മൗലിദ് സാഹിത്യങ്ങളെ അക്കാദമികമായി വായിക്കുന്ന മനോഹര പുസ്തകം
birthമൗലിദുകള്‍ പ്രവാചകന്മാരുടെയും സൂഫികളുടെയും ജീവിതത്തെ ജനങ്ങള്‍ക്ക് അനുഭവവേദ്യമാക്കാന്‍ ഉതകുന്ന ഉത്തമ രചനകളാണ്. ലഘു സംവിധാനങ്ങളെങ്കിലും ആത്മീയതയിലൂന്നിയുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഇവക്ക് വലിയ പങ്കുണ്ട്. മുസ്‌ലിം സമൂഹത്തിന്റെ ഭക്തി അണയാതെ സൂക്ഷിക്കുന്നത് ഇത്തരം രചനകളാണ്. മൗലിദുകള്‍ ഒരു ആഗോള രചനാ രീതിയാണ്. പ്രവാചകരുടെ ജന്മവുമായി ബന്ധപ്പെട്ടോ സൂഫികളുടെ ജന്മവുമായി ബന്ധപ്പെട്ടോ ഉണ്ടായ അല്‍ഭുതങ്ങളും അവരുടെ ജീവിതത്തിന്റെ മേന്മകളും കുറിക്കുന്ന പാരായണം ചെയ്യപ്പെടാന്‍ ഉതകുന്ന ചെറു രചനകളാണിവ. സ്‌പെയിന്‍ മുതല്‍ ഇന്ത്യ വരെയുള്ള രാജ്യങ്ങളില്‍നിന്നായി ആയിരക്കണക്കിന് മൗലിദുകള്‍ ഇതിനകം രചിക്കപ്പെട്ടിട്ടുണ്ട്. ഇവയില്‍ പലതും ആഗോള സ്വീകാര്യത നേടുകയും പല രാജ്യങ്ങളിലും വ്യാപകമായി പാരായണം ചെയ്യപ്പെടുകയും ചെയ്യുന്നു. ശര്‍റഫല്‍ അനാം ഉദാഹരണം. കേരളത്തില്‍ രചിക്കപ്പെട്ട മന്‍ഖൂസ് മൗലിദ് മലേഷ്യ, ഇന്തോനേഷ്യ തുടങ്ങിയ സ്ഥലങ്ങളിലും മലയാളികളുള്ള മറ്റു പല സ്ഥലങ്ങളിലും പാരായണം ചെയ്യപ്പെടുന്നു. അക്കാദമിക ലോകത്ത് മൗലിദുകളെക്കുറിച്ച് സീര്യസായ പഠനങ്ങള്‍ വളരെ കുറവാണ്. ആന്‍മേരി ഷിമ്മല്‍ തന്റെ പല രചനകളിലും പല മൗലിദുകളെയും പരാമര്‍ശിക്കുന്നുണ്ട്. ആഫ്രിക്കയിലെ മൗലിദുകളെക്കുറിച്ചും ഈജിപ്തിലെ മൗലിദുകളെക്കുറിച്ചും ചില രചനകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതില്‍ പലതും മൗലിദ് പാരായണത്തിന്റെ രീതിയും ശൈലിയും ആഘോഷങ്ങളുടെ സംവിധാനങ്ങളുമാണ് ചര്‍ച്ച ചെയ്യുന്നത്. എന്നാല്‍, മുസ്‌ലിം ലോകത്തും പുറത്തും രചിക്കപ്പെട്ട മൗലിദുകളുടെ ഉള്ളടക്കവും രചനാ ശൈലിയും അതിന്റെ ചരിത്രവും വര്‍ത്തമാനവും ചര്‍ച്ച ചെയ്യുന്ന രചനകള്‍ ഈ രംഗത്ത് ഇല്ലെന്നു തന്നെ പറയാം. ഈ മേഖലയില്‍ വളരെ വൈകി പുറത്തു വന്ന അതി ഗഹനമായൊരു പഠനമാണ് ഡോ. മാരിയോണ്‍ ഹോംസിന്റെ The Birth of the Prophet Muhammad: Devotional Piety in Sunni Islam എന്ന കൃതി. ശര്‍റഫല്‍ അനാം ഉള്‍പ്പടെ സാധാരണ മുസ്‌ലിം ലോകത്ത് പാരായണം ചെയ്യപ്പെടുന്ന മൗലിദുകളുടെ ഉള്ളടക്കത്തെയും അവയുടെ രചനാ ശൈലിയെയും ആഴത്തില്‍ പഠനവിധേയമാക്കുന്ന ഈ കൃതി ഈ മേഖലയിലെ അപൂര്‍വമായൊരു രചനയാണ്. ഏറെക്കുറേ സത്യസന്ധവും നിഷ്പക്ഷവുമായാണ് ഇതില്‍ സംഗതികള്‍ വിലയിരുത്തുന്നത് എന്നതാണ് ഇതിന്റെ വായനക്ക് ലഭിക്കുന്ന മറ്റൊരു സുഖം. മുസ്‌ലിം റിഫോര്‍മിസ്റ്റുകള്‍ക്കിടയില്‍ പ്രതിലോമമായി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മൗലിദ് സാഹിത്യങ്ങളെ സുന്നി പരിപ്രേക്ഷ്യത്തില്‍ അക്കാദമികമായി വായിക്കാന്‍ ഈ കൃതി ഏറെ സഹായം ചെയ്യും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter