സൗദ ബീവി (റ)
ഖദീജ ബീവിയുടെ വിയോഗാനന്തരം പ്രവാചക പത്‌നിയായി കടന്നുവന്ന മഹതിയാണ് ഹസ്രത്ത് സൗദ ബീവി. മക്കയിലെ പ്രമുഖ കുടുംബാംഗമായിരുന്ന മഹതി സംഅ-ശമൂസ് ദമ്പതികളുടെ മകളാണ്. ചെറുപ്പം മുതല്‍തന്നെ ഭാഗ്യവതിയായിരുന്നു. പ്രവാചകന്‍ ഇസ്‌ലാമിക പ്രബോധനവുമായി രംഗത്തുവന്ന കാലം. മഹതി തന്റെ കുടുംബത്തിന്റെ സര്‍വ്വ കൂച്ചുവിലങ്ങുകളും ലംഘിച്ച് പ്രവാചക സവിധം വന്നു ഇസ്‌ലാം സ്വീകരിച്ചു. സക്‌റാന്‍ ബിന്‍ അംറായിരുന്നു ഭര്‍ത്താവ്.
ബനൂ അബ്ദിശംസ് ഗോത്രം അന്ന് പ്രവാചകരുടെ കഠിന ശത്രുക്കളായിരുന്നു. അവിശ്വാസികളായ ജനങ്ങള്‍ പ്രവാചകനെതിരെ ശക്തമായി രംഗത്തുവന്നപ്പോഴും വിശ്വാസികളായ ഈ ദമ്പതികള്‍ പ്രവാചകരോടൊപ്പം ഉറച്ചുനിന്നു. ഗതിമുട്ടിയപ്പോള്‍ തന്റെ അനുചരന്മാര്‍ക്ക്് അബ്‌സീനിയയിലേക്ക് ഹിജ്‌റ പോവാന്‍ പ്രവാചകന്‍ അനുമതി നല്‍കി. കൂട്ടത്തില്‍ സൗദയും ഭര്‍ത്താവുമുണ്ടായിരുന്നു. മക്കയില്‍ വിശ്വാസികള്‍ക്ക് സമാധാന ജീവിതം കൈവന്നെന്നറിഞ്ഞപ്പോള്‍ അവര്‍ സ്വദേശത്തേക്കുതന്നെ തിരിച്ചെത്തി. പക്ഷെ, ആ ദാമ്പത്യ ജീവിതം കൂടുതല്‍കാലം നീണ്ടുപോയില്ല. വിശ്വാസത്തില്‍ തന്റെ താങ്ങും തണലുമായിരുന്ന സക്‌റാന്‍ ലോകത്തോട് വിടപറഞ്ഞു. ഇത് സൗദ ബീവിയെ വല്ലാതെ ദു:ഖത്തിലാഴ്ത്തി. ഇസ്‌ലാമാശ്ലേഷം കാരണം തന്റെ നാടും വീടും കുടുംബവും നേരത്തെത്തന്നെ അവരെ കൈവെടിഞ്ഞിരുന്നു. മഹതി മക്കയില്‍ തനിച്ചായി. അമ്പത്തഞ്ചോളം പ്രായമുള്ള വിധവ.
കൂട്ടുകുടുംബങ്ങളും ബന്ധക്കാരും കൈവെടിഞ്ഞ അവസ്ഥ. മഹതി എല്ലാം ക്ഷമിച്ചുനിന്നു. ഒരല്‍പംപോലും എതിരാളികള്‍ക്കുമുമ്പില്‍ അടിയറവ് പറഞ്ഞില്ല. ഇസ്‌ലാമിനുവേണ്ടി സര്‍വ്വതും ത്യജിച്ച് പരീക്ഷണങ്ങള്‍ നേരിടുന്ന മഹതിയെ സംരക്ഷിക്കല്‍ പ്രവാചകര്‍ക്ക് ഏറ്റം അനിവാര്യമായ ഘട്ടമായിരുന്നു അത്. ഒടുവില്‍, തന്റെ ത്യാഗങ്ങള്‍ക്കുള്ള പാരിദോഷികമെന്നോണം ഏറ്റവും വലിയ പരിഗണനതന്നെ നല്‍കാന്‍ പ്രവാചകന്‍ ഉദ്ദേശിച്ചു. അങ്ങനെ, അവരെ വിവാഹം ചെയ്ത് പൂര്‍ണ സംരക്ഷണം ഏറ്റെടുത്തു. ഈ വിവാഹത്തിനുപിന്നില്‍ ഇസ്‌ലാമിക പ്രസ്ഥാനത്തിന് പല ഉപകാരങ്ങളും പ്രവാചകന്‍ മുന്‍കൂട്ടിക്കണ്ടിരുന്നു. ഒന്ന്, വിശ്വാസിയായ ഒരു വിധവയെ സംരക്ഷിക്കല്‍. രണ്ട്, മഹതിയുടെ കുടുംബത്തിന് ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ അയവ് വരുത്തല്‍. മൂന്ന്, അതുവഴി പലരും ഇസ്‌ലാമിലേക്കു കടന്നുവരല്‍. പ്രവാചകരുടെ ദീര്‍ഘവീക്ഷണം എല്ലാ അര്‍ത്ഥത്തിലും സാക്ഷാല്‍കരിക്കപ്പെട്ടു. ഇതോടെ മഹതിയുടെ കുടുംബത്തിന് ഇസ്‌ലാമിനോടുള്ള സമീപനത്തില്‍ അയവ് വരികയും താമസിയാതെത്തന്നെ പലരും ഇസ്‌ലാമിലേക്ക് കടന്നുവരികയും ചെയ്തു.
അനാഥയായിപ്പോകുന്ന ഒരു പടുകിഴവിയെ സംരക്ഷിക്കുകയും അതുവഴി ഒരു കുടുംബത്തിന്റെ അനുഭാവം നേടിയെടുക്കുകയുമായിരുന്നു പ്രവാചകന്‍ ഈ വിവാഹത്തിലൂടെ ഉദ്ദേശിച്ചിരുന്നതെന്ന് ഇതില്‍നിന്നും സുതരാം വ്യക്തമാണ്. അല്ലാതെ, അതിവികാരമോ സ്ത്രീ-ഭ്രമമോ ആയിരുന്നില്ല ഇതിനുപിന്നിലെ ചോതോവികാരം. ശരിക്കുംപറഞ്ഞാല്‍, ഖദീജ ബീവിയുടെ വഫാത്തിനു ശേഷം നുബുവ്വത്തിന്റെ പത്താം വര്‍ഷമാണ് പ്രവാചകന്‍ സൗദ ബീവിയെ വിവാഹം കഴിക്കുന്നത്. പ്രവാചകരുടെ വഫാത്തിനു ശേഷവും പതിമൂന്നു വര്‍ഷത്തോളം മഹതി ജീവിച്ചിട്ടുണ്ട്. ഹസ്രത്ത് ഉമര്‍ (റ) വിന്റെ കാലത്തായിരുന്നു ഒരു അഭിപ്രായപ്രകാരം മഹതിയുടെ അന്ത്യം. ഇവരില്‍ പ്രവാചകന് സന്താനങ്ങളൊന്നും ഉണ്ടായിട്ടില്ല. തികഞ്ഞ ധര്‍മിഷ്ഠയും നന്മയുടെ കാര്യത്തില്‍ ഗൗരവ സ്വഭാവക്കാരിയുമായിരുന്നു സൗദ ബീവി. അഞ്ചോളം ഹദീസുകള്‍ അവരില്‍നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്. അചഞ്ചലമായ വിശ്വാസവും സമര്‍പ്പണബോധവുമായിരുന്നു അവരെ ഇത്രയും വലിയൊരു പദവിയില്‍ എത്തിക്കുന്നതിനുപിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യ ഘടകങ്ങള്‍.
Leave A Comment