മൗലിദുകളുടെ നാട്ടിലെ കാവയും കുന്തിരിക്കവും

ലേഖനമെഴുതാന്‍ റൈറ്റിങ് പേഡ് എടുത്തപ്പോള്‍ എന്റെ നാടിനെയും ഞാന്‍ മുസ്‌ലിയാര്‍കുട്ടി (മുതഅല്ലിം) ആയി ജീവിതം നയിച്ച ബാല്യ കാലത്തെയും കുറിച്ചോര്‍മ വന്നു. നിറഞ്ഞൊഴുകുന്ന പുഴയും കനാലും കടലും കേരവൃക്ഷലതാദികളുമായി വശ്യസുന്ദര മാസ്മരികത കളിയാടിയിരുന്ന കാലം. തൊട്ടരികെ വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും കവിതയെഴുതിയ പുഴ.
കന്നി നിലാവില്‍ കളഭ കിണ്ണം /
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍/
പൊന്നാനിപ്പുഴയില്‍ വീണപ്പോള്‍…
ഇതിന്റെ തീരത്താണ് പഴമയുടെ പെരുമ പേറുന്ന മസ്ജിദുകളായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളിയും തെരുവത്ത് പള്ളിയും.
ലോകപ്രശസ്ത പണ്ഡിതനായ സയ്യിദ് അലവി മാലികിയുടെ ശിഷ്യത്വം സ്വീകരിച്ച് 30 വര്‍ഷത്തിലേറെ കാലം പരിശുദ്ധ മക്കത്ത് ഹറമില്‍ താമസിച്ച് പഠനം പൂര്‍ത്തിയാക്കിയ ചിശ്തി, ഖാദിരി ത്വരീഖത്തുകളുടെ മുരീദും സൂഫിവര്യനുമായ അല്‍ഹാജ് ബി. കെ. സൈനുദ്ദീന്‍ മുസ്‌ലിയാരായിരുന്നു ഇവിടുത്തെ ഞങ്ങളുടെ ഉസ്താദ്. 2008-ല്‍ 85-ാം വയസ്സില്‍ ഇഹലോകവാസം വെടിഞ്ഞ അദ്ദേഹം തൃശൂര്‍ ജില്ലയിലെ വടക്കേകാട് ഞമനങ്ങാട് ജുമാ മസ്ജിദില്‍ അന്ത്യവിശ്രമംകൊള്ളുന്നു. അക്കാലത്തെ പണ്ഡിത ശ്രേഷ്ഠരായ പാലത്തുംവീട്ടില്‍ അബ്ദുല്ല കുട്ടി മുസ്‌ലിയാര്‍, പടിഞ്ഞാറകത്ത് മാമ്മുട്ടി മുസ്‌ലിയാര്‍, രണ്ടാം മുദരിസ് കോയണ്ണി മുസ്‌ലിയാര്‍ തുടങ്ങിയവരുടെ വലിയ പള്ളിയിലെ ദര്‍സുകളും മുക്രി മാമ്മുട്ടിക്ക ആര്‍ജവത്തോടെ നടപ്പാക്കുന്ന കര്‍ശന നിര്‍ദേശങ്ങളും തല്‍സമയ ഉത്തരവുകളും അവിസ്മരണീയവും രോമാഞ്ചദായകവുമാണ്. കാല്‍മുട്ടിന് ഒരു ചാണ്‍ താഴെ വരെ മൂടിയ തുണി, മാറുപൊളിപ്പനല്ലാത്ത ഇറക്കമുള്ള ഫുള്‍ക്കയ്യുള്ള ഷര്‍ട്ട്, ഓയല്‍ ശീല കൊണ്ട് വാലുള്ള സ്വിഫത്തൊത്ത തലപ്പാവ് എല്ലാം തൂവെള്ളമയം. പുറമെ കയ്യില്‍ ടവ്വലും ചിട്ടയോടുള്ള പഠനവും തഖ്‌വയും അതിനൊത്ത പെരുമാറ്റവും വിനയവും ഇതെല്ലാം സംഗമിച്ചവരായിരുന്നു അന്നത്തെ ആലിമുകളും മുതഅല്ലിമുകളും. തോട്ടുങ്ങല്‍ പള്ളിയില്‍ ദേശത്തിന്റെ ഗുരുസ്ഥാനി ഹാജി കെ. എം സൈതുട്ടി മുസ്‌ലിയാരുടെ നേതൃത്വത്തില്‍ നാല്‍പതും അറുപതും ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വഅള് (മതപ്രസംഗം) പരമ്പര നടക്കാറുണ്ട്. ഒന്നുരണ്ട് ദിവസം ചില മണിക്കൂറുകള്‍ ഈയുള്ളവനും പകരക്കാരനായിട്ടുണ്ട്.
വെളുപ്പിന് വാങ്കിന് മുമ്പ് എഴുന്നേല്‍ക്കണം. പല്ലുതേക്കാന്‍ മിസ്‌വാക്കോ അറാക്കോ വേണം. സുബ്ഹിയ്ക്ക് ശേഷം ഖുര്‍ആന്‍ ഓത്തും, രാത്രിയിലെ ഹദ്ദാദും, ജുമുഅ നാളിലെ അല്‍ കഹ്ഫും കര്‍ശനം. തഹജ്ജുദ് ഐഛികം. വെള്ളരിപ്രാവുകളെപ്പോലെ പാറിപ്പറക്കുന്ന മുതഅല്ലിമുകള്‍. സര്‍വ്വരാലും ആദരിക്കപ്പെടുന്ന രൂപഭാവങ്ങള്‍. ഹൃദ്യമായ അനുഭവങ്ങള്‍.
‘ഖാലത്ത് അലാ ലൈത്തമാ/ ഹാദല്‍ ഹമാമ ലനാ/ ഇലാ ഹമാമതിനാ/ ഔ നിസ്വ്ഫഹു ഫഖദീ ‘
തുടങ്ങിയ ബൈത് (കവിതാ ശകലങ്ങള്‍) മൂളിപ്പാടി നടന്ന് മുതഅല്ലിമുകള്‍ പഠനതപസ്യയില്‍ നില കൊള്ളുന്ന കാലം. അതൊരു നല്ല അനുഭവം തന്നെ.
നൂറ്റാണ്ടുകളുടെ പ്രതാപായ്ശ്വര്യങ്ങള്‍ക്ക് സാക്ഷിയായ നാടാണ് പൊന്നാനി. അതിപ്രാചീന കാലം മുതല്‍ ചരിത്രപ്രധാനമായ നിരവധി സംഭവങ്ങളാല്‍ സമ്പന്നമാണ് ഇവിടം. ഇന്ന് പ്രസക്തമായ ചരിത്ര മുന്നേറ്റങ്ങള്‍ ഇല്ലെങ്കിലും ഈ നാടിന്റെ ഇന്നലെകള്‍ ഭാസുരമായിരുന്നു. ഇവിടത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. വടക്ക് ഭാരതപ്പുഴയും തെക്ക് പുക്കൈതപ്പുഴയും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് കനോലി കനാലും അതിരിട്ട ആറിലധികം കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുമുള്ള കൊച്ചു ദ്വീപാണ് പൊന്നാനി നഗരം. എതാണ്ട് 95 ശതമാനം മുസ്‌ലിംകളും ബാക്കി ഹൈന്ദവരും താമസിക്കുന്നു. 18 ജുമാ മസ്ജിദുകള്‍ അടക്കം വഖഫ് ചെയ്ത 49 പള്ളികളുണ്ട്. പുഴ മുതല്‍ ആശുപത്രി വരെയും കനാല്‍ മുതല്‍ കടപ്പുറം വരെയും ഏകദേശം അരക്കിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുളള പൊന്നാനി നഗരം പൂര്‍ണ്ണമായും മുസ്‌ലിം പ്രദേശമാണ്. കേരളത്തിലെ മുസ്‌ലിം സംസ്‌കാരത്തിന്റെ തായ്‌വേര് ആണ്ടു കിടക്കുന്ന ഇവിടെനിന്ന് എഴുതിയാല്‍ തീരാത്ത തരംതിരിവുകളും പ്രയാസകരമായ നിരവധി ഉപവേരുകളും വിവിധ ഭാഗങ്ങളിലേക്ക് പരന്നിട്ടുണ്ട്. പളളികളുടെ സംഗമഭൂമിയായ ഇവിടെ 8 ജുമുഅത്ത് പളളികള്‍ അടക്കം 27 പളളികളുണ്ട്. ഇത്രയും കുറഞ്ഞ സ്ഥലത്ത് ഇത്ര കൂടുതല്‍ മുസ്‌ലിം പളളികള്‍ മറ്റെവിടെയും ഇല്ലെന്നാണ് അറിവ്. പുകള്‍പ്പെറ്റ മഊനത്തുല്‍ ഇസ്‌ലാം സഭയും ഇവിടെത്തന്നെ. പളളി പ്പെരുമയാല്‍ പുരാതനകാലം മുതല്‍ ചെറിയ മക്ക, കൈരളിയുടെ മക്ക, പളളികളുടെ മഹാനഗരി എന്നീ പേരുകളില്‍ പ്രസിദ്ധമാണിവിടം.
ശില്‍പ ഭംഗിയുടെ മകുടോദാഹരണമായ വലിയ പള്ളി ആരാധനാലയമെന്നതിനു പുറമെ വിജ്ഞാനത്തിന്റെ വിസ്മയ കേദാരവും അധിനിവേശ വിരുദ്ധ പോരാട്ടത്തിന്റെ ആരംഭസ്ഥാനവുമാണ്. കലയും ചരിത്രവും സംഗമിക്കുന്ന വലിയ സാംസ്‌കാരിക പാരമ്പര്യമുള്ള പള്ളിക്ക് അഞ്ഞൂറ് വര്‍ഷം പഴക്കമുണ്ട്.
വാസ്തുശില്‍പകലാ ലക്ഷണമൊത്ത പള്ളികള്‍, തൊട്ടടുത്ത പള്ളിക്കാടുകള്‍, ഖബറിടങ്ങള്‍, നിരനിരയായുള്ള മീസാന്‍ (നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍, തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടും പതിറ്റാണ്ടുകളും പിന്നിട്ട നാലു കെട്ടുകള്‍, ഒറ്റകള്‍, ഒരേസമയം പള്ളികളില്‍നിന്നുയരുന്ന ഭക്തിമയവും കര്‍ണാനന്ദകരവുമായ വാങ്ക്‌വിളികള്‍ സുബ്ഹിക്കും മഗ്‌രിബിനും മസ്ജിദുകളുടെ അകത്തളങ്ങളില്‍ നിന്നുയരുന്ന തസ്ബീഹ്, തഹ്‌ലീല്, സ്വാലവാത്ത്, തിലാവത്തുകള്‍… എല്ലാം കണ്ടും കേട്ടും നെഞ്ചകം നിര്‍വൃതികൊള്ളും. നിശയുടെ അന്ത്യയാമങ്ങളില്‍ ആരംഭിക്കുന്ന വേറിട്ടുള്ള തഹജുദ് വാങ്ക്‌വിളികള്‍ സുബ്ഹി ആകാറായാല്‍ കൂട്ടവാങ്കുകളായ് അവസാനിക്കുന്നതും വലിയപള്ളിയുടെ പൊലിവും മാഹാത്മ്യവും ആകര്‍ഷണീയതയും മസ്ജിദുകളുടെ സംഗമ സാമീപ്യത്താല്‍ അനുഗൃഹീതവുമായ ഈ പ്രാചീനപട്ടണത്തില്‍ നിന്നല്ലാതെ കേരളത്തില്‍ മറ്റേതു ദേശത്തുനിന്നാണ് ഇത്രയും ഹൃദ്യമായി വിശ്വാസികള്‍ക്ക് സായൂജ്യവും മനഃശാന്തിയും ലഭിക്കുക.
വര്‍ഷങ്ങള്‍ക്കു മുമ്പ് നഗരത്തിലെ ഒരു വിഭാഗം മുസ്‌ലിംകള്‍ പായക്കപ്പലുകള്‍, ഉരുക്കള്‍, പത്തേമാരികള്‍ തുടങ്ങിയവയില്‍ കയറ്റിയിറക്ക് വ്യവസായങ്ങളുടെ അധിപരും പാട്ടവും മിച്ചവരവും ലഭിക്കുന്ന ഭൂസ്വത്ത് ഉടമകളും ആയതിനാല്‍ അടുത്തടുത്ത് മസ്ജിദുകള്‍ നിര്‍മ്മിച്ച് സംരക്ഷിക്കാനും വലിയ പള്ളിയിലും മറ്റു പള്ളികളിലും ഓതിപ്പഠിച്ചിരുന്ന മുതഅല്ലിമുകള്‍ക്കും മുസ്‌ലിയാന്മാര്‍ക്കും ചെലവ് (ഭക്ഷണം) നല്‍കാനും സദാ സന്നദ്ധരായിരുന്നു. 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ നാനൂറോളം മറു നാടന്‍ വിദ്യാര്‍ത്ഥികള്‍ ഓതിപ്പഠിച്ചിരുന്നതായി വില്യം ലോഗന്‍ മലബാര്‍ മാനുവലില്‍ പറയുന്നു. രണ്ടു പഠിതാക്കളെ വീതം ഓരോ വീട്ടുകാരും പോറ്റിവളര്‍ത്തി.
ആണ്ടോടാണ്ട് നീണ്ടുനില്‍ക്കുന്ന ഖത്തം ഓത്ത്, റമളാന്‍ സ്‌പെഷ്യല്‍ ഖത്തം, റബീഉല്‍ അവ്വല്‍ ഒന്നിനാരംഭിച്ച് 40 ഉം 60 ഉം ദിവസം വരെയുള്ള മൗലിദ്, മുഹിയിദ്ദീന്‍ മൗലിദ്, ബദര്‍ മൗലിദ്, ആദ്യം കൊയ്യുന്ന നെല്ല് പത്തായത്തിലെത്തിയാലുള്ള പുത്തരി മൗലീദ്, ചില പ്രത്യേക ദിവസങ്ങളിലെ മൗലിദുകള്‍, ബദര്‍മാല, മുഹിയിദ്ദീന്‍മാല, മരിച്ചാല്‍ 40 ദിവസത്തെ ഖത്ത(ഓത്ത്)പ്പുര, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന കണ്ണൂക്ക് ഓതല്‍, ആണ്ടുനേര്‍ച്ച തുടങ്ങിയവയും മുസ്‌ലിയാര്‍-മൊല്ല-മുതഅല്ലിമുകള്‍ക്കുള്ള ദൈനംദിന ഭക്ഷണവും നഗരത്തില്‍ മിക്കവീടുകളിലും സര്‍വ്വ സാധാരണമായിരുന്നു. പല തറവാടുകളിലും ഇവ തുടര്‍ന്നിരുന്നു. പള്ളിപരിപാലനത്തിനും ഇത്തരം ആചാരാനുഷ്ഠാനങ്ങള്‍ക്കും പൂര്‍വ്വികര്‍ സ്വത്തുക്കള്‍ തന്നെ വഖഫ് ചെയ്തിട്ടുണ്ട്. പലതും കേരള വഖഫ് ബോര്‍ഡു രേഖകളിലുണ്ട്.
ചില വീടുകളില്‍ സുന്നത്ത് കല്ല്യാണം (ചേലാകര്‍മ്മം) മറ്റു കല്ല്യാണങ്ങളേക്കാള്‍ കേമമായാണ് നടത്താറ്. ഇശായ്ക്ക് ശേഷം പള്ളിയില്‍നിന്ന് മുസ്‌ലിയാന്മാരും ബന്ധപ്പെട്ടവരും എത്തി പടാപ്പുറത്തിരുന്ന് ”റാക്കാ വഖ്ത്തി ഫീ റുത്ത്ബത്തീല്‍ ഊലായായി” എന്ന ബൈത്ത് ഉച്ചത്തില്‍ കൂട്ടമായി ചൊല്ലുന്ന സമയം അകത്തളത്തില്‍ (കൊട്ടിലില്‍) വെച്ച് ഒസാന്‍ തന്റെ കര്‍മ്മം നിര്‍വ്വഹിക്കും. വര്‍ഷത്തിലൊരിക്കല്‍ പീടിക മൗലിദും സാഘോഷം ആചരിച്ചു.
സമ്പന്നര്‍ സ്റ്റേഷനറി ഷോപ്പുകളിലും മൊത്തവ്യാപാരത്തിലും ഏര്‍പ്പെട്ടപ്പോള്‍ സാധാരണക്കാര്‍ ഇടത്തരം കച്ചവടത്തിലും പീടിക ജോലിയിലും ചുമട്ടുതൊഴിലിലും ബീഡിതെറുപ്പിലും മറ്റു ഏര്‍പ്പാടുകളിലും വ്യാപൃതരായി. പലഹാരനിര്‍മ്മാണവും ആടുവളര്‍ത്തി പാല്‍ വിതരണവും ബീഡിതെറുപ്പും നഗരത്തിലെ സ്ത്രീകളുടെ കുടില്‍വ്യവസായമായിരുന്നു. കടലില്‍ മത്സ്യബന്ധനം നടത്തിയും വെണ്ണീര്‍ക്കോരിയും കക്ക വാരിയും പൊടി ചെമ്മീന്‍ അരിച്ചും ചെറുവഞ്ചികളില്‍ നിന്ന് വല വീശിയും കയര്‍ പിരിച്ചും ഓല മുടഞ്ഞും വഞ്ചികുത്തിയും വണ്ടിവലിച്ചും ഉപജീവനം കഴിച്ചിരുന്ന ഒരു തലമുറ കടലോരത്തും പുഴയോരത്തും കനാലോരത്തും കായലോരത്തും ജീവിച്ചു. അര്‍ദ്ധപട്ടിണിയിലും മുഴുപ്പട്ടിണിയിലും ഓലപ്പുരകളിലും ചെറ്റപ്പുരകളിലും അന്തിയുറങ്ങിയപ്പോഴും ദുരിതങ്ങളുടെ തിരയടിയിലും പൊന്നാനിയന്‍ സംസ്‌കൃതിയും ആചാരാനുഷ്ഠാനങ്ങളും പുണ്യദിനങ്ങളെയും മാസങ്ങളെയും ആദരിക്കലും, സദാചാരവും കൈ വെടിഞ്ഞില്ല.
പടിഞ്ഞാറന്‍ മാനത്ത് റബീഉല്‍ അവ്വല്‍ മാസപ്പിറവി തെളിഞ്ഞാല്‍ തുടര്‍ന്നുള്ള രാവുകളില്‍ റബീഅ് നിലാവിന്റെ ഇളം കുളിരില്‍ തുഷാര ബിന്ദുക്കള്‍ പൊഴിയും. പള്ളികളും വീടുകളും പാണ്ടികശാലകളും പീടികകളും ചന്ദനത്തിരി, മണികുന്തിരിക്കം, ഉലുവാന്‍ നറുമണത്തില്‍ മദ്ഹുറസൂലാല്‍ മുഖരിതമാകും.
‘സ്വലാത്തും വ തസ്‌ലീമുന്‍/ വ അസ്‌കാതഹിയ്യത്തീ/ അലല്‍ മുസ്ത്വഫല്‍ മുഖ്താരി/ ഖൈരില്‍ ബരിയ്യത്തീ എന്നാരംഭിക്കുന്ന ഈരടികള്‍ ഇമ്പമാര്‍ന്ന ഇശലില്‍ മുസ്‌ലിയാന്മാരും കാരണവന്മാരും കൂടി ചൊല്ലുമ്പോള്‍ പരിസരവും ഇടവഴികളും ഊടു വഴികളും ഭക്തിസാന്ദ്രമാകും. ഒരു മാസം നീണ്ടുനില്‍ക്കുന്ന മന്‍ഖൂ സ് മൗലിദും റബീഊല്‍ ആഖറില്‍ പത്ത് ദിവസം മുഹയിദ്ദീന്‍ മൗലിദും വ്യാപകം. ബാക്കിയുള്ള ഇരുപത് ദിവസവും മന്‍ഖൂസ്വ് തന്നെ ഓതിക്കും. ബുര്‍ദ, ഹംസിയ്യ, ശറഫല്‍അനാം, ബര്‍സഞ്ചീ, സൈനുദ്ദീന്‍ മഖ്ദൂം മൗലിദുകൡല്‍ ഒന്ന് ഓതിയായിരിക്കും പരിസമാപ്തി കുറിക്കുക. അന്നേ ദിവസം കൂട്ടുകുടുംബാദികള്‍ക്കും അയല്‍വാസികള്‍ക്കും സുഭിക്ഷമായ ഭക്ഷണം (ഓജീനം) നല്‍കും. മുസ്‌ലിയാന്മാര്‍ക്ക് കൈമടക്ക് വേറെയും. അന്നൊക്കെ പ്രത്യേക ദിവസങ്ങളില്‍ മന്‍ഖൂസ്വ് ഓതിയാല്‍ ഭക്ഷണവും.
യാസീന്‍ ഓതിയാല്‍ പത്ത് പൈസയുമാണ് ദക്ഷിണ. നബിദിനത്തോട് അനുബന്ധിച്ച് ഇന്നത്തെ പോലെ അന്നദാനം വ്യാപകമായിരുന്നില്ല. പക്ഷേ പൊന്നാനിയിലും പരിസരത്തും വിതരണം ചെയ്തിരുന്ന വലിയ പള്ളിയിലെ മൗലിദ് ചോറ് പ്രസിദ്ധമാണ്. അക്കാലത്ത് ആയിരക്കണക്കിന് കുടുംബങ്ങളത് ഭക്ഷിക്കും.
ഹിളര്‍ മൗലിദ്, രിഫാഈ മൗലിദ്, സിദ്ദീഖ് മൗലിദ്, ബദര്‍ മൗലിദ്, ഹംസത്ത് മൗലിദ്, ബീവി ഫാത്തിമ മൗലിദ്, ബീവി മറിയം മൗലിദ്, 313 മുര്‍സലീങ്ങളുടെ മൗലിദ്, റാബീഅതുല്‍ അദവിയ മൗലിദ്, നഫീസത്തുല്‍ മിസ്‌രിയ മൗലിദ്, ശാഫിഈ ഇമാം മൗലിദ്, മിഅ്‌റാജ് മൗലിദ്, ഉമറുല്‍ ഫാറൂഖ് മൗലിദ്, പത്ത് സഹാബികളുടെ മൗലിദ്, സയ്യിദ് അഹമ്മദ് ബദവി മൗലിദ്, മുഹിയിദ്ദീന്‍ മാല, നഫീസത്ത് മാല, മഖ്ദൂം മാല നേര്‍ച്ചപ്പാട്ട്, സലാമത്ത് മാല, ശാദുലി റാതീബ്, മുഹിയിദ്ദീന്‍ റാതീബ്, കുത്താറാതീബ്, ബദവി റാതീബ് തുടങ്ങിയവ അവസരോചിതമായി പല വീട്ടുകാരും ഓതിക്കാറുണ്ടായിരുന്നു. ഗര്‍ഭം ധരിച്ചാല്‍ സൂറത്തുല്‍ അന്‍ആം ഓതുകയും സ്ത്രീകളെ ബുര്‍ദ ഓതി മന്ത്രിക്കുകയും പ്രസവാസന്ന സമയത്ത് മഞ്ഞക്കുളം മാല ഓതിപ്പിക്കുകയും ചെയ്യുമായിരുന്നു.
റബീഉല്‍ അവ്വല്‍ മൗലിദ് അധികവും പതിനൊന്ന് ദിവസമായി ചുരുങ്ങി. ചിലയിടങ്ങളില്‍ ഏതാനും ദിവസങ്ങളും, ഒരു മാസവും, നാല്‍പത് ദിവസവും ഓതാറുണ്ട്. വീടുകളിലും പള്ളികളിലും സുബ്ഹി, അസര്‍, മഗ്‌രിബ്, ഇശാഅ് നിസ്‌കാരങ്ങള്‍ക്ക് ശേഷമാണ് മൗലിദ് പാരായണം. 12-ാം രാവ് സമാപന ദിവസം പള്ളിയും പരിസരവും ദീപാംകൃതമാകും. മന്‍ഖൂസിന് പുറമെ മറ്റു മൗലിദുകളും അദ്കാറുകളും ചൊല്ലാറുണ്ട്. ചീരണി, കാവ, തരിക്കഞ്ഞി മധുര പാനീയ വിതരണവും അന്നദാനവും അന്ന് നടക്കും. വലിയപള്ളിയിലെ മൗലിദ്, അദ്കാറുകള്‍ക്ക് നൂറുക്കണക്കിന് വിശ്വാസികള്‍ പങ്കെടുക്കും. മദ്രസകള്‍ ജാഥയും പൊതുസമ്മേളനവും പഠിതാക്കളുടെ സര്‍ഗപ്രതിഭ മാറ്റുരക്കാന്‍ മത്സരപ്പരിപാടികളും സംഘടിപ്പിക്കും. മഖ്ദൂം മഖ്ബറ സിയാറത്തിന് ശേഷം സമൂഹ സ്വലാത്ത് ജാഥ സംഘടിപ്പിക്കും. മോട്ടോര്‍ വാഹനങ്ങള്‍ അലങ്കരിച്ച് നഗരം ചുറ്റും. ഇങ്ങനെ ഇസ്‌ലാമികാചാരങ്ങളുടെ എല്ലാ തനിമയും നെഞ്ചിലേറ്റുന്നവരാണ് എക്കാലത്തും പൊന്നിയും പൊന്നാനിക്കാരും.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter