മസ്ജിദെ ജഹാനുമാ: ഇന്നും തലയുയര്‍ത്തി നില്‍ക്കുന്ന ഡല്‍ഹി ജുമാമസ്ജിദ്
ഡല്‍ഹി ജുമാമസ്ജിതെന്ന് കേള്‍ക്കാത്ത ഇന്ത്യക്കാരുണ്ടാവില്ല. ഡല്‍ഹി സന്ദര്‍ശിച്ചവരെല്ലാം ഒരിക്കലെങ്കിലും അവിടെയെത്തി രണ്ട് റക്അത് നിസ്കരിച്ചിട്ടുമുണ്ടാവും. ചെങ്കോട്ടയിൽ നിന്ന് ഏകദേശം ഒരു കിലോമീറ്റർ അകലെ പഹരിഭോജല എന്ന കുന്നിൻപ്രദേശത്ത്, മുഗൾ ഭരണാധികാരി ഷാജഹാൻ നിര്‍മ്മിച്ച ഈ പള്ളിയുടെ യഥാര്‍ത്ഥ നാമം മസ്ജിദെ ജഹനുമ എന്നായിരുന്നു. ചെങ്കോട്ടയിൽ സ്ഥിരതാമസമാക്കിയ അവസരത്തിൽ ഷാജഹാനാബാദിലെ വർധിച്ചു കൊണ്ടിരിക്കുന്ന ജനസമൂഹത്തെ ഉൾകൊള്ളുന്ന രീതിയിലായിരുന്നു മസ്ജിദിന് രൂപം നൽകിയത്. 1650 ഒക്ടോബറിൽ ഷാജഹാൻ തറക്കല്ലിട്ട ശേഷം പ്രധാനമന്ത്രി സഅദുല്ല ഖാന്റെയും രാജകീയ നിർമാണങ്ങളുടെ തലവനായിരുന്ന ഫാസിൽ ഖാന്റെയും മേൽനോട്ടത്തിലാണ് നിർമാണം പുരോഗമിച്ചത്.
ബൈസാന്റിയൻ-അറബിക് വാസ്തു കലാ രൂപത്തിൽ നിർമിക്കപ്പെട്ട മസ്ജിദിന്റെ തറക്കല്ലിട്ടതുമായി സംബന്ധിച്ച് ഒരു കഥയുണ്ട്. നിസ്കാരങ്ങൾ ഒരിക്കലും പിന്തിക്കാത്ത, എല്ലാ നമസ്കാരങ്ങൾക്കും ഇമാമിന്റെ തൊട്ടു പിന്നിൽ നിൽക്കുന്ന, തഹജ്ജുദ് പതിവാക്കിയ ആരെങ്കിലുമുണ്ടെങ്കിൽ കടന്നു വരാൻ ചക്രവർത്തി ആജ്ഞാപിച്ചു. എല്ലാവരും പിന്മാറിയപ്പോൾ അൽഹംദുലില്ലാഹ്, ഈ വിശേഷണങ്ങളെല്ലാം എനിക്കുണ്ടെന്ന് പറഞ്ഞ് ഷാജഹാന്‍ തന്നെ തറക്കല്ലിടുകയായിരുന്നു.
ആറു വർഷം കൊണ്ട് ഏകദേശം അന്നത്തെ പത്ത് ലക്ഷം രൂപ ചെലവില്‍ 6000 തൊഴിലാളികള്‍ ജോലി ചെയ്താണ് മസ്ജിദ് പൂർത്തീകരിച്ചത്. മുപ്പത് അടി ഉയരമുള്ള തറയിൽ 261 അടി നീളവും 90 അടി വീതിയുമാണ് ഇതിനുള്ളത്. മൈലുകൾക്കപ്പുറത്ത് നിന്ന് തന്നെ ദൃശ്യമാകും വിധത്തിലുള്ള അലങ്കാരപ്പണികൾ മസ്ജിദിന്റെ പേരിനെ അന്വർത്ഥമാക്കുന്നു.
ഇന്ത്യൻ മുസ്‍ലിം സമൂഹത്തിന്റെ പ്രതീകവും പ്രതാപത്തെ വിളിച്ചോതുന്നതുമായ കേന്ദ്ര ബിന്ദുവായി മസ്ജിദെ ജഹനുമെ ഇന്നും തലയുയർത്തി നിൽക്കുന്നു. കിഴക്ക്, തെക്ക്, വടക്ക് ഭാഗത്തായി മുപ്പതിൽ കൂടുതൽ പടവുകളുള്ള വലിയ മൂന്നു കവാടങ്ങളാണ് മസ്ജിദിനുള്ളത്. താഴ്ഭാഗം മാർബിളും കറുത്ത കല്ലും ഉപയോഗിച്ച് മനോഹരമാക്കിയിരിക്കുന്നു. നിർമാണത്തിന് ചെങ്കല്ലും ഉപയോഗിച്ചിട്ടുണ്ട്. എല്ലാ ചുവരുകളും അറബിക് കാലിഗ്രഫി കൊണ്ട് സമ്പന്നമാണ്.
Read More: താജ്- മാര്‍ബിള്‍ കല്ലുകളില്‍ തീര്‍ത്ത ഗസല്‍
മസ്ജിദിന്റെ കേന്ദ്ര ഭാഗത്ത് അസ്മാഉൽ ഹുസ്നയിൽപെട്ട യാ ഹാദി എന്ന നാമവും മറ്റു ഭാഗങ്ങളിൽ ചക്രവർത്തി ഷാജഹാന്റെ ഉദ്ധരണികളും കൊത്തി വെച്ചിട്ടുണ്ട്. പെരുന്നാൾ നമസ്കാരത്തോടെ തുടക്കം കുറിച്ച മസ്ജിദിന് ചരിത്രപരമായി നിരവധി കഥകള്‍ പറയാനുണ്ട്. മസ്ജിദിന്റെ 35 പടവുകളുള്ള കിഴക്കൻ വാതിൽ ചക്രവർത്തിക്കും പരിവാരങ്ങൾക്കും മാത്രം പ്രത്യേകമായി കൊട്ടാരത്തിന്റെ നേർദിശയിൽ പണി കഴിപ്പിച്ചതാണ്. നിലവിൽ വിവിധ വ്യാപാരികളാലും വിനോദ സഞ്ചാരികളാലും നിബിഢമാണ്.
മംഗോൾ രാജാവ് തിമൂറിൽ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട് ബായസീദ് ഒന്നാമനിലൂടെ ഡൽഹിയിലെത്തിയ നിരവധി പ്രവാചക ശേഷിപ്പുകൾ മസ്ജിദിനകത്തുണ്ട്. തിരുനബി(സ)യുടെ ശഅർ, പാദുകം, അലി(റ), ഹുസൈൻ(റ) എന്നിവര്‍ ഉപയോഗിച്ച ഖുർആനുകൾ എന്നിവ അവിടെയുണ്ട്. ഹിജ്റ 1065 ൽ ആദ്യ ഇമാമായി ഷാജഹാൻ നിയമിച്ചത് ബുഖാറയിലെ പ്രശസ്ത പണ്ഡിതൻ സയ്യിദ് അബ്ദുൽ ഗഫൂർ ശാഹിനെയാണ്.1066 ൽ അദ്ദേഹത്തെ സയ്യിദുൽ മസ്ജിദായി പ്രഖ്യാപിക്കുകയും ചെയ്തു. ഇവർ തന്നെയാണ് മുഗൾ കിരീട ധാരണത്തിനും നേതൃത്വം കൊടുത്തു വന്നിരുന്നത്.
1857ലെ കലാപത്തിനു ശേഷം ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിലായ മസ്ജിദ് സൈനിക റെജിമെന്റിന്റെ വിശ്രമകേന്ദ്രമായി മാറി. മുസ്‍ലിം പ്രവേശനം തടയാൻ വേണ്ടി കവാടത്തിനരികിൽ പട്ടാള കാവൽപട തന്നെയുണ്ടായിരുന്നു. മതമൈത്രിയുടെ മകുടോദാഹരണമായ മസ്ജിദ് വർഗീയതയുടെ പരസ്യവാക്യങ്ങളാലും പോസ്റ്ററുകളാലും അക്കാലത്ത് നിറക്കപ്പെട്ടു. അഞ്ച് വർഷത്തെ പ്രതിരോധങ്ങൾക്കും നിവേദനങ്ങൾക്കും ഒടുവില്‍, നായകളുമായി വന്നാൽ പോലും ബ്രിട്ടീഷുകാര്‍ക്ക് പ്രവേശനം വിലക്കരുതെന്ന നിബന്ധനയോടെ, 1862 നവംബറിൽ ബ്രിട്ടീഷുകാര്‍ അത് തിരിച്ചു നൽകി.
പഴയ ഡൽഹിയുടെ ജീവനാഡിയായി നിലകൊണ്ട മസ്ജിദെ ജഹനുമ ഇന്നും മുസ്‍ലിം സമൂഹത്തിന്റെ നഷ്ടപ്രതാപത്തിന്റെ പ്രതീകമായി നിലകൊള്ളുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും ഡല്‍ഹി ജുമാമസ്ജിദും അവിടത്തെ ശാഹീ ഇമാമും ചിലപ്പോഴെങ്കിലും സ്വാധീനം ചെലുത്തുന്നതും നാം കാണാറുള്ളതാണ്. നൂറ്റാണ്ടുകളോളം നീണ്ട ശോഭനമായ മുസ്‍ലിം ഭരണത്തിന്റെ ബാക്കി പത്രങ്ങളാണ് ഇവയെല്ലാം.
 
 


 
             
            
                     
            
                     
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                                             
            
                         
                                     
                                     
                                     
                                     
                                     
                                     
                                    
Leave A Comment