ഷഹീൻ ബാഗ് സമുദായത്തോട് പറയുന്നത്
കഴിഞ്ഞ നാലു വർഷമായി ഞാൻ ജയിലിലാണ് കഴിയുന്നത്. ഷഹീൻ ബാഗ് സമരത്തിലെ എന്റെ പങ്കാളിത്തം കാരണം വ്യാജ ആരോപണങ്ങൾ ചുമത്തി തുറുങ്കിലടക്കപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുകയും അതിനായി തയാറാവുകയും ചെയ്തിരുന്നു. ഗാലിബ് എഴുതിയത് പോലെ: "സ്നേഹത്താൽ ബന്ധിക്കപ്പെട്ടവർ തങ്ങളിൽ നിന്ന് ഓടിപ്പോകുമ്പോൾ, വിശ്വസ്തതയുടെ ചങ്ങലകൾ തടവുകാരൻ എന്തിന് ഭയക്കണം?.
എന്നിരുന്നാലും, ഞാൻ അറസ്റ്റ് ചെയ്യപ്പെട്ട്, ഒരു മാസത്തിന് ശേഷം സംഭവിച്ച കലാപത്തിൽ എനിക്കെതിരെ 'ഭീകരവാദം' ആരോപിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. വിയോജിപ്പുകളെ അടിച്ചമർത്താനും ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ കാരാഗൃഹത്തിലടക്കാനും ഭരണകൂടം എത്രത്തോളം ബദ്ധശ്രദ്ധരാണെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇതിന്റെ പത്തിലൊരു അംശം ശ്രദ്ധയെങ്കിലും രാജ്യപുരോഗതിയില്‍ അവര്‍ കാണിച്ചിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്.
ഈ ദീർഘമായ ജയിൽ കാലയളവിൽ ഞാനനുഭവിക്കുന്ന ഏക വേദന രോഗിയായ ഉമ്മയുടെ ഓർമകളാണ്. ഒമ്പത് വർഷങ്ങൾക്ക് മുമ്പ് എന്റെ പിതാവിന്റെ മരണശേഷം, പ്രിയപ്പെട്ട മാതാവിന് തുണയായിട്ടുള്ളത് ഞാനും എന്റെ ഇളയ സഹോദരനും മാത്രമാണ്. ഈ വേദനകളിൽ നിന്നെല്ലാം ഞാന്‍ ആശ്വാസം കണ്ടെത്തുന്നത് പുസ്തകങ്ങളിലൂടെയാണ്.
രണ്ട് വർഷം ജയിലിലും മരണത്തിന് മുമ്പ് വരെ വീട്ടുതടങ്കലിലും അടക്കപ്പെട്ട ഇറാനിയൻ വിപ്ലവ നേതാവ് അലി ശരീഅത്തിയെ കുറിച്ച് ഞാൻ ഏറെ വായിച്ചു. അദ്ദേഹത്തിൽ നിന്നാണ് ശക്തമായ ഈ പ്രാർഥന ഞാന്‍ പഠിച്ചത്: "നാഥാ എനിക്ക് മാറ്റാൻ കഴിയുന്നത് മാറ്റാനുള്ള കരുത്ത് നീ നൽകേണമേ, എനിക്ക് കഴിയാത്ത ഉദ്യമങ്ങളെ നീ സ്വീകരിക്കുകയും ചെയ്യേണമേ". ഈ പ്രാർഥനയിലൂടെയാണ് ഞാൻ സ്വയം പ്രവർത്തിക്കാൻ ശ്രമിക്കുന്നത്. എന്നാൽ, വർഷങ്ങൾ ഇങ്ങനെ കടന്നുപോകുമ്പോൾ, ഉമ്മയെക്കുറിച്ചും സഹോദരനെക്കുറിച്ചും പുറം ലോകത്തെ കുറിച്ചും നമ്മുടെ രാജ്യത്തിന്റെ ഭാവിയെ കുറിച്ചുമുള്ള ആലോചനകള്‍ ആശങ്കപ്പെടുത്തുക തന്നെയാണ്.
എന്റെ ദൈനംദിന ജീവിത രീതിയിൽ അസാധാരണമായി ഒന്നുമില്ല. ദിവസത്തിന്റെ ഭൂരിഭാഗവും ഞാൻ എന്റെ സെല്ലിൽ പുസ്തകങ്ങളും പത്രങ്ങളും വായിക്കുന്നു. വൈകുന്നേരങ്ങളിൽ, എന്റെ ബ്ലോക്കിന് ചുറ്റും ഒരു മണിക്കൂർ നടക്കുന്നു. ഒരു ചെറിയ സെല്ലിൽ ഞാൻ ഏകനായിട്ടാണ് താമസിക്കുന്നത്. ഒരു മൂലയിൽ താഴ്ന്ന മതിൽ കൊണ്ട് വേർതിരിച്ച ഒരു ശൗചാലയമുണ്ട്. കുറച്ച് വസ്ത്രങ്ങൾ, പുസ്തകങ്ങൾ, പാത്രങ്ങൾ തുടങ്ങി ലളിതമായ ചില സാധന സാമഗ്രികളാണ് ഇവിടെ എന്റേതായിട്ടുള്ളത്. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുന്ന ശാന്തമായ ഒരിടമാണിതെന്ന് പറയാതെ വയ്യ. ഏഴ് നൂറ്റാണ്ടുകൾക്ക് മുമ്പ് വിശ്രുതനായ ഹാഫിസ് ഷിറാസിയുടെ മനോഹരമായ ഒരു ശ്ലോകം ഞാന്‍ ഇടക്കിടെ ഓർക്കുന്നു, "ഓ ഹാഫിസ്, ദാരിദ്ര്യത്തിന്റെയും രാത്രിയുടെ ഏകാന്തതയുടെയും മൂലയിൽ, പ്രാർത്ഥനയും ഖുർആൻ പഠനവും നിങ്ങളുടെ ആശ്വാസമാകട്ടെ, ഒരിക്കലും വിലപിക്കരുത്".
ജയിൽ വായനകൾ
ആസാമിലും തിഹാർ ജയിലിലും കഴിഞ്ഞ നാളുകളിൽ നൂറുകണക്കിന് പുസ്തകങ്ങൾ ഞാൻ വായിച്ചിട്ടുണ്ട്. അവയിൽ ചിലത് മുമ്പ് വായിച്ചതാണെങ്കിലും, നവീന കാഴ്ചപ്പാടുകളും ആശയങ്ങളും അവ എനിക്ക് സമ്മാനിച്ചത് ജയിലിനകത്തിരുന്ന് വായിച്ചപ്പോഴാണ്. എന്റെ ജയിൽ വായനയെ ചരിത്രം, ജർമൻ സാഹിത്യം, ശാസ്ത്രവും തത്വചിന്തയും, ഇസ്‌ലാം, ആത്മീയത, ഖുർആൻ വ്യാഖ്യാനം, സാഹിത്യം തുടങ്ങി അഞ്ച് മേഖലകളായി തിരിക്കാം. ഇതിൽ ചരിത്രത്തിൽ യൂറോപ്യൻ ചരിത്രം, ദക്ഷിണേഷ്യൻ ചരിത്രം, ഇസ്‌ലാമിക ചരിത്രം, കീഴാള ചരിത്രം എന്നിവയിൽ അഗാധമായി വായിക്കുകയും എന്റെ ഗവേഷണവുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ പരിചയപ്പെടുകയും ചെയ്തു. പത്ത് വർഷം മുമ്പ് ജർമൻ ഭാഷയിൽ നേടിയ ചെറിയ പ്രാവീണ്യം മെച്ചപ്പെടുത്താൻ എനിക്ക് ജയിൽവാസം സഹായകമായി. കാഫ്കയുടെ ചെറുകഥകളും നോവലുകളും നീഷെയുടെയും മറ്റും രചനകളും ഞാൻ ഇതിനകം വായിച്ചു. നിലവിൽ തോമസ് മാന്റെ The Magic Mountain ആണ് വായിക്കുന്നത്.
ക്വാണ്ടം ഫിസിക്സ്, ആപേക്ഷിക സിദ്ധാന്തം, 20-ാം നൂറ്റാണ്ടിലെ ഗണിതശാസ്ത്രം എന്നിവയെ കുറിച്ച് ബോംബെ ഐഐടിയിൽ നിന്ന് പ്രാഥമികമായി പഠിച്ചിട്ടുണ്ടെങ്കിലും അതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഇക്കാലത്താണ്. ഐൻസ്റ്റീൻ, ഹെയ്സൻബർഗ്, ഷ്രോഡിംഗർ, ഗോഡെൽ, പെൻറോസ്, ഹോക്കിംഗ്, യുവർഗ്രൂ, മാക്സ് ജാമർ എന്നിവരുടെ കൃതികളും ക്വിൻ, സാമുവൽ അലക്സാണ്ടർ എന്നിവരുടെ പൊതുവായ ദാർശനിക ഗ്രന്ഥങ്ങളും ഞാൻ വായിച്ചിട്ടുണ്ട്. ഇപ്പോൾ ഞാൻ ഹാവോ വാങ് എഴുതിയ "From Mathematics to Philosophy വായിക്കുകയാണ്.
ഇസ്‌ലാമുമായി ബന്ധപ്പെട്ട വായന പരിശോധിച്ചാൽ, മൗലാന ആസാദിന്റെയും അബ്ദുല്ല യൂസഫ് അലിയുടെയും കൃതികളും പ്രവാചകന്റെ ജീവചരിത്രങ്ങളും വായിക്കുന്നു. പ്രത്യേകിച്ച് സുലൈമാൻ നദ്‌വിയുടെ ചരിത്രപരവും മതപരവുമായ കൃതികളിലൂടെ ഞാൻ സഞ്ചരിക്കുന്നു. ഇഖ്ബാലിന്റെ ഫാർസി രചനകളും ഹാഫിസ് ഷിറാസിയുടെ ദിവാനും അടങ്ങുന്ന ഇസ്‌ലാമിക സൂഫിസത്തിലെ ഗ്രന്ഥങ്ങളും എന്റെ പുസ്തകക്കൂട്ടുകാരാണ്. ഇഖ്ബാലിന്റെ Reconstruction of Religious thought വീണ്ടും വായിക്കാനും അദ്ദേഹത്തിന്റെ മറ്റ് രചനകൾ പരിചയപ്പെടാനും സാധിച്ചു. അലി ശരീഅത്തിയുടെ കനപ്പെട്ട ഗ്രന്ഥങ്ങൾ മനസ്സിലാക്കാനും പതിനെട്ടാം നൂറ്റാണ്ടിലെ സൂഫിവര്യനായ ശാഹ് വലിയുള്ളാ ദഹ്‌ലവിയുടെ ബൃഹത്തായ ഹുജ്ജതുള്ളാഹിൽ ബാലിഗ വായനായാരംഭിക്കാനും എനിക്ക് കഴിഞ്ഞു.
സആദത്ത് ഹസൻ മന്റോ, മുൻഷി പ്രേംചന്ദ്, ലിയോ ടോൾസ്റ്റോയ്, ഫിയോദർ ദസ്തയേവ്സ്കി, എലിഫ് ഷഫക്, അമിതാവ് ഘോഷ്, അരുന്ധതി റോയ് തുടങ്ങിയവരുടെ രചനകളാണ് എന്റെ വായന ജീവിതത്തിലെ സാഹിത്യ മേഖല.
ഗവേഷണ പഠനം
എന്റെ ഗവേഷണ പ്രബന്ധം 'ഇരുപതാം നൂറ്റാണ്ടിലെ കൊളോണിയൽ ഇന്ത്യയിലെ സാമുദായിക കലാപങ്ങളും ഗോവധവും' എന്നതിനെക്കുറിച്ചാണ്. 2019ൽ യുജിസി എന്റെ പഠന സംഗ്രഹം (Synopsis) അംഗീകരിച്ചതിനാൽ, അറസ്റ്റിന് മുമ്പ് തന്നെ, പ്രബന്ധത്തിലെ അധ്യായങ്ങൾ എഴുതിത്തുടങ്ങിയിരുന്നു. പക്ഷേ, ചില ആർകൈവൽ വർക്കുകൾ അറസ്റ്റ് കാരണം മുടങ്ങിയതിനാൽ പഠനം മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല. പതിനായിരക്കണക്കിന് പേജുകളിലായും ഡിജിറ്റലായും ഞാൻ ശേഖരിച്ച ഡാറ്റകൾ ജയിലിൽ നിന്ന് പരിശോധിക്കാൻ ബുദ്ധിമുട്ടാവുന്നതും പ്രബന്ധ പൂർത്തീകരണത്തിന് എനിക്ക് വിഘ്നം സൃഷ്ടിച്ചു.
18-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഗോസംരക്ഷണമെന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട വർഗീയ കലാപങ്ങൾ ന്യൂനപക്ഷ മുസ്‌ലിംകളെ കാര്യമായി ബാധിച്ചിട്ടുണ്ട്. ബലി പെരുന്നാളുമായി ബന്ധപ്പെട്ട ആദ്യത്തെ പ്രധാന ഗ്രാമീണ കൂട്ടക്കൊലകളിലൊന്ന് 1890 കളിൽ തന്നെ കിഴക്കൻ യുപിയിൽ സംഭവിച്ചിരുന്നു. മുസ്‌ലിംകൾക്ക്, അവരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്സവത്തിന്റെ തലേന്ന് നടന്ന ഈ കലാപം, സാമുദായിക സുരക്ഷക്ക് വലിയ ഭീഷണിയാണ് ഉയർത്തിയത്.
1920-കളോടെ, ഗോസംരക്ഷണ പ്രസ്ഥാനങ്ങൾ ഉയർന്നുവന്നു. അതോടെ ബക്രീദ് ഒരു തർക്കവിഷയവും പലപ്പോഴും അക്രമാസക്തമായ അവസരവുമായി മാറി. ഈ സംഘർഷനൈരന്തര്യം സാമുദായിക ഐക്യത്തിന് കാര്യമായ ഭീഷണി ഉയർത്തുക മാത്രമല്ല, സാംസ്കാരിക ആചാരങ്ങളുടെ സുരക്ഷയെക്കുറിച്ചും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനെക്കുറിച്ചും നിർണായക ആശങ്കകൾ സൃഷ്ടിച്ചു. അതിനുപുറമെ, കന്നുകാലി കശാപ്പുകാരേയും കാര്യമായി ബാധിച്ചു. എന്റെ എംഫിൽ ഗവേഷണം 1946ൽ ബീഹാറിൽ മുസ്‌ലിംകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളെ കുറിച്ചായിരുന്നു. ബക്രീദുമായി ബന്ധപ്പെട്ട് നടന്ന ഈ കലാപത്തിൽ ഔദ്യോഗിക കണക്ക് പ്രകാരം 5000 മുസ്‌ലിംകൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഈ ദാരുണമായ സംഭവമാണ് എന്നെ പിഎച്ച്ഡി പഠനമായി പ്രസ്തുത വിഷയം തിരഞ്ഞെടുക്കാൻ പ്രേരിപ്പിച്ചത്.
വിഭജനത്തെക്കുറിച്ചുള്ള സംവാദം കൂടുതൽ വിശാലമാക്കാനും ചില ഗവേഷകർ പ്രോത്സാഹിപ്പിക്കുന്ന മുസ്‍ലിം വിഘടനവാദത്തിന്റെയും വരേണ്യ മത്സര സിദ്ധാന്തത്തിന്റെയും ലളിതമായ ആഖ്യാനങ്ങളെ വെല്ലുവിളിക്കാനും എന്റെ പഠനം ശ്രമിക്കുന്നുണ്ട്. അക്രമം കൊണ്ടും ഭയം കൊണ്ടും അരക്ഷിതരായ മുസ്‌ലിംകൾക്ക് അവകാശ സംരക്ഷണവും നിർഭയത്വവും അത്യാവശ്യമായിരുന്നു. ഇത്തരത്തിലുള്ള ഘടകങ്ങളാണ് 1937ൽ കോൺഗ്രസിനെതിരെ നിൽക്കാനും 1946ൽ മുസ്‌ലിം ലീഗിനെ പിന്തുണക്കാനും മുസ്‌ലിം വിഭാഗത്തിന് വഴിയൊരുക്കിയതെന്ന് ഞാൻ വിശ്വസിക്കുന്നു.
ഷഹീൻ ബാഗ് പ്രസ്ഥാനം
വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ തുടങ്ങി, സ്ത്രീകൾ നിലനിർത്തി, അവസാനം പകർച്ചാവ്യാധി തടസ്സപ്പെടുത്തിയ ഷഹീൻ ബാഗ് കുത്തിയിരുപ്പ് പ്രതിഷേധം ഇന്ത്യൻ ചരിത്രത്തിലെ നാഴികക്കല്ലാണെന്ന് പറയാതെ വയ്യ. വിദ്യാസമ്പന്നരായ മുസ്‍ലിം മധ്യവർഗത്തിന്റെ ഉയർച്ച, വർധിച്ചുവരുന്ന ഇസ്‍ലാമോഫോബിയ, സിഎഎ, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, മതേതര പാർട്ടികളുടെ നിസ്സംഗത, ഒടുവിൽ മുസ്‍ലിം സ്ത്രീകളുടെ രക്ഷകരായി പ്രത്യക്ഷപ്പെടാനുള്ള ബി. ജെ. പിയുടെ ശ്രമം തുടങ്ങി ഇന്ത്യയിലെ മുസ്‍ലിംകളുടെ സമീപകാല ചരിത്രത്തിലെ ഒന്നിലധികം സുപ്രധാന പ്രവണതകളുടെ പര്യവസാനത്തെ പ്രതിനിധീകരിക്കുന്നതായിട്ടാണ് ഷഹീൻ ബാഗിനെ ഞാൻ നോക്കിക്കാണുന്നത്.
ജെ എൻ യു, ഐഐടി, ജാമിഅ മില്ലിയ്യ എന്നിവിടങ്ങളിൽ നിന്നുള്ള ഗവേഷകരെ കൂടാതെ ഈ സമരം സാധ്യമാകുമായിരുന്നില്ല. ഞാൻ ഉൾപ്പെടെയുള്ള വിദ്യാർഥികൾ കുറച്ച് ദിവസങ്ങളായി ഹൈവേകളിൽ കുത്തിയിരിപ്പ് സമരം നടത്തുന്നുണ്ടായിരുന്നു. ഡിസംബർ 15ന് ഹൈവേയിൽ ഞങ്ങളുടെ സാന്നിധ്യം ഇല്ലായിരുന്നുവെങ്കിൽ അത് മറ്റൊരു ജുലൂസ് (മാർച്ച്) മാത്രമാകുമായിരുന്നു. ഒരു കുത്തിയിരുപ്പ് സമരമായി രൂപപ്പെടുമായിരുന്നില്ല.
പ്രതിഷേധത്തിന്റെ പ്രാരംഭ ദിവസങ്ങൾ, ഓരോ നിമിഷവും ഒരു പോരാട്ടമായിരുന്നു. പോലീസ് നിർദ്ദേശപ്രകാരം പ്രവർത്തിക്കുന്നവരെന്ന് സംശയിക്കപ്പെടുന്ന ദുഷിച്ച ഘടകങ്ങളുടെ ഇടപെടൽ, കഠിനമായ ശൈത്യകാല രാത്രികൾ തുടങ്ങിയവ വലിയ വെല്ലുവിളികളുയര്‍ത്തി. എന്നാൽ, രണ്ടാം ആഴ്ച മുതൽ സ്ത്രീ പങ്കാളിത്തത്തോടെ ഏതാനും വ്യക്തികൾ അവിടെ ഉറച്ചുനിന്നു. ഹൈവേയിലെ വലിയ കടയുടമകൾ എതിർപ്പ് പ്രകടിപ്പിച്ചെങ്കിലും ചെറിയ കടയുടമകളും കച്ചവടക്കാരും കൂടുതൽ പിന്തുണ നൽകി. ചില പ്രാദേശിക ഉലമാക്കൾ പോലും തുടക്കത്തിൽ ഈ പ്രസ്ഥാനത്തെ എതിർത്തു. ഈ വ്യത്യസ്ത താൽപര്യക്കാരുമായി ഇടപഴകുന്നത് ഒരു മുഴുസമയ ജോലിയായി മാറി, പ്രത്യേകിച്ച് ആദ്യകാലങ്ങളിൽ.
ആദ്യ ആഴ്ചയിൽ സ്ത്രീകളുടെ പങ്കാളിത്തം തർക്കവിഷയമായിരുന്നു. പല സ്ത്രീകളും തുടക്കത്തിൽ ഉച്ചകഴിഞ്ഞ് മാത്രം ചേർന്നു. അടച്ച റോഡരികിലെ കടകളുടെ പടികളിൽ ഇരിക്കുകയോ നിൽക്കുകയോ ചെയ്തു. എന്നിരുന്നാലും, രണ്ടാമത്തെ ആഴ്ചയോടെ, വേദിയുടെ സമീപം അവർക്കായി സുരക്ഷിതവും നിയുക്തവുമായ ഒരു ഇടം സ്ഥാപിക്കുകയും ആ പ്രദേശത്തെ സംഘർഷങ്ങൾ കുറയ്ക്കുന്നതിന് വേദിയുടെ നിയന്ത്രണം വനിതാ വിദ്യാർത്ഥികൾക്ക് കൈമാറുകയും ചെയ്തു. ജനക്കൂട്ടം അതിവേഗം വർധിച്ചതിനാൽ തികഞ്ഞ ക്രമം കൈവരിക്കുക എന്നത് വെല്ലുവിളിയായിരുന്നുവെങ്കിലും ഗണ്യമായ പുരോഗതി കൈവരിച്ചു.
പരസ്പര ഐക്യം സൃഷ്ടിക്കാനും മനോവീര്യം കൈവരിക്കാനും ആദ്യ രണ്ടാഴ്ചകളിൽ ഷഹീൻ ബാഗിൽ രണ്ട് സമൂഹ നോമ്പ്തുറ സംഘടിപ്പിച്ചു. ദിനേനയുള്ള നമസ്കാരങ്ങൾക്കൊപ്പം സ്ത്രീകളും പുരുഷന്മാരും ഒരുമിച്ചു പ്രാർഥിച്ചു. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരവും സംഘടിപ്പിച്ചു. ഇവ കൂട്ടായ ഐക്യദാർഢ്യത്തിന്റെയും പ്രതിരോധത്തിന്റെയും പ്രതീകമായി മാറി.
രണ്ട് വെള്ളിയാഴ്ചകളിലും നമസ്കാരാനന്തരം അവരെ അഭിസംബോധന ചെയ്യാൻ എനിക്ക് ഭാഗ്യമുണ്ടായി. ഈ പോരാട്ടങ്ങളിലെല്ലാം, വിദ്യാർത്ഥികൾ-പുരുഷന്മാരും സ്ത്രീകളും, പ്രൊഫഷണലുകൾ, തൊഴിലാളികൾ, ഷഹീൻ ബാഗിലെ അഭിഭാഷകർ എന്നിവരായിരുന്നു ഞങ്ങൾക്ക് പ്രധാന പിന്തുണ നൽകിയത്. ഈ ഘട്ടങ്ങളിലെല്ലാം അവർ പാറപോലെ ഉറച്ചു നിന്നു. ഡിസംബർ അവസാനത്തോടെ ഇതൊരു ജനപ്രിയ മാതൃകയായി പരിണമിച്ചു.
2019 ഡിസംബർ 15നും 2020 ജനുവരി 3നും ഇടയിലുള്ള നിർണായകമായ 18 ദിവസങ്ങളിൽ, ഞങ്ങളുടെ സംഘം ഷഹീൻ ബാഗിൽ നിന്ന് താൽക്കാലികമായി പിന്മാറിയപ്പോൾ, പ്രതിഷേധത്തിന് സുസ്ഥിരമായ ഒരു മാതൃക രൂപംകൊള്ളാൻ തുടങ്ങി. ഐഐടികൾ, ജെഎൻയു, ജാമിയ മില്ലിയ്യ, അലിഗഢ് മുസ്‌ലിം യൂനിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് ഉന്നത വിദ്യാഭ്യാസമുള്ള പുരുഷന്മാരുടെയും സ്ത്രീകളുടെയും ശ്രദ്ധേയമായ ഒത്തുകൂടലിന് ഈ കാലയളവ് സാക്ഷ്യം വഹിച്ചു. വിദ്യാർത്ഥി പ്രവർത്തകർക്കും പ്രൊഫഷണലുകൾക്കുമൊപ്പം ഈ വ്യക്തികളും ഷഹീൻ ബാഗിന്റെ നട്ടെല്ലായി മാറി. ജെഎൻയുവിൽ നിന്നുള്ള ബാപ്സ (ബിർസ അംബേദ്കർ ഫൂലെ സ്റ്റുഡന്റ്സ് അസോസിയേഷൻ), ബി.എ.എം.എസ്.ഇ.എഫ്, ചില ഇടതുപക്ഷ ഗ്രൂപ്പുകൾ, ദളിത്, പിന്നോക്ക-ജാതി സംഘടനകള്‍ എന്നിവരുടെയെല്ലാം പിന്തുണയും ശ്രമങ്ങൾക്ക് കൂടുതൽ ഊർജം നൽകി.
ഷഹീൻ ബാഗിന്റെ ആദ്യ പത്ത് ദിനങ്ങൾ നിർണ്ണായകമായിരുന്നു. അക്കാലയളവിൽ, വമ്പിച്ച മാധ്യമശ്രദ്ധയോ ദൃശ്യപരതയോ പ്രസ്ഥാനത്തിന് നേടിയെടുക്കാൻ കഴിഞ്ഞിരുന്നില്ല. പ്രതിരോധത്തിന്റെ പ്രതീകമായോ സുസ്ഥിര പ്രസ്ഥാനമായോ അംഗീക്കരിക്കപ്പെട്ടില്ല. 'ദി വയർ' പോലുള്ള ഏതാനും ചില മാധ്യമങ്ങളിൽ മാത്രം ഒതുങ്ങുന്നതായിരുന്നു ഷഹീൻ ബാഗ്. വൈകാതെ, താഴെത്തട്ടിലുള്ള സംഘടനകളും ബാപ്സ പോലുള്ളവരുടെ പിന്തുണയും അതിന് ജനപ്രീതിയും സ്വീകാര്യതയും നൽകാൻ ഹേതുവായി. ഡിസംബർ 25 ന് റോയിട്ടേഴ്സ് പ്രതിഷേധം റിപ്പോർട്ട് ചെയ്തതോടെ ഷഹീൻ ബാഗ് ആഗോള ശ്രദ്ധയാകർഷിച്ചു. ഇന്ത്യൻ മാധ്യമങ്ങളും രാഷ്ട്രീയക്കാരും സമരത്തെ വ്യക്തമായി നിരീക്ഷിക്കുകയും ചെയ്തു. അക്ഷരാർത്ഥത്തിൽ, രാജ്യത്തുടനീളം സമാനമായ പ്രതിഷേധങ്ങൾങ്ങൾക്ക് പ്രസ്ഥാനം പ്രചോദനമാവുകയും ചെയ്തു.
ഇന്ത്യൻ ചരിത്രത്തിലെ വിദ്യാസമ്പന്നരായ മുസ്‍ലിം യുവാക്കളുടെ ഒരു സംഘടനയുടെ നേതൃത്വത്തിലുള്ള ആദ്യത്തെ സ്വയംഭരണാധികാരമുള്ള, വലിയ തോതിലുള്ള കൂട്ടായ ചെറുത്തുനിൽപ്പായിരുന്നു ഷഹീൻ ബാഗ്. സ്വതന്ത്രമായി സംഘടിപ്പിക്കാനും ഐക്യദാർഢ്യം പ്രചോദിപ്പിക്കാനും ജനങ്ങളെ ഊർജ്ജസ്വലമാക്കാനുമുള്ള അവരുടെ കഴിവ് ഷഹീൻ ബാഗ് പ്രദർശിപ്പിക്കുകയും രാജ്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ ഭൂപ്രകൃതിയിൽ മായാ മുദ്രയായി നിൽക്കുകയും ചെയ്തു.
സേഛാധിപത്യ ഭരണകൂടങ്ങൾക്കെതിരെ ചെറുത്ത് നിൽപ്പ് സാധ്യമാണെന്ന് മാത്രമല്ല ജനങ്ങളുടെ കൂട്ടായ ശ്രമത്തിലൂടെ സമാധാനപരമായി വിജയം നേടാനും കഴിയുമെന്ന് ഷഹീൻ ബാഗ് ഓർമപ്പെടുത്തുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾ സമൂഹ നന്മക്കായി വൈരുദ്ധ്യങ്ങളെ മറികടന്ന് സംഘടിക്കുമെന്നും ഷഹീൻ ബാഗ് തെളിയിക്കുന്നു. ഇത് നൽകുന്ന മറ്റൊരു മുഖ്യ സന്ദേശം ജൈവികമായ നേതൃത്വത്തിന്റെ പങ്കാണെന്ന് ഞാൻ വിശ്വസിക്കുന്നു. വിശിഷ്യ, സമൂഹത്തിൽ വിദ്യാസമ്പന്നരായ യുവാക്കളുടെ പങ്ക്.
സ്വയം പുരോഗമനവാദം ചമയുന്ന എന്നാൽ സ്വതന്ത്രവും വിദ്യാസമ്പന്നവുമായ മുസ്‍ലിം ശബ്ദങ്ങളിൽ ജാഗ്രത പുലർത്തുകയും ചെയ്യുന്ന ഒരു വിഭാഗം ആളുകളുണ്ട്. അത്തരക്കാർ നേതൃത്വത്തിന്റെ സംഭാവനകളെ തള്ളിക്കളയുകയും, ഷഹീൻ ബാഗ് ആസൂത്രിതമല്ലാത്തതും നേതൃത്വമില്ലാത്തതുമായ സ്വാഭാവികമായ പ്രസ്ഥാനമാണെന്ന് അവകാശപ്പെടുകയും ചെയ്യുന്നു. ഈ ആരോപണം പുരുഷന്മാരുടെയും സ്ത്രീകളുടെയും കഠിനാധ്വാനവും ദീർഘവീക്ഷണവും അർപ്പണബോധവും ഇല്ലാതാക്കുന്നു. അത്തരം നിർഗുണ മനോഭാവങ്ങളെ വെല്ലുവിളിച്ച് ഷഹീൻ ബാഗിന് അടിത്തറ പാകിയവർക്ക് അർഹമായ ബഹുമതി നൽകപ്പെടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.
1909ൽ അല്ലാമാ ഇഖ്ബാൽ നടത്തിയ നിരീക്ഷണം ഇന്നും പ്രസക്തമാണ്. "മുസ്‌ലിം സമുദായം ഇരട്ട ജാതി സമ്പ്രദായം സഹിക്കുന്നവരാണ്. ഒന്ന് മതപരമായ ജാതീയതയും മറ്റൊന്ന് സാമൂഹിക ജാതി വിഭജനവും. ഈ തലത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് ഷഹീൻ ബാഗിന് സമാനമായ നേതൃത്വം അത്യാവശ്യമാണ്. ഖുർആൻ നിരുത്സാഹപ്പെടുത്തുന്ന ജാതീയത, വിഭാഗീയത തുടങ്ങിയവയിൽ വ്യക്തമായ നിലപാടും ഭൂരിപക്ഷവാദം, ഇസ്‍ലാമോഫോബിയ എന്നിവയെ എതിർക്കുന്നവരുമാണ് ഈ നേതൃത്വം. അതുകൊണ്ട്, മുസ്‌ലിംകളുടെയും അടിച്ചമർത്തപ്പെട്ട മറ്റു ജനതയുടെയും അവകാശങ്ങൾക്കും ഉന്നമനത്തിനും വേണ്ടി വാദിക്കാൻ അവർക്ക് ധൈര്യവും ശക്തിയുമുണ്ട്.
നമ്മുടെ സമൂഹത്തിൽ നിന്ന് മാറ്റത്തിനായി പ്രവർത്തിക്കുന്ന ദൃഢനിശ്ചയമുള്ള സ്ത്രീകളും പുരുഷന്മാരും അടങ്ങുന്ന അത്തരം നേതൃത്വം ഉയർന്നുവരൽ അത്യന്താപേക്ഷിതമാണ്. ഷഹീൻ ബാഗിൽ അപ്രകാരമുള്ള ഒരു വിഭാഗത്തിന്റെ ഭാഗമാകാൻ എനിക്ക് ഭാഗ്യമുണ്ടായി എന്ന് ദൃഢമായി പറയാൻ കഴിയും. ഷഹീൻ ബാഗ് ജ്വലിപ്പിച്ച ജ്വാല ഇന്ത്യയിലെ മുസ്‍ലിംകളുടെ ഭാവിയിലേക്കുള്ള പ്രസ്ഥാനത്തിന്റെ ഏറ്റവും വലിയ സംഭാവനകളിലൊന്നാണ്. ഭരണഘടന ഉറപ്പ് നല്കുന്ന അവകാശങ്ങളെല്ലാം നേടിയെടുത്ത്, അഭിമാനകരമായ അസ്തിത്വമുള്ള ഇന്ത്യന്‍ പൗരന്മാരാകാനുമുള്ള ഏക മാര്‍ഗ്ഗം അത്തരം സുസംഘടിതവും അച്ചടക്ക പൂര്‍ണ്ണവുമായ സമരങ്ങളാണ്. അതിന് നേതൃത്വം നല്കേണ്ടത് വിദ്യാസമ്പന്നരായ ചെറുപ്പക്കാരുടെ ബാധ്യതയാണ്. സമൂഹം എല്ലാം മറന്ന് അവര്‍ക്ക് പിന്തുണ നല്കുകയും ചെയ്തിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോവുകയാണ്.
Maktoob Media പ്രസിദ്ധീകരിച്ച ശര്‍ജീല്‍ ഇമാമിന്റെ ജയില്‍കുറിപ്പുകളുടെ വിവര്‍ത്തനം
Leave A Comment