നബിദിനത്തിന് ഇപ്പോഴും ലോസഞ്ചര്‍ മിഠായിയുടെ മധുരം

പരപ്പനങ്ങാടി നജ്മുല്‍ഹുദാ മദ്‌റസയിലാണ് ഞാന്‍ പഠിച്ചത്. ഏഴാം ക്ലാസ് വരെയുണ്ടായിരുന്നു അവിടെ. അക്കാലത്ത് വളരെ കുറച്ച് മദ്‌റസകളിലേ ഏഴാം തരം ഉണ്ടായിരുന്നുള്ളൂ.

മദ്‌റസയിലെ നബിദിനാഘോഷം ഇന്നും ഒരു ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മയായി ശേഷിക്കുന്നു. പട്ടിണിയുടെ കരിനിഴലിന് കീഴിലായിരുന്നെങ്കിലും അന്നേ ദിവസം സന്തോഷത്തോടെ കഴിയാന്‍ ആവും വിധം എല്ലാവരും ഉല്‍സാഹിക്കാറുണ്ടായിരുന്നു. അക്കാലത്ത്, ഘോഷയാത്രകളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തിരുന്നത് നന്നേ ചെറിയ ലോസഞ്ചര്‍ മിഠായികളായിരുന്നു. അതേക്കാള്‍ വലുതോ വില പിടിപ്പുള്ളതോ നല്‍കാന്‍ അധികമാര്‍ക്കും സാധിക്കുമായിരുന്നില്ല. നബിദിനഘോഷയാത്രകള്‍ എല്ലാ മദ്റസകളും സംഘടിപ്പിക്കാറുണ്ടായിരുന്നു. എന്നാല്‍ യാത്രക്കാരെ ബുദ്ധിമുട്ടിക്കുകയോ വാഹനഗതാഗതത്തിന് തടസ്സം നേരിടുകയോ ചെയ്യാതെയായിരുന്നു അതെല്ലാം നടത്തിയിരുന്നത്. വഴിയിലെ തടസ്സം നീക്കുന്നത് പോലും വിശ്വാസത്തിന്റെ ഭാഗമാണെന്ന് പഠിപ്പിച്ച പ്രവാചകരുടെ ജന്മദിനത്തില്‍, പലരും ഇന്ന് വഴി മുടക്കുന്നത് കാണുമ്പോള്‍ അക്കാലത്തെ പ്രകടനങ്ങളും ഘോഷയാത്രകളും ഓര്‍ത്തുപോവാറുണ്ട്.

അന്നൊക്കെ റബീഉല്‍അവ്വല്‍ മുപ്പത് ദിവസവും വീടുകളില്‍ മൗലിദ് പാരായണം നടത്താറുണ്ടായിരുന്നു. നബിദിനത്തോടനുബന്ധിച്ച് വഅ്‌ള് പരമ്പരകളും പതിവായിരുന്നു. അത്തരം സദസ്സുകളില്‍നിന്നായിരുന്നു പലപ്പോഴും പ്രവാചകചരിത്രവും ആ മഹദ്ജീവിതത്തിലെ വിവിധ ഭാഗങ്ങളും ഇസ്‌ലാമിക ചരിത്രവുമെല്ലാം അധികപേരും പഠിച്ചിരുന്നത്. അന്നെല്ലാം വഅ്ള് പറയുന്നവര്‍ക്ക് തികഞ്ഞ ആത്മീയ പരിവേഷവുമുണ്ടായിരുന്നു, അത് കൊണ്ട് തന്നെ കേള്‍ക്കുന്നവരിലും ശ്രോതാക്കളിലും വേണ്ടത് പോലെ സ്വാധീനം ചെലുത്താന്‍ അവക്ക് സാധിച്ചിരുന്നു.

വാച്ചുകളോ ക്ലോക്കകളോ ഇല്ലായിരുന്ന അക്കാലത്ത്, പരപ്പനങ്ങാടിക്കാരായ ഞങ്ങളുടെയെല്ലാം സമയം നിര്‍ണ്ണയിച്ചിരുന്നത് ട്രെയിനുകളായിരുന്നു. പത്ത് മണിയുടെ വണ്ടി പോയി, പതിനൊന്നരമണിയുടെ വണ്ടി വരുന്നുണ്ട് എന്നൊക്കെയായിരുന്നു അന്നത്തെ സമയക്കണക്കുകള്‍.

ഇന്ന് ഭൗതികമുന്നേറ്റങ്ങളെല്ലാം കൈപ്പിടിയിലൊതുക്കി, മുഴുസൗകര്യങ്ങളുമുണ്ട്. സ്മാര്‍ട്ട് ഫോണുകളും ബ്ലൂടുത്തുകളുമൊക്കെയായി പുതുതലമുറ നവലോകങ്ങള്‍ കീഴടക്കുമ്പോഴും, അവക്കൊന്നും ആ പഴയ മാധുര്യമോ അനുഭൂതിയോ നല്‍കാനാവുന്നില്ലെന്ന് തന്നെയാണ് ഞങ്ങളെല്ലാം  ഇപ്പോഴും വിശ്വസിക്കുന്നത്. രണ്ടാഴ്ചയിലോ മാസത്തിലൊരിക്കലോ വിവരമറിയാനും അറിയിക്കാനുമായി വീടുപടി കടന്നുവരുന്ന അമ്മാവന്മാരുടെയും മറ്റു ബന്ധുക്കളുടെയും വരവിന്റെ ആസ്വാദ്യതയും വരവേല്പിന്റെ അനുഭൂതിയും ഒന്ന് വേറെത്തന്നെയായിരുന്നില്ലേ. ഏത് സമയത്തും വിളിക്കാനും കേള്‍ക്കാനും വീഡിയോ ചാറ്റിലൂടെ കാണാനും സാധ്യമാകുന്ന ഇക്കാലത്ത് അല്ലെങ്കിലും അതൊക്കെയങ്ങനെ ലഭിക്കാനാണ്.

 

പി.എസ്.എച്ച്. തങ്ങള്‍ പരപ്പനങ്ങാടി

പ്രസിഡണ്ട്, ഖത്തര്‍ കെ.എം.സി.സി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter