ഉസ്ബെക്കിസ്ഥാന്റെ മിനാരങ്ങൾക്കും നൊമ്പരങ്ങൾക്കുമിടയിൽ

സിനിമ സെറ്റിനെ വെല്ലുന്ന ഭൂപ്രകൃതിയാണ് ഉസ്ബെക്കിസ്ഥാനുള്ളത്. ആ ഭൂമികയിൽ ചിതറികിടക്കുന്ന വാസ്തു കലാ മാതൃകകൾ സന്ദര്‍ശകരിൽ വാക്കുകൾക്കതീതമായ ആനന്ദം സൃഷ്ടിക്കുന്നു. ഒരിക്കലെങ്കിലും ഉസ്ബെക്കിസ്ഥാൻ സന്ദർശിച്ചവരുടെ ഹൃദയങ്ങളിൽ അവിടത്തെ കാഴ്ച്ചകൾ ഒളിമങ്ങാതെ ബാക്കി നിൽക്കുന്നുണ്ടാവും. ഇൻഡിഗോ നിറത്തിലുള്ള അവിടുത്തെ മിനാരങ്ങൾ ഇസ്‌ലാമിക സംസ്കൃതിയെ വലിയ തോതിൽ പ്രചരണം ചെയ്യുന്നു. ആ മണ്ണിന്റെ ചരിത്രവും സംസ്കാരവും വേണ്ടപോലെ അറിയാം എന്ന ആത്മവിശ്വാസത്തിലാണ് ഞാൻ അവിടെ കാലുകുത്തിയത്. മനസ്സിലപ്പോൾ നിറഞ്ഞുനിന്നത് പട്ടുപാതയുടെ മനോഹാരിതയും, ബാങ്കൊലിയുടെ താളാത്മകതയുമായിരുന്നു.

ചരിത്രം
പട്ടുപാതയുടെ പ്രഭവ കേന്ദ്രമെന്ന നിലക്കാണ് പല ട്രാവൽ ഗൈഡുകളിലും ഉസ്ബെക്കിസ്ഥാനെ പരിചയപെടുത്തുന്നത്. ഒരുപാട് സാമ്രാജ്യങ്ങളുടെ ഉയർച്ചക്കും തളർച്ചക്കും ഈ മണ്ണ് സാക്ഷ്യം വഹിച്ചിട്ടുണ്ട്. ചിലർ അതിനെ കൂടുതല്‍ സമ്പുഷ്ടമാക്കി. മറ്റു ചിലർ ഇതിന്റെ അഭിമാനത്തിന് ക്ഷതമേൽപ്പിച്ചു. മറ്റുള്ളവരാകട്ടെ ഉസ്ബെകിസ്ഥാന്റെ ഗാംഭീര്യത്തെ സംരക്ഷിച്ചു പോന്നു. പേർഷ്യക്കാരിൽ നിന്നും അറബികളിലേക്കും അവിടെ നിന്ന് സോവിയറ്റിന്റെ കരങ്ങളിലേക്കും രാജ്യത്തിന്റെ രാഷ്ട്രീയ രഥം ഉരുണ്ടപ്പോൾ വ്യത്യസ്ത ഇസ്‌ലാമിക മഹിമകളുടെ മിശ്രരൂപം ഇവിടെ ഉദയം ചെയ്തുവന്നു. അതോടൊപ്പം റഷ്യൻ സ്വാധീനവും പൂർവ്വികരുടെ ശേഷിപ്പുകളും ബാക്കിയായി. 

ഉസ്ബെക്കിസ്ഥാന്റെ പ്രാചീന ചരിത്രം അൽപ്പം നിഗൂഢതകൾ നിറഞ്ഞതാണെങ്കിലുംഇസ്‌ലാം ആഗമനം ചെയ്ത എട്ടാം നൂറ്റാണ്ട് മുതൽ അവിടെ സുവർണ്ണ കാലഘട്ടമായിരുന്നു എന്നതിൽ ആർക്കും തർക്കമില്ല. മദ്ധ്യകാല മുസ്‌ലിം പ്രഭാവത്തിന്റെ അവശിഷ്ടങ്ങളെ ഉസ്ബെക്കിസ്ഥാന്റെ ഓരോ മുക്ക് മൂലയിലും കാണാൻ സാധിക്കും. അറബികൾ മദ്ധ്യേഷ്യ കീഴടക്കുന്നത് എട്ടാം നൂറ്റാണ്ടിലാണ്. ഇസ്‍ലാമിന്റെ വിശ്വാസ സംഹിതയോടൊപ്പം അറബ് ഭാഷയും അവർ അവിടേക്ക് കൊണ്ടുവന്നു. അങ്ങനെ രാഷ്ട്രീയത്തിലെയും സാഹിത്യത്തിലെയും വ്യാപാരത്തിലെയും പ്രഥമ ഭാഷ അറബിയായി. ശേഷം അബ്ബാസികളുടെ ഭരണമായിരുന്നു. അവർക്ക് കീഴിൽ ഇറാനിലെ സമാനികളുടെ രാജാധിപത്യം ഉദയം ചെയ്തു. അവരുടെ തലസ്ഥാനം ഖുറാസാൻ ആയിരുന്നു. ഒരു നൂറ്റാണ്ടുകാലം നീണ്ടുനിന്ന സാമാനികളുടെ ഭരണത്തിന് കീഴിൽ ഉസ്ബെക്കിസ്ഥാന്റെ അക്കാദമിക് മേഖലയും സാസ്കാരിക ലോകവും ഏറെ ഉയർച്ച കൈവരിച്ചു. 

സമ്പൽസമൃദ്ധിയിൽ കൈറോയേയും കോർഡോബയേയും ബഗ്ദാദിനേയും പിന്നിലാക്കിയ ബുഖാറ ഇസ്‌ലാമിക ലോകത്തിലെ കേന്ദ്രബിന്ദുവായി പരിണമിച്ചു. സാമാനികളുടെ കാലത്ത് മദ്ധ്യേഷ്യ നിരവധി പ്രമുഖ പണ്ഡിതന്മാർക്ക് ജന്മം നൽകി. കവികളുടെ ആദ്യപിതാവ് എന്നറിയപ്പെടുന്ന പ്രമുഖ കൊട്ടാര കവി റുഡാക്കി (859-940), ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവ്  ഇബ്നുസീന (980-1037), 146 ഓളം പുസ്തകങ്ങൾ രചിച്ച്, അൽജിബ്രയെ ലോകത്തിന് പരിചയപ്പെടുത്തിയ അൽഗോരിതം എന്ന പദത്തിന്റെ ഉപജ്ഞാതാവായ പ്രമുഖ ഗണിതശാസ്ത്രഞൻ അൽ ഖവാരിസ്മി (787-850) തുടങ്ങിയവരെല്ലാം ഈ മണ്ണിന്റെ സന്തതികളാണ്. കാലാതിവർത്തിയായ ഗ്രന്ഥങ്ങൾ രചിച്ച പ്രമുഖ ദൈവശാസ്ത്ര പണ്ഡിതരായ ഇമം ബുഖാരി (810-870), ഇമാം അത്തുർമുദി (824-892), അബുലയസ് സമർഖന്ദി (911-985) എന്നിവരും തങ്ങളുടെ വൈജ്ഞാനിക ലോകം കെട്ടിപ്പടുത്തത് ഇവിടെ വെച്ചാണ്. താഷ്കന്റിന്റെയും, സമർഖന്ദിന്റെയും, ബുഖാറയുടെയും തെരുവീഥികളിലൂടെ നടക്കാനിറങ്ങുന്ന ഏതൊരാൾക്കും മുകളിൽ പ്രസ്താവിച്ച പണ്ഡിതരുടെ നശ്വരമായ പാരമ്പര്യം അടുത്തറിയാൻ സാധിക്കും.

സോവിയറ്റ് വാസ്തുകലകളോടും നിശാ ക്ലബ്ബുകളോടും തൊട്ടുരുമ്മി നിൽക്കുന്ന നിരവധി പുരാതന കെട്ടിടങ്ങൾ അവിടെയെല്ലാമുണ്ട്. ബുഖാറയിലെ മിർ അറബ് മദ്റസയും ഉലൂഗ് ബെഗും താഷ്കന്റിലെ കുൽക്കദേശ് മദ്രസ്സയും ലോകത്തിലെ സംരക്ഷിത മദ്റസകളിൽ അതിപുരാതനമായ മൂന്ന് മാളികകളോടുകൂടിയ റജിസ്റ്റൻ സ്ക്വയറുമെല്ലാം അതിൽ ചിലതാണ്. ഉസ്ബെക്കിസ്ഥാന്റെ ഭൂതകാലത്തെ മനസ്സിൽ കണ്ടു കൊണ്ട് ഇന്നത്തെ ശൂന്യമായി കിടക്കുന്ന മദ്റസകളിൽ, അന്ന് വിദ്യാർത്ഥികൾ വന്നുനിറയുന്നതും അവരും അവരുടെ ഗുരുനാഥന്മാരും പ്രശസ്തമായ പല കണ്ടെത്തലുകൾ നടത്തുന്നതും ഞാൻ ദിവാസ്വപ്നം കണ്ടു. അവരുടെ കണ്ടുപിടുത്തങ്ങൾ ചരിത്രത്തെ മറികടക്കുമെന്ന് അന്നവർ ഊഹിച്ചിട്ടുപോലുമുണ്ടാവില്ല.

ഇന്നീ പുരാതന മദ്രസകളുടെയും പള്ളികളുടെയും റൂമുകൾ കരകൗശല വിദഗ്ദ്ധരുടെയും വിൽപ്പനക്കാരുടെയും കേന്ദ്രമാണ്. അതിന്റെ ആ പഴയ ഭിത്തികളിലിന്ന് മുഴങ്ങിക്കേൾക്കുന്നത് കച്ചവടക്കാരും സഞ്ചാരികളും വിലപേശുന്ന ശബ്ദമാണ്. ഒരു കാലത്ത് ഇവിടെ ഇസ്‌ലാമിക ലോകത്തിന്റെ  തലസ്ഥാനമായിരുന്നുവെന്ന് ഓർമിപ്പിക്കാൻ ഭൗതിക അവശിഷ്ടങ്ങൾക്ക് പുറമെ ഒന്നും ബാക്കിയില്ലെന്ന് ആലോചിച്ചപ്പോൾ എനിക്ക് വലിയ നിരാശ അനുഭവപെട്ടു.

1920 കളിൽ സോവിയറ്റ് ഗവൺമന്റ് മദ്ധ്യേഷ്യയിൽ ഇസ്‌ലാമിനെ നിരോധിച്ചു. മതം ആചരിക്കുന്നതിൽ നിന്ന് വിശ്വാസികളെ വിലക്കി. പള്ളികൾ അടച്ചുപൂട്ടി. മത പണ്ഡിതരെ പീഢിപ്പിച്ചു. ഇസ്‌ലാമിക വിദ്യാഭ്യാസവും അനുഷ്ഠാനങ്ങളും ക്രമേണ മങ്ങി. മതവിരുദ്ധമായ അന്തരീക്ഷത്തിൽ നിരവധി തലമുറകളാണ് ഇവിടെ ജനിച്ചു വീണത്. എങ്കിലും ഇസ്‌ലാം പുർണ്ണമായി നാമാവശേഷമായില്ല. ഉസ്ബെക്കിസ്ഥാൻ സ്വതന്ത്രമായതിന് ശേഷവും മതകർമ്മങ്ങൾ പരസ്യമായി അനുഷ്ഠിക്കുന്നതിന് അനുമതിയില്ലായിരുന്നു. ഈയടുത്ത് മാത്രമാണ് അതിന് അനുമതി ലഭിച്ചത്. ഇസ്‌ലാമിക പുനരുദ്ധാരണത്തിനുള്ള നിരവധി ശ്രമങ്ങളും നടന്നു. പക്ഷെ മദ്രസകൾ ഇന്നും അതിന്റെ യഥാർത്ഥ ആവശ്യങ്ങൾക്കായി ഉപയോഗിക്കപ്പെട്ടു തുടങ്ങിയിട്ടില്ല.

ടൂറിസത്തിന്റെ വളർച്ച
പ്രസിഡന്റ് ഷൗക്കത്ത് മിർസക്കോവിന്റെ നേതൃത്വത്തിൽ ടൂറിസം മേഖല വളരെ വേഗത്തിൽ വളർന്നു കൊണ്ടിരിക്കുന്നു. ഇന്ന് 85 ൽ പരം രാജ്യക്കാർക്ക് വിസ കൂടാതെ ഉസ്ബെക്കിസ്ഥാനിൽ പ്രവേശിക്കാം. മാത്രമല്ല ടൂറിസം മേഖലയുമായി ബന്ധപ്പെട്ട വ്യത്യസ്ത മേഖലകളെ വിശദീകരിക്കുന്ന പുതിയൊരു നിയമം 2019 ജൂലൈ മാസം പ്രാബല്യത്തിൽ വന്നിട്ടുണ്ട്. തീർത്ഥാടകരുമായി ബന്ധപ്പെട്ട് പ്രസ്തുത നിയമത്തിൽ ഉൾകൊള്ളിച്ച മാർഗ്ഗരേഖ സൂഫീ ത്വരീഖത്തുകളെ രാജ്യത്തേക്ക് ആകർഷിക്കുന്നതാണ്. 

2019 ആഗസ്റ്റിൽ ഗവൺമെന്റ് വേൾഡ് ഇൻഫ്ളുവെൻസേഴ്സ് കോൺഗ്രസ്സ് സംഘടിപ്പിച്ചു. അഞ്ച് ദിവസങ്ങളിലായി നടത്തപ്പെട്ട പരിപാടിയിൽ 40 രാജ്യങ്ങളിൽ നിന്നുള്ള ടൂറിസം മേഖലയിൽ സ്വാധീനം ചെലുത്താൻ സാധിക്കുന്ന പ്രഗത്ഭരായ 93 പേർ പങ്കെടുത്തു. ലോക വിനോദ സഞ്ചാര ഭൂപടത്തിൽ രാജ്യത്തിന്റെ പ്രൊഫൈൽ മെച്ചപ്പെടുത്തുക എന്നതായിരുന്നു പരിപാടിയുടെ മുഖ്യ ലക്ഷ്യം. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ രാജ്യത്തിന്റെ ടൂറിസം മേഖലയുടെ വളർച്ച ലക്ഷ്യമാക്കി നിരവധി പരിപാടികളാണ് നടത്തപ്പെടുന്നത്. സുന്ദരന്മാരായ മോഡലുകളുടെ ചിത്രങ്ങൾ ചരിത്ര സ്മാരകങ്ങളെ പശ്ചാത്തലമാക്കി ഇൻസ്റ്റാഗ്രാമിൽ അപ്‍ലോഡ് ചെയ്യുന്നത് ഉദാഹരണമാണ്.

ഉസ്ബെക്കിസ്ഥാനിലെ സ്മാരകങ്ങൾ പാണ്ഡിത്യത്തിന്റെയും ആരാധനാ കർമ്മങ്ങളുടെയും മഹിതമായ പാരമ്പര്യത്തെ വിളിച്ചോതുന്നു. ആ സൗന്ദര്യത്തിന് പിന്നിൽ ഒളിഞ്ഞുകിടക്കുന്ന ആത്മാവിനെ കണ്ടെത്തലാവണം ഓരോ സഞ്ചാരിയുടെയും ലക്ഷ്യം. "ദൈവചിന്തയുള്ള മനുഷ്യരുടെ ഭാവനയിൽ ഉദയം ചെയ്ത കലാസൃഷ്ടികളേ കാലത്തിന്റെ കുഞ്ഞൊഴുക്കിനെ അതിജീവിക്കൂ" എന്ന ഇഖ്ബാലിന്റെ വരികൾ ഇവിടെ അർത്ഥവത്താകുന്നു.

Read More: ഉസ്ബെക്കിസ്ഥാന്റെ മിനാരങ്ങൾക്കും നൊമ്പരങ്ങൾക്കുമിടയിൽ

അമ്പരചുമ്പികളായ പുരാതന കെട്ടിടങ്ങളിലേക്ക് നമ്മൾ ഉറ്റുനോക്കുമ്പോൾ അതിനു കീഴിൽ അലഞ്ഞു നടന്ന എണ്ണമറ്റ വിശ്വാസികളെയും തലമുറകൾക്ക് വിജ്ഞാനം പകരാനായി ജീവിതം മാറ്റി വെച്ച പണ്ഡിതവര്യന്മാരെയും നാം മനസ്സിൽ കാണേണ്ടതുണ്ട്. അവരുടെ പൈതൃകങ്ങൾ നമ്മുടെ വിശ്വാസ സംരക്ഷണത്തിന് ഊർജ്ജം നൽകും, തീര്‍ച്ച.

Leave A Comment

Related Posts

ASK YOUR QUESTION

Voting Poll

Get Newsletter