വിവാഹ ബന്ധം ഇസ്‌ലാമില്‍
വിവാഹം എന്നത് ഇസ്‌ലാമില്‍ അതിപ്രധാനവും പരിപാവനവുമായ ഒരു ബന്ധമാണ്. ഇസ്‌ലാം വിവാഹത്തെ നല്ലപോലെ പ്രോത്സാഹിപ്പിച്ചിരിക്കുന്നു. ഈ വിഷയത്തില്‍ വിശുദ്ധ ഖുര്‍ആനില്‍ നിരവധി ആയത്തുകള്‍ വന്നിട്ടുണ്ടെങ്കിലും ഒന്നുമാത്രം ഉദ്ധരിക്കുന്നു: ''നിങ്ങളില്‍ നന്നുതന്നെ നിങ്ങളുടെ ഇണകളെ അവന്‍ സൃഷ്ടിച്ചുതന്നിരിക്കുന്നു. ആ ഇണകളോട് ഒത്തുചേര്‍ന്നുകൊണ്ട് സമാധാനത്തോടു കൂടി നിങ്ങള്‍ക്ക് ജീവിക്കുവാന്‍ വേണ്ടിയാണിത്. അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ട ഒരു കാര്യമാണിത്. നിങ്ങള്‍ക്കിടയില്‍ (വിവാഹ ബന്ധത്തില്‍കൂടി) സ്‌നേഹവും കരുണയും അവന്‍ ഉറപ്പിച്ചുതന്നിരിക്കുന്നു. നിശ്ചയം ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ പല ദൃഷ്ടാന്തങ്ങളുമുണ്ട്.'' (റൂം : 21)
റസൂല്‍ കരീം(സ) പറഞ്ഞു: നാലു കാര്യങ്ങള്‍ പ്രവാചകന്മാരുടെ മാര്‍ഗങ്ങളില്‍ പെട്ടതാണ്. മൈലാഞ്ചി, സുഗന്ധ പ്രയോഗം , വാ ശുദ്ധീകരണം, വിവാഹം. മൈലാഞ്ചി എന്നതിനു പകരം ലജ്ജ എന്നും ഒരു റിപ്പോര്‍ട്ടില്‍ കാണുന്നു. (തുര്‍മുദി)
സ്ത്രീ പുരുഷന്‍മാര്‍ തമ്മിലുള്ള ലൈംഗിക ബന്ധം അംഗീകൃത വിവാഹ ബന്ധത്തില്‍കൂടി മാത്രമേ അനുവദനീയമുള്ളൂ എന്നത് ഇസ്‌ലാമില്‍ കര്‍ശനമായ ഒരു നിയമമാണ്. വഴിവിട്ടു കളിക്കുന്നവര്‍ക്ക് കഠിനമായ ശിക്ഷ വിധിച്ചിട്ടുണ്ട്. ലൈംഗിക ബന്ധം നടത്തി വികാരശമനം നേടുക എന്നത് മാത്രമല്ല ഇസ്‌ലാമിക വീക്ഷണത്തില്‍ വിവാഹത്തിന്റെ ലക്ഷ്യം. വിവാഹത്തിന്റെ ലക്ഷ്യത്തില്‍ അതും ഉള്‍പ്പെടുമെങ്കിലും അതിപ്രധാനങ്ങളായ മറ്റുപല ലക്ഷ്യങ്ങളും വിവാഹത്തിനുണ്ട്. സന്താനോല്‍പാദനം വഴി മനുഷ്യവര്‍ഗത്തിന്റെ സുരക്ഷ ഉറപ്പിക്കുക, സുന്ദരമായ കുടുംബങ്ങളാക്കുന്ന സമൂഹഘടകങ്ങള്‍ സൃഷ്ടിക്കുക, സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും തണലില്‍ കൂടി ഭാര്യമാരെയും സന്താനങ്ങളെയും വളര്‍ത്തിയെടുത്ത് സമൂഹത്തിനു ശോഭയുണ്ടാക്കുക തുടങ്ങിയ പലതും ആ ലക്ഷ്യങ്ങളില്‍ ചിലതാണ്. കുടുംബവ്യവസ്ഥയില്ലാതെ കുത്തഴിഞ്ഞ മൃഗീയമായ സ്ത്രീ പുരുഷ ബന്ധം ഇസ്‌ലാം മനുഷ്യര്‍ക്ക് അനുദവിക്കുന്നില്ല. വിശേഷ ബുദ്ധി സിദ്ധിച്ചിരിക്കുന്ന മനുഷ്യര്‍ മാന്യരാണ്. അവരുടെ സാമൂഹ്യ ഘടനയും വ്യക്തിജീവിതവും മാന്യമാണ്. അവരുടെ കുടുംബ വ്യവസ്ഥയും സ്ത്രീപുരുഷ ബന്ധവും മാന്യമായിരിക്കണം. ഇതാണ് ഇസ്‌ലാമിന്റെ മാര്‍ഗം. ഇതിനാവശ്യമായ എല്ലാ നിയമ വ്യവസ്ഥകളും മാര്‍ഗനിര്‍ദേശങ്ങളും ഇസ്‌ലാം ഒരുക്കിവെച്ചിട്ടുണ്ട്.
കുടുംബം, കൂട്ടുകുടുംബം
ഭര്‍ത്താവ്, ഭാര്യ, മക്കള്‍ ഇവര്‍ ചേര്‍ന്നത് ഒരു കുടംബം. ഇവര്‍ക്ക് പുറമെ പിതാവ്, മാതാവ്, സഹോദര-സഹോദരിമാര്‍, പിതാമഹന്‍, പിതാമഹി, മാതാമഹന്‍, മാതാമഹി തുടങ്ങിയവരും മറ്റും ചേര്‍ന്നുള്ളത് ഒരു കൂട്ടുകുടുംബം. ഇസ്‌ലാമില്‍ അണുകുടുംബം മാത്രമല്ല, കൂട്ടുകുടുംബവും പരിഗണിക്കപ്പെട്ടിരിക്കുന്നു. സംരക്ഷണ ചെലവുകളുടെ ബാധ്യതകളും അവകാശങ്ങളും അനന്തരാവകാശ നിയമങ്ങള്‍, വിവാഹം കഴിക്കല്‍, വിലക്കപ്പെട്ട സ്ത്രീകളുടെ വിവരങ്ങള്‍, തൊട്ടാല്‍ വുളൂ മുറിയാത്തവരുടെ വിവരങ്ങള്‍, സംരക്ഷണാധികാരമുള്ള ആളുകളുടെ വെളിപ്പെടുത്തല്‍ എന്നീ കാര്യങ്ങള്‍ വളരെ വിശദമായി ഇസ്‌ലാമിക ശരീഅത്തില്‍ വിവരിച്ചിട്ടുണ്ട്. ഇവയില്‍നിന്നു ഇസ്‌ലാം അംഗീകരിച്ചിട്ടുള്ള കുടുംബവ്യവസ്ഥയുടെ രൂപവും വൈപുല്യവും മനസിലാക്കുവാന്‍ സാധിക്കുന്നതാണ്. ഈ കുടുംബാംഗങ്ങളില്‍ ഓരോരുത്തരുടെയും ബാധ്യതകളും അവകാശങ്ങളും ഇസ്‌ലാമിക ശരീഅത്ത് വ്യവസ്ഥചെയ്തിട്ടുമുണ്ട്. ഈ അധികാരാവകാശങ്ങള്‍ സമൂഹത്തിലെ മറ്റുള്ളവര്‍ക്ക് ഉണ്ടായിരിക്കുന്നതല്ല. അല്ലാഹു പറയുന്നത് കാണുക: ''കുടുംബബന്ധമുള്ള ആളുകള്‍ അല്ലാഹുവിന്റെ നിയമത്തില്‍ (മറ്റു) സത്യവിശ്വാസികള്‍ക്കും മുഹാജിറുകള്‍ക്കുമുള്ളതിനേക്കാള്‍ കൂടുതല്‍ പരസ്പരം അവകാശപ്പെട്ടവരാണ്.'' (അഹ്‌സാബ്-6)
''കുടുംബ ബന്ധമുള്ളവര്‍ അല്ലാഹുവിന്റെ നിയമത്തില്‍ പരസ്പരം കൂടുതല്‍ അവകാശപ്പെട്ടവരാണ്''(അന്‍ഫാല്‍:75)
ചുരുക്കിപ്പറഞ്ഞാല്‍ കുടുംബബന്ധവും കുടുംബ വ്യവസ്ഥയും ഇസ്‌ലാമില്‍ വളരെ സ്പഷ്ടമായി അംഗീകരിക്കപ്പെട്ടവയാണെന്ന കാര്യം വളരെ വ്യക്തമാണ്. ഇത്തരം എല്ലാ കുടുംബങ്ങളും ചേര്‍ന്നതാണ് മുസ്‌ലിം സമൂഹം. കുടുംബം തുടങ്ങുന്നത് വിവാഹത്തോട് കൂടിയാണല്ലോ. വിവാഹത്തിന് ഫിക്ഹിന്റെ ഭാഷയില്‍ അഖ്ദുന്നിക്കാഹ് എന്നു പറയുന്നു.
Leave A Comment