ജുവൈരിയ (റ)

ബനൂ മുസ്ഥലിഖ് ഗോത്രത്തലവന്‍ ഹാരിസിന്റെ മകളാണ് ജുവൈരിയ (റ). തുടക്കത്തില്‍ ഇസ്‌ലാമിന്റെ  ബദ്ധവൈരിയായിരുന്നു ബനൂ മുസ്ഥലിഖ് ഗോത്രം. ഉഹ്ദ് യുദ്ധത്തില്‍ അവര്‍ മുസ്‌ലിംകള്‍ക്കെതിരെ ഖുറൈശികളെ സഹായിച്ചിരുന്നു. ആയിടെയാണ് ബനൂ മുസ്ഥലിഖ് മുസ്‌ലിംകള്‍ക്കെതിരെ ഒരു യുദ്ധപ്പുറപ്പാടിനായി ചട്ടംകെട്ടുന്ന വിവരം പ്രവാചകര്‍ക്കെത്തിയത്. പ്രവാചകര്‍ സൈന്യത്തെ സജ്ജീകരിച്ച് യുദ്ധത്തിന് പുറപ്പെട്ടു. മുസ്‌ലിംകള്‍ യുദ്ധത്തിന് വന്ന വിവരമറിഞ്ഞ് ഹാരിസും കൂട്ടരും പേടിച്ചു. അവരില്‍പലരും ജീവനും കൊണ്ടോടി. ഒടുവില്‍ ശേഷിച്ചവരുമായി യുദ്ധം നടന്നു. ശത്രുക്കള്‍ക്ക് മുസ്‌ലിംകളുമായി ചെറുത്തുനില്‍ക്കാനായില്ല.

പത്തോളം പേര്‍ അവരില്‍നിന്നും വധിക്കപ്പെട്ടു. ഇരുന്നൂറോളം കുടുംബങ്ങള്‍ യുദ്ധത്തടവുകാരായി പിടിക്കപ്പെട്ടു. കൂട്ടത്തില്‍ ഗോത്രമേധാവി ഹാരിസിന്റെ  പുത്രി ജുവൈരിയയുമുണ്ടായിരുന്നു. യുദ്ധാര്‍ജ്ജിത സമ്പത്ത് വിഹിതം വെച്ചപ്പോല്‍ ജുവൈരിയയെ ലഭിച്ചത് സാബിത് ബിന്‍ ഖൈസ് എന്ന സ്വഹാബി വര്യനാണ്. സമുന്നത ഗോത്രത്തില്‍ പിറന്ന ജുവൈരിയക്കു പക്ഷെ അടിമയായി ജീവിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല. അങ്ങനെ സാബിതുമായി മോചനപത്രം എഴുതാന്‍ അവര്‍ തീരുമാനിച്ചു. പക്ഷെ, അതിനുള്ള മോചനദ്രവ്യം അവര്‍ക്കടുത്ത് ഉണ്ടായിരുന്നില്ല. ഒരു വഴിയും കിട്ടാതെ വന്നപ്പോള്‍ അവര്‍ സഹായവും തേടി പ്രവാചക സവിധത്തിലെത്തി.


പ്രവാചകന്‍ ജുവൈരിയയുടെ മനസ്സ് വായിച്ചു. അവരെക്കുറിച്ച് ശരിക്കും പഠിക്കുകയും അവരുടെ ജീവിത പശ്ചാത്തലങ്ങള്‍ മനസ്സിലാക്കുകയും ചെയ്തു. ജൂവൈരിയയുമായി കൂടുതല്‍ അടുത്താല്‍ അതുവഴി വലിയൊരു തലമുറതന്നെ ഇസ്‌ലാമിലേക്കു കടന്നുവരാന്‍ ഇടയാകുമെന്ന് പ്രവാന്‍ മനസ്സിലാക്കി. കൂടാതെ,  ഇസ്‌ലാമിക ചിന്തയെ ശക്തിപ്പെടുത്താന്‍ അത് പലനിലക്കും ഉപകരിക്കുമെന്നും അവര്‍ ചിന്തിച്ചു. അങ്ങനെ, പണം നല്‍കി മോചിപ്പിച്ച് പ്രവാചകന്‍ തന്നെ അവരെ വിവാഹം ചെയ്തു. ജുവൈരിയക്ക് സന്തോഷമായി. തനിക്ക് പൂര്‍വ്വോപരി സമുന്നതമായ ഒരു സ്ഥാനം കൈവന്നതില്‍ അവര്‍ അല്ലാഹുവിന് നന്ദി പറഞ്ഞു.


യുദ്ധം കഴിഞ്ഞതോടെ ഹാരിസ് പ്രവാചക സവിധം വന്ന് മകളെ തിരികെ തരാന്‍ പറഞ്ഞു. പ്രവാചകനുമായി ഒന്നു കൊമ്പുകോര്‍ക്കാനായിരുന്നു അയാളുടെ തീരുമാനം. പക്ഷെ, പ്രതീക്ഷിച്ചതിലുപരി സ്‌നേഹത്തോടെയായിരുന്നു പ്രവാചകരുടെ പ്രതികരണം. അവര്‍ ജുവൈരിയയെ വിളിച്ച് ഇഷ്ടം പ്രവര്‍ത്തിക്കാന്‍ പറഞ്ഞു. മഹതി പ്രവാചകരെ തെരഞ്ഞെടുത്തു. പ്രവാചകരുടെ മൃതുലഭാവങ്ങളും സല്‍സ്വഭാവവും കണ്ട് ഹാരിസിന്റെ മനസ്സ് മാറി. അദ്ദേഹം പ്രവാചകര്‍ക്കു മുമ്പില്‍വെച്ചുതന്നെ ഇസ്‌ലാംമതം ആശ്ലേഷിച്ചു.


അടിമയായിരുന്ന ജുവൈരിയയെ പ്രവാചകന്‍ വിവാഹം കഴിച്ചത് വലിയ പ്രതിഫലനമാണ് സ്വഹാബികള്‍ക്കിടയില്‍ ഉളവാക്കിയത്. അടിമയും സാമൂഹികമായി സമുന്നതയും എല്ലാ സ്ത്രീകളെയുംപോലെ സ്വതന്ത്രയും തുല്യതയുള്ളവളുമാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. അവള്‍ ഒരിക്കലും മാറ്റിനിര്‍ത്തപ്പെടേണ്ടവളല്ലായെന്ന ബോധമാണ് പ്രവാചകന്‍ ഇതുവഴി അവര്‍ക്കു നല്‍കിയത്. ഇതോടെ സ്വഹാബികളെല്ലാം തങ്ങള്‍ക്കു ലഭിച്ച അടിമകളെ മോചിപ്പിച്ചു. പ്രവാചകപത്‌നിയുമായി കുടുംബബന്ധമുള്ളവരെ അടിമയാക്കി വെക്കല്‍ തങ്ങള്‍ക്ക് അനുയോജ്യമല്ലായെന്ന തോന്നലാണ് അവരെ ഇതിന് പ്രേരിപ്പിച്ചത്. ഇതെല്ലാം കണ്ട ബനൂ മുസ്ഥലിഖ് ഗോത്രം അമ്പരന്നു. തങ്ങളുടെ ബന്ധികളോട് ഇത്രയും ദയാവായ്‌പോടെ പെരുമാറിയ മുസ്‌ലിംകളുടെ നിലപാടില്‍ അവര്‍ സന്തുഷ്ടരായി. അതില്‍ മതിമറന്ന് അവര്‍ കൂട്ടത്തോടെ ഇസ്‌ലാമിലേക്ക് കടന്നുവരുകയും ചെയ്തു. പ്രവാചകരുടെ സ്വപ്നം ഇവിടെ സാക്ഷാത്കരിക്കപ്പെടുകയായിരുന്നു. ജുവൈരിയയുമായുള്ള വിവാഹം ഇസ്‌ലാമിക മുന്നേറ്റത്തിന് വന്‍ഉത്തേജനമാണ് പകര്‍ന്നിരുന്നത്.


പ്രവാചക ഗൃഹത്തില്‍ ജുവൈരിയ (റ) സാമോദം ജീവിച്ചു. ദാമ്പത്യത്തിന്റെ പുതുലോകങ്ങളില്‍ ആനന്തിച്ചു. ഹിജ്‌റയുടെ അമ്പതാം വര്‍ഷം തന്റെ അറുപത്തിയഞ്ചാം വയസ്സില്‍ മഹതി ലോകത്തോട് വിടപറഞ്ഞു.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter