ദാരിദ്ര്യനിര്‍മാര്‍ജനം: ഇസ്‌ലാമിക സാമ്പത്തിക അച്ചടക്കവും

ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന് ഇസ്‌ലാമിന്റെ സാമൂഹ്യ നടപടിക്രമങ്ങളും സാമ്പത്തിക അച്ചടക്ക പരിപാലനങ്ങളും ഏറെ പ്രസക്തവും പ്രായോഗികവുമാണ്. സമൂഹം നേരിടുന്ന പ്രശ്‌നം വസ്തുക്കളുടെയും ഉല്‍പന്നങ്ങളുടെയും അപര്യാപ്തതയല്ല, അവയുടെ വിതരണത്തിലെ ക്രമക്കേടുകളും അക്രമങ്ങളുമാണ്. സമൂഹത്തിലെ നാനാതുറകളിലെ ജനങ്ങള്‍ക്കും സാമ്പത്തികമായ ഭദ്രതയും  പര്യാപ്തതയും കൈവരുന്നതിന് ന്യായമായ കൈമാറ്റങ്ങളിലൂടെ ഓരോ വ്യക്തിക്കിടയിലും സമ്പത്ത് സന്തുലിതമായി ക്രമീകരിക്കപ്പെടേണ്ടതുണ്ട്. ഈ സാമ്പത്തിക നിലവാര ക്രമീകരണത്തിനുള്ള ന്യായവും പ്രായോഗികവുമായ മാര്‍ഗനിര്‍ദ്ദേശം ഇസ്‌ലാം സകാത്തിലൂടെ നിര്‍വ്വഹിക്കുന്നു.
ലോക രാഷ്ട്രങ്ങളിലൊക്കെയും ധനം കുന്നുകൂടി കിടക്കുന്നുണ്ട്. സമൂഹത്തിലെ ഉപരിവര്‍ഗത്തിലാണ് ഈ സാമ്പത്തിക ക്രമീകരണവും ആസ്വാദനവും പാവപ്പെട്ടവരെ ചൂഷണത്തിനിരയാക്കുന്നത് . സാമ്പത്തിക അധീശത്വം നിലനിര്‍ത്തുന്ന മേലാളന്‍മാര്‍ അന്യായമായും പാവങ്ങളുടെ വിഹിതത്തില്‍ പിടിച്ചു നില്‍ക്കുമ്പോള്‍ സാമ്പത്തിക ചൂഷണോപാധികളായി മാറുന്നതാണ് ആധുനിക ക്രയവിക്രയ സ്ഥാപനങ്ങളൊക്കെയും. സമൂഹസമ്പത്തില്‍ ഏകാധിപത്യത്തോടെ  കയ്യേറ്റം നടത്തുന്നത്  സമാധാനപരമായ ഹിംസയാണ്. ഇത്തരം ചൂഷണങ്ങളെയും സാമൂഹ്യ ഹിംസയെയും തടയിടുംവിധത്തില്‍ പൊതു സമ്പത്തില്‍ പാവങ്ങള്‍ക്കും വിഹിതം നിര്‍ണ്ണയിച്ച് സാമൂഹ്യഘടന ഭദ്രമാക്കുന്നു ഇസ്‌ലാമിലെ സകാത്ത്.
സമ്പന്നവര്‍ഗം താഴ്ന്ന വിഭാഗത്തെ  സാമ്പത്തികമായി  സഹായിക്കണമെന്നത് സാമൂഹ്യ ബാധ്യതയാക്കി  ദാരിദ്ര്യത്തെ  പ്രായോഗികമായി  നേരിടലാണ് സകാത്തിലൂടെ സാധ്യമാവുന്നത്.
സമ്പന്നന്റെ മുതലില്‍ പാവപ്പെട്ടവന് അവകാശമുണ്ടെന്നും അവന് അര്‍ഹമായത്  കൊടുത്തു വീട്ടാത്തവന്‍  കുറ്റവാളിയുമാണെന്ന് ഇസ്‌ലാം പ്രഖ്യാപിക്കുന്നു. സകാത്തിലൂടെ രാഷ്ട്രത്തിലും സമൂഹത്തിലും യഥാവിധി  സാമഗ്രികളുടെ ന്യായമായ വിതരണവും പരിപാലനവും സാധിക്കുമ്പോള്‍ വസ്തുക്കളുടെ അപര്യാപ്തതയിലും ദുര്‍ഭിക്ഷതയിലും പാവപ്പെട്ടവന്‍  കഷ്ടപ്പെടേണ്ടിവരില്ല തന്നെ. സമ്പത്തിനുമേല്‍ ഓരോ  വ്യക്തികളുടെയും ഉടമാവകാശം അവന്റെ ആവശ്യങ്ങള്‍ക്ക് ഉതകുംവിധത്തിലുള്ളതാണ്. അതിനപ്പുറം ഉടമപ്പെടുത്തുന്നവയില്‍ ദരിദ്രനും പാവപ്പെട്ടവനും മറ്റു ദുര്‍ബലര്‍ക്കും അവകരാശമുണ്ടെന്നാണ് ഇസ്‌ലാമിലെ  സകാത്തിന്റെ ന്യായവശം. സമ്പന്നതയെക്കുറിച്ചും ധനികന്റെ ബാധ്യതകളെ കുറിച്ചുമുള്ള ഇസ്‌ലാമിക ധാരകള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതാണ്.
സകാത്തിടപാടുകള്‍ക്ക് സാമ്പത്തിക സന്തുലിതത്വം വളര്‍ത്താന്‍ സാധിക്കുമെന്നതില്‍ സംശയമില്ല. ഇന്നു നാം കാണുന്നത് ധനം കുന്നുകൂടിക്കിടക്കുന്നത് സമൂഹത്തിലെ  ഉപരിവര്‍ഗത്തില്‍ മാത്രമാണെന്നതാണ്. നിര്‍ധനരെയും ദരിദ്രരെയും സംരക്ഷിക്കുകയും അവകാശങ്ങള്‍ നല്‍കി അവരുടെ നിലനില്‍പ്പിനെതിരെയുള്ള ഭീഷണികളെ  തടഞ്ഞു നിര്‍ത്തുകയും  ചെയ്യുക എന്നത്  സാമൂഹ്യബാധ്യതയായി ധനികനെ  അംഗീകരിപ്പിക്കുകയാണ് ഇസ്‌ലാം. ഇങ്ങനെ സാമൂഹ്യ ക്രമത്തില്‍ സാമ്പത്തിക  സഹകരണവും പരസ്പര ധാരണയും നിലനില്‍ക്കുമ്പോള്‍ ദാരിദ്ര്യത്തെ തടുത്ത്‌നിര്‍ത്താനാവുമെന്നത് പ്രകടമായ സത്യമാണ്.
ഉല്‍പന്നങ്ങളുടെ ഉടമാവകാശം മാറുന്നതുകൊണ്ട് മാത്രം പ്രശ്‌നം തീരുന്നില്ല. സാമ്പത്തികമായ ഒഴുക്കുകള്‍ നിലക്കുന്നിടത്താണ് ദാരിദ്ര്യം ഉടലെടുക്കുന്നത്. ഇതിനെതിരെ പ്രതിരോധമായി അവകാശ ബാധ്യത നയങ്ങളും സകാത്തും രംഗത്തുവരുമ്പോള്‍ സാമ്പത്തിക സമത്വം കൈവരുന്നു എന്നാലും സമൂഹത്തില്‍ പരിഹരിക്കപ്പെടാതെ കിടക്കുന്ന സഹകരണ പ്രശ്‌നങ്ങളിനിയുമുണ്ട്. സകാത്തിന്റെയും സാമ്പത്തിക അച്ചടക്ക ക്രമീകരണങ്ങളുടെയും ന്യായവശങ്ങളെക്കുറിച്ച് ബോധവാന്‍മാരല്ല ഇന്നത്തെ ഏറെ ജനങ്ങളും. സകാത്തിനൊപ്പം വളര്‍ന്നുവരുന്ന സഹകരണബോധവും സാമൂഹ്യ ഉത്തരവാദിത്ത പൂര്‍ത്തീകരണങ്ങളും സാമ്പത്തികമായും സാമൂഹ്യമായും ഓരോ മനുഷ്യനും സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. സാമൂഹ്യ നിര്‍മ്മാണത്തിന് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം സാധിച്ചെടുക്കുന്ന  ശക്തമായ കര്‍മ്മരേഖയാണ് സകാത്തിലൂടെ ഇസ്‌ലാമിക പ്രത്യയശാസ്ത്രം  വിഭാവനം ചെയ്യുന്നത്. വ്യക്തികള്‍ക്കിടയില്‍ പെരുകുന്ന വിദ്വേഷത്തെയും ചൂഷണത്തെയും  അതു പ്രതിരോധിക്കുന്നു. അങ്ങനെ വ്യക്തിയുടെ സൗമനസ്യവും ധര്‍മ്മബോധവും വളര്‍ത്തി സാമൂഹ്യ സമത്വവും സമ്പല്‍സന്തുലിതവും സൃഷ്ടിക്കുകയാണ്  ഇസ്‌ലാം സകാത്ത് നിര്‍ബന്ധിക്കുന്നതിലൂടെ ചെയ്യുന്നത്.
തിരുനബി(സ) പറഞ്ഞു: ”സമ്പന്നര്‍ക്ക് നാശം! അന്ത്യനാളില്‍ അവര്‍ പറയും: നാഥാ… നാഥാ!! ദരിദ്രര്‍ക്ക് നല്‍കാനായി നീ കല്‍പ്പിച്ച വിഹിതമാണ് ഞങ്ങളെ അക്രമിച്ചത്. അല്ലാഹു പറയും: ”ആ പാവങ്ങളെ ഞാന്‍ അടുപ്പിക്കും. നിങ്ങളെ എന്റെ കാരുണ്യത്തില്‍നിന്ന് അകറ്റുകയും ചെയ്യും. സ്വര്‍ണ്ണവും വെള്ളിയും ശേഖരിച്ചുവെച്ച് അല്ലാഹുവിന്റെ മര്‍ഗത്തില്‍ ചെലവഴിക്കാതെയിരുന്നവര്‍, സമ്പത്തിന്റെ തീയില്‍ പൊള്ളിക്കപ്പെടും. ഇതാ ഇതു നിങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ സൂക്ഷിച്ചുവെച്ചതാണ്. നിങ്ങള്‍ ശേഖരിച്ചുവെച്ച രുചി അനുഭവിക്കുക എന്ന് അവരോട് പറയപ്പെടും.”(വിശുദ്ധ ഖുര്‍ആന്‍)
സ്വര്‍ണ്ണം വെള്ളി നാണയങ്ങള്‍, കച്ചവട സാധനങ്ങള്‍, മുഖ്യാഹാരമായി ഉപയോഗിക്കുന്ന നെല്ല്, ഗോതമ്പ്, മുത്താറി, ചോളം തുടങ്ങിയ  കാര്‍ഷിക വിഭവങ്ങള്‍, ആട്, പശു, ഒട്ടകം എന്നീ മൃഗങ്ങള്‍ എന്നിവയിലാണ് സക്കാത്ത് നിര്‍ബന്ധമാകുന്നത്. ഘനികളിലും നിധികളിലും സകാത്ത് നിര്‍ബന്ധമാണ്.
ഇരുപത് മിസ്ഖാല്‍ സ്വര്‍ണ്ണമോ ഇരുനൂര്‍ ദിര്‍ഹം  വെള്ളിയോ അതിന്റെ വിലവരുന്ന നാണയമോ  ഒരാള്‍ തന്റെ ഉടമാധികാരത്തില്‍ ഒരു വര്‍ഷം സൂക്ഷിച്ചാല്‍ സകാത്ത് നിര്‍ബന്ധമാണ്. 85 ഗ്രാം സ്വര്‍ണ്ണവും 595 ഗ്രാം വെള്ളിയുമാണ് സകാത്ത് നിര്‍ബന്ധമാക്കുന്ന  മിസ്‌കാല്‍ ദിര്‍ഹമുകള്‍ക്ക് ആധുനിക പണ്ഡിതര്‍ പൊതുവെ കണക്കാക്കിയിട്ടുള്ളത്. ഇത്രയും സ്വര്‍ണമോ വെള്ളിയോ അതിന്റെ വിലക്കുള്ള സംഖ്യയോ ഒരു വര്‍ഷം തന്റെ ഉടമസ്ഥതയിലുണ്ടായാല്‍ അതിന്റെ രണ്ടര ശതമാനം സകാത്ത് നല്‍കണം.
വര്‍ഷം തികയുക തന്നെ വേണം. വേണ്ട എന്ന് പറയുന്നവര്‍ക്ക്  പ്രമാണങ്ങളുടെ പിന്തുണയില്ല.
കച്ചവടത്തിന്റെ സകാത്തും ഇതേ പ്രകാരമാണ് കണക്കാക്കേണ്ടത്. കച്ചവടത്തിന്റെ മുതല്‍മുടക്കോ ഇടയിലുണ്ടായ ഏറ്റക്കുറച്ചിലോ പരഗണനീയമല്ല. വാര്‍ഷിക ദിനത്തില്‍ കണക്കെടുത്ത് വിലക്കെട്ടി മേല്‍സംഖ്യയുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്‍കണം.
സൂപ്പര്‍ മാര്‍ക്കറ്റുകളിലും മറ്റു ഷോപ്പുകളിലും തന്റെ ഉടമസ്ഥതയില്‍ പെടാത്തതും വിറ്റഴിച്ചില്ലെങ്കില്‍ കമ്പനികള്‍ തന്നെ തിരിച്ചെടുക്കുന്നതുമായ സാധനങ്ങള്‍ ഈ സ്റ്റോക്കെടുപ്പില്‍ പെടുത്തേണ്ടതില്ല. അവ തനിക്ക് ഉടമസ്ഥപ്പെട്ട ചരക്കുകളല്ലാത്തതുകൊണ്ട് അവക്ക് സകാത്ത് ബാധകമല്ല. കമ്പനികളില്‍നിന്നും കമ്മീഷന്‍ വ്യവസ്ഥയിലോ ശമ്പള വ്യവസ്ഥയിലോ സാധനങ്ങള്‍ ഹോള്‍സെയിലായി  എടുത്തു റീട്ടെയിലായി വിതരണം ചെയ്യുന്ന ഏജന്‍സികള്‍ക്കും സക്കാത്ത് ബാധകമല്ല. ഈ ഏജന്‍സികള്‍ക്ക് ചരക്കുകളില്‍ ഉടമാവകാശമില്ല എന്നതുതന്നെ കാരണം.
കിട്ടാനുള്ള കടങ്ങള്‍ കിട്ടുമെന്ന പ്രതീക്ഷയുണ്ടെങ്കില്‍ അതാത് വര്‍ഷം സകാത്ത് നല്‍കണം. പ്രതീക്ഷയില്ലെങ്കില്‍  കിട്ടുമ്പോള്‍ മാത്രം നല്‍കിയാല്‍ മതി. എത്ര വര്‍ഷമാണോ തന്റെ സംഖ്യ അപരന്റെ കയ്യില്‍ കടമായി  കിടന്നത് അത്രയും വര്‍ഷത്തേക്കുള്ള സകാത്ത് ഒന്നിച്ചു കൊടുക്കണമെന്നാണ്  ശാഫിഈ മദ്ഹബിന്റെ നിര്‍ദ്ദേശം. ഇതുകൊണ്ടുതന്നെ സകാത്ത് നിര്‍ബന്ധമാകുന്ന തരത്തിലുള്ള ഭീമമായ സംഖ്യ ദീര്‍ഘകാലം തിരിച്ചുപിടിക്കാതെ കിടക്കരുത്. ഇത്തരം കടയിടപാടുകള്‍ ഇടമസ്ഥന് കനത്ത പ്രഹരമാണ് വരുത്തുക. മൂല്യശോഷണം, ഉപയോഗ നഷ്ടം, ടാക്‌സ് എന്നിവക്കും പുറമെ സകാത്തുമാകുമ്പോള്‍ കിട്ടാനുള്ള സംഖ്യയില്‍നിന്ന് വലിയൊരു തുകയാണ് നഷ്ടപ്പെടുന്നത്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter