സാമ്പത്തിക ഇടപാടുകള്‍: അടിസ്ഥാന പാഠങ്ങള്‍

മനുഷ്യന്റെ നിലനില്‍പ്പിന്റെ ആധാരമായിട്ടാണ് ധനം അല്ലാഹു മനുഷ്യനെ ഏല്‍പിച്ചിട്ടുള്ളത്. അതിനാല്‍ തന്നെ അത് അലക്ഷ്യമായും അശ്രദ്ധമായും നശിപ്പിച്ചു കളയുന്നതും ക്രമരഹിതമായി കൈകാര്യം ചെയ്യുന്നതും അല്ലാഹു വിലക്കിയിട്ടുണ്ട്. അല്ലാഹു പറയുന്നു: “നിലനില്‍പിനുള്ള താങ്ങായിക്കൊണ്ട് അല്ലാഹു നിശ്ചയിച്ച നിങ്ങളുടെ ധനത്തെ ഭോഷന്മാര്‍ക്ക് വിട്ടുകൊടുക്കരുത്. അതില്‍ നിന്ന് അവര്‍ക്ക് നിങ്ങള്‍ ഭക്ഷണവും വസ്ത്രവും കൊടുക്കുകയും അവരോട് നല്ല വാക്ക് പറയുകയും ചെയ്യുക. (അന്നിസാഅ്:5) തന്റെ ധന സംരക്ഷണത്തിനു വേണ്ടി ഒരാള്‍ കൊല്ലപ്പെട്ടാല്‍ അയാള്‍ രക്തസാക്ഷിയാണെന്നു പ്രവാചകന്‍ പഠിപ്പിച്ചിട്ടുണ്ട്. (ബുഖാരി, മുസ്‌ലിം). ഊഹാപോഹങ്ങളും ധനം നഷ്ടപ്പെടുത്തലും ചോദ്യങ്ങളുടെ ആധിക്യവും അല്ലാഹു വെറുക്കുന്നുവെന്ന് മറ്റൊരു ഹദീസില്‍ (ബുഖാരി) ഉദ്ധരിക്കുന്നു. ഇത്തരത്തിലുള്ള ധനം കൈകാര്യം ചെയ്യുന്നതിനും അതുപയോഗിച്ചു ഇടപാടുകള്‍ നടത്തുന്നതിനും ഇസ്‌ലാം കൃത്യമായ രൂപങ്ങളും നിയമങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനപരമായ ചില വിഷയങ്ങളാണ് നാം ഇവിടെ ചര്‍ച്ച ചെയ്യുന്നത്.

ഇടപാടുകാരുടെ സംതൃപ്തി: ഒരു സാമ്പത്തിക ഇടപാടില്‍ രണ്ടു ഭാഗത്തുമുള്ളവരുടെ തൃപ്തി വളരെ പ്രധാനമാണ്. അല്ലാഹു പറയുന്നു: “സത്യവിശ്വാസികളേ, നിങ്ങളുടെ ധനങ്ങള്‍ അധാര്‍മികമായ വിധത്തില്‍ അന്യോന്യം തിന്നരുത്. എന്നാല്‍ പരസ്പരം തൃപ്തിപ്പെട്ട് നടത്തുന്ന കച്ചവടം അതില്‍ നിന്നൊഴിവാണ്. നിങ്ങള്‍ സ്വന്തത്തെതന്നെ കൊന്നുകളയുകയുമരുത്. അല്ലാഹു നിങ്ങളോട് ഏറ്റവും കാരുണ്യമുള്ളവനാകുന്നു. (29) അന്യായമായോ അക്രമമായോ അതാരെങ്കിലും ചെയ്താല്‍ അവനെ നാം നരകത്തില്‍ പ്രവേശിപ്പിക്കും. അത് അല്ലാഹുവിന് ഏറ്റവും എളുപ്പമുള്ളതാണ്. (30) ഇടപാടുകളിലെ ഇരുഭാഗത്തുമുള്ള തൃപ്തിയെ ഈ സൂക്തം ഊന്നിപ്പറയുന്നു. എന്നാല്‍ വക്രമാര്‍ഗത്തിലൂടെയാവരുത് മറ്റുള്ളവരുടെ ധനം കൈക്കലാക്കുന്നത്. ഈ തൃപ്തി ഉറപ്പുവരുത്തുന്നത്തിനാണ് ഇടപാടുകളില്‍ ഈജാബും ഖബൂലും ഇസ്‌ലാമിക കര്‍മ്മശാസ്ത്രം നിര്‍ബന്ധമാക്കിയത്. പ്രത്യേകം ഈജാബിന്റെയും ഖബൂലിന്റെയും വാക്കുകള്‍ ഉച്ചരിക്കാതെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് (മുആത്വാത്ത്)സാധാരണ ഗതിയില്‍ ജനങ്ങള്‍ആ രൂപം ശരിയായ കച്ചവടമായി കാണുന്ന ഇനങ്ങളുടെ കാര്യത്തില്‍ സാധുവാകുമെന്നതാണ് സ്വീകാര്യമായ അഭിപ്രായം.

ഇരുഭാഗത്തും അനീതി ഉണ്ടാകരുത് മനുഷ്യര്‍ തമ്മിലുള്ള വ്യവഹാരങ്ങളില്‍ ഇരു ഭാഗത്തും അനീതിയോ ബുദ്ധിമുട്ടോ വരാത്ത രീതിയിലായിരിക്കണം പൂര്‍ത്തിയാക്കേണ്ടത്. “ബുദ്ധിമുട്ടും വേണ്ട; ബുദ്ധിമുട്ടിക്കലും വേണ്ട” എന്ന പ്രസിദ്ധമായ ഹദീസി(ഇബ്നു മാജ, അഹ്മദ് ബിന്‍ ഹന്ബല്‍) അടിസ്ഥാനത്തിലാണ് സാമ്പത്തിക ഇടപാടുകളിലെ പല നിയമങ്ങളും നിലനില്‍ക്കുന്നത്. മറ്റൊരാള്‍ക്ക് നാം ഉപദ്രവം ഏല്‍പിക്കരുത്, മറ്റൊരാളെകൊണ്ട് നമുക്ക് ഉപദ്രവം ഏല്‍ക്കുക്കയും ചെയ്യരുതെന്നാണ് അതിന്റെ വിവക്ഷ.  പരമാവധി നീതിയുക്തമാവണം ഇടപാടുകളെന്നു സാരം. വഞ്ചന, പൂഴ്ത്തിവെപ്പ്, ഇരട്ട കച്ചവടം, വിലയിലോ വില്‍പന വസ്തുവിലോ കടന്നുകൂടുന്ന അനിശ്ചിതത്വങ്ങള്‍; ന്യൂനതകള്‍ മറച്ചുവെച്ചുകൊണ്ട് ഇടപാടുകള്‍, മാര്‍ക്കറ്റ് വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാര്‍ ഇടപെടല്‍ തുടങ്ങി സാമ്പത്തിക വ്യവഹാരങ്ങളില്‍ പലയിടത്തും ഇസ്‌ലാം ശക്തമായി നിയന്ത്രണം വെച്ചത്  ഈ അടിസ്ഥാനത്തിലാണ്. കച്ചവടസംഘങ്ങള്‍ മാര്‍ക്കറ്റിലേക്ക് എത്തുന്നത്തിനു മുമ്പ് വഴിയില്‍ വെച്ച് അവരുമായി കച്ചവടം ഉറപ്പിക്കുന്ന രീതിയെ നബി (സ) നിരോധിച്ചിട്ടുണ്ട്. കാരണം മാര്‍ക്കറ്റിലെ വില അറിയാത്ത അന്യനാട്ടുകാരായ കച്ചവടക്കാര്‍ പറ്റിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. സാധാരണ ഗതിയില്‍ മാര്‍കറ്റിലെ വില നിശ്ചയത്തില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാണ് ഇസ്‌ലാം നിഷ്കര്‍ഷിക്കുന്നത്. കാരണം അത് വഴി ഒന്നുകില്‍ കച്ചവടക്കാരോട് അല്ലെങ്കില്‍ ഉപഭോക്താക്കളോട് അനീതി കാണിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ജനങ്ങള്‍ക്ക്മുഴുവന്‍ ഭാരമാകുന്ന രീതിയില്‍ തത്വദീക്ഷയില്ലാതെ മാര്‍ക്കറ്റില്‍ വിലകുതിച്ചുയരകയും ജനങ്ങള്‍ പ്രയാസപ്പെടുന്ന അവസ്ഥ ഉണ്ടാവുകയും ചെയ്താല്‍ സര്‍ക്കാറിന് ഇടപെടാവുന്നതാണെന്ന് പണ്ഡിതന്മാര്‍ വിശദീകരിച്ചിട്ടുണ്ട്.

അനിശ്ചിതത്വം നിറഞ്ഞ ഇടപാടുകള്‍ വിലയിലോ വില്‍പന വസ്തുവിലേ ഇടപാടുകാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ കടന്നുകൂടുന്ന അനിശ്ചിതത്വങ്ങള്‍ ഇസ്‌ലാം നിരോധിച്ചിട്ടുണ്ട്. അബൂ ഹുറൈറ (റ)വില്‍ നിന്ന് നിവേദനം: നബി (സ) കല്ലു (എറിഞ്ഞു) നടത്തുന്ന കച്ചവടത്തെയും അനിശ്ചിതത്വമുള്ള കച്ചവടത്തെയും നിരോധിച്ചിരിക്കുന്നു. ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി പറയുന്നു: ‘കച്ചവടങ്ങള്‍ സംബന്ധിച്ച ഒരു പ്രധാന അടിസ്ഥാനമാണിത്. ഒട്ടനവധി മസ്അലകള്‍ ഇതിന്റെ കീഴില്‍ വരും. ... ഇല്ലാത്ത വസ്തുക്കള്‍, കൃത്യമായി അറിയാത്തവ, കൈമാറാന്‍ കഴിയാത്തവ, വില്‍പനക്കാരന്റെ ഉടമസ്ഥാവകാശം പൂര്‍ത്തിയാകാത്തവ....... തുടങ്ങിയവയുടെ വില്‍പനകള്‍ തെറ്റാണ് കാരണം അവയില്‍ അനിശ്ചിതത്വം നില നില്‍ക്കുന്നു (ശറഹു മുസ്‌ലിം) വില്‍ക്കാന്‍വെച്ചിരിക്കുന്ന വസ്ത്രങ്ങളിലേക്ക്  കല്ലെറിയുകയും ഏതിലാണോ കല്ല്‌ പതിച്ചത് അത് വാങ്ങുകയും ചെയ്യുന്ന ഒരു കച്ചവട രീതി അന്ന് അറേബ്യയില്‍ നിലനിനിന്നിരുന്നു. അതാണ്‌ നേരത്തെ ഉദ്ധരിച്ച ഹദീസില്‍ പറയുന്ന കല്ല്‌ എറിഞ്ഞുള്ള കച്ചവടം. ഇന്നത്തെ ഷയര്‍മാര്‍ക്കറ്റ്, സ്റ്റോക്ക്‌ എക്സേഞ്ച്, ഫോറക്സ്‌, വിവിധ തരം ഇന്‍ഷുറന്‍സ് എന്നിവയിലൊക്കെ ഇത്തരത്തിലുള്ള പലതരം അനിശ്ചിതത്വങ്ങളും നിറഞ്ഞ ഇടപാടുകള്‍ നമുക്ക് കാണാന്‍ കഴിയും.

ഈ അനിശ്ചിതത്വം പലപ്പോഴും തര്‍ക്കങ്ങളിലേക്കും ഇടപാടുകാരില്‍ ഏതെങ്കിലും ഒരു ഭാഗത്തിനു നഷ്ടത്തിലേക്കും നയിക്കുന്നു. തന്റെ ഉടമസ്ഥതയില്‍ ഇല്ലാത്ത നിശ്ചിത വസ്തുക്കളുടെ വില്‍പനയും ഉടമസ്ഥതയില്‍ ഉണ്ടെങ്കിലും തന്റെ കൈവശത്തില്‍ വരാത്തത്തിന്റെ വില്‍പനയും ഇത്തരം നിരോധിത വില്‍പനയില്‍ വരും. വില്‍പനവില കൃത്യമായി നിശ്ചയിക്കാതിരിക്കുന്നതും വില കടമായി  കച്ചവടം നടത്തുമ്പോള്‍ (ഇന്‍സ്റ്റാള്‍മെന്‍റ് കച്ചവടം പോലെ) വില അടക്കേണ്ട സമയം നിശ്ചയിക്കാതിരിക്കുന്നതും വില്‍പന പൂര്‍ത്തിയായതിനു ശേഷം വില്‍പനക്കാരന് വിലയില്‍ വ്യത്യാസം വരുത്താന്‍ അനുവദിക്കുന്നതും ഈ അനിശ്ചിതത്വത്തിന്റെ പരിധിയില്‍ വരും.

വരുമാനത്തിന്റെ വഴി  ഉത്തരവാദിത്തവും  അധ്വാനവും ഉടമസ്ഥതാവകാശം വഴി ഒരു ധനത്തിന്റെ നഷ്ട സാധ്യത (റിസ്ക്‌) ആര്‍ക്കാണോ അയാള്‍ക്ക് അതില്‍ നിന്നുള്ള വരുമാനത്തിനു അവകാശം ഉണ്ടാകുക.  സഹാബികളില്‍ ഒരാള്‍ ഒരിടമയെ വാങ്ങുകയും കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആ അടിമക്ക് ചില ന്യൂനതകള്‍ കണ്ടതിന്റെ അടിസ്ഥാനത്തില്‍ നബി(സ)യോട് പരാതിപ്പെടുകയും ചെയ്തു. അങ്ങനെ ആ അടിമയെ വിറ്റയാള്‍ക്ക് തിരിച്ചു നല്‍കാന്‍ നബി(സ) ആവശ്യപ്പെട്ടു. അപ്പോള്‍ വില്‍പ്പനക്കാരാന്‍ ഇത്രയും നാള്‍ തന്റെ അടിമയെ അദ്ദേഹം ഉപയോഗപ്പെടുത്തിയല്ലോയെന്നു നബി(സ)യെ ഉണര്‍ത്തിയപ്പോള്‍ നബി (സ) തങ്ങള്‍ പ്രതികരിച്ചത് ഇപ്രകാരമാണ്: ‘വരുമാനം (നഷ്ട സാധ്യത)യുടെ ഉത്തരവാദിത്തത്തിനാണ്’. അതായത് ആ വാങ്ങിയ വ്യക്തിയുടെ ഉടമസ്ഥാവകാശത്തില്‍ ആ അടിമ എന്ത് സംഭവിച്ചാലും അതിന്റെ നഷ്ടം അയാള്‍ക്കാണ്. അതുപോലെ ആ സമയത്ത് ഉണ്ടാകുന്ന വരുമാനവും അയാളുടേത് തന്നെ. ധനത്തിന്റെ നഷ്ടസാധ്യതയുടെ ഉത്തരവാദിത്തമില്ലാതെയും (ദമാന്‍) അധ്വാനമില്ലാതെയും ലാഭമോ വരുമാനമോ കൈകലാക്കുന്നത് ഇസ്‌ലാം അംഗീകരിക്കുന്നില്ല.

യഥാര്‍ത്ഥത്തില്‍ പലിശയിടപാടുകളില്‍ കടം നല്‍കുന്നവന് ധനത്തിന്റെ നഷ്ടസാധ്യതയുടെ ഉത്തരവാദിത്തം വഹിക്കാതെ അതില്‍ നിന്ന് വരുമാനം നേടുകയാണ്‌ ചെയ്യുന്നത്. അതിനു പകരം ലാഭ –നഷ്ട സാധ്യതകളുള്ള വിവിധതരം ഇടപാടുകളാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്. അധ്വാനമില്ലാതെ ജനങ്ങളുടെ ധനം കൊള്ളയടിക്കുന്ന ചൂതാട്ടങ്ങളും അതിലൂടെ ലഭിക്കുന്ന വരുമാനവും നിഷിദ്ധമാണ്. ലോട്ടറി, ചില തരത്തിലുള്ള ചിട്ടികള്‍, പരമ്പരാഗത ഇന്‍ഷുറന്‍സ് രീതികള്‍ എന്നിവയിലെല്ലാം ചൂതാട്ടത്തിന്റെ സ്വഭാവങ്ങള്‍ കടന്നുവരുന്നു.

പലിശ ഇടപാടുകള്‍ ഇടപാടുകള്‍ ബന്ധപെട്ട ഇസ്ലാമിലെ മറ്റൊരു പ്രധാന നിബന്ധയാണ് പലിശ ഇടപാടുകള്‍ ഒഴിവാക്കുക. രണ്ടു തരത്തിലുള്ള പലിശയുണ്ട്. വില്‍പന പലിശയും കടത്തിലെ പലിശയും. ശാഫി മദ്ഹബ് പ്രകാരം കച്ചവടത്തിലെ പലിശ രണ്ടിനങ്ങളിലാണ് വരുന്നത്. ഒന്ന് ഭക്ഷ്യ വസ്തുക്കള്‍ രണ്ട്: സ്വര്‍ണ്ണം, വെള്ളി, അവയുടെ സ്ഥാനത്ത് ഉപയോഗിക്കുന്ന കറന്‍സി എന്നിവ. ഭക്ഷ്യസുരക്ഷ മുന്‍ നിറുത്തി ഭക്ഷ്യ വസ്തുക്കളുടെയും  വ്യക്തികളുടെയും സമൂഹത്തിന്റെയും സാമ്പത്തിക ഭദ്രത ലക്ഷ്യമാക്കി സ്വര്‍ണ്ണം, വെള്ളി, കറന്‍സി എന്നിവയുടെയും കൈമാറ്റത്തില്‍  ചില നിബന്ധനകള്‍ ഇസ്‌ലാം നിര്‍ബന്ധമാക്കുന്നു. അവ ഇങ്ങനെ സംഗ്രഹിക്കാം 1. സ്വര്‍ണ്ണം സ്വര്‍ണ്ണത്തിനു പകരം വില്‍ക്കുമ്പോള്‍ (വെള്ളി വെള്ളിക്ക് പകരവും ഒരിനം കറന്‍സി അതിനു പകരം) വില്‍ക്കുമ്പോഴും ഭക്ഷ്യ വസ്തുക്കളില്‍ ഒരിനം അതേ ഇനത്തിനു പകരം (ഉദാ: അരി അരിക്ക് പകരം ഗോതമ്പ് ഗോതമ്പിനു പകരം) വില്ക്കുമ്പോഴും മൂന്നു നിബന്ധനകള്‍ പാലിച്ചിരിക്കണം. രണ്ടും തുല്യമായിരിക്കുക, കച്ചവടം റൊക്കമായിരിക്കുക, സദസ്സില്‍ വെച്ച് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക. 2. സ്വര്‍ണ്ണം വെള്ളിക്ക് പകരമോ അല്ലെങ്കില്‍ അവയുടെ സ്ഥാനത്തുള്ള കാശിനു പകരമോ വില്‍ക്കുമ്പോള്‍ തുല്യമായിരിക്കുക എന്നതൊഴിച്ചുള്ള മറ്റു രണ്ടു നിബന്ധനകളും ബാധകമാണ്.

കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. അതായത്‌ അവധി നിശ്ചയിച്ചുള്ള കച്ചവടമോ കൈമാറ്റം വൈകിപ്പിക്കാലോ തവണകളായി അടച്ചുതീര്‍ക്കുന്ന രീതിയിലുളള കച്ചവടമോ അനുവദനീയമല്ല. ഭക്ഷ്യ വസ്തുക്കളിലെ രണ്ടു വ്യതസ്ത ഇനങ്ങള്‍ (ഉദാ: അരി ഗോതമ്പിനനു പകരം)തമ്മിള്‍ വില്‍ക്കുമ്പോഴും ഈ നിയമം ബാധകമാണ്. മേല്‍ ഉദ്ധരിച്ച നിബന്ധനകള്‍ പാലിച്ചില്ലെങ്കില്‍  ഇസ്‌ലാം നിരോധിച്ച റിബല്‍ ഫദ്ല്‍ (കൈമാറ്റ വസ്തുക്കളിലെ അധികപ്പലിശ), റിബല്‍ യദ് (ഇടപാട് സദസ്സില്‍ വെച്ച് കൈമാറ്റ പൂര്‍ത്തിയകത്തിനാല്‍ ഉണ്ടാകുന്ന കൈവശ പ്പലിശ), രിബ നസാഅ് (ഇടപാടു റൊക്കം പൂര്‍ത്തിയാക്കത്തിനാല്‍ ഉണ്ടാകുന്ന അവധിപ്പലിശ) തുടങ്ങിയ പലിശകള്‍ വന്നു ചേരുന്നു. ഒട്ടനവധി ഹദീസുകള്‍ ഈ വിഷയത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് കൊണ്ടുതന്നെ ഇത്തരം കച്ചവടം നിഷിദ്ധ(ഹറാം)വും വന്‍പാപമായ പലിശയുടെ ഗണത്തില്‍ വരുന്നതുമാണ്. ഫത്ഹുല്‍ മുഈന്‍ അടക്കമുള്ള ഫിഖ്‌ഹീ ഗ്രന്ഥങ്ങള്‍ ഇക്കാര്യം വിശദീകരിക്കുന്നുണ്ട്. പഴയ സ്വര്‍ണ്ണം പുതിയ സ്വര്‍ണ്ണത്തിന് പകരം വില്‍ക്കുമ്പോഴും ഈ നിയമം ബാധകമാണ്. അങ്ങനെ ചെയ്യേണ്ടി വരുമ്പോള്‍ പഴയ സ്വര്‍ണ്ണം കാശിനു പകരം വിറ്റ്‌ ആ കാശിനു പുതിയ സ്വര്‍ണ്ണം വാങ്ങുക. ഗള്‍ഫ് കറന്‍സികള്‍ ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റിഅയക്കുമ്പോഴും കച്ചവടം റൊക്കമായിരിക്കുക, ഇടപാട്‌ നടത്തുന്നവര്‍ കച്ചവട സദസ്സില്‍ നിന്ന് വിട്ടുപിരിയുന്നതിനു മുമ്പ് തന്നെ കൈമാറ്റം പൂര്‍ത്തിയാക്കുക എന്നീ നിബന്ധനകള്‍ പാലിച്ചിരിക്കണം. എക്സേഞ്ച് വഴി അല്ലാതെ പണമയക്കുന്നവര്‍ തവണ വ്യവസ്ഥകളായി പണം നല്‍കുന്നത് പലിശയുടെ ഗണത്തില്‍ വരുമെന്നത് ശ്രദ്ധിക്കണം. കടം നല്‍കുന്ന വ്യക്തിക്ക് ഏതെങ്കിലും തരത്തിലുള്ള ഉപകാരം നിബന്ധനവെക്കുന്ന ഇടപാടുകളാണ് കടപ്പലിശയില്‍ വരുന്നത്. ഇന്ന് ബാങ്കുകളില്‍ നിന്നും മറ്റും ലോണ്‍ എടുക്കുമ്പോള്‍ അടക്കേണ്ടി വരുന്നത് ഈ പലിശയാണ്. ഇതും കടുത്ത തെറ്റും ഇസ്‌ലാമിക വിരുദ്ധവുമാണ്.  

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter