കുഞ്ഞു നാളിലെ 'ചീരനി' ഓര്‍മകള്‍

വല്ലാത്ത നെഞ്ചിടിപ്പോടെ, കാരണവര്‍ക്ക് പിന്നാലെ മദ്‌റസപ്പടി ചവിട്ടി ‘വല്ല്യുസ്താദിന്റെ’ മുറിയിലെത്തി. ഉപ്പയുടെ പേരും വീട്ടുപേരും പറഞ്ഞുകൊടുത്തു. ഉമ്മ ചുരുട്ടിത്തന്ന കടലാസു പൈസ ഉസ്താദിന് കൊടുത്തപ്പോള്‍ മലപ്പുറത്തുകാരനായ ഉസ്താദ് സ്‌നേഹത്തിന്റെ കൈപ്പത്തികൊണ്ട് തല തടവി. കയ്യില്‍ ചുരുട്ടിപ്പിടിച്ചിരുന്ന കാക്കയുടെയും പൂച്ചയുടെയും തത്തമ്മയുടെയും രൂപത്തിലുള്ള ബിസ്‌ക്കറ്റ് ഉസ്താദിന് നല്‍കാന്‍ കാരണവര്‍ പറഞ്ഞു. കൊടുത്തു. ഉസ്താദിന് പിറകെ നടന്നു. സഹപാഠികള്‍ക്ക് ബിസ്‌ക്കറ്റ് കൂട്ടം നല്‍കി.
”ഈനും കൂട്ടത്തിലുണ്ട്”-മലപ്പുറം ഉസ്താദ് ഉറക്കെ പറഞ്ഞപ്പോള്‍ കുട്ടികള്‍ ‘ങ്ഹാ’ എന്ന് ഒച്ചയുണ്ടാക്കി. ഒരേ ഈണത്തില്‍ ഉസ്താദ് ചൊല്ലിക്കൊടുക്കുന്ന അറബിവാക്കുകള്‍ ചൊല്ലുന്ന സംഗീതമഴ.
ഉസ്താദേ.. ഓന് നുള്ള്ന്ന്…
ആരോ വിളിച്ചുപറഞ്ഞു
ഞങ്ങളുടെ നാട്ടിലെ ഉസ്താദുമാരൊക്കെ മലപ്പുറത്തുകാരായിരുന്നു. അവരുടെ സംസാരശൈലി ഞങ്ങള്‍ കുട്ടികള്‍ മനസ്സില്‍ പകര്‍ത്തി. ‘ബീത്തലും പാത്തലും’ ഞങ്ങളുടെ വചനങ്ങളായി. ഉസ്താദുമാരൊക്കെ ദരിദ്രരായിരുന്നു. ചെറിയ ശമ്പളമാണ് എന്നും പള്ളിക്കമ്മിറ്റികള്‍ അവര്‍ക്ക് നല്‍കാറുള്ളത്. ഇന്നും! അതെന്താണെന്ന് ഇപ്പോഴും എനിക്ക് മനസ്സിലായിട്ടില്ല. നമുക്കറിയാം ജീവിതച്ചെലവ്. എന്നും അവര്‍ക്ക് ചെറിയ ശമ്പളമേ കൊടുക്കൂ. പല വീടുകളില്‍ നിന്നുമാണ് അവര്‍ക്ക് ഭക്ഷണം.
നബിദിനം വരുമ്പോഴാണ് മദ്‌റസ സജീവമാകുക. അറബിപ്പാട്ടും കഥാപ്രസംഗവുമൊക്കെയുള്ള മത്സരം. ഒന്ന് രണ്ടാഴ്ച മുമ്പ് പരിശീലനം തുടങ്ങും. അപ്പോള്‍ പഠിത്തമുണ്ടാകില്ലായെന്നതാണ് സന്തോഷം. എല്ലാ മദ്‌റസാ കുട്ടികളും പരിപാടിയില്‍ പങ്കെടുക്കണമെന്നാണ് നിയമം. എല്ലാ കുട്ടികളിലും പ്രതിഭയുണ്ടാകുമെന്നതായിരിക്കാം ഇതിനു പിന്നില്‍. സ്റ്റേജില്‍ കയറാന്‍ പേടിയുള്ളവരെ ഖുറാന്‍ (സാഹിത്യ മത്സരം) എഴുത്തു മത്സരത്തിനും ഓതല്‍ മത്സരത്തിനുമൊക്കെ പങ്കെടുപ്പിക്കും. ‘തിരുടന്മാരെ’ വളണ്ടിയന്മാരാക്കും; മദ്‌റസ ചമയിക്കാനും.
കമാനങ്ങള്‍ തമ്മില്‍ മത്സരമുണ്ടാകും. അത് ക്ലാസുകള്‍ക്ക് വീതിച്ചു നല്‍കും. മുന്‍വശത്തെയും പിന്‍വശത്തെയും കമാനങ്ങള്‍ മുതിര്‍ന്ന മദ്‌റസാ കുട്ടികള്‍ക്ക് നല്‍കും. കട്ടൗട്ടുകള്‍ തമ്മിലും മത്സരമുണ്ടാകും. മദീന പള്ളിയും മിനാരവുമൊക്കെയായിരിക്കും കട്ടൗട്ടുകള്‍. പണക്കാരുടെ മക്കള്‍ ആശാരിമാരെ വെച്ച് കട്ടൗട്ടുകള്‍ ഉണ്ടാക്കും. പാവപ്പെട്ട കുട്ടികള്‍ പിരിവിനിറങ്ങും. വീട്ടില്‍ ചോദിച്ചാല്‍ പൈസ കിട്ടില്ല. അടിയാണ് കിട്ടുക. അന്ന് ഭൂരിഭാഗം വീട്ടിലും പട്ടിണിയായിരുന്നു. അക്കാലം അങ്ങനെയായിരുന്നുവല്ലോ.
നേര്‍ച്ച ചോറാണ് മറ്റൊരു സന്തോഷം. നേര്‍ച്ചചോറും ഇറച്ചിക്കറിയും നല്ല സ്വാദാണ്. അന്നൊക്കെ കല്ല്യാണത്തിനും പെരുന്നാളിനുമൊക്കെയാണ് നെയ്‌ച്ചോറും ബിരിയാണിയുമൊക്കെ കിട്ടുക. കിട്ടാക്കനിയാണ്. വാരിവലിച്ചു തിന്നും.
കുട്ടിക്കാലത്ത് നബിദിനത്തില്‍ ഉറങ്ങാന്‍ കിടക്കുമ്പോള്‍ രാവിലെ പള്ളിയില്‍ നിന്നും കിട്ടുന്ന ‘ചീരണി’യെക്കുറിച്ചാണ് ഓര്‍ക്കുക. എല്ലാ വീട്ടില്‍ നിന്നും പള്ളിയിലേക്ക് എണ്ണക്കടി കൊണ്ടുവരും. എല്ലാം ഒന്നിച്ച് വലിയ പാത്രത്തിലിട്ട് കലര്‍ത്തി ‘കടി’ കൊണ്ടുവന്നവര്‍ക്ക് ചീരണി കൊടുക്കും. വ്യത്യസ്ത വീടുകളില്‍ നിന്നുള്ള വ്യത്യസ്ത പലഹാരങ്ങളാണ് ചീരനിയായി കിട്ടുക. നല്ലരസമുണ്ടാകും. ആരാന്റെ ഭക്ഷണത്തിന് എപ്പോഴും ചെക്കന് അധിക സ്വാദാണൈന്ന് ഉമ്മ പറയാറുണ്ട്.
നബിദിനത്തില്‍ ഘോഷയാത്രയുണ്ട്. വൈകുന്നേരമാണ് നടത്തുക. എല്ലാ കുട്ടികളും പങ്കെടുക്കും. ഉസ്താദുമാര്‍ വഴികാട്ടികളായിട്ടുണ്ടാകും; പിറകില്‍ നാട്ടുകാരും. സൈക്കിളിന്റെ പിറകില്‍ മൈക്ക് സെറ്റ് വെച്ച് ഈണത്തില്‍ മുതിര്‍ന്ന കുട്ടികള്‍ അറബി പാട്ടുകളും ബൈത്തുകളും ചൊല്ലും. കുട്ടികള്‍ ഏറ്റുചൊല്ലും. പലയിടങ്ങളില്‍ നിന്നും മിഠായിയും ബിസ്‌ക്കറ്റും നാരങ്ങാവെള്ളവും ബത്തക്ക കഷ്ണങ്ങളും മദ്‌റസാ കുട്ടികള്‍ക്ക് നാട്ടുകാര്‍ നല്‍കും. ടവ്വലില്‍ പൊതിഞ്ഞ് പുരയിലേക്ക് കൊണ്ടുപോയി പെങ്ങള്‍ക്കും ഉമ്മാക്കും അനിയന്മാര്‍ക്കും വീതം വെച്ച് നല്‍കും.
കുഞ്ഞുകാലത്ത് കറന്റ് പോയാല്‍ ദിക്‌റും ഇടിയും മിന്നലുമുണ്ടാകുമ്പോള്‍ തക്ബീറും ചൊല്ലുവാന്‍ ഉമ്മാമ പറയും. വെള്ളിയാഴ്ച രാത്രി യാസീന്‍ ഉറക്കെ ഓതിക്കും. യാസീന്‍ ഓതിയിട്ടില്ലെങ്കില്‍ തിന്നാന്‍ തരില്ല. കുട്ടിക്കാലത്ത് ഉമ്മാമയുടെ മടിയില്‍ കിടന്നും ഉറങ്ങിയുമാണ് ഞങ്ങളൊക്കെ വളര്‍ന്നത്. അവരാണ് സ്വഭാവരൂപീകരണത്തിന് മുഖ്യപങ്ക് വഹിച്ചത്. ദൈവത്തിന്റെ പുരയിടമാക്കി മാറ്റിയതില്‍ ഉമ്മമാരുടെ പങ്ക് വലുതാണ്. ഇന്ന് പ്രായമായവര്‍ വീട്ടുകാര്‍ക്ക് അധികഭാരമായിരിക്കുന്നു; അധികപ്പറ്റ്. എങ്ങനെ മറ്റുള്ളവരോട് പെരുമാറണമെന്നും ബഹുമാനിക്കേണ്ടതും ആദരിക്കേണ്ടതും ഏതു വിധത്തിലാണെന്നും ഉമ്മമാരാണ് കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുക.
ടെലിവിഷന്റെ സ്വാധീനം കാരണം ദൈവത്തിന്റെ പുരിയിടം ഇന്ന് ശൈത്താന്റെ പുരയിടമായി മാറിയിരിക്കുന്നു. മക്കള്‍ക്ക് എങ്ങനെ പെരുമാറണമെന്നും ബഹുമാനിക്കേണ്ട രീതിയുമൊക്കെ അറിയില്ല. ആരോട് എന്ത് പറയണമെന്നും… ഉമ്മാമാരുടെ വായ അടപ്പിച്ചുകഴിഞ്ഞു. കാലം മാറുകയാണ്. ഭൂമിയുടെ കോലവും. നമ്മുടെ കോലവും. നമ്മുടെ മനസ്സും…

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter