മുഹമ്മദ്ബിന്‍ തുഗ്ലക്ക്, കാലം തെറ്റിയിറങ്ങിയ ഭരണാധികാരി
തന്റെ കഴിവുകള്‍ കൊണ്ടും കഴിവുകേടു കൊണ്ടും ഇന്ത്യന്‍ ചരിത്രത്തിലുടനീളം പലവിധ റോളുകളില്‍ ആഘോഷിക്കപ്പെടുന്ന വ്യക്തിയാണ് പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യയുടെ വടക്ക് ഭാഗം അടക്കിവാണ തുഗ്ലക്ക് രാജവംശത്തിലെ രണ്ടാമത്തെ ഭരണാധികാരി മുഹമ്മദ് ഇബ്‌നു തുഗ്ലക്ക്. തന്റെ നിലപാടുകളുടെ പേരില്‍ ചരിത്രത്തിലിന്നും ക്രൂശിക്കപ്പെടുന്ന അദ്ദേഹം മതസാഹോദര്യത്തിന്റെ പൈതൃകങ്ങള്‍ സമ്മാനിച്ചത് പലപ്പോഴും സ്‌മരിക്കപ്പെടാതെ പോകുന്നു. നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പോലും കടന്നുവരുന്ന ചില മണ്ടന്‍ തീരുമാനങ്ങള്‍ പലപ്പോഴും മാധ്യമതലക്കെട്ടുകളില്‍ പ്രത്യക്ഷ്യപ്പെടുന്നത് തുഗ്ലക്കിയന്‍ പരിഷ്‌കാരം എന്ന നിലക്കാണ്. അത്രമേല്‍ തന്റെ അബദ്ധജഡിലമായതും അതീവബുദ്ധിയാര്‍ന്നതുമായ തീരുമാനങ്ങളാല്‍ പ്രശസ്‌തിയും കുപ്രസിദ്ധിയുമാര്‍ജിച്ച അദ്ദേഹം സത്യത്തില്‍ ആരായിരുന്നു?
മുപ്പത് വര്‍ഷത്തോളം ഇന്ത്യയുടെ ഭരണസംവിധാനങ്ങള്‍ കൈയ്യാളിയ തുഗ്ലക്ക് രാജവംശത്തിലെ ഇദ്ദേഹത്തിന്റെ ഭരണകാലഘട്ടം ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ മോശം കാലഘട്ടമായി ചിത്രീകരിക്കപ്പെടുമ്പോള്‍ അത് തീര്‍ത്തും ശരിയായ ചരിത്രാവതരണം തന്നെയാണോ? അതല്ല ഔറംഗസീബിനേയും മഹ്മൂദ് ഗസ്‌നിയേയും പോലെ ചരിത്രം അയാളെയും തഴയുകയാണോ? നിലവിലെ ആഗോള സാമ്പത്തികമേഖല ഉപയോഗപ്പെടുത്തുന്ന നോട്ടുകളിലൂടെയും കോയിനുകളിലൂടെയുമുള്ള കൈമാറ്റശാസ്‌ത്രത്തിന്റെ പുത്തന്‍ രീതി ആദ്യമായി ഇന്ത്യയില്‍ നടപ്പിലാക്കിയ ഭരണാധികാരിയെ നിഷ്പക്ഷമായി വിലയിരുത്തുകയാണ് ഇവിടെ.
ഇന്ത്യ വാണ തുഗ്ലക്കിയന്‍സ്
പതിമൂന്നാം നൂറ്റാണ്ട് മുഴുക്കെ ഇന്ത്യയുടെ തലപ്പത്ത് വന്നിരുന്ന ഭരണാധികാരമാണ് മംലൂകുകളുടേത് (Mamluk dynasty, അടിമയെന്നര്‍ത്ഥമാക്കുന്ന മംലൂകെന്ന വാക്ക് അറബിയില്‍ നിന്നും ഉരിത്തിരിഞ്ഞുവന്നതാണ്. 1206-1290 വരെ ഡെല്‍ഹി ആസ്ഥാനമാക്കിയായിരുന്നു ഇവരുടെ ഭരണം). ഇവര്‍ക്കു ശേഷം പതിനാലാം നുറ്റാണ്ടിന്റെ തുടക്കകാലഘട്ടം അവിടം ഭരിച്ചവരാണ് ഖില്‍ജി ഭരണകൂടം (Khilji dynasty , 1290-1320). ഇവര്‍ക്കെല്ലാം ശേഷമാണ് തൂഗ്ലക്ക് ഭരണകൂടത്തിന്റെ വാഴ്‌ചയാരംഭിക്കുന്നത്.
മതംമാറിയ മുസ്‍ലിം ഭരണാധിപന്മാരാണ് ഖില്‍ജികളെങ്കിലും അവിടുത്തെ അവസാനത്തെ ഭരണാധികാരി ഖുസ്‌റു ഖാന്‍ തന്റെ ഭരണത്തിനു കീഴില്‍ ഹൈന്ദവര്‍ക്ക് വളരെയധികം പ്രധാന്യം കല്‍പിച്ചത് അവിടെയുള്ള മുസ്‍ലിംകളെ പ്രകോപിപിക്കാനിടയായി. തങ്ങളേക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന അവസ്ഥ വന്നതോടെ അവിടുത്തെ മുസ്‍ലിം ജനവിഭാഗങ്ങള്‍ ഖുസ്രു ഖാനെതിരെ തിരിയുകയും ഖില്‍ജി ഭരണകൂടത്തിന് കീഴില്‍ പഞ്ചാബ് പ്രവിശ്യ ഭരിച്ചിരുന്ന ഗാസി മാലികിനെ സഹായത്തിനായി ഡെല്‍ഹിയിലേക്ക് വിളിക്കുകയും ചെയ്‌തു. മംഗോളിയന്‍സിനെതിരെ ഒരു പരിധിവരെ പടപൊരുതി പ്രതിരോധിച്ച് പേരെടുത്ത ഗാസി മാലികില്‍ ജനങ്ങളത്രമേല്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. ഇത്രയൊക്കെ ആയതോടെ AD 1320 ല്‍ ഗാസി മാലികിനു കീഴില്‍ വലിയൊരു പടതന്നെ ഡെല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തുകയും ഖില്‍ജി ഭരണകൂടത്തിലെ അവസാനത്തെ ഭരണാധികാരിയെയും തുടച്ചുനീക്കി പുതിയ ഭരണകൂടം നിലവില്‍ കൊണ്ടുവരികയും ചെയ്‌തു.
ഗിയാസുദ്ദീനു കീഴിലെ ഡല്‍ഹി
ഡല്‍ഹിയുടെ ഭരണമേറ്റതോടെ ഗാസി മാലികെന്ന തന്റെ നാമം ഗിയാസുദ്ദീന്‍ തുഗ്ലക്കെന്ന് പുനര്‍നാമകരണം ചെയ്‌തതായി അറിയിച്ചാണ് അദ്ദേഹം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പുതിയ വഴിയിലേക്ക കാലെടുത്തു വെച്ചത്. തുഗ്ലക് രാജവംശത്തിലെ ആദ്യത്തെ ഭരണാധിപനായി അവരോധിക്കപ്പെട്ട ഗിയാസുദ്ദീനു കീഴിലെ ഡെല്‍ഹി ഭരണകൂടം തീര്‍ത്തും ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് കടന്നുപോവുന്നത്. മുന്‍ഭരണാധിപന്‍ ഖുസ്‌റുഖാന് കീഴില്‍ പൊറുതിമുട്ടിയിരുന്ന മുസ്‍ലിം ജനവിഭാഗങ്ങള്‍ക്ക് ഒരാശ്വാസമെന്നോണം നികുതികള്‍ വെട്ടിക്കുറക്കപ്പെട്ടു. പക്ഷെ ഹൈന്ദവ വിശ്വാസികള്‍ക്ക് അതില്‍ ഇളവൊന്നും തന്നെ ലഭ്യമായിട്ടില്ല എന്നുവേണം മനസ്സിലാക്കാന്‍. എങ്കില്‍ പോലും നിര്‍മ്മാണപ്രവര്‍ത്തനങ്ങളിലും സമാധനപരമായ അന്തരീക്ഷത്തിലും ഗിയാസുദ്ദീനു കീഴിലെ ഡെല്‍ഹി വളരെ മികച്ചതായിരുന്നു. ഡെല്‍ഹിയില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി തുഗ്ലക്കാബാദെന്ന നഗരം ഇദ്ദേഹത്തിന്റെ വകയായി ഇത്തരത്തില്‍ നിര്‍മ്മിക്കപ്പെട്ട ഒന്നാണ്.
പ്രജകളോടുള്ള സമാധാനപരമായ സമീപനം സ്വീകരിച്ചു പോരുമ്പോഴും കീഴടക്കലുകളുടെ പരമ്പര തന്നെ മറുപുറത്ത് തകൃതിയായി നടന്നുപോരുന്നുണ്ടായിരുന്നു. AD 1321 ല്‍ തന്റെ മൂത്ത മകനായ ജൂആന ഖാനയെ (മുഹമ്മദ് ഇബ്‌നു തുഗ്ലക്ക്) ദിയോഗീറെന്ന പ്രദേശത്തേക്കയക്കുന്നുണ്ട് ഗിയാസുദ്ദീന്‍. ജുആനക്കു കീഴില്‍ ദിയോഗീറിനും പുറമെ ആറങ്കലും (സുല്‍താന്‍ പൂര്‍ എന്ന് പിന്നീട് പുനര്‍നാമകരണം ചെയ്യപ്പെട്ടു) തിലങ്കുമെല്ലാം തുഗ്ലക്കിന്റെ ഭരണപ്രവിശ്യയിലേക്ക് ചേര്‍ക്കപ്പെട്ടുകൊണ്ടിരുന്നു. ഇപ്രകാരം AD-1325ല്‍ ബംഗാള്‍ ഭരിച്ചിരുന്ന ഷംസുദ്ദീന്‍ ഫിറോസ് ഷാക്കെതിരെ അവിടുത്തെ ജനങ്ങളുടെ അഭ്യര്‍ത്ഥനപ്രകാരം അങ്ങോട്ട് ചെല്ലുകയും അവിടം കീഴടക്കുകയും ചെയ്‌തു. ഈ വിജയത്തിന്റെ ആഘോഷത്തില്‍ പങ്കെടുക്കവെയാണ് ഗിയാസുദ്ദീനും അദ്ദേഹത്തിന്റെ പ്രിയപ്പെട്ട മറ്റൊരു മകനും പന്തല്‍പൊളിഞ്ഞ് മരണപ്പെടുന്നത്. ഇദ്ദേഹത്തിന്റെ തന്നെ മകനായിട്ടുള്ള മുഹമ്മദ് ഇബ്‌നു തുഗ്ലക്ക് പ്ലാന്‍ചെയ്‌ത് നടപ്പാക്കിയ കൊലപാതകമായിരുന്നു അതെന്നും പറയപ്പെടുന്നുണ്ട്. പക്ഷെ ഇതിനുള്ള വ്യക്തമായ തെളിവുകളൊന്നും ചരിത്രത്തില്‍ ലഭ്യമല്ല.
മുഹമ്മദ് ഇബ്‌നു തുഗ്ലക്കിന്റെ അരങ്ങേറ്റം
AD-1325 ല്‍ തന്റെ പിതാവിന്റെ മരണത്തോടെ ഭരണചെങ്കോലേറ്റെടുത്ത മുഹമ്മദ് ഇബ്‌നു തുഗ്ലക് ഡല്‍ഹി കേന്ദ്രമായ ഭരണസംവിധാനങ്ങളില്‍ അന്നോളമില്ലാതിരുന്ന പല മാറ്റങ്ങളും കൊണ്ട് വരുന്നുണ്ട്. തുഗ്ലക് ഭരണകൂടത്തിന്റെ മികച്ച കാലഘട്ടമായും പ്രശ്നകലുശിതമായ കാലഘട്ടമായും ചിത്രീകരിക്കപ്പെടുന്ന ഒരു സമയമാണിത്. വ്യക്തമായ വീക്ഷണകോണിലൂടെ അത് ചിലപ്പോള്‍ ഏറ്റവും ബുദ്ധിവൈഭവമുള്ള ഭരണാധിപനായും മഹാമണ്ടനായ രാജാവായും വാഴിക്കപ്പെടാനിട വരുത്തുന്നു. ഭരണനൈപുണ്യം ജനങ്ങളുടെ ക്ഷേമ കാര്യങ്ങളില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നായിരുന്നില്ല, മറിച്ച് യുദ്ധതന്ത്രങ്ങളിലും കൃത്യമായ തീരുമാനങ്ങളാല്‍ അദ്ദേഹമിടം പിടിച്ചു. അതിനുള്ള ഏറ്റവും മികച്ച ഉദാഹരണങ്ങളാണ് മാള്‍വയും ഗുജറാത്തും, കാമ്പിലയും ലൂക്‌നൂതിയുമെല്ലാം. ഇതെല്ലാം അദ്ദേഹത്തിന് കീഴില്‍ തുഗ്ലക്കിയന്‍ രാജ്യാതിര്‍ത്തിയിലേക്ക് ചേര്‍ക്കപ്പെട്ടവയാണ്.
മികച്ച ഒരുപിടി തീരുമാനങ്ങളാല്‍ ഇന്നും ഓര്‍മിക്കപ്പെടുന്ന അദ്ദേഹം തന്റെ തീരുമാനങ്ങളില്‍ വളരെയധികം കണിശത പുലര്‍ത്തിയിരുന്ന ഒരാളായിരുന്നു. ചില പുതിയ തീരുമാനങ്ങളും നയങ്ങളും പുറപ്പെടുവിക്കുമ്പോള്‍ പോലും ജനങ്ങളുടെ പ്രതികരണം മനസ്സിലാക്കാതെ തന്നെ അത് നടപ്പിർല്‍ കൊണ്ടുവരാന്‍ ശ്രമിച്ചുവെന്നുളളതായിരുന്നു അദ്ദേഹത്തിന്റെ വലിയൊരു പ്രശ്‌നമായി പൊതുവെ അറിയപ്പെടുന്നത്.
തുഗ്ലക്കിയന്‍ പരിഷ്‌കാരങ്ങള്‍
ഏറ്റവും കൂടതല്‍ മോശമായി വായിക്കപ്പെടുന്ന അദ്ദേഹത്തിന്റെ തീരുമാനങ്ങളിലൊന്നാണ് AD-1327 ല്‍ നടന്ന തലസ്ഥാന മാറ്റം. അതുവരെ ഡല്‍ഹി ആസ്ഥാനമാക്കി ഭരണം നടത്തിപ്പോന്നിരുന്നവരാണ് മുമ്പുള്ളവരെല്ലാം തന്നെ. പക്ഷെ ഇദ്ദേഹത്തിന്റെ കാലത്ത് അതിനും മാറ്റം വന്നു. ഡല്‍ഹിയില്‍ നിന്നും ഒരുപാടകലെയുള്ള മഹാരാഷ്ട്രയിലെ ദൗലത്താബാദായിരുന്നു പുതിയ തലസ്ഥാന നഗരിയായി പ്രഖ്യപിക്കപ്പെട്ടത്. ഇതിനാല്‍ തന്നെ പല പ്രശ്നങ്ങളും രാജ്യത്തുടനീളം ഉടലെടുക്കാന്‍ തുടങ്ങി. ദൂരവും യാത്രാബുദ്ധിമുട്ടും കാരണം പലരും ദൗലത്താബാദിലേക്ക് കടന്നുവരാത്തതിനാല്‍ നിര്‍ബന്ധപൂര്‍വ്വം ഡല്‍ഹിയില്‍ നിന്നും ദൗലത്താബാദിലേക്ക് മാറിത്താമസിക്കാന്‍ രാജകല്‍പനയുണ്ടായി.
ഇതോടെ ഡല്‍ഹിയിലുണ്ടായിരുന്ന പണ്ഡിതരും പ്രഭുക്കളുമെല്ലാം പുതിയ തലസ്ഥാനനഗരിയിലേക്ക് മാറിത്താമസിക്കാൻ നിര്‍ബന്ധിതരായി. പക്ഷെ അധികം വൈകാതെ തന്നെ അദ്ദേഹം ഡല്‍ഹിയിലേക്ക് തിരിച്ചുപോയി. ദൗലത്താബാദില്‍ നിന്നും ഇന്ത്യയുടെ ഉത്തരഭാഗങ്ങള്‍ ഭരിക്കാനാകുന്നില്ലെന്നതായിരുന്നു അതിനുള്ള കാരണമായി പറയപ്പെട്ടിരുന്നത്. പക്ഷെ ഇത്തരത്തിലുള്ള അസ്ഥിരമായ കൂടുമാറ്റങ്ങളിലൂടെ ബുദ്ധിമുട്ടനുഭവിച്ച ജനം അവിടെയിവിടെയായി രാജാവിനെതിരെ പ്രശ്നങ്ങളുണ്ടാക്കാന്‍ തുടങ്ങി. ഇതിനെയെല്ലാം തന്റെ സര്‍വ്വാധികാരവും വെച്ച് അദ്ദേഹം അടിച്ചമര്‍ത്തുകയും ചെയ്‌തു. കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ ഡല്‍ഹിയെ വീണ്ടും തലസ്ഥാനനഗരിയായി പ്രഖ്യാപിച്ച മുഹമ്മദ് ഇബ്‌നു തുഗ്ലക്ക് തന്റെ പ്രജകളനുഭവിക്കുന്ന പ്രശ്നങ്ങളെ തെല്ലും ഗൗരവത്തിലെടുക്കുന്നില്ലയെന്നു മാത്രമല്ല അവരെ പല തീരുമാനങ്ങള്‍ക്കും തന്റെയധികാരമുപയോഗച്ച് കീഴ്‌പ്പെടുത്തുകയും ചെയ്‌തു.
വളരെ മികച്ച തീരുമാനങ്ങളാണെങ്കില്‍ പോലും അതില്‍ കൃത്യമായ പ്ലാനിങ്ങുകളില്ലാതെ നടപ്പില്‍ കൊണ്ടുവരാന്‍ ശ്രമിച്ചതിനാല്‍ തന്നെ ഭൂരിഭാഗവും പിന്നീട് തിരുത്തിച്ചേര്‍ക്കേണ്ട അവസ്ഥ വരെ വന്നുചേര്‍ന്നിട്ടുണ്ടെന്നുള്ളതാണ് വാസ്തവം. അത്തരത്തിലുള്ള ഒരു തീരുമാനമാണ് സ്വര്‍ണ്ണത്തിനും വെള്ളിക്കുമപ്പുറം ഏറ്റവും വിലകുറഞ്ഞ വസ്‌തുക്കളാല്‍ നിര്‍മിക്കപ്പെടുന്ന നാണയത്തുട്ടുകളെ കച്ചവടകൈമാറ്റത്തിന്റെ കാതലായി പ്രഖ്യാപിച്ചത്. അന്നൊരു പക്ഷെ ഏറ്റവും വലിയ മണ്ടത്തരമായി ഈ തീരുമാനം മാറുന്നുണ്ടെങ്കിലും പിന്നീട് ആധുനിക ലോകത്ത് പരക്കെ അംഗീകരിക്കപ്പെട്ട ചിന്തയായി അത് മാറി. നിലവില്‍ നമ്മളുപയോഗിക്കുന്ന കച്ചവടകൈമാറ്റശാസ്‌ത്രത്തിന്റെ ആദ്യ പതിപ്പായിരുന്നു അതെന്നു വേണം മനസ്സിലാക്കാന്‍. ഇത്തരമൊരു ചിന്തയെ നടപ്പില്‍ കൊണ്ടുവരുമ്പോള്‍ അതിന്റെ പ്രായോഗിക വശം കൂടി പരിഗണിക്കേണ്ട ബാധ്യത അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ അങ്ങനെയൊരു ചര്‍ച്ചക്കും കൂടിയിരുപ്പിനും കളമൊരുങ്ങും മുമ്പേ ആ തീരുമാനം ഒരു രാജകല്‍പനയായി പ്രഖ്യാപിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ഇതിനാല്‍ ഉടലെടുത്ത പ്രധാനപ്രശ്‌നം സാമ്പത്തിക മേഖലയുടെ ബലക്ഷയമായിരുന്നു.
യുദ്ധങ്ങളുടേയും കീഴടക്കലുകളുടേയും പരമ്പരകള്‍ക്കൊടുവില്‍ കൊട്ടാരത്തിലെ ഖജനാവിന്റെ സിംഹഭാഗവും ശൂന്യമായതോടെ സാമ്പത്തികമേഖല മെച്ചപ്പെടുത്താനുള്ള മാര്‍ഗമായിട്ടാണ് മൂല്യമുള്ള വസ്‌തുക്കളില്‍ നിന്നും നിര്‍മിച്ചെടുക്കുന്ന കൈമാറ്റ നാണയത്തിന്റെ നിര്‍മാണം ഏറ്റവും ചിലവു ചുരുങ്ങിയതും മൂല്യം കുറഞ്ഞതുമായ വസ്‌തുക്കളില്‍ നിന്നും നാണയങ്ങളെ രൂപാന്തരപ്പെടുത്തുക എന്ന പദ്ധതിയിലേക്ക് മുഹമ്മദ് ഇബ്‌നു തുഗ്ലക്കിനെ കൊണ്ടെത്തിക്കുന്നത്. ഇതോടെ പാവപ്പെട്ടവര്‍ ഒരു മൂല്യവും കല്‍പിക്കാതെ അവര്‍ക്ക് തോന്നിയപടി നാണയങ്ങള്‍ പടച്ചുവിടാന്‍ തുടങ്ങി. മൂല്യമില്ലാത്ത വസ്‌തുക്കളിലൂടെയുള്ള നാണയനിര്‍മ്മാണം അവര്‍ക്കത്രമേല്‍ എളുപ്പമായ ജോലിയുമായിരുന്നു. ഇതോടെ പണക്കാര്‍ കള്ളപ്പണങ്ങള്‍ തങ്ങളിലേക്കു വന്നുചേരുമെന്ന് മനസ്സിലാക്കി ഇടപാടുകള്‍ നടത്താതെയുമായി. ഒടുവില്‍ ഈയൊരു പദ്ധതിയെ നിരുപാധികം പിന്‍വലിക്കുകയല്ലാതെ മുഹമ്മദിന് മറ്റൊരു മാര്‍ഗവുമില്ലാതെ വന്നു. ഇത്തരത്തിലുള്ള പ്രശ്‌നങ്ങളുടെ ആകെത്തുകയായി ഇന്ത്യയുടെ സാമ്പത്തികശേഷി കൂപ്പുകുത്താന്‍ തുടങ്ങി. സാമ്പത്തികഭദ്രത ഉറപ്പുവരുത്താനാകാതെ ജനങ്ങള്‍ പട്ടിണിയുടെ മറവില്‍ അമര്‍ത്തപ്പെട്ടവരായി മാറുകയും ചെയ്‌തു. AD 1334-1342നുള്ളില്‍ ഒട്ടനവധി പേരാണ് ഇപ്രകാരം പട്ടിണിമൂലം മരണം കൈവരിച്ചത്.
തന്റെ തീരുമാനങ്ങളുടെ ആകെത്തുകയായി പട്ടിണികിടക്കേണ്ട അവസ്ഥയിലെത്തിയ തന്റെ ജനങ്ങള്‍ക്ക് ലോണ്‍ കൊടുക്കുന്ന പുതിയ പദ്ധതിയായിരുന്നു അടുത്ത തുഗ്ലക്കിയന്‍ പരിഷ്‌കാരം. ഇതോടെ സമ്പത്തിക ശാസ്‌ത്രത്തിലെ പുതിയൊരദ്ധ്യായത്തിന് അത് വഴിയൊരുക്കി. നിര്‍ബന്ധിതനായാണെങ്കിലും രാജ്യത്ത് ആദ്യമായി ജനങ്ങള്‍ക്ക് ലോണ്‍ കൊടുത്ത രാജാവായി അദ്ദേഹം ചരിത്രത്തിലിടം പിടിച്ചു.
ഒരു പക്ഷെ കൂട്ടായ പ്ലാനിങ്ങുകള്‍ക്കും ചര്‍ച്ചകള്‍ക്കുമപ്പുറമായിരുന്നു ഇത്തരത്തിലുള്ള ചിന്ത നടപ്പില്‍ കൊണ്ടുവന്നിരുന്നതെങ്കില്‍ നിലവിലെ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ മുഖമുദ്ര തന്നെ മാറ്റാന്‍ കെല്‍പുള്ള ഭരണാധികാരിയായി അദ്ദേഹം മാറിയേനെ.
ഇത്തരത്തില്‍ പല തീരുമാനങ്ങളും അതിന്റെ പ്രശ്‌നങ്ങളെയും അതുണ്ടാക്കുന്ന ആഘാതങ്ങളെയും മാനിക്കാതെ തന്നെ നടപ്പിലാക്കാന്‍ തുടങ്ങിയിതില്‍ രാജ്യത്തിനുള്ളില്‍ തന്നെ പലവിധ മുറുമുറുപ്പുകള്‍ക്കും പൊട്ടിത്തെറികള്‍ക്കും അതിടവരുത്തി. AD-1336ല്‍ കപായ നായകുമായി നടന്ന യുദ്ധങ്ങളും AD 1339 ല്‍ തെക്ക് പ്രവിശ്യകളില്‍ നടന്ന ആഭ്യന്തരയുദ്ധങ്ങളുമെല്ലാം ഇതിനുള്ള ഉദാഹരണങ്ങള്‍ മാത്രം. AD-1339 ല്‍ പൊട്ടിപ്പുറപ്പെട്ട ആഭ്യന്തരയുദ്ധങ്ങളെ പ്രതി ഇന്ത്യയുടെ തെക്ക് പ്രവിശ്യകള്‍ ഡല്‍ഹി ഭരണകൂടത്തില്‍ നിന്നും സ്വതന്ത്രമായി പ്രഖ്യാപിക്കുക വരെയുണ്ടായി. AD -1347 ല്‍ ബ്രാഹ്മാനിദ്‌സും ( Brahmanid Sultante) സ്വതന്ത്രമായി പ്രഖ്യപിച്ചതോടെ തുഗ്ലക്ക് രാജവംശത്തിന്റെ പതനത്തിലേക്കുള്ള പ്രധാനകാരണമായും അത് മാറി.
കാലം തെറ്റിയിറങ്ങിയ ഭരണാധികാരിയായി ചരിത്രത്തില്‍ ആഘോഷിക്കപ്പെടുന്ന മുഹമ്മദ് ഇബ്‌നു തുഗ്ലക്ക് തന്റെ മണ്ടന്‍ തീരുമാനങ്ങളിലൂടെയാണ് ഒന്നുകൂടെ പ്രശസ്തി പിടിച്ചുപറ്റിയത് എങ്കിലും മതസഹിഷ്‌ണുതയുടെയും സാഹോദര്യത്തിന്റെയും വാതായനങ്ങള്‍ മലര്‍ക്കെ തുറന്നുകിടന്നിരുന്ന ഭരണകാലയളവായിരുന്നു അദ്ദേഹത്തിന്റേതെന്നതിന് ചരിത്രം സാക്ഷിയാണ്. ആദ്യമായി ഹൈന്ദവരെ നിയമനിര്‍മ്മാണ സഭയിലുള്‍പ്പെടുത്തിയ ഇന്ത്യന്‍ മുസ്‍ലിം ഭരണാധികാരിയായിരുന്നു അദ്ദേഹമെന്നതില്‍ തര്‍ക്കമില്ല. പക്ഷെ അതിനൊയെക്കെ മറികടക്കുന്ന ഒരുപാട് തീരുമാനങ്ങളാലാണദ്ദേഹമിപ്പോഴും ചരിത്രത്തില്‍ സ്‌മരിക്കപ്പെടുന്നുവന്നെുള്ളത് ഏറെ വൈരുദ്ധ്യമുളവാക്കുന്ന ഒന്നുതന്നെ.
Leave A Comment