പാരീസ് ആക്രമണത്തിന്റെ ഗുണഭോക്താക്കള്‍
ഫ്രഞ്ച് ആക്ഷേപ ഹാസ്യ വാരിക ഷാര്‍ലി എബ്ദോ ആസ്ഥാനത്ത് കഴിഞ്ഞ വാരം നടന്ന തീവ്രവാദീ ആക്രമണത്തിന്റെ യഥാര്‍ഥ ഗുണഭോക്താക്കള്‍ ആക്രമണം നടത്തിയെന്ന് അവകാശപ്പെടുന്ന അല്‍-ഖായിദയോ യൂറോപിലാകമാനം ശക്തിപ്രാപിച്ചു വരുന്ന മുസ്‍ലിം കുടിയേറ്റ വിരുദ്ധരായ തീവ്രവലതു പക്ഷ വിഭാഗങ്ങളോ അല്ല. ആക്രമണം നടന്നയുടനെ ഫ്രാന്‍സിലെ ജൂതന്മാരെ ഇസ്രയേലിലേക്ക് ക്ഷണിച്ച് ജൂതരാഷ്ട്രം വിപുലപ്പെടുത്താനും മുസ്‍ലിം വിരുദ്ധ വികാരവും അതുവഴി ഫലസ്തീന്‍ വിരുദ്ധ മനോഭാവവും ലോകനേതാക്കള്‍ക്കിടയില്‍ ശക്തിപ്പെടുത്താനും ശ്രമിച്ച സയണിസ്റ്റ് ലോബികളും അവരുടെ നേതാവ് നെതന്യാഹുവും ആണ്.
ആക്രമണത്തിന്റെ തുടക്കം മുതല്‍ നെതന്യാഹുവിന്റെയും ഇസ്രയേല്‍ നേതൃത്വത്തിന്റെയും പ്രതികരണങ്ങള്‍ അത്തരത്തില്‍ മുസ്‍ലിം വിരുദ്ധമായിരുന്നു. ഇസ്രയേല്‍ ഫ്രാന്‍സിലെ ജൂതന്മാരുടെ കൂടി വീടാണെന്നായിരുന്നു നെതന്യാഹുവിന്റെ ആദ്യ പ്രതികരണങ്ങളിലൊന്ന്. (ഫ്രാന്‍സിനെ പിറകില്‍ നിന്നും കുത്തുന്ന പോലെയാണ് ഈ പ്രഖ്യാപനമെന്ന് ഇസ്രയേലിലെ തന്നെ ബുദ്ധിജീവികള്‍ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിലേക്കുള്ള പലായനമല്ല ജൂതന്മാരുടെ ഏതു പ്രശ്നത്തിനുള്ള പരിഹാരമെന്നാണ് ഫ്രഞ്ച് പ്രസിഡന്റ് ഇതിനെതിരെ പ്രതികരിച്ചത്) അതുകഴിഞ്ഞ് പാരീസിലെ ലോകനേതാക്കളുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഭീകര വിരുദ്ധ റാലിയില്‍ ജൂതരാഷ്ട്ര നേതാവിന്റെ പെരുമാറ്റവും ലോകത്തെ ചിരിപ്പിക്കുന്നതും അതേസമയം കപടവുമായിരുന്നു. നെതന്യാഹിവിനെ സ്വഭാവം അറിയുന്നതു കൊണ്ടായിരിക്കാം അദ്ദേഹത്തെ ക്ഷണിക്കാന്‍ ഫ്രഞ്ച് പ്രസിഡന്റിനു ആഗ്രഹമില്ലായിരുന്നു. നെതന്യാഹു റാലിയിലെത്തിയാല്‍ റാലിയുടെ ഭീകര വിരുദ്ധ സ്വഭാവം നഷ്ടപ്പെടുമെന്നും റാലിയില്‍ അറബ് ഇസ്രയേല്‍ സംഘര്‍ഷം കൂടി പ്രതിഫലിക്കുമോ എന്നും ഫ്രാന്‍സ് ഭയപ്പെട്ടിരുന്നുവത്രെ. അത് അവഗണിച്ച് പാരീസിലെത്തിയപ്പോള്‍ അദ്ദേഹത്തിന് കിട്ടിയതാകട്ടെ റാലിയില്‍ പിന്‍നിരയും. തന്റെ ഭീകരവിരുദ്ധതയും അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി താന്‍ നടത്തുന്ന ശ്രമങ്ങളില്‍ അമിത വിശ്വാസവും ഉള്ളതു കൊണ്ടാകാം അദ്ദേഹം ലോകനേതാക്കളെ വകഞ്ഞുമാറ്റി റാലിയുടെ മുന്‍നിരയിലേക്ക് തള്ളിക്കയറി വന്നത് ലോകമാധ്യമങ്ങള്‍ പരിഹാസ്യത്തോടെയാണ് കണ്ടത്.
ഷാര്‍ലി എബ്ദോക്ക് നേരെ നടന്ന ആക്രമണത്തെ ജൂതര്‍ക്ക് നേരെ നടന്ന ആക്രമണമായി കണ്ട് ഫ്രാന്‍സിലെ അഞ്ച് ലക്ഷത്തോളം വരുന്ന ജൂത സമൂഹം അപകടകരമായ ചുറ്റുപാടിലാണ് ജീവിക്കുന്നതെന്നും അവരോട് ഇതാ സുരക്ഷിതമായ ഇസ്രയേല്‍. ഇങ്ങോട്ട് വരൂ എന്നുമാണ് അദ്ദേഹം പറഞ്ഞത്. തീവ്രവാദികളുടെ ആക്രമണത്തില്‍ ക്രിസ്ത്യനും മുസ്‍ലിമും ഒക്കെ കൊല്ലപ്പെട്ടിട്ടുണ്ട് എന്നകാര്യം സയണിസ്റ്റ് ലോബികള്‍ മനപൂര്‍വം മറന്നു. ആക്രമണം ഒരിക്കലും ഏതെങ്കിലും മതത്തിനെതിരെയോ ഏതെങ്കിലും മതത്തിന് വേണ്ടിയോ ആയിരുന്നില്ല.
ഇസ്രയേല്‍ നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ തിരിഞ്ഞു നില്‍ക്കുന്ന സ്ഥലം മാത്രമല്ല, നിങ്ങളുടെ രാജ്യം കൂടിയാണെന്നാണ് നെതന്യാഹു ആക്രമണത്തില്‍ കൊല്ലപ്പെട്ട ജൂതന്മാരായ യഓവ് ഹത്താബ്, ഫിലിപ്പി ബ്രഹാം, യോഹാന്‍ കോഹന്‍, ഫ്രാന്സിസ്‍ മൈക്കള്‍ സാദ എന്നിവരെ പേരെടുത്ത് പരാമര്‍ശിച്ച് പറഞ്ഞത്. മാത്രമല്ല, ഫ്രാന്‍സിലെയും യൂറോപിലെയും മുഴുവന്‍ ജൂത ആരാധനാലയങ്ങള്‍ക്കും കടുത്ത സുരക്ഷ നല്‍കാനും അദ്ദേഹം ആവശ്യപ്പെട്ടു. ഇസ്രേയിലിലേക്കുള്ള ആലിയ (പലായനം) ആണ് ഫ്രാന്‍സിലെയും യൂറോപിലെയും ജൂതന്മാര്‍ക്കുള്ള ഏറ്റവും വലിയ രക്ഷമാര്‍ഗമെന്നാണ് ഇസ്രയേല്‍ വിദേശകാര്യമന്ത്രി ലിബര്‍മാനും പ്രതികരിച്ചത്. ഇതേ ആശയത്തെ ഇസ്രയേല്‍ പ്രതിരോധ മന്ത്രി മോശെ യാലോനും പിന്തുണച്ചിരുന്നു.
[caption id="attachment_42589" align="alignleft" width="583"]
പാരീസില്‍ സംഘടിപ്പിച്ച ഭീകരവിരുദ്ധ റാലിയില്‍ മുന്‍നിരയിലേക്ക് തള്ളിക്കയറുന്ന ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു[/caption]
പ്രസ്താവനകള്‍ക്ക് പുറമെ ഫ്രാന്‍സിലെ ഇസ്രേയല്‍ എംബസിയില്‍ ജൂത കുടിയേറ്റം പ്രോത്സാഹിപ്പിക്കാന്‍ വേണ്ടി മാത്രം പ്രത്യേക വിഭാഗം പ്രവര്‍ത്തനമാരംഭിക്കാനും നെതന്യാഹു ഉത്തരവിട്ടിരുന്നു. എംബസിയില്‍ ഇസ്രയേലിലേക്കുള്ള പലായനം സംബന്ധിച്ച് പതിവില്‍ കൂടുതല്‍ അന്വേഷണങ്ങള്‍ ആക്രമണ ശേഷം വന്നതായി ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു കഴിഞ്ഞതായാണ് വിവരങ്ങള്‍.
ജൂതന്മാരെ ലക്ഷ്യമാക്കിയല്ല പാരീസ് ആക്രമണമെന്ന് വ്യക്തമാണെന്നിരിക്കെ ലോകത്തെ മുഴുവന്‍ തീവ്രവാദികളും ജൂതരെയാണ് വേട്ടയാടുന്നതെന്നും അതുവഴി എക്കാലത്തെയും ജൂതതന്ത്രമായ ഇരവാദം ശക്തിപ്പെടുത്താനുമായിരുന്നു ഇസ്രയേല്‍ ശ്രമം. ഫലസ്തീനിലെ അധിനിവേശത്തിന് എതിരെ ഹമാസ് നടത്തുന്ന പ്രതിരോധത്തെ പാരീസിലെ ആക്രമണത്തോട് ഉപമിക്കുകയും അതുവഴി അറബ് വിരുദ്ധത ലോകത്ത് പ്രചരിപ്പിക്കാനുമാണ് നെതന്യാഹു പാരീസ് ആക്രമണം വഴി കാര്യമായി ശ്രമിച്ചത്. ഫ്രാന്‍സില്‍ നിന്നല്ല ഏത് രാജ്യത്ത് നിന്നുള്ള ജൂതപലായനവും ദുരിതത്തിലാക്കുക ഫലസ്തീന്‍ ജനതയെ തന്നെയായിരിക്കും. നിലവില്‍ തന്നെ അനധികൃ ജൂത കുടിയേറ്റത്തിന് വേണ്ടി ഫലസ്തീന്‍ മണ്ണ് ജൂതലോബികള്‍ ഭീകരമായ അളവില്‍ കവര്‍ന്നെടുത്ത് വരികയാണ്. ജൂതരാഷ്ട്ര വിപൂലീകരണത്തിന് കൂടുതല്‍ ജൂതന്മാര്‍ ഇസ്രയേലിലേക്കെത്തുകയും അവര്‍ക്ക് കിടപ്പാടമൊരുക്കാന്‍ ഫലസ്തീനെ തുടച്ചു നീക്കുകയും ചെയ്യേണ്ടത് സയണിസ്റ്റു ലോബികളുടെ ആവശ്യമാണ്.
ഈയവസരത്തിലാണ് കുറച്ച് മുമ്പ് ഒരു യുഎസ് നയതന്ത്രജ്ഞന്‍ നെതന്യഹുവിനെ പറ്റി പറഞ്ഞ കാര്യം ഓര്‍മ വരുന്നത്. നെതന്യാഹു ഭീരുവും സ്വന്തം രാഷ്ട്രീയലാഭത്തിനായി എന്തും ചെയ്യാന്‍ മടിയില്ലാത്തയാളുമെന്നാണ് വൈറ്റ് ഹൌസിലെ പേരുവെളിപ്പെടുത്താത്ത ഒരുദ്യോഗസ്ഥന്‍ കുറച്ച് മുമ്പ് യു.എസിലെ ദി അറ്റലാന്റിക് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇസ്‍റായേലിന്റെ അധിനിവേശത്തെ അനുകൂലിക്കുമ്പോള്‍ തന്നെ യു.എസിന്റെ സമാധാന ശ്രമങ്ങളുമായി സഹകരിക്കാത്തതും അനധികൃത ഭവന സമുച്ചയങ്ങളുടെ നിര്‍മാണത്തിന് നെതന്യാഹു യു.എസ് മാനദണ്ഡങ്ങള്‍ മറികടന്നു കാണിക്കുന്ന ധൃതിയുമാണ് അദ്ദേഹത്തെ അങ്ങനെ പറയാന്‍ പ്രേരിപ്പിച്ചത്.സമാനമാണ് പാരീസ് ആക്രമണ ശേഷം നെതന്യാഹുവിന്റെ പെരുമാറ്റവും.
ഫലസ്തീനില്‍ 17 മാധ്യമപ്രവര്‍ത്തകരെ കൊന്നൊടുക്കി, രണ്ടായിരത്തിലധികം പേരെ ഗാസയില്‍ കൂട്ടക്കൊല ചെയ്യാന്‍ ഉത്തരവിട്ട് അധികം കഴിയുന്നതിന് മുമ്പാണ് മാധ്യമ സ്വാതന്ത്ര്യത്തിനും കൊല്ലപ്പെട്ട 12 പേര്‍ക്കും വേണ്ടി നെതന്യാഹു ശബ്ദിച്ചത് എന്ന് മറ്റൊരു തമാശ. പക്ഷെ ഇതിനെതിരെ ശബ്ദിക്കാന്‍ കുറച്ച് പേരെ രംഗത്തുവന്നുള്ളൂ. മറ്റേത് അറബ് രാജ്യങ്ങളെയും പിന്തള്ളി തുര്‍ക്കി ഈ വിഷയത്തില്‍ ധീരമായ നിലപാടായിരുന്നു സ്വീകരിച്ചത്. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനും പ്രധാനമന്ത്രി അഹ്മദ് ദാവൂദൊഗ്ലുവും അദ്ദേഹത്തിന്റെ കപടതക്കെതിരെ ശക്തമായിത്തന്നെ രംഗത്തുവന്നു.
നാസികളുടെ വംശഹത്യക്ക് ശേഷം സയണിസ്റ്റ് ലോബികള്‍ ആരംഭിച്ച ഇരവാദം ഫലസ്തീനെ തുടച്ച് മാറ്റുന്നത് വരെ തുടരുമെന്നാണ് ഇത് നല്‍കുന്ന സൂചന. അറബികളെ ആട്ടിയോടിച്ച് വിശുദ്ധ നഗരത്തില്‍ ജൂതരാഷ്ട്രം സ്ഥാപിക്കപ്പെട്ടതു മതുല്‍ സയണിസ്റ്റുലോബികളുടെ സ്ഥാനം ഇരകളില്‍ നിന്ന് വേട്ടക്കാരായി പരിണമിച്ചുവെന്നത് എല്ലാവര്‍ക്കും അറിയുന്ന വസ്തുതയാണ്. ലോകത്ത് നടക്കുന്ന മുഴുവന്‍ ആക്രമണങ്ങളും ജൂതര്‍ക്കെതിരെയാണെന്നും അതിന് പിന്നില്‍ മുസ്‍ലിംകളാണെന്ന് വിളിച്ചുപറയുകയും ചെയ്യുകയാണ് സയണിസ്റ്റുകളുടെ ഇരവാദത്തിന്റെ ഏറ്റവും പുതിയ രൂപം.



Leave A Comment