മൗലിദാഘോഷം: പ്രസക്തിയും പ്രമാണവും

തിരുനബി(സ്വ)യുടെ ജന്മമാസമായ റബീഉല്‍ അവ്വലില്‍ പ്രവാചകരെ പ്രകീര്‍ത്തിക്കാന്‍ വേണ്ടി പ്രഭാഷണം, മദ്ഹ് ഗീതാലാപനം, അന്നദാനം തുടങ്ങിയവ സംഘടിപ്പിക്കുന്നത് പൊതുവേ നബിദിനാഘോഷം എന്ന പേരില്‍ അറിയപ്പെടുന്നു. ലോക മുസ്‌ലിംകള്‍ ഈ ദിനം കാലങ്ങളായി ആഘോഷിക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, നൂറ്റാണ്ടുകളായി നടന്ന് വരുന്ന നിരവധി സദാചാരങ്ങളെ വിമര്‍ശിക്കുകയും സമുദായത്തിന്റെ ആത്മികവും ചിന്താപരവുമായ മുരടിപ്പിനു വഴിയൊരുക്കുകയും ചെയ്ത വഹാബി പ്രസ്ഥാനം നബിദിനാഘോഷത്തെയും രൂക്ഷമായിത്തന്നെ ആക്ഷേപിക്കുന്നുണ്ട്.
”ഉത്തമ നൂറ്റാണ്ടുകളില്‍ നബിദിനാഘോഷം ഉണ്ടായിരുന്നില്ല. മഹാന്മാരായ ഇമാമുമാര്‍ അത് കാണുകയോ കേള്‍ക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.” (മൗലിദ്: വിമര്‍ശനവും വിശകലനവും; മായിന്‍കുട്ടി സുല്ലമി) ”മക്കയിലും മദീനയിലും ഒരുകാലത്തും നബിദിനാഘോഷം ഉണ്ടായിരുന്നില്ല (അബ്ദുറഹ്മാന്‍ ഇരിവേറ്റി-മാതൃഭൂമി 2010 മാര്‍ച്ച് 22) എന്നിവയൊക്കെയാണു വിമര്‍ശനവേദികളില്‍ പൊതുവേ ഉയര്‍ന്നു കേള്‍ക്കാറുള്ള നിരീക്ഷണങ്ങള്‍. എന്നാല്‍, ഈ വിഷയം വഹാബി നേതൃത്വം എങ്ങനെയാണു കൈകാര്യം ചെയ്തിട്ടുള്ളത.് നമുക്ക് വിശദീകരിക്കാം.
വഹാബികളുടെ അനിഷേധ്യ നേതാവ് ഇബ്‌നു തൈമിയ്യ ഈ ആഘോഷത്തെ മുക്തകണ്ഠം പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുയും ചെയ്യുന്നുണ്ട്. ഇബ്‌നു തൈമിയ്യ എഴുതുന്നു: ” നബി(സ്വ)യുടെ ജന്മദിനത്തെ ആദരിക്കുന്നവര്‍ക്കും അതൊരു ആഘോഷ സുദിനമാക്കുന്നവര്‍ക്കും അതിമഹത്തായ പ്രതിഫലം ലഭിക്കുന്നതാണു ഇത് അവന്റെ ഉദ്ദേശശുദ്ധിയും പ്രവാചകാദരവിനാലുമാണ്.” (ഇഖ്തിളാഉ സ്വിറാത്തില്‍ മുസ്തഖീം, പേജ് 274 )
ഇബ്‌നു തൈമിയ്യയെ കടത്തിവെട്ടുന്ന തരത്തിലാണ് ഇ.കെ. മൗലവിയുടെ നിലപാട്. മൗലവി എഴുതിയതു കാണുക: ”റബീഉല്‍ അവ്വല്‍ മാസം വരുമ്പോള്‍ മുസ്‌ലിംകളായ നമ്മുടെ മനസ്സില്‍ എന്തെന്നില്ലാത്ത ഒരു സന്തോഷവും ആഹ്ലാദവും ഉണ്ടായിത്തീരുന്നു. ഇതിനുള്ള കാരണം എന്തായിരിക്കുമെന്ന് തേടി നടക്കേണ്ടതില്ല. ലോകഗുരുവായ മുഹമ്മദ് മുസ്ത്വഫ(സ്വ) ജനിച്ചത് റബീഉല്‍ അവ്വല്‍ മാസത്തിലാണ് അതു കൊണ്ടു തന്നെയാണ് ഈ മാസം അടുത്തു വരുമ്പോള്‍ മുസ്‌ലിംകള്‍ സന്തോഷിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നത്. നബിയ്യുനാ മുഹമ്മദ് (സ്വ)യെ പറ്റി അറിയുന്ന ഏതൊരാള്‍ക്കും ഈ മാസം വരുമ്പോള്‍ സന്തോഷിക്കാതിരിക്കാന്‍ സാധിക്കുകയില്ല. എന്തു കൊണ്ടെന്നാല്‍ ലോകത്തിനു റഹ്മത്തായിട്ടാണ് അല്ലാഹു തആല മുഹമ്മദ് നബിയെ അയച്ചിട്ടുള്ളത.്” (അല്‍ മുര്‍ശിദ് പുസ്തകം: 1 ലക്കം: 5).
ലോകത്തിന് അനുഗ്രഹമായി ഇറങ്ങിയ നബി(സ്വ) തങ്ങളുടെ ജന്മദിനം മുസ്‌ലിംകള്‍
ആഘോഷിക്കണമെന്നും മുസ്‌ലിംകള്‍ക്ക് ആ ദിനം സന്തോഷ സുദിനമാക്കാതിരിക്കാന്‍ കഴിയില്ല എന്നും ഇ.കെ. മൗലവി പറഞ്ഞതെത്ര വാസ്തവം! സുന്നികളുടെ വാക്കുകള്‍ക്ക് വില കല്‍പ്പിക്കുന്നില്ലെങ്കിലും ഇ.കെ. മൗലവി പറഞ്ഞതെങ്കിലും അംഗീകരിച്ചുകൂടേ?
മുജാഹിദുകളുടെ മറ്റൊരു പ്രമുഖ നേതാവായിരുന്ന എം.സി.സി അഹ്മദ് മൗലവി മൗലിദാഘോഷത്തിന്റെ ഗുണഫലങ്ങള്‍ വിവരിച്ചതിനു ശേഷം എഴുതുന്നു; ” മേല്‍പറഞ്ഞ സംഗതികള്‍ പ്രദാനം ചെയ്യുന്ന ഒന്നാണ് മൗലിദിന്റെ മജ്‌ലിസ്. ഇക്കാര്യങ്ങള്‍ സാധിക്കുന്ന ഒരു സദസ് ഒരു പുണ്യ സദസ് തന്നെയാണ്. അതില്‍ സംബന്ധിക്കുവാന്‍ തൗഫീഖ് ലഭിക്കുന്നവര്‍ ഭാഗ്യവാന്മാരാണ്. ഈ മജ്‌ലിസില്‍ മൗലിദില്‍ (മൗലിദ് സദസ്സില്‍ ) ദീനിയ്യായ, സ്വഹീഹായ ദീന്‍ അറിയുന്ന ആലിമുകള്‍ ധാരാളം ഉണ്ടായിരിക്കണം. അവരുടെ ഉപദേശങ്ങള്‍ നടക്കണം. മുസ്‌ലിംകളില്‍ ദീനിയ്യായ ചൈതന്യം അങ്കുരിപ്പിക്കണം” (അല്‍ മുര്‍ശിദ് പുസ്തകം: 4 ലക്കം: 1)
മൗലിദ് സദസ്സില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചവന്‍ വലിയ ഭാഗ്യവാനാണെന്നും ആ സദസ് പണ്ഡിത ശ്രേഷ്ഠരുടെ സാന്നിദ്ധ്യംകൊണ്ടും പ്രൗഢമായിരിക്കണമെന്നും എം.സി.സി. അഹ്മദ് മൗലവി അസന്നിഗ്ദമായി രേഖപ്പെടുത്തിയിരിക്കുന്നു.
കേരളീയ വഹാബിസത്തിന്റെ സ്ഥാപകനേതാക്കളില്‍ പ്രമുഖനായിരുന്ന കെ.എം. മൗലവി ഒരടികൂടി മുന്നോട്ടു കടന്ന് സംസാരിക്കുന്നു:
” …അതിനാല്‍ മുഹമ്മദ് നബിയെ അല്ലാഹുതആല ഭൂജാതനാക്കി ലോകത്തെ അനുഗ്രഹിച്ചിട്ടുള്ളതിനെ ഈ മാസത്തില്‍ നബിയുടെ ദഅ്‌വത്ത് (സന്ദേശം) പ്രചരിപ്പിക്കുക വഴിയായി നാം എല്ലാവരും അല്ലാഹു തആലാക്ക് ശുക്ര്‍ ചെയ്യണം. അതിനായി ദേശങ്ങള്‍തോറും മൗലിദ് യോഗങ്ങള്‍ കൂടി അതില്‍ നാനാ ജാതി മതസ്ഥരെയും സമ്മേളിപ്പിച്ച് അവര്‍ക്കെല്ലാം നബിയുടെ ദഅ്‌വത്ത് തബിലീഗ് ചെയ്യുന്ന കടമയെ നാം നിര്‍വഹിക്കുകയും ഈ മാസത്തിലും റമസാന്‍ മാസത്തിലും എല്ലാ ദേശത്തും ഒരു തബ്‌ലീഗ് ഫണ്ട് ശേഖരിക്കുകയും വേണം.”
(അല്‍ മുര്‍ശിദ്, പുസ്തകം : 1, ലക്കം :5)
ഒരുകാലത്ത് നബിദിനാഘോഷ പരിപാടികളുടെ ചുക്കാന്‍പിടിച്ചവര്‍ ഇന്ന് അവയെ അനാചാരവും അനിസ്‌ലാമികവുമാക്കി ചിത്രീകരിക്കുന്നത് വിധിവൈപരീത്യം തന്നെ!. എന്നു മുതലാണവര്‍ക്ക് ഈ മനംമാറ്റം സംഭവിച്ചത്? ഇതിന്റെ പേരില്‍ സുന്നികളെ വിഡ്ഢികളാക്കി ചിത്രീകരിക്കുന്നവര്‍ സ്വന്തം നേതാക്കളെ എന്ത് ഓമനപ്പേരിട്ടാണാവോ വിളിക്കുന്നത്? സത്യം തിരിച്ചറിഞ്ഞിട്ടും അംഗീകരിക്കാന്‍ തയ്യാറാവാത്ത ബിദഈ പ്രഭൃതികളില്‍നിന്നു നിഷ്‌കപടമായ മറുപടി പ്രതീക്ഷിക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter