടുക്കല്‍ ഉത്തമമുള്ളതാണന്നുമാണ്. എന്നാല്‍ ഈ നാലു കാര്യങ്ങളില്‍ മാത്രമാണ് ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള പരസ്പര്യത്തിന്‍റെ അനുയോജ്യ ഘടകങ്ങള്‍ (കഫാഅത്ത്) നിലനിക്കുന്നത് എന്ന് പറയരുത്. അങ്ങനെ പൂര്‍വ്വികര്‍ പറഞ്ഞതായി എനിക്ക് അറിയില്ല. വിവാഹ കാര്യത്തില്‍ ഭാര്യ ഭര്‍ത്താക്കന്മാര്‍ തമ്മിലുള്ള അനുയോജ്യതയുടെ കാര്യത്തില്‍ അവര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസമുണ്ടാകാമെന്നത് വേറെകാര്യം. താബിഉകളില്‍ പെട്ട മുഹല്ലബ് (മുഹല്ലബ് ബ്നു അബീ സ്വഫ്റ - വഫാത് : ഹിജ്റ 82) ഇപ്രകാരം പറയുന്നു: ഭര്‍ത്താവിന്നു ഭാര്യയുടെ ധനം ഉപയോഗിക്കാമെന്നതിന്നു ഈ ഹദീസ് തെളിവാണ്. അതിന്നു അവളുടെ തൃപ്തി വേണം. തൃപ്തിയില്ലങ്കില്‍ , ഭര്‍ത്താവ് അവള്‍ക്ക് നല്‍കിയ മഹറില്‍ കൂടുതല്‍ ഉപയോഗിക്കാന്‍ പാടില്ല. ഈ അഭിപ്രായത്തിനു ഒരു വിമര്‍ശനം പറയാനുള്ളത് മഹറുമായി ബന്ധപെടുത്തിയുള്ള ഈ വിശദാംശം ഹദീസില്‍ നിന്ന് ലഭ്യമല്ല എന്നുള്ളതാണ്.സ്ത്രീയെ ധനത്തിന്നു വേണ്ടി വിവാഹം ചെയ്യുക എന്നതിനാല്‍ അവളുടെ ധനം ഭര്‍ത്താവ് ഉപയോഗപെടുത്തുക എന്ന് മാത്രം പറഞ്ഞു കൂടാ. അവര്‍ക്ക് ഉണ്ടാകുന്ന മക്കള്‍ക്ക് അത് ഉപയോഗപ്പെടുത്താം. അനന്തരവകാശമായി ഭര്‍ത്താവിന്നു ലഭിക്കാം. അതുമല്ലങ്കില്‍ സ്വന്തം ആവശ്യത്തിന്നു ഭര്‍ത്താവിനെ ആശ്രയിക്കാതെ അവള്‍ക്ക് ഉപയോഗപ്പെടുത്താം.(2) അപ്പോള്‍ ഫത്ഹുല്‍ബാരിയുടെ ഉദ്ധരണി സ്ത്രീധനത്തിന്‍റെ രൂപം (മാഹിയത്ത്) കുറെകൂടി വിശാലമാകുന്നതും അനുവദനീയമാകുന്നതുമാണ്. പക്ഷേ അതില്‍ നിന്നും അനുയോജ്യമെന്നോ കരണീയമെന്നോ വ്യാഖ്യാനിക്കാന്‍ കഴിയില്ല. ഹാശിയത്തുല്‍ ജമല്‍ ഇപ്രകാരം പറയുന്നു. സ്ത്രീകളെ വിവാഹം ചെയ്യാന്‍ മാനദണ്ഡമാകുന്ന കാര്യങ്ങള്‍ ഈ ഹദീസിലൂടെ രണ്ടു വിഭാഗമായി തിരിയുന്നു. ഒന്ന് പ്രശംസനീയവും മറ്റേത് വിമര്‍ശനീയവും. പ്രശംസനീയമായത് മതനിഷ്ടയുള്ളവളെ തെരഞ്ഞടുക്കലാണ്. അതാണ്‌ നിര്‍ദേശം. സമ്പത്തോ,സൗന്ദര്യമോ ഉള്ളവളെയല്ല.(3) സ്ത്രീധന സമ്പ്രദായത്തെ അടിസ്ഥാനപരമായി ശരീഅത്ത് അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യത്തിനാണ് നാം മറുപടി തേടുന്നത്. ഈ വിഷയത്തില്‍ തിരുനബി (സ്വ)യുടെ പരാമര്‍ശത്തിനു നല്കപെട്ടിട്ടുള്ള പൂര്‍വീകരുടെ വ്യാഖ്യാനത്തിലൂടെ നമ്മള്‍ എത്തി ചേരുന്നത്, അടിസ്ഥാനപരമായി അനുവദനീയവും എന്നാല്‍ പ്രശംസനിയമല്ലാത്തതുമാണ് എന്നത്രെ. എന്നാല്‍ വ്യക്തിപരമായി നോക്കുമ്പോള്‍ അവിടുന്ന് സ്വന്തം പുത്രിമാര്‍ക്ക് സ്ത്രീധനം നല്കീട്ടുണ്ടോ ? വിശ്വസനീയവും പ്രസിദ്ധവുമായ രണ്ടു സംഭവങ്ങള്‍ ഇക്കാര്യത്തില്‍ സാക്ഷ്യമായി ഉദ്ധരിക്കപെടുന്നു. ഒന്നാമത്തേത്, അവിടുത്തെ ജീവ ചരിത്രത്തിലെ ഏറ്റവും വൈകാരികമായ നിമിഷങ്ങളിലൊന്നായ ബദര്‍ യുദ്ധത്തിലെ ബന്ദികളെ  പ്രായശ്ചിത്ത ധനം സ്വീകരിച്ചു വിട്ടയക്കുന്ന നിമിഷങ്ങളിലേതാണ്. പ്രിയപുത്രി സൈനബ ബീവി(റ, അന്ന് അവിശ്വാസിയായിരുന്ന തന്‍റെ ഭര്‍ത്താവ് അബ്ദുല്‍ആസിയെ മോചിപ്പിക്കുന്നതിന്നു കൊടുത്ത് വിട്ടത്, അവിടുത്തെ സഹധര്‍മ്മിണി ഖദീജ ബീവി(റ) വിവാഹ ദിവസം മകള്‍ക്ക് നല്‍കിയ മാലയായിരുന്നു. നിരവധി ചരിത്ര ഗ്രന്ഥങ്ങളിലുദ്ധരിക്കപെട്ട ഈ സംഭവം, ആയിശബീവി(റ)യുടെ ഭാഷയിലൂടെ ഇമാം ഹാകിം രേഖപെടുത്തുന്നു.  യുദ്ധം കഴിഞ്ഞ്‌ ബന്ദികളായി പിടിച്ചവരെ വിട്ടയക്കുന്നതിന്നു വേണ്ടി മക്കയില്‍ നിന്ന് ബന്ധു ജനങ്ങള്‍ പ്രായശ്ചിത്തം കൊടുത്തയച്ച സന്ദര്‍ഭത്തില്‍ അബുല്‍ ആസിയെ വിട്ടയക്കുന്നതിന്നായി നബി(സ്വ)യുടെ പുത്രി സൈനബ് ബീവി ഒരു മാല കൊടുത്ത് വിട്ടു. ഈ മാല വിവാഹ ദിവസം  മാതാവ് ഖദീജ ബീവി അവര്‍ക്ക് നല്‍കിയതായിരുന്നു. ഇത് കണ്ടപ്പോള്‍ അവിടുന്ന് ഹൃദയ തരളിതനായി അനുയായികളോട് ഇപ്രകാരം പറഞ്ഞു , സാധ്യമാണങ്കില്‍ സൈനബക്ക് അവരുടെ ബന്ദിയെ തിരിച്ചു നല്‍കുക. അവരുടെ മാലയും തിരിച്ചു കൊടുക്കുക.(4) രണ്ടാമത്തെ സംഭവം നബി (സ്വ) പുത്രി ഫാത്തിമ ബീവിയെ വിവാഹം ചെയ്ത് വിട്ട സന്ദര്‍ഭത്തില്‍ അവര്‍ക്ക് നല്‍കിയ വസ്തുവഹകളെ പറ്റിയുള്ള ഉദ്ധരണികളാണ്. ഒരു കട്ടില്‍, കമ്പളം, സുഗന്ദപുല്ല് നിറച്ച തലയണ, ധാന്യങ്ങള്‍ പൊടിച്ചെടുക്കുന്ന രണ്ടു പാത്രങ്ങള്‍ . രണ്ടു വെള്ളതൊട്ടികള്‍ മുതലായവ നല്‍കിയതായി ഹദീസ് ഗ്രന്ഥങ്ങളില്‍ കാണുന്നു.(5) ഇവിടെ പ്രസക്തമായ ചോദ്യമിതാണ് ഈ രണ്ടു സംഭവങ്ങളും ഇന്ന് നില നില്‍ക്കുന്ന സ്ത്രീധന സമ്പ്രദായത്തിന്‍റെ സ്വഭാവങ്ങളുള്ളതായും അതിന്‍റെ അനുകൂലമായ തെളിവുകള്‍ ഉള്‍ക്കൊള്ളുന്നതായും കരുതാന്‍ ന്യായമുണ്ടോ ? ടെക്സ്റ്റുകള്‍ വായിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്നത് മക്കള്‍ പുതിയ കുടുംബ ജീവിതമാരംബിക്കുമ്പോള്‍ അവര്‍ക്ക് നല്‍കുന്ന സ്നേഹ സമ്മാനങ്ങള്‍ മാത്രമാണ് അവയെന്നാണ്. സൈനബ ബീവിയെ വിവാഹം ചെയ്യുമ്പോള്‍ അബുല്‍ ആസിയോ ഫാത്തിമ ബീവിയെ വിവാഹം ചെയ്യുമ്പോള്‍ അലി(റ)യോ ഇങ്ങനെ ഒരു ഡിമാന്‍ഡ് നബി (സ്വ) മുന്നില്‍ വെച്ചിട്ടുള്ളതായി നമുക്ക് അറിയാവുന്ന രേഖകളിലില്ല. എന്നാല്‍ മനുഷ്യര്‍ തമ്മിലുള്ള സ്നേഹ ബന്ധങ്ങള്‍ ഊഷ്മളമാക്കുന്നതിന്നു സമ്മാനങ്ങള്‍ (ഹദിയകള്‍) കാരണമായി തീരുമെന്ന് നബി(സ്വ) അരുളിയിട്ടുണ്ട്. തദടിസ്ഥാനത്തില്‍ ഈ സംഭവങ്ങള്‍ വിലയിരുത്തന്നതാണ് മിതത്വം. കര്‍മ്മശാസ്ത്രം ഹദിയകളുടെ ഗണത്തിലേ സ്ത്രീധനത്തെ കാണുകയും ചെയ്തിട്ടുള്ളൂവെന്നാണ് മനസ്സിലാക്കുന്നത്. ഇഷ്ടധാനത്തിന്‍റെ (ഹിബത്തിന്‍റെ) അദ്ധ്യായങ്ങളിലാണ് സ്ത്രീധന ചര്‍ച്ചകള്‍ ഫിഖ്‌ഹ് ഗ്രന്ഥങ്ങളില്‍ കാണുന്നതും. ഇമാം ഇബ്നുഹജറുല്‍ ഹൈത്തമി പൂര്‍വ്വീകരെ ഉദ്ധരിച്ച് കൊണ്ട് സമര്‍ത്ഥനം ചെയ്യുന്നതും അതാണ്‌. ഒരാള്‍ തന്‍റെ മകള്‍ക്ക് സജ്ജീകരണങ്ങള്‍ ചെയ്തത് കൊണ്ട് മാത്രം അത് അവളുടെ ഉടമസ്ഥതയില്‍ വരുന്നില്ലെന്നും അഥവാ ഈ പ്രശ്നത്തില്‍ അഭിപ്രായ വ്യത്യസമുണ്ടായാല്‍ പിതാവിന്നു പ്രസ്തുത ഉദ്ദേശമുണ്ടെങ്കില്‍ വാക്കാല്‍ അത് സമ്മതിക്കേണ്ടതുണ്ടന്നും ഇബ്നു ഹജര്‍ (റ) പറയുന്നു. അതേസമയം, മകളുടെ ഭര്‍തൃഗൃഹത്തിലേക്ക് സാധനങ്ങള്‍ കൊടുത്തുവിടുകയും “ഇത് അവള്‍ക്കായുള്ള സജ്ജീകരണങ്ങള്‍ ആണന്നു” പറയുകയും ചെയ്‌താല്‍ ആയത് അവളുടെ ഉടമസ്ഥതയില്‍ വരുന്നതും അല്ലാത്ത പക്ഷം തിരിച്ച് നല്‍കേണ്ടുന്ന വായ്പയായി (ആരിയത്ത്) കണക്കാക്കുമെന്ന് ഫിഖ്‌ഹ് പറയുന്നു. (6) അപ്പോള്‍ ചോദ്യമിതാണ്, ഇന്ന് നടന്നു വരുന്ന സ്ത്രീധന സമ്പ്രദായം ഫിഖ്‌ഹ് പ്രകാരമുള്ള ഏത് മുആമലാത്ത് അല്ലങ്കില്‍ ഇടപാടിലാണ് കടന്നുവരുന്നത് ? സ്ത്രീധനത്തിന്‍റെ സ്വരൂപവും ഫിഖ്‌ഹീ ഗ്രന്ഥങ്ങളും പരിശോധിക്കുമ്പോള്‍ ഇഷ്ടദാനത്തിന്‍റെ വിശേഷണങ്ങളാണ് കാണുന്നത്. പക്ഷേ സ്ത്രീധനത്തെ ഫിഖ്ഹിലെ ഹിബത്തിലേക്ക് പരാവര്‍ത്തനം ചെയ്യുന്നതോട് കൂടി അതിന്നു ഒരുതരം പവിത്രീകരണം നടക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടതുണ്ട്. കാരണം ഇഷ്ടദാനം ഒരു പുണ്യമുള്ള കാര്യമാണ്. സ്നേഹവും, സഹായവും, പങ്കുവെപ്പും അതില്‍ ഉള്‍ക്കൊള്ളുന്നതിനാല്‍ അടിസ്ഥാനപരമായി അത് സുന്നത്താണ് എന്ന് ഫിഖ്ഹ് പറയുന്നു. ഇഷ്ടദാനം നല്‍കുമ്പോള്‍ അത് സ്വീകരിക്കുന്നവന്‍റെ ആവശ്യം മുന്‍നിര്‍ത്തി അവന്ന്‌ ഉടമസ്ഥത സ്ഥാപിച്ചു നല്‍കലാണങ്കില്‍, അതുമല്ലങ്കില്‍ പരലോക പ്രതിഫലം മോഹിച്ചു കൊണ്ടാണങ്കില്‍ അതിന്നു ധര്‍മ്മമെന്നും സ്വീകരിക്കുന്നവനോടുള്ള ആദരവ് പ്രകടമാക്കി കൊണ്ടാണങ്കില്‍ ഹദിയ എന്നും ,ഈ രണ്ടു താല്പര്യവുമില്ലെങ്കില്‍ അതിന്നു കേവല ഇഷ്ടദാനമെന്നും ഫിഖ്ഹ് പറയുന്നു. (7) എന്നാല്‍ ഇത്രയും സുതാര്യവും, പുണ്യമുള്ളതുമായ ഇഷ്ടദാനത്തിന്‍റെ പരിധിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല ഇന്ന് നിലവിലുള്ള സ്ത്രീധനം.  വിവാഹ മോചനം നടക്കാത്ത ഒരു അവസരം വരെ ഉപയോഗിക്കാമെന്നോ, മകളെ അഥവാ വധുവിനെ സംരക്ഷിച്ചുകൊള്ളണമെന്നോ, അത് പോലെയുള്ള അലിഖിതവും നാട്ടുനടപ്പുള്ളതുമായ ഒരു കൂട്ടം നിബന്ധനകള്‍ ഇഷ്ടദാനമെന്നു പറയപ്പെടാന്‍ ശ്രമിക്കുന്ന ഇന്നത്തെ സ്ത്രീധനത്തില്‍ ഒതുങ്ങികിടപ്പുണ്ട്. ഇങ്ങനെയുള്ള നിബന്ധനകള്‍ ഹിബത്തില്‍പെടുമോ? ഉണ്ടന്നും അതിന്നു സാധുതയുണ്ടന്നുമാണ് ഫിഖ്ഹ് പറയുന്നത്. ഒരാള്‍ ഇഷ്ടദാനം നല്കിയെന്നിരിക്കട്ടെ, അതോടൊപ്പം മനസ്സിലാക്കപെടാവുന്ന നിബന്ധനകളും വെച്ചു. എന്നാല്‍ അതിന്നു സാധുത ഉണ്ട്. നിബന്ധനകള്‍ അവ്യക്തമാണങ്കില്‍ സാധുത ഇല്ലതാനും. അതെ സമയം ഒരു നിബന്ധനയും പറയാതിരുന്നാല്‍ സ്വീകരിച്ചവന് യാതൊന്നും നിര്‍ബന്ധമാകുന്നില്ല താനും. എന്നാല്‍ സുപ്രധാനമായ ഒരു കാര്യം കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നത് നിര്‍ണിതമായ  നിബന്ധനകള്‍ വെക്കുന്നതോട് കൂടി വാക്കാല്‍ അത് ഹിബത്താണങ്കിലും ആശയപരമായി ഒന്നാം തരം കച്ചവടമാണെന്നാണ് (8). അപ്പോള്‍ സംഗതി കൊള്ളാമല്ലേ .. കര്‍മ്മശാസ്ത്ര പണ്ഡിതരുടെ അഭിപ്രായത്തില്‍ സ്ത്രീധനം നല്ലൊരു കച്ചവടത്തിലേക്ക് എത്തിചേരുമല്ലേ ? സ്ത്രീധന സംസ്ക്കാരത്തില്‌ അന്തര്‍ലീനമായ നാട്ടുനടപ്പുകളെപറ്റി നാം പരാമര്‍ശിക്കുകയുണ്ടായി. സ്ത്രീധനം മതപരമായി നിഷിദ്ധമാണ് എന്ന് പറയുന്നതിന്ന് ഈ നാട്ടു നടപ്പുകളുടെ വ്യപകത്വം എതിര്‍ നില്‍ക്കുന്നതായി പണ്ഡിതന്മാര്‍ മനസ്സിലാക്കുന്നുണ്ട് എന്നാണു തോന്നുന്നത്. മുസ്‌ലിം സമൂഹം പൊതുവായി അംഗീകരിച്ചു വരുന്ന ഒരു സമ്പ്രദായം, പ്രഖ്യാതമായ ശരീഅത്ത് നിയമങ്ങള്‍ക്കു എതിരാവാത്തിടത്തോളം അംഗീകരിക്കപ്പെടേണ്ടതാണ് എന്ന് ഒരു പൊതു നിയമം നിലനില്‍ക്കുന്നുണ്ട്. ഈ പൊതു നിയമത്തിനു അനുകൂലമായി ഹദീസുകളെ ഹാജരാക്കാനും സാധിക്കും. ഈ പൊതു നിയമത്തെ വിവാഹത്തിന്‍റെയും സമ്മാന സമര്‍പ്പണത്തിന്‍റെയും കാര്യത്തില്‍ ഒന്ന് കൂടി കര്‍മ്മശാസ്ത്ര പണ്ഡിതന്‍മാര്‍ ഊന്നി പറഞ്ഞതായി കാണുന്നുണ്ട്. ഉര്ഫുശറഅ് അഥവാ ശരീഅത് നിയമം ആദത്തിന്നു അഥവാ പൊതു സംസ്കാരത്തിന്നു വിരുദ്ധമല്ലങ്കില്‍ അത് പ്രവര്‍ത്തിക്കാം എന്ന് പ്രസ്തുത അദ്ധ്യായത്തില്‍ തന്നെ ഫിഖ്‌ഹ് പറയുന്നുണ്ട് (9). പക്ഷേ, ഇങ്ങിനെയുള്ള നാട്ടുനടപ്പ് വിവാഹമെന്ന സംവിധാനത്തിന്‍റെ അഥവാ അഖ്ദിന്‍റെ ഉള്ളില്‍പെടുന്നതല്ലായെന്നും അതിന്നു പുറത്താണെന്നും അവര്‍ വ്യക്തമാക്കുന്നു. രഹസ്യമായി ഒരു നിബന്ധന വെച്ചാല് അതു വിലപ്പോകില്ലെന്നും, പരസ്യമായി, ഇടപാടില്‍ അതു പറഞ്ഞാല്‍ ആ വ്യവസ്ഥ സ്വീകരിക്കപ്പെടാതെ, സ്വഭാവികമായ മഹ്റില്‍ (മഹ്ര്‍ മിസ്‌ലില്‍) വിവാഹ ഇടപാട് പൂര്ത്തീകരണത്തിലെത്തുമെന്നും കര്‍മ്മശാസ്ത്ര പണ്ഡിതര്‍ പറയുന്നു. ഈ ഡിമാന്റ് നിഷ്ഫലമാകുമ്പോള്‍, നികാഹ് എന്ന ഇടപാട് നിഷ്ഫലമാകുന്നില്ല എന്ന് അവര്‍ പറയാനുള്ള കാരണം, നികാഹ് ഒരു ഇടപാടും മഹ്ര്‍ സംബന്ധമായ ഇടപാട് വേറെയൊന്നുമാണ്. അങ്ങനെ ഒരേ സമയത്ത് രണ്ടു അഖ്ദുകള്‍ (ഇടപാടുകള്‍) നടക്കുന്നു (10). അപ്പോള്‍ സ്ത്രീധനം കൊടുക്കുന്ന, വാങ്ങുന്ന ഒരു വിവാഹത്തില്‍ മൂന്നു ഇടപാടുകള്‍ നടക്കുന്നുണ്ടാവണം! അതെന്തായാലും സ്ത്രീധനം ഒരു അവകാശമോ,വിവാഹത്തിന്റെ ശരീഅത്ത് നിയമങ്ങള്‍ക്കുള്ളില്‍പെട്ടതോ അല്ലെന്നും, ശറഅ് പ്രകാരം അതിനു സാധുതയില്ലെന്നും വ്യക്തം. പരിശുദ്ധ ശരീഅത്ത് സ്ത്രീധനത്തെ എങ്ങനെ നിരീക്ഷിക്കുന്നുവെന്നു പൂര്‍ണ്ണമായി മനസ്സിലാക്കാന്‍, അതു നിഷിദ്ധമാണെന്ന് പറയുന്ന നമ്മുടെ പണ്ഡിതന്‍മാരുടെ അഭിപ്രായത്തെ കുറെക്കൂടി ഉരുത്തിരിച്ചു മനസ്സിലാക്കേണ്ടതുണ്ട്. ശേഷം നമുക്ക് അതിനു ശ്രമിക്കാം. അതോടൊപ്പം, പുതിയ രീതിയില്‍ കര്‍മ്മശാസ്ത്രത്തെ അപഗ്രഥന വിധേയമാക്കുന്ന പുതുതലമുറയുടെ കമന്റുകള്‍ക്ക് വേണ്ടിയും കാത്തിരിക്കാം.

  1. ശറഹു മുസ്‌ലിം 5:201
  2. ഫത്ഹുല്‍ ബാരി 9: 136
  3. ഹാശിയത്തുല്‍ ജമല്‍ 4:118
  4. അല്‍-മുസ്തദ്റക് 4: 44 – 45
  5. മുസ്നദ് അഹ്മദ് 1:14, അല്‍-മുസ്തദ്റക് 3:157
  6. ഫത്ഹുല്‍ ജവാദ് 2:382, നിഹായ 5: 406
  7. ബുജൈരിമി 3:637, ശര്‍ഖാവി 2:127
  8. ശര്‍ഖാവി 2:126, ഉംദയുടെ വ്യാഖാനം ഫൈദ് 2:100
  9. ഇആനത്ത് 3:151
  10. തുഹ്ഫ 7:385, ശര്‍ഖാവി 2:300

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter