കൊടുങ്ങല്ലൂര്‍: പ്രഥമ പള്ളിയിലെ മൗലിദാഹ്ലാദങ്ങള്‍

ഇന്ത്യയിലേക്ക് ഇസ്‌ലാമിന് കവാടം തുറന്നുകൊടുത്ത കൊടുങ്ങല്ലൂരിലെ നബിദിനാഘോഷം ചരിത്രത്തില്‍ വേണ്ടപോലെ രേഖപ്പെടുത്തപ്പെട്ടിട്ടില്ല. ഇന്ത്യയിലെ പ്രഥമ ജുമാമസ്ജിദിന്റെ ചുറ്റുവട്ടങ്ങളില്‍ പഴയകാലത്ത് നടന്നിരുന്ന നബിദിനാഘോഷ രീതികളെ കുറിച്ച് ചില സൂചനാചിത്രങ്ങളേ പഴമക്കാരുടെ വാക്കുകള്‍ നല്‍കുന്നുള്ളൂ. എങ്കിലും ‘കേട്ടരാഗങ്ങളേക്കാള്‍ ഹൃദ്യമായ കേള്‍ക്കാത്ത രാഗങ്ങള്‍’ എന്നര്‍ത്ഥത്തില്‍ ചരിത്രത്തില്‍ പതിഞ്ഞുകിടക്കാത്ത ചീളുകളെ നമുക്ക് വായിക്കാനാവും.
മദ്‌റസാ സംവിധാനം നിലവിവില്‍വരും മുമ്പ്, ചില വീടുകള്‍ കേന്ദ്രീകരിച്ച് ഓത്തുപഠനം നടന്നിരുന്നു. അത്യാവശ്യം സൗകര്യമുള്ള വീട്ടില്‍ സമീപ വീടുകളിലെ കുട്ടികള്‍ ഒരുമിച്ചു കൂടും. സിറ്റൗട്ടിലിരുന്ന് മൗല്ല അവര്‍ക്ക് ഓത്ത് പഠിപ്പിക്കും.
റബീഉല്‍ അവ്വല്‍ മാസത്തില്‍ ഉസ്താദും കുട്ടികളും പ്രസ്തുത വീട്ടുകാരും ഒന്നിച്ചിരുന്ന് മൗലിദ് പാരായണം നടത്തും. ചീരണി വിതരണവും നടന്നിരുന്നു. അക്കാലത്ത് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നതായി പഴമക്കാര്‍ ഓര്‍ക്കുന്നില്ല. ലളിതമായ ചടങ്ങുകളായിരുന്നെങ്കിലും വളരെ ഗംഭീരമായിരുന്നു അന്നത്തെ മൗലിദോത്തുകളെന്ന് പഴയ തലമുറയുടെ ഭാഷ്യം.
മദ്‌റസകള്‍ നിലവില്‍ വന്നശേഷം ലളിതമായ ചടങ്ങുകള്‍ വര്‍ഷംതോറും മദ്‌റസകളില്‍ നടന്നുവന്നു. ഒരിക്കല്‍ നബിദിന പരിപാടി ഒന്നുകൂടി ആകര്‍ഷകമാക്കാന്‍ ചേരമാന്‍ മസ്ജിദ് കമ്മിറ്റി തീരുമാനിച്ചു. തദടിസ്ഥാനത്തില്‍ സമീപ മദ്‌റസകളിലെ വിദ്യാര്‍ത്ഥികളെ സംഘടിപ്പിച്ച് വലിയൊരു നബിദിനറാലി നടത്തിയത് പഴമക്കാര്‍ ഓര്‍ക്കുന്നു. നാട്ടുകാരുടെ കൂടി സാന്നിധ്യമുണ്ടായിരുന്ന റാലി വളരെ ആകര്‍ഷകമായിരുന്നു.
* * *
ഇന്ന് ചേരമാന്‍ മസ്ജിദിന് കീഴില്‍ ശ്രദ്ധേയമായ പരിപാടികള്‍ നടന്നുവരുന്നു. റബീഉല്‍ അവ്വല്‍ പിറന്നാല്‍ മസ്ജിദില്‍ മൗലിദ് പാരായണം ആരംഭിക്കും. (ചേരമാന്‍ ജുമാമസ്ജിദ് ബിദ്അത്തുകാരുടെ കരങ്ങളിലെന്ന വിശ്വാസം ഇന്നും ചിലര്‍ക്ക് ഇല്ലാതില്ല. എന്നാല്‍ അറബി ഖുത്വുബ, കൂട്ടുപ്രാര്‍ത്ഥന, ഖുനൂത്ത്, ഹദ്ദാദ്, മുഹ്‌യുദ്ദീന്‍ റാതീബ് തുടങ്ങി സുന്നികള്‍ വിശ്വസിച്ചാചരിച്ചു വരുന്ന എല്ലാ കര്‍മ്മങ്ങളും പള്ളിയില്‍ ഇന്നും നിലനില്‍ക്കുന്നു.) റബീഉല്‍ അവ്വല്‍ പന്ത്രണ്ടിന് മസ്ജിദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പതാക ഉയര്‍ത്തല്‍ ചടങ്ങ് നടക്കും. മസ്ജിദിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഏഴ് മദ്‌റസകളിലും അന്ന് വിപുലമായ പരിപാടികള്‍ സംഘടിപ്പിക്കും. റബീഉല്‍ അവ്വല്‍ അവസാന വാരത്തില്‍ എല്ലാ മദ്‌റസകളിലേയും വിദ്യാര്‍ത്ഥികളെ ഒരുമിച്ചുകൂട്ടി ചേരമാന്‍ മസ്ജിദിന് സമീപത്ത് വിപുലമായ പരിപാടി സംഘടിപ്പിക്കും.
കുട്ടികളുടെ മത്സരപരിപാടികള്‍ക്ക് ശേഷം വിപുലമായ അന്നദാനവും ഉണ്ടാവും. രക്ഷിതാക്കള്‍, നാട്ടുകാര്‍ എന്നിവരുടെ സജീവ സാന്നിധ്യം കൊണ്ട് ചടങ്ങ് ഏറെ ശ്രദ്ധേയമാണ്.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter