നാഥനെ വാഴ്ത്താം തക്ബീര്‍ ധ്വനികളിലൂടെ
അല്ലാഹു പരമോന്നതനാണ്. 'ആകാശങ്ങളിലും ഭൂമിയിലും അവന്നു തന്നെയാണ് മഹത്വം' (ഖുര്‍ആന്‍, സൂറത്തുല്‍ ജാശിയ: 37).
അവന്‍ സര്‍വ്വാധിപനാണ്. 'അവനത്രെ പരിശുദ്ധന്‍! ഏകനും സര്‍വ്വാധിപതിയുമായ അല്ലാഹുവാണ് അവന്‍' (ഖുര്‍ആന്‍, സൂറത്തുല്‍ സുമര്‍: 04).
അവന്‍ സര്‍വ്വശക്തനാണ്. 'മഹാനും ഉന്നതനുമാണ് അവന്‍' (ഖുര്‍ആന്‍, സൂറത്തുല്‍ റഅ്ദ്: 09).
അവന്‍ സര്‍വ്വവും അറിയുന്നവനാണ്, അടിമകളൊക്കെയും അവനിക്ക് കീഴ്‌പെട്ടവരാണ്. 'അല്ലാഹുവിനാണ് ആകാശങ്ങളിലും ഭൂമിയിലും ഉള്ളവരെല്ലാം സ്വമനസ്സോടെയും നിര്‍ബന്ധിതരായിട്ടും പ്രണാമം ചെയ്തുക്കൊണ്ടിരിക്കുന്നത്'(ഖുര്‍ആന്‍, സൂറത്തുല്‍ റഅ്ദ:് 15).
അങ്ങനെയുള്ള പ്രപഞ്ച പരിപാലകനായ അല്ലാഹുവിനെ വാഴ്ത്താനും പരിശുദ്ധനാക്കാനുമാണ് പ്രവാചകന്‍ കല്‍പ്പിച്ചത്. തക്ബീര്‍ ചൊല്ലാനും കല്‍പ്പിക്കുകയുണ്ടായി.
'നിന്റെ നാഥനെ നീ മഹത്വപ്പെടുത്തുക' (ഖുര്‍ആന്‍, സൂറത്തുല്‍ മുദ്ദഥിര്‍: 03). 'അവനെ ശരിയാംവണ്ണം മഹത്വപ്പെടുത്തുക' (ഖുര്‍ആന്‍, സൂറത്തുല്‍ ഇസ്‌റാഅ് 111).
തക്ബീര്‍ (അല്ലാഹു അക്ബര്‍) അറബികള്‍ മഹത്വപ്പെടുത്താന്‍ ഉപയോഗിക്കുന്ന വാക്കുകളില്‍ വെച്ച് ഏറ്റവും അനുയോജ്യമായതാണ്. തക്ബീര്‍ മഹോന്നത വാക്യമാണ്, അല്ലാഹുവിങ്കല്‍ അത് മഹത്തരമാണ്. അവനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതും ആ വാക്കാണ്.
പ്രവാചര്‍ പഠിപ്പിക്കുന്നു: 'നാല് വാക്കുകളാണ് അല്ലാഹുവിന് ഏറ്റവും ഇഷ്ടം
1) സുബ്ഹാനല്ലാഹ്
2) അല്‍ഹംദുലില്ലാഹ്
3) ലാഇലാഹ ഇല്ലല്ലാഹ്
4) അല്ലാഹു അക്ബര്‍
ഇവ കൊണ്ട് തുടങ്ങിയതിലൊന്നും ബുദ്ധിമുട്ടുണ്ടാവില്ല' (മുസ്ലിം).
അല്ലാഹു അക്ബര്‍ എന്ന് പറയലാണ് ദുനിയാവിനേക്കാളും അതിലുള്ള മുഴുവതിനേക്കാളും നല്ലത് (തഫ്‌സീര്‍ ഖുര്‍ത്വുബി).
അല്ലാഹു അക്ബര്‍ എന്ന മഹിത വാക്യത്തിന്റെ അര്‍ത്ഥവും ആശയവുമുള്‍ക്കൊണ്ട് ഒരുത്തന്‍ അത് ഉച്ചരിച്ചാല്‍ സ്വര്‍ഗം കൊണ്ട് അനുഗ്രഹിക്കപ്പെടും. ഒരിക്കല്‍ നബി പറഞ്ഞു: 'തക്ബീര്‍ പറഞ്ഞവന്‍ സന്തോഷവാര്‍ത്ത അറീക്കപ്പെടുകതന്നെ ചെയ്യും'. അവര്‍ ചോദിച്ചു സ്വര്‍ഗം കൊണ്ടുള്ള സന്തോഷവാര്‍ത്തയാണോ?. നബി മറുപടി പറഞ്ഞു: അതെ (ത്വബ്‌റാനി).
സകല കാലത്തിലും സകല കോലത്തിലും തക്ബീര്‍ ചൊല്ലിക്കൊണ്ടിരിക്കണം. തക്ബീര്‍ കൊണ്ട് പ്രപഞ്ചനാഥനെ സ്മരിക്കുകയും അവന്റെ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയുകയും വേണം. നിസ്‌ക്കാരത്തിലും നോമ്പിലും ഹജ്ജിലും എന്നിങ്ങനെ ആരാധനാമുറകളിലൊക്കെയും തക്ബീര്‍ ചൊല്ലാന്‍ ഇസ്ലാം മതം അനുശാസിക്കുന്നു. ബാങ്കും ഇഖാമത്തും നിസ്‌ക്കാരവും തുടങ്ങുന്നതും തക്ബീര്‍ കൊണ്ടാണ്. നബി പറയുന്നു:
'തക്ബീര്‍ നിസ്‌ക്കാരത്തിന്റെ ഇഹ്‌റാമാണ്, സലാം വീട്ടലാണ് അതിന്റെ വിരാമം' (ഹദീസ് അബൂദാവൂദ്).
പുണ്യ റമളാന്‍ മാസം പൂര്‍ത്തിയാക്കി ഈദുല്‍ ഫിത്വര്‍ സമാഗതമാവുമ്പോഴും തക്ബീര്‍ ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നു:
'നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കാനും, നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയത്രെ' (ഖുര്‍ആന്‍, സൂറത്തുല്‍ ബഖറ: 185).
ബലി പെരുന്നാള്‍ ദിവസവും തക്ബീര്‍ ചൊല്ലാന്‍ അല്ലാഹു കല്‍പ്പിക്കുന്നു: 'അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ് അവനിലേക്ക് എത്തുന്നത്. അല്ലാഹു നിങ്ങള്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയതിന്റെ പേരില്‍ നിങ്ങള്‍ അവന്റെ മഹത്വം പ്രകീര്‍ത്തിക്കാന്‍ വേണ്ടി അവന്‍ അവയെ നിങ്ങള്‍ക്ക് കീഴ്‌പ്പെടുത്തിത്തന്നിരിക്കുന്നു. നബിയേ... താങ്കള്‍ സദ്‌വൃത്തര്‍ക്ക് സന്തോഷവാര്‍ത്ത അറിയിക്കുക' (ഖുര്‍ആന്‍ സൂറത്തുല്‍ ഹജ്ജ്: 37).
യാത്രാവേളകളിലും തക്ബീര്‍ ചൊല്ലണം. നബി പറയുന്നു: 'യാത്രക്കായി ഒട്ടകത്തില്‍ കയറിയാല്‍ മൂന്നുവട്ടം തക്ബീര്‍ ചൊല്ലണം' (ഹദീസ് മുസ്ലിം).
ജാബിര്‍ ബ്‌നു അബ്ദുല്ല പറയുന്നു: 'ഞങ്ങള്‍ വാഹനം കയറിയാല്‍ തക്ബീര്‍ ചൊല്ലുമായിരുന്നു, വാഹനം ഇറങ്ങിയാല്‍ തസ്ബീഹ് ചൊല്ലുമായിരുന്നു' (ഹദീസ് ബുഖാരി).
അല്ലാഹു അക്ബര്‍ എന്ന മഹത് വചനം പ്രതീക്ഷയുടെ പുതുനാമ്പുകളാണ് വിശ്വാസിക്ക് സമ്മാനിക്കുന്നത്. ബുദ്ധിമുട്ടനുഭവിക്കുന്നവന്‍ അത് അര്‍ത്ഥം മനസ്സിലാക്കി ഉച്ചരിച്ചാല്‍ സര്‍വ്വശക്തനായ അല്ലാഹുവിന്റെ മഹത്വവും കഴിവും വലിപ്പത്തരവും അവന്റെ മനസ്സിനെ ബോധ്യപ്പെടുത്താനാവും.
'ആകാശങ്ങളിലും ഭൂമിയിലുമുള്ള യാതൊന്നിനും അല്ലാഹുവിനെ ദുര്‍ബലപ്പെടുത്താനാവില്ല. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു' (ഖുര്‍ആന്‍, സൂറത്തുല്‍ ഫാത്വിര്‍: 44).
നിത്യജീവിതത്തില്‍ നാം തക്ബീര്‍ ചൊല്ലാന്‍ ശീലിക്കേണ്ടിയിരിക്കുന്നു. തക്ബീര്‍ അല്ലാഹുവിന്റെ ചിഹ്നമാണ്.
'വല്ലവനും അല്ലാഹുവിന്റെ മതചിഹ്നങ്ങളെ ആദരിക്കുന്ന പക്ഷം തീര്‍ച്ചയായും അത് ഹൃദയങ്ങളിലെ ഭയഭക്തിയില്‍ നിന്നുണ്ടാകുന്നതത്രെ' (ഖുര്‍ആന്‍ സൂറത്തുല്‍ ഹജ്ജ:് 32).
ദുല്‍ഹിജ്ജ മാസത്തിലെ ഈ ദിനരാത്രങ്ങളില്‍ തക്ബീര്‍ അധികരിപ്പിക്കണം. പ്രത്യേകിച്ച് ഫര്‍ള് നിസ്‌ക്കാരങ്ങള്‍ക്ക് ശേഷം ബലിപെരുന്നാളിന്റെ നാലാം ദിവസം അസര്‍ നിസ്‌ക്കാരം വരെ തക്ബീര്‍ തുടരാം.
(യുഎഇ ജുമുഅ ഖുത്ബയെ അടിസ്ഥാനമാക്കി തയ്യാറാക്കിയത്)
Leave A Comment