ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ

സാമ്പത്തിക ശാസ്ത്രത്തിന് അറബി ഭാഷയില്‍ ഇല്‍മുല്‍ ഇഖ്തിസ്വാദ് എന്നാണ് പേര്‍. ഗ്രീക്ക് ഭാഷയിലെ OIKONOMOS എന്ന ശബ്ദത്തിന്റെ അറബീ പ്രയോഗമാണ് 'ഇഖ്തിസ്വാദ്' എന്ന പദം. ഗ്രീക്ക് ഭാഷയില്‍ മേല്‍പറഞ്ഞ ശബ്ദത്തിന്റെ ഭാഷാര്‍ത്ഥം ഗൃഹകാര്യങ്ങളുടെ നിയന്ത്രണം എന്നാണ്. പിന്നീട്, ഇക്കോണമി എന്ന പദം ഈ അര്‍ത്ഥത്തില്‍ വ്യാപകമായി ഉപയോഗിക്കപ്പെട്ടു.

ഗൃഹകാര്യങ്ങളിലോ, നഗര കാര്യങ്ങളിലോ ഒതുങ്ങി നില്‍ക്കാതെ മൊത്തമായി സാമ്പത്തികമായ നിയന്ത്രണം, ആസൂത്രണം എന്ന വ്യാപകമായ അര്‍ത്ഥമാണ് ഇക്കോണമി എന്ന ശബ്ദത്തിനുള്ളത്. അത് ഇന്ന് ഒരു പ്രത്യേക ശാസ്ത്രമായി രൂപം കൊള്ളുകയും ചെയ്തു.

അറബി ഭാഷയിലെ ഇഖ്തിസ്വാദ് എന്ന ശബ്ദവും പുത്തനല്ല. റസൂലുല്ലാഹി(സ)യുടെ തിരുവചനങ്ങളില്‍പോലും അത് പ്രയോഗിക്കപ്പെട്ടിരിക്കുന്നു. ഇഖ്തിസ്വാദ് എന്നതിന്റെ ആശയം നടപ്പിലാക്കിയവന്‍ തന്റെ കുടുംബകാര്യങ്ങളുടെ ഭാരം നിമിത്തം കഷ്ടത്തിലാവുകയില്ല എന്നാണ് അതിലൊരു വചനത്തിന്റെ വിവക്ഷ. ചിലവാക്കുന്ന കാര്യത്തില്‍ സമനില പുലര്‍ത്തുക, ലുബ്ധതയോ, ധൂര്‍ത്തോ അല്ലാത്ത മദ്ധ്യമായ നില അവലംഭിക്കുക എന്നൊക്കെയാണ് ഇഖ്തിസ്വാദ് എന്നതിന്റെ അര്‍ത്ഥം.

സാമ്പത്തിക കാര്യത്തിലുള്ള ഉത്തമമായ ആസൂത്രണം എന്ന് 'ഇക്കോണമി' അഥവാ 'ഇഖ്തിസാദ്' എന്നതിനെ നമുക്ക് ചുരുക്കി നിര്‍വ്വചിക്കാം. ഒരു പൗരാണിക അറബി പറഞ്ഞു: നന്നായി കൈകാര്യം ചെയ്യുകയാണെങ്കില്‍ അല്‍പമായ ധനവും നിലനില്‍ക്കുന്നതാണ്. ക്രമക്കേടുണ്ടായാല്‍ അധികമായ ധനവും നശിച്ചുപോകുന്നതാണ്. ഈ മൊഴി വ്യക്തമാക്കുന്ന ആശയത്തെ വിശുദ്ധ ഖുര്‍ആന്‍ സുന്ദരമായ ശൈലിയില്‍ പ്രതിപാദിക്കുന്നത് കാണുക: 'ധനവ്യയം ചെയ്യുമ്പോള്‍ ധൂര്‍ത്തടിക്കുകയോ, ലുബ്ധത കാട്ടുകയോ ചെയ്യാതെ അവക്കിടയില്‍ സമനില പുലര്‍ത്തുന്നവരാണ് അവര്‍' (അല്‍ഫുര്‍ഖാന്‍: 67).

ധനം പ്രയോജനപ്പെടുത്താനുള്ള അവകാശം, വിതരണ മാര്‍ഗങ്ങള്‍, അമിതവ്യയ നിരോധനം എന്നിവ ഉള്‍ക്കൊള്ളുന്ന വേറെ പല സൂക്തങ്ങളും വിശുദ്ധ ഖുര്‍ആനിലുണ്ട്. ചിലത് കാണുക:

''നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്‌തോളൂ; അമിതമായിട്ട് പാടില്ല'' (7:31). ''അത് കായ്ച്ചാല്‍ നിങ്ങള്‍ അതിന്റെ  ഫലങ്ങളില്‍ നിന്നും ഭക്ഷിച്ചുകൊള്ളുക. അതിനെ കൊയ്‌തെടുക്കുന്ന ദിവസം അതിന്റെ അവകാശം കൊടുത്ത് വീട്ടുകയും ചെയ്യണം. അമിത വ്യയം ചെയ്യരുത്. അല്ലാഹു അമിത വ്യയം ചെയ്യുന്നവരെ ഇഷ്ടപ്പെടുന്നില്ല'' (അന്‍ആം: 141). ''ബന്ധുജനങ്ങള്‍ക്കും അഗതികള്‍ക്കും യാത്രക്കാര്‍ക്കും അവരുടെ അവകാശം കൊടുത്ത് വീട്ടുക, ധൂര്‍ത്ത് പാടില്ല'' (അസ്‌റാഅ്: 26).

''നിന്റെ കൈ കഴുത്തിലേക്കു ബന്ധിച്ച് വെക്കരുത്. അതിനെ വല്ലാതെല തുറന്നു വിടുകയും ചെയ്യരുത്. എങ്കില്‍ നീ ആക്ഷേപത്തിന്ന് വിധേയനും, ഖേദിച്ചവനും ആയിപ്പോകും'' (ഇസ്‌റാഅ്).

''വിശ്വാസികളെ, എടുത്ത് പറയുകയും, ദ്രോഹിക്കുകയും ചെയ്യുക വഴി നിങ്ങള്‍ ചെയ്ത ദാനധര്‍മങ്ങളെ (അവയുടെ പ്രതിഫലത്തെ) നിങ്ങള്‍ നശിപ്പിച്ച് കളയരുത്'' (അല്‍ബഖറ: 264).

ധനത്തില്‍ നിന്ന് യാതനകളനുഭവിക്കുന്ന വിഭാഗത്തിനുള്ള അവകാശം ഉറപ്പിക്കുക, ധര്‍മബോധത്തോടും സംതൃപ്തിയോടും കൂടി ധനികരില്‍ നിന്ന് അത് സംഭരിക്കുക, നിന്ദ്യപ്പെടുത്തലോ മന:ക്ലേശമുണ്ടാക്കുകയോ ചെയ്യാതെ അവകാശികളില്‍ അത് വിതരണം ചെയ്യുക തുടങ്ങിയ കൃത്യങ്ങളെല്ലാം സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാനാശയങ്ങളോട് അനുയോജ്യമായ വസ്തുതകളാണ്. ഈ കാര്യങ്ങളെല്ലാം സുന്ദരവും വ്യക്തവുമായി വിശുദ്ധ ഖുര്‍ആനും തിരുസുന്നത്തും നമ്മുടെ മുമ്പില്‍ അവതരിപ്പിച്ചിട്ടുണ്ട്. പൗരാണികവും ആധുനികവുമായ ഇതര സാമ്പത്തിക ചിന്തകളെക്കാള്‍ എത്രയോ മുമ്പുതന്നെ അവതരിച്ച ഇസ്‌ലാമിക സാമ്പത്തിക സംവിധാനം അവയെക്കാള്‍ എത്രയോ ഉത്തമവുമാണ്. വസ്തു നിഷ്ഠവും സുവിശദവുമായ പഠനം അക്കാര്യം വെളിപ്പെടുത്തുമെന്നതില്‍ സംശയമില്ല. ഇസ്‌ലാമിക സാമ്പത്തിക നിയമങ്ങളും അതിന്റെ പ്രത്യേകമായ സ്വഭാവവും പ്രയോഗികതയും വിശാലമായ പഠനത്തിന് വിധേയമാക്കുകയും വിശദീകരിക്കുകയും ചെയ്യേമ്ടത് ഇക്കാലത്ത് അത്യാവശ്യമാണെന്ന് ഇവിടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു.

ഭൗതിക ജീവിതത്തിന്റെ ജീവനാഡിയായിട്ടാണ് സമ്പത്തിനെ ആധുനിക ലോകം കണക്കാക്കുന്നത്. രാഷ്ട്രങ്ങളുടെ നിലനില്‍പ്പിന്നും, പുരോഗതിക്കും ആസ്പദമായിരിക്കുന്ന ഘടകങ്ങളില്‍ സമ്പത്ത് വലിയൊരു ഭാഗം വഹിക്കുന്നതാണ്. അതുകൊണ്ടുതന്നെ, ഓരോ രാഷ്ട്രവും അവരുടെ സാമ്പത്തിക ശേഷി ഉയര്‍ത്തിപ്പിടിക്കുവാന്‍ ശ്രമിക്കുന്നു. വരുമാനം വര്‍ദ്ധിക്കുവാനുള്ള എളുപ്പവഴികള്‍ കണ്ടുപിടിച്ചുകൊണ്ടും, ഉദ്പാദന മാദ്ധ്യമങ്ങള്‍ മെച്ചപ്പെടുത്തിക്കൊണ്ടും വിതരണക്രിയകള്‍ ക്രമീകരിച്ചുകൊണ്ടും ഈ രംഗത്ത് അവര്‍ സദാ യത്‌നിച്ചുകൊണ്ടിരിക്കുന്നു.

ഈ ആവശ്യത്തിന്നായി ചില രാഷ്ട്രങ്ങള്‍ സാഹചര്യമൊത്ത് കിട്ടിയാല്‍ ശക്തിയുടെ മാര്‍ഗം സ്വീകരിക്കുകയും ചെയ്യുന്നു. പതിനാറാം നൂറ്റാണ്ടിന്റെ പ്രാരംഭം മുതല്‍ ഇന്നേവരെയുള്ള ലോക രാഷ്ടരങ്ങളുടെ യുദ്ധ ചരിത്രം പഠിക്കുന്നവര്‍ക്ക് അക്കാര്യം എളുപ്പത്തില്‍ മനസ്സിലാവും. കച്ചവട കുത്തക നിലനിര്‍ത്തുവാനും, മേല്‍ക്കോയ്മകളായി വാണിടുവാനും ദുര്‍ബല രാഷ്ട്രങ്ങളുടെ സമ്പത്ത് പ്രബല രാഷ്ട്രങ്ങള്‍ക്ക് ഊറ്റിക്കുടിക്കുവാനും വേണ്ടി നടത്തിയ യുദ്ധങ്ങള്‍ ഒട്ടേറെയാണ്. ചെറുരാഷ്ട്രങ്ങളെ തമ്മില്‍ അടിപ്പിച്ചുകൊണ്ട് ആയുധങ്ങളും മറ്റും വിറ്റു വയര്‍ വീര്‍പ്പിക്കുവാന്‍ വന്‍ രാഷ്ട്രങ്ങള്‍ ചെയ്തുകൂട്ടുന്ന കളികള്‍ ഇന്ന് നടന്നുകൊണ്ടിരിക്കുന്നു. ഭൗതിക ജീവിതത്തിന്റെ ആധാരശില സമ്പത്താണ് എന്നതുകൊണ്ടാണ് ഇങ്ങനെയെല്ലാം നടക്കുന്നത്. മനുഷ്യജീവിതത്തിന്റെ സമ്പൂര്‍ണ വിജയത്തിന് വേണ്ടി നിലകൊള്ളുന്ന ഇസ്‌ലാം സാമ്പത്തിക കാര്യങ്ങള്‍ എങ്ങനെ സംവിധാനിച്ചുവെന്ന് പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.

സമ്പത്തിനെ സംബന്ധിച്ച് ഇസ്‌ലാമിക വിഭാവനക്ക് പല വിശേഷങ്ങളും ഉണ്ട്. ഇന്ന് കാണുന്ന സാമൂഹ്യ-രാഷ്ട്രീയ-സാമ്പത്തിക രൂപങ്ങളില്‍ നിന്ന് പലവിധത്തില്‍ അത് ഭിന്നമായിട്ടാണിരിക്കുന്നത്.

ഉദാഹരണത്തിന് പലിശയുടെ കാര്യം എടുക്കാം. ഇന്നത്തെ ആഗോള സാമ്പത്തിക സംവിധാനത്തില്‍ ഒഴിച്ചുകൂടാത്ത ഒരു ഘടകമായിട്ടാണ് പലിശ നിലകൊള്ളുന്നത്. പലിശരഹിതമായ ഒരു സാമ്പത്തിക വ്യവസ്ഥ ഇന്നുള്ള സാമ്പത്തിക ചിന്തകന്മാര്‍ക്ക് ഊഹിക്കുവാനേ സാധിക്കുന്നില്ല. ഇസ്‌ലാമാണെങ്കില്‍ പലിശയെ കഠിനമായി നിരോധിച്ചിരിക്കുകയാണ്. പലിശയില്ലാത്ത ഒരു സമ്പത്ത്ഘടനയില്‍കൂടി മാത്രമേ നീതിപൂര്‍വ്വമായ മനുഷ്യജീവിതം നിലനില്‍ക്കുകയുള്ളൂ എന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. സാര്‍വ്വത്രികമായും ഇസ്‌ലാമികാടിസ്ഥാനത്തിലുള്ള ഒരു ജീവിത വ്യവസ്ഥ ഇക്കാര്യം പ്രയോഗവത്കരിച്ചുതരികയും ചെയ്യും. മനുഷ്യരിലെ സല്‍സ്വഭാവ മൂല്യങ്ങളെ സജീവമാക്കി അതില്‍കൂടി പടുത്തുയര്‍ത്തിയ ഒരു സാമൂഹ്യ സൗധമാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. പരസ്പര സഹായം, പരസ്പര വിശ്വാസം, ഗുണകാംക്ഷ, സ്‌നേഹം, സാഹോദര്യം എന്നിങ്ങനെയുള്ള വിശിഷ്ട ഗുണങ്ങളുടെ കണ്ണികളാല്‍ ബന്ധിതമായിരിക്കുന്ന ഒരു സാമൂഹ്യ ക്രമത്തില്‍ പലിശക്ക് യാതൊരു സ്ഥാനവുമുണ്ടായിരിക്കുകയില്ല എന്നത് സുവിതിദമത്രെ.

ഈ സമുന്നത-സുമോഹന ഘടനയും ഇന്ന് ലോകത്ത് നിലനില്‍ക്കുന്ന ഘടനകളും എത്രയോ വ്യത്യസ്തമാണ്. സങ്കുചിതബോധം ഇന്നും മനുഷ്യരില്‍ കുടികൊള്ളുകയാണ്. വ്യക്തി താത്പര്യം, വര്‍ഗതാത്പര്യം, രാഷ്ട്രതാത്പര്യം എന്നീ ദുര്‍ഗുണങ്ങളില്‍ അധിഷ്ഠതമായ സമ്പത്ത് വ്യവസ്ഥയും സാമൂഹ്യ വ്യവസ്ഥയുമാണ് ഇന്ന് നിലവിലുള്ളത്. ദേശീയവാദവും, ഭാഷീയവാദവും, വര്‍ഗ്ഗീയവാദവുമെല്ലാം ഇതിന്റെ സന്തതികളാണ്.

ദേശം, വര്‍ണം, വര്‍ഗം തുടങ്ങിയ വിഭാഗീയ താത്പര്യങ്ങളുടെയും പരസ്പര ചൂഷണത്തിന്റെയും അടിസ്ഥാനത്തില്‍ നിലനിര്‍ത്തിയിരിക്കുന്ന സാമൂഹ്യ വ്യവസ്ഥകളില്‍ പലിശക്കുള്ള സ്ഥാനം വലുത് തന്നെ. പക്ഷെ, ഇസ്‌ലാം വിഭാവനം ചെയ്യുന്നത് ഇവയില്‍ നിന്നൊക്കെ അതീതമായ, വിശാലമായ ഒരു മാനുഷിക ക്ഷേമ വ്യവസ്ഥയാണ്. അതില്‍ പലിശക്ക് സ്ഥാനമില്ല.

''സര്‍വ്വലോകരിലും കരുണയായിട്ടല്ലാതെ അങ്ങയെ അയച്ചിട്ടില്ല'' (21:107). കാരുണ്യ ശൃംഖലകളാല്‍ സംഘടിതമായിരിക്കുന്ന ഒരു ജീവിത രീതിയില്‍ പലിശക്ക് ഇടമുണ്ടാവില്ലെത് സ്വാഭാവികമത്രെ.

സാമ്പത്തിക പ്രശ്‌നം ഭൂമുഖത്ത് ജീവിക്കുന്ന മനുഷ്യരുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. എണ്ണം പെരുകി വരുന്തോറും വര്‍ദ്ധനവിന്റെ തോതും വേഗവും കൂടിവരികയും ചെയ്യുന്നു. ഈ വര്‍ദ്ധനവിന് വല്ല അറ്റവുമുണ്ടോ? യാതൊരു അറ്റവും കാണുന്നില്ല! അതേസമയം, മനുഷ്യജീവിതത്തിന്ന് ആവശ്യമായ ഭക്ഷണം, പാര്‍പ്പിടം തുടങ്ങിയ കാര്യങ്ങള്‍ ഭൂമിയില്‍ നിന്നാണ് ലഭിക്കുന്നത്. ഭൂമിയാണെങ്കിലോ പരിമിതമാണ്. അത് വളര്‍ന്നുകൊണ്ടിരിക്കുന്നില്ല. അതിലെ വിഭവങ്ങളുടെ വളര്‍ച്ചക്ക് ശാസ്ത്രവും, സാങ്കേതിക ജ്ഞാനങ്ങളും, വികാസവും ശീഘ്രതയും എല്ലാമുണ്ടെങ്കിലും അത് ഒരു അതിര് വരെ മാത്രമേ സാധ്യമാവുന്നുള്ളൂ. അതിരില്ലാതെ വികസിച്ചുകൊണ്ടിരിക്കുന്ന മനുഷ്യവര്‍ഗത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ത്തീകരിച്ചുകൊടുക്കുവാന്‍ അതിരുകളിലൊതുങ്ങി നില്‍ക്കുന്ന ഭൂവിഭവങ്ങള്‍ക്ക് ആവുന്നില്ല. ഇതൊരു പ്രശ്‌നമല്ലേ? ഇതാണ് സാമ്പത്തിക പ്രശ്‌നം. ഇതിന്ന് പരിഹാരം കണ്ടെത്തുവാന്‍ വേണ്ടിയാണ് സാമ്പത്തിക ശാസ്ത്രം  നിലവില്‍ വന്നിരിക്കുന്നത്. പക്ഷേ, ഒടുവില്‍ എത്തിച്ചേര്‍ന്നിരിക്കുന്ന പരിഹാര മാര്‍ഗം ഏതെന്ന് അറിയുമോ? സന്താന നിയന്ത്രണം അഥവാ കുടുംബാസൂത്രണം! ശാസ്ത്ര സാങ്കേതിക വിദ്യ കൊണ്ട് ഭൂവിഭവങ്ങള്‍ എത്രതന്നെ വികസിച്ചാലും മനുഷ്യരുടെ എണ്ണത്തിലുള്ള വര്‍ദ്ധനയെ നേരിടാനുള്ള യോഗ്യത അതിന്നുണ്ടാവുകയില്ലെന്ന് സ്വയം സമ്മതിക്കല്‍! ചുരുക്കിപ്പറഞ്ഞാല്‍, സാമ്പത്തിക ശാസ്ത്രം ഒടുവില്‍ അതിന്റെ പരാജയം സമ്മതിക്കുന്നിടത്തേക്കാണ് എത്തിയിരിക്കുന്നത്! ശാസ്ത്രലേകത്ത് ഒരു നവജാത ശിശുവാണ് സാമ്പത്തിക ശാസ്ത്രം എന്ന് പറയാറുണ്ട് (ഇസ്ലാമിക വീക്ഷണത്തിലല്ല) എങ്കില്‍ നവജാത ശിശു ശൈശവത്തില്‍ തന്നെ മുരടിച്ചു പോയോ? ഓ, കഷ്ടം തന്നെ.

ഇനി നമുക്ക് ഇസ്‌ലാമിന്ന് ഈ രംഗത്തിലുള്ള വിഭാവന എന്തെന്ന് നോക്കാം.

പരിമിതം മനുഷ്യന്‍ ഭൂലോകത്ത് ജീവിക്കുന്നവനാണ്. എന്നാല്‍ ഭൂലോകത്ത് എന്നെന്നും ജീവിക്കാനുള്ള വിധി മനുഷ്യവര്‍ഗത്തിനുണ്ടോ? ഇല്ലെന്ന് ഇസ്‌ലാം തീര്‍ത്തു പറയുന്നു. വിശുദ്ധ ഖുര്‍ആനില്‍ കാണാം:

''നിങ്ങള്‍ ഇറങ്ങി കൊള്ളുക, നിങ്ങളില്‍ച്ചിലര്‍ ചിലരുടെ ശത്രുക്കളാണ് എന്ന് നാം പറഞ്ഞു. നിങ്ങള്‍ക്ക് ഭൂമിയില്‍ ഒരു നിശ്ചിത കാലം വരെ താമസസ്ഥലവും, ജീവനാംശവുമുണ്ട്'' (2:36).

ആദ്യമനുഷ്യനെ ഭൂമിയിലേക്കിറക്കുമ്പോള്‍ നല്‍കിയ ശാസനയും അറിയിപ്പുമാണ് മേലുദ്ധരിച്ച ഖുര്‍ആന്‍ വാക്യമെന്ന കാര്യം ഓര്‍ക്കണം.

മനുഷ്യരുടെ ജീവിതകാലം എത്രതന്നെ ദീര്‍ഘിച്ചതായാലും അത് അനശ്വരമല്ലെന്ന് ഇസ്‌ലാം സിദ്ധാന്തിക്കുന്നു. പരിമിതമായ കാലയളവാണ് മനുഷ്യ ജീവിതത്തിന്ന് ഭൂമുഖത്തുള്ളത്. ഭൂമിയുടെ ചരിത്രം പറയുന്ന ശാസ്ത്രവും ഇക്കാര്യം സമ്മതിക്കുന്നു. ഭൂമുഖത്ത് നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന മറ്റങ്ങള്‍ മനുഷ്യജീവിതത്തിന്ന് സാധ്യമാകാത്ത ഒരവസ്ഥയിലേക്ക് ഭൂമിയെ എത്തിക്കുമെന്ന് ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുണ്ട്.

ജീവിതത്തിനാവശ്യമായ നിദാന വസ്തുക്കള്‍ മനുഷ്യന്‍ ഭൂമുഖത്ത് ജീവിക്കുന്ന കാലത്തോളം അവര്‍ക്കാവശ്യമായ ജീവനാംശങ്ങള്‍ ഭൂമിയുടെയും മനുഷ്യരുടെയും സൃഷ്ടികര്‍ത്താവായ ആല്ലാഹു ഒരുക്കി വെച്ചിട്ടുണ്ട് എന്നാണ് ഇസ്‌ലാം വിഭാവനം ചെയ്യുന്നത്. ഈ നിദാന വസ്തുക്കളെ കണ്ടെടുക്കുന്നതിലും അവ വിതരണം ചെയ്യുന്നതിലും മനുഷ്യര്‍ കാട്ടുന്ന തെറ്റുകളാണ് കുഴപ്പങ്ങള്‍ സൃഷ്ടിക്കുന്നത്. മനുഷ്യര്‍ സ്വന്തമായി കണ്ടുപിടിച്ച മാര്‍ഗങ്ങളില്‍ കൂടി ചരിച്ചുകൊണ്ടിരിക്കുന്ന കാലത്തെല്ലാം ഈ കുഴപ്പങ്ങള്‍  അവസാനിക്കുകയുമില്ല. ഭൂമിയെയും അതിന്റെ വിഭവ ശേഷിയെയും സൃഷ്ടിച്ച കര്‍ത്താവ് തന്നെ അവയുടെ പ്രയോജന വല്‍ക്കരണത്തിന്റെ മാര്‍ഗവും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആ മാര്‍ഗത്തില്‍കൂടി നീങ്ങിയാല്‍ കുഴപ്പങ്ങളെല്ലാം അവസാനിക്കും.

മനുഷ്യ ജീവിതത്തിനാവശ്യമായ സൗകര്യങ്ങളും ജീവനാംശങ്ങളും ഒരുക്കിവെച്ചിട്ടുണ്ട് എന്നു വിവരിക്കുന്ന ഖുര്‍ആന്‍ സൂക്തങ്ങള്‍ ഒട്ടേറെയുണ്ട്. അവയില്‍ ചിലത് താഴെ ഉദ്ധരിക്കാം: ''അല്ലാഹു ജീവിതാവശ്യങ്ങള്‍ (രിസ്ഖ്) ഒരുക്കിവെച്ചിട്ടല്ലാതെ ഭൂമിയില്‍ ഒരൊറ്റ ജീവിയുമില്ല'' (ഹൂദ്).

''അതാതിന്റെ ജീവനാംശങ്ങള്‍ പേറിനടക്കാത്ത എത്രയെത്ര ജീവികളണുള്ളത്! അല്ലാഹു അവക്കും നിങ്ങള്‍ക്കും ജീവിതാവശ്യങ്ങള്‍ ഒരുക്കിത്തന്നു'' (അന്‍കബൂത്ത്: 60). ഭൂമിയെ മനുഷ്യ വാസത്തിന് വേണ്ടി ഉറപ്പിക്കുകയും പാകപ്പെടുത്തുകയും ചെയ്ത സംഗതികള്‍ വിവരിച്ചുകൊണ്ട് അല്ലാഹു പറയുന്നു: ''അതിനു മീതെ ആണികള്‍ (പര്‍വ്വതങ്ങള്‍) വെച്ചുകൊടുക്കുകയും അതില്‍ സമൃദ്ധി (ബര്‍ക്കത്ത്) ഉണ്ടാക്കുകയും നാലുദിവസങ്ങളിലായി (ഘട്ടംഘട്ടങ്ങളായി) ആവശ്യക്കാരുടെ ആവശ്യത്തിനൊത്തുകൊണ്ട് അതില്‍ ആഹാര പദാര്‍ത്ഥങ്ങള്‍ സംവിധാനിക്കുകയും ചെയ്തിരിക്കുന്നു.'' (41-10).

''ഭൂമിയെ നാം നീട്ടി (പാകപ്പെടുത്തുകയും) അതില്‍ ആണികളിട്ട് ഉറപ്പിക്കുകയും ചെയ്തു. കൃത്യമായി കണക്കാക്കിയ സര്‍വ്വ വസ്തുക്കളെയും അതില്‍ വളര്‍ത്തിയെടുത്തു. നിങ്ങള്‍ക്കുള്ള ജീവനാംശങ്ങള്‍ അതില്‍ നാം ഒരുക്കിവെക്കുകയും ചെയ്തു. നിങ്ങള്‍ ജീവനാംശങ്ങള്‍ നല്‍കിക്കൊണ്ടിരിക്കാത്തവര്‍ക്കും (നാം അവ ഒരുക്കികൊടുത്തിരിക്കുന്നു.) നമ്മുടെ അടുത്ത് ശേഖരങ്ങള്‍ ഇല്ലാത്ത യാതൊരു വസ്തുവുമില്ല. എന്നാല്‍ നിശ്ചിത അളവുകളിലല്ലാതെ അതിനെ നാം ഇറക്കുന്നില്ല'' (15:19,20,21).

''ഭൂമിയെ നിങ്ങള്‍ക്ക് അധീനമാക്കിത്തന്നവനാണ് അവന്‍ (അല്ലാഹു). അതിന്റെ മുതുകുകളില്‍ കൂടി നിങ്ങള്‍ നടക്കുകയും അതിലെ ആഹാരങ്ങള്‍ തിന്നുകയും ചെയ്തുകൊള്ളുക. അവങ്കലേക്കത്രെ ഉയിര്‍ത്തെഴുന്നേല്‍പ്പ്'' (അല്‍മുല്‍ക്ക്:15).

ഇതില്‍ നിന്നെല്ലാം എന്താണ് മനസിലാവുന്നത് മനുഷ്യരുടെ ഐഹിക ജീവിതത്തിന്ന് വേണ്ടി ഭൂമിയെ അല്ലാഹു പാകപ്പെടുത്തി. അവരുടെ ജീവിതകാലം ഏത്രയാണെന്നും ആ കാലത്ത് എന്തൊക്കെ അവര്‍ക്ക് ആവശ്യമാണെന്നും അല്ലാഹുവിന്ന് അറിയും. അതൊക്കെ നല്‍കുവാന്‍ കഴിയുന്ന പാകത്തിലാണ് ഭൂമിയെയും അതിനോട് ബന്ധപ്പെട്ടതിനെയും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നത്. അതൊക്കെ കണ്ടുപിടിക്കുവാനും അദ്ധ്വാനം വഴി നേടിയെടുക്കുവാനും സാധിക്കുന്ന വിധം മനുഷ്യരെയും അല്ലാഹു പാകപ്പെടുത്തിയിരിക്കുന്നു. അവര്‍ക്ക് ബുദ്ധിയും സാങ്കേതിക വിജ്ഞാനവും കൊടുത്തു. പുതിയ പുതിയ ഉപകരണങ്ങളും പലതരത്തിലുള്ള വിത്തുകളും പലതരം വളങ്ങളും കണ്ടുപിടിച്ചു. ഉത്പന്നങ്ങള്‍ ഇരട്ടിക്കിരട്ടിയാക്കുവാന്‍ സാധിക്കുന്ന ഇക്കാലത്ത് ചില രാഷ്ട്രങ്ങള്‍ വിലനിലവാരം താഴുന്നുപോകാതിരിക്കാന്‍ വേണ്ടി ഭക്ഷ്യധാന്യങ്ങള്‍ ആയിരക്കണക്കായ ടണ്ണുകള്‍ നശിപ്പിച്ചു കളഞ്ഞതായി കേട്ടിട്ടുണ്ട്. തെറ്റായ സാമൂഹ്യ വ്യവസ്ഥയുടെയും തെറ്റായ വിതരണക്രമത്തിന്റെയും ദുഷ്ഫലമാണത്. ഭൂമിയില്‍ ഇനിയും എത്രയോ പാഴ്‌നിലങ്ങളുണ്ട്. മനുഷ്യബുദ്ധികള്‍ ഇനിയും എത്രയോ വികസിക്കുവാനുണ്ട്. ഭൂമിയുടെ വിഭവശേഷി അപാരമാണ്. അല്ലാഹു പറയുന്നു: 'എന്റെ സത്യവിശ്വാസികളായ അടിമകളെ, എന്റെ ഭൂമി വിശാലമാണ്, അതിനാല്‍ എനിക്ക് നിങ്ങള്‍ ആരാധന ചെയ്യുക' (അന്‍കബൂത്ത്: 56).

ഏകതാ വീക്ഷണമാണ് ഇസ്‌ലാമിനുള്ളത്. മനുഷ്യരാശിയുടെ ഒട്ടാകെയുള്ള ക്ഷേമമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ഭൂമുഖത്ത് വിളയിക്കപ്പെടുന്ന വിഭവങ്ങള്‍ ഭൂവാസികളായ മനുഷ്യരിലെല്ലാം വിതരണം ചെയ്യപ്പെടണം. അതിനുള്ള സാഹചര്യമുണ്ടാക്കണം. ഇതാണ് ഇസ്‌ലാമിന്റെ വീക്ഷണം. എന്നാല്‍, ഇന്നു മനുഷ്യന്‍  ഭൂമിയെ രാഷ്ട്രങ്ങളായും ദേശങ്ങളായും വിഭജിച്ചു. മാത്രമല്ല ഓരോ ദേശത്തിന്നും അതാതിന്റെ താത്പര്യങ്ങള്‍ വേര്‍തിരിച്ച് നിറുത്തി. ഓരോ ദേശവും അതാതിന്റെ താത്പര്യങ്ങള്‍ വച്ചുകൊണ്ടു മാത്രമേ അന്യദേശത്തെ കാണുകയുള്ളൂ. അതാത് ദേശത്തിന്റെ താത്പര്യത്തിന് വേണ്ടി ഇതര ദേശത്തെ ഉപയോഗപ്പെടുത്തുവാന്‍ ശ്രമിക്കുകയും ചെയ്യുന്നു. ഇതര ദേശത്തുള്ളവര്‍ക്ക് ഗുണമോ ദോഷമോ എന്തുമായിക്കൊള്ളട്ടെ അതില്‍ ഈ ദേശത്തിന്ന് യാതൊരു താത്പര്യമില്ല. പ്രത്യുത, തങ്ങളുടെ പുരോഗതിക്ക് ആവശ്യമായതെന്താണ് എന്നതു മാത്രമാണ് ഓരോ രാഷ്ട്രവും നോക്കിക്കൊണ്ടിരിക്കുന്നത്. ഇക്കാരണത്താല്‍, ഒരു സ്ഥലത്ത് ആഹാരാദി സാധനങ്ങള്‍ കുന്നുകൂടിയാലും മറ്റൊരു സ്ഥലത്ത് പട്ടിണി മരണങ്ങള്‍ സംഭവിക്കുന്ന തെറ്റായ രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയാണ് ഇതിനുത്തരവാദി. ഇസ്‌ലാമിന്റെ വീക്ഷണം ഈ ക്രമത്തിലല്ല. 'ദീന്‍ (സര്‍വ്വരോടും) ഗുണകാംക്ഷ'യാണ് എന്നാണ് റസൂല്‍(സ്വ) പറഞ്ഞിരിക്കുന്നത്. എല്ലാവരുടെയും ക്ഷേമമാണ് ഇസ്‌ലാമിന്റെ ലക്ഷ്യം. ദേശത്തിന്റെ അടിസ്ഥാനത്തിലോ ഭാഷയുടെ അടിസ്ഥാനത്തിലോ മനുഷ്യരെ വിഭജിക്കാന്‍ ഇസ്‌ലാം കല്‍പിച്ചിട്ടില്ല. മാത്രമല്ല അവയൊക്കെ തകര്‍ക്കുകയാണ് ഇസ്‌ലാം ചെയ്യുന്നത്.

'ഓ മനുഷ്യരെ, നിങ്ങളെ നാം ഒരു പുരുഷനില്‍ നിന്നും ഒരു സ്ത്രീയില്‍ നിന്നും സൃഷ്ടിച്ചു. നിങ്ങളെ നാം വിവിധ വിഭാഗക്കാരും ഗോത്രങ്ങളുമായി തരം തിരിച്ചത് നിങ്ങള്‍ പരസ്പരം തിരിച്ചറിയുവാന്‍ വേണ്ടിയാണ്. നിങ്ങളില്‍ നിന്ന് അല്ലാഹുവിന്റെയടുക്കല്‍ ഉത്തമന്‍ നിങ്ങളില്‍ കൂടുതല്‍ ഭക്തിയുള്ളവരത്രെ' (49:13).

ഇതാണ് ഇസ്‌ലാമിന്റെ വിശാല വീക്ഷണം. ഈ വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ വേണം മനുഷ്യരാശിക്ക് വേണ്ടിയുള്ള സാമ്പത്തിക വ്യവസ്ഥ തയ്യാറാക്കേണ്ടത്. ഈ രംഗത്ത് ഇക്കാലത്ത് (എക്കാലത്തും) കാണുന്ന കഷ്ടതകള്‍ക്ക് കാരണം മനുഷ്യരുടെ സങ്കുചിതമായ ചിന്താകഗതിയാണ്. മറ്റൊരു കാര്യവുംകൂടി ഇവിടെ ചൂണ്ടിക്കാണിക്കുവാന്‍ ആഗ്രഹിക്കുന്നു. ജീവിതത്തിനാവശ്യമായ വസ്തുക്കളെല്ലാം ഭൂമിയില്‍ ഒരുക്കിയിരിക്കുന്നു എന്ന് പറഞ്ഞുവല്ലോ. അതുപോലെ ഭൂമിയിലുള്ളതെല്ലാം മനുഷ്യരുടെ ഗുണത്തിന് വേണ്ടിയാണെന്നും അല്ലാഹു പറയുന്നു.

''ഭൂമിയിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചു തന്നിരിക്കുകയാണ് അല്ലാഹു'' (2:29). ''ഭൂമിയില്‍ നിങ്ങള്‍ക്ക് നാം സ്ഥാനം ഉറപ്പിച്ച് തരികയും നിങ്ങളുടെ ജീവിതാവശ്യങ്ങള്‍ അതില്‍ ഉണ്ടാക്കിത്തരികയും ചെയ്തിരിക്കുന്നു'' (അല്‍അഅ്‌റാഫ് :18).

ഭൂമിയില്‍ നിന്ന് അതിന്റെ വിഭവങ്ങള്‍ നേടിയെടുക്കുവാന്‍ സാധിക്കുന്ന വിധം അതിനെ മനുഷ്യര്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു അതിന്റെ സ്രഷ്ടാവ്. എന്നാല്‍ ഇതു മാത്രമല്ല വിശുദ്ധ ഖുര്‍ആനില്‍ കൂടി അല്ലാഹു അറിയിക്കുന്നത്. ഭൂമിക്ക് പുറമെ ആകാശ ഗോളങ്ങള്‍ പോലും മനുഷ്യര്‍ക്ക് അധീനമാക്കിക്കൊടുത്തിരിക്കുന്നു എന്നുകൂടി അല്ലാഹു അറിയിക്കുന്നു. ഭൂമി ഒറ്റപ്പെട്ട ഒരു ഗ്രഹമല്ല, പരസ്പര ബന്ധിതമായ ഒട്ടേറെ ഗോളങ്ങളുടെ കൂട്ടത്തില്‍ ഒന്നുമാത്രമാണ് ഭൂമി. സൗരയൂഥത്തില്‍ തന്നെ പല ഗ്രഹങ്ങളുണ്ട്. സൂര്യനോടൊപ്പമുള്ള അതിന്റെ ഗ്രഹങ്ങളുടെ കൂട്ടത്തില്‍ ഭൂമി അതിന്റെ ജോലി നോക്കുന്നു. അവ ഓരോന്നും മറ്റേതില്‍ ഓരോ തരത്തില്‍ പ്രതികരണങ്ങളുണ്ടാക്കുന്നു. ഭൂമിയും ചന്ദ്രനും, സൂര്യനും തമ്മിലുള്ള ബന്ധങ്ങളുടെ ഫലമായി സമുദ്രത്തിലും പുഴയിലും വേലിയേറ്റവും വേലിയിറക്കവുമുണ്ടാകുന്നത് നമുക്ക് പ്രത്യക്ഷത്തില്‍ തന്നെ കാണാന്‍ സാധിക്കുന്ന പ്രതിഭാസമാണ്. ഇതിന് പുറമെ മറ്റനേകം പ്രതികരണങ്ങള്‍ വേറെയുമുണ്ട്. ഭൂമിയെ വിഭവസജ്ജമാക്കുന്നതില്‍ ഇവയ്ക്കും സ്വാധീനമുണ്ട്. മനുഷ്യരുടെ ഭൂവാസം പൂര്‍ത്തീകരിക്കുന്നതിന്ന് ഒറ്റപ്പെട്ട ഒരു ഭൂമി മാത്രം പോരാ എന്നാണ് ഇതില്‍ നിന്ന് ഗ്രഹിക്കേണ്ടത്. ഈ വീക്ഷണത്തിലേക്ക് വെളിച്ചം വീശിക്കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് കാണുക: 'രാത്രിയെയും പകലിനെയും സൂര്യനെയും ചന്ദ്രനെയും അവന്‍ നിങ്ങള്‍ക്ക് അധീനപ്പെടുത്തി തന്നിരിക്കുന്നു' (അന്നഹല്‍ : 12). ജീവിതാവശ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതില്‍ മനുഷ്യരുടെ നോട്ടം ആകാശത്തിലേക്കുകൂടി തട്ടിത്തിരിക്കുന്ന 'ആശയം' ലോകത്തില്‍ ആദ്യമായി അവതരിപ്പിച്ചത് ഇസ്‌ലാമാണെന്ന കാര്യം ശ്രദ്ധേയമാണ്. ഈ നോട്ടത്തിന്റെ വികാസം ഏതുവരെയെത്തുമെന്ന് കാണാനിരിക്കുന്ന കഥയത്രെ. സൂര്യനെയും ചന്ദ്രനെയും മാത്രമല്ല ആകാശത്തിലെ മറ്റു വസ്തുക്കളെയും മനുഷ്യര്‍ക്കധീനമാക്കിത്തന്നിരിക്കുന്നുവെന്ന് ഖൂര്‍ആന്‍ പറയുന്നു: 'അവന്‍ ആകാശങ്ങളിലും ഭൂമിയിലുമുള്ള എല്ലാ വസ്തുക്കളെയും നിങ്ങള്‍ക്ക് ആധീനമാക്കിത്തന്നിരിക്കുന്നു' (അല്‍ ജാസിയ:13).

ലോകബുദ്ധിയെ ഞെട്ടിത്തരിപ്പിക്കുന്ന ഒരു പ്രസ്താവനയാണ് ഇത് എന്ന കാര്യം ഇന്നത്തെയാളുകള്‍ കണക്കിലെടുക്കുന്നില്ല. മനുഷ്യര്‍ക്ക് ഇനിയും അതിവിദൂരം സഞ്ചരിക്കേണ്ടതുണ്ട്.

മനുഷ്യജീവിത ഗുണത്തിന്ന് വേണ്ടി അല്ലാഹു സജ്ജമാക്കിവെച്ചിരിക്കുന്ന ലോകത്തിന്റെ വിശാലതയാണ് നാം കണ്ടിരിക്കുന്നത്. ഇതിനെ പ്രയോജനപ്പെടുത്താന്‍ മനുഷ്യര്‍ തയ്യാറായിരിക്കണം. സന്താന നിയന്ത്രണമോ ആത്മ ആഹുതിയോ ജീവിത പ്രശ്‌നത്തിന് പരിഹാരമല്ല. അല്ലാഹു പറയുന്ന് നോക്കുക: 'ദാരിദ്ര്യം ഭയന്നുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ സന്താനങ്ങളെ വധിച്ചുകളയരുത്. അവര്‍ക്കും നിങ്ങള്‍ക്കും ജീവിതാവശ്യങ്ങള്‍ നല്‍കുന്നത് നാമാണ് (ഇസ്‌റാഅ്: 31).

 

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter