രചനയുടെ അകവും പുറവും

തനിമ തുളുമ്പുന്ന നാഗരികതയുടെ ഏറ്റവും ലഘുതരങ്ങളായ സംവിധാനങ്ങളാണ്‌ കലാരൂപങ്ങൾ. സങ്കര സംസ്കാരങ്ങളുടെ കണ്ണാടിയെന്ന്‌ പലരും വിശേഷിപ്പിക്കുന്ന ഇത്‌ വസ്തുക്കളുടെ ഒരനുപമ ശ്രേണിയെയാണ്‌ ദ്രഷ്ടാക്കൾക്കു മുമ്പിൽ കാണിക്ക വെക്കുന്നത്‌. അഥവാ ഹ്രസ്വതയിലെ വാചാലത തരളിതമാവുകയാണിവിടെ. ഒരു സാക്ഷാൽ കലാകാരന്റെ മനോഗതങ്ങളാവട്ടെ, സംവേദനത്തിന്റെ നൂതന മുഖങ്ങൾ സാധിച്ചെടുക്കലാണ്‌. അതിനാൽ ഭാവാത്മകവും കലാപരവുമായ സമീപനങ്ങളായിരിക്കും ഈ വൃത്തത്തിൽ പ്രക്ഷുബ്ധതയുടെ ഹേതുക്കൾ. സമൂഹത്തിന്റെ മൂല്യങ്ങളുടെ ബഹിർസ്ഫുരണമെന്നതിലുപരി ഒരാധ്യാത്മിക ധാരയാണ്‌ ഇസ്ലാമിക കല. സുകൃതത്വരയും മേധാശക്തിയുമാണ്‌ ഇതിന്‌ വഴിമരുന്നിടുന്നത്‌. മനുഷ്യന്റെ ജന്മസിദ്ധമായ സൗന്ദര്യവാസന പവിത്രീകരിക്കപ്പെടുന്നതിലൂടെ ആ ദൃശ്യസ്വാധീനത്തിന്റെ മേലാധികാരമാണിവിടെ. ശ്രവണത്തിലും ദർശനത്തിലും ഊഹത്തിലുമുള്ള ഈ സ്വാധീന സാക്ഷാൽക്കാരമാണ്‌ ഓരോ കലകളെയും ഇസ്ലാമീകരിക്കുന്നത്‌. ദൃഷ്ടിയിൽ ചേതോഹരമായ എന്തിനെയും പുണരാനുള്ള മനുഷ്യന്റെ ജന്മസിദ്ധമായ തൃഷ്ണയുടെ അംഗീകാരവും ന്യായീകരണവുമാണിവിടെ സുവിദിതമാകുന്നത്‌. ഭൂമിയിലെ ഓരോ അസ്തിത്വത്തിനും അതേപോലെ അന്തഃസ്ഥിതവും ഉപരിപ്ലവവുമായ ഒരു കലാരൂപമുണ്ട്‌.

ഇതര ഉണ്മകളിലേക്ക്‌ ചേർത്തിരിക്കുമ്പോൾ അതായിരിക്കും ദൃശ്യഭംഗിയിൽ മികച്ചുനിൽക്കുന്നത്‌. അനിർണിതവും അനിർവചനീയവുമായ ഈ സൗകുമാര്യ പ്രദർശനത്തിന്റെ താരള്യം നുകരാനുള്ള മനുഷ്യന്റെ ഉൽക്കടമോഹമാണ്‌ ഇതിനെ പുറത്തുകൊണ്ടുവരുന്നത്‌. സൗന്ദര്യാസ്വാദനത്തിന്റെയും പുതിയ പ്രതീകങ്ങൾ സൃഷ്ടിക്കപ്പെടുന്നതിന്റെയും ഈ ജ്വരം കത്തിപ്പടരുമ്പോൾ അത്‌ സർവരഹസ്യങ്ങളുടെയും നികേതമായ ആധ്യാത്മികയുടെ കവാടങ്ങളിൽ മുട്ടാൻ നിർബന്ധിതമാകുന്നു. അങ്ങനെയാണ്‌ കലാരൂപങ്ങളുടെയും സൗന്ദര്യത്തിന്റെയും പാരമ്യതയിൽ മനുഷ്യൻ ദൈവത്തെ കണ്ടെത്തുന്നത്‌. സുപ്രസിദ്ധ യവന ദാർശനികൻ പ്ലാറ്റോയുടെ വീക്ഷണത്തിൽ പ്രപഞ്ചത്തിൽ ഇന്ദ്രിയങ്ങൾക്കു ഗോചരമായ സർവ സൗന്ദര്യ രൂപങ്ങളും പരമമായ സൗന്ദര്യത്തി(അയ‍്ഹൗലേ ആ‍ൗലമ‍്യേ)ന്റെ പ്രതിഛായ മാത്രമാണത്രെ. അഥവാ, ഈശ്വര സാന്നിധ്യം പോലുള്ള ഒരു അപൂർണതയിൽ വിലയിക്കാനുള്ള വ്യഗ്രതയിലാണ്‌ ഓരോ കലാരൂപവും. ബേഗോവിച്ച്‌ ഉദ്ധരിച്ച പോലെ കലകൾ സൃഷ്ടികളെന്ന നിലയിൽ, വിശിഷ്യാ കവിത ഒരസ്തിത്വ മാർഗമെന്ന നിലയിൽ പുണ്യത്തിന്‌ പകരമാകാനാണ്‌ വെമ്പുന്നത്‌. അതൊരു ജ്ഞാനമെന്ന നിലക്ക്‌ അഥവാ രീതിയെന്ന നിലക്ക്‌, അല്ലെങ്കിൽ രണ്ടും ഒരേ കാലത്ത്‌, മനുഷ്യാവസ്ഥയിൽ നിന്ന്‌ മനുഷ്യനെ ഉയർത്തുന്നു. അങ്ങനെ അതൊരു വിശുദ്ധ കർമമായി മാറുന്നു (ഗായിറ്റാൻപിക്കാൻ). കലാലോകത്തെ ഏത്‌ കൈവഴികളെടുത്താലും അവസ്ഥ ഇതുതന്നെയാണ്‌. കവിതയും സാഹിത്യവും വാസ്തുശിൽപവും പ്രസൂന നഗരികളും കാലിഗ്രാഫിയും എല്ലാം ഒരു അഭൗതികതയുടെ സ്പർശനമുള്ളതായി അനുഭവപ്പെടുന്നു. ഇവിടെ, കവിത അതിന്ദ്രീയ ജ്ഞാനമാണ്‌. അത്‌ ഗതകാലത്തിന്റെ നിർവൃതി അടുത്തറിയാനുള്ള മാധ്യമമാണ്‌. ചൈതന്യവും യാഥാർഥ്യവും തമ്മിലുള്ള സമ്പർക്കത്തിന്റെ ഫലമായി ഇതിൽ കാര്യകർതൃത്വം നടത്തുന്നത്‌ ഏക ചക്രാധിപതിയാണ്‌ തുടങ്ങിയ നിർവചനങ്ങൾ പ്രസക്തമാകുന്നത്‌. സത്യത്തിൽ കലയുടെയും മതത്തിന്റെയും അടിവേരുകളിൽ പ്രാക്തനമായി കിടക്കുന്ന ഐക്യത്തിന്റെ നാനാരൂപങ്ങളാണിവയെല്ലാം.

ഒന്നല്ലെങ്കിൽ മറ്റൊരു വിധത്തിൽ ദാർശനിക ചിന്തകളിലൂടെത്തന്നെ അവയെക്കുറിച്ച സൊ‍ാചനകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്‌. മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കല ജഗന്നിയന്താവും സർവവ്യാപിയും നിസ്തുലനും സർവജ്ഞാനിയുയമായ അല്ലാഹുവുമായി പിണഞ്ഞുകിടക്കുന്നതാണ്‌. കാരണം, ഭൗമലോകത്തെ അടക്കവും അനക്കവും അവന്റെ ഇംഗിതത്തിന്‌ അനുയുക്തമായാണ്‌ നടന്നുകൊണ്ടിരിക്കുന്നത്‌. ഇവിടെ അവന്റെ അസ്തിത്വത്തിനോ സൗന്ദര്യ പ്രദർശനത്തിനോ വിഘാതമാവുംവിധം ഒരു രൂപവും ശൈലിയും ഉയിരെടുക്കാവതല്ല. അതിനാലാണ്‌ ഇസ്ലാമിക ദൃഷ്ട്യാ വിഗ്രഹ നിർമാണം അവിശുദ്ധവും നിഷിദ്ധവുമായി വിധിയെഴുതപ്പെട്ടത്‌. അല്ലെങ്കിൽ സൗന്ദര്യം ഇഷ്ടപ്പെടുന്ന ദൈവത്തിനു മുമ്പിൽ വെല്ലുവിളിയുടെ ശബ്ദവുമായി ഒരു ശിലാരൂപം തലയുയർത്തി നിൽക്കുകയെന്നത്‌ അറുപിന്തിരിപ്പനും ചിന്തകൾക്ക്‌ ദഹിക്കാത്തതുമാണ്‌. അങ്ങനെയാണ്‌ ഇസ്ലാമിക കലയിൽ മതബോധത്തിന്റെ ഉഗ്ര നിർദർശനങ്ങളായ പല രൂപങ്ങളും ജന്മമെടുക്കുന്നത്‌. ക്ഷേത്രഗണിത രൂപങ്ങൾ, അരബെസ്ഖ്‌, പുഷ്പാലങ്കാരം, എഴുത്തുകല തുടങ്ങിയവ പ്രധാനപ്പെട്ട ചില ആവിഷ്കാര രൂപങ്ങൾ മാത്രം വൃഥാ, സൃഷ്ടികൾപിക്കപ്പെടുന്ന ശിലാരൂപങ്ങളെ നിരുത്സാഹപ്പെടുത്തുന്നതിൽ ഇസ്ലാമിന്‌ വ്യക്തമായ കാഴ്ചപ്പാടുണ്ട്‌. വിശിഷ്യാ കലകളുടെ ആത്മാവുതന്നെ. വ്യക്തവും നിശ്ചിതവുമായ മാനങ്ങൾ കണ്ടുകൊണ്ടാണ്‌ ഇസ്ലാം ഓരോ കലാരൂപങ്ങളെയും സമീപിക്കുന്നത്‌.

ഇസ്ലാമിക കലാദർശനത്തിന്റെ കൃത്യതയാണിത്‌. ഈ ദർശനം എവിടെയായാലും ചില സിദ്ധാന്തങ്ങളുമായി ബന്ധപ്പെട്ടിരിക്കണമെന്നാണ്‌ പണ്ഡിതമതം. ശങ്കയുടെ സാമീപ്യം പോലും അറിയാത്ത ഏകദൈവത്വം (തൗഹീദ്‌) ആണിവിടെ സിദ്ധാന്ത സത്ത. ഇതിന്‌ നിരക്കാത്ത ഒരു ശൈലിയും ഇസ്ലാമിക കലാദർശനത്തിനു മുമ്പിൽ വിലപ്പോവില്ല. വ്യക്തമായി പറഞ്ഞാൽ കലകളുടെ ലിഖിതശൈലിയും രൂപശൂന്യ(ചീ‍ി ളശഴീ‍ൗ‍ൃമഹ)തയും എന്നും അടിസ്ഥാനമായിത്തന്നെ ശേഷിക്കുന്നു. കാലികമായ പരിവർത്തനങ്ങളോ ഇളക്കങ്ങളോ അതിന്‌ ഏശുന്നു തന്നെയില്ല. മനുഷ്യഹൃദയങ്ങളുടെ ഏകീകരണമാണ്‌ യഥാർഥത്തിൽ ഒരു കലാരൂപം നിർവഹിക്കുന്നത്‌. വിവിധവും വിരുദ്ധവുമായ വീക്ഷണകോണുകളിലുള്ളവരിൽ അത്‌ ഏകതാബോധവും സ്വരച്ചേർച്ച(ഒമൃ‍ാ‍ീ‍ി‍്യ)യും ഉളവാക്കുന്നു. എന്നാൽ, പാറക്കല്ലുകളിൽ ഉത്ഭവം കൊള്ളുന്ന പ്രതിമകൾ മനുഷ്യനെ അന്യവൽക്കരിക്കുകയാണ്‌. വിഭാഗീയതയുടെയും വിഭജനബോധവുമാണിത്‌ സമ്മാനിക്കുന്നത്‌. ദൈവത്വത്തിന്റെ നേരിയ സാധ്യതകൾ നിക്ഷേപിച്ച ഈ രീതികൾ സത്യത്തിൽ കലക്ക്‌ പവിത്രതയുടെ നവീനമാനം നൽകുകയായിരുന്നു. തുടർന്നങ്ങോട്ടുള്ള അഭൂതപൂർവമായ വളർച്ചയാണണ്‌ പ്രാപഞ്ചിക രഹസ്യങ്ങളിലേക്കുള്ള കിളിവാതിലായി വരെ ഇസ്ലാമിക കലയെ എത്തിച്ചിരിക്കുന്നത്‌. ഇതര ദർശന കലകളെപ്പോലെ ഉപരിപ്ലവമോടി എന്നതിലുപരി ചില പ്രത്യേക ദൗത്യങ്ങളും ധർമങ്ങളുമുണ്ട്‌ ഇസ്ലാമിക കലക്ക്‌. നിയമനിഷ്ഠമായ അവരുടെ സാക്ഷാൽക്കാരമാണ്‌ ഇസ്ലാമിക വീക്ഷണങ്ങളെ യാഥാർഥ്യവൽക്കരിക്കുന്നത്‌. അരിസ്റ്റോട്ടിലിന്റെ അഭിപ്രായത്തിൽ കരുണാദിവികാരങ്ങൾ ഉദ്ദേ‍ീപിപ്പിച്ചുകൊണ്ട്‌ മനുഷ്യമനസ്സുകളെ ചീത്ത വികാരങ്ങളിൽ നിന്ന്‌ കര കയറ്റുകയാണ്‌ കലാസൃഷ്ടികളുടെ ധർമം. റോമൻ തത്ത്വചിന്തകൻ ലോഞ്ചയിനസിന്റെ അഭിപ്രായത്തിലും ഉദാത്തമായ ചിന്തകളെ ഇളക്കിവിടുന്നതാണ്‌ കല (ഇസ്ലാം വിജ്ഞാന കോശം). ഇസ്ലാമിക വീക്ഷണത്തിൽ നോക്കുമ്പോഴും ഈ സമീപനം വിരുദ്ധമൊന്നുമല്ല. ദൈവാസ്തിത്വത്തിന്‌ വിലങ്ങാത്ത വിധം ഹൃദയത്തിൽ ദൈവസ്മരണയും ലക്ഷ്യബോധവും സൽകർമ വാഞ്ചയും സൃഷ്ടിക്കുന്നതായിരിക്കണമെന്നാണ്‌ ആധ്യാത്മികജ്ഞാനികൾ പറയുന്നത്‌.

കാലിഗ്രാഫിയും അറബെസ്കും നിറഞ്ഞുനിൽക്കുന്ന വാസ്തുശിൽപങ്ങളാണ്‌ ഇതിനുദാഹരണം. കല കലക്കു വേണ്ടിയെന്ന ഉത്തരാധുനിക മോട്ടോകൾക്കോ വാദഗതികൾക്കോ ഇവിടെ ഒരു സ്ഥാനവുമില്ല. കാരണം ഇസ്ലാമിക കല മതത്തിന്റെ ഭാഗമാണ്‌. മതാധ്യാപനങ്ങളും മിതമായ ഗുണദോഷങ്ങങ്ങളുമാണ്‌ അതിലെ പ്രമേയങ്ങൾ. ഇവിടെ ദൈവപ്രീതിയാഗ്രഹിച്ച്‌ മുന്നിട്ടിറങ്ങുന്നവൻ പ്രതിഫലാർഹൻ കൂടിയാണ്‌. അതേസമയം മുസ്ലിം ലോകത്ത്‌ പിറവിയെടുക്കുന്ന എല്ലാ കലാരൂപങ്ങളും ആധ്യാത്മിക ലഹരിയിൽ മുങ്ങിനിൽക്കണമെന്നില്ല. പകരം മനുഷ്യഹൃദയങ്ങളിൽ അവിശുദ്ധ വികാരങ്ങളുടെ ഇക്കിളി വരുത്താതിരുന്നാൽ മതി. ഇസ്ലാമിക കലയിൽ പ്രകൃതിയുടെ ഇടപെടലുകൾ ധാരാളമാണ്‌. അത്രമാത്രം പ്രകൃതിയുമായി ബന്ധപ്പെട്ടുകിടക്കുന്ന ഇസ്ലാമിന്‌ ഈ അടുപ്പം കുറച്ചുകാണിക്കുക സാധ്യമല്ല. കലയുടെ പരമോന്നത രൂപങ്ങളായ സൂര്യൻ, ചന്ദ്രൻ, സസ്യലതാദികൾ, ജലസംഭരണികൾ, പുഷ്പങ്ങൾ തുടങ്ങിയവയെല്ലാം നാഥന്റെ കലാശൈലികളാണ്‌. അതിലെ മർമരങ്ങളും ചലനവ്യതിയാനങ്ങളും സ്വൂഫികളെ ദൈവസ്മരണയിൽ തളച്ചിടാൻ പര്യാപ്തവുമാണ്‌.

ഇതിൽ നിന്ന്‌ ആശയമുൾക്കൊണ്ടായിരുന്നു പിൽക്കാല വാസ്തുശിൽപികൾ തങ്ങളുടെ ഭാവന മെനഞ്ഞിരുന്നത്‌. മനുഷ്യൻ, പ്രകൃതി, ദൈവം എന്നിവക്കിടയിലെ ബന്ധങ്ങൾ വിവിധ രൂപത്തിലും ഭാവങ്ങളിലുമായി ചിത്രീകരിക്കപ്പെടുകയായിരുന്നു ഇവിടെ.ആത്മികതയുമായി ബന്ധപ്പെട്ട്‌ പിൽക്കാലത്തുവന്ന വർണ സംവിധാനം കലാരൂപങ്ങൽക്ക്‌ മാറ്റു കൂട്ടി. നിർണിതമായ അവയുടെ സ്ഥല-കാല-സമയ-സംസ്കാര ഭാഷാവിവരങ്ങളും ദ്രഷ്ടാവിനു മുമ്പിൽ വാതായനങ്ങൾ തുറന്നു. അതുകൊണ്ടുതന്നെ ഒരു വ്യർറ്റ്‌ഹ്ഹ ഒട്ടപ്രദക്ഷിണമെന്നതിലുപരി ഇസ്ലാമിക കലയിൽ ഗഹനമായ ജ്ഞാനമാണ്‌ ആവശ്യം. ഇവിടെ തെറ്റിദ്ധാരണകളുമായി നിൽക്കുന്ന അമേരിക്കക്കാരനായാൽ തന്നെ ലോസ്‌ ആഞ്ചലസിലെ വിഖ്യാത ആർട്ട്‌ മ്യൂസിയം സന്ദർശിക്കേണ്ടിയിരിക്കുന്നു. കാലാന്തരങ്ങളിൽ മികച്ചുനിന്ന ഇസ്ലാമിക കലാശൈലി എന്തുകൊണ്ടും ശ്രദ്ധേയം തന്നെ. ഏകതയുടെ തനിമയുറ്റ രൂപങ്ങളാണ്‌ എല്ലായിടത്തും നിരന്നുകിടക്കുന്നത്‌. നോർത്താഫ്രിക്കയുടെ അങ്ങേ അതിർത്തി മുതൽ സൗത്ത്‌ ഈസ്റ്റ്‌ ഏഷ്യയുടെ ഇങ്ങേ തല വരെ വ്യാപിച്ചുകിടക്കുന്ന ഓരോ രൂപങ്ങളും ഇതിന്റെ നിദർശനങ്ങളാണ്‌. മൊറോക്കോയിലെ ഫാസിലും ഇന്തോനേഷ്യയിലെ ജക്കാർത്തയിലും വ്യത്യസ്ത കാലങ്ങളിലായി ഉയർന്നുവന്ന പള്ളികൾ ആകാശത്തിൽ ഏകതയെയാണ്‌ പ്രതിനിധീകരിക്കുന്നത്‌.

ശീറാസിലെ പള്ളി കണ്ടാലും ഡമസ്കസിലെ സാധനാമഠങ്ങൾ കണ്ടാലും ഒരേ വികാരമാണ്‌ ദ്രഷ്ടാവിൽ തരളിതമാകുന്നത്‌. ആഗ്രയിലെ താജ്മഹലിലും കൊർദോവയിലെ വലിയ പള്ളിയിലും അതേ സാന്നിധ്യം തന്നെയാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. സത്യത്തിൽ ഇസ്ലാമിക വാസ്തുശിൽപിക്ക്‌ ചോദനമാകുന്ന ദർശനത്തിന്റെ ഏകത്വമാണിവിടെ ഇസ്ലാമിന്റെ തനിമയാർന്ന ശൈലികൾ അംഗീകരിക്കപ്പെടുന്നതിന്റെ എളിയോദാഹരണം. ചുരുക്കത്തിൽ, സാംസ്കാരികതലങ്ങളിൽ നിന്ന്‌ തുടങ്ങി ദൈവത്തിലേക്ക്‌ വഴി നടത്തുന്ന ഒരുത്തമ രൂപമാണ്‌ ഇസ്ലാമിക കല . ബേഗോവിച്ചിന്റെ ഭാഷയിൽ ആന്തരിക ലോകത്തിന്റെ യാഥാർഥ്യമാണ്‌, ബാഹ്യലോകത്തിന്റെ വസ്തുതകളല്ല കല. അതിനാലാണ്‌ കപട കലയും യഥാർഥ കലയും തമ്മിലുള്ള വേർതിരിവ്‌ നമുക്ക്‌ ഗ്രഹിച്ചെടുക്കാൻ കഴിയുന്നത്‌ (ഇസ്ലാം രാജമാർഗം).

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter