അയോധ്യയും വിധിയും
വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ള അലഹാബാദ് ഹൈക്കോടതിയുടെ അയോധ്യാ വിധിയിലൂടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുറപ്പെടുവിക്കാമായിരുന്ന ഒരു തീരുമാനമാണിപ്പോള്‍ പുറത്ത് വന്നത്. തകര്‍ത്ത പള്ളിയുടെ സ്ഥലത്തെ ക്ഷേത്ര നിര്‍മാണവും ഭൂമിയുടെ ഉടമസ്ഥാവകാശവുമാണ് അയോധ്യാ പ്രശ്‌നത്തിന്റെ മര്‍മം. മതസ്വത്വങ്ങള്‍ക്കിടമുള്ള സമകാലിക രാഷ്ട്രീയവുമായി ബന്ധപ്പെട്ടു കിടക്കുന്ന വിധിപ്രസ്താവം, ചരിത്ര സത്യങ്ങളുടെ വെളിച്ചത്തിലാണെന്ന അവകാശവാദം നിലനില്‍ക്കുന്നുണ്ടെങ്കിലും വിധി പുറത്ത് വന്നപ്പോള്‍ ഈ ന്യായം തൃണവല്‍ക്കരിക്കപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യം.
(അര്‍ധ)ദൈവികമായ ശക്തിയുടെ ജന്മസ്ഥലത്ത് ജനനത്തെ ഓര്‍മിപ്പിക്കാനുതകുന്ന ക്ഷേത്രം പണിയാമെന്നാണ് കോടതിയുടെ പ്രഖ്യാപനം. തീര്‍ത്തും ഹൈന്ദവ വിശ്വാസത്തിനനുകൂലമാണീ വിധി. പ്രസ്തുത ന്യായത്തിന് കൃത്യമായ തെളിവുകള്‍ ഇല്ലെന്നിരിക്കെ ഇത്തരമൊരു വിധി ആരും പ്രതീക്ഷിരുന്നില്ല തന്നെ. രാമനെ ഹൈന്ദവര്‍ തീവ്രമായി ആരാധിക്കുന്നുവെങ്കിലും തള്ളിക്കളയാനാവാത്ത ചരിത്ര വസ്തുതയെ മറികടന്ന് ഭൂപ്രദേശം കൈയടക്കുകയും ഉടമസ്ഥത അവകാശപ്പെടുകയും ചെയ്ത തര്‍ക്കത്തിന്റെ വിധിയില്‍ ഇതൊരു ന്യായീകരണമാവുമോ? എ.ഡി 12-ാം നൂറ്റാണ്ടില്‍ അവിടെ ഒരു ക്ഷേത്രമുണ്ടായിരുന്നുവെന്നും പള്ളി നിര്‍മാണാര്‍ത്ഥം അത് പൊളിക്കപ്പെടുകയുമായിരുന്നുവെന്ന വിധിയുടെ അവകാശ വാദം പിന്നീട് പുതിയൊരു ക്ഷേത്രം നിര്‍മിക്കാനുള്ള ന്യായീകരണമായി മാറുകയായിരുന്നു. പ്രമുഖ പുരാവസ്തു ഗവേഷകരും ചരിത്ര പണ്ഡിതരുമെല്ലാം ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോഴും ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ നിഗമനങ്ങള്‍ മാത്രം പൂര്‍ണമായി അംഗീകരിക്കപ്പെടുകയായിരുന്നു. അഭിപ്രായ ഭിന്നതകളുള്ള ഒരു വൈജ്ഞാനിക വിഷയത്തെ നിസ്സാര ഭാവത്തില്‍ സമീപിക്കുകയെന്നത് കോടതിയുടെ വിശ്വാസ്യതയെത്തന്നെയാണ് ചോദ്യം ചെയ്യുന്നത്. കഴിഞ്ഞ ഒരു നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ, അവകാശ വാദങ്ങളുടെ ചരിത്രപരതയുടെ പ്രശ്‌നമായിരുന്നിട്ടു കൂടി ഒരു ജഡ്ജിയുടെ പ്രസ്താവം ഇങ്ങിനെയായിരുന്നു: 'ഒരു ചരിത്രകാരനല്ലാത്തത് കൊണ്ട് എനിക്ക് ചരിത്രപരമായ തെളിവുകള്‍ അന്വേഷിക്കേണ്ടതില്ലെന്ന് മാത്രമല്ല ഇത്തരം തര്‍ക്കങ്ങളില്‍ തീര്‍പ്പു കല്‍പിക്കാന്‍ ചരിത്രവും പുരാവസ്തു ഗവേഷണവും അത്യാവശ്യമല്ല താനും!' ഏകദേശം അഞ്ച് നൂറ്റാണ്ടിന്റെ പഴക്കമുണ്ട് പള്ളിക്ക്. നമ്മുടെ സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമായിരുന്ന അത് രാഷ്ട്രീയ ദുര്‍പ്രേരണ മൂലം അക്രമാസക്തരായ ജനക്കൂട്ടം തകര്‍ക്കുകയായിരുന്നു. വിധിയുടെ സംഗ്രഹത്തില്‍ പോലും ഈ കടന്നാക്രമണവും പള്ളി തകര്‍ക്കലും അപലപനീയമാണെന്ന പരാമര്‍ശം പോലുമില്ല. പുതിയ രാമക്ഷേത്ര നിര്‍മാണത്തിനായി നിശ്ചയിച്ചിരിക്കുന്ന സ്ഥലം പള്ളിയുടെ തിരുശേഷിപ്പുകള്‍ നിലനിന്നിരുന്ന ഇടമാണ്. പുതിയ ക്ഷേത്ര നിര്‍മാണത്തിന് ന്യായീകരണമായ ക്ഷേത്ര തകിര്‍ച്ചയെ അപലപിച്ച കോടതി പള്ളിയുടെ തകര്‍ച്ചയില്‍ മൗനം പാലിക്കുകയും പ്രസ്തുത വിഷയത്തെ കേസ് ഫയലില്‍ നിന്നും സമര്‍ത്ഥമായി ഒഴിവാക്കുകയുമായിരുന്നു. ദുരുദ്ദേശ്യപരമായ സാംസ്‌കാരിക ധ്വംസനങ്ങള്‍ അപലപിക്കപ്പെടാതിരുന്നാല്‍ ഇത്തരം അന്യായങ്ങളില്‍ നിന്ന് എന്തൊരു പ്രേരകമാണ് ജനങ്ങളെ അകറ്റിനിര്‍ത്തുക? ആരാധനാലയങ്ങളുടെ നിരന്തര മാറ്റത്തിനെതിരെ 1993ല്‍ പ്രാബല്യത്തില്‍ വന്ന നിയമം ഇപ്പോള്‍ പരിപൂര്‍ണമായും നിര്‍വീര്യമായിക്കൊണ്ടിരിക്കുകയാണ്. ചരിത്ര സംഭവങ്ങള്‍ മാറ്റം വരുത്തുക അസാധ്യമാണ്. എങ്കിലും സാഹചര്യങ്ങളുടെയും വിശ്വസനീയ സ്രോതസുകളുടെയും അടിസ്ഥാനത്തില്‍ ചരിത്രത്തില്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് ഗ്രഹിച്ചെടുക്കാവുന്നതാണ്. സമകാലിക രാഷ്ട്രീയത്തെ ന്യായീകരിക്കാന്‍ ഗതകാല ചരിത്രം മാറ്റിയെഴുതുക സാധ്യമല്ല തന്നെ. ഈ വിധി ചരിത്രപരമായ വസ്തുതകളെ തിരസ്‌കരിച്ച് മതവിശ്വാസത്തെ തദ്സ്ഥലത്ത് പ്രതിഷ്ഠിക്കുകയാണ്.
റൊമീലാ ഥാപ്പര്‍
Leave A Comment