വടക്കന്‍ ഇന്ത്യയിലെ മുസ്‌ലിം വിശേഷം

യാത്ര അറിവും ആനന്ദവും അനുഭവങ്ങളുടെ പുതിയ ലോകവും സഞ്ചാരിക്ക് സമ്മാനിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന ഭൂമിശാസ്ത്രത്തിലെ ലാന്‍ഡ് സ്‌കേപ്പുകളും ഭൂപടത്തിലെ വര്‍ണങ്ങളും അതിര്‍വരകളും അയാള്‍ വെച്ചുപുലര്‍ത്തുന്ന ലോകബോധങ്ങളെ അട്ടിമറിക്കാന്‍ പര്യാപ്തമാണ്. ഓരോ യാത്രയും സഞ്ചാരിയെ പുതിയൊരു മനുഷ്യനാകാന്‍ പ്രേരിപ്പിക്കുന്നുണ്ട്. അയാള്‍ ശീലിച്ചു അടിമയായിത്തീര്‍ന്ന സുഖലോകങ്ങളില്‍ നിന്ന് വിരുദ്ധമായി അസൗകര്യങ്ങളുടെയും അപര്യാപ്തതകളുടെയും ഇല്ലായ്മകളുടെയും ഒരു ലോകം രണ്ടു രാത്രികളുടെ ദൂരത്തില്‍ ഉണ്ടെന്നത് അയാളുടെ ഉറക്കം കെടുത്തും.

ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കന്‍ അതിര്‍ത്തി പ്രദേശത്തെ സംസ്ഥാനങ്ങളായ ബംഗാള്‍, ആസാം എന്നിവിടങ്ങളിലേക്ക് നടത്തിയ പ്രതിനിധി സംഘത്തിന്റെ യാത്ര ഇത്തരത്തിലുള്ള വേദനിപ്പിക്കുന്ന അനുഭവങ്ങളുടെ നേര്‍ക്കാഴ്ചകളാണ് ഞങ്ങള്‍ക്ക് തന്നത്. യാത്രയുടെ ആനന്ദത്തെക്കാള്‍ അറിവുകളുടെ മുറിവും അവയുടെ ആഴവുമാണ് ഞങ്ങളെ സ്പര്‍ശിച്ചത്. മുസ്‌ലിംകള്‍ പരസ്പരം കെട്ടിടങ്ങള്‍ പോലെയാണെന്നും അതിന്റെ ഭാഗങ്ങള്‍ തമ്മില്‍ ശക്തി പകരുന്നു എന്നുമുള്ള ഹദീസ് പാഠത്തെ നാം പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുണ്ടോ എന്ന് ഈ യാത്ര ഞങ്ങളില്‍ സംശയമുണര്‍ത്തി. രാജ്യത്തിന്റെ തെക്കുഭാഗത്തെ 'പടച്ചവന്റെ സ്വന്തം നാട്ടി'ല്‍ മതപരവും സാംസ്‌കാരികവും സാമൂഹികവുമായ സ്വാസ്ഥ്യത്തില്‍ കഴിയുന്ന നാം മറ്റൊരു ഭാഗത്തെ മുസ്‌ലിം സഹോദരനോടുള്ള ബാധ്യത അവന്റെ കഷ്ടപ്പാടുകളും ദുരിതങ്ങളും തീര്‍ത്തുവേണം നിര്‍വഹിക്കാന്‍.

ഇന്ത്യ ഒരു മഹാരാജ്യമാണെന്ന തിരിച്ചറിവുണ്ടായത് തലങ്ങും വിലങ്ങും തീവണ്ടികള്‍ ഓടിത്തുടങ്ങിയപ്പോഴാണെന്ന് പറഞ്ഞത് എത്രയോ ശരിയാണ്. തരാതരം പൂക്കള്‍ നിറഞ്ഞ ഇന്ത്യയെന്ന പൂന്തോട്ടത്തിന്റെ അവസ്ഥ നേരിട്ടറിയുന്നത് യാത്രകളിലൂടെ മാത്രമാവും. അനേകം ഉപദേശീയതകള്‍ കൂടിച്ചേര്‍ന്ന ഇന്ത്യയെന്ന ദേശീയ വികാരം പൂര്‍ണമാകുന്നത് ഭരണഘടന അനുശാസിക്കുന്ന സാമൂഹ്യ നീതി നിര്‍വഹിക്കുന്നതിലൂടെയാണ്. തീര്‍ച്ചയായും ഇവിടെ മുസ്‌ലിം സമുദായത്തിന്റെ സ്ഥിതി പരിതാപകരമാണ്. മുസ്‌ലിം സാമൂഹിക- വിദ്യാഭ്യാസ- സാമ്പത്തിക സ്ഥിതി വിവരങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ ഒന്നാം അധ്യായത്തില്‍ അതിപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു: 'സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യ ഗണ്യമായ പുരോഗതിയും വികാസവും കൈവരിച്ചിട്ടുണ്ട്. ദാരിദ്ര്യം കുറക്കുന്നതിലും സാക്ഷരതാ, വിദ്യാഭ്യാസ, ആരോഗ്യ നിലവാരത്തിന്റെ മാനവ വികസന സൂചകങ്ങള്‍ മെച്ചപ്പെടുത്തുന്നതിലും രാജ്യം വിജയിച്ചു. എന്നാല്‍, എല്ലാ മത- സാമൂഹ്യ വിഭാഗങ്ങളും വികസന പ്രക്രിയയുടെ നേട്ടം തുല്യമായി പങ്കുവെച്ചിട്ടില്ലെന്നതാണ് സൂചനകള്‍. ഇവര്‍ക്കിടയില്‍ തന്നെ ജനസംഖ്യയില്‍ 13.4% വരുന്ന രാജ്യത്തെ ഏറ്റവും വലിയ ന്യൂനപക്ഷമായ മുസ്‌ലിംകള്‍ മിക്ക മാനവ വികസന സൂചകങ്ങളിലും ഗുരുതരമായ നിലയില്‍ പിന്നാക്കമാണ്.'

വര്‍ത്തമാന ഇന്ത്യന്‍ മുസ്‌ലിം സമൂഹങ്ങളുടെ ജീവിത സാഹചര്യങ്ങളും ചുറ്റുപാടുകളും നേരിട്ടറിയുന്നതിന് വേണ്ടിയാണ് ദാറുല്‍ ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റി വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വിയുടെ നേതൃത്വത്തില്‍ ഞങ്ങള്‍ അഞ്ചംഗ സംഘം 2011 നവംബര്‍ പതിനെട്ടാം തിയ്യതി പുറപ്പെട്ടത്. അഞ്ചു ദിവസത്തെ ബംഗാള്‍ സന്ദര്‍ശനവും മൂന്നു ദിവസത്തെ ആസാം- മേഘാലയ സഞ്ചാരവുമാണ് അജണ്ടയിലുണ്ടായിരുന്നത്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുസ്‌ലിം സമൂഹങ്ങളുടെ വൈജ്ഞാനിക- സാമ്പത്തിക രംഗത്തെയും മത- സാമൂഹ്യ ഇടങ്ങളിലെയും രാഷ്ട്രീയ- സാംസ്‌കാരിക മേഖലയിലെയും സ്ഥിതിഗതികള്‍ അവയുടെ അടിസ്ഥാന ഭൂമികകളില്‍ നിന്ന് മനസ്സിലാക്കുക, വിദ്യാഭ്യാസ- പ്രബോധന നിലങ്ങളിലെ വസ്തുതകള്‍ നേരിട്ടറിയുക, ദാറുല്‍ ഹുദായുടെ കീഴില്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ പ്രദേശങ്ങളില്‍ മണ്ണൊരുക്കുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍കരുതിയാണ് ഞങ്ങളുടെ പുറപ്പെടല്‍.

മദ്‌റസകളുടെയും മക്തബുകളുടെയും അറബിക് കോളെജുകളുടെയും ഭൗതിക സ്ഥാപനങ്ങളുടെയും അഭാവം; ഉള്ളവയുടെ നിരാശാജനകമായ ശോചനീയവാസ്ഥ; ഖുര്‍ആന്‍ പാരായണം, നിസ്‌കാരം, നോമ്പ് തുടങ്ങിയവയെ കുറിച്ച് പോലും അടിസ്ഥാന വിവരമില്ലാത്ത വിദ്യാര്‍ത്ഥികള്‍, യുവാക്കള്‍, വയോജനങ്ങള്‍; ഇമാമുമാരുടെയും ഖത്വീബുമാരുടെയും പ്രാഥമിക കാര്യങ്ങളിലെ വിവരമില്ലായ്മ; പള്ളിയില്‍ അലിഫ് പഠിക്കുന്ന അറുപതിനടുത്ത് വയസ്സ് വരുന്ന വൃദ്ധന്മാര്‍; നെറ്റിയില്‍ പൊട്ട് തൊടുക മുതലായ അമുസ്‌ലിം ആചാരങ്ങള്‍ അറിവില്ലായ്മ നിമിത്തം അനുഷ്ഠിച്ച് പോരുന്ന പ്രായ ഭേദമില്ലാത്ത മുസ്‌ലിം വനിതകള്‍; നമ്മുടെ നാട്ടിലെ തൊഴുത്തുകളെപ്പോലും നാണിപ്പിക്കുന്ന പുല്ല്, പരമ്പ്, തകര ഷീറ്റ് എന്നിവ കൊണ്ട് മേഞ്ഞതും മറച്ചുകെട്ടിയതുമായ വീടുകള്‍, പള്ളികള്‍, മദ്‌റസകള്‍, സ്‌കൂളുകള്‍; ആളുകളെയും നാനാതരം വസ്തുക്കളെയും വഹിക്കുന്ന റിക്ഷകള്‍ വലിക്കുന്ന വൃദ്ധര്‍; സാമൂഹിക രംഗത്തെ മുസ്‌ലിം നേതാക്കളുടെ അഭാവവും ഉള്ളവരുടെ അപക്വമായ പെരുമാറ്റവും; അഭ്യസ്ത വിദ്യരില്‍ തന്നെ യാതൊരു ജോലിയും ലഭിക്കാത്ത ബേകാര്‍ എന്ന് വിളിക്കപ്പെടുന്ന ലക്ഷങ്ങള്‍; ഇസ്‌ലാമിനെ കുറിച്ചുള്ള അജ്ഞത കാരണം ഇതര മതങ്ങളിലേക്ക് ചേക്കേറിയ മുസ്‌ലിംകള്‍; മുസ്‌ലിം കേന്ദ്രങ്ങളിലെ ഹൈന്ദവ- ക്രൈസ്തവ മതാചാരങ്ങള്‍ പരിശീലിപ്പിക്കുന്ന അധ്യയന ശാലകള്‍; ഉപജീവനത്തിന് ശരീരം വില്‍ക്കേണ്ടി വരുന്ന മുസ്‌ലിം സ്ത്രീകള്‍ എന്നിങ്ങനെ ഞെട്ടിക്കുന്ന ഭീകരമായ ചിത്രങ്ങളാണ് ഞങ്ങളുടെ യാത്രയില്‍ തിരനോട്ടത്തിലെന്നപോലെ തെളിഞ്ഞുവന്നത്. ഓര്‍മയില്‍ നിന്നും കണ്ണില്‍ നിന്നും മായാന്‍ മടിക്കുന്നതാണ് ഈ ചിത്രങ്ങള്‍. ഇവയോരോന്നും വിദഗ്ധനായ ഡോക്ടറുടെ കൈപ്പെരുമാറ്റം കാത്തിരിക്കുന്ന രോഗാതുരമായ മരണാസന്നമായ മുസ്‌ലിം സമുദായത്തിന്റേതാണെന്ന് വേദനാപൂര്‍വം പറയേണ്ടിയിരിക്കുന്നു.

നവംബര്‍ ഇരുപതാം തിയ്യതി ഉച്ചക്ക് പന്ത്രണ്ടു മണിക്ക് ഞങ്ങളുടെ വണ്ടി കോറമാണ്ടല്‍ എക്‌സ്പ്രസ് കൊല്‍ക്കത്ത ഹൗറ സ്‌റ്റേഷനിലെത്തി. മഞ്ഞച്ചായമടിച്ച ടാക്‌സി കാറുകളും മരപ്പലകകള്‍ പാകിയ ബസ്സുകളും ആളുകളെ വലിച്ചുകൊണ്ടുപോകുന്ന റിക്ഷകളുമായി നഗരം തിരക്കിന്റെ നട്ടുച്ചയിലേക്ക് ഉണര്‍ന്നുകഴിഞ്ഞിരുന്നു. സാധാരണക്കാരനും സമ്പന്നനും അതിജീവനത്തിന്റെ മുഖങ്ങള്‍ ഒരേപോലെ പ്രദര്‍ശിപ്പിക്കുന്ന തിരക്കും ബഹളവും പൊടിപടലങ്ങളും നിറഞ്ഞ ഇന്ത്യന്‍ നഗരമാണ് ബ്രിട്ടീഷുകാരുടെ ഭരണ- കച്ചവട തലസ്ഥാനമായിരുന്ന കൊല്‍ക്കത്ത. മുംബൈയെപ്പോലെ അത് മാക്‌സിമം സിറ്റിയാകാതിരുന്നത് ബ്രിട്ടീഷുകാര്‍ തലസ്ഥാനം 1911ല്‍ കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാറ്റിയതു കൊണ്ടാവാം. വെയിലില്‍ വിങ്ങി ഹുഗ്‌ളി നദിക്കു മുകളിലെ ഹൗറ പാലത്തിന്റെ ഇരുമ്പുകൂട് ഞങ്ങളെ വരവേറ്റു.

വെസ്റ്റ് ബംഗാള്‍ മുസ്‌ലിം ലീഗ് പ്രസിഡന്റ് ഷഹിന്‍ഷ ജഹാംഗീറും മകന്‍ സ്വാബിര്‍ ഗഫാറും സ്‌റ്റേഷനില്‍ ഞങ്ങളെ കാത്ത് നില്‍പുണ്ടായിരുന്നു. ഷേക്‌സ്പിയര്‍ സരണിയിലെ അവരുടെ വസതിയിലെത്തി ഭക്ഷണം കഴിച്ച് താമസത്തിനായി ഒരുക്കിയിരുന്ന നഗരത്തിലെ ദില്‍കുശാ റോഡിലെ വൈറ്റ് ഹൗസിലേക്ക് ഞങ്ങള്‍ പുറപ്പെട്ടു. ഖൗമി മഞ്ച് സെക്രട്ടറി ഫിര്‍ദൗസ് സാഹിബ് സ്ഥലത്തെത്തി ഹൃദ്യമായ സ്വീകാരം അരുളുകയുണ്ടായി. ഷഹിന്‍ഷ സാഹിബിനൊപ്പം അഖ്ബാറെ മശ്‌രിഖ് എന്ന ഉര്‍ദു പത്രത്തിനും ഏക് നസര്‍ എന്ന ഹിന്ദി ചാനലിനും സി.എസ് ടി.വി എന്ന ബംഗാളി ചാനലിനും അഭിമുഖം നല്‍കുകയും യാത്രയുടെ ലക്ഷ്യങ്ങള്‍ വിവരിക്കുകയും ചെയ്തു.

പിറ്റേദിവസം രാവിലെ ആറു മണിക്ക് സിയാല്‍ദ സ്റ്റേഷനില്‍ നിന്ന് 255 കിലോമീറ്റര്‍ അകലെയുള്ള ഭീര്‍ഭൂം ജില്ലയിലെ ഭീംപൂര്‍ എന്ന പ്രദേശത്തേക്കായിരുന്നു ഞങ്ങള്‍ പുറപ്പെട്ടത്. വഴികാട്ടിയായി സ്വാബിര്‍ ഗഫാര്‍ അനുഗമിച്ചിരുന്നു. നേരത്തെ നിശ്ചയിച്ച തീവണ്ടി റെയില്‍ അറ്റകുറ്റപ്പണികള്‍ മൂലം വഴിതിരിച്ചു വിട്ടതിനാല്‍ അസീം ഗഞ്ച് സ്‌റ്റേഷനിലിറങ്ങി. അവിടെ നിന്ന് ടാക്‌സി വിളിച്ച് മുര്‍ഷിദാബാദിലൂടെ നൂറോളം കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ഞങ്ങള്‍ ഭീംപൂരിലെത്തിയത്.

മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതികള്‍ തകര്‍ന്നുപോകുന്ന ചില അനിശ്ചിതത്വങ്ങളും ആകസ്മികതകളും എല്ലാ യാത്രയിലും പതിവാണ്. അത് പക്ഷേ, സഞ്ചാരികള്‍ക്ക് അപ്രതീക്ഷിതമായ പുതിയ അനുഭവങ്ങള്‍ പകര്‍ന്നുനല്‍കുന്നു. തീവണ്ടി വഴിതിരിച്ചു വിട്ടതിനാല്‍ ഞങ്ങള്‍ക്ക് മുര്‍ഷിദാബാദിന്റെ ഭൂമിശാസ്ത്രം നേരിട്ടറിയാന്‍ പറ്റി. അലിഗഡ് മുസ്‌ലിം യൂനിവേഴ്‌സിറ്റി ഇന്ത്യയിലെ നാല് മുസ്‌ലിം ഭൂരിപക്ഷ പ്രദേശ ജില്ലകളില്‍ പ്രാദേശിക പഠന കേന്ദ്രങ്ങള്‍ തുറക്കുന്നുവെന്ന പ്രഖ്യാപനം വന്നപ്പോള്‍ മലപ്പുറത്തെ പോലെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദും അതിലുണ്ടായിരുന്നു. നന്ദിഗ്രാമിലെയും സിംഗൂരിലെയും ഭരണകൂട അതിക്രമങ്ങളുടെ കഥകള്‍ പുറത്തുവന്ന കാലത്ത് മുര്‍ഷിദാബാദും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ബംഗാളിലെ മാര്‍ക്‌സിസ്റ്റ് ഭരണകൂടത്തിന്റെ അവഗണനയുടെ നേര്‍ചിത്രമായി രാഷ്ട്രീയക്കാരുടെ പ്രസംഗങ്ങളില്‍ മുര്‍ഷിദാബാദിലെ ദയനീയാവസ്ഥകള്‍ നിറഞ്ഞിരുന്നു. വിദ്യാഭ്യാസ- സാമ്പത്തിക- സാമൂഹിക രംഗത്ത് പരിതാപകരമായി കിടക്കുന്ന മുര്‍ഷിദാബാദിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിഫലിപ്പിക്കുന്ന ഇടിഞ്ഞുപൊളിഞ്ഞ റോഡിലൂടെ ഞങ്ങള്‍ യാത്ര തുടര്‍ന്നു.

സാമ്പത്തിക പിന്നാക്കാവസ്ഥ കാരണം വിദ്യാഭ്യാസാവബോധം മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന മുര്‍ഷിദാബാദില്‍ ഉടലെടുത്തിട്ടില്ല. ഇപ്പോഴും സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം തുടരാനാകുന്നില്ല. അവര്‍ ഇഷ്ടികക്കളങ്ങളിലേക്കും നിര്‍മാണ തൊഴിലുകളിലേക്കും പിരിഞ്ഞുപോകുന്നു. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട പ്രാഥമിക വിദ്യാലയങ്ങളുടെ അഭാവം ശ്രദ്ധേയമാണ്. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയും സാമ്പത്തിക പരാധീനതയും തോളില്‍ കൈയിട്ട് നടന്നുപോകുന്നത് മുര്‍ഷിദാബാദില്‍ കാണാം. 2005ന്റെ തുടക്കത്തില്‍ സ്ഥിതി ദയനീയമായിരുന്നു. പട്ടിണി കാരണം നൂറുകണക്കിന് ആളുകള്‍ മരിച്ചുവീഴുകയായിരുന്നു. പ്രളയക്കെടുതി മൂലം കിടപ്പാടങ്ങളും കൃഷിഭൂമിയും തുടച്ചുനീക്കപ്പെട്ടു. പട്ടിണി മരണം നടക്കുന്നുവെന്ന സത്യം അംഗീകരിക്കാന്‍ ഭരണകൂടം സന്നദ്ധമായിരുന്നില്ല. യാത്രയില്‍ ഞങ്ങള്‍ക്കുണ്ടായ തിരിച്ചറിവ് ഇതാണ്: മുര്‍ഷിദാബാദ് ജില്ലയില്‍ അലിഗഡ് യൂനിവേഴ്‌സിറ്റിയുടെ പ്രാദേശിക പഠനകേന്ദ്രം വന്നാലും ജില്ലയിലെ മുസ്‌ലിം വിദ്യാര്‍ത്ഥികള്‍ക്ക് അതില്‍ ചേര്‍ന്ന് പഠിക്കാനാവില്ല. കാരണം, അതിനുവേണ്ട അടിസ്ഥാന യോഗ്യതയുള്ളവര്‍ എത്രയുണ്ടെന്നത് അന്വേഷിക്കേണ്ടതാണ്.

ഭീംപൂര്‍, കനക്പൂര്‍, ശിവക്പൂര്‍ എന്നീ ഗ്രാമങ്ങളിലെ പ്രമുഖര്‍ ദാറുല്‍ ഹുദാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാമെന്നേറ്റ ഡോ. മുന്‍കിര്‍ ഹുസൈന്‍ സാഹിബിന്റെ വീട്ടില്‍ ഞങ്ങളെ സ്വീകരിക്കാന്‍ ഉച്ച മുതല്‍ തന്നെ കാത്തിരിക്കുന്നുണ്ടായിരുന്നു. രസതന്ത്രത്തില്‍ ബര്‍ദമാന്‍ സര്‍വകലാശാലയില്‍ നിന്ന് പി.എച്ച്.ഡി നേടിയ ഡോ. മുന്‍കിര്‍ ഇപ്പോള്‍ തായ്‌വാനില്‍ ജോലി ചെയ്യുകയാണ്. ഒരുമിച്ചു കൂടിയവര്‍ക്ക് കേരളത്തിന്റെ വിദ്യാഭ്യാസ പുരോഗതിയെയും ദാറുല്‍ ഹുദായെയും ഞങ്ങള്‍ വിശദീകരിച്ചു കൊടുത്തു. ഡോക്ടര്‍ ചെയര്‍മാനായുള്ള അസ്സകീന ട്രസ്റ്റ് ഞങ്ങളുടെ ആശയഗതികളോടും പദ്ധതികളോടും പൂര്‍ണമായ കൂറാണ് പ്രഖ്യാപിച്ചത്.

80%ലധികം മുസ്‌ലിംകളുള്ള ഭീര്‍ഭൂം ജില്ലയിലെ മുറാറായ് മണ്ഡലത്തിലെ ആന്തോള്‍ പഞ്ചായത്തിലാണ് ഭീംപൂര്‍ സ്ഥിതി ചെയ്യുന്നത്. മുന്നൂറ് കുടുംബങ്ങളിലായി മൂവായിരത്തിലധികം ജനസംഖ്യയുള്ള നൂറുശതമാനം മുസ്‌ലിംകളുള്ള ഗ്രാമമാണ് ഭീംപൂര്‍. രണ്ടു ചെറിയ നിസ്‌കാരപ്പള്ളികളുള്‍പ്പെടെ മൂന്ന് പള്ളികളുള്ള ഗ്രാമത്തില്‍ മദ്‌റസയോ മക്തബോ മറ്റു മതപഠന കേന്ദ്രങ്ങളോ ഇല്ല. ഒരു പ്രാഥമിക സ്‌കൂള്‍ ഉണ്ടെങ്കിലും കുട്ടികള്‍ കുറവാണ്. അരി, ഗോതമ്പ്, കടുക്, ഉരുളന്‍കിഴങ്ങ് തുടങ്ങിയവ കൃഷി ചെയ്യുകയും കന്നുകാലികളെ വളര്‍ത്തുകയും ചെയ്യുന്ന ഈ പ്രദേശത്തുകാര്‍ സാമ്പത്തികമായി വളരെ പിന്നിലാണ്.

കനക്പൂര്‍, ഹൊറിസ്പൂര്‍ മുതലായ അയല്‍ ഗ്രാമങ്ങളിലൂടെ സഞ്ചരിച്ചപ്പോള്‍ നടുക്കുന്ന രംഗങ്ങളാണ് കണ്ടത്. ഉച്ചക്കഞ്ഞിക്കു വേണ്ടി മാത്രം സ്‌കൂളില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍, കാളവണ്ടിയെടുത്ത് മക്കളെയും കൂട്ടി അതിരാവിലെ വയലിലേക്ക് പോകുന്നവര്‍, മണ്ണുകൊണ്ട് ചുമരു വെച്ച ഓലവീടുകള്‍ എന്നിവയാണ് അവിടത്തെ കാഴ്ചകള്‍. സാധാരണക്കാരും അഭ്യസ്തവിദ്യരും ഒരുപോലെ ദാറുല്‍ ഹുദാ സംരംഭവുമായി സര്‍വാത്മനാ സഹകരിക്കാന്‍ സന്നദ്ധമായിരുന്നു. അത്തരം കേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സാധ്യമാക്കുക വഴി മതപരവും സാമൂഹികവും സാമ്പത്തികവുമായ ഉണര്‍വുകള്‍ സൃഷ്ടിക്കാനാകുമെന്ന പ്രതീക്ഷ നാം പുലര്‍ത്തേണ്ടിയിരിക്കുന്നു.

ഭീംപൂരില്‍ നിന്ന് തിരിച്ച ഞങ്ങള്‍ എട്ടു മണിക്ക് കൊല്‍ക്കത്തയില്‍ തിരിച്ചെത്തി. കൊല്‍ക്കത്തയിലെ വിവിധ സംഘടനകളായ ഖാന്‍ഖാഹെ വാരിസിയ്യ, അലി ബ്രദര്‍ മെമ്മോറിയല്‍ സൊസൈറ്റി, മല്ലിക്പൂര്‍ വെല്‍ഫയര്‍ അസോസിയേഷന്‍, മുഹര്‍റം പീസ് കമ്മിറ്റി, യങ് ബോയ്‌സ് ക്ലബ് തുടങ്ങിയവയുടെ സ്വീകരണത്തില്‍ പങ്കെടുത്തു. ഷഹിന്‍ഷ ജഹാംഗീറും മകന്‍ സ്വാബിര്‍ ഗഫാറും ബംഗാള്‍ യാത്രയില്‍ ഞങ്ങള്‍ക്ക് വലിയ തണലും തുണയുമാണ് നല്‍കിയത്. മലയാളികളായ ശരീഫ്, ശമീം എന്നിവരുടെ  ഇടപെടലും സഹായവും നന്ദിയോടെ ഓര്‍ക്കുന്നു.

ഇരുപത്തിനാലിന് രാവിലെ ആറുമണിക്ക് കാഞ്ചന്‍ജംഗ എക്‌സ്പ്രസില്‍ സിയാല്‍ദ സ്‌റ്റേഷനില്‍ നിന്ന് പുറപ്പെട്ട ഞങ്ങള്‍ അര്‍ധരാത്രി ആസാമിലെ ന്യൂ ബോംഗൈഗോണ്‍ സ്‌റ്റേഷനിലെത്തി. ബോംഗൈഗോണ്‍ ജില്ലയുടെ ആസ്ഥാനമായ ഇത് സാമാന്യം ഭേദപ്പെട്ടൊരു നഗരമാണ്. ജില്ലയില്‍ അറുപത് ശതമാനം മുസ്‌ലിംകള്‍ താമസിക്കുന്നുണ്ട്. ആസാം മുസ്‌ലിം ലീഗ് പ്രസിഡന്റ് മുഹമ്മദ് ദിലേര്‍ ഖാനും സെക്രട്ടറി മുസമ്മില്‍ സാഹിബും അടങ്ങിയ പതിനൊന്നു പേര്‍ ആ തണുത്ത പാതിരാക്ക് ഞങ്ങളെ സ്വീകരിക്കാനെത്തിയിരുന്നു. മുപ്പത്തഞ്ച് കിലോമീറ്റര്‍ അകലെ ബെസിമറി ഗ്രാമത്തില്‍ അബ്ദുല്‍ കലാം ആസാദ് എന്ന വ്യക്തിയുടെ വീട്ടിലായിരുന്നു താമസ സൗകര്യമൊരുക്കിയിരുന്നത്. നൂറുശതമാനം മുസ്‌ലിംകള്‍ താമസിക്കുന്ന ഈ ഗ്രാമത്തില്‍ വൈദ്യുതിയോ മറ്റു പ്രാഥമിക സൗകര്യങ്ങളോ ഇല്ല. വീടുകള്‍ പുല്ലും പരമ്പും തകരഷീറ്റും ഉപയോഗിച്ച് നിര്‍മിച്ചവയാണ്. ഗ്രാമത്തില്‍ ആകെ രണ്ട് ടോയ്‌ലറ്റുകളാണ് ഉള്ളത്. ഒന്ന് പള്ളിയിലും മറ്റൊന്ന് നൂറു വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ടെന്ന് പറയപ്പെടുന്ന ദാറുല്‍ ഉലൂം ബെസിമറി മദ്‌റസയിലും. ഇരുപത്തഞ്ചിന് സുബ്ഹ് നിസ്‌കാര ശേഷം ബെസിമറി മദ്‌റസയില്‍ ഒരുക്കിയ സ്വീകരണത്തില്‍ നാല്‍പതോളം ഗ്രാമീണര്‍ പങ്കെടുക്കുകയുണ്ടായി. അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാത്ത ഈ മദ്‌റസ ദാറുല്‍ ഹുദാ ഏറ്റെടുക്കണമെന്ന ആവശ്യം പ്രസിഡന്റ് ത്വയ്യിബ് അലിയും സെക്രട്ടറി അബ്ദുസ്സത്താര്‍ അലിയും യോഗത്തില്‍ മുന്നോട്ടുവെക്കുകയുണ്ടായി.

ആസാമിലെ മൂന്നു ദിവസം ന്യൂ ബോംഗൈഗോണ്‍, ഗോള്‍പാറ, ബാര്‍പേട്ട തുടങ്ങിയ ജില്ലകളിലെ നൂറു ശതമാനം മുസ്‌ലിംകളുള്ള ഗ്രാമങ്ങളിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര. ബോംഗൈഗോണ്‍ ജില്ലയിലെ ബാലാപാറ, ബൊഗുവാന്‍, ബാര്‍പേട്ട ജില്ലയിലെ കങ്ക്ര, ചെനിമെറി എന്നീ ഗ്രാമങ്ങളിലും ഗോള്‍പാറ ടൗണിലുമായി അഞ്ച് ബോക്‌സ് മീറ്റിങ്ങുകളാണ് ദിലേര്‍ഖാന്‍ ഒരുക്കിയിരുന്നത്. അഞ്ഞൂറോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന ബാലാപാറ ദാറുല്‍ ഉലൂം സന്ദര്‍ശനം, കങ്ക്രയിലെ അല്‍ ഹിലാല്‍ ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ സ്വീകരണം, കങ്ക്ര പള്ളിയിലെ ജുമുആനന്തരമുള്ള ഉദ്‌ബോധനം, ഐ.യു.എം.എല്‍, എം.എസ്.എഫ് സംസ്ഥാന- ജില്ലാ തല നേതാക്കളുമായുള്ള കൂടിക്കാഴ്ച എന്നിവയും സമയബന്ധിതമായി നടന്നിരുന്നു. ബോക്‌സ് മീറ്റിങ്ങുകള്‍ സ്‌കൂളുകള്‍, വീടുകള്‍, അങ്ങാടികള്‍ എന്നിവ കേന്ദ്രീകരിച്ചാണ് നടന്നത്. അറുപത് മുതല്‍ നൂറു വരെ ആളുകള്‍ പങ്കെടുത്ത യോഗങ്ങളില്‍ നിന്ന് ആള്‍ക്കൂട്ടം തിരിച്ചുപോയത് കുറ്റബോധവും നഷ്ടപ്പെട്ടത് തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസവും കൂടിക്കലര്‍ന്ന വികാരത്തോടെയാണ്. നമ്മുടെ നാട്ടിലെ മഹല്ല്- വിദ്യാഭ്യാസ- രാഷ്ട്രീയ സംവിധാനങ്ങളുടെ വില നമ്മളറിയാത്തത് നാം തെളിഞ്ഞ വെള്ളത്തില്‍ സ്വച്ഛന്ദം വിഹരിക്കുന്ന മത്സ്യങ്ങളായതു കൊണ്ടാണ്. കരക്കു പിടിച്ചിട്ട മത്സ്യങ്ങളെപ്പോലെയുള്ള മുസ്‌ലിം സഹോദരങ്ങളുടെ പിടച്ചില്‍ യാത്രയിലുടനീളം ഞങ്ങളെ വേട്ടയാടിക്കൊണ്ടിരുന്നു.

കങ്ക്രയിലെ ചെനിമറിയില്‍ താമസിക്കുന്നവരിലധികവും പ്രവിശാലമായ ബ്രഹ്മപുത്ര നദിയിലുണ്ടാകുന്ന പ്രളയക്കെടുതിയുടെ ഇരകളാണ്. കൃഷിനാശവും തൊഴിലില്ലായ്മയും മൂലം സാമ്പത്തിക പരാധീനതകള്‍ പേറുന്നവരാണ് ഗ്രാമവാസികള്‍. ആസാമിലെ സന്ദര്‍ശനത്തിലുടനീളം കൂടെയുണ്ടായിരുന്ന ദിലേര്‍ ഖാന്റെ പരിസരങ്ങള്‍ കണ്ടപ്പോള്‍ അവിടത്തെ ദയനീയ ചിത്രം പൂര്‍ണമായി ഞങ്ങള്‍ക്കു മുന്നില്‍ അനാവൃതമായി. ഇരുഭാഗവും പനയോല വെച്ച് കെട്ടിയതും വൈദ്യുതിയോ മറ്റു പ്രാഥമിക സൗകര്യങ്ങളോ ഇല്ലാത്തതുമായ കൂരകളാണവിടെ കണ്ടത്. സാമ്പത്തിക പരാധീനത കാരണം ദാറുല്‍ ഹുദാ തന്നെ ഭൂമി വാങ്ങാനും സ്ഥാപനങ്ങള്‍ നിര്‍മിക്കാനും മുന്നിട്ടിറങ്ങണമെന്ന് ചില മീറ്റിങ്ങുകളിലെ പങ്കാളികള്‍ ആവശ്യപ്പെടുകയുണ്ടായി. ഗോള്‍പാറ ടൗണിലെ ഡോ. റഹ്മത്തലിയുടെ വീട്ടില്‍ ചുറ്റുവട്ടത്തുള്ള വിദ്യാഭ്യാസ വിചക്ഷണരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗം എല്ലാവിധ പിന്തുണയും അറിയിക്കുകയുണ്ടായി.

27ാം തിയതി രാവിലെ കങ്ക്രയിലെ അറസ്ഖാന്‍ മാസ്റ്ററുടെ വീട്ടില്‍നിന്ന് ഞങ്ങള്‍ യാത്ര തിരിച്ചു. ഗോഹട്ടിയില്‍ നിന്ന് 70 കിലോമീറ്റര്‍ അകലെ മേഘാലയയിലെ ഷില്ലോങ് ആണ് ലക്ഷ്യം. വഴിമധ്യേ മേഘാലയയിലെ ബാരാപാനി ഗ്രാമത്തിലെ റഫീഖ് ഖാന്റെ വീട്ടില്‍ ഒരു യോഗം സംഘടിപ്പിച്ചിരുന്നു. നാട്ടിലെ പ്രധാനികള്‍ പങ്കെടുത്ത യോഗത്തില്‍ ദാറുല്‍ഹുദായെ പരിചയപ്പെടുത്തിയപ്പോള്‍ അഞ്ചുശതമാനം മുസ്‌ലിംകളുള്ള മേഘാലയയിലും മിസോറാം (1% മുസ്‌ലിംകള്‍), നാഗാലാന്റ്(4%), അരുണാചല്‍ പ്രദേശ്(2%), മണിപ്പൂര്‍(10%), സിക്കിം(1%), ത്രിപുര(15%) എന്നിവിടങ്ങളില്‍ നിര്‍വ്വഹിക്കപ്പെടേണ്ട വിദ്യാഭ്യാസ- പ്രബോധന പ്രവര്‍ത്തനങ്ങളുടെ ആവശ്യകതയാണ് അവര്‍ ഊന്നിപ്പറഞ്ഞത്.

ഷില്ലോങ്ങിലെ ഖരാഖാന മസ്ജിദിലെത്തിയ ഞങ്ങള്‍ അവിടത്തെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തി. റമദാനില്‍ ദാറുല്‍ ഹുദാ നടത്തുന്ന ഉര്‍ദു പ്രഭാഷണങ്ങള്‍ക്ക് വിദ്യാര്‍ത്ഥികളെ അയക്കാമെന്ന് വാഗ്ദാനം ചെയ്തു. സമയപരിമിതി കാരണം ഞങ്ങള്‍ ഗോഹാട്ടിയിലേക്ക് തന്നെ തിരിച്ചു. തുടര്‍ന്ന് തലസ്ഥാന നഗരിയായ ദിസ്പൂരിലെത്തി ദിലേര്‍ ഖാന്‍ സാഹിബിന്റെ ബന്ധുവും പി.ഡബ്ല്യു.ഡി എഞ്ചിനീയറുമായ റഫീഖ് അഹ്മദ് ഖാന്‍ സാഹിബിനെ കണ്ട് അവിടത്തെ കെട്ടിട നിര്‍മാണ സംബന്ധമായ കാര്യങ്ങള്‍ അന്വേഷിക്കുകയുണ്ടായി. ഗോഹാട്ടി സ്‌റ്റേഷനിലേക്ക് തിരിച്ച ഞങ്ങള്‍ രാത്രി ഒമ്പത് മണിയോടെ ഗരീബ് രഥ് എക്‌സ്പ്രസില്‍ കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു. ഇരുപത്തൊമ്പതാം തിയ്യതി രാവിലെ ഏഴു മണിക്ക് ഞങ്ങള്‍ തിരികെ യാത്രക്കൊരുങ്ങി.

സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മുസ്‌ലിം പിന്നാക്കാവസ്ഥയുടെ കാരണമായി അടിവരയിടുന്നത് വിദ്യാഭ്യാസത്തിന്റെ അഭാവമാണ്. രണ്ടാം അധ്യായത്തിലെ ഈ പരാമര്‍ശം ശ്രദ്ധിക്കുക: 'വിദ്യാഭ്യാസമാണ് മുസ്‌ലിം സമുദായത്തെ സംബന്ധിച്ചിടത്തോളം കടുത്ത ഉത്കണ്ഠ ഉയര്‍ത്തുന്ന രംഗം. മത യാഥാസ്ഥിതികത്വമാണ് വിദ്യാഭ്യാസ ലഭ്യതയില്‍ തടസ്സമെന്ന പൊതുകാഴ്ചപ്പാട് ശരിയല്ല. വിദ്യാഭ്യാസ പിന്നാക്കാവസ്ഥയെക്കുറിച്ച തിരിച്ചറിവ് മുസ്‌ലിംകള്‍ക്കിടയില്‍ നന്നായുണ്ട്. അടിയന്തരമായി അത് പരിഹരിക്കണമെന്ന് ആഗ്രഹിക്കുന്നുമുണ്ട്. അത് എങ്ങനെ വേണമെന്നതില്‍ കാര്യമായ ആഭ്യന്തര ചര്‍ച്ച നടക്കുന്നുണ്ട്. വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താന്‍ സ്വകാര്യ- ന്യൂനപക്ഷ സ്ഥാപനങ്ങളും മദ്‌റസകളുമാണ് സമുദായത്തിന് ലഭ്യമായ ഏക വഴിയെന്നാണ് കണ്ടുവരുന്നത്. എന്നാല്‍, സര്‍ക്കാര്‍ സ്വന്തം ഉത്തരവാദിത്വം അവഗണിക്കുമ്പോള്‍ മറ്റുള്ളവര്‍ ചോദ്യം ചെയ്യപ്പെടേണ്ട ബദലായി ഇവയെ കാണുന്നു. വിദ്യാഭ്യാസ സ്ഥിതി മെച്ചപ്പെടുത്താന്‍ മദ്‌റസകളെയും ന്യൂനപക്ഷ സ്ഥാപനങ്ങളെയും വല്ലാതെ ആശ്രയിക്കുന്നത് ഭരണഘടനയുടെ അന്തഃസത്ത ലംഘിക്കുന്ന ഒന്നായി പലരും കാണുന്നുണ്ട്.'

ഭരണഘടന ഉറപ്പുനല്‍കുന്ന സാമൂഹ്യനീതിയുടെ അകത്ത് നിന്നു തന്നെ നമ്മുടെ സഹോദരന്മാരുടെ വിദ്യാഭ്യാസപരവും സാമൂഹികവുമായ പ്രശ്‌നങ്ങളെ നാം നേരിടേണ്ടതുണ്ട്. അത്തരം ശ്രമങ്ങള്‍ ഏറ്റെടുക്കുക എന്നതാണ് കാലം നമ്മോട് അടിയന്തരമായി ആവശ്യപ്പെടുന്നത്. വിദ്യാഭ്യാസ സമുദ്ധാരണത്തിലൂടെ സമൂഹങ്ങളെ ക്രമത്തില്‍ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ കഴിയുമെന്നാണ് അനുഭവം. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിന്റെ ഒരു സ്ഥിരസംവിധാനവും ശൃംഖലയും രൂപപ്പെടുത്തുന്നതിനുള്ള സാധ്യതകള്‍ ആരായുകയായിരുന്നു ഞങ്ങളുടെ യാത്രോദ്ദേശ്യം. അതില്‍ പ്രാഥമികമായ ചില ഘട്ടങ്ങള്‍ അല്ലാഹുവിന്റെ അനുഗ്രഹത്താല്‍ പിന്നിടാന്‍ കഴിഞ്ഞിരിക്കുന്നു.

കെ.ടി. ജാബിര്‍ ഹുദവി

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter