ശത്രുവിനെ പോലും മിത്രമാക്കുന്ന പെരുമാറ്റം

സുമാമതുബ്നുഉസാല്‍ പ്രവാചകരുടെ ആദ്യകാല വിരോധികളില്‍ പ്രമുഖനായിരുന്നു. ബനൂഹനീഫ ഗോത്രത്തിന്റെ തലവനായ അദ്ദേഹം പ്രവാചകരെ വധിക്കാനായി തീരുമാനിച്ചുറക്കുകയും അതിനായി ആഹ്വാനം ചെയ്യുകയും ചെയ്തു. അതിനിടയിലാണ് അവിചാരിതമായി അദ്ദേഹം പ്രവാചകാനുയായികളുടെ കൈയ്യില്‍ അകപ്പെടുന്നത്. മദീനയുടെ അതിര്‍ത്തികളിലൂടെ റോന്ത് ചുറ്റുകയായിരുന്ന അവരുടെ മുമ്പില്‍ സുമാമ ചെന്ന് പെടുകയായിരുന്നു. പ്രവാചകര്‍ക്കും അനുയായികള്‍ക്കുമെതിരെ ശക്തമായ നീക്കങ്ങള്‍  നടത്തിയിരുന്ന സുമാമയെ അവര്‍ ബന്ധിയാക്കി മദീനയിലെ പള്ളിയില്‍കൊണ്ടുവന്നു. പ്രവാചകര്‍ വരുന്നത് വരെ അവര്‍ അദ്ദേഹത്തെ പള്ളിയിലെ ഒരു തൂണില്‍ ബന്ധിച്ചു. പ്രവാചകര്‍ തന്നെ വധിച്ചുകളയാന്‍ കല്‍പന പുറപ്പെടുവിക്കുമെന്നതില്‍ സുമാമക്ക് ഒട്ടും സംശയമുണ്ടായിരുന്നില്ല, കാരണം താന്‍ മുസ്ലിംകള്‍ക്കെതിരെ ചെയ്ത്കൂട്ടിയ പരാക്രമങ്ങള്‍ അദ്ദേഹം ഒട്ടും മറന്നിട്ടില്ലായിരുന്നു.

പക്ഷേ, പള്ളിയിലേക്ക് വന്നപ്പോള്‍ തൂണില്‍ ബന്ധിയായി നില്‍ക്കുന്ന സുമാമയെ കണ്ട പ്രവാചകര്‍ ചെയ്തത് മറ്റൊന്നായിരുന്നു. തന്നെയും തന്റെ മതത്തെയും കുറിച്ചുള്ള അജ്ഞതയാണ് തങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കാന്‍ സുമാമയെ പ്രേരിപ്പിക്കുന്നതെന്ന് മനസ്സിലാക്കിയിരുന്ന പ്രവാചകര്‍, മൂന്ന് ദിവസം തന്നെയും തന്റെ അനുയായികളെയും വീക്ഷിക്കാനും മനസ്സിലാക്കാനും അദ്ദേഹത്തിന് അവസരം നല്‍കാന്‍ തീരുമാനിച്ചു. ആദ്യദിവസം സുമാമ അവരുടെ പ്രവര്‍ത്തനങ്ങളും ആരാധനാരീതികളുമെല്ലാം നേരില്‍ കണ്ട് പള്ളിയില്‍ തന്നെയായിരുന്നു. രണ്ടാം ദിവസം പള്ളിയിലെത്തിയ പ്രവാചകര്‍ സുമാമയോട് വിശേഷമന്വേഷിച്ചു. രക്ഷപ്പെടുമെന്ന് പ്രതീക്ഷയില്ലാത്ത സുമാമ ഇങ്ങനെ പറഞ്ഞു, മുഹമ്മദേ, എനിക്ക് സുഖം തന്നെ. താങ്കള്‍ എന്നെ വധിച്ചുകളയുന്നുവെങ്കില്‍ തീര്‍ച്ചയായും ഞാന്‍ അത് അര്‍ഹിക്കുന്നത് തന്നെയാണ്. മാപ്പ് നല്‍കി എന്നോട് കരുണ കാണിക്കുന്നുവെങ്കില്‍ ശിഷ്ടകാലം ഞാന്‍ അതിന് നന്ദിയുള്ളവനായിരിക്കും. താങ്കള്‍ക്ക് വേണ്ടത് പണമാണെങ്കില്‍ എത്രയാണ് വേണ്ടതെന്ന് ചോദിച്ചുകൊള്ളുക, ഞാന്‍ നല്‍കാം.

ഇത് കേട്ട പ്രവാചകര്‍ ഒന്നും ഉരിയാടാതെ നടന്നുപോയി. മൂന്നാം ദിവസവും ഇത് തന്നെ ആവര്‍ത്തിച്ചു. നാലാം ദിവസവും പ്രവാചകരുടെ ചോദ്യത്തിന് സുമാമയുടെ മറുപടി അത് തന്നെയായിരുന്നു. അതോടെ പ്രവാചകര്‍ അനുയായികളോട് അദ്ദേഹത്തെ സ്വതന്ത്രനാക്കിവിടാന്‍ ആവശ്യപ്പെട്ടു.

മോചിതനായ സുമാമ നേരെപോയത് തൊട്ടടുത്തുള്ള ഈത്തപ്പന തോട്ടത്തിലേക്കായിരുന്നു. അവിടെയുണ്ടായിരുന്ന കിണറില്‍നിന്ന് വെള്ളം കോരി കുളിച്ച് വൃത്തിയായ സുമാമ നേരെ പ്രവാചക സന്നിധിയിലേക്ക് തന്നെ തിരിച്ചുവന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് എന്തെന്നില്ലാത്ത ഒരു സന്തോഷവും സംതൃപ്തിയും കളിയാടുന്നുണ്ട്. പ്രവാചകരുടെ സമീപമെത്തിയ സുമാമ ആ കൈപിടിച്ച് സത്യസാക്ഷ്യം ഉരുവിട്ട് സ്വയം വിശ്വാസം തെരഞ്ഞെടുത്തു. ശേഷം അദ്ദേഹം പ്രവാചകരോട് ഇങ്ങനെ പറഞ്ഞു, മുഹമ്മദേതാങ്കളുടെ മുഖത്തേക്കാള്‍ എനിക്ക് വെറുപ്പും വിദ്വേഷവുമുള്ള മറ്റൊരു മുഖം ഇതുവരെ ഈ ഭൂമുഖത്തില്ലായിരുന്നു. ഇതരര്‍ പറഞ്ഞുകേട്ടതില്‍നിന്നാണ് താങ്കളെക്കുറിച്ച് അത്തരം ഒരു ചിത്രം എന്റെ മനസ്സില്‍ പതിഞ്ഞത്. എന്നാല്‍ (അങ്ങയെ നേരില്‍ കണ്ടതോടെ) ഇന്ന് ഭൂമുഖത്ത് ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്നതും സ്നേഹിക്കുന്നതും അങ്ങയെയാണ്. അങ്ങയുടെ നാടിനോളം എനിക്ക് വെറുപ്പുള്ള വേറെ നാട് ഭൂമുഖത്തില്ലായിരുന്നു, എന്നാല്‍ ഇന്ന് എനിക്കേറ്റവും പ്രിയങ്കരമായ ഭൂമിക അങ്ങയുടേതാണ്.

ശേഷം പ്രവാചകരുടെ സമ്മതം വാങ്ങി മക്കയിലെത്തിയ അദ്ദേഹം അവിടത്തുകാരായ അവിശ്വാസിനേതൃത്വത്തോട് ഇങ്ങനെ പറഞ്ഞു, ഞാന്‍ മുഹമ്മദിനെകൊണ്ട് വിശ്വസിച്ചിരിക്കുന്നു. ഇനിമുതല്‍ പ്രവാചകരുടെ അനുവാദമില്ലാതെ യമാമയില്‍നിന്ന് ഒരു ഗോതമ്പ് മണി പോലും മക്കക്കാരായ നിങ്ങള്‍ക്ക് കിട്ടുകയില്ല.

ഇത് പറയുക മാത്രമല്ല, യമാമയുടെ അധിപനായ  അദ്ദേഹം അത് നടപ്പിലാക്കുകയും ചെയ്തു. ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ക്ക് യമാമയെ ആശ്രയിച്ചിരുന്ന മക്കക്കാര്‍ ആവശ്യമായ ഭക്ഷണപദാര്‍ത്ഥങ്ങള്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന അവസ്ഥയെത്തുമെന്ന് കണ്ട് പ്രവാചകര്‍ സുമാമയോട് നേരിട്ട് ആവശ്യപ്പെട്ടതനുസരിച്ചാണ് ഒടുവില്‍ അദ്ദേഹം ആ തീരുമാനം പിന്‍വലിച്ചത്.

വിരോധം നിറഞ്ഞ മനസ്സില്‍പോലും സ്നേഹത്തിന്റെ വിത്ത് മുളപ്പിക്കുന്നതും അത് വളര്‍ത്തിവലുതാക്കുന്നതും വല്ലാത്തൊരു കഴിവ് തന്നെ. വിശിഷ്യാ, അധികാരം കൈയ്യാളുന്ന സുമാമയെപ്പോലോത്ത ഒരു വ്യക്തിയെ ഭൌതികമായി ഒന്നും സ്വാധീനിക്കാനാവില്ലെന്ന സാമാന്യനിയമം കൂട്ടിവായിക്കുമ്പോള്‍, ആ വാക്കുകളുടെ അഗാധതകളും അര്‍ത്ഥതലങ്ങളും വര്‍ദ്ധിക്കുക തന്നെയാണ്.

അതായിരുന്നു പ്രവാചകര്‍. അവിടുത്തെകുറിച്ച് അടുത്തറിഞ്ഞവരെല്ലാം ആ സമുന്നതവ്യക്തിത്വത്തില്‍ ആകൃഷ്ടരായ ചരിത്രമേയുള്ളൂ. ആ ആകര്‍ഷണവലയത്തിലെയവരൊക്കെ മരണം വരെ സര്‍വ്വരേക്കാളും പ്രവാചകരെ സ്നേഹിച്ചതും ചരിത്രത്തിന്റെ ഭാഗമാണ്. മുഹമ്മദിന്റെ അനുയായികള്‍ മുഹമ്മദിനെ സ്നേഹിക്കുന്ന പോലെ മറ്റൊരു നേതാവിനെയും അനുയായികള്‍ സ്നേഹിക്കുന്നത് ഞാന്‍ കണ്ടിട്ടില്ലെന്ന്  ശത്രുപക്ഷത്തിന്റെ നേതാവായിരുന്ന അബൂസുഫിയാന്‍ പോലും തുറന്ന് പറഞ്ഞതും ചരിത്രം ഇന്നും ഓര്‍ത്തുവെക്കുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter