കച്ചവടത്തിലെ വിവിധ വഴികള്‍

ഹവാല റസൂലുല്ലാഹി(സ) പറഞ്ഞു: '(കടംവാങ്ങിയവന്‍) കഴിവുള്ളതിനോട് കൂടി അത് വീട്ടാതെ പിന്തിക്കുന്നത് അക്രമമാണ്. നിങ്ങളില്‍ നിന്ന് ഒരാളെ തുടര്‍ത്തപ്പെട്ടാല്‍ അവന്‍ തുടര്‍ന്നുകൊള്ളെട്ടെ (ബുഖാരി, മുസ്‌ലിം)'. ഇത് ഇങ്ങനെ മനസ്സിലാക്കാം: ഒരാള്‍ മറ്റൊരാളോട് ഒരു സംഖ്യ കടം വാങ്ങി. വേറൊരാള്‍ക്ക് ഒരു തുക കടം കൊടുത്തിട്ടുമുണ്ട്. ഇവിടെ മൂന്ന് പേരുണ്ട് 1) കടം വാങ്ങുകയും മറ്റൊരാള്‍ക്ക് കടം നല്‍കുകയും ചെയ്തവന്‍. 2) കടം കൊടുക്കുക മാത്രം ചെയ്തവന്‍. 3) കടം വാങ്ങുക മാത്രം ചെയ്തവന്‍. ആദ്യത്തെ ആള്‍ രണ്ടാമത്തെ ആളോട് പറയുന്നു: നിങ്ങള്‍ക്ക് ഞാന്‍ തരാനുള്ള ബാധ്യതയെ മൂന്നാമത്തെ ആളില്‍ ഞാന്‍ ചുമതലപ്പെടുത്തി. എന്നാല്‍ രണ്ടാമത്തെ ആള്‍ അത് സ്വീകരിക്കണം. ഇതാണ് ഹദീസില്‍ 'നിങ്ങളില്‍ നിന്ന് ഒരാള്‍ തുടര്‍ത്തപ്പെട്ടാല്‍ അവന്‍ തുടര്‍ന്നുകൊള്ളണം' എന്നു പറഞ്ഞതിന്റെ വിവക്ഷ. ഇതിന്ന് കര്‍മശാസ്ത്രത്തിന്റെ ഭാഷയില്‍ ഹവാലത്ത് എന്ന് പറയുന്നു. കടബാധ്യതയെ ഒരാളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് മറ്റൊരാളുടെ ഉത്തരവാദിത്വത്തിലേക്ക് നീക്കല്‍ എന്നാണ് അതിന്റെ നിര്‍വ്വചനം. ആദ്യത്തെ ആള്‍ക്ക് മുഹീല്‍ എന്നും രണ്ടാമത്തെ ആള്‍ക്ക് മുഹ്ത്താല്‍ എന്നും മൂന്നാമത്തെ ആള്‍ക്ക് മുഹാല് അലൈഹി എന്നും പറയും. ഇവിടെ രണ്ട് കടങ്ങളുമുണ്ട് 1) മുഹീല്‍ മുഹ്ത്താലിന്ന് കൊടുക്കാനുള്ള കടം 2) മുഹീലിന്ന് മുഹാല്‍ അലൈഹി യില്‍ നിന്ന് കിട്ടാനുള്ള കടം. ഹവാല ചെയ്തു കഴിഞ്ഞാല്‍  മുഹീല്‍ തന്റെ കടബാധ്യതയില്‍ നിന്ന് ഒഴിവായി. തനിക്ക് കിട്ടാനുണ്ടായിരുന്നത് ഇനി കിട്ടുകയുമില്ല. മുഹ്ത്താല്‍ കൊടുക്കാനുള്ള കടം ഇനി മുഹാല്‍ അലൈഹിക്ക് കൊടുക്കല്‍ നിര്‍ബന്ധമായി. വല്ല കാരണത്താലും മുഹ്ത്താലിന്ന് തന്റെ പങ്ക് കിട്ടാനുള്ള സാധ്യത നഷ്ടപ്പെട്ടാല്‍ പിന്നെ ഈ മുഹീലിനോട് ആവശ്യപ്പെടാന്‍ പറ്റുകയില്ല.

കൊടുക്കാനുള്ള കടത്തിന്ന് വേണ്ടി ബാങ്ക് വഴി ചെക്ക് നല്‍കുന്ന ഏര്‍പ്പാട് ഈ ഇനത്തില്‍ പെടുന്നു. ചെക്കുകള്‍ക്കും ഡ്രാഫ്റ്റുകള്‍ക്കും ഇന്നും അറബി ഭാഷയില്‍ (ഹവാല:) എന്നാണ് പറയുന്നത്. സക്ക എന്ന പദം അറബി ഭാഷയില്‍ പണ്ടേ നടപ്പുള്ളതാണ്. സക്ക എന്നാമതായി ഉപയോഗിക്കപ്പെട്ടത് രണ്ടാം ഖലീഫ ഉമര്‍(റ) ആണെന്ന് ചരിത്രകാരന്മാര്‍ പറയുന്നു: ഉമര്‍(റ)വിന്ന് ഒരു ചെക്ക് കിട്ടിയപ്പോള്‍ അതില്‍ 'ശഅബാന്‍' മാസത്തില്‍ കൊടുക്കണമെന്ന് മാത്രം എഴുതിക്കണ്ടു.അപ്പോള്‍ ഏതു ശഅബാനാണ് അത്, ഈ ശഅബാനോ വരുന്ന ശഅബാനോ എന്ന് അദ്ദേഹം ചോദിച്ചു. അനന്തരം കൊല്ലവും തിയ്യതിയും രേഖപ്പെടുത്തണമെന്ന് കല്‍പിച്ചു (താരീഖ്ത്വബ്‌രീ). ഹിജ്‌റയുടെ അടിസ്ഥാനത്തില്‍ വര്‍ഷം കണക്കാനുണ്ടായ കാരണവും ഇതുതന്നെ.

വ്യാപാരങ്ങളിലും ഇടപാടുകളിലും വളരെയേറെ പ്രയോജനമുള്ള കാര്യമാണ് ഹവാല. ഇക്കാലത്തെ സാമ്പത്തിക വ്യവസ്ഥിതിയില്‍ സുപ്രധാന സ്ഥാനമാണ് ഹവാലക്ക് ഉള്ളത്.

ശരിക്കത്ത് (കമ്പനി) ഒന്നിലധികം ആളുകളുടെ അവകാശങ്ങള്‍ പങ്ക്‌ചേര്‍ന്നുകൊണ്ടുള്ള ഇടപാടിനാണ് 'ശിര്‍ക്കത്ത്' അഥവാ  'ശരിക്കത്ത്' എന്ന് സാങ്കേതികമായി പറയുന്നത്. മനുഷ്യ ജീവിതത്തില്‍ എപ്പോഴും ആവശ്യമായി വരുന്ന ഈ ഇടപാട് പലവിധത്തിലുണ്ട്. അവയില്‍ ചിലത് അനുവദനീയമാണെന്നതില്‍ തര്‍ക്കമില്ല. റസൂല്‍(സ) തങ്ങള്‍ക്ക് പ്രവാചകത്വം ലഭിക്കുന്നതിന് മുമ്പ് സായിബ് ബിന്‍ യസീദ് (റ) റസൂല്‍ (സ)യോടൊപ്പം കച്ചവടത്തില്‍ കൂറുകാരനായിരുന്നുവെന്നും പില്‍കാലത്ത് താന്‍ അതില്‍ അഭിമാനം പറയാറുണ്ടായിരുന്നുവെന്നും ഹദീസില്‍ വന്നിട്ടുണ്ട്. കൂടാതെ റസൂല്‍ (സ) ഇപ്രകാരം പറഞ്ഞു; 'അല്ലാഹു പറയുന്നു: രണ്ടു പങ്കുകാരോടൊപ്പം മൂന്നാമനായി ഞാനുണ്ട്; ഒരാള്‍ മറ്റൊരാളെ വഞ്ചിക്കാത്ത കാലത്തോളം. ഒരുത്തന്‍ തന്റെ പങ്കുകാരനെ വഞ്ചിച്ചാല്‍ അവരുടെ ഇടയില്‍ നിന്ന് ഞാന്‍ വിട്ടുപോകും'. ഈ രണ്ടു ഹദീസുകളും അബൂദാവൂദ്, ഹാക്കിം എന്നിവര്‍ നിവേദനം ചെയ്തതാണ്. കൂട്ടു വ്യാപാരം ഈ കച്ചവടം അനുവദനീയമാണെന്നതില്‍ തര്‍ക്കമില്ല. ഇതില്‍ ഓഹരിക്കാര്‍ ഇറക്കുന്ന തുകകള്‍ തുല്യമായിരിക്കണമെന്ന് നിബന്ധനയില്ല. ഇറക്കിയ മുതലുകളുടെ തോതനുസരിച്ച് ലാഭ-നഷ്ടങ്ങള്‍ ഭാഗിക്കേണ്ടതാണ്. എല്ലാ പങ്കുകാരുടെയും ഓഹരികള്‍ ഒന്നിച്ചു ചേര്‍ത്ത് ഒരൊറ്റ മുതല്‍ ആണെന്ന നിലക്കാണ് ഇടപാടുകള്‍ നടത്തേണ്ടത്.

ശിര്‍ക്കത്തുല്‍ ഇനാന്‍ (ശാരീരിക അനുഗ്രഹത്തിലുള്ള കൂറുചേരല്‍, അങ്ങുമിങ്ങും ഏല്‍പ്പിച്ചുകൊണ്ടുള്ള പങ്കുചേരല്‍), ശിര്‍ക്കത്തുല്‍ വുജൂഹ് (മൂലധനമിറക്കാതെ പ്രത്യേക വ്യക്തികള്‍ ചേര്‍ന്ന് കടം വാങ്ങി നടത്തുന്ന കച്ചവടം)എന്നിങ്ങനെ വിവിധ തരത്തിലുള്ള കമ്പനി ഇടപാടുകള്‍ നടപ്പിലുണ്ട്. ഇവയിലൊക്കെ നീതിക്ക് നിരക്കാത്ത പലഘടകങ്ങളുമുണ്ടെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇവ സാധുവാകുകയില്ലെന്ന് ഇമാം ശാഫിഈ(റ) തുടങ്ങിയ പല ഇമാമുകളും അഭിപ്രായപ്പെടുന്നു. എന്നാല്‍ ഇവ അനുവദനീയമാണെന്ന് വാദിക്കുന്ന ഇമാമുകളുമുണ്ട്. ഇതിന്റെ വിശദമായ വിവരങ്ങള്‍ ഇസ്‌ലാമിക ഫിഖ്ഹ് ഗ്രന്ഥങ്ങളില്‍ വേണ്ടുവോളം വിവരിച്ചിരിക്കുന്നു. അവയിലേക്ക് വിരല്‍ ചൂണ്ടുവാനല്ലാതെ ഈ കൊച്ചു കൃതിയില്‍ മറ്റൊന്നും ചെയ്യുവാനാവുകയില്ല.

ഖിറാള് ഇതിന്ന് മുളാറബ എന്നും മുഖാറള എന്നും വേറെ പേരുകളുമുണ്ട്. ഒരാളുടെ മൂലധനംകൊണ്ട് മറ്റൊരാള്‍ കച്ചവടം നടത്തലാണിത്. പലപ്പോഴും പണമുള്ളവന്ന് കച്ചവട ശേഷിയുണ്ടാവുകയില്ല. കച്ചവട പരിചയമുള്ളവന്ന് പണവുമുണ്ടാകില്ല. അത്തരം സാഹചര്യത്തില്‍  ഈ ഇടപാട് വലിയൊരു ഇപകാരമാണ്. വളരെ അധികം ആവശ്യമുള്ള ഒരു ഇടപാടാണിത്. അതിനാല്‍ ശറഇല്‍ ഇത് അനുവദനീയമാണ്.

റസൂലുല്ലാഹി(സ)യുടെ കാലത്ത് ഇത്തരം കച്ചവടം നടപ്പിലുണ്ടായിരുന്നു. ഇസ്‌ലാം അതിനെ അംഗീകരിക്കുകയും ചെയ്തു. പ്രവാചകത്വ പദവിക്ക് മുമ്പ് റസൂല്‍(സ) ഖദീജ (റ)ക്കു വേണ്ടി ഈ കച്ചവടം നടത്തിയിരുന്നു. നല്ല ലാഭവും കിട്ടുകയുണ്ടായി. പില്‍കാലത്ത് നബി(സ) അക്കാര്യം എടുത്ത് പറയുകയും ചെയ്തിട്ടുണ്ട്. അത് നിഷിദ്ധമാണെന്ന് പറഞ്ഞിട്ടുമില്ല.

ഈ കച്ചവടത്തില്‍ മൂലധനം ഒരുഭാഗത്ത് നിന്നുമാത്രമാണ് സ്വീകരിക്കുന്നത്. മറുഭാഗത്ത് കച്ചവടം നടത്തുന്ന ജോലി മാത്രമാണ്. അവന്ന് മൂലധനത്തില്‍ പങ്കില്ല. എന്നാല്‍ ലാഭം രണ്ടുപേര്‍ക്കുമായിരിക്കണം. ഇരുപേരും തീരുമാനിക്കുന്ന വിഹിതമനുസരിച്ച് ലാഭം വീതിച്ചെടുക്കണം. പകുതി, മൂന്നിലൊരുഭാഗം തുടങ്ങിയ നിശ്ചിത വിഹിതമല്ലാതെ നിശ്ചിത തുക ആകാന്‍ പറ്റുകയില്ല. മുഴുവന്‍ ലാഭവും ഒരാള്‍ക്ക് തന്നെ എന്ന നിശ്ചയവും പറ്റുകയില്ല. ഒന്നിലധികം ആളുകള്‍ ചേര്‍ന്നു മൂലധനം ഇറക്കുന്നതിന്ന് വിരോധമില്ല. അതുപോലെ കച്ചവട ജോലി നടത്തുന്നവര്‍ ഒന്നിലധികമാകുന്നതും സാധുവാണ്.

ഉത്തരവാദിത്വ ബോധത്തോടുകൂടിയും സൂക്ഷ്മത പാലിച്ചുകൊണ്ടും കച്ചവടം നടത്തേണ്ട ബാധ്യത കച്ചവടം നടത്തുന്നവന്നുണ്ട്. എന്നാല്‍ അവന്റെ പക്കല്‍ നിന്നുള്ള വീഴ്ച ഇല്ലാത്ത സാഹചര്യത്തില്‍ മൂലധനത്തില്‍ വരുന്ന നാശത്തിന്ന് അവന്‍ ഉത്തരവാദിയല്ല.

പലിശ രഹിത ബാങ്കുകള്‍ നടത്തുന്നതായി ഇന്ന് ചില മുസ്‌ലിം രാഷ്ട്രങ്ങളില്‍ കാണുന്നു. മുഖാറളയുടെ അടിസ്ഥാനത്തിലാണ് അവ നടത്തുന്നത്. ബാങ്കില്‍ നിക്ഷേപിക്കപ്പെടുന്ന മൂലധനങ്ങളെ വിവിധ തരത്തിലുള്ള വ്യാപാരങ്ങളിലിട്ട് ലാഭമുണ്ടാക്കുന്നു. അനന്തരം നിക്ഷേപങ്ങളുടെ തോതനുസരിച്ച ലാഭവിഹിതങ്ങള്‍ നിക്ഷേപകരുടെ അക്കൗണ്ടുകളില്‍ ചേര്‍ത്തുകയും ചെയ്യുന്നു. ഇക്കാര്യം ഇന്ന് ഒരു പരീക്ഷണ ഘട്ടത്തിലാണിരിക്കുന്നതെങ്കിലും ചിലത് വളരെ വിജയകരമായി നടന്നുവരുന്നുണ്ട്. ഉദാഹരണത്തിന് കുവൈത്തിലെ 'ബൈത്തു ത്തംവീലുല്‍ കുവൈത്തി' (Kuwait Finance House). എന്നാല്‍ പൂര്‍ണമായ വിജയം ഇക്കാലത്ത് കണ്ടുകൊള്ളണമെന്നില്ല. കാരണം സമ്പൂര്‍ണമായി ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ നടപ്പിലുള്ള സാഹചര്യത്തില്‍ മാത്രമേ അത് കാണുകയുള്ളൂ. ലോകത്തിന്ന് ഏതു രാഷ്ട്രത്തിലാണ് സമ്പൂര്‍ണമായി ഇസ്‌ലാമിക ഭരണക്രമം നടപ്പിലാക്കിയിട്ടുള്ളത് ? ബാങ്കിംഗ്, ഇന്‍ഷൂറന്‍സ് തുടങ്ങിയ പല വ്യവസ്ഥകളും ഇന്ന് നടപ്പിലുണ്ട്. പലിശ, ചൂഷണം, വഞ്ചന തുടങ്ങിയ നിഷിദ്ധ കാര്യങ്ങള്‍ ഒഴിവാക്കിയ ജനോപകാരപ്രദമായ വ്യവസ്ഥകളെ നാമെത്തിക്കുന്നില്ല. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ അവ ഒഴിവാക്കാനൊക്കുമോ? സാഹചര്യം മാറിവന്നാല്‍ മാത്രമേ ഇസ്‌ലാമിക സമ്പദ് വ്യവസ്ഥ പൂര്‍ണമായി നടപ്പിലാക്കുവാന്‍ ഒക്കുകയുള്ളൂ. അന്നു ലോകത്തില്‍ അതുല്യമായ നീതി പുലരുകയും ചെയ്യും.

ജിആല: ഒരുതരം കോണ്‍ട്രാക്റ്റാണിത്. ഒരു നിശ്ചിത ജോലി ചെയ്യുന്നതിന്നുവേണ്ടി ഒരു നിശ്ചിത പ്രതിഫലം തരാമെന്ന് ഏല്‍ക്കുക എന്നാണ് ഇതിന്റെ നിര്‍വ്വചനം (ഫത്ത്ഹുല്‍ വഹാബ്). ഒരാളുടെ വല്ല മുതലും കാണാതായിപ്പോകുന്നു. അത് കണ്ടുപിടിച്ചു എത്തിച്ചുതരുന്നവന്ന് നൂറുറുപ്പിക പ്രതിഫലം തരാമെന്ന് പറയുക. അല്ലെങ്കില്‍ ഒരാള്‍ക്ക് ഒരു മതില്‍ കെട്ടേണ്ട ആവശ്യമുണ്ട്. അത് കെട്ടിത്തരുന്നവന്ന് ഇന്ന തുക തരാമെന്ന് പറയുക. ഇതൊക്കെ 'ജിആല'ത്തില്‍ പെട്ടതാണ്. ഇത് ഒരു പൊതു വിളംബരത്തിന്റെ അടിസ്ഥാനത്തിലാവാം. അങ്ങനെ ആവുമ്പോള്‍ നിശ്ചിത ജോലി നിര്‍വ്വഹിച്ച ഏതൊരാള്‍ക്കും പ്രതിഫലം അവകാശപ്പെടുന്നു. കുറേപേര്‍ ഒന്നിച്ച് അത് നിര്‍വ്വഹിച്ചാല്‍ ആളെണ്ണത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിഫലം വിഹിതിച്ചെടുക്കണം. ഇനി ഒരു നിശ്ചിത വ്യക്തിയോട് മാത്രമായി ഈ കരാര്‍ ചെയ്താല്‍ ആ വ്യക്തി മാത്രമേ പ്രതിഫലത്തിന്ന് അവകാശിയാവുകയുള്ളൂ. മറ്റാരെങ്കിലും അത് ചെയ്താല്‍ അയാള്‍ക്ക് യാതൊന്നും കിട്ടുകയില്ല. എറ്റെടുത്ത ജോലി പൂര്‍ത്തിയാക്കി ഏല്‍പ്പിച്ചു കഴിഞ്ഞ ശേഷമാണ് നിശ്ചയിച്ച പ്രതിഫലത്തിന്ന് ജോലി ചെയ്തവന്‍ അവകാശിയാവുന്നത്.

ജിആലത്ത് അനുവദനീയമാണെന്നതിന്ന് താഴെ പറയുന്ന ഹദീസ് തെളിവാണ്. ഇബ്‌നു അബ്ബാസ്(റ) ഉദ്ധരിക്കുന്നു: 'നബി(സ)യുടെ അനുചരന്മാരില്‍ ചിലര്‍ ഒരു ജലാശയപ്രദേശത്തുകൂടി കടന്നുപോയി. വിഷം തീണ്ടിയ ഒരാള്‍ അവിടെയുണ്ടായിരുന്നു. അവിടത്തുകാരില്‍ ഒരാള്‍ മുന്നോട്ട് വന്ന് സ്വഹാബികളോട് ചോദിച്ചു: നിങ്ങളില്‍ മന്ത്രിക്കുന്നആരെങ്കിലുമുണ്ടോ ? ഈ പ്രദേശത്ത് വിഷം തീണ്ടിയ ഒരാളുണ്ട്. അന്നേരം സ്വഹാബികളില്‍ നിന്ന് ഒരാള്‍ ചെന്നു കുറേ ആടുകള്‍ തരണമെന്ന കരാറില്‍ ഫാതിഹാ ഓതി. ആടുകളേയും കൂട്ടി തന്റെ കൂട്ടുകാരുടെ അടുത്ത് ചെന്നു. കൂട്ടുകാര്‍ക്ക് അത് ഇഷ്ടമായില്ല. അവര്‍ ചോദിച്ചു: അല്ലാഹുവിന്റെ 'കിത്താബി'ന്മേല്‍ നീ പ്രതിഫലം സ്വീകരിച്ചോ? അനന്തരം അവര്‍ മദീനയിലെത്തി റസൂലുല്ലാഹി(സ)യോട് പറഞ്ഞു: 'ഇയാള്‍ അല്ലാഹുവിന്റെ കിത്താബിന്മേല്‍ പ്രതിഫലം വാങ്ങിയിരിക്കുന്നു!'. തദവസരം റസൂലുല്ലാഹി(സ) പ്രതിവചിച്ചത് ഇങ്ങനെയാണ്: നിങ്ങള്‍ കൂലി സ്വീകരിക്കുന്നതില്‍ വെച്ച് ഏറ്റവും ഗുണകരമായത് അല്ലാഹുവിന്റെ കിത്താബാണ്' (ബുഖാരി).

സുറത്ത് യൂസുഫില്‍ ഇപ്രകാരമുണ്ട്: 'അവര്‍ പറഞ്ഞു: രാജാവിന്റെ അളവുപാത്രം ഞങ്ങള്‍ക്ക് കാണാനില്ല. വല്ലവനും അതു കൊണ്ടുവന്നാല്‍ ഒരു ഒട്ടകം ചുമക്കുന്ന (ആഹാരസാധനങ്ങള്‍) അവന്നു നല്‍കാം. ഞാനാതിന്നു ഉത്തരവാദിയാണ്'.

വേറെ ഒരു തരത്തിലുള്ള കോണ്‍ട്രാക്ടും ഇക്കാലത്ത് നടപ്പുണ്ട്. റോഡ്, കെട്ടിടം, പാലം തുടങ്ങിയ പലതും ആവശ്യമായി വരുന്നു. ഇത് നിര്‍മിച്ചു തരുവാന്‍ കോണ്‍ട്രാക്ടര്‍മാരെ ഏല്‍പിക്കുന്നു. നിര്‍മാണജോലി ചെയ്യുവാന്‍ മാത്രമല്ല. അതിന്നാവശ്യമായ മെറ്റീരിയല്‍സും കരാറുകാരന്‍ തന്നെ ശേഖരിച്ചുകൊള്ളണം. ഈ തരത്തിലുള്ളകരാറുകള്‍ മേല്‍പറഞ്ഞ 'ജിആല'ത്തിന്റെ പരിധികളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല. അതിന്ന് അപ്പുറത്തേക്ക് കടക്കുന്നു. കാരണം ഇവിടെ ജോലിമാത്രമല്ല ഏല്‍പിക്കപ്പെടുന്നത്. സാധനങ്ങള്‍കൂടി തരാന്‍ ആവശ്യപ്പെടുന്നു. 'ജിആല'ത്തിലാണെങ്കില്‍  ജോലിമാത്രമാണ് ആവശ്യപ്പെടുന്നത്. അപ്പോള്‍ ഇന്ന് ധാരാളം നടപ്പുള്ള ഇപ്പറഞ്ഞ കരാറുകള്‍ ഏത് തരത്തിലാണ് പെടുക? വാസ്തവത്തില്‍ ഇതില്‍ പലതും കൂടിക്കലര്‍ന്നിട്ടുണ്ട്. ജിആലത്ത്, ബൈഅ് (കച്ചവടം), സലം (മുന്‍കൂര്‍ കച്ചവടം) എന്നിങ്ങനെ പലതും ചേര്‍ന്നിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ഇവ ഓരോന്നും വകതിരിച്ചു ഓരോന്നിനേയും അതാതിന്റെ മുറപോലെ നടത്തേണ്ടി വരുന്നതാണ്.

ഖാസി സി.എം. അബ്ദുല്ല മൗലവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter