കാലണ കൊടുത്ത് കിട്ടിയ പതാക

ആറാം വയസ്സിലാണ് എന്നെ ആനക്കരയിലെ ഓത്തുപള്ളിയില്‍ ചേര്‍ക്കുന്നത്. കെട്ടിയുണ്ടാക്കിയ ഒരു ഓലഷെഡിലായിരുന്നു ഓത്തുപള്ളി പ്രവര്‍ത്തിച്ചിരുന്നത്. ആറ് മണിമുതല്‍ എട്ട് മണി വരെ ഓത്തുപള്ളിയും ശേഷം അതേ കെട്ടിടത്തില്‍ സ്‌കൂളും പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത് സ്‌കൂളുകളിലേക്ക് കുട്ടികളെ കിട്ടാന്‍ വളരെ പ്രയാസമായതിനാല്‍ അതിനൊരു പരിഹാരമായാണ് കെട്ടിടങ്ങളില്‍ ഓത്തുപള്ളികള്‍ നടത്താന്‍ അനുവദിച്ചിരുന്നത്.ഓത്തുപള്ളിയിലെ നബി ദിനം ഏറെ ആസ്വാദ്യകരമായിരുന്നു.

ചക്കരയും തേങ്ങയും കൂട്ടിക്കുഴച്ചുണ്ടാക്കിയ ചീര്‌നിയായിരുന്നു അന്നൊക്കെ നബിദിനത്തില്‍ കുട്ടികള്‍ക്ക് വിതരണം ചെയ്തിരുന്നത്. ഘോഷയാത്രകളായിരുന്നു നബിദിനത്തിന്റെ പ്രധാന ആകര്‍ഷണം. ഘോഷയാത്രക്ക് വേണ്ടിയുള്ള പതാകകള്‍ ഉണ്ടാക്കാനായി ഓരോരുത്തരും വീടുകളില്‍നിന്ന് ഈന്തിന്‍പട്ട പോലോത്ത ചെറിയ വടികള്‍ കൊണ്ടുവരുമായിരുന്നു, അതോടൊപ്പം നബിദിനച്ചെലവിലേക്കായി കാലണയോ അരയണയോ മറ്റോ കൊണ്ടുവന്ന് മൊല്ലാക്കയുടെ കൈയ്യില്‍ കൊടുക്കും. അതുപയോഗിച്ച് അദ്ദേഹം വര്‍ണ്ണക്കടലാസുകള്‍ വാങ്ങും, അതുപയോഗിച്ച് എല്ലാവരും ചേര്‍ന്ന് പതാകകള്‍ ഉണ്ടാക്കുകയായിരുന്ന പതിവ്. നബിദിനച്ചെലവിലേക്ക് കാശ് കൊടുത്തവര്‍ക്കേ ഘോഷയാത്രയില്‍ പതാകകള്‍ കൊടുക്കാറുണ്ടായിരുന്നുള്ളൂ. അത് കൊണ്ട് തന്നെ എല്ലാവരും അതിലേക്ക് കാശ് കൊടുക്കുമായിരുന്നു. നബിദിനത്തിന്റെ തലേന്ന് രാത്രി എല്ലാവരും ചേര്‍ന്ന് ഓത്തുപള്ളിയില്‍ ഉറക്കൊഴിച്ചിരുന്ന് പതാകകള്‍ ഉണ്ടാക്കിയിരുന്നത് ഇപ്പോഴും മധുരമൂറുന്ന ഓര്‍മ്മയായി മനസ്സില്‍ നില്‍ക്കുന്നു. ഞാന്‍ ദര്‍സില്‍ പഠിക്കുന്ന കാലത്താണ് നാട്ടില്‍ മദ്റസ നിലവില്‍ വരുന്നത്. നാട്ടിലെ കാരണവന്മാരാണ് അതിന് മുന്‍കൈയ്യെടുത്തത്. ശേഷം മദ്റസകളിലും നബിദിനാഘോഷം വളരെ കേമമായി തന്നെ നടക്കാറുണ്ടായിരുന്നു.

പൊതുവെ ദാരിദ്ര്യത്തിന്റെ കാലമായിരുന്നുവെങ്കിലും ഇത്തരം കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വലിയ ആവേശമായിരുന്നു. നബിദിനച്ചെലവിലേക്ക് കാശ് ചോദിച്ചാല്‍ കൈയ്യിലുള്ളത് എടുത്തുതരാന്‍ ആര്‍ക്കും മടിയുണ്ടായിരുന്നില്ല. നബിദിനം ഓരോ ഗ്രാമത്തിനും ആഘോഷമായിരുന്നു എന്ന് വേണം പറയാന്‍. ആ ദിനത്തില്‍ എല്ലാവരും സജീവമായി രംഗത്ത് വരുന്നു. മദ്റസാ കുട്ടികളുടെ ഘോഷയാത്രകളില്‍ നാട്ടുകാരെല്ലാവരും പങ്കെടുക്കുമായിരുന്നു. വിവിധ ഭാഗങ്ങളില്‍ ജാഥക്കാര്‍ക്ക് സ്വീകരണമൊരുക്കുന്നതും കുട്ടികള്‍ക്ക് മധുരപാനീയങ്ങളും മറ്റും വിതരണം ചെയ്യുന്നതും ഏറെ ആവേശത്തോടെയായിരുന്നു. ഇന്നും കേരളത്തില്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

പ്രവാചകസ്നേഹത്തിന്റെ ഭാഗമായാണ് എല്ലാവരും ഇതിനെയെല്ലാം കാണുന്നത്. ഇന്ന് കേരളീയ മുസ്ലിം പൊതുജനങ്ങള്‍ക്ക് പ്രവാചകരെ കുറിച്ചുള്ള അറിവുകളുടെ നല്ലൊരു ഭാഗം ലഭ്യമായത് ഇത്തരം നബിദിനങ്ങളില്‍, കുട്ടികളും മുതിര്‍ന്നവരും നടത്തുന്ന പ്രഭാഷണങ്ങളിലൂടെയും ഇതരപരിപാടികളിലൂടെയുമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പാടിയും പറഞ്ഞും സംഭാഷണരൂപത്തിലും കഥാപ്രസംഗരൂപത്തിലും എല്ലാം അവതരിപ്പിക്കുന്നത് പ്രവാചകജീവിതത്തിലെ വിവിധ ഏടുകളാണല്ലോ. അതിലൂടെയെല്ലാം പ്രവാചകരോടുള്ള സ്നേഹവും ആദരവും വര്‍ദ്ദിക്കാന്‍ ഏറെ സഹായകമാകുന്നുവെന്ന് പറയാതെ വയ്യ. നിങ്ങളുടെ മക്കളെ പ്രവാചകരോടുള്ള സ്നേഹം ശീലിപ്പിക്കുക എന്ന ഹദീസിന്റെ പ്രയോഗം തന്നെയാണ് ഇവിടെയും സാധ്യമാക്കുന്നത്.

 

ശൈഖുനാ സി കോയക്കുട്ടി മുസ്ലിയാര് ആനക്കര

പ്രസിഡണ്ട്, സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ

Related Posts

Leave A Comment

ASK YOUR QUESTION

Voting Poll

Get Newsletter