പ്രവാചകരുടെ സന്താനങ്ങള്‍

പ്രവാചകര്‍ക്ക് ഏഴു മക്കളാണുള്ളത്. മൂന്ന് ആണും നാല് പെണ്ണും. ഖാസിം, സൈനബ്, റുഖിയ്യ, ഫാഥിമ, ഉമ്മു കുല്‍സൂം, അബ്ദുല്ല, ഇബ്‌റാഹീം എന്നിവരാണവര്‍. ഇതില്‍ ആദ്യത്തെ ആറു പേരും ഖദീജ ബീവിയില്‍നിന്നുണ്ടായവരാണ്. ഇബ്‌റാഹീം മാരിയത്തുല്‍ ഖിബ്ഥിയ്യ എന്ന ഭാര്യയില്‍ന്നും. ഈജിപ്ഷ്യന്‍ ഭരണാധികാരിയില്‍നിന്നുംപ്രവാചകര്‍ക്ക് സമ്മാനമായി ലഭിച്ചവരായിരുന്നു മാരിയ. ഇതില്‍ അബ്ദുല്ലയും ഇബ്‌റാഹീമുമൊഴികെ ബാക്കി എല്ലാവരും നബിയുടെ പ്രവാചകത്വ ലബ്ധിക്കുമുമ്പ് മക്കയില്‍വെച്ച് ജനിച്ചവരാണ്. അബ്ദുല്ല പ്രവാചകത്വ ലബ്ധിക്കു ശേഷം മക്കയില്‍വെച്ചും ഇബ്‌റാഹീം ഹിജ്‌റക്കു ശേഷം മദീനയില്‍വെച്ചും ഭൂജാതനായി.

പ്രവാചകരുടെ ആണ്‍കുട്ടികളെല്ലാം വളരെ ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടു. ഏറ്റവും ആദ്യം ജനിച്ച ഖാസിം ഏറ്റവും ആദ്യംതന്നെ മരണമടഞ്ഞു. ഈ പേരിലേക്കു ചേര്‍ത്തി പ്രവാചകന്‍ പിന്നീട് അബൂല്‍ ഖാസിം എന്ന പേരില്‍ വിളിക്കപ്പെട്ടിരുന്നു. രണ്ടാമത്തെ മകന്‍ അബ്ദുല്ലയും ശൈശവത്തില്‍തന്നെ മരണമടഞ്ഞു. ഇതു കണ്ട ആസ് ബിന്‍ വാഇലിനെപ്പോലെയുള്ള ശത്രുക്കള്‍ പ്രവാചകരെ വംശം മുറിഞ്ഞവനെന്നു പറഞ്ഞ് പരിഹസിക്കുകയുണ്ടായി. അപ്പോഴാണ് സൂറത്തുല്‍ കൗസര്‍ അവതരിച്ചത്. ''നിശ്ചയം അങ്ങേക്കു നാം കൗസര്‍ നല്‍കിയിരിക്കുന്നു. അതിനാല്‍, താങ്കള്‍ താങ്കളുടെ രക്ഷിതാവിനു വേണ്ടി നിസ്‌കരിക്കുകയും ബലി നടത്തുകയും ചെയ്യുക. നിശ്ചയം, അങ്ങയെ ആക്ഷേപിക്കുന്നവന്‍ തന്നെയാണ് വാലറ്റവന്‍'' (108: 1-3). മൂന്നാമത്തെ മകന്‍ ഇബ്‌റാഹീമും വളരെ ചെറുപ്പത്തില്‍ മരണപ്പെട്ടു. അന്ന് മദീനയില്‍ സൂര്യഗ്രഹണമുണ്ടായ ദിവസമായിരുന്നു. ഇതു കണ്ട ജനങ്ങള്‍ ഇബ്‌റാഹീം മരിച്ചതിനാലാണ് ഗ്രഹണമുണ്ടായതെഞ്ഞു പറഞ്ഞു പരത്തി. പ്രവാചകന്‍ ഇതറിഞ്ഞു. ആരും മരിക്കുന്നതുകൊണ്ടോ ജീവിക്കുന്നതുകൊണ്ടോ അല്ല സൂര്യഗ്രഹണമുണ്ടാകുന്നതെന്നും ഇത്തരം ഘട്ടങ്ങളില്‍ അല്ലാഹുവിനോട് പ്രാര്‍ത്ഥിക്കുകയാണ് ചെയ്യേണ്ടതെന്നും പ്രവാചകന്‍ പറഞ്ഞു.

എന്നാല്‍, പ്രവാചകരുടെ നാല് പെണ്‍കുട്ടികളും വളര്‍ന്നുവലുതായി വിവാഹം കഴിക്കപ്പെടുകയും കുടുംബമായി ജീവിക്കുകയും ചെയ്തവരാണ്. എല്ലാവരും ഇസ്‌ലാം മതം വിശ്വസിക്കുകയും പ്രവാചകരോടൊപ്പം ഹിജ്‌റ പോവുകയും ചെയ്തു. എങ്കിലും ഫാഥിമ ബീവി ഒഴികെ ബാക്കി എല്ലാവരും പ്രവാചകരുടെ ജീവിതകാലത്തുതന്നെ മരണപ്പെടുകയുണ്ടായി. പ്രവാചകന്‍ വഫാത്തായി ആറു മാസത്തിനു ശേഷം ഫാഥിമ ബീവിയും വഫാത്തായി. പ്രവാചക പുത്രിമാരെ ഇങ്ങനെ സംഗ്രഹിക്കാം: സൈനബ് (റ) പ്രവാചകരുടെ മൂത്ത മകളായിരുന്നു സൈനബ്. വിവാഹം കഴിഞ്ഞ് അഞ്ചാം വര്‍ഷത്തിലായിരുന്നു ജനനം. പ്രവാചകന് അന്ന് മുപ്പത് വയസ്സായിരുന്നു.

അബുല്‍ ആസ് ബിന്‍ റബീഅ് ആയിരുന്നു ഭര്‍ത്താവ്. തുടക്കത്തില്‍ അദ്ദേഹം ഇസ്‌ലാമാശ്ലേഷിച്ചിരുന്നില്ല. ബദ്ര്‍ യുദ്ധത്തില്‍ പ്രവാചകര്‍ക്കെതിരെ പങ്കെടുക്കുകയും ബന്ധിയായി പിടിക്കപ്പെടുകയും ചെയ്തു. സൈനബിനെ മദീനയിലേക്കു വരാന്‍ അനുവദിക്കണമെന്ന നിബന്ധനയോടെ പ്രവാചകന്‍ അദ്ദേഹത്തെ വെറുതെ വിട്ടു. പിന്നീട്, മഹതി പ്രവാചകരോടൊപ്പം മദീനയിലാണ് താമസിച്ചിരുന്നത്. അതോടെ അദ്ദേഹം മുസ്‌ലിമാവുകയും മദീനയില്‍ പ്രവാചകര്‍ക്കു മുമ്പില്‍ വരുകയും ചെയ്തു. പ്രവാചകന്‍ സൈനബിനെ അദ്ദേഹത്തിനു തന്നെ തിരിച്ചു നല്‍കി. ആ ദാമ്പത്യം വീണ്ടും ചേരുകയും അതില്‍ രണ്ടു കുട്ടികള്‍ ജനിക്കുകയും ചെയ്തു. അലി, ഉമാമ എന്നിവരായിരുന്നു അവര്‍.

അലി ചെറുപ്പത്തില്‍തന്നെ മരണപ്പെട്ടു. ഉമാമ വളര്‍ന്നു വലുതായി. ഫാഥിമ ബീവി വഫാത്തായപ്പോള്‍ അലി (റ) മഹതിയെ വിവാഹം ചെയ്തു. ഹിജ്‌റ എട്ടാം വര്‍ഷം സൈനബ് (റ) വഫാത്തായി. റുഖിയ്യ (റ) പ്രവാചകരുടെ രണ്ടാമത്തെ മകള്‍. വിവാഹത്തിന്റെ എട്ടാം വര്‍ഷത്തില്‍ ജനിച്ചു. അന്ന് പ്രവാചകന് മുപ്പത്തിമൂന്ന് വയസ്സായിരുന്നു. ഇസ്‌ലാമിന്റെ കഠിന ശത്രു അബൂ ലഹബിന്റെ മകന്‍ ഉത്ബയായിരുന്നു ഭര്‍ത്താവ്. അബൂ ലഹബിന്റെ ഇരു കൈകളും നശിച്ചിരിക്കുന്നു എന്നു തുടങ്ങുന്ന സൂറത്തുല്‍ മസദ് അവതരിച്ചപ്പോള്‍ അയാള്‍ കുപിതനാവുകയും ഭാര്യയെ ഥലാഖ് ചൊല്ലാന്‍ മകനെ നിര്‍ബന്ധിപ്പിക്കുകയും ചെയ്തു. അതനുസരിച്ച് റുഖിയ്യ ബീവി വിവാഹ മോചിതയായി. ശേഷം, ഉസ്മാന്‍ ബിന്‍ അഫ്ഫാന്‍ (റ) മഹതിയെ വിവാഹം ചെയ്തു. ഹിജ്‌റ വര്‍ഷം രണ്ടിന് ഇരുപത് വയസ്സുള്ളപ്പോള്‍ മഹതി വഫാത്തായി. ഈ ദാമ്പത്യത്തില്‍ അബ്ദുല്ല എന്നൊരു കുഞ്ഞ് ജനിച്ചിരുന്നു. ഹിജ്‌റ നാലാം വര്‍ഷം തന്റെ ആറാം വയസ്സില്‍ അബ്ദുല്ലയും മരണപ്പെട്ടു. ഉമ്മു കുല്‍സൂം (റ) പ്രവാചകരുടെ മൂന്നാമത്തെ മകള്‍. അബൂ ലഹബിന്റെ മകന്‍ ഉതൈബയായിരുന്നു ഭര്‍ത്താവ്. റുഖിയ്യയുടെയും ഉത്ബയുടെയും കാര്യത്തില്‍ സംഭവിച്ചപോലെ പിന്നീട് പിതാവിന്റെ നിര്‍ബന്ധപ്രകാരം ഉമ്മു കുല്‍സൂമിനെ വിവാഹ മോചനം നടത്തി. റുഖിയ്യയുടെ വിയോഗത്തിനു ശേഷം ഉസ്മാന്‍ (റ) തന്നെ മഹതിയെ വിവാഹം ചെയ്തു. ഇതില്‍ സന്ധാനങ്ങളുണ്ടായിട്ടില്ല. ഹിജ്‌റ ഒമ്പതാം വര്‍ഷം മഹതി വഫാത്തായി. ഫാഥിമ (റ) പ്രവാചകരുടെ ഇളയ മകളും എന്റെ കരളിന്റെ കഷ്ണമെന്നു സൂചിപ്പിക്കുമാര്‍ ഇഷ്ട പുത്രിയുമായിരുന്നു ഫാഥിമ ബീവി. പ്രവാചകന് നാല്‍പത്തിയൊന്ന് വയസ്സുള്ളപ്പോഴായിരുന്നു ജനനം. അലി ബിന്‍ അബീ ഥാലിബ് (റ) വാണ് ഭര്‍ത്താവ്.

ഹിജ്‌റ രണ്ടാം വര്‍ഷത്തിലായിരുന്നു മംഗല്യം. വിവാഹം നടക്കുമ്പോള്‍ മഹതിക്കു പതിനഞ്ചു വയസ്സും അലി (റ) ക്ക് ഇരുപത്തിയൊന്ന് വയസ്സുമായിരുന്നു. ഈ ദാമ്പത്യത്തില്‍ അഞ്ചു കുട്ടികള്‍ പിറന്നു. ഹസന്‍, ഹുസൈന്‍, മുഹ്‌സിന്‍, ഉമ്മു കുല്‍സൂം, സൈനബ് എന്നിവരായിരുന്നു അവര്‍. പ്രവാചകരുടെ ഇഷ്ടപ്പെട്ട പേരക്കുട്ടികളായിരുന്നു ഹസനും ഹുസൈനും. ഹിജ്‌റ പതിനൊന്നാം വര്‍ഷം റമദാന്‍ മാസത്തില്‍ മഹതി വഫാത്തായി. അന്നവര്‍ക്ക് ഇരുപത്തിനാല് വയസ്സായിരുന്നു. പ്രവാചക വിയോഗ സമയത്ത് ശേഷിച്ച ഒരേയൊരു മകളായിരുന്നു ഫാഥിമ ബീവി. അതുകൊണ്ടുതന്നെ, ഈ പരമ്പരയില്‍ പിറന്നവര്‍ പ്രവാചക കുടുംബമായി അറിയപ്പെടുന്നു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter