മനുഷ്യജീവിതം: സാമ്പത്തിക വീക്ഷണം
സമ്പന്നന്‍, ദരിദ്രന്‍ എന്നിങ്ങനെയുള്ള വ്യത്യാസം മനുഷ്യര്‍ക്കിടയിലേയുള്ളൂ. മല്‍സ്യങ്ങള്‍, മൃഗങ്ങള്‍, പക്ഷികള്‍ തുടങ്ങിയ ഇതര ജീവികള്‍ക്കിടയിലില്ല. സമ്പന്നനായ മല്‍സ്യം, ദരിദ്രനായ മൃഗം എന്നൊന്നുമില്ല. ശക്തനായ മൃഗം, ബലഹീനനായ മൃഗം എന്നൊക്കെയുണ്ടെങ്കിലും. എന്താണിതിന്ന് കാരണം? നമുക്കൊന്ന് ചിന്തിച്ചുകൂടെ. സമ്പത്ത് കൈകാര്യം ചെയ്യുന്നത് മനുഷ്യര്‍ മാത്രമാണെന്ന് അപ്പോള്‍ മനസ്സിലാകും.
മനുഷ്യര്‍ സാമൂഹ്യജീവിയായത് കൊണ്ടാണോ അത്? അങ്ങനെ വരാന്‍ തരമില്ല. സമൂഹമായി ജീവിക്കുന്നത് മനുഷ്യര്‍ മാത്രമല്ല. ഉറുമ്പുകള്‍, തേനീച്ചകള്‍ എന്നല്ല, കുറുക്കന്മാര്‍പോലും സാമൂഹ്യ ജീവികളാണ്. അനുഷ്യരുടെ സാമൂഹ്യ ജീവിതത്തിന്ന് ഒരു സവിശേഷതയുണ്ട്. അവര്‍ അദ്ധ്വാന ഫലങ്ങള്‍ പരസ്പരം കൈമാറുന്നു. ആശാരി ഇതരര്‍ക്ക് വീട്ടുപകരണങ്ങള്‍ നിര്‍മിച്ചുകൊടുക്കുന്നു. കൊല്ലന്‍ അന്യര്‍ക്ക് പണിയായുധങ്ങളും മറ്റും ഉണ്ടാക്കിക്കൊടുക്കുന്നു. കര്‍ഷകന്‍ ഉണ്ടാക്കിയ ധാന്യങ്ങളില്‍ ഒരു ഭാഗം മറ്റുള്ളവര്‍ക്ക് വില്‍ക്കുന്നു. നെയ്ത്തുകാരന്‍ നെയ്ത വസ്ത്രങ്ങള്‍ മറ്റുള്ളവര്‍ക്ക് എത്തിക്കുന്നു. മനുഷ്യരില്‍ ഓരോരുത്തരുടെയും ജീവിതം പൂര്‍ണമാകണമെങ്കില്‍ മറ്റു പല തരക്കാരും അദ്ധ്വാനിച്ചുണ്ടാക്കിയ പലതരം വസ്തുക്കള്‍ കൂടിയേ കഴിയൂ. മനുഷ്യന് ആഹരിക്കുവാന്‍ ധാന്യം വേണം. ഉടുക്കുവാന്‍ വസ്ത്രം വേണം. കിടക്കുവാന്‍ ഭവനം വേണം. സഞ്ചരിക്കുവാന്‍ വാഹനം വേണം. എഴുതുവാന്‍ പേന, കടലാസ് എന്നിവ വേണം. വായിക്കുവാന്‍ പുസ്തകം വേണം. ചികിത്സക്ക് മരുന്ന് വേണം. എന്നിങ്ങനെ പലതും വേണം. ഇവ മുഴുവനും ഒരോരുത്തനും ഉണ്ടാക്കുവാന്‍ സാധ്യമല്ല. ഒരുവനുണ്ടാക്കിയത് മറ്റൊരാള്‍ക്ക് കിട്ടണം, മറ്റേ ആള്‍ക്കുള്ളത് ഇവനും വേണം. ഇങ്ങനെ പരസ്പരം വസ്തുക്കള്‍ കൈമാറിയെങ്കിലേ മനുഷ്യജീവിതം സുഗമമാവുകയുള്ളൂ. ഇങ്ങനെ പരസ്പരം കൈമാറുന്ന വസ്തുക്കളാണ് ധനം അഥവാ സമ്പത്ത്. മനുഷ്യജീവിതത്തിന്നാധാരവും അതുതന്നെ.
നിങ്ങളുടെ നിലനില്‍പ്പിന്നാധാരമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്ന നിങ്ങളുടെ ധനങ്ങളെ ഭോഷന്മാരായവര്‍ക്ക് നിങ്ങള്‍ വിട്ടുകൊടുക്കരുത് (4:5). മത്സ്യ-മൃഗാദികള്‍ക്ക് ഈ ധനത്തിന്റെ ആവശ്യമില്ല. അവ സ്വത്തുക്കള്‍ പരസ്പരം കൈമാറുന്നില്ല. കാട്ടിലേക്ക് നോക്കൂ! അവിടെ സസ്യങ്ങള്‍, പുല്ലുകള്‍, വൃക്ഷങ്ങള്‍ എന്നിവ തഴച്ച് വളരുന്നു. പഴങ്ങള്‍ തൂങ്ങി നില്‍ക്കുന്നു. കാട്ടരുവികള്‍ ഒഴുകുന്നു. മൃഗങ്ങള്‍ക്ക് ജീവിക്കുവാനുള്ള എല്ലാവിഭവങ്ങളും തയ്യാര്‍. ഇവ തിന്നു കൂത്താടി കാട്ടുമൃഗങ്ങള്‍ ജീവിക്കുന്നു. വലുത് ചെറുതിനെ പിടിച്ച് തിന്നുകയും ചെയ്യുന്നു. ഇതാണ് മൃഗങ്ങളുടെ ജീവിതം. ഒരു മൃഗം അദ്ധ്വാനിച്ചുണ്ടാക്കിയ എന്തെങ്കിലുമൊരു വസ്തു മറ്റൊരു മൃഗത്തിന്ന് വില്‍ക്കുകയോ കൈമാറുകയോ ചെയ്യുന്നില്ല. കടലിലെയും സ്ഥിതി തഥൈവ.
വിശേഷ ബുദ്ധിയുള്ളവരായ മനുഷ്യരുടെയും, ഇതര ജീവികളുടെയും സാമൂഹ്യ ജീവിതങ്ങള്‍ക്കിടയിലുള്ള വമ്പിച്ച അന്തരമാണീ കണ്ടത്. മനുഷ്യ ജീവിതത്തിന്റെ അസ്ഥിവാരം സമ്പത്താണ്. ഇതരജീവികളുടേതാണെങ്കില്‍ പ്രകൃതി വിഭവങ്ങളും. ഈ വിഭവങ്ങള്‍ തീര്‍ന്നുപോയാല്‍ നിലവിലുള്ള മറ്റൊരു സ്ഥലത്തേക്ക് നീങ്ങുകയോ, അല്ലെങ്കില്‍ അവിടെ തന്നെ ചത്തൊടുങ്ങുകയോ മാത്രമേ ജന്തുക്കള്‍ക്ക് ഗത്യന്തരമുള്ളൂ. എന്നാല്‍ മനുഷ്യരുടെ സ്ഥിതി അതല്ല. ഒരു കൂട്ടരുടെ വശമുള്ള വല്ല വസ്തുക്കളും അവസാനിച്ചുപോയാല്‍ പ്രതിഫലം കൊടുത്ത് മറ്റൊരു സ്ഥലത്ത് നിന്ന് ആ വസ്തുക്കള്‍ വരുത്തുവാന്‍ അവര്‍ക്ക് കഴിയും. ഇങ്ങനെ പ്രതിഫലങ്ങള്‍ നല്‍കി വിഭവങ്ങള്‍ കൈമാറുന്ന സമ്പ്രദായം ഇതര ജന്തുക്കള്‍ക്കില്ല. ഇതിനാല്‍ അവയുടെ ജീവിതത്തില്‍ സമ്പത്ത് എന്ന മാധ്യമവുമില്ല. സമ്പത്തില്ലെങ്കില്‍ ഉടമത്വവുമില്ല, ഉടമയുമില്ല.
ഉടമാവകാശവും ക്രയവിക്രയാധികാരവുമില്ലാത്ത ഭൗതിക ജീവിതം മനുഷ്യര്‍ക്കില്ല. അത്തരം ഒരവസ്ഥയെ ലക്ഷ്യംവെച്ചുകൊണ്ട് പ്രവര്‍ത്തിക്കുന്ന മനുഷ്യവിഭാഗങ്ങള്‍ ഇവിടെയുണ്ട്. കമ്യൂണിസത്തിന്റെ പരമമായ ലക്ഷ്യം അതത്രെ. മനുഷ്യരുടെ ആദ്യ സ്ഥിതിയും അതായിരുന്നുവെന്ന് കമ്യൂണിസത്തിന്റെ വക്താക്കള്‍ വാദിക്കുന്നു. അങ്ങനെ മൃഗീയതയില്‍ നിന്ന് മൃഗീയതയിലേക്കുള്ള പ്രയാണമായി മാനുഷികതയെ അവര്‍ ചിത്രീകരിക്കുന്നു. ഇതില്‍ അത്ഭുതപ്പെടാനില്ല. മനുഷ്യവര്‍ഗത്തെ മൃഗത്തിന്റെ കൂട്ടത്തിലാണവര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പരിണാമ പ്രക്രിയയിലെ ഒടുവിലത്തെ മൃഗം; അതാണുപോലും മനുഷ്യന്‍! ക്രയവിക്രയപ്രക്രിയ കൂടാതെ സുഖജീവിതത്തിന്നാവശ്യമായ സര്‍വ്വതും ലഭ്യമാകുന്ന ജീവിതാവസ്ഥ മനുഷ്യരെ സംബന്ധിച്ചിടത്തോളം സ്വര്‍ഗത്തിലാണ്. പക്ഷേ സ്വര്‍ഗീയ ജീവിതത്തില്‍ മനുഷ്യര്‍ക്ക് അദ്ധ്വാന മാധ്യമം പോലുമില്ല. ഇഹലോകത്തിലെ അധ്വാനഫലം അനുഭവിക്കുന്ന ലോകമാണ് സ്വര്‍ഗം. ഇഹലോകത്തില്‍ വെച്ച് അല്ലാഹുവിനെ ആരാധിക്കുക; പരലോകത്തില്‍വെച്ച് അതിന്റെ പ്രതിഫലം സമ്പൂര്‍ണമായി അനുഭവിക്കുക. ഇതാണ് മാനുഷിക ജീവിതത്തിന്റെ ഇസ്‌ലാമിക വിഭാവന. ''നിങ്ങളുടെ പ്രതിഫലങ്ങള്‍ സമ്പൂര്‍ണമായി നിങ്ങള്‍ക്ക് നല്‍കപ്പെടുന്നത് പരലോത്തില്‍ വെച്ചാണ് (3:135).
മനുഷ്യവര്‍ഗത്തിന്റെ ഒട്ടാകെയുള്ള ചിത്രത്തിന്ന് തന്നെ രൂപവും ഭാവവും നല്‍കിയത് സമ്പത്തിന്റെ ഉദ്പാദന - വിതരണ ക്രമമാണെന്ന വാദം തെറ്റാണെങ്കിലും സമ്പത്തിന് മനുഷ്യ ജീവിതത്തിലുള്ള സ്വാധീനവും പ്രാധാന്യവും വിസ്മരണീയമല്ല. സമ്പത്തിന്റെ കൈമാറ്റങ്ങളിലൂടെയാണ് മനുഷ്യ സമൂഹത്തിന്റെ ജീവിതം വ്യവസ്ഥിതമാകുന്നതെന്ന് നാം മനസ്സിലാക്കിക്കഴിഞ്ഞു. ആ നിലക്ക് സുപ്രധാനമായ സ്ഥാനം തന്നെയാണ് സമ്പത്തിനുള്ളത്. ഈ വസ്തുത ഇസ്‌ലാം അംഗീകരിച്ചിട്ടുമുണ്ട്. അതുകൊണ്ട് തന്നെയാണ് ഖുര്‍ആനില്‍ 'ഖിയാമന്‍' (ജീവിതാധാരം) എന്ന് അതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. കൂടാതെ 'നല്ല മുതല്‍ നല്ലവന്റെ കയ്യില്‍ എത്ര നല്ല വസ്തുവല്ല?' എന്ന് നബി(സ) അരുളിയിട്ടുമുണ്ട്.
എന്നാല്‍ സമ്പത്തിനെ ജീവിതത്തില്‍ പ്രയോജനപ്പെടുത്തലും, സമ്പത്തിനെ ലക്ഷ്യമാക്കി ജീവിതത്തിനു രൂപം നല്‍കലും ഒന്നല്ല. രണ്ടും രണ്ടാണ്. സമ്പത്തിനെ വ്യവസ്ഥിതമായി ജീവിതത്തില്‍ പ്രയോജനപ്പെടുത്തുകയാണ് മാനുഷികത. എന്നാല്‍ സമ്പത്തിന്നുവേണ്ടി ജീവിക്കല്‍ ഹീനതയാണ്. ഈ വ്യത്യാസം യഥാവിധി കണക്കിലെടുക്കുകയും വ്യക്തമാക്കിത്തിരികയും ചെയ്തമതമാണ് ഇസ്‌ലാം. ഇസ്‌ലാം മതത്തില്‍ മാത്രമെ ഈ സത്യം തെളിഞ്ഞ് കാണുകുള്ളൂ. സത്യമതമായ ഇസ്‌ലാമിന്റെ സവിശേഷതയും അതാണ്.
ഭൗമിക ജീവിയാണ് മനുഷ്യനെങ്കിലും മനുഷ്യന്റെ ജീവിത ലക്ഷ്യം ഭൂമിയല്ല. മറിച്ച് ഭൂമിയേതരമായ സ്വര്‍ഗ ലോകവും അതിലൂടെ പ്രപഞ്ച സൃഷ്ടാവിന്റെ സംതൃപ്തി നേടിയെടുക്കലമാണ്. മനുഷ്യന്റെ അതുല്യമായ സമുന്നതിക്ക് കാരണവും അതുതന്നെ. മനുഷ്യരുടെ സംതൃപ്തമായ ജീവിതത്തിന്നാവശ്യമായ സകല ഘടകങ്ങളും പൂര്‍ണരൂപത്തില്‍ തയ്യാറായി കിടക്കുന്നു എന്നത് മാത്രമല്ല സ്വര്‍ഗലോകത്തിന്റെ സവിശേഷത. പിന്നെയോ, സ്വര്‍ഗീയ ജീവിതം അനശ്വരമാണ്. അനശ്വരമായ സംതൃപ്തി ലഭ്യമാവുക എന്നതിലേറെ വിലപ്പെട്ട മറ്റെന്താണ് മനുഷ്യന് കിട്ടുവാനുള്ളത്. അമൂല്യമായ ഈ അനുഗ്രഹത്തിന്റെ മുമ്പില്‍ ഭൗമിക വിഭവങ്ങള്‍ക്ക് വല്ല വിലയുമുണ്ടോ? ഭൗമിക ജീവിതത്തിന്റെ യഥാര്‍ത്ഥ രൂപം വരച്ച് കാട്ടിയ മതമാണ് ഇസ്‌ലാം. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക:
''ഇഹലോകജീവിതം (അല്‍പ്പസമയത്തെ) കളിയും വിനോദവുമല്ലാതെ മറ്റൊന്നുമല്ല. മുത്തഖീങ്ങള്‍ക്ക് പരലോകം തന്നായാണുത്തുമം. നിങ്ങള്‍ ഗ്രഹിക്കുന്നില്ലേ ?'' (6:32). ഐഹിക ജീവിതത്തിന്റെ സ്ഥിതി ഖുര്‍ആന്‍ വിവരിക്കുന്നത് കാണുക:
''ആകാശത്തുനിന്ന് നാം മഴയിറക്കി. എന്നിട്ട് മനുഷ്യരും കന്നുകാലികളും ഭക്ഷിക്കാറുള്ള സസ്യങ്ങളില്‍ അത് ലയിക്കുന്നു. അതുവഴി ഭൂമി അതിന്റെ ആഭരണങ്ങള്‍ (പൂവും, കായും, ഇലയുമൊക്കെ) അണിഞ്ഞ് അലംകൃതമാവുന്നു. അത് മുഴുവനും കരസ്ഥമാക്കാന്‍ കഴിയുമെന്ന് അതിന്റെ ഉടമകള്‍ വിചാരിച്ച് നില്‍ക്കുന്നു. അന്നേരം പെട്ടെന്ന് രാത്രിയോ-പകലോ അതിലേക്ക് നമ്മുടെ കല്‍പ്പന എത്തുന്നു. ഇന്നലെ അതുണ്ടായിരുന്നിട്ടേ ഇല്ല എന്ന് തോന്നിപ്പോകുമാര്‍ നാമതിനെ നിശേഷം നശിപ്പിച്ച് കളയുന്നു. ഇങ്ങനെയാണ് ഐഹിക ജീവിതത്തിന്റെ സ്ഥിതി'' (10: 24).
നശ്വരവും നാശവിധേയവുമായ ഭൂലോക ജീവിതമെവിടെ നില്‍ക്കുന്നു? അനശ്വരവും സംതൃപ്തവുമായ സ്വര്‍ഗീയ ജീവിതമെവിടെ നില്‍ക്കുന്നു? ഇക്കാരണത്താല്‍ ഭൂലോക സുഖഭോഗങ്ങളെ ജീവിത ലക്ഷ്യമാക്കുന്നതിനെ ഇസ്‌ലാം കഠിനമായി എതിര്‍ക്കുന്നു. മനുഷ്യനെ നിന്ദ്യനും ഹീനനുമാക്കുകയാണത് ചെയ്യുക എന്ന് ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. അല്ലാഹുവിന്റെ സൃഷ്ടികളില്‍ ശ്രേഷ്ഠനാണ് മനുഷ്യന്‍. ഭൂമിയോ അവന്റെ മഹാപ്രപഞ്ചത്തിലെ ഒരു നിസ്സാര വസ്തുവും. ശ്രേഷ്ഠനായ മനുഷ്യജീവിയുടെ ജീവിത ലക്ഷ്യം ഒരിക്കലും നിസാരമായ ഈ ഭൗമിക സമ്പത്ത് ആയിരിക്കുവാന്‍ പാടില്ല. അതാണ് ഇസ്‌ലാം പഠിപ്പിക്കുന്ന പാഠം. സമ്പത്തിനെ തന്റെ ജീവിത യാത്രയുടെ ചവിട്ടുപടികളായി മനുഷ്യര്‍ പ്രയോഗിച്ചുകൊള്ളണം. അല്ലാതെ സമ്പത്തിനെ ആ യാത്രയുടെ ലക്ഷ്യമാക്കരുത്. 'സത്യവിശ്വാസികളില്‍ നിന്ന് അവരുടെ ശരങ്ങളെയും, സ്വത്തുക്കളെയും അല്ലാഹു വിലക്കെടുത്തിരിക്കുന്നു. സ്വര്‍ഗം അവര്‍ക്ക് പ്രതിഫലമായിക്കൊണ്ട്' (9:111). വേണ്ടപോലെ സമീപ്പിക്കുകയാണെങ്കില്‍ ഇസ്‌ലാമില്‍ സമ്പത്തിന്നുള്ള സ്ഥാനം ഇതാണ്. അത് പ്രയോഗവല്‍കരിക്കുകയാണ് മനുഷ്യന്‍ തന്റെ ജീവിത വൃത്തിയില്‍ ചെയ്യേണ്ടത്.
ഖാസി സി.എം. അബ്ദുല്ല മൗലവി
Leave A Comment